പ്രത്യാശ എനിക്കു കരുത്തേകുന്നു
പ്രത്യാശ എനിക്കു കരുത്തേകുന്നു
റ്റാറ്റ്യാനാ വിലെയ്സ്കാ പറഞ്ഞ പ്രകാരം
അപ്പാർട്ട്മെന്റിൽ വെച്ച് അമ്മയെ ഒരാൾ അടിച്ചുകൊന്നതോടെ ഞങ്ങളുടെ സന്തുഷ്ട കുടുംബ ജീവിതത്തിന് തിരശ്ശീല വീണു. നാലു മാസം കഴിഞ്ഞപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്തു. അതുംകൂടി ആയപ്പോൾ എനിക്കു ജീവിക്കണമെന്നുതന്നെ ഇല്ലെന്നായി. പിന്നെ എങ്ങനെ ഇതൊക്കെ പറയാൻ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നല്ലേ? പറയാം.
ഉരുക്കു ചൂളകളുടെയും കൽക്കരി ഖനികളുടെയും നാടാണ് കിഴക്കൻ യൂക്രെയിനിലെ ഡൊണെറ്റ്സ്ക് നഗരം. റഷ്യൻ ഭാഷ സംസാരിക്കുന്ന അവിടത്തെ പത്തു ലക്ഷത്തിലധികംവരുന്ന ജനങ്ങൾ കഠിനാധ്വാനികളും സൗഹൃദമനസ്കരും ആണ്. ജ്യോതിഷത്തിലും ആത്മവിദ്യയിലും മന്ത്രവാദത്തിലും—റഷ്യൻ ഭാഷയിൽ മന്ത്രവാദിയെ കോൾഡുൺ എന്നാണു പറയുക—ഒക്കെ വിശ്വസിക്കുന്നവരാണ് അവർ. പലരും ജാതകം നോക്കി ഭാവി മനസ്സിലാക്കുന്നവരാണ്. രോഗശാന്തിക്കും വെറുതെ ഒരു രസത്തിനു വേണ്ടിയും ഒക്കെ മരിച്ചവരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നവരുമുണ്ട്.
അച്ഛൻ ഒരു ചെരിപ്പുകുത്തിയായിരുന്നു. തനിക്ക് ദൈവത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞിരുന്നെങ്കിലും നമ്മെ ഈ ഭൂമിയിൽ ആക്കിവെച്ച ഒരാളുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. “നാം ഈ ഭൂഗ്രഹത്തിലെ അതിഥികൾ മാത്രമാണ്” എന്ന് അച്ഛൻ പറയുമായിരുന്നു. അമ്മയാണെങ്കിൽ എല്ലാ ഈസ്റ്ററിനും പള്ളിയിൽ പോകാറുണ്ടായിരുന്നു. “ദൈവം എന്നൊരാൾ യഥാർഥത്തിൽ ഉണ്ടെങ്കിൽ, നാം പോകേണ്ടതുണ്ട്” എന്നായിരുന്നു അമ്മയുടെ പക്ഷം. 1963 മേയ് മാസത്തിലാണ് ഞാൻ ജനിച്ചത്. അച്ഛനും അമ്മയും ഞാനും ചേച്ചി ലുബോഫും അനുജൻ അലക്സാണ്ടറും ഉൾപ്പെടുന്ന ഞങ്ങളുടെ കുടുംബം സന്തോഷത്തിന്റെ പര്യായമായിരുന്നു.
“സദുദ്ദേശ്യത്തോടെയുള്ള മന്ത്രവാദം നല്ലതാണ്”
ഞങ്ങളുടെ ഒരു അകന്ന ബന്ധുവായിരുന്നു പ്യോട്ടർ. a കൽക്കരി ഖനിയിൽ പണിയെടുത്തുകൊണ്ടിരിക്കെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അയാൾക്ക് ഒരു പ്രത്യേക ക്ലിനിക്കിൽ ചികിത്സ ആവശ്യമായി വന്നു. തന്റെ ആരോഗ്യത്തെ കുറിച്ച് ഉത്കണ്ഠാകുലനായ അയാൾ ഒരു കോൾഡുണിനെ പോയി കണ്ടു. മന്ത്രവാദി പ്യോട്ടറിനെ ആത്മലോകവുമായി സമ്പർക്കത്തിൽ വരുത്തി. മന്ത്രവാദത്തിന്റെ പിന്നാലെ പോകുന്നത് വിഡ്ഢിത്തമാണെന്ന് അയാളുടെ ഭാര്യയും എന്റെ മാതാപിതാക്കളുമെല്ലാം ആകുന്നത്ര പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ അയാൾ കൂട്ടാക്കിയില്ല. എല്ലാം അറിയാമെന്ന ഭാവമായിരുന്നു അയാൾക്ക്. “ദുർമന്ത്രവാദംകൊണ്ടേ കുഴപ്പമുള്ളൂ, സദുദ്ദേശ്യത്തോടെയുള്ള മന്ത്രവാദം നല്ലതാണ്,” അയാൾ തറപ്പിച്ചു പറഞ്ഞു.
ഭാവി മുൻകൂട്ടിപ്പറയാനും ആളുകൾക്കു ദോഷം തട്ടാതെ നോക്കാനുമുള്ള അമാനുഷ ശക്തി തനിക്കുണ്ടെന്ന് പ്യോട്ടർ അവകാശപ്പെട്ടിരുന്നു. എന്നാൽ, പ്യോട്ടറിന്റെ ഭാര്യ അയാളെ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞു. അതുകൊണ്ട്, പ്യോട്ടർ ഞങ്ങളുടെ വീട്ടിൽ വന്ന് താമസിക്കാറുണ്ടായിരുന്നു. ചിലപ്പോൾ ആഴ്ചകളോളംപോലും. അയാളുടെ
സാന്നിധ്യം ഞങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കി. മുമ്പ് ഒരു കുഴപ്പവും ഇല്ലാതിരുന്ന ഞങ്ങളുടെ മാതാപിതാക്കളുടെ ദാമ്പത്യ ജീവിതത്തിൽ അപസ്വരങ്ങൾ ഉയരാൻ തുടങ്ങി. അച്ഛനും അമ്മയും തമ്മിൽ വഴക്കായി, വാഗ്വാദങ്ങളായി. ഒടുവിൽ അവർ വിവാഹമോചനം നേടി. അമ്മയോടൊപ്പം ഞങ്ങൾ മൂന്നു മക്കളും മറ്റൊരു അപ്പാർട്ട്മെന്റിലേക്കു താമസംമാറ്റി. അമ്മയുടെ ബന്ധുവായ പ്യോട്ടറും ഞങ്ങളുടെ കൂടെ കൂടി.അധികം താമസിയാതെ ലുബോഫ് വിവാഹിതയായി. അവൾ ഭർത്താവിനോടൊപ്പം ആഫ്രിക്കയിലെ ഉഗാണ്ടയിലേക്കു പോകുകയും ചെയ്തു. 1984 ഒക്ടോബർ മാസം. അലക്സാണ്ടർ ഒഴിവുകാലം ചെലവഴിക്കാനായി വീട്ടിൽനിന്നു പോയി. ഞാനും ഒരാഴ്ചത്തേക്ക് ഗോർലോഫ്ക പട്ടണത്തിലേക്കു പോയി. അമ്മയോട് സാധാരണപോലെ മാത്രം യാത്ര പറഞ്ഞ് ഞാൻ വീട്ടിൽനിന്നിറങ്ങി. അന്ന് അമ്മയോട് കുറച്ചുകൂടെ സംസാരിച്ചിട്ടു പോയിരുന്നെങ്കിൽ അല്ലെങ്കിൽ എങ്ങും പോകാതെ വീട്ടിൽത്തന്നെ ഇരുന്നിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോൾ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നോ! നിങ്ങൾക്കറിയാമോ, പിന്നീട് ഒരിക്കലും ഞാൻ എന്റെ അമ്മയെ കണ്ടിട്ടില്ല.
“നിന്റെ അമ്മ മരിച്ചുപോയി”
ഗോർലോഫ്കയിൽനിന്ന് തിരിച്ചെത്തിയ ഞാൻ കണ്ടത് ഞങ്ങളുടെ അപ്പാർട്ട്മെന്റ് പൂട്ടിക്കിടക്കുന്നതാണ്. പൊലീസിൽ നിന്നുള്ള ഒരു നോട്ടീസ് വാതിൽക്കൽ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. “പ്രവേശനം ഇല്ല” എന്ന് അതിൽ എഴുതിയിരുന്നു. സിരകളിൽ രക്തം ഉറഞ്ഞുപോയതുപോലെ തോന്നി എനിക്ക്. കാര്യം എന്തെന്നറിയാൻ ഞാൻ അയൽക്കാരി ഓൾഗയുടെ അടുക്കൽ ചെന്നു. വിഷമംകൊണ്ട് അവൾക്ക് ഒന്നും സംസാരിക്കാനായില്ല. അവളുടെ ഭർത്താവ് വ്ളാഡിമിർ സൗമ്യ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു: “റ്റാന്യാ, അരുതാത്ത ഒന്നു സംഭവിച്ചിരിക്കുന്നു. നിന്റെ അമ്മ മരിച്ചുപോയി. പ്യോട്ടർ കൊന്നതാണ്. എല്ലാം ചെയ്തശേഷം അയാൾ ഞങ്ങളുടെ അപ്പാർട്ട്മെന്റിൽ വന്ന് പൊലീസിനു ഫോൺ ചെയ്ത് സ്വയം കീഴടങ്ങി.”
പൊലീസിനോടു ചോദിച്ചപ്പോൾ സംഭവം ഉറപ്പായി. അവർ അപ്പാർട്ട്മെന്റിന്റെ താക്കോൽ എനിക്കു തന്നു. എന്റെ മനസ്സിൽ പ്യോട്ടറിനോടുള്ള വിദ്വേഷം നുരഞ്ഞുപൊന്തുകയായിരുന്നു. കോപം അടക്കാനാകാതെ ഞാൻ അയാളുടെ സാധനങ്ങൾ മിക്കതും—മന്ത്രവാദത്തെ സംബന്ധിച്ച പുസ്തകങ്ങൾ ഉൾപ്പെടെ—വാരിയെടുത്ത് ഒരു പുതപ്പിൽ കെട്ടി അടുത്തുള്ള ഒരു വയലിൽ കൊണ്ടുപോയിട്ടു കത്തിച്ചു.
അലക്സാണ്ടറും സംഭവം അറിഞ്ഞു. അവനും പ്യോട്ടറിനോട് കടുത്ത വിദ്വേഷം തോന്നി. പിന്നീട് നിർബന്ധപൂർവം സൈന്യത്തിൽ ചേർത്തതു നിമിത്തം അലക്സാണ്ടറിന് വീടു വിടേണ്ടി വന്നു. അച്ഛൻ എന്റെ അപ്പാർട്ട്മെന്റിലേക്കു താമസം മാറ്റി. ലുബോഫും ഉഗാണ്ടയിൽനിന്നു വന്ന് ഞങ്ങളോടൊപ്പം കുറേനാൾ താമസിച്ചു. ആ അപ്പാർട്ട്മെന്റിൽ ഭൂതബാധയുണ്ടെന്നു ഞങ്ങൾക്കു തോന്നി. അച്ഛനാണെങ്കിൽ ദുഃസ്വപ്നങ്ങൾ കാണാനും തുടങ്ങി. അമ്മയുടെ മരണത്തിനു കാരണക്കാരൻ താനാണെന്ന തോന്നലായിരുന്നു അച്ഛന് എപ്പോഴും. “ഞാൻ അവളുടെ കൂടെ താമസിച്ചിരുന്നെങ്കിൽ അവൾ മരിക്കില്ലായിരുന്നു,” അച്ഛൻ പറയുമായിരുന്നു. താമസിയാതെ അദ്ദേഹം കടുത്ത വിഷാദത്തിന് അടിമയായിത്തീർന്നു. അമ്മ മരിച്ച് നാലു മാസത്തിനുള്ളിൽ അച്ഛൻ ആത്മഹത്യ ചെയ്തു.
അച്ഛന്റെ ശവസംസ്കാരത്തിനു ശേഷം അലക്സാണ്ടർ സൈന്യത്തിലേക്കു മടങ്ങി, ലുബോഫ് ഉഗാണ്ടയിലേക്കും. മകേയെഫ്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസ്ട്രക്ഷൻ എഞ്ചിനീയറിങ്ങിൽ ചേർന്നുകൊണ്ട് ജീവിതത്തിന് ഒരു പുതിയ തുടക്കമിടാൻ ഞാൻ ശ്രമിച്ചു, വീട്ടിൽനിന്ന് അവിടേക്ക് 30 മിനിറ്റു യാത്രയേ ഉണ്ടായിരുന്നുള്ളൂ. ഞാൻ അപ്പാർട്ടുമെന്റ് അലങ്കരിച്ച് അതിന്റെ മുഖച്ഛായ ആകപ്പാടെയൊന്നു മാറ്റി. കഴിഞ്ഞതൊക്കെ മറക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. എന്നിട്ടും, അവിടെ ഭൂതബാധയുണ്ടെന്ന എന്റെ സംശയം ബാക്കിനിന്നു. അതിനു തക്ക കാരണവും ഉണ്ടായിരുന്നു.
“ദൈവമേ, നീ യഥാർഥത്തിൽ ഉണ്ടെങ്കിൽ”
അലക്സാണ്ടർ സൈനിക സേവനം പൂർത്തിയാക്കി വീട്ടിൽ മടങ്ങിയെത്തി. എന്നാൽ ഞാനും അവനും തമ്മിൽ ഓരോന്നു പറഞ്ഞ് വഴക്കിടാൻ തുടങ്ങി. പിന്നീട് അവൻ വിവാഹം കഴിച്ചു. കുറെ മാസത്തേക്ക് ഞാൻ ആസോഫ് കടൽ തീരത്തുള്ള റൊസ്റ്റോവ് എന്ന റഷ്യൻ നഗരത്തിലേക്കു താമസം മാറ്റി. വീട്ടിൽനിന്ന് ഏകദേശം 170 കിലോമീറ്റർ അകലെയായിരുന്നു ആ സ്ഥലം. പ്യോട്ടറിന്റേതായി വീട്ടിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും നീക്കം ചെയ്യാൻ ഞാൻ ഒടുവിൽ തീരുമാനിച്ചു.
വിഷാദം എന്നെ വരിഞ്ഞുമുറുക്കാൻ തുടങ്ങിയതോടെ ഞാനും ആത്മഹത്യയെ കുറിച്ചു ചിന്തിക്കാൻ തുടങ്ങി. എന്നാൽ അമ്മയുടെ വാക്കുകൾ എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു: “ദൈവം എന്നൊരാൾ യഥാർഥത്തിൽ ഉണ്ടെങ്കിൽ . . .” അങ്ങനെ ഒരു ദിവസം രാത്രി, ജീവിതത്തിൽ ആദ്യമായി ഞാൻ ദൈവത്തോടു പ്രാർഥിച്ചു. ഞാൻ ഇങ്ങനെ യാചിച്ചു: “ദൈവമേ, നീ യഥാർഥത്തിൽ ഉണ്ടെങ്കിൽ ജീവിതത്തിന്റെ അർഥം എന്താണെന്ന് എനിക്കു കാണിച്ചുതരേണമേ.” ഏതാനും ദിവസം കഴിഞ്ഞപ്പോൾ, എന്നെ ഉഗാണ്ടയിലേക്കു ക്ഷണിച്ചുകൊണ്ടുള്ള ലുബോഫിന്റെ കത്ത് കിട്ടി. അതുകൊണ്ട് ആത്മഹത്യ ചെയ്യാനുള്ള തീരുമാനം ഞാൻ തൽക്കാലത്തേക്കു മാറ്റിവെച്ചു.
ഉഗാണ്ടയിൽ എന്നെ കാത്തിരുന്ന വിസ്മയങ്ങൾ
യൂക്രെയിനും ഉഗാണ്ടയും പോലെ ഇത്രയേറെ വ്യത്യാസങ്ങളുള്ള സ്ഥലങ്ങൾ അധികമുണ്ടായിരിക്കില്ല. 1989 മാർച്ച് മാസം എന്റെ വിമാനം എന്റെബെയിൽ ഇറങ്ങി. വിമാനത്തിൽനിന്ന് ഇറങ്ങിയ ഞാൻ തീച്ചൂളയിലേക്കാണോ കാലെടുത്തു വെച്ചിരിക്കുന്നത് എന്ന് ഒരു നിമിഷം സംശയിച്ചുപോയി. അത്രയും ചൂട് ഞാൻ ജീവിതത്തിൽ ആദ്യമായിട്ട് അനുഭവിക്കുകയായിരുന്നു. അതിൽ അതിശയിക്കാനൊന്നും ഇല്ല. കാരണം സോവിയറ്റ് യൂണിയനു
വെളിയിലേക്കുള്ള എന്റെ കന്നിയാത്രയായിരുന്നു അത്. അവിടത്തെ ആളുകളുടെ സംസാരഭാഷ ഇംഗ്ലീഷാണ്. എനിക്കാകട്ടെ അതൊട്ടു വശവുമില്ലായിരുന്നു.ഞാൻ ഒരു ടാക്സിയിൽ കയറി. ലുബോഫ് താമസിക്കുന്ന കാമ്പാലയിൽ എത്താൻ 45 മിനിറ്റു യാത്ര ചെയ്യണമായിരുന്നു. ഞാൻ അതുവരെ കണ്ടിട്ടുള്ളതിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഉഗാണ്ട. വ്യത്യസ്തമെന്നു പറഞ്ഞാൽ മറ്റൊരു ഗ്രഹത്തിൽ ചെന്നെത്തിയിരിക്കുകയാണോ എന്നു തോന്നുമാറ് അത്ര വ്യത്യസ്തം! എന്റെ ടാക്സി ഡ്രൈവർ പ്രസന്നത ഉള്ളവനും അങ്ങേയറ്റം ദയാലുവും ആയിരുന്നു. ഒടുവിൽ അയാൾ ലുബോഫിന്റെ വീടു കണ്ടുപിടിച്ചു. അവിടെ എത്തിയപ്പോൾ എനിക്ക് എത്ര ആശ്വാസം തോന്നിയെന്നോ!
ലുബോഫ് യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. അങ്ങനെയൊരു കൂട്ടരെക്കുറിച്ച് മുമ്പ് ഒരിക്കലും ഞാൻ കേട്ടിരുന്നില്ല. അവരെ കുറിച്ച് എന്നോടു പറയാൻ ലുബോഫിന് നൂറുനാവായിരുന്നു! പഠിച്ച കാര്യങ്ങളെല്ലാം അവൾ വള്ളിപുള്ളി വിടാതെ എന്റെ പുറകെ നടന്നു പറയാൻ തുടങ്ങി. വാസ്തവം പറഞ്ഞാൽ, എനിക്ക് കുറച്ചൊക്കെ ദേഷ്യം തോന്നി.
ഒരു ദിവസം ലുബോഫിനെ പഠിപ്പിച്ചുകൊണ്ടിരുന്ന സാക്ഷികൾ അവിടെ വന്നു. അവരിൽ ഒരാളുടെ പേര് മാരിയാന എന്നായിരുന്നു. കണ്ടയുടനെ എന്നോടു പ്രസംഗിക്കാനൊന്നും അവർ മുതിർന്നില്ല. കാരണം എനിക്ക് അന്ന് ഇംഗ്ലീഷ് അത്ര വശമില്ലായിരുന്നു. എന്നാൽ സ്നേഹവും സൗഹൃദവും തുളുമ്പുന്ന അവരുടെ കണ്ണുകൾ കണ്ടപ്പോൾ ആത്മാർഥതയും സന്തോഷവും ഉള്ള വ്യക്തിയാണ് അവരെന്ന് എനിക്കു മനസ്സിലായി. “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” എന്ന ചെറുപുസ്തകത്തിൽ നിന്ന് പറുദീസയുടെ ഒരു ചിത്രം എന്നെ കാണിച്ചിട്ട് അവർ എന്നോടായി പറഞ്ഞു: “ഈ സ്ത്രീയെ കണ്ടോ, ഇത് നീയാണ്, ഇത് ഞാനും. ഈ കാണുന്നവരുടെയെല്ലാം കൂട്ടത്തിൽ നമ്മൾ രണ്ടുപേരും പറുദീസയിലാണ്. എന്തു രസമായിരിക്കും, അല്ലേ?”
കാമ്പാലയിലെ മറ്റു സാക്ഷികളും ലുബോഫിനെയും ഭർത്താവ് ജോസഫിനെയും സന്ദർശിച്ചിരുന്നു. വളരെ സൗഹൃദത്തോടെയായിരുന്നു അവരുടെ പെരുമാറ്റം. അതു കണ്ടപ്പോൾ എന്നിൽ മതിപ്പുളവാക്കാനുള്ള ശ്രമമാണോ എന്നു പോലും ഞാൻ സംശയിച്ചു. ഏതാനും ആഴ്ചകൾ കഴിഞ്ഞ് ഞാൻ ആദ്യമായി ഒരു യോഗത്തിനു പോയി, കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ സ്മാരകമായിരുന്നു അന്ന്. (ലൂക്കൊസ് 22:19) അവിടെ പറഞ്ഞതൊന്നും എനിക്കു മനസ്സിലായില്ലെങ്കിലും കൂടിവന്നവരുടെ സൗഹൃദമനോഭാവം എന്നിൽ ഒരിക്കൽ കൂടി മതിപ്പുളവാക്കി.
“ഇത് പുറത്തോടു പുറം വായിക്കണം”
മാരിയാന എനിക്ക് റഷ്യൻ ഭാഷയിലുള്ള ഒരു ബൈബിൾ തന്നു. അങ്ങനെ ആദ്യമായി എനിക്കൊരു ബൈബിൾ കിട്ടി. “ഇത് പുറത്തോടു പുറം വായിക്കണം. എല്ലാമൊന്നും മനസ്സിലായെന്നു വരില്ല. എന്നുവെച്ച് അതു വായിക്കാതിരിക്കരുത്,” അവൾ പറഞ്ഞു.
മാരിയാനയുടെ സമ്മാനം എനിക്കു വളരെ ഇഷ്ടമായി. അവർ പറഞ്ഞതുപോലെ ചെയ്യാൻ ഞാൻ തീരുമാനിച്ചു. ‘ബൈബിൾ വായിക്കാതെ വെറുതെ വെച്ചുകൊണ്ടിരുന്നിട്ടു കാര്യമില്ലല്ലോ?’ ഞാൻ ചിന്തിച്ചു.
യൂക്രെയിനിലേക്കു തിരിച്ചുപോയപ്പോൾ ആ ബൈബിൾ ഞാൻ കൂടെ കൊണ്ടുപോയി. അടുത്ത ഏതാനും മാസം ഞാൻ റഷ്യയിലെ മോസ്കോയിൽ ജോലി നോക്കി. അവിടെയായിരുന്നപ്പോൾ ഒഴിവു സമയങ്ങളിലെല്ലാം ഞാൻ ബൈബിൾ വായിക്കാൻ തുടങ്ങി. ഒമ്പതു മാസം കഴിഞ്ഞ് ഉഗാണ്ടയിലേക്കു മടങ്ങിയപ്പോഴേക്കും ഞാൻ പകുതിയും വായിച്ചു തീർത്തിരുന്നു. കാമ്പാലയിൽ എത്തിക്കഴിഞ്ഞപ്പോൾ മാരിയാന ഭാവിയെ സംബന്ധിച്ച അത്ഭുതകരമായ പ്രത്യാശ ബൈബിളിൽനിന്ന് എനിക്കു കാണിച്ചു തന്നു—പറുദീസ! പുനരുത്ഥാനം! അച്ഛനെയും അമ്മയെയും വീണ്ടും കാണൽ! ഡൊണെറ്റ്സ്കിൽ വെച്ചുള്ള എന്റെ പ്രാർഥനയുടെ ഫലമാണിത് എന്ന് എനിക്കു മനസ്സിലായി.—പ്രവൃത്തികൾ 24:15; വെളിപ്പാടു 21:3-5.
ബൈബിളിൽനിന്ന് ദുഷ്ടാത്മാക്കളെ കുറിച്ചുള്ള വിഷയം പഠിച്ചപ്പോൾ ഞാൻ ശ്വാസം അടക്കിപ്പിടിച്ചിരുന്ന് അതു കേട്ടു. ഞാൻ പണ്ടു മുതലേ സംശയിച്ചിരുന്ന ഒരു കാര്യം എനിക്ക് ഉറപ്പായി. മന്ത്രവാദത്തിൽ നല്ലതും ചീത്തയും എന്നില്ല, എല്ലാം ഒരുപോലെ അപകടം പിടിച്ചതാണ്. അതിന് ഞങ്ങളുടെ കുടുംബത്തിൽ സംഭവിച്ചതിനെക്കാൾ വലിയ തെളിവ് എനിക്ക് ആവശ്യമില്ലായിരുന്നു. പ്യോട്ടറിന്റെ സാധനങ്ങൾ കത്തിച്ചു കളഞ്ഞപ്പോൾ അറിയാതെയാണെങ്കിലും ഞാൻ ശരിയായ കാര്യമാണു ചെയ്തത്. ആദിമ ക്രിസ്ത്യാനികളും യഹോവയെ സേവിക്കാൻ തുടങ്ങിയപ്പോൾ മന്ത്രവാദവുമായി ബന്ധപ്പെട്ട സാമഗ്രികൾ കത്തിച്ചു കളഞ്ഞതായി ഞാൻ മനസ്സിലാക്കി.—ആവർത്തനപുസ്തകം 18:9-12; പ്രവൃത്തികൾ 19:19.
ബൈബിൾ പഠിക്കുന്തോറും ഞാൻ പഠിക്കുന്നതു സത്യമാണെന്ന് എനിക്കു കൂടുതൽ ബോധ്യമായിക്കൊണ്ടിരുന്നു. ഞാൻ പുകവലി ഉപേക്ഷിച്ചു. 1990 ഡിസംബറിൽ യഹോവയോടുള്ള സമർപ്പണത്തിന്റെ പ്രതീകമായി ഞാൻ സ്നാപനമേറ്റു. മൂന്നു മാസം മുമ്പ് ലുബോഫ് സ്നാപനമേറ്റിരുന്നു. 1993-ൽ ജോസഫും സ്നാപനമേറ്റു.
ഡൊണെറ്റ്സ്കിലേക്കു മടങ്ങുന്നു
1991-ൽ ഞാൻ ഡൊണെറ്റ്സ്കിലേക്കു മടങ്ങി. അതേ വർഷംതന്നെ യൂക്രെയിനിൽ യഹോവയുടെ സാക്ഷികൾക്കു നിയമാംഗീകാരം ലഭിച്ചു. അങ്ങനെ ഞങ്ങൾക്ക് ഒരുമിച്ചു കൂടിവരാനും പരസ്യമായി പ്രസംഗിക്കാനുമുള്ള സ്വാതന്ത്ര്യം കൈവന്നു. കേൾക്കാൻ സമയമുണ്ടായിരുന്ന ഏവരോടും ഞങ്ങൾ തെരുവിൽ വെച്ചു സാക്ഷീകരിച്ചു. നിരീശ്വരവാദം പ്രബലമായിരുന്ന ഒരു രാജ്യമായിരുന്നിട്ടു കൂടി അവിടെ ദൈവരാജ്യത്തെ കുറിച്ച് അറിയാൻ ആഗ്രഹമുള്ള അനേകരുണ്ടെന്ന് ഞങ്ങൾ പെട്ടെന്നുതന്നെ കണ്ടെത്തി.
1990-കളുടെ ആരംഭത്തിൽ വേണ്ടത്ര ബൈബിൾ സാഹിത്യങ്ങൾ ലഭ്യമല്ലായിരുന്നു. അതുകൊണ്ട് ഡൊണെറ്റ്സ്കിൽ
ഞങ്ങൾ പ്രസിദ്ധീകരണങ്ങൾ കടം കൊടുക്കുന്ന ഒരു ഗ്രന്ഥശാല തുടങ്ങി. പുസ്തകങ്ങളുടെയും ലഘുപത്രികകളുടെയും പ്രതികൾ പ്രദർശിപ്പിക്കുന്നതിനായി ഞങ്ങൾ പ്രധാന നഗരചത്വരത്തിൽ ഒരു സ്റ്റാൻഡ് സ്ഥാപിച്ചു. ബൈബിളിനെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ടായിരുന്ന സൗഹൃദമനസ്കരായ ആളുകൾ അവിടെ വരുകയും ഞങ്ങളോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുമായിരുന്നു. സാഹിത്യങ്ങൾ ആവശ്യമുള്ളവർ അവിടെനിന്ന് അവ കടംവാങ്ങി. ഞങ്ങൾ അവർക്ക് സൗജന്യ ഭവന ബൈബിൾ അധ്യയനം വാഗ്ദാനം ചെയ്തു.1992-ൽ ഞാൻ ഒരു പയനിയർ, യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷക, ആയിത്തീർന്നു. 1993 സെപ്റ്റംബറിൽ ജർമനിയിലെ സെൽറ്റേഴ്സിലുള്ള വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസിലെ പരിഭാഷാ സംഘത്തോടൊപ്പം പ്രവർത്തിക്കാനുള്ള ക്ഷണം ലഭിച്ചതിനെ തുടർന്ന് ഞാൻ അങ്ങോട്ടു പോയി. 1998 സെപ്റ്റംബറിൽ ഞങ്ങൾ പോളണ്ടിലെ വാർസോയിലേക്കു മാറി. ഇവിടെ ഞങ്ങൾ യൂക്രെയിനിലെ ലവിഫിലെ പുതിയ ബ്രാഞ്ചിന്റെ പണി പൂർത്തിയാകാൻ കാത്തിരിക്കുകയാണ്.
യൂക്രെയിനിലെ യഹോവയുടെ സാക്ഷികളുടെ വളർച്ച വിസ്മയാവഹമായിരുന്നു. 1991-ൽ ഡൊണെറ്റ്സ്കിൽ ഒറ്റയൊരു സഭയേ ഉണ്ടായിരുന്നുള്ളൂ. സാക്ഷികളുടെ എണ്ണമാകട്ടെ 110-ഉം. എന്നാൽ ഇപ്പോൾ 24 സഭകളിലായി അവിടെ 3,000-ത്തിലധികം സാക്ഷികളുണ്ട്! 1997-ൽ ഞാൻ ഡൊണെറ്റ്സ്കിൽ പോയിരുന്നു. അവിടെ പഴയ സുഹൃത്തുക്കളെ വീണ്ടും കാണാൻ കഴിഞ്ഞത് തികച്ചും സന്തോഷപ്രദമായിരുന്നു. എന്നാൽ എന്നെ അസ്വസ്ഥയാക്കിയ ഒരു സംഭവവും അവിടെവെച്ച് ഉണ്ടായി.
“പ്യോട്ടർ നിന്നെ അന്വേഷിക്കുന്നുണ്ട്”
ഡൊണെറ്റ്സ്കിലായിരിക്കെ, ഞങ്ങളുടെ കുടുംബത്തെ അറിയാവുന്ന ജൂലിയ എന്ന ഒരു സാക്ഷി എന്നോടു പറഞ്ഞു: “പ്യോട്ടർ നിന്നെ അന്വേഷിക്കുന്നുണ്ട്. അയാൾക്ക് നിന്നോടു സംസാരിക്കണമത്രെ.” അതു കേട്ടപ്പോൾ എന്റെ മനസ്സിൽ തീയാളി.
അന്നു രാത്രി വീട്ടിലെത്തിയ ശേഷം ഞാൻ ഒരുപാടു കരഞ്ഞു. ഞാൻ യഹോവയോട് പ്രാർഥിച്ചു. എന്തിനായിരിക്കും പ്യോട്ടർ എന്നെ കാണണമെന്നു പറഞ്ഞത്? പ്യോട്ടർ വർഷങ്ങളോളം ജയിലിൽ കിടന്നിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു. അയാൾ ചെയ്ത കൊടുംക്രൂരത നിമിത്തം ഞാൻ അയാളെ മനസ്സുകൊണ്ടു വെറുത്തിരുന്നു. യഹോവയാം ദൈവത്തിന്റെ പുതിയ ലോകത്തെ കുറിച്ചു പഠിക്കാൻ അയാൾക്ക് അർഹതയില്ലെന്ന് എനിക്കു തോന്നി. ഞാൻ ആ കാര്യം പ്രാർഥനയിൽ ഉൾപ്പെടുത്തി. നിത്യജീവന് യോഗ്യതയുള്ളത് ആർക്കാണ് എന്നു തീരുമാനിക്കാനുള്ള അവകാശം എനിക്കില്ലെന്ന് അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. “നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും” എന്ന് യേശുക്രിസ്തു തന്റെ അടുത്തു കിടന്ന കുറ്റവാളിയോടു പറഞ്ഞത് ഞാൻ ഓർമിച്ചു.—ലൂക്കൊസ് 23:42, 43.
അങ്ങനെ പ്യോട്ടറിനെ പോയി കണ്ട് അയാളോടു മിശിഹൈക രാജ്യത്തെ കുറിച്ചും ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയെ കുറിച്ചും സാക്ഷീകരിക്കാൻ ഞാൻ തീരുമാനിച്ചു. ജൂലിയ തന്ന മേൽവിലാസം വെച്ച്, രണ്ടു ക്രിസ്തീയ സഹോദരന്മാരോടൊപ്പം ഞാൻ അയാളെ കാണാൻ പോയി. അമ്മയുടെ മരണശേഷം ഞാൻ പ്യോട്ടറിനെ ആദ്യമായി കാണുകയായിരുന്നു.
വല്ലാത്ത ഒരു അവസ്ഥയായിരുന്നു അത്. ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നുവെന്നും ഈ വ്യവസ്ഥിതിയിൽ നമുക്കെല്ലാവർക്കും പ്രശ്നങ്ങൾ, ചിലപ്പോൾ ദുരന്തങ്ങൾ പോലും നേരിടേണ്ടി വരുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ ബൈബിൾ എന്നെ സഹായിച്ചുവെന്നും ഞാൻ പ്യോട്ടറിനോടു വിശദീകരിച്ചു. അമ്മയെയും പിന്നീട് അച്ഛനെയും നഷ്ടമായത് ഞങ്ങളെ എത്രമാത്രം പിടിച്ചുലച്ചു എന്നും ഞാൻ അയാളോടു പറഞ്ഞു.
അന്നു സംഭവിച്ചതെല്ലാം അയാൾ വിസ്തരിച്ചു പറയാൻ തുടങ്ങി. എന്റെ അമ്മയെ കൊല്ലാൻ ഒരു ശബ്ദം അയാളോടു കൽപ്പിച്ചുവത്രേ. ബീഭത്സമായ ആ വിവരണം കേട്ടുകൊണ്ടിരിക്കെ, വിദ്വേഷം നിറഞ്ഞ എന്റെ മനസ്സ് കുറച്ചൊന്ന് അലിയാൻ തുടങ്ങി. കാരണം വേട്ടക്കാരന്റെ കയ്യിൽപ്പെട്ട ഒരു മൃഗത്തെ പോലെ അയാൾ പരിഭ്രാന്തനായി കാണപ്പെട്ടു. പ്യോട്ടർ സംസാരം നിറുത്തിയപ്പോൾ ബൈബിളിലെ അത്ഭുതകരമായ വാഗ്ദാനങ്ങളിൽ ചിലത് അയാൾക്ക് കാണിച്ചു കൊടുക്കാൻ ഞാൻ ശ്രമിച്ചു. തനിക്ക് യേശുവിൽ വിശ്വാസമുണ്ടെന്ന് അയാൾ പറഞ്ഞു. അതുകൊണ്ട് ഞാൻ അയാളോട് ഇങ്ങനെ ചോദിച്ചു:
“നിങ്ങൾക്ക് ബൈബിളുണ്ടോ?”
“ഇല്ല. എന്നാൽ ഞാൻ ഒരെണ്ണം ആവശ്യപ്പെട്ടിട്ടുണ്ട്
,” അയാൾ മറുപടി പറഞ്ഞു.
“സത്യദൈവത്തിന്റെ വ്യക്തിപരമായ നാമം യഹോവ എന്നാണെന്ന് ബൈബിൾ പറയുന്ന കാര്യം ഒരുപക്ഷേ നിങ്ങൾക്ക് ഇപ്പോൾത്തന്നെ അറിയാമായിരിക്കും.”—സങ്കീർത്തനം 83:18.
ആ പേരു കേട്ടപ്പോൾ അയാൾ ആകെ അസ്വസ്ഥനായി. “എന്നോട് ആ പേര് പറയരുത്, എനിക്ക് അത് കേൾക്കാനാവില്ല,” അയാൾ പറഞ്ഞു. ദൈവത്തിന്റെ അത്ഭുതകരമായ വാഗ്ദാനങ്ങളെ കുറിച്ച് പ്യോട്ടറിനോട് പറയാനുള്ള ഞങ്ങളുടെ ശ്രമങ്ങളെല്ലാം വിഫലമായി.
അവിടെനിന്നു പോന്നപ്പോൾ ഒരു കാര്യം എനിക്കു വ്യക്തമായിരുന്നു: ഞാൻ യഹോവയെ കുറിച്ച് അറിഞ്ഞില്ലായിരുന്നെങ്കിൽ ഒന്നുകിൽ അമ്മയെപ്പോലെ വധിക്കപ്പെട്ടേനെ, അല്ലെങ്കിൽ അച്ഛനെപ്പോലെ ആത്മഹത്യ ചെയ്തേനെ. അതുമല്ലെങ്കിൽ പ്യോട്ടറിനെ പോലെ ഭൂതസ്വാധീനത്തിൽ പെട്ട് കൊടുംക്രൂരതകൾ ചെയ്തേനെ. സത്യദൈവമായ യഹോവയെ അറിയാൻ ഇടയായതിൽ ഞാൻ എത്ര നന്ദിയുള്ളവളാണെന്നോ!
ഭൂതകാലത്തിലേക്കു നോക്കുന്നതിനു പകരം ഭാവിയിലേക്കു നോക്കുന്നു
ഈ അനുഭവങ്ങൾ എന്റെ മനസ്സിൽ കോരിയിട്ട വേദനയുടെ കനലുകൾ ഇപ്പോഴും എരിഞ്ഞടങ്ങിയിട്ടില്ല. ആ കറുത്ത ഓർമകൾ തികട്ടിവരുമ്പോൾ ഇന്നും എന്റെ മനസ്സ് വിങ്ങാറുണ്ട്. എന്നാൽ യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് അറിഞ്ഞതോടെ കാര്യങ്ങൾക്കു മാറ്റം വന്നു തുടങ്ങി. ഭൂതകാലത്തിലേക്കു നോക്കുന്നതിനു പകരം ഭാവിയിലേക്കു നോക്കാൻ ബൈബിൾ സത്യം എന്നെ പഠിപ്പിച്ചിരിക്കുന്നു. യഹോവ തന്റെ ദാസന്മാർക്കായി എത്ര മഹത്തായ ഒരു ഭാവിയാണ് ഒരുക്കിവെച്ചിരിക്കുന്നത്!
മരിച്ചവർ ഭൂമിയിലെ പറുദീസയിലേക്ക് ഉയിർപ്പിക്കപ്പെടും. എന്റെ മാതാപിതാക്കളെ സ്വാഗതം ചെയ്യാൻ കഴിയുന്നത് എന്നെ സംബന്ധിച്ചിടത്തോളം എത്ര സന്തോഷപ്രദമായ ഒരു അനുഭവമായിരിക്കും! “നാം ഈ ഭൂഗ്രഹത്തിലെ അതിഥികൾ മാത്രമാണ്” എന്ന് അച്ഛൻ പറഞ്ഞത് ഫലത്തിൽ ശരിയായിരുന്നു. ദൈവം എന്നൊരാൾ ഉണ്ടായിരിക്കാം എന്ന് അമ്മ പറഞ്ഞിരുന്നതും ശരിതന്നെ. ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിലേക്ക് അച്ഛനും അമ്മയും ഉയിർപ്പിക്കപ്പെടുമ്പോൾ അവരെ ബൈബിൾ സത്യങ്ങൾ പഠിപ്പിക്കാൻ ഞാൻ ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുന്നു. (g00 12/22)
[അടിക്കുറിപ്പ്]
a യഥാർഥ പേരല്ല.
[24-ാം പേജിലെ ആകർഷക വാക്യം]
അമ്മയുടെ മരണശേഷം ഞാൻ പ്യോട്ടറിനെ ആദ്യമായി കാണുകയായിരുന്നു
[23-ാം പേജിലെ ചിത്രങ്ങൾ]
ഉഗാണ്ടയിൽവെച്ച് എന്നെ ബൈബിൾ പഠിപ്പിച്ച മിഷനറിമാരായ മാരിയാനയോടും ഹൈന്റ്സ് വെർട്ഹോൾട്സിനോടും ഒപ്പം
[23-ാം പേജിലെ ചിത്രം]
കാമ്പാലയിൽ വെച്ച് ഞാൻ സ്നാപനമേറ്റപ്പോൾ
[24-ാം പേജിലെ ചിത്രം]
പോളണ്ടിലെ വാർസോയിൽ ഒരു യൂക്രേനിയൻ പരിഭാഷകയായി സേവനമനുഷ്ഠിക്കുന്നു