രോഷത്തിന്റെ യുഗം എന്താണ് അതിനു പിന്നിൽ?
രോഷത്തിന്റെ യുഗം എന്താണ് അതിനു പിന്നിൽ?
ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലുള്ള ഒരു ബാറിൽ ഒരാൾ വെടിയേറ്റു മരിക്കുന്നു. കാരണം? അയാൾ തന്റെ കാസെറ്റ് പ്ലെയറിൽ സംഗീതം ഉച്ചത്തിൽ വെച്ചതിൽ രോഷാകുലനായ ഒരു വ്യക്തി അയാൾക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലുള്ള ഒരു ജങ്ഷനിൽവെച്ച് ഒരു ഡ്രൈവർ ഹോക്കിസ്റ്റിക്കുകൊണ്ടുള്ള അടിയേറ്റു മരിക്കുന്നു. അയാളുടെ വാഹനത്തിന്റെ ഹെഡ്ലൈറ്റിൽനിന്നുള്ള പ്രകാശം കണ്ണിലടിക്കാൻ ഇടയായതാണ് അക്രമിയെ പ്രകോപിപ്പിച്ചത്. ഓസ്ട്രേലിയയിൽ താമസമാക്കിയ ഒരു ബ്രിട്ടീഷ് നഴ്സിന്റെ വസതിയുടെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കടന്ന മുൻ കാമുകൻ അവരുടെ മേൽ പെട്രോൾ ഒഴിച്ചു തീവെച്ചതിനു ശേഷം സ്ഥലം വിടുന്നു.
റോഡിലും വീട്ടിലും വിമാനത്തിലുമൊക്കെ പ്രകടമാകുന്ന രോഷത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഊതി വീർപ്പിച്ചവയാണോ? അതോ ഒരു കെട്ടിടത്തിന്റെ ചുവരിൽ കാണുന്ന വിള്ളലുകൾ പോലെ അവ ഗുരുതരമായ ഒരു അടിസ്ഥാന പ്രശ്നത്തിന്റെ ദൃശ്യ സൂചനകളാണോ? രണ്ടാമതു പറഞ്ഞതാണു ശരിയെന്നു വസ്തുതകൾ സൂചിപ്പിക്കുന്നു.
“ഡ്രൈവർമാർക്കിടയിലെ അക്രമം സംബന്ധിച്ച റിപ്പോർട്ടുകളിൽ 1990 മുതൽ ഓരോ വർഷവും 7 ശതമാനത്തോളം വർധന ഉണ്ടായിട്ടുണ്ട്” എന്ന് ഗതാഗത സുരക്ഷയ്ക്കായുള്ള അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ (എഎഎ) ഫൗണ്ടേഷന്റെ ഒരു സമീപകാല റിപ്പോർട്ടിൽ പറയുന്നു.
വീടുകളിലെ അക്രമം വളരെ വ്യാപകമാണ്. ഉദാഹരണത്തിന് 1998-ൽ, ഓസ്ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിൽ വീട്ടിലെ അക്രമം ഉൾപ്പെട്ട പോലീസ് കേസുകളിൽ 50 ശതമാനം വർധന ഉണ്ടായി. ആ രാജ്യത്ത്, വിവാഹിതരായ അല്ലെങ്കിൽ വിവാഹം കഴിക്കാതെ ഒരു പുരുഷനോടൊപ്പം താമസിക്കുന്ന സ്ത്രീകളിൽ നാലിൽ ഒരാൾ വീതം തന്റെ ഇണയിൽ നിന്നുള്ള അക്രമത്തിന് ഇരയായിട്ടുണ്ട്.
വ്യോമയാത്രയിലും സമാനമായ സ്ഥിതിവിശേഷമാണുള്ളത്. വിമാന യാത്രക്കാർ പെട്ടെന്ന് രോഷാകുലരായി വിമാന ജോലിക്കാരെയും സഹയാത്രികരെയും, പൈലറ്റുമാരെത്തന്നെയും ആക്രമിക്കാനുള്ള സാധ്യതയുള്ളതിനാൽ ഇപ്പോൾ ലോകത്തിലെ ചില പ്രമുഖ വിമാന കമ്പനികൾ തങ്ങളുടെ ജോലിക്കാർക്ക് അത്തരം അക്രമികളെ സീറ്റിനോടു ചേർത്തു ബന്ധിക്കുന്നതിനു വേണ്ടി പ്രത്യേകം രൂപസംവിധാനം ചെയ്ത സാമഗ്രികൾ പ്രദാനം ചെയ്യുന്നു.
കൂടുതൽ കൂടുതൽ ആളുകൾക്കു തങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വരുന്നത് എന്തുകൊണ്ടാണ്? ഈ രോഷപ്രകടനങ്ങളിലേക്കു നയിക്കുന്നത് എന്താണ്? ഈ വികാരങ്ങളെ നിയന്ത്രിക്കുക യഥാർഥത്തിൽ സാധ്യമാണോ?
രോഷം വർധിക്കുന്നതിനുള്ള കാരണം
രോഷാകുലരാകുക എന്നാൽ ഉഗ്രകോപം തോന്നുകയോ പ്രകടിപ്പിക്കുകയോ ചെയ്യുക എന്നാണർഥം. ഉഗ്രമായി പൊട്ടിത്തെറിക്കുന്നതു വരെ കോപം ഉള്ളിൽ പതഞ്ഞുപൊങ്ങാൻ അനുവദിക്കുന്നതിന്റെ ഫലമാണ് രോഷപ്രകടനങ്ങൾ. “റോഡിലെ അക്രമം മിക്കപ്പോഴും ഒരൊറ്റ സംഭവത്തിന്റെ ഫലമല്ല. മറിച്ച് അവ ഒരു ഡ്രൈവറുടെ വ്യക്തിപരമായ മനോഭാവങ്ങളുടെയും അയാളുടെമേൽ കുന്നുകൂടുന്ന സമ്മർദത്തിന്റെയും ഫലമായിരിക്കുന്നതായി കാണപ്പെടുന്നു” എന്ന് ഗതാഗത സുരക്ഷയ്ക്കായുള്ള എഎഎ ഫൗണ്ടേഷൻ പ്രസിഡന്റ് ഡേവിഡ് കെ. വില്ലിസ് അഭിപ്രായപ്പെടുന്നു.
ദിവസവും നാം അഭിമുഖീകരിക്കുന്ന വിജ്ഞാന പ്രളയം, ഈ സമ്മർദത്തിനു സംഭാവന ചെയ്യുന്നു. ഡേവിഡ് ലൂയിസിന്റെ വിജ്ഞാന പെരുപ്പം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ പുറംചട്ടയുടെ പിന്നിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ഇന്നു പല തൊഴിലാളികളും വിജ്ഞാന പ്രളയത്തിൽ മുങ്ങിത്താണുകൊണ്ടിരിക്കുകയാണ് . . . വിജ്ഞാന ആധിക്യത്തിന്റെ ഭാരം
താങ്ങാനാവാതെ . . . അവർ സമ്മർദത്തിന് അടിമകളും അക്ഷമരും ആയിത്തീരുന്നു, അത് അവരുടെ പ്രവർത്തന ശേഷിയെ ബാധിക്കുന്നു.” വിവരങ്ങളുടെ ഈ പ്രളയത്തിനുള്ള ഒരു ഉദാഹരണം നൽകിക്കൊണ്ട് ഒരു വർത്തമാനപ്പത്രം പറഞ്ഞു: “ഒരു വർത്തമാനപ്പത്രത്തിന്റെ ഇടദിവസ പതിപ്പിൽ, 17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സാധാരണ വ്യക്തിക്ക് തന്റെ ആയുഷ്കാലംകൊണ്ടു നേടിയെടുക്കാൻ ആകുമായിരുന്നതിനെക്കാൾ അധികം വിവരങ്ങൾ അടങ്ങിയിരിക്കുന്നതായി പറയപ്പെടുന്നു.”നമ്മുടെ വായിലേക്കു പോകുന്നവയും ദേഷ്യത്തെ പരിപോഷിപ്പിക്കുന്നുണ്ടാകാം. വർധിച്ച ശത്രുതയ്ക്ക് സിഗരറ്റു വലി, മദ്യപാനം, അനാരോഗ്യകരമായ ആഹാരക്രമം എന്നിവയുമായെല്ലാം ബന്ധമുണ്ടെന്ന് വിപുലമായ രണ്ടു പഠനങ്ങൾ കാണിച്ചിരിക്കുന്നു. വ്യാപകമായി കാണപ്പെടുന്ന ഇത്തരം ശീലങ്ങൾ സമ്മർദവും നിരാശയും വർധിപ്പിക്കുന്നു. ഈ നിരാശ ചീത്ത വിളി, അക്ഷമ, അസഹിഷ്ണുത എന്നിവയുടെ രൂപത്തിൽ പുറത്തു വരുന്നു.
മര്യാദയില്ലായ്മയുടെയും സിനിമകളുടെയും പങ്ക്
മര്യാദയില്ലായ്മയും കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഓസ്ട്രേലിയൻ കുറ്റകൃത്യശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എഐസി) ഡയറക്ടർ ഡോ. ആഡം ഗ്രേക്കാർ ഇപ്രകാരം പറഞ്ഞു: “ആദരവിനും മര്യാദയ്ക്കും കൂടുതലായ ഊന്നൽ നൽകുന്നത് ആയിരിക്കാം ചെറിയ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിലേക്കു നയിക്കുന്ന ഏറ്റവും പ്രമുഖമായ പടികളിൽ ഒന്ന്.” ക്ഷമയും സഹിഷ്ണുതയും പ്രകടിപ്പിക്കുന്നതിനെയും ചീത്ത പറച്ചിൽ ഒഴിവാക്കുന്നതിനെയും ഇൻസ്റ്റിറ്റ്യൂട്ട് പ്രോത്സാഹിപ്പിക്കുന്നു. അതിൽ പരാജയപ്പെടുന്നപക്ഷം മര്യാദയില്ലാത്ത പെരുമാറ്റത്തിന് അക്രമാസക്ത പെരുമാറ്റത്തിലേക്കു നയിക്കാനാകും എന്ന് അതു പറയുന്നു. വൈരുദ്ധ്യമെന്നു പറയട്ടെ, നിരാശയ്ക്കും സമ്മർദത്തിനും അയവു വരുത്തുന്നതിന് പലരും തിരഞ്ഞെടുക്കുന്ന ഒരു മാർഗം യഥാർഥത്തിൽ അസഹിഷ്ണുതയെയും രോഷത്തെയും ഊട്ടിവളർത്തുകയാണു ചെയ്യുന്നത്. എങ്ങനെ?
ഒരു എഐസി റിപ്പോർട്ട് പ്രസ്താവിക്കുന്നു: “മരണത്തിന്റെയും നശീകരണത്തിന്റെയും ചിത്രീകരണങ്ങൾ കാണാൻ സിനിമ തീയറ്ററുകളിലേക്കു കുട്ടികളുടെയും മുതിർന്നവരുടെയും വൻ പ്രവാഹമാണ്. അക്രമം നിറഞ്ഞ വീഡിയോകൾക്കു നല്ല ചെലവാണ്. യുദ്ധവുമായി ബന്ധപ്പെട്ട കളിക്കോപ്പുകൾ അനേകം കുട്ടികളുടെയും ഹരമാണ്, എല്ലായ്പോഴും മാതാപിതാക്കൾ അത് ഇഷ്ടപ്പെടുന്നില്ലെങ്കിൽ പോലും. ടെലിവിഷനിൽ പ്രദർശിപ്പിക്കപ്പെടുന്ന അക്രമം കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കുന്നു. ടെലിവിഷന് സാംസ്കാരിക മൂല്യങ്ങളുടെ കൈമാറ്റത്തിൽ ഒരു പ്രമുഖ പങ്കുണ്ട്.” തെരുവിലെയും വീട്ടിലെയും രോഷപ്രകടനങ്ങളുമായി ഇതിന് എന്തു ബന്ധമാണ് ഉള്ളത്? റിപ്പോർട്ട് ഇങ്ങനെ ഉപസംഹരിക്കുന്നു: “സമൂഹം അക്രമത്തെ വെച്ചുപൊറുപ്പിക്കുന്ന അളവിനൊത്താണ് ആ സമൂഹത്തിലെ വ്യക്തികളുടെ മൂല്യങ്ങൾ രൂപപ്പെടുന്നത്.”
ഉള്ളിലെ കോപം പുറത്തു പ്രകടിപ്പിക്കുന്നത് സമ്മർദത്തോടുള്ള സ്വാഭാവികമായ പ്രതികരണം മാത്രമാണ്, സമ്മർദപൂരിതവും അക്രമാസക്തവുമായ നമ്മുടെ സമൂഹത്തിൽ അവ ഒഴിവാക്കാനാവില്ല എന്ന് പലരും ഇന്നു ന്യായവാദം ചെയ്തേക്കാം. അങ്ങനെയെങ്കിൽ, “കോപം തോന്നുമ്പോൾ അതു പ്രകടിപ്പിക്കുക” എന്ന പരക്കെയുള്ള ചിന്താഗതി യഥാർഥത്തിൽ നല്ലതാണോ?
രോഷം നിയന്ത്രിക്കേണ്ടതുണ്ടോ?
ഒരു അഗ്നിപർവതം പൊട്ടിത്തെറിക്കുമ്പോൾ അതു ചുറ്റുപാടുമുള്ളവരുടെ മേൽ നാശം വിതയ്ക്കുന്നതുപോലെതന്നെ ഒരു വ്യക്തി കോപത്താൽ പൊട്ടിത്തെറിക്കുമ്പോൾ അയാൾ തനിക്കു ചുറ്റുമുള്ളവർക്കു ദോഷം ചെയ്യുന്നു. കൂടാതെ, ആ വ്യക്തി തനിക്കുതന്നെയും ദ്രോഹം ചെയ്യുകയാണ്. എങ്ങനെ? “കോപപ്രകടനങ്ങൾ കൂടുതലായ അക്രമത്തിലേക്കു നയിക്കുന്നു” എന്ന് ദ ജേർണൽ
ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (ജാമ) പറയുന്നു. കോപം പ്രകടിപ്പിക്കുന്ന പുരുഷന്മാർ “50 വയസ്സിനുള്ളിൽ മരിക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതലാണ്” എന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.സമാനമായി, ‘ദി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ’ പറയുന്നു: “കോപത്താൽ പൊട്ടിത്തെറിക്കുന്ന പുരുഷന്മാർക്ക് കോപം നിയന്ത്രിക്കുന്നവരോടുള്ള താരതമ്യത്തിൽ മസ്തിഷ്കാഘാതം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്.” ഈ മുന്നറിയിപ്പുകൾ പുരുഷന്മാർക്കും സ്ത്രീകൾക്കും ബാധകമാണ്.
അപ്പോൾ ഫലപ്രദമായ ബുദ്ധിയുപദേശം നമുക്ക് എവിടെ ലഭിക്കും? ലൗകിക വിദഗ്ധരും, മാനുഷ ബന്ധങ്ങളെ കുറിച്ച് ആധികാരികമായി സംസാരിക്കുന്ന ഗ്രന്ഥങ്ങളിൽ വെച്ച് ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ള ഗ്രന്ഥമായ ബൈബിളും നൽകുന്ന ബുദ്ധിയുപദേശത്തിലെ സമാനതകൾ ശ്രദ്ധിക്കുക.
കോപം അടക്കുക—രോഷം ഒഴിവാക്കുക
ജാമയിൽ ഡോ. റെഡ്ഫോർഡ് ബി. വില്യംസ് പറയുന്നു: “‘കോപം തോന്നുമ്പോൾ അതു പ്രകടിപ്പിക്കുക’ എന്ന ലാഘവത്തോടെയുള്ള ബുദ്ധിയുപദേശം പ്രയോജനപ്രദമായിരിക്കാനുള്ള സാധ്യത കുറവാണ്. നിങ്ങളുടെ കോപത്തെ വിശകലനം ചെയ്ത് നിയന്ത്രിക്കാൻ പഠിക്കുന്നതാണ് ഏറെ പ്രധാനം.” പിൻവരുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കാൻ അദ്ദേഹം നിർദേശിക്കുന്നു: “(1) ഈ സാഹചര്യം എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണോ? (2) ബന്ധപ്പെട്ട വസ്തുതകൾ കണക്കിലെടുക്കുമ്പോൾ എന്റെ ചിന്തകളും വികാരങ്ങളും ഉചിതമാണോ? (3) എനിക്ക് ഈ കോപം തോന്നേണ്ട ആവശ്യമില്ലാത്തവണ്ണം സാഹചര്യത്തെ മെച്ചപ്പെടുത്താൻ സാധിക്കുമോ?”
സദൃശവാക്യങ്ങൾ 14:29; 29:11 “ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ ഭോഷത്വം ഉയർത്തുന്നു. മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.”
എഫെസ്യർ 4:26 “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു.”
കോപത്തെ കൈകാര്യം ചെയ്യൽ—പുരുഷന്മാർക്കു വേണ്ടിയുള്ള സ്വസഹായ നിർദേശങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഫ്രാങ്ക് ഡോണോവൻ പറയുന്നു: “അങ്ങേയറ്റം കോപം തോന്നുന്ന സാഹചര്യങ്ങളിൽ വളരെ പ്രാധാന്യവും മൂല്യവും ഉള്ള ഒരു തന്ത്രമാണ് കോപത്തിൽനിന്ന് ഒഴിഞ്ഞു മാറുക—അല്ലെങ്കിൽ കൂടുതൽ കൃത്യമായി പറഞ്ഞാൽ കോപത്തിനിടയാക്കുന്ന സാഹചര്യത്തിൽനിന്നും വ്യക്തികളിൽനിന്നും ഒഴിഞ്ഞു മാറുക—എന്നത്.”
സദൃശവാക്യങ്ങൾ 17:14 [ഓശാന ബൈബിൾ] “അണപൊട്ടിച്ച് വെള്ളം വിടുന്നതുപോലെയാണ് കലഹത്തിന്റെ ആരംഭം; അതിനാൽ കലഹം തുടങ്ങുംമുമ്പെ ഒഴിഞ്ഞുപോകൂ.”
ദ ഹ്യൂമാനിസ്റ്റ് എന്ന മാസികയിൽ ബർട്രാം റോത്ത്ചൈൽഡ് ഇങ്ങനെ എഴുതി: “കോപം . . . പ്രധാനമായും ഒരുവന്റെ വ്യക്തിപരമായ ഉത്തരവാദിത്വമാണ്. ദേഷ്യപ്പെടാനുള്ള കാരണങ്ങൾ നമ്മുടെ മനസ്സിലാണു കുടികൊള്ളുന്നത്. . . . കോപിച്ചതിലൂടെ നിങ്ങൾക്ക് ഉദ്ദേശിച്ച ഫലം ലഭിച്ചിട്ടുള്ള സന്ദർഭങ്ങൾ അത് കാര്യങ്ങൾ വഷളാക്കിയിട്ടുള്ള അവസരങ്ങളോടു താരതമ്യപ്പെടുത്തുമ്പോൾ ഒന്നുമല്ലാതാകുന്നു. തീർച്ചയായും, കോപം പ്രകടിപ്പിക്കാത്തതാണ് അതു പ്രകടിപ്പിക്കുന്നതിനെക്കാൾ മെച്ചം.”
സങ്കീർത്തനം 37:8 “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.”
സദൃശവാക്യങ്ങൾ 15:1 “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.”
സദൃശവാക്യങ്ങൾ 29:22 “കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു.”
ലോകവ്യാപകമായുള്ള ദശലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികൾ ഈ ബുദ്ധിയുപദേശം അംഗീകരിക്കുന്നു. നിങ്ങളുടെ പ്രാദേശിക രാജ്യഹാളിലെ അവരുടെ യോഗങ്ങൾക്കു ഹാജരായിക്കൊണ്ട് രോഷത്തിന്റെ ഈ യുഗത്തിലും ബൈബിൾ ബുദ്ധിയുപദേശം അനുസരിച്ചു ജീവിക്കുന്നതു പ്രായോഗികമാണെന്ന വസ്തുത നേരിൽ കാണാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. (g02 2/8)
[21-ാം പേജിലെ ചിത്രങ്ങൾ]
അനിയന്ത്രിതമായി രോഷം കൊള്ളുന്ന വ്യക്തി, പൊട്ടിത്തെറിക്കുന്ന ഒരു അഗ്നിപർവതം പോലെ ദോഷം ചെയ്യുന്നു
[22-ാം പേജിലെ ചിത്രങ്ങൾ]
ബൈബിളിന്റെ ബുദ്ധിയുപദേശം തികച്ചും പ്രായോഗികമാണ്