ദൈവം എത്രമാത്രം സഹിഷ്ണുത ഉള്ളവനാണ്?
ബൈബിളിന്റെ വീക്ഷണം
ദൈവം എത്രമാത്രം സഹിഷ്ണുത ഉള്ളവനാണ്?
“എന്നാൽ ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും . . . ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു.”—റോമർ 9:22, 24.
ചരിത്രത്തിലുടനീളം ദൈവം വളരെയധികം തിന്മയും ദുഷ്ടതയും സഹിച്ചിട്ടുണ്ട്. 3,000-ത്തിലധികം വർഷങ്ങൾക്കു മുമ്പ് ഇയ്യോബ് ഇങ്ങനെ വിലപിച്ചു: “ദുഷ്ടന്മാർ ജീവിച്ചിരുന്നു വാർദ്ധക്യം പ്രാപിക്കയും അവർക്കു ബലം വർദ്ധിക്കയും ചെയ്യുന്നതു എന്തു? അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും അവരുടെ വംശം അവർ കാൺകയും ഉറെച്ചു നില്ക്കുന്നു. അവരുടെ വീടുകൾ ഭയം കൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്റെ വടി അവരുടെമേൽ വരുന്നതുമില്ല.” (ഇയ്യോബ് 21:7-9) യിരെമ്യാ പ്രവാചകനെ പോലെ, നീതിയെ സ്നേഹിച്ച മറ്റുള്ളവരും ദൈവം പ്രത്യക്ഷത്തിൽ ദുഷ്ടരോടു സഹിഷ്ണുത കാട്ടിയതിനെ പ്രതി ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്.—യിരെമ്യാവു 12:1, 2.
നിങ്ങൾ എന്തു വിചാരിക്കുന്നു? ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നു എന്നത് നിങ്ങളെ അന്ധാളിപ്പിക്കുന്നുണ്ടോ? ദൈവം വേഗത്തിൽ നടപടിയെടുത്ത് സകല ദുഷ്ടന്മാരെയും സത്വരം നശിപ്പിക്കേണ്ടതാണെന്ന് ചിലപ്പോഴൊക്കെ നിങ്ങൾക്കു തോന്നാറുണ്ടോ? ദൈവത്തിന്റെ സഹിഷ്ണുതയുടെ പരിധിയെയും അവൻ സഹിഷ്ണുത കാണിക്കുന്നതിന്റെ കാരണങ്ങളെയും കുറിച്ച് ബൈബിളിനു പറയാനുള്ളതു പരിചിന്തിക്കുക.
ദൈവം സഹിഷ്ണുത കാട്ടുന്നത് എന്തുകൊണ്ട്?
ഒന്നാമത് നാം ഇപ്രകാരം ചോദിക്കണം: നീതി സംബന്ധിച്ച ഏറ്റവും ഉയർന്ന മാനദണ്ഡങ്ങളുള്ള ദൈവം എന്തുകൊണ്ടാണ് തിന്മ സഹിക്കുന്നത്? (ആവർത്തനപുസ്തകം 32:4; ഹബക്കൂക് 1:13, 14) അതിന്റെ അർഥം അവൻ തിന്മയുടെ നേർക്കു കണ്ണടയ്ക്കുന്നു എന്നാണോ? തീർച്ചയായും അല്ല! പിൻവരുന്ന ദൃഷ്ടാന്തം പരിചിന്തിക്കുക: ഒരു ശസ്ത്രക്രിയാ വിദഗ്ധൻ ശുചിത്വം സംബന്ധിച്ച അടിസ്ഥാന തത്ത്വങ്ങൾ ലംഘിക്കുകയും രോഗികൾക്കു കടുത്ത വേദന ഉളവാക്കുകയും ചെയ്യുന്നുവെന്നു കരുതുക. ആശുപത്രി അധികൃതർ ഉടൻ അദ്ദേഹത്തെ നീക്കം ചെയ്യുകയില്ലേ? എന്നാൽ അസാധാരണ സഹിഷ്ണുത ആവശ്യമായിരിക്കുന്ന ചില സാഹചര്യങ്ങൾ ഉണ്ടായിരുന്നേക്കാം. അങ്ങേയറ്റം അടിയന്തിരമായ ചില സാഹചര്യങ്ങളിൽ, ഉദാഹരണത്തിന് ഒരു യുദ്ധമുഖത്തുവെച്ച്, താണതരം വസ്തുക്കളും ശസ്ത്രക്രിയാ ഉപകരണങ്ങളും ഉപയോഗിച്ച്, അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും അപകടം പിടിച്ചതുമായ അവസ്ഥകളിൽ ശസ്ത്രക്രിയാ വിദഗ്ധർ പ്രവർത്തിക്കുമ്പോൾ ആരെങ്കിലും അവരെ പഴി പറയുമോ?
സമാനമായ ഒരു വിധത്തിൽ, തനിക്കു തീർത്തും അസ്വീകാര്യമായ പല സംഗതികളും ദൈവം ഇന്നു ക്ഷമാപൂർവം സഹിക്കുകയാണ്. അവൻ ദുഷ്ടത വെറുക്കുന്നെങ്കിലും, അതു തുടരാൻ അവൻ താത്കാലികമായി അനുവദിച്ചിരിക്കുന്നു. അവൻ അങ്ങനെ ചെയ്യുന്നതിനു നല്ല കാരണങ്ങളുണ്ട്. ഒരു സംഗതി, ഏദെൻ തോട്ടത്തിലെ സാത്താന്റെ മത്സരഫലമായി ഉണ്ടായ നിർണായക വിവാദ വിഷയങ്ങൾക്ക് എന്നെന്നേക്കുമായി തീർപ്പു കൽപ്പിക്കാനുള്ള സമയം ഇതുമൂലം ലഭ്യമാകുന്നു. ദൈവത്തിന്റെ ഭരണവിധത്തിന്റെ ഔചിത്യത്തോടും ന്യായയുക്തതയോടും ബന്ധപ്പെട്ടവയാണ് ഈ വിവാദവിഷയങ്ങൾ. മാത്രമല്ല, ദൈവം ക്ഷമാപൂർവം തെറ്റു സഹിക്കുന്നത് അതിൽ ഉൾപ്പെട്ടിരിക്കുന്നവർക്കു മാറ്റം വരുത്താനുള്ള സമയവും അവസരവും പ്രദാനം ചെയ്യുന്നു.
കരുണയും ക്ഷമയും ഉള്ള ദൈവം
ദൈവത്തിനെതിരെയുള്ള മത്സരത്തിൽ, നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമും ഹവ്വായും സാത്താനോടു ചേർന്നു. ദൈവത്തിന് ന്യായമായും അവരെ അപ്പോൾത്തന്നെ നശിപ്പിക്കാൻ കഴിയുമായിരുന്നു. പകരം അവൻ അവരോടു കരുണയും ക്ഷമയും കാട്ടുകയും അവർക്കു കുട്ടികൾ ഉണ്ടാകാൻ സ്നേഹപൂർവം അനുവദിക്കുകയും ചെയ്തു. എന്നാൽ, അവരുടെ ഈ കുട്ടികളും അവരിൽനിന്ന് ഉണ്ടായ മുഴുമനുഷ്യവർഗവും പാപപൂർണമായ അവസ്ഥയിലാണു ജനിച്ചത്.—റോമർ 5:12; 8:20-22.
മനുഷ്യനെ അവന്റെ ദാരുണാവസ്ഥയിൽനിന്നു രക്ഷിക്കാൻ ഉല്പത്തി 3:15) അതിനിടെ, ആദാമിൽനിന്നു പാരമ്പര്യമായി ലഭിച്ച അപൂർണത നമ്മെ എങ്ങനെ ബാധിക്കുന്നു എന്ന് അവനു നന്നായി അറിയാവുന്നതുകൊണ്ട് അവൻ നമ്മോട് അങ്ങേയറ്റത്തെ ക്ഷമയും കരുണയും പ്രകടമാക്കുന്നു. (സങ്കീർത്തനം 51:5; 103:13) അവൻ “മഹാദയ” ഉള്ളവനും “ധാരാളം ക്ഷമിക്കു”ന്നവനും ആണ്.—സങ്കീർത്തനം 86:5, 15; യെശയ്യാവു 55:6, 7.
ദൈവം ഉദ്ദേശിച്ചു. (ദൈവത്തിന്റെ സഹിഷ്ണുതയ്ക്കുള്ള പരിധികൾ
എന്നാൽ, ദുഷ്പ്രവൃത്തി എക്കാലവും തുടരാൻ ദൈവം അനുവദിക്കുന്നെങ്കിൽ അതു സ്നേഹശൂന്യവും ന്യായരഹിതവും ആയിരിക്കും. മറ്റു കുടുംബാംഗങ്ങളുടെമേൽ മനഃപൂർവം വേദന വരുത്തിവെക്കുന്നതിൽ തുടരുന്ന ഒരു കുട്ടിയുടെ തിന്മയെ സ്നേഹവാനായ ഒരു പിതാവും അനന്തമായി ക്ഷമിക്കുകയില്ല. അതുകൊണ്ട്, പാപത്തിന്റെ കാര്യത്തിൽ ദൈവം പ്രകടമാക്കുന്ന ക്ഷമ എല്ലായ്പോഴും സ്നേഹം, ജ്ഞാനം, നീതി എന്നിങ്ങനെയുള്ള മറ്റു ഗുണങ്ങളാൽ സമനിലയിൽ ആക്കപ്പെട്ടത് ആയിരിക്കും. (പുറപ്പാടു 34:6, 7) ദൈവത്തിന്റെ ദീർഘക്ഷമയുടെ ഉദ്ദേശ്യം പൂർത്തിയായി കഴിഞ്ഞാൽ, തിന്മ സംബന്ധിച്ച അവന്റെ സഹിഷ്ണുത അവസാനിക്കും.—റോമർ 9:22, 24.
പൗലൊസ് അപ്പൊസ്തലൻ അതു വ്യക്തമായി സൂചിപ്പിച്ചു. ‘കഴിഞ്ഞ കാലങ്ങളിൽ [ദൈവം] സകലജാതികളെയും സ്വന്ത വഴികളിൽ നടപ്പാൻ സമ്മതിച്ചു’ എന്ന് ഒരവസരത്തിൽ അവൻ പറഞ്ഞു. (പ്രവൃത്തികൾ 14:16) ദൈവത്തിന്റെ നിയമങ്ങളോടും തത്ത്വങ്ങളോടും അനുസരണക്കേടു കാട്ടിയ ജനത്തിന്റെ ‘അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കിയില്ല’ അഥവാ കണക്കിലെടുത്തില്ല എന്ന് മറ്റൊരു അവസരത്തിൽ പൗലൊസ് പറയുകയുണ്ടായി. ‘ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു [ദൈവം] മനുഷ്യരോടു കല്പിക്കുകയാണ്’ എന്ന് അവൻ തുടർന്നു വ്യക്തമാക്കി. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ‘ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചിരിക്കുന്നു.’—പ്രവൃത്തികൾ 17:30, 31.
ദൈവത്തിന്റെ സഹിഷ്ണുതയിൽനിന്ന് ഇപ്പോൾ പ്രയോജനം നേടുക
അപ്പോൾ തീർച്ചയായും, ദൈവത്തിന്റെ നിയമങ്ങൾ അവഗണിക്കാമെന്നും തന്റെ പ്രവൃത്തികളുടെ പരിണതഫലങ്ങളിൽ നിന്നു രക്ഷപ്പെടാൻ ആഗ്രഹിക്കുമ്പോൾ ക്ഷമയ്ക്കായി വെറുതെയങ്ങ് അപേക്ഷിച്ചാൽ മതിയെന്നും ആരും വിചാരിക്കരുത്. (യോശുവ 24:19) തങ്ങൾക്ക് അങ്ങനെ ചെയ്യാൻ കഴിയുമെന്ന് പുരാതന ഇസ്രായേലിലെ പലരും കരുതി. അവർ ആ ചിന്താഗതിക്കു മാറ്റം വരുത്താൻ വിസമ്മതിച്ചു. ദൈവം സഹിഷ്ണുതയും ക്ഷമയും കാട്ടുന്നതിന്റെ ഉദ്ദേശ്യം കാണാൻ അവർ പരാജയപ്പെട്ടു. ദൈവം എക്കാലവും അവരുടെ ദുഷ്ടത ക്ഷമിച്ചില്ല.—യെശയ്യാവു 1:16-20.
ദൈവത്തിന്റെ അന്തിമ ന്യായവിധിയിൽനിന്നു രക്ഷപ്പെടുന്നതിന് ഒരുവൻ ‘മാനസാന്തരപ്പെടണം,’ അതായത് ദൈവമുമ്പാകെയുള്ള തന്റെ അപൂർണവും പാപപങ്കിലവുമായ അവസ്ഥ അനുതാപപൂർവം അംഗീകരിച്ചുകൊണ്ട് തെറ്റായ മാർഗത്തിൽനിന്നു യഥാർഥമായി പിന്തിരിയണം എന്നു ബൈബിൾ കാണിക്കുന്നു. (പ്രവൃത്തികൾ 3:19-21) അപ്പോൾ ക്രിസ്തുവിന്റെ മറുവില യാഗത്തിന്റെ അടിസ്ഥാനത്തിൽ യഹോവ ക്ഷമിക്കും. (പ്രവൃത്തികൾ 2:38; എഫെസ്യർ 1:6, 7) തന്റെ തക്കസമയത്ത് ദൈവം ആദാമ്യ പാപത്തിന്റെ സകല ദുഃഖഫലങ്ങളും ഇല്ലാതാക്കും. “നാശയോഗ്യമായ കോപപാത്രങ്ങ”ളോടു മേലാൽ അവൻ സഹിഷ്ണുത കാണിക്കുകയില്ലാത്ത ഒരു “പുതിയ ആകാശവും പുതിയ ഭൂമിയും” സ്ഥാപിക്കപ്പെടും. (റോമർ 9:24; വെളിപ്പാടു 21:1-5) ദൈവത്തിന്റെ, പരിധിയുള്ളതെങ്കിലും അസാധാരണമായ സഹിഷ്ണുതയുടെ എത്ര അത്ഭുതകരമായ ഫലം! (g01 10/8)
[17-ാം പേജിലെ ചിത്രം]
ആദാമിനും ഹവ്വായ്ക്കും മക്കൾ ഉണ്ടാകാൻ ദൈവം അനുവദിച്ചു