ഏറ്റവും നല്ല വിദ്യാഭ്യാസം എവിടെനിന്നു ലഭിക്കും?
ഏറ്റവും നല്ല വിദ്യാഭ്യാസം എവിടെനിന്നു ലഭിക്കും?
“ശിൽപ്പവിദ്യയിലൂടെ വെണ്ണക്കല്ലിൽനിന്ന് ഒരു ശിൽപ്പം വാർത്തെടുക്കാനാകുന്നതുപോലെ വിദ്യാഭ്യാസത്തിലൂടെ ഒരു വ്യക്തിയെ വാർത്തെടുക്കാൻ കഴിയും.”—ജോസഫ് അഡിസ്സൺ, 1711.
നിങ്ങൾ സ്കൂളിൽ പോയിട്ടുണ്ടോ? മിക്കവരും ആ ചോദ്യത്തിന് ഉവ്വ് എന്ന് ഉത്തരം പറയും. എന്നാൽ എല്ലാവർക്കും അങ്ങനെ പറയാൻ കഴിയില്ല. ഈ 21-ാം നൂറ്റാണ്ടിലും സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്ത ദശലക്ഷക്കണക്കിനു കുട്ടികളുണ്ട്. വളരെ കാലങ്ങളായി തുടർന്നുവരുന്ന ഈ സ്ഥിതിവിശേഷത്തിന്റെ ഫലമായി ഇന്ന് പ്രായപൂർത്തിയായവരിൽ 100 കോടിയോളം പേർ നിരക്ഷരരാണ്.
എന്നിരുന്നാലും നല്ല വിദ്യാഭ്യാസം എന്നത് മനുഷ്യരുടെ ഒരു അടിസ്ഥാന ആവശ്യമാണ്. അതിനെ നേടിയെടുക്കാനാവാത്ത ഒരു ആഡംബരമായല്ല, മറിച്ച് കുട്ടികളുടെയും മുതിർന്നവരുടെയും അവകാശമായാണ് ഇന്ന് അനേകരും വീക്ഷിക്കുന്നത്. എന്നാൽ നല്ല വിദ്യാഭ്യാസം സാധ്യമാകണമെങ്കിൽ അതിനാവശ്യമായ എല്ലാ ഘടകങ്ങളും ഉണ്ടായിരിക്കേണ്ടേ? ആവശ്യത്തിനു പുസ്തകങ്ങളും യോഗ്യതയുള്ള അധ്യാപകരും സ്കൂളുകളും ഇല്ലെങ്കിലോ?
വ്യക്തികളുടെ പങ്കുപറ്റലിനെ പ്രോത്സാഹിപ്പിക്കുകയും ചുറ്റുമുള്ള ലോകത്തെ സംബന്ധിച്ച ഒരുവന്റെ അറിവ് വർധിപ്പിക്കുകയും ചെയ്യുന്ന, ജീവിതത്തിനു മാറ്റം വരുത്താൻ കഴിവുള്ള ആത്മീയ മൂല്യങ്ങൾ പ്രദാനം ചെയ്യുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം വാസ്തവത്തിൽ ആളുകൾക്ക് എവിടെ നിന്നാണു ലഭിക്കുക? ഉന്നത ധാർമിക മൂല്യങ്ങൾക്ക് ഊന്നൽ നൽകുകയും ജീവിതം മെച്ചപ്പെടുത്തുകയും ഭാവി സംബന്ധിച്ച് ഉറപ്പുള്ള ഒരു പ്രത്യാശ നൽകുകയും ചെയ്യുന്ന വിദ്യാഭ്യാസം ഏതാണ്? വാസ്തവത്തിൽ അങ്ങനെയൊരു വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാണോ?
ഏറ്റവും നല്ല വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാനം
വിശ്വസിക്കാൻ പ്രയാസമായി തോന്നിയേക്കാം എങ്കിലും ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാണ് എന്നതാണു വസ്തുത. കാരണം അത്തരമൊരു വിദ്യാഭ്യാസത്തിന് അടിസ്ഥാനമായി വർത്തിക്കാൻ കഴിയുന്ന ശക്തമായ ഒരു പഠനോപകരണം ഇന്നു ലഭ്യമാണ്. കാലമാകുന്ന ഉരകല്ലിൽ മാറ്റുതെളിയിച്ചിട്ടുള്ള ഒരു “പാഠപുസ്തകം” ആണത്. അത് മുഴുവനായോ ഭാഗികമായോ ഇന്ന് 2,200-ലധികം ഭാഷകളിൽ ലഭ്യമാണ്. ലോകത്തിലുള്ള എല്ലാവർക്കുംതന്നെ തങ്ങൾക്ക് അറിയാവുന്ന ഒരു ഭാഷയിൽ അതു വായിച്ചു മനസ്സിലാക്കാൻ കഴിയും. ഏതാണ് ആ പുസ്തകം?
എഴുതപ്പെട്ടിട്ടുള്ളതിലേക്കും വിശിഷ്ടമായ പുസ്തകം എന്ന് അനേകരും പ്രകീർത്തിച്ചിട്ടുള്ള ബൈബിളാണ് അത്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന പണ്ഡിതനായ വില്യം ലൈയോൺ ഫെൽപ്സ് ഇങ്ങനെ എഴുതി: “ബൈബിളിനെ കുറിച്ചു സൂക്ഷ്മ പരിജ്ഞാനമുള്ള ഏതൊരു വ്യക്തിയും വിദ്യാസമ്പന്നനാണ് എന്നു വാസ്തവമായും പറയാം. മറ്റേതൊരു പഠനവും സംസ്കാരവും, അത് എത്രതന്നെ സമഗ്രവും ഉത്കൃഷ്ടവും ആയിരുന്നാലും . . . [ബൈബിളിനു] പകരമാവില്ല.”
ഏകദേശം 1,600 വർഷംകൊണ്ട് എഴുതപ്പെട്ട പുസ്തകങ്ങളുടെ ഒരു ശേഖരമാണു ബൈബിൾ. ഈ വിലപ്പെട്ട പുസ്തക ശേഖരത്തെ കുറിച്ച് ഫെൽപ്സ് കൂടുതലായി ഇങ്ങനെ പറഞ്ഞു: “നമ്മുടെ ആശയങ്ങൾ, അറിവ്, തത്ത്വജ്ഞാനം, സാഹിത്യം, കല, ആദർശങ്ങൾ എന്നിവയ്ക്കെല്ലാം ബൈബിൾ നൽകിയിരിക്കുന്ന സംഭാവന ലോകത്തിലുള്ള മറ്റു പുസ്തകങ്ങളെല്ലാം മൊത്തത്തിൽ നൽകിയിരിക്കുന്ന സംഭാവനയെക്കാൾ അധികമാണ്. . . . ബൈബിൾ പരിജ്ഞാനം കൂടാതെയുള്ള കോളെജ് വിദ്യാഭ്യാസത്തെക്കാൾ വളരെ മൂല്യമുള്ളതാണ് കോളെജ് വിദ്യാഭ്യാസം കൂടാതെയുള്ള ബൈബിൾ പരിജ്ഞാനം എന്നു ഞാൻ വിശ്വസിക്കുന്നു.”
യഹോവയുടെ സാക്ഷികൾ എന്ന ക്രിസ്തീയ സമൂഹം ഇന്ന് ശ്രദ്ധേയമായ ഒരു ബൈബിളധിഷ്ഠിത വിദ്യാഭ്യാസ വേല ലോകവ്യാപകമായി നടത്തിവരികയാണ്. കേവലം എഴുത്തും വായനയും പഠിക്കുന്നതിലുമധികം ആ വിദ്യാഭ്യാസത്തിൽ ഉൾപ്പെട്ടിരിക്കുന്നു. മാനസികവും ധാർമികവുമായ പുരോഗതിയിലേക്കു നയിക്കുന്ന ഒന്നാണ് അത്. ഇപ്പോഴത്തേതിനെക്കാൾ വളരെ ശോഭനമായിരിക്കും ഭാവി ജീവിതം എന്നു വിശ്വസിക്കുന്നതിനുള്ള ശക്തമായ കാരണങ്ങൾ നൽകിക്കൊണ്ട് ജീവിതത്തെ കുറിച്ച് ഒരു ക്രിയാത്മക വീക്ഷണം വെച്ചുപുലർത്താൻ അത് ആളുകളെ സഹായിക്കുന്നു.
മെച്ചപ്പെട്ട ജീവൻ സാധ്യമാക്കുന്ന ഈ വിദ്യാഭ്യാസ പരിപാടിയെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്കു താത്പര്യമുണ്ടോ? ദയവായി അടുത്ത ലേഖനം വായിക്കുക.
(g00 12/22)