കുഞ്ഞുങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും
കുഞ്ഞുങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും
ജനന സമയം മുതൽ നവജാതശിശുവിന് ആർദ്രമായ പരിപാലനം ആവശ്യമാണ്. മൃദുവായി തലോടുന്നതും അമ്മയുടെയും കുഞ്ഞിന്റെയും ത്വക്കുകൾ തമ്മിൽ സമ്പർക്കത്തിൽ വരത്തക്കവണ്ണം ചേർത്തുപിടിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ജനനശേഷമുള്ള ആദ്യത്തെ 12 മണിക്കൂർ നിർണായകമാണെന്ന് ചില ഡോക്ടർമാർ വിശ്വസിക്കുന്നു. പ്രസവശേഷം ഉടൻതന്നെ അമ്മയ്ക്കും കുഞ്ഞിനും ഏറ്റവും ആവശ്യമുള്ളത് “ഉറക്കമോ ആഹാരമോ ഒന്നുമല്ല, മറിച്ച് തലോടുന്നതും ചേർത്തുപിടിക്കുന്നതും പരസ്പരം നോക്കുന്നതും ശ്രദ്ധിക്കുന്നതും” ആണ് എന്ന് അവർ പറയുന്നു. a
നൈസർഗികമായിത്തന്നെ മാതാപിതാക്കൾ തങ്ങളുടെ പിഞ്ചോമനയെ എടുക്കുകയും ആർദ്രതയോടെ ആശ്ലേഷിക്കുകയും തലോടുകയും ചേർത്തുപിടിക്കുകയും ചെയ്യും. അതിന്റെ ഫലമായി അവൻ സുരക്ഷിതത്വബോധത്തോടെ അവരോട് അടുക്കുകയും അവർ കാണിക്കുന്ന ശ്രദ്ധയോടു പ്രതികരിക്കുകയും ചെയ്യുന്നു. തങ്ങളുടെ പിഞ്ചുപൈതലിന് ഇടവിടാതെ ശ്രദ്ധ നൽകാനായി ത്യാഗങ്ങൾ ചെയ്യാൻ മാതാപിതാക്കൾ സന്നദ്ധരാകുംവിധം അത്ര ശക്തമാണ് ഈ സ്നേഹബന്ധം.
നേരെ മറിച്ച്, മാതാപിതാക്കളുടെ സ്നേഹത്തിന്റെ മധുരം നുകരാത്ത കുഞ്ഞുങ്ങൾ അക്ഷരാർഥത്തിൽത്തന്നെ വാടിത്തളർന്ന് മരിച്ചുപോയേക്കാം. അതുകൊണ്ട്, പിറന്നുവീണ ഉടൻതന്നെ കുഞ്ഞിനെ അവന്റെ അമ്മയ്ക്കു നൽകേണ്ടതു പ്രധാനമാണെന്ന് ചില ഡോക്ടർമാർ വിശ്വസിക്കുന്നു. പ്രസവശേഷം ഉടൻതന്നെ അമ്മയും കുഞ്ഞും കുറഞ്ഞത് 30 മുതൽ 60 വരെ മിനിട്ടു നേരത്തേക്കെങ്കിലും സമ്പർക്കത്തിൽ വരാൻ അനുവദിക്കേണ്ടതാണെന്ന് അവർ നിർദേശിക്കുന്നു.
ഇത്തരം സമ്പർക്കം അനുവദിക്കേണ്ടതാണെന്ന് ചിലർ ഊന്നിപ്പറയുന്നുണ്ടെങ്കിലും ചില ആശുപത്രികളിൽ ഇതു ബുദ്ധിമുട്ടോ അസാധ്യം പോലുമോ ആയിരുന്നേക്കാം. പലപ്പോഴും കുഞ്ഞിന് രോഗബാധ ഉണ്ടാകാതിരിക്കുന്നതിന്
അവനെ അമ്മയിൽനിന്നും മാറ്റിക്കിടത്തുകയാണു ചെയ്യുന്നത്. എന്നിരുന്നാലും, നവജാതശിശുക്കൾ അമ്മമാരോടൊപ്പം ആയിരിക്കുന്നെങ്കിൽ മാരകമായേക്കാവുന്ന രോഗബാധകളുടെ നിരക്ക് കുറയാൻ ഇടയുണ്ടെന്ന് ചില തെളിവുകൾ സൂചിപ്പിക്കുന്നു. ഇതിന്റെ വെളിച്ചത്തിൽ കൂടുതൽ ആശുപത്രികൾ ജനിക്കുന്ന ഉടനെ അമ്മയുമായി ഏറെ നേരം സമ്പർക്കത്തിൽ വരാൻ കുഞ്ഞിനെ അനുവദിക്കാൻ തയ്യാറാകുന്നുണ്ട്.സ്നേഹബന്ധം സംബന്ധിച്ചുള്ള ആശങ്ക
ചില അമ്മമാർക്ക് തങ്ങളുടെ കുഞ്ഞിനെ ആദ്യം കാണുമ്പോൾ അവനോട് വൈകാരികമായി അടുപ്പം വരുന്നില്ല. അതുകൊണ്ട്, കുഞ്ഞുമായി ‘അടുത്ത ബന്ധം വളർത്തിയെടുക്കാൻ എനിക്കു കഴിയാതെ വരുമോ?’ എന്ന് ചിലർ ചിന്തിക്കുന്നു. പ്രഥമദർശനത്തിൽത്തന്നെ തന്റെ കുഞ്ഞുമായി എല്ലാ അമ്മമാരും സ്നേഹബന്ധത്തിലാകുന്നില്ല എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും ഇതിൽ ഉത്കണ്ഠപ്പെടാൻ ഒന്നുമില്ല.
കുഞ്ഞു ജനിച്ച ഉടൻതന്നെ മാതാവിന് വാത്സല്യം തോന്നുന്നില്ലെങ്കിൽപ്പോലും പിന്നീട് അതു പൂർണമായി വികാസം പ്രാപിക്കുക സാധ്യമാണ്. “ജനനവുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട ഒരു സാഹചര്യം കുട്ടിയുമായുള്ള നിങ്ങളുടെ ബന്ധത്തെ സ്ഥാപിക്കുകയോ വിച്ഛേദിക്കുകയോ ചെയ്യുന്നില്ല” എന്ന് അനുഭവസ്ഥയായ ഒരു മാതാവ് പറയുന്നു. എന്നിരുന്നാലും, നിങ്ങൾ ഗർഭവതിയാണെങ്കിൽ, നിങ്ങൾക്ക് ഇത്തരം ഭയാശങ്കകൾ ഉണ്ടെങ്കിൽ നിങ്ങളുടെ പ്രസവ ചികിത്സാവിദഗ്ധനുമായി ഇക്കാര്യം മുന്നമേ ചർച്ച ചെയ്യുന്നത് നന്നായിരിക്കും. നിങ്ങളുടെ നവജാത ശിശുവുമായി എപ്പോൾ, എത്രനേരം ഇടപഴകാൻ ആഗ്രഹിക്കുന്നുവെന്നു വ്യക്തമായി അറിയിക്കുക.
“എന്നോടൊന്നു സംസാരിക്കൂ!”
ചില പ്രത്യേക ഉദ്ദീപനങ്ങളോടു ശിശുക്കൾ പ്രത്യേകാൽ സംവേദകത്വം പുലർത്തുന്ന ക്ലിപ്ത കാലയളവുകൾ ഉള്ളതായി കാണപ്പെടുന്നു. ഈ നിശ്ചിത കാലയളവുകൾ കുറച്ചു കഴിയുമ്പോൾ അവസാനിക്കും. ഉദാഹരണത്തിന്, കുഞ്ഞിന്റെ പിഞ്ചു തലച്ചോറിന് ഒരു ഭാഷ അനായാസേന പഠിച്ചെടുക്കാൻ കഴിയും. ചിലപ്പോൾ ഒന്നിൽ കൂടുതൽ ഭാഷപോലും. പക്ഷേ ഭാഷ പഠിക്കാൻ ഏറ്റവും അഭികാമ്യമായ കാലം കുഞ്ഞിന് ഏതാണ്ട് അഞ്ചുവയസ്സ് ആകുന്നതോടെ അസ്തമിക്കാൻ തുടങ്ങുന്നതായി കാണുന്നു.
അവന് 12 മുതൽ 14 വരെ വയസ്സാകുമ്പോഴേക്കും ഭാഷ പഠിക്കുകയെന്നത് ഭാരിച്ച ചുമടായി മാറുന്നു. ഈ സമയത്താണ് “തലച്ചോറിലെ ഭാഷ കൈകാര്യം ചെയ്യുന്ന ഭാഗങ്ങളിലുള്ള സിനാപ്സുകളുടെ എണ്ണവും സാന്ദ്രതയും കുറയുന്നത്” എന്ന് ബാല-നാഡീരോഗ വിദഗ്ധനായ പീറ്റർ ഹുട്ടൻലോച്ചർ പറയുന്നു. വ്യക്തമായും ജീവിതത്തിന്റെ ആദ്യത്തെ ഏതാനും വർഷങ്ങൾ ഭാഷാപ്രാവീണ്യം നേടാൻ പറ്റിയ സമയമാണ്!
യുക്തിബോധം, തിരിച്ചറിവ് എന്നിവ ഉപയോഗിച്ച് അറിവ് ആർജിക്കുന്ന പ്രക്രിയയുടെ വികാസത്തോടു ബന്ധപ്പെട്ട് വളരെ പ്രാധാന്യമുള്ള, സംസാരിക്കാൻ പഠിക്കുകയെന്ന വൈദഗ്ധ്യം കുഞ്ഞുങ്ങൾ നേടിയെടുക്കുന്നത് എങ്ങനെയാണ്? പ്രാഥമികമായി ഇത് നേടുന്നത് മാതാപിതാക്കളുമായുള്ള വാചികമായ ഇടപെടലുകളിലൂടെയാണ്. മനുഷ്യരിൽനിന്നുള്ള ഉദ്ദീപനങ്ങളോട് കുഞ്ഞുങ്ങൾ വിശേഷാൽ പ്രതികരിക്കുന്നു. “ഒരു ശിശു . . . അതിന്റെ അമ്മയുടെ ശബ്ദം അനുകരിക്കുന്നു” എന്ന് മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബാരി ആരൻസ് പറയുന്നു. എന്നിരുന്നാലും, കുഞ്ഞുങ്ങൾ എല്ലാ ശബ്ദവും അനുകരിക്കില്ലെന്നുള്ളത് രസാവഹമാണ്. “അമ്മയുടെ സംസാരത്തിനൊപ്പംതന്നെ കേൾക്കുന്ന തൊട്ടിലിന്റെ കിറുകിറു ശബ്ദം അവൻ അനുകരിക്കുന്നില്ല” എന്ന് ആരൻസ് പറയുന്നു.
മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളോട് ഒരു പ്രത്യേക ശൈലിയിൽ സംസാരിക്കുക പതിവാണ്. മിക്ക സാംസ്കാരിക പശ്ചാത്തലത്തിൽനിന്നുള്ളവരും ഇതിന് ഒരേ താളാത്മക രീതിതന്നെയാണ് ഉപയോഗിക്കുന്നത്. മാതാവോ പിതാവോ സ്നേഹപൂർവം ശിശുവിനോടു സംസാരിക്കുമ്പോൾ അവന്റെ ഹൃദയമിടിപ്പ് വർധിക്കുന്നു. ഇങ്ങനെ സംസാരിക്കുന്നത് വാക്കുകളും അവ പ്രതിനിധാനം ചെയ്യുന്ന വസ്തുക്കളും തമ്മിലുള്ള ബന്ധം എളുപ്പം മനസ്സിലാകാൻ സഹായിക്കുന്നുവെന്ന് കരുതപ്പെടുന്നു. ഒരു വാക്കുപോലും ഉരിയാടാതെ കുഞ്ഞ് വിളിച്ചു പറയുകയാണ് “എന്നോടൊന്നു സംസാരിക്കൂ!” എന്ന്.
“എന്നെയൊന്നു നോക്കൂ!”
ഒരു ശിശു പിറന്നശേഷമുള്ള ആദ്യ വർഷത്തിലോ മറ്റോ അവൻ തന്നെ പോറ്റിവളർത്തുന്ന പ്രായപൂർത്തിയായ ഒരു വ്യക്തിയുമായി, സാധാരണഗതിയിൽ അമ്മയുമായി, വൈകാരിക അടുപ്പം വളർത്തിയെടുക്കുന്നതായി കണ്ടെത്തപ്പെട്ടിരിക്കുന്നു. ഈ വൈകാരിക ബന്ധത്തിൽ സുരക്ഷിതത്വം തോന്നുന്ന ഒരു ശിശു, മാതാവുമായി അല്ലെങ്കിൽ പിതാവുമായി ഉള്ള സ്നേഹബന്ധത്തിന്റെ സുരക്ഷിതത്വം ആസ്വദിക്കാത്ത കുഞ്ഞുങ്ങളെ അപേക്ഷിച്ച് മറ്റുള്ളവരുമായി ഇണക്കമുള്ളവനായിരിക്കും. കുഞ്ഞിന് അമ്മയോടുള്ള ഇത്തരം ആർദ്രബന്ധം മൂന്നു വയസ്സാകുമ്പോഴേക്കും സ്ഥാപിച്ചെടുത്തിരിക്കേണ്ടതാണ് എന്ന് കരുതപ്പെടുന്നു.
കുഞ്ഞിന്റെ പിഞ്ചുമനസ്സ് ബാഹ്യമായ സ്വാധീനങ്ങളാൽ ബാധിക്കപ്പെടാൻ വളരെയേറെ സാധ്യതയുള്ള നിർണായകമായ ഈ കാലയളവിൽ അവൻ അവഗണിക്കപ്പെടുകയാണെങ്കിൽ എന്തു സംഭവിച്ചേക്കാം? 267 അമ്മമാരെയും അവരുടെ കുട്ടികളെയും 20 വർഷം നിരീക്ഷിച്ച മാർത്ത ഫാരെൽ എറിക്സൺ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “കുട്ടി മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നതിനോ ലോക പരിചയം നേടുന്നതിനോ ഒട്ടുംതന്നെ ആഗ്രഹമില്ലാത്തവനായി തീരുന്ന അളവോളം അവഗണന സാവധാനം, തുടർച്ചയായി അവന്റെ ഊർജവും ഉത്സാഹവും കാർന്നുതിന്നുന്നു.”
കുഞ്ഞുങ്ങൾ വൈകാരിക അവഗണന നേരിടുന്നതിന്റെ ഗുരുതരമായ തിക്തഫലങ്ങളെ കുറിച്ചുള്ള തന്റെ വീക്ഷണം വിശദീകരിക്കുന്നതിന്റെ ഭാഗമായി ടെക്സാസ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോ. ബ്രൂസ് പെറി ഇപ്രകാരം പറയുന്നു: “ആറുമാസം പ്രായമുള്ള ഒരു ശിശുവിനെ എടുത്തിട്ട് ഒന്നുകിൽ അവന്റെ എല്ലുകൾ മുഴുവനും ഒടിക്കുക അല്ലെങ്കിൽ രണ്ടു മാസത്തേക്ക് അവനെ വൈകാരികമായി അവഗണിക്കുക ഇതിൽ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കാം എന്ന് നിങ്ങൾ എന്നോടു പറയുകയാണെങ്കിൽ എന്റെ അഭിപ്രായത്തിൽ അവന്റെ ശരീരത്തിലെ എല്ലുകൾ മുഴുവനും ഒടിക്കുന്നതാണ് മെച്ചം.” എന്തുകൊണ്ട്? പെറിയുടെ അഭിപ്രായത്തിൽ, “എല്ലുകളുടെ പരിക്ക് സുഖപ്പെടും. പക്ഷേ രണ്ടുമാസം തലച്ചോറിന് നിർണായകമായ ഉദ്ദീപനം കിട്ടാതെ ഒരു ശിശു കഴിയുകയാണെങ്കിൽ അവന് ശരിയായി പ്രവർത്തിക്കാത്ത ഒരു തലച്ചോറുമായി എക്കാലവും ജീവിക്കേണ്ടിവരും.” ഇത്തരം ക്ഷതം കേടുപോക്കാൻ കഴിയാത്തതാണ് എന്നതിനോട് എല്ലാവരുമൊന്നും യോജിക്കുന്നില്ല. എന്നിരുന്നാലും, കുഞ്ഞുമനസ്സിന്റെ വളർച്ചയ്ക്ക് വൈകാരികമായി പരിപുഷ്ടിദായകമായ ഒരു ചുറ്റുപാട് അതിപ്രധാനമാണെന്ന് ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുകതന്നെ ചെയ്യുന്നു.
“ചുരുക്കത്തിൽ, [പൈതങ്ങൾ] സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും” ഉള്ളവരാണ് എന്ന് ശിശുക്കൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ഒരു കുഞ്ഞു കരയുമ്പോൾ പലപ്പോഴും അവൻ മാതാപിതാക്കളോട് അഭ്യർഥിക്കുകയാണ്: “എന്നെയൊന്നു നോക്കൂ!” എന്ന്. മാതാപിതാക്കൾ ആർദ്രതയോടെ ആ വിളിയോടു പ്രതികരിക്കേണ്ടത് പ്രധാനമാണ്. അതിനോടു പ്രതികരണം ഉണ്ടാകുമ്പോൾ തന്റെ ആവശ്യങ്ങൾ മറ്റുള്ളവരെ അറിയിക്കാൻ തനിക്കു കഴിയുമെന്ന് കുഞ്ഞിനു മനസ്സിലാകുന്നു. അങ്ങനെ അവൻ മറ്റുള്ളവരുമായി സാമൂഹിക ബന്ധങ്ങൾ രൂപപ്പെടുത്താൻ പഠിക്കുന്നു.
‘ഞാൻ കുഞ്ഞിനെ വഷളാക്കുകയല്ലേ?’
‘കുഞ്ഞു കരയുമ്പോഴെല്ലാം ഞാൻ പ്രതികരിച്ചാൽ ഞാൻ അവനെ വഷളാക്കുകയല്ലേ?’ ചെയ്യുന്നത് എന്നു നിങ്ങൾ ചോദിച്ചേക്കാം. ഒരുപക്ഷേ ആയിരിക്കാം. ഈ ചോദ്യത്തെ കുറിച്ച് നാനാവിധ അഭിപ്രായങ്ങളുണ്ട്. ഓരോ ശിശുവും വ്യത്യസ്തനായതിനാൽ ഏതു സമീപനമാണ് ഏറ്റവും ഫലപ്രദമെന്ന് സാധാരണഗതിയിൽ മാതാപിതാക്കൾ തീരുമാനിക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഒരു നവജാതശിശുവിന് വിശപ്പോ അസുഖമോ അസ്വസ്ഥതയോ അനുഭവപ്പെടുമ്പോൾ അവന്റെ ശരീരത്തിലെ സമ്മർദത്തോടു പ്രതികരിക്കുന്ന സംവിധാനങ്ങൾ സമ്മർദ ഹോർമോണുകൾ പുറപ്പെടുവിക്കുന്നുവെന്ന് അടുത്തകാലത്തെ ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അവൻ തന്റെ അസ്വസ്ഥത കരച്ചിലിലൂടെ പ്രകടിപ്പിക്കുന്നു. എന്നാൽ മാതാവോ പിതാവോ അതിനോടു പ്രതികരിക്കുകയും അവന്റെ ആവശ്യം സാധിച്ചുകൊടുക്കുകയും ചെയ്യുമ്പോൾ, സ്വയം ആശ്വാസം കണ്ടെത്താൻ പഠിക്കുന്നതിന് കുഞ്ഞിനെ സഹായിക്കുന്ന കോശശൃംഖലകൾ അവന്റെ തലച്ചോറിൽ രൂപംകൊള്ളുന്നതിനു തുടക്കമിടുകയായിരിക്കും അവർ ചെയ്യുന്നത് എന്നു പറയപ്പെടുന്നു. കൂടാതെ, അത്തരം പരിചരണം ലഭിച്ച ഒരു ശിശു കോർട്ടിസോൾ എന്ന സമ്മർദ ഹോർമോൺ കുറച്ചേ പുറപ്പെടുവിക്കുന്നുള്ളൂ എന്ന് ഡോ. മഗൻ ഗുന്നർ പറയുന്നു. മാത്രമല്ല, അവൻ അസ്വസ്ഥനാകുന്നെങ്കിൽത്തന്നെ സമ്മർദ പ്രതികരണ സംവിധാനത്തിന്റെ പ്രവർത്തനം അവൻ പെട്ടെന്നുതന്നെ നിറുത്തുന്നു.
എറിക്സൺ ഇപ്രകാരം പറയുന്നു. “പ്രത്യേകിച്ചും ആദ്യത്തെ 6 മുതൽ 8 വരെയുള്ള മാസങ്ങളിൽ സ്ഥിരമായി പ്രതികരണം ലഭിക്കുന്ന—അതും പെട്ടെന്നുതന്നെ—കുഞ്ഞുങ്ങൾ വാസ്തവത്തിൽ, കരയുമ്പോൾ ശ്രദ്ധിക്കാതെ വിട്ടേക്കുന്ന കുഞ്ഞുങ്ങളെ അപേക്ഷിച്ച് കുറച്ചേ കരയാറുള്ളൂ.” ഇനി, നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിൽ വ്യത്യാസങ്ങൾ വരുത്തുന്നത് പ്രധാനമാണ്. കുഞ്ഞു കരയുന്ന എല്ലാ സന്ദർഭങ്ങളിലും നിങ്ങൾ ഒരേ രീതിയിലാണു പ്രതികരിക്കുന്നതെങ്കിൽ, അതായത് അവനെ മുലയൂട്ടുകയോ
എടുക്കുകയോ മറ്റോ ചെയ്യുന്നെങ്കിൽ, അവൻ വഷളായിപ്പോയേക്കാം. ചിലപ്പോഴൊക്കെ, അവന്റെ കരച്ചിൽ നിങ്ങൾ കേട്ടു എന്ന് നിങ്ങളുടെ ശബ്ദം കൊണ്ട് വ്യക്തമാക്കിയാൽ മതിയായിരിക്കാം. അല്ലെങ്കിൽ കുഞ്ഞിന്റെ അടുത്തുചെന്ന് അവന്റെ ചെവിയിൽ എന്തെങ്കിലും മൃദുവായി മന്ത്രിക്കുന്നത് ഫലപ്രദമായിരുന്നേക്കാം. അതുമല്ലെങ്കിൽ, അവന്റെ പുറത്തോ വയറ്റത്തോ സ്പർശിക്കുന്നത് അവനെ ആശ്വസിപ്പിച്ചേക്കാം.“കരയുക എന്നത് ഒരു കുഞ്ഞിന്റെ ജോലിയാണ്” പൗരസ്ത്യദേശങ്ങളിലെ ഒരു പല്ലവിയാണിത്. അതേ, കുഞ്ഞിനെ സംബന്ധിച്ചാണെങ്കിൽ അവന്റെ ആഗ്രഹങ്ങൾ അറിയിക്കാനുള്ള മുഖ്യ മാർഗമാണ് കരച്ചിൽ. എന്തെങ്കിലും സംഗതിക്കായി ആവശ്യപ്പെടുമ്പോഴൊക്കെ നിങ്ങൾ അവഗണിക്കപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് എന്തുതോന്നും? അപ്പോൾ പരിചരിക്കാൻ ആരുമില്ലെങ്കിൽ തികച്ചും നിസ്സഹായനായിരിക്കുന്ന നിങ്ങളുടെ കുഞ്ഞിന്, അവൻ ശ്രദ്ധകിട്ടാനായി അതിയായി ആഗ്രഹിച്ച ഓരോ അവസരത്തിലും ലഭിക്കുന്നത് അവഗണന ആണെങ്കിലോ? അങ്ങനെയെങ്കിൽ, കുഞ്ഞിന്റെ കരച്ചിലിനോടു പ്രതികരിക്കേണ്ടത് ആരായിരിക്കണം?
ശിശുവിനെ ആർ പരിചരിക്കണം?
ഐക്യനാടുകളിൽ 54 ശതമാനം കുട്ടികൾക്ക് ജനനംമുതൽ മൂന്നാം ഗ്രേഡിൽ പഠിക്കുന്ന സമയംവരെ മാതാപിതാക്കളല്ലാത്തവരിൽനിന്ന് ക്രമമായി ഏതെങ്കിലും തരത്തിലുള്ള പരിചരണം കിട്ടിക്കൊണ്ടാണിരിക്കുന്നത് എന്ന് അടുത്തകാലത്തു നടന്ന ഒരു സെൻസസ് വെളിപ്പെടുത്തി. അനേക കുടുംബങ്ങളിൽ നിത്യനിദാനച്ചെലവുകൾക്കായി മാതാവിനും പിതാവിനും ജോലി ചെയ്യേണ്ടി വന്നേക്കാം. അനേകം അമ്മമാർ തങ്ങളുടെ നവജാതശിശുവിനെ ഏതാനും ആഴ്ചത്തേക്കോ മാസത്തേക്കോ പരിചരിക്കാനായി സാധ്യമെങ്കിൽ പ്രസവാവധി എടുക്കാറുണ്ട്. എന്നാൽ അതിനുശേഷം കുഞ്ഞിനെ ആരാണു പരിചരിക്കാൻ പോകുന്നത്?
തീർച്ചയായും, ഇത്തരം തീരുമാനങ്ങളെ ഭരിക്കുന്നതിന് ഖണ്ഡിതമായ നിയമങ്ങൾ ഒന്നുമില്ല. എന്നിരുന്നാലും, കുഞ്ഞിന്റെ ജീവിതത്തിലെ ഈ നിർണായകമായ സമയത്ത് അവൻ അപകടത്തിലാകാൻ സാധ്യതയുണ്ടെന്ന് ഓർമയിൽ വെക്കുന്നതു നല്ലതാണ്. മാതാവും പിതാവും ഒരുമിച്ചിരുന്ന് ഈ സംഗതിക്ക് ഗൗരവമായ പരിഗണന നൽകേണ്ടതുണ്ട്. എന്തുചെയ്യണം എന്നത് തീരുമാനിക്കുമ്പോൾ അവർ സാധ്യതകൾ ശ്രദ്ധാപൂർവം വിലയിരുത്തണം.
“കുഞ്ഞുങ്ങളെ വളർത്താൻ, കിട്ടാവുന്നതിൽവെച്ച് ഏറ്റവും നല്ല ശിശുപരിപാലന സംവിധാനം ഉപയോഗപ്പെടുത്തിയാലും മാതാവിൽനിന്നും പിതാവിൽനിന്നും അവർക്ക് ആവശ്യമായിരിക്കുന്ന സമയത്തിന് അത് പകരമാകുന്നില്ല എന്ന വസ്തുത കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്” എന്ന് അമേരിക്കൻ ബാലചികിത്സാ അക്കാദമിയിലെ ഡോ. ജോസഫ് സാങ്ഗാ പറയുന്നു. ഡേ-കെയർ സെന്ററുകളിലെ ശിശുക്കൾക്ക് അവരെ പരിചരിക്കുന്നവരോട് വേണ്ടത്ര ഇടപഴകാൻ അവസരം കിട്ടുന്നില്ലെന്ന് ചില വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നു.
തങ്ങളുടെ കുഞ്ഞിന്റെ അതിപ്രധാന ആവശ്യങ്ങളെ കുറിച്ചു ബോധമുള്ള ജോലിക്കാരായ ചില അമ്മമാർ അവന്റെ വൈകാരിക പരിപാലനം മറ്റാരെയെങ്കിലും ഏൽപ്പിക്കാതെ സ്വയം നിർവഹിക്കാനായി കുട്ടിയോടൊപ്പം വീട്ടിലിരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു സ്ത്രീ ഇപ്രകാരം പറഞ്ഞു: “മറ്റൊരു ജോലിക്കും നൽകാൻ കഴിയുകയില്ലെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നതരം സംതൃപ്തി എനിക്ക് പ്രതിഫലമായി ലഭിച്ചിരിക്കുന്നു.” എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നിമിത്തം എല്ലാ അമ്മമാർക്കും അത്തരം തീരുമാനങ്ങൾ എടുക്കാൻ കഴിയുകയില്ല എന്നത് ശരിതന്നെ. നിരവധി മാതാപിതാക്കൾക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ ഡേ-കെയർ സെന്ററിൽ ആക്കുകയേ നിവൃത്തിയുള്ളൂ. അതുകൊണ്ട് അവർ കുഞ്ഞുങ്ങളുമായി ഒന്നിച്ചായിരിക്കുന്ന സമയത്ത് അവർക്ക് ശ്രദ്ധയും വാത്സല്യവും നൽകാനായി അധിക ശ്രമം ചെയ്യുന്നു. അതുപോലെതന്നെ, ജോലിക്കാരായ, ഒറ്റയ്ക്കുള്ള മാതാവോ പിതാവോ ആയിരിക്കുന്ന അനേകർക്ക് ഇക്കാര്യത്തിൽ അധികം തിരഞ്ഞെടുപ്പുകൾ ഇല്ല. എന്നാൽ, അവർ തങ്ങളുടെ കുട്ടികളെ വളരെയേറെ ശ്രമം ചെയ്ത് വളർത്തിക്കൊണ്ടു വരികയും നല്ല ഫലങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നു.
കുഞ്ഞുങ്ങളെ വളർത്തുക എന്നത് ആവേശവും സന്തോഷവും നിറഞ്ഞ ഒരു ജോലി ആയിരിക്കാൻ കഴിയും. അതേസമയം അത് വെല്ലുവിളി നിറഞ്ഞതും ധാരാളം സമയവും ശ്രദ്ധയും ആവശ്യമുള്ളതുമായ ഒന്നാണ്. നിങ്ങൾക്ക് ഇതിൽ എങ്ങനെ വിജയിക്കാൻ കഴിയും? (g03 12/22)
[അടിക്കുറിപ്പ്]
a ഈ ലേഖന പരമ്പരയിൽ ആദരണീയരായ ശിശുപരിപാലന വിദഗ്ധരുടെ വീക്ഷണങ്ങളാണ് ഉണരുക! അവതരിപ്പിക്കുന്നത്. കാരണം ഇത്തരത്തിലുള്ള കണ്ടെത്തലുകൾ മാതാപിതാക്കൾക്ക് പ്രയോജനപ്രദവും വിജ്ഞാനപ്രദവും ആയിരുന്നേക്കാം. എന്നിരുന്നാലും, ഉണരുക! സംശയലേശമെന്യേ ഉയർത്തിപ്പിടിക്കുന്ന ബൈബിൾ നിലവാരങ്ങളിൽനിന്നു വ്യത്യസ്തമായി ഇത്തരം വീക്ഷണങ്ങൾ പലപ്പോഴും മാറ്റത്തിനും പുനഃപരിശോധനയ്ക്കും വിധേയമാണെന്നു മനസ്സിലാക്കേണ്ടതുണ്ട്.
[6-ാം പേജിലെ ചതുരം/ചിത്രം]
നിശ്ശബ്ദരായ ശിശുക്കൾ
കരയുകയോ ചിരിക്കുകയോ ചെയ്യാത്ത ശിശുക്കളുടെ എണ്ണം വർധിച്ചു വരികയാണെന്ന് ജപ്പാനിലെ ചില ഡോക്ടർമാർ പറയുന്നു. ശിശുരോഗവിദഗ്ധനായ സാതോഷി യാനാഗിസാവാ അവരെ നിശ്ശബ്ദരായ ശിശുക്കൾ എന്നു വിളിക്കുന്നു. ശിശുക്കൾ തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതു നിറുത്തുന്നത് എന്തുകൊണ്ടാണ്? അവർക്ക് മാതാപിതാക്കളുമായുള്ള സമ്പർക്കം ഇല്ലാതെ വരുമ്പോഴാണ് ഇത്തരമൊരു അവസ്ഥ സംജാതമാകുന്നതെന്ന് ചില ഡോക്ടർമാർ വിശ്വസിക്കുന്നു. ഈ അവസ്ഥയെ നിർബന്ധിത നിസ്സഹായത എന്നു വിളിക്കുന്നു. ആശയവിനിമയം നടത്താനുള്ള ആവശ്യം സ്ഥിരമായി അവഗണിക്കപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യുമ്പോൾ ശിശുക്കൾ അതിനായുള്ള പരിശ്രമം ക്രമേണ ഉപേക്ഷിക്കുന്നതായി ഒരു സിദ്ധാന്തം അഭിപ്രായപ്പെടുന്നു.
ശിശുവിനു തക്കസമയത്ത് ഉചിതമായ ഉദ്ദീപനം നൽകിയില്ലെങ്കിൽ, മറ്റുള്ളവരുടെ വികാരങ്ങളും വിഷമങ്ങളും മനസ്സിലാക്കാൻ അവനെ പ്രാപ്തനാക്കുന്ന തലച്ചോറിന്റെ ഭാഗം വികസിക്കാതിരുന്നേക്കാം എന്ന് ടെക്സാസ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ മനോരോഗ ചികിത്സാ വിഭാഗം മേധാവി ഡോ. ബ്രൂസ് പെറി പറയുന്നു. അങ്ങേയറ്റത്തെ വൈകാരിക അവഗണന സഹിക്കേണ്ടി വരുമ്പോൾ, സമാനുഭാവം തോന്നാനുള്ള പ്രാപ്തി പുനഃസ്ഥാപിക്കാൻ കഴിയാതവണ്ണം നഷ്ടപ്പെട്ടു പോയേക്കാം. ചില കേസുകളിൽ ലഹരി പദാർഥങ്ങൾക്ക് അടിമയാകുന്നതും കൗമാരപ്രായക്കാരിലെ അക്രമമനോഭാവവും ശൈശവത്തിലെ വൈകാരിക അവഗണനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡോ. പെറി വിശ്വസിക്കുന്നു.
[7-ാം പേജിലെ ചിത്രം]
മാതാപിതാക്കളും കുഞ്ഞും തമ്മിലുള്ള ബന്ധം ആശയവിനിമയത്തിലൂടെ ശക്തമാകുന്നു