ജന്തുലോകത്തിലെ ശിശുപരിപാലനം
ജന്തുലോകത്തിലെ ശിശുപരിപാലനം
കെനിയയിലെ ഉണരുക! ലേഖകൻ
പച്ചപ്പരവതാനി വിരിച്ച വിശാലമായ ആഫ്രിക്കൻ സമതലം. അവിടെ ഉദയസൂര്യൻ ഒരു കുഞ്ഞിന്റെ ജനനത്തിനു സാക്ഷ്യം വഹിക്കുകയാണ്. കുഞ്ഞ് പിറന്നുവീഴുന്ന ഉടനെ അമ്മ അതീവ ശ്രദ്ധയോടെ, നനഞ്ഞ് മിനുമിനുത്ത തൊലിയോടുകൂടിയ തന്റെ പൊന്നോമനയെ എഴുന്നേറ്റു നിൽക്കാൻ സഹായിക്കുന്നു. നവാഗതനെ ഒന്നടുത്തു കാണാനും തൊടാനും മണക്കാനുമൊക്കെയായി മറ്റ് അമ്മമാരും ചേച്ചിമാരും ഓടിയെത്തുന്നു. വെറും 120 കിലോഗ്രാം തൂക്കവും 90 സെന്റിമീറ്ററിൽ താഴെ പൊക്കവുമുള്ള ആനക്കുട്ടി, ആനക്കൂട്ടത്തെയാകെ ആവേശം കൊള്ളിക്കുന്നു.
ഇനി, ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള അമേരിക്കകളിലെ ഒരു ദൃശ്യം. ഒരു മരക്കൊമ്പിൽ വിരലുറയോളം വലിപ്പമുള്ള ഇത്തിരിപ്പോന്ന ഒരു കൂട് പറ്റിപ്പിടിച്ച് ഇരിക്കുന്നു. ഇവിടെ, പ്രാണികളോളംമാത്രം വലിപ്പമുള്ള രണ്ടു തേനീച്ച മൂളിപ്പക്ഷികൾ തങ്ങളുടെ രണ്ടു കുഞ്ഞുങ്ങളെ വളർത്തുന്നു. അമ്പരിപ്പിക്കുന്ന വേഗത്തിൽ പറക്കാൻ കഴിവുള്ള വർണപ്പകിട്ടാർന്ന ഈ പക്ഷികൾ പേടിത്തൊണ്ടന്മാരാണെന്നു കരുതിയാൽ തെറ്റി. തങ്ങളുടെ കുഞ്ഞുങ്ങളുടെ അടുത്തു വരുന്നത് ആരായിരുന്നാലും ശരി—മനുഷ്യരോ വലിയ മൃഗങ്ങളോ ആയിക്കൊള്ളട്ടെ—ആ മൂളിപ്പക്ഷികൾ തുരത്തിയോടിക്കാൻ ശ്രമിക്കും.
മൃഗക്കുഞ്ഞുങ്ങൾ നമ്മെയെല്ലാം ആകർഷിക്കുന്നു. നായ്ക്കുട്ടികൾ കൊച്ചു കുട്ടികളെ ഉത്സാഹഭരിതരാക്കുന്നു. ഒരു പൂച്ചക്കുഞ്ഞിന്റെ വികൃതികളും തള്ളയുടെ രോമത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഒരു കുട്ടിക്കുരങ്ങന്റെ ഓമനത്തം തുളുമ്പുന്ന മുഖവും കൂട്ടിൽ സുരക്ഷിതമായിരുന്ന് ഉണ്ടക്കണ്ണുകൾ ഉരുട്ടി പുറത്തേക്കു നോക്കുന്ന മൂങ്ങക്കുഞ്ഞും ആരിലാണു കൗതുകം ഉണർത്താത്തത്?
മനുഷ്യക്കുഞ്ഞുങ്ങളുടെയത്ര നിസ്സഹായരല്ല മിക്കപ്പോഴും മൃഗക്കുഞ്ഞുങ്ങൾ. ചില മൃഗക്കുഞ്ഞുങ്ങളുടെ കാര്യത്തിൽ, അവയുടെ കുഞ്ഞിക്കാലുകൾ നിലത്തു തൊടേണ്ടതാമസം അവയ്ക്ക് എഴുന്നേറ്റ് ഓടാൻ കഴിയും. മറ്റു ചിലത് ‘സ്വന്തം കാലിൽ നിൽക്കാൻ’ തനിയെ പഠിക്കുന്നു. ആത്മരക്ഷയ്ക്കും നിലനിൽപ്പിനും അവയ്ക്കു മറ്റൊരു ആശ്രയവുമില്ല. എന്നാൽ, അനേകം മൃഗങ്ങളുടെയും പ്രാണികളുടെയും കുഞ്ഞുങ്ങളുടെ അതിജീവനം അവയുടെ അച്ഛനമ്മമാർ നൽകുന്ന
പരിപാലനത്തെ ആശ്രയിച്ചാണിരിക്കുന്നത്. തങ്ങളുടെ കുഞ്ഞുങ്ങളുമായി ദൃഢബന്ധമുള്ള ഈ അച്ഛനമ്മമാർ അവരെ തീറ്റിപ്പോറ്റുകയും പരിശീലിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.ആശ്ചര്യം ഉണർത്തുന്ന പരിപാലകർ
മിക്ക പ്രാണികളും മത്സ്യങ്ങളും ഉഭയജീവികളും ഉരഗങ്ങളും തങ്ങളുടെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ വലിയ താത്പര്യമൊന്നും കാണിക്കാറില്ല. എന്നാൽ, ഇതിന് ശ്രദ്ധേയമായ ചില അപവാദങ്ങളുണ്ട്. ആരിലും ഭീതിയുണർത്തുന്ന നൈൽ മുതലയാണ് അതിലൊന്ന്. ശീതരക്തമുള്ള ഈ ഉരഗം തന്റെ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന വിധം വിസ്മയാവഹമാണ്. ചൂടുള്ള മണലിൽ മുട്ടകൾ പൂഴ്ത്തിവെച്ച ശേഷം അവ അധികം ദൂരത്തേക്കൊന്നും പോകില്ല. തങ്ങളുടെ ഭാവി സന്താനങ്ങളെ തട്ടിയെടുക്കാൻ ആരെങ്കിലും വരുന്നുണ്ടോ എന്നറിയണ്ടേ? മുട്ടകൾ വിരിയാറാകുമ്പോൾ മുതലക്കുഞ്ഞുങ്ങൾ മുട്ടകൾക്കകത്തിരുന്ന് മുരളാൻ തുടങ്ങും. അപ്പോൾ അമ്മ വന്ന് മണലിനടിയിൽനിന്ന് അവ പുറത്തെടുക്കും. പിന്നീട് കുഞ്ഞുങ്ങൾ പുറത്തു വന്നു കഴിയുമ്പോൾ തള്ള തന്റെ ബലിഷ്ഠമായ താടിയെല്ലുകൾ ഉപയോഗിച്ച് അവയെ വളരെ ശ്രദ്ധയോടെ ജലാശയത്തിന്റെ അരികിലേക്കു കൊണ്ടുപോയി അവയുടെ ദേഹത്തുള്ള മണലെല്ലാം കഴുകിക്കളയും. ചിലപ്പോൾ ഈ ജോലി അച്ഛൻ മുതലകളും ഏറ്റെടുക്കുന്നതായി കണ്ടിട്ടുണ്ട്. കുറച്ചു ദിവസത്തേക്ക് ഈ കുഞ്ഞുങ്ങൾ താറാവിൻകുഞ്ഞുങ്ങളെപ്പോലെ വെള്ളത്തിൽ അമ്മയുടെ പുറകിൽനിന്ന് മാറുകയേയില്ല. അങ്ങനെ, തങ്ങളെ സംരക്ഷിക്കാനുള്ള അമ്മയുടെ അപാര ശക്തി അവ പ്രയോജനപ്പെടുത്തുന്നു.
അതിശയകരമെന്നു പറയട്ടെ, നല്ല അച്ഛനമ്മമാരുടെ ഗണത്തിൽ പെടുത്താവുന്ന മത്സ്യങ്ങളുമുണ്ട്. ശുദ്ധജല മത്സ്യമായ തിലാപ്പിയകളിൽ മിക്കവയും മുട്ടയിട്ടു കഴിഞ്ഞ് മുട്ടകൾ സ്വന്തം വായിൽ സൂക്ഷിക്കുന്നു. അപ്പോൾപ്പിന്നെ ശത്രുക്കൾ വന്ന് അവ മോഷ്ടിക്കുമെന്ന പേടി വേണ്ടല്ലോ. മുട്ട വിരിഞ്ഞ് പുറത്തു വരുന്ന കുഞ്ഞുങ്ങൾ വെള്ളത്തിൽ യഥേഷ്ടം നീന്തിത്തുടിക്കുമെങ്കിലും അച്ഛനമ്മമാരെ വിട്ട് ഏറെ ദൂരേക്കൊന്നും പോകില്ല. എന്തെങ്കിലും ആപത്സൂചനയുണ്ടായാൽ കുഞ്ഞുങ്ങൾക്ക് ഓടിയൊളിക്കാനായി അച്ഛനോ അമ്മയോ വായ് മലർക്കെ തുറക്കും. അപകട ഭീഷണി ഒഴിയുമ്പോൾ കുഞ്ഞുങ്ങൾ വീണ്ടും പുറത്തു വന്ന് തങ്ങളുടെ സാധാരണ പ്രവർത്തനത്തിൽ ഏർപ്പെടുകയായി.
കുഞ്ഞുങ്ങളെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നവരാണ് ഉറുമ്പുകളും ഈച്ചകളും ചിതലുകളും. സമൂഹ പ്രാണികൾ എന്നറിയപ്പെടുന്ന ഇവ കോളനികളിലാണു കഴിയുന്നത്. മുട്ടകൾ സൂക്ഷിക്കുന്നതിനായി ഇവ പ്രത്യേകം അറകൾ ഉണ്ടാക്കുകയും കുഞ്ഞുങ്ങൾക്ക് തീറ്റ തേടിക്കൊടുക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് തേനീച്ചയുടെ കാര്യം പരിചിന്തിക്കുക. ഒരു തേനീച്ചക്കൂട്ടിലെ കുഞ്ഞുങ്ങളുടെ പരിപാലനം കഠിനാധ്വാനികളായ ആയിരക്കണക്കിന് തേനീച്ചകളുടെ കൂട്ടായ ചുമതലയാണ്. കുഞ്ഞുങ്ങൾക്കായി അറകൾ പണിയാനും അവയുടെ കേടുപോക്കാനും അവ വൃത്തിയാക്കാനും എന്തിന്, അവയിലെ താപനിലയും ഈർപ്പവും നിയന്ത്രിക്കാനും വരെ സഹജജ്ഞാനം ഈ തേനീച്ചകളെ പ്രാപ്തരാക്കുന്നു.
പറവകളുടെ ശിശുപരിപാലനം
മിക്ക പക്ഷികളും വളരെ നല്ല അച്ഛനമ്മമാരാണ്. കൂടുവെക്കാനുള്ള സ്ഥലം കണ്ടെത്തുന്നതിനും കൂട് ഉണ്ടാക്കുന്നതിനും കുഞ്ഞുങ്ങളെ വളർത്തുന്നതിനും വേണ്ടി അവ വളരെയധികം സമയവും ശ്രമവും ചെലവഴിക്കുന്നു. ഒരു ആൺ ആഫ്രിക്കൻ വേഴാമ്പൽ തന്റെ ഇണ മുട്ടകൾക്ക് അടയിരുന്ന 120 ദിവസത്തിനിടയിൽ 1,600 തവണയാണ് കൂട്ടിലേക്കു പോയിവന്നത്; 24,000-ത്തോളം പഴക്കഷണങ്ങൾ അവൻ തന്റെ ഇണയ്ക്ക് കൊണ്ടുവന്നു കൊടുത്തു!
കുഞ്ഞുങ്ങളെ നോക്കുന്നതിൽ ആശ്രയയോഗ്യരായ മറ്റു പക്ഷികളാണ് വാണ്ടറിംഗ് ആൽബട്രോസുകൾ. ഒരു പക്ഷി ഭക്ഷണം തേടി ആയിരക്കണക്കിനു കിലോമീറ്റർ ദൂരത്തേക്കു പറക്കുമ്പോൾ അതു മടങ്ങി വരുന്നതും കാത്ത് വിശ്വസ്ത ഇണ ക്ഷമയോടെ കൂട്ടിൽ കഴിയും.
മരുഭൂമിയിലെ ചില പക്ഷികൾക്ക് തങ്ങളുടെ കുഞ്ഞുങ്ങളുടെ ദാഹമകറ്റാൻ ഫലപ്രദമായ ഒരു മാർഗമുണ്ട്. വെള്ളമുള്ള ഒരു കുഴിയുടെ അടുത്തു ചെന്ന് അവ തങ്ങളുടെ മാറിടത്തിലെ തൂവലുകൾ വെള്ളത്തിൽ മുക്കിയിട്ട് തിരിച്ചു കൂട്ടിലേക്കു പറക്കുന്നു. അവയുടെ നനഞ്ഞ തൂവലുകളിൽ നിന്നുള്ള വെള്ളമാണു കുഞ്ഞുങ്ങൾ കുടിക്കുന്നത്.
കുഞ്ഞുങ്ങളെയെല്ലാം തീറ്റിപ്പോറ്റുന്ന ജോലി സ്വന്തം ‘കൊക്കിലൊതുങ്ങാതെ വരുമ്പോൾ’ ചില പക്ഷികൾ അതിന് മറ്റു പക്ഷികളുടെ സഹായം തേടാറുണ്ട്. പലപ്പോഴും അവയുടെതന്നെ മുതിർന്ന സന്താനങ്ങളാണ് തങ്ങളുടെ കൊച്ചനുജന്മാരെയും അനുജത്തിമാരെയും തീറ്റിപ്പോറ്റുന്നതിനും സംരക്ഷിക്കുന്നതിനും സന്നദ്ധരായി മുന്നോട്ടു വരിക.
ശിശു സംരക്ഷണം
പക്ഷിക്കുഞ്ഞുങ്ങളുടെ സംരക്ഷണവും ഒരു മുഴുസമയ ജോലിയാണ്. മഴ പെയ്യുമ്പോൾ പക്ഷികൾ മിക്കപ്പോഴും തങ്ങളുടെ ചിറകു വിരിച്ച് കൂടു മറയ്ക്കും. അകത്തുള്ള കുഞ്ഞുങ്ങളെ മഴയിൽനിന്നും തണുപ്പിൽനിന്നും സംരക്ഷിക്കുന്നതിനാണ് ഇത്. വീടുനോക്കുന്ന കാര്യത്തിൽ ബഹുമിടുക്കരാണ് സ്റ്റാർളിങ് പക്ഷികൾ. തങ്ങളുടെ കൂടുകളെ പേനിൽനിന്നും ചെള്ളിൽനിന്നും സംരക്ഷിക്കുന്നതിന്, സമർഥരായ ഈ പക്ഷികൾ ചില വിഷച്ചെടികളുടെ ഭാഗങ്ങൾ ശേഖരിച്ച് കൂട്ടിനകത്തും അതിനു ചുറ്റുമൊക്കെയായി നിക്ഷേപിക്കുന്നു. പിന്നെ പ്രാണികളൊന്നും അതിന്റെ അടുത്തേക്കു ചെല്ലാൻ ധൈര്യപ്പെടില്ല. ചെന്നാൽ അവയുടെ കഥ കഴിഞ്ഞതുതന്നെ!
പെൺ വുഡ്കോക്ക് പക്ഷി തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനു പല മാർഗങ്ങളും അവലംബിക്കാറുണ്ട്. ഭീഷണിയുണ്ടാകുമ്പോൾ അവൾ തന്റെ കുഞ്ഞിനെ കാലുകൾക്കിടയിൽ ശരീരത്തോടു ചേർത്തു പിടിച്ച് സുരക്ഷിതമായ ഒരു സ്ഥാനത്തേക്കു പറന്നുപോകും. ചില പക്ഷികൾക്ക് അപാര ധൈര്യമാണ്. കൗശലക്കാരായ അവർ കുഞ്ഞുങ്ങളിൽനിന്നു ശത്രുവിന്റെ ശ്രദ്ധ തിരിക്കുന്നതിന് തങ്ങൾക്കു പരിക്കു പറ്റിയതായി അഭിനയിക്കുന്നു. പരിക്കു പറ്റിയതുപോലെ നിലത്തു ചിറകിട്ടടിച്ചുകൊണ്ട് തള്ളപ്പക്ഷി ശത്രുവിനെ കൂട്ടിൽനിന്നു ദൂരേക്കു കൊണ്ടുപോകുന്നു. ഭീഷണി മാറിയെന്ന് ഉറപ്പാകുമ്പോൾ അവൾ അഭിനയം നിറുത്തി പറന്നു പോകും. നിലത്തു കൂട് കൂട്ടുന്ന പക്ഷികൾ ഇരപിടിയന്മാരെ വിരട്ടിയോടിക്കാൻ ചില ശബ്ദവിദ്യകൾ പ്രയോഗിക്കാറുണ്ട്. വടക്കേ അമേരിക്കയിലെ ബറോയിങ് മൂങ്ങയാണ് ഒരു ഉദാഹരണം. ആരെങ്കിലും അതിന്റെ പൊത്തിന് അടുത്തേക്കു ചെന്നാൽ അതു പാമ്പു ചീറ്റുന്നതുപോലുള്ള ശബ്ദം പുറപ്പെടുവിക്കും. വടക്കേ അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാർ വിശ്വസിച്ചിരുന്നത് കിലുക്കപ്പാമ്പുകളും ഈ മൂങ്ങകളും ഒരേ പൊത്തിലാണു താമസിക്കുന്നത് എന്നാണ്. അതുകൊണ്ട് ആരും പൊത്തിന്റെ അടുത്തേക്കുപോലും പോകുമായിരുന്നില്ല!
മാതൃവാത്സല്യം—സസ്തനികളിൽ
ജന്തുലോകത്തിൽ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കാര്യത്തിൽ ഒന്നാം സ്ഥാനം സസ്തനികൾക്കാണ്. പിടിയാനകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്കുവേണ്ടി തങ്ങളെത്തന്നെ ഉഴിഞ്ഞുവെക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള അടുത്ത ബന്ധം 50 വർഷം വരെ നീണ്ടുനിന്നേക്കാം. കുട്ടിയാന എന്തിനും ഏതിനും തന്റെ അമ്മയെ ആശ്രയിക്കുന്നു. അമ്മ കുഞ്ഞിനെ ആർദ്രതയോടെ മുലയൂട്ടുകയും തന്റെ വലിയ ശരീരം കൊണ്ട് ചുട്ടുപൊള്ളുന്ന വെയിലിൽനിന്ന് അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു. കുഞ്ഞുതുമ്പിക്കൈ നീട്ടി തന്റെ വായിൽനിന്ന് ഇലകൾ പറിച്ച് തിന്നാനും അവൾ അതിനെ അനുവദിക്കുന്നു. അവൾ പതിവായി കുഞ്ഞിന്റെ മേൽ വെള്ളം ചീറ്റുകയും തുമ്പിക്കൈകൊണ്ട് അതിനെ തേച്ചുകുളിപ്പിക്കുകയും ചെയ്യുന്നു. ആനക്കുട്ടിയെ പരിപാലിക്കുക എന്നത് ഒരു കുടുംബപദ്ധതിയാണ്. കുഞ്ഞുങ്ങളെ തീറ്റുകയും പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിൽ ആനക്കൂട്ടത്തിലെ എല്ലാ പിടിയാനകളും സുപ്രധാന പങ്കു വഹിക്കുന്നു.
ഇനി, മറ്റൊരു വലിയ സസ്തനിയായ ഹിപ്പോപ്പൊട്ടാമസിന്റെ കാര്യമെടുക്കാം. അതു ചിലപ്പോൾ വെള്ളത്തിനടിയിലാണു പ്രസവിക്കുക. വെള്ളത്തിൽ മുങ്ങിക്കിടന്നുകൊണ്ട് പാലു കുടിക്കാൻ കൊച്ചു ഹിപ്പോയ്ക്ക് ഒരു പ്രയാസവുമില്ല. ഇടയ്ക്ക് മുകളിലോട്ടു പൊങ്ങി വായു ശ്വസിച്ചിട്ട് അതു വെള്ളത്തിനടിയിൽ പോയി വീണ്ടും പാലുകുടിക്കാൻ തുടങ്ങും. കുഞ്ഞിന്റെ അടുത്തു ചെല്ലുന്ന എന്തിനെയും തള്ള ആക്രമിച്ചുകളയും.
വെർവെറ്റ് കുരങ്ങന്മാരും തങ്ങളുടെ കുഞ്ഞുങ്ങളെ വളരെ നന്നായി നോക്കുന്നു. പ്രസവിച്ചശേഷം ആദ്യത്തെ ഏതാനും മണിക്കൂറുകൾ തള്ളക്കുരങ്ങ് ഒരു കൈയെങ്കിലും കുഞ്ഞിന്റെ കഴുത്തിലോ തോളത്തോ ഇട്ട് അതിനെ തന്നോടു ചേർത്തു പിടിക്കും. ആദ്യത്തെ ആഴ്ച കുഞ്ഞ് മുഴു സമയവുംതന്നെ അമ്മയുടെ രോമത്തിൽ അള്ളിപ്പിടിച്ചിരിക്കും. തന്റെ പൊന്നോമനയെ കയ്യിലെടുത്ത് പുണരാനും അതിന്റെയൊപ്പം കളിക്കാനും അതിന്റെ രോമം വൃത്തിയാക്കാനും കോതിയൊതുക്കാനുമൊക്കെ അമ്മ മറ്റു പെൺകുരങ്ങുകളെ അനുവദിച്ചേക്കാം.
തങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിൽ പല ജീവികളും അസാമാന്യ പാടവം പ്രകടിപ്പിക്കുന്നു. ‘സഹജജ്ഞാന’മാണ് അവയെ അതിനു പ്രാപ്തമാക്കുന്നത്. (സദൃശവാക്യങ്ങൾ 30:24-28, NW) സാഹചര്യം മനസ്സിലാക്കി ബുദ്ധിപൂർവം അതിനോടു പ്രതികരിക്കാനുള്ള കഴിവ് അവയ്ക്കു യാദൃച്ഛികമായി ലഭിച്ചതല്ല. പിന്നെയോ, അതു ബുദ്ധിപൂർവകമായ രൂപകൽപ്പനയുടെ ഫലമാണ്. അതേ, സകലത്തിന്റെയും സ്രഷ്ടാവായ യഹോവയാം ദൈവത്താലുള്ള അത്ഭുതകരമായ രൂപകൽപ്പനയുടെ ഫലംതന്നെ.—സങ്കീർത്തനം 104:24. (g01 1/22)
[23-ാം പേജിലെ ചിത്രം]
മൂങ്ങക്കുഞ്ഞുങ്ങൾ
[24-ാം പേജിലെ ചിത്രം]
തിലാപ്പിയകൾ മുട്ടകൾ സ്വന്തം വായിൽ സൂക്ഷിക്കുന്നു
[കടപ്പാട്]
Courtesy LSU Agricultural Center
[24-ാം പേജിലെ ചിത്രങ്ങൾ]
കുഞ്ഞിനെ വായ്ക്കകത്തു വെച്ചു കൊണ്ടുപോകുന്ന മുതല
[കടപ്പാട്]
© Adam Britton, http://crocodilian.com
[25-ാം പേജിലെ ചിത്രം]
ആൽബട്രോസ് പക്ഷിയും കുഞ്ഞും
[25-ാം പേജിലെ ചിത്രം]
വേഴാമ്പൽ
[25-ാം പേജിലെ ചിത്രം]
സ്റ്റാർളിങ്
[25-ാം പേജിലെ ചിത്രം]
വുഡ്കോക്ക്
[26-ാം പേജിലെ ചിത്രം]
കുഞ്ഞിന്റെ അടുത്തു ചെല്ലുന്ന എന്തിനെയും തള്ള ഹിപ്പോ ആക്രമിച്ചുകളയും
[കടപ്പാട്]
© Joe McDonald
[26-ാം പേജിലെ ചിത്രം]
ബബൂൺ തള്ളക്കുരങ്ങുകൾ തങ്ങളുടെ കുഞ്ഞുങ്ങളുടെ രോമം വൃത്തിയാക്കുകയും കോതിയൊതുക്കുകയുമൊക്കെ ചെയ്യുന്നു
[26-ാം പേജിലെ ചിത്രം]
വെർവെറ്റ് കുരങ്ങന്മാർ
[കടപ്പാട്]
© Joe McDonald