ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
ചെലവേറിയ തകരാറ്
ഭൂരിഭാഗം കമ്പ്യൂട്ടർ ശൃംഖലകളും 1999-ൽനിന്ന് 2000-ാം ആണ്ടിലേക്ക് വിജയകരമായി കടന്നപ്പോൾ കമ്പ്യൂട്ടർ എഞ്ചിനീയർമാർ ആശ്വാസനിശ്വാസം ഉതിർത്തു. വർഷത്തെ സൂചിപ്പിക്കുന്ന ഇടങ്ങളിൽ ആദ്യത്തെ രണ്ട് അക്കങ്ങൾ വിട്ടുകളയുന്ന ഒരു രീതി കമ്പ്യൂട്ടർ പ്രോഗ്രാം ചെയ്തവർ വികസിപ്പിച്ചിരുന്നു. തന്മൂലം, മിക്ക കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്കും 1900-ഉം 2000-ഉം തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കാതെ വരുമെന്നും അങ്ങനെ വളരെയധികം കുഴപ്പങ്ങൾക്ക് ഇടയാക്കിക്കൊണ്ട് പല കമ്പ്യൂട്ടർ പ്രോഗ്രാമുകളും തകരാറിലാകുമെന്നും ചില വിദഗ്ധർ പ്രവചിച്ചിരുന്നു. (1999 ഫെബ്രുവരി 8 ലക്കം ഉണരുക!യുടെ 21-3 പേജുകൾ കാണുക.) ഇത് തടയുന്നതിന്, 2000-ാം ആണ്ട് തുടങ്ങുന്നതിനു മുമ്പായി പ്രശ്നമുള്ള കമ്പ്യൂട്ടർ സിസ്റ്റം നന്നാക്കാൻ കമ്പ്യൂട്ടർ എഞ്ചിനീയർമാർ കിണഞ്ഞു പരിശ്രമിച്ചു. അതിന്റെ ചെലവോ? “ലോകവ്യാപകമായി 30,000 കോടി മുതൽ 60,000 കോടി വരെ ഡോളർ ഇതിനായി ചെലവഴിച്ചിട്ടുണ്ട്” എന്ന് ഒരു ഫിനാൻസ് ഗ്രൂപ്പിന്റെ അവലോകനം തെളിയിക്കുന്നതായി ഫ്രഞ്ച് ദിനപ്പത്രമായ ല മോൺടിൽ വന്ന ഒരു ലേഖനം പറയുന്നു. ഐക്യനാടുകൾ ഏകദേശം 10,000 കോടി ഡോളറും ഫ്രാൻസ് 2,000 കോടി ഡോളറും ഇതിനായി ചെലവഴിച്ചു. ഇതിനോടു താരതമ്യത്തിൽ ഗൾഫ് യുദ്ധത്തിൽ സഖ്യകക്ഷികൾക്ക് ചെലവായ തുക വളരെ കുറവാണ്, “4,600 കോടി ഡോളറിനും 6,000 കോടി ഡോളറിനും ഇടയ്ക്ക്.” എന്തായാലും, “കമ്പ്യൂട്ടറും സംഖ്യകളുമായി ബന്ധപ്പെട്ട പുതിയ പ്രശ്നങ്ങളുടെ ഒരു പരമ്പരതന്നെ ഉണ്ടായേക്കാം എന്നതിനാൽ ഈ സ്ഥിതിവിശേഷം ആവർത്തിക്കുകതന്നെ ചെയ്യും” എന്ന് ദ വാൾ സ്ട്രീറ്റ് ജേർണൽ പ്രസ്താവിക്കുന്നു. എന്നുവരികിലും, “ഈ പ്രശ്നങ്ങളൊന്നും തന്നെ 2000-ാം ആണ്ടിനോടു ബന്ധപ്പെട്ട കമ്പ്യൂട്ടർ തകരാറിനെ [Y2K] കടത്തിവെട്ടാൻ സാധ്യതയില്ല.” (g00 12/08)
പാസ്വേർഡ് പ്രശ്നങ്ങൾ
പാസ്വേർഡുകൾ മറന്നു പോകുന്നത് ഐക്യനാടുകളിൽ ഒരു തലവേദന ആയിരിക്കുകയാണ്. അത് ഉത്പാദനത്തെ ബാധിക്കുന്നതിനാലും പ്രസ്തുത പ്രശ്നം പരിഹരിക്കാൻ ആവശ്യമായ സാങ്കേതിക സഹായം പ്രദാനം ചെയ്യേണ്ടിവരുന്നതിനാലും ബിസിനസുകാർക്കു വർഷം തോറും ദശലക്ഷക്കണക്കിനു ഡോളർ ചെലവഴിക്കേണ്ടതായി വരുന്നു. “ഇരുപതു വർഷം മുമ്പ്, ആളുകൾക്ക് തങ്ങളുടെ സാമൂഹ്യ സുരക്ഷാ (സോഷ്യൽ സെക്യൂരിറ്റി) നമ്പരും, ഒന്നോ രണ്ടോ ഫോൺ നമ്പരും മാത്രം ഓർമിച്ചാൽ മതിയായിരുന്നു,” ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. എന്നാൽ ഇന്ന്, കമ്പ്യൂട്ടർ ഫയലുകൾ തുറക്കാനും ഇ-മെയിൽ സേവനങ്ങൾ ഉപയോഗപ്പെടുത്താനും വേണ്ടി മിക്കവാറും എല്ലാവർക്കുംതന്നെ പാസ്വേർഡുകൾ ഉണ്ട്. വാസ്തവത്തിൽ, പലർക്കും ഇപ്പോൾ ഡസൻ കണക്കിന് പാസ്വേർഡുകളും കോഡുകളും വ്യക്തിഗത തിരിച്ചറിയൽ നമ്പരുകളുമുണ്ട്. താൻ 129 പാസ്വേർഡുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഒരു നെറ്റ്വർക്ക് കാര്യനിർവാഹകൻ റിപ്പോർട്ട് ചെയ്തതായി പറയപ്പെടുന്നു. അതുകൊണ്ട് പാസ്വേർഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ചില കമ്പനികൾ തങ്ങളുടെ പാസ്വേർഡ് അധിഷ്ഠിത സിസ്റ്റങ്ങൾ മാറ്റി, പകരം ഫിംഗർപ്രിന്റ് സ്കാനറുകളും മറ്റ് ഉയർന്ന സാങ്കേതിക സുരക്ഷാ സംവിധാനങ്ങളും സ്ഥാപിച്ചുവരുന്നു. (g00 12/08)
കോപവും നിങ്ങളുടെ ഹൃദയവും
“കോപിക്കാൻ പ്രവണത കൂടുതലുള്ളവർക്ക് അത് കുറവുള്ളവരെ അപേക്ഷിച്ച്, ഹൃദയാഘാതം ഉണ്ടാകാൻ മൂന്നിരട്ടി സാധ്യതയുണ്ടെന്ന്” ഗ്ലോബ് ആൻഡ് മെയിൽ ദിനപ്പത്രത്തിൽ വന്ന ഒരു റിപ്പോർട്ട് പറയുന്നു. ഏകദേശം 13,000 ആളുകളെ ഹൃദ്രോഗ സാധ്യത നിർണയിക്കുന്നതിനു വേണ്ടി ഒരു 6 വർഷ പഠനത്തിനു വിധേയരാക്കി. പങ്കെടുത്ത ആർക്കും തുടക്കത്തിൽ ഹൃദ്രോഗമില്ലായിരുന്നു. ഓരോരുത്തരോടും കുറെ ചോദ്യങ്ങൾ ചോദിക്കുകയും അവയോട് അവർ പ്രതികരിച്ച വിധം അനുസരിച്ച് കോപിക്കാനുള്ള അവരുടെ പ്രവണത താഴ്ന്നത്, മിതമായത്, ഉയർന്നത് എന്നിങ്ങനെ രേഖപ്പെടുത്തുകയും ചെയ്തു. അവരിൽ 256 പേർക്ക് ആ 6 വർഷത്തിനുള്ളിൽ ഹൃദയാഘാതം ഉണ്ടായി. മിതമായ അളവിൽ കോപം പ്രകടമാക്കിയവർക്കു പോലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 35 ശതമാനം കൂടുതലാണെന്ന് പഠനം വെളിപ്പെടുത്തി. ഈ പഠനത്തിന് നേതൃത്വം വഹിച്ച, നോർത്ത് കരോലിനാ യൂണിവേഴ്സിറ്റിയിലെ ഡോ. ജാനെസ് വില്യംസ് പറയുന്നു: “കോപം ഹൃദയാഘാതത്തിന് ഇടയാക്കിയേക്കാം. മധ്യവയസ്കരായ സ്ത്രീപുരുഷന്മാരുടെ കാര്യത്തിൽ അത് പ്രത്യേകിച്ചും ശരിയാണ്—അവരുടെ രക്തസമ്മർദം സാധാരണ നിലയിൽ ആണെങ്കിൽപ്പോലും.” അതുകൊണ്ട്, കോപിക്കാൻ പ്രവണതയുള്ള ആളുകൾ സമ്മർദം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ അവലംബിക്കണമെന്ന് ഗവേഷകർ ശുപാർശ ചെയ്തു. (g00 12/08)
വെള്ളം—ഒരു വിപണന തന്ത്രം
ഇന്ത്യയിലെ ചില വ്യാപാരികൾ, ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഈ അടുത്ത കാലത്തുണ്ടായ വരൾച്ചയെ പ്രയോജനപ്പെടുത്തിവരുന്നു. ചില പ്രമുഖ ഗൃഹോപകരണങ്ങളോടൊപ്പം വെള്ളം സൗജന്യം എന്നതാണ് അവരുടെ വ്യാപാരതന്ത്രം. ഒരു അവ്നോ റഫ്രിജറേറ്ററോ വാഷിങ് മെഷീനോ ടെലിവിഷൻ സെറ്റോ വാങ്ങുന്ന ഏതൊരു ഉപഭോക്താവിനും 2 വേനൽക്കാല മാസങ്ങളിൽ ആഴ്ചയിൽ 4 ദിവസം 500 ലിറ്റർ വെള്ളം വീതം നൽകാമെന്ന് ഒരു ചില്ലറവ്യാപാരി വാഗ്ദാനം ചെയ്തതായി ദ ടൈംസ് ഓഫ് ഇൻഡ്യ റിപ്പോർട്ടു ചെയ്തു. ഒരു റഫ്രിജറേറ്ററോ ടെലിവിഷനോ വാങ്ങിയാൽ ‘ആ വർഷം ശേഷിച്ച വേനൽക്കാലം വെള്ളം സൗജന്യം’ എന്ന് മറ്റൊരു വ്യാപാരി വാഗ്ദാനം ചെയ്തു. ഇന്നോളം ഗുജറാത്ത് സംസ്ഥാനത്തിന്റെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിൽ ഉണ്ടായിട്ടുള്ളതിൽ വെച്ചേറ്റവും രൂക്ഷമായ ഒരു വരൾച്ചയുടെ ദുരിതങ്ങൾ അനുഭവിക്കുന്നവരെ സംബന്ധിച്ചിടത്തോളം സ്വർണം, വെള്ളി, സൗജന്യ ഒഴിവുകാലയാത്ര എന്നിവയെക്കാളൊക്കെ പ്രലോഭനീയമായ വാഗ്ദാനമായിരുന്നു അത്. വെള്ളം വാഗ്ദാനം ചെയ്തതിനാൽ തങ്ങളുടെ വിൽപ്പന മൂന്നു മടങ്ങ് വർധിച്ചതായി രാജ്കോട്ട് നഗരത്തിലെ വ്യാപാരികൾ പറഞ്ഞു. (g00 12/08)
യൂറോപ്പിലെ പീഡനവും ക്രൂരതയും
“നിർബന്ധിത നാടുകടത്തലിനിടെ സംഭവിക്കുന്ന മരണം, തടവിലായിരിക്കുമ്പോഴത്തെ പീഡനം, പോലീസ് മർദനം, വംശീയവും മതപരവുമായ അടിച്ചമർത്തൽ” എന്നിവ യൂറോപ്പിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ ചില ഉദാഹരണങ്ങളാണെന്ന് അമ്നെസ്റ്റി ഇന്റർനാഷണലിന്റെ ഒരു വാർത്താപത്രിക റിപ്പോർട്ടു ചെയ്യുന്നു. “യൂറോപ്പിൽ ഒട്ടുമുക്കാലും ആളുകൾ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ആസ്വദിക്കുന്നുണ്ട്.
എന്നാൽ, മനുഷ്യാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും രക്ഷാസങ്കേതം എന്ന യൂറോപ്പിന്റെ പ്രതിച്ഛായയ്ക്കു നേർവിപരീതമായി അഭയാർഥികൾക്കും മത, വംശീയ ന്യൂനപക്ഷങ്ങൾക്കും ഇവയുടെ ലംഘനം അനുഭവിക്കേണ്ടി വരുന്നു” എന്ന് ആ വാർത്താപത്രിക പറയുന്നു. “ക്രൂരമായ പോലീസ് മർദനങ്ങളെ കുറിച്ചുള്ള ആരോപണങ്ങളുടെ എണ്ണത്തിൽനിന്ന് ഇതു വ്യക്തമാണ്. യുണൈറ്റഡ് കിങ്ഡം മുതൽ അസർബൈജാൻ വരെയുള്ള ഇടങ്ങളിൽ ആളുകൾ പോലീസിന്റെ കരങ്ങളാലുള്ള ക്രൂരവും മനുഷ്യത്വരഹിതവും അധഃപതിച്ചതുമായ മർദനങ്ങൾക്ക് . . . ഇരയാകുന്നു.” ഇതിന് ഉത്തരവാദികളായവർക്ക് എതിരെ നീതി നടപ്പാക്കുന്നില്ല എന്ന് പ്രസ്തുത സംഘടന പറയുന്നു. അത് പിൻവരുന്ന ഉദാഹരണം തെളിവായി എടുത്തുകാണിക്കുന്നു: “പീഡനവും ന്യായമായ വിചാരണയും സംബന്ധിച്ച അന്താരാഷ്ട്ര നിലവാരങ്ങൾ ലംഘിച്ചതിന് ഫ്രാൻസ് കുറ്റക്കാരാണെന്ന് [1999] ജൂലൈയിൽ യൂറോപ്പിലെ മനുഷ്യാവകാശ കോടതി കണ്ടെത്തി.” പോലീസ് കസ്റ്റഡിയിലായിരുന്ന ഒരു കുടിയേറ്റക്കാരൻ ഉൾപ്പെട്ടതായിരുന്നു പ്രശ്നം. “ആ വർഷാവസാനവും കുറ്റക്കാരായ പോലീസുകാർ ജോലിയിൽ തുടരുന്നുണ്ടായിരുന്നു,” എന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. (g00 12/22)മതഭക്തി ആയുസ്സ് വർധിപ്പിക്കുന്നുവെന്നോ?
“മതപ്രവർത്തനങ്ങളിൽ പതിവായി ഉൾപ്പെടുന്നത് മെച്ചപ്പെട്ട ആരോഗ്യത്തിനും ആയുർദൈർഘ്യത്തിനും സംഭാവന ചെയ്യുന്നുവെന്ന് 1977 മുതൽ ഈ വിഷയത്തോടുള്ള ബന്ധത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 42 സ്വതന്ത്ര പഠനങ്ങളുടെ റിപ്പോർട്ട് കാണിക്കുന്നു” എന്ന് സയൻസ് ന്യൂസ് പ്രസ്താവിക്കുന്നു. “മതവുമായി ബന്ധപ്പെട്ട പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ആയുസ്സ് വർധിപ്പിക്കുന്നു എന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നതായി ശാസ്ത്രജ്ഞർ പറയുന്നു.” ഈ കണ്ടെത്തലുകൾക്ക് ധാരാളം കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദോഷകരമായ സ്വഭാവങ്ങൾ ഒഴിവാക്കൽ, വൈവാഹിക സ്ഥിരത, സ്വയം പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളെ നേരിടേണ്ടതായി വരുമ്പോഴുള്ള കുറഞ്ഞ സമ്മർദം, വിസ്തൃതമായ സാമൂഹ്യബന്ധം, ക്രിയാത്മക ചിന്താഗതി എന്നിവയാണ് അവയിൽ ചിലത്. ഒരു റിപ്പോർട്ട് ഇങ്ങനെ ഉപസംഹരിക്കുന്നു: “സ്ഥിരമായി മതകാര്യങ്ങളിൽ ഏർപ്പെടുന്നതും ദീർഘായുസ്സും തമ്മിൽ ബന്ധമുള്ളതായി കണ്ടെത്തിയിരിക്കുന്നു, പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തിൽ. അത്തരക്കാർക്ക് നല്ല സാമൂഹ്യബന്ധങ്ങൾ, സംഘർഷം കുറഞ്ഞ അവസ്ഥ, മെച്ചപ്പെട്ട ആരോഗ്യശീലങ്ങൾ എന്നിവ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.” (g00 12/22)
കടലാമകൾ വീണ്ടും!
ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിൽ ഈ വർഷം ഒലിവ് റൈഡ്ലി വർഗത്തിൽപ്പെട്ട കടലാമകളുടെ ഒരു വൻകൂട്ടത്തെ കാണാൻ കഴിഞ്ഞത് പരിസ്ഥിതി സംരക്ഷകരെ സന്തോഷിപ്പിച്ചു. 1980-കളുടെ മധ്യത്തിനു ശേഷം ആദ്യമായിട്ടാണ് ഇത്രയും കടലാമകൾ തീരത്തണയുന്നത്. 1999-ൽ ഒരു ചുഴലിക്കൊടുങ്കാറ്റ് ഒറീസാ സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് വമ്പിച്ച നാശനഷ്ടങ്ങൾ വിതച്ചതിനാൽ ഇത് അതിശയമായിരിക്കുന്നു എന്ന് ഒരു പരിസ്ഥിതി മാസികയായ ഡൗൺ ടു എർത്ത് പറയുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ജീവികളുടെ, ലോകത്തിലേക്കുംവെച്ച് ഏറ്റവും വലിയ താവളമാണ് ഈ തീരങ്ങൾ. മാർച്ച് 13-നും 20-നും ഇടയ്ക്ക് ഏതാണ്ട് 12,30,000 കടലാമകൾ കടലിൽനിന്നു കയറി വരികയും അവയിൽ ഏകദേശം 7,11,000 ആമകൾ മുട്ടയിടുകയും ചെയ്തു. എന്നാൽ ഏതാണ്ട് 28,000 ആമകൾ തീരത്തിനടുത്ത് കോരുവലകളിൽ കുടുങ്ങിയതിന്റെ ഫലമായി കൊല്ലപ്പെട്ടു. ഈ കടലാമകൾക്ക് പലതരത്തിലുള്ള ഭീഷണികൾ ഉണ്ട്. ആമമുട്ട തിന്നാനെത്തുന്ന കാട്ടുപന്നികളും നായ്ക്കളും, ഒരു വിശിഷ്ട ഭോജ്യമായി കരുതപ്പെടുന്ന കടലാമ മാംസം വിൽക്കാൻവേണ്ടി അവയെ അനധികൃതമായി വേട്ടയാടുന്നവർ, “കടലാമകൾ കുടുങ്ങുന്നത് തടയുന്നതിനുള്ള സജ്ജീകരണങ്ങൾ ഇല്ലാത്ത” വലകൾ ഘടിപ്പിച്ചിട്ടുള്ള മത്സ്യബന്ധന ബോട്ടുകൾ എന്നിവയാണ് അവ. (g00 12/22)
ചോറിട്ട കൈക്കു കടിക്കുന്നു
“തിമിംഗലങ്ങളെ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ പസിഫിക് സമുദ്രത്തിനു കുറുകെ, തനിയെ ഒരു ബോട്ടുയാത്രയിൽ ഏർപ്പെട്ടിരുന്ന കാലിഫോർണിയക്കാരനായ ഒരു നാവികന് രണ്ടു തിമിംഗലങ്ങളുമായി ഏറ്റുമുട്ടേണ്ടി വന്നതിനാൽ . . . യാത്ര തുടരാൻ സാധിച്ചില്ല” എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. സാൻഫ്രാൻസിസ്കോയിൽ നിന്ന് യാത്ര ആരംഭിച്ച നാവികനായ മൈക്കൾ റെപ്പി ജപ്പാനിലെ യോക്കോഹാമയിലേക്കുള്ള മാർഗമധ്യേ ആയിരുന്നു. തേസ്ഡേസ് ചൈൽഡ് എന്ന തന്റെ 18 മീറ്റർ നീളമുള്ള മത്സരബോട്ടിൽ സഞ്ചരിച്ച് റെക്കോർഡ് സമയം ഇട്ടുകൊണ്ട് “വേട്ടയാടപ്പെടുന്ന തിമിംഗലങ്ങളുടെ ദുരവസ്ഥയെ പരസ്യപ്പെടുത്തുക” എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ, യാത്ര തുടങ്ങിയ ദിവസം തന്നെ രണ്ടു തിമിംഗലങ്ങൾ അദ്ദേഹത്തിന്റെ ബോട്ട് “ഇടിച്ചു തെറിപ്പിച്ച”തിന്റെ ഫലമായി ബോട്ടിന്റെ ഗതി നിയന്ത്രിക്കുക ദുഷ്കരമായിത്തീർന്നു. ടൈംസ് പറയുന്നു: “കടന്നുപോയ തിമിംഗലങ്ങളിൽ ഒന്ന് ഇടിച്ചതിനാലാവാം, ചുക്കാന്റെ ചുവടുഭാഗം തകർന്നതായി അദ്ദേഹം കണ്ടെത്തി,” ടൈംസ് പറയുന്നു. അതിനു മുമ്പ് 1997-ൽ “സമുദ്രജീവികളുടെ ദുരവസ്ഥയിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുന്നതിനായി” നടത്തിയ ഒരു ശ്രമം, ടോക്കിയോയിൽ നിന്ന് ഏതാണ്ട് 500 കിലോമീറ്റർ പിന്നിട്ടപ്പോൾ ബോട്ട് മറിഞ്ഞതു നിമിത്തം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു. (g00 12/22)
മലേറിയയോടു പോരാടാൻ ഡിഡിറ്റി തിരിച്ചുവരുന്നു
“യൂറോപ്പിലും അമേരിക്കൻ ഐക്യനാടുകളിലും ഏതാണ്ട് 30 വർഷമായി നിരോധിച്ചിരിക്കുന്ന ഒരു കീടനാശിനിയായ ഡിഡിറ്റി, ലോകത്തിലെ ഏറ്റവും വലിയ കൊലയാളികളിൽ ഒന്നായ മലേറിയ പരത്തുന്ന കൊതുകുകളെ നശിപ്പിക്കുന്നതിൽ ഫലപ്രദം എന്നു തെളിഞ്ഞിരിക്കുന്നതിനാൽ ലോകവ്യാപകമായുള്ള നിരോധനത്തിൽനിന്ന് രക്ഷപ്പെടാൻ സാധ്യതയുണ്ട്,” ബിബിസി വൈൽഡ്ലൈഫ് എന്ന മാസിക റിപ്പോർട്ടു ചെയ്യുന്നു. “ജീവജാലങ്ങളെ പ്രതികൂലമായി ബാധിക്കുന്ന, ഉയർന്ന വിഷാംശമുള്ള ഒരു സംയുക്തമാണ് ഡിഡിറ്റി എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. എന്നുവരികിലും, ഒരു വർഷം 27 ലക്ഷം ആളുകളെ കൊന്നൊടുക്കുകയും 50 കോടി ആളുകളെ വിട്ടുമാറാത്ത രോഗത്തിന് അടിമകളാക്കുകയും ചെയ്യുന്ന മലേറിയയ്ക്ക് എതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളിൽ ഒന്നാണ് ഇത് എന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.” കാർഷികാവശ്യങ്ങൾക്ക് ഡിഡിറ്റി ഉപയോഗിക്കുന്നതിനെ നിരോധിച്ചുകൊണ്ടുള്ള നിയമത്തെ പിന്താങ്ങുമ്പോൾത്തന്നെ, സുരക്ഷിതവും ഫലപ്രദവുമായ മറ്റൊരു മാർഗം വികസിപ്പിച്ചെടുക്കുന്നതുവരെ മലേറിയ നിയന്ത്രിക്കുന്നതിനായി ഇത് ഉപയോഗിക്കാവുന്നതാണ് എന്നു ലോകാരോഗ്യ സംഘടന പറയുന്നു. (g00 12/22)