കളിപ്പാട്ടങ്ങൾ അന്നും ഇന്നും
കളിപ്പാട്ടങ്ങൾ അന്നും ഇന്നും
ചരടുകൾ ചുറ്റിച്ചുറ്റി ഉണ്ടാക്കിയെടുത്ത പന്ത് പൊങ്ങിച്ചാടുന്നതു നോക്കി രസിക്കുകയാണ് കൊച്ചുഫിലിപ്പും * കൂട്ടുകാരും. പിന്നെ അതുകൊണ്ട് ഉശിരൻ കളി തുടങ്ങി, വലിയ ഫുട്ബോൾ കളിക്കാരാണെന്നാണ് അവരുടെ ഭാവം. മൈക്കിനെ നോക്കൂ, ഇത്തിരിപ്പോന്ന കാർ തന്റെ കയ്യിലിരിക്കുന്ന റിമോട്ട് കൺട്രോളിന്റെ ആജ്ഞ അനുസരിച്ചു നീങ്ങുന്നത് എങ്ങനെയെന്നു ചിന്തിച്ചു വിസ്മയം കൊള്ളുകയാണ് അവൻ. എത്ര അനായാസമാണ് അവൻ കാറിനെ മുന്നോട്ടും പിന്നോട്ടും ഓടിക്കുന്നത്. വീടിന്റെ സ്വകാര്യതയിൽ ആൻഡ്രേയായും കൊച്ചുകൂട്ടുകാരികളും പാവക്കുട്ടികളെ ഉടുപ്പും ഷൂസുമൊക്കെ ഇടുവിച്ച് ഒരുക്കുകയാണ്, വലുതാകുമ്പോൾ എങ്ങനെയൊക്കെ ഒരുങ്ങണം എന്നതിനെക്കുറിച്ചാണ് അവരുടെ സംസാരം.
ഈ കുട്ടികളുടെയെല്ലാം പക്കൽ ഉള്ളതെന്താണ്? കളിപ്പാട്ടങ്ങൾ. മണിക്കൂറുകളോളം അവർക്ക് അതുപയോഗിച്ച് കളിക്കാൻ പറ്റും. ചില കളിപ്പാട്ടങ്ങൾ ചില കുട്ടികൾക്ക് ശൈശവം മുതലുള്ള വിട്ടുപിരിയാത്ത കളിത്തോഴരാണ്. കരടിക്കുട്ടിയെപ്പോലുള്ള പ്രിയങ്കരമായ പാവകൾ അതിന് ഉദാഹരണമാണ്. അവ ചിലപ്പോൾ കുടുംബ ആൽബത്തിൽപ്പോലും കയറിക്കൂടുന്നു. കളിപ്പാട്ടങ്ങൾക്കു പിന്നിലെ കഥയെന്താണ്? എന്തുകൊണ്ടാണ് കുട്ടികൾക്ക് അവ ഏറെ പ്രിയങ്കരമായിരിക്കുന്നത്?
കളിപ്പാട്ടങ്ങളുടെ ഉത്ഭവം
“കളിക്കാനായി ഉപയോഗിക്കുന്ന സാധനത്തെയാണു പലപ്പോഴും കളിപ്പാട്ടം എന്നു വിളിക്കുന്നത്. കളിപ്പാട്ടങ്ങൾ, കളികൾ എന്നിവ അതിവിദൂര ഭൂതകാലത്തുനിന്ന്, നാനാതരം സംസ്കാരങ്ങളിൽനിന്ന് വന്നിരിക്കുന്നവയാണ്. ഏറ്റവും ലളിതമായവമുതൽ അതിസങ്കീർണമായവവരെ അവയുടെ കൂട്ടത്തിലുണ്ട്. ചില കുട്ടികൾ വെറുമൊരു വടിയെടുത്ത് ‘ഹോബിഹോഴ്സ്’ (ഒരു വടിയും അറ്റത്തു കുതിരത്തലയുമുള്ള,
ഇന്നത്തെ മരക്കുതിരയുടെ പ്രാചീന രൂപം) ആണെന്നു സങ്കൽപ്പിച്ച് കളിക്കും. എന്നാൽ മറ്റു ചില കളിപ്പാട്ടങ്ങൾ അതിനൂതനവും സങ്കീർണവുമാണ്,” ഒരു വിജ്ഞാനകോശം പറയുന്നു. അതുകൊണ്ട് വിനോദത്തിനും കളിക്കുമായി ഉപയോഗിക്കാവുന്ന എന്തു സാധനത്തെയും കളിപ്പാട്ടമെന്നു വിളിക്കാം. വിനോദത്തോടുള്ള താത്പര്യം മനുഷ്യനിൽ അന്തർലീനമാണ്. അതിനാൽ കളിപ്പാട്ടങ്ങൾക്ക് ഏതാണ്ട് മനുഷ്യചരിത്രത്തോളം പഴക്കമുണ്ടെന്നു കരുതുന്നതിൽ തെറ്റില്ല.ഉദാഹരണത്തിന്, പാവകളോ കുറഞ്ഞത് അവയുടെ ഭാഗങ്ങളോ പുരാതന ബാബിലോണിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിൽനിന്നു കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. പാവകളായിരിക്കണം കളിപ്പാട്ടങ്ങളിൽ ഏറ്റവും പഴക്കമുള്ളവ. മറ്റൊരു പ്രാചീന കളിപ്പാട്ടമാണു പന്ത്. പന്ത് ആദ്യമായി ഉപയോഗത്തിൽ വന്നത് എപ്പോഴാണെന്ന് അറിയാൻ നിർവാഹമില്ലെങ്കിലും കൽപ്പന്ത് ഉരുട്ടിക്കൊള്ളിക്കാൻ ഉപയോഗിച്ചിരുന്ന ശിലാനിർമിത സ്റ്റംപുകൾ പുരാതന ഈജിപ്തിലെ ഒരു കുട്ടിയുടെ ശവകുടീരത്തിൽനിന്നു കണ്ടെടുത്തിട്ടുണ്ട്.
കല്ലുകൊണ്ടു നിർമിച്ച യോ-യോ എന്നുപേരുള്ള ഒരു കളിപ്പാട്ടം മൂവായിരത്തിലേറെ വർഷംമുമ്പ് ഗ്രീസിൽ ഉണ്ടായിരുന്നു. അത് പുരാതന ചൈനയിൽ ഉപയോഗിച്ചിരുന്നിരിക്കാം എന്നു തെളിവുകൾ സൂചിപ്പിക്കുന്നു. കളിപ്പാവകളും ചേർത്തുവെച്ചു കളിക്കുന്നതിനായി ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ ജ്യാമിതീയ രൂപങ്ങളും റോമാക്കാരുടെ കുട്ടികളുടെ കളിക്കോപ്പുകളായിരുന്നു. ഗ്രീസിലും റോമിലുമുണ്ടായിരുന്ന ബാലന്മാർക്ക് കൊച്ചുകളിവണ്ടികളും ഉണ്ടായിരുന്നു. കളിവണ്ടികൾ കാലങ്ങളായി കുട്ടികളുടെ പ്രിയങ്കരമായ കളിക്കോപ്പുകളാണെന്ന് ഇതു കാണിക്കുന്നു. കളിമണ്ണുകൊണ്ടുണ്ടാക്കിയ ചക്രംപിടിപ്പിച്ച ഒരു മൃഗരൂപം ഒരു മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്, ഇത് പ്രാചീന മെക്സിക്കൻ സംസ്കാരത്തിൽനിന്നുള്ള ഒരു കളിക്കോപ്പ് ആയിരിക്കാം. ഈ സംസ്കാരവുമായി ബന്ധപ്പെട്ട് മറ്റു ചക്രങ്ങൾ ഒന്നും കണ്ടെടുത്തിട്ടില്ല എന്നതു രസാവഹമാണ്. മധ്യകാലഘട്ടങ്ങളിൽ ജന്തുക്കളുടെ ചില ആന്തരാവയവങ്ങൾ വീർപ്പിച്ച് വൃത്താകൃതിയിലോ ദീർഘവൃത്താകൃതിയിലോ ഉള്ള പന്തുകൾ ഉണ്ടാക്കിയിരുന്നു, ഇന്നത്തെ ഫുട്ബോൾ പോലെ ഇവ തൊഴിച്ചോ മറ്റോ ഒരു നിശ്ചിത ലക്ഷ്യത്തിലെത്തിച്ചിരുന്നു.
പിന്നീട്, 18-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ വിദ്യാഭ്യാസ ഉദ്ദേശ്യങ്ങൾക്കായി ജിഗ്സോപസിലുകൾക്ക് (ഒരു ചിത്രത്തിന്റെ വിവിധ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്ന കളി) രൂപം നൽകപ്പെട്ടു, 20-ാം നൂറ്റാണ്ടിന്റെ പ്രാരംഭദശയിൽ അവ വളരെ ജനപ്രീതിയാർജിച്ചു. ക്രേയോണുകൾക്കും പ്രചാരം സിദ്ധിച്ചുതുടങ്ങി. ഐക്യനാടുകളിൽ ഒരു കമ്പനിതന്നെ 10,000 കോടിയിലേറെ ക്രേയോണുകൾ ഉത്പാദിപ്പിച്ചിരിക്കുന്നു. അതേ, നാം ഇന്നു കാണുന്ന ചില കളിക്കോപ്പുകൾ വിദൂര ഭൂതകാലത്തു രൂപമെടുത്തവയാണ്. അവ ആളുകളുടെ ജീവിതത്തിൽ ഒരു സുപ്രധാന സ്ഥാനം അലങ്കരിച്ചിരിക്കുന്നു.
കളിയുടെയും കളിക്കോപ്പുകളുടെയും ആവശ്യം
“കളി കുട്ടികൾക്കു സഹജമാണ്. ശാരീരികവും മാനസികവും സാമൂഹികവും ആയ വളർച്ചയ്ക്കും കാര്യങ്ങൾ പഠിക്കുന്നതിനും ഉള്ള നിരവധി അവസരങ്ങളാണ് കുട്ടികൾക്കു കളിയിലൂടെ ലഭിക്കുന്നത്. കളിക്കുക എന്നത് കുട്ടികളുടെ ജോലിയാണെങ്കിൽ കളിപ്പാട്ടങ്ങളാണ് ആ ജോലിക്കുള്ള ഉപകരണങ്ങൾ. അനുയോജ്യമായ കളിക്കോപ്പുകൾ അവരുടെ ജോലി ഫലപ്രദമായി ചെയ്യാൻ സഹായിക്കും” എന്നു പറഞ്ഞുകൊണ്ട് കുട്ടികൾക്കു യോജിച്ച കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സഹായിക്കുന്ന ഒരു ഗവൺമെന്റൽ ഗൈഡ് കളിപ്പാട്ടങ്ങളുടെ പ്രാധാന്യത്തെ വർണിക്കുകയുണ്ടായി.
കളിപ്പാട്ടങ്ങൾകൊണ്ടുള്ള കളി നല്ല രസമാണ്. അതുതന്നെയാണ് അവയ്ക്ക് ഇത്ര പ്രചാരം സിദ്ധിക്കാനുള്ള മുഖ്യകാരണവും. എന്നാൽ അതിനു പുറമേ, കുട്ടിയുടെ വളർച്ചയിൽ അവ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു. പിൻവരുന്ന ഉദാഹരണങ്ങൾ പരിചിന്തിക്കുക: കുട്ടി ഒരു കളിവണ്ടി തള്ളിവിടുമ്പോൾ മാംസപേശികൾ ചലിപ്പിക്കാനുള്ള അവന്റെ കഴിവു മെച്ചപ്പെടുന്നു. സ്കിപ്പിങ് പോലുള്ള സംഗതികൾ ചെയ്യുമ്പോൾ അത് കുട്ടിയുടെ ഏകോപനപ്രാപ്തി മെച്ചപ്പെടുത്തുന്നു. സൈക്കിൾ ഓടിക്കുമ്പോഴോ ഒറ്റക്കാലിൽനിന്നിട്ട് മറ്റേക്കാലുകൊണ്ടു പന്തു തൊഴിക്കുമ്പോഴോ അവൻ സമതുലനം പഠിക്കുന്നു. ചതുരക്കട്ടകൾകൊണ്ട് എന്തെങ്കിലും രൂപമുണ്ടാക്കുകയോ ചിത്രം വരയ്ക്കുകയോ ചെയ്യുമ്പോൾ തന്റെ ചലനങ്ങൾ സൂക്ഷ്മമായി നിയന്ത്രിക്കാൻ അവൻ പഠിക്കുന്നു.
കുട്ടിയുടെ ബുദ്ധിശക്തി സംബന്ധിച്ചോ? കുട്ടിയുടെ കളികളിൽ പാട്ടുണ്ടെങ്കിൽ അവന്റെ ഭാഷാപ്രാപ്തികൾ
വികസിക്കുന്നു. സ്കിപ്പിങ് ചെയ്യുമ്പോഴൊ കൂട്ടുകാരെ തൊട്ടിട്ട് ഓടുന്ന കളിയിലോ ഒക്കെ പാട്ടുകൾ പാടാനായേക്കും. കട്ടകൾകൊണ്ട് എന്തെങ്കിലും രൂപമുണ്ടാക്കുമ്പോഴോ, കളികളിലെ നിർദേശങ്ങൾ പാലിക്കുമ്പോഴോ ജിഗ്സോപസിലിന്റെ പല കഷണങ്ങൾ ചേർത്തുവെച്ച് ചിത്രം മുഴുമിപ്പിക്കുമ്പോഴോ കഥകൾ അഭിനയിച്ചു കാണിക്കുമ്പോഴോ വേഷംകെട്ടി കളിക്കുമ്പോഴോ ഒക്കെ അവന്റെ ചിന്താപ്രാപ്തിയും സർഗാത്മകതയും ഉത്തേജിപ്പിക്കപ്പെടുന്നു. കുട്ടി സംഗീതോപകരണം വായിക്കുമ്പോഴും ചിത്രരചനയോ കരകൗശലപ്പണികളോ ചെയ്യുമ്പോഴും ഇതുതന്നെയാണു സംഭവിക്കുന്നത്.കുട്ടികൾ സാമൂഹിക പ്രാപ്തികൾ ആർജിക്കുന്നതിൽ, അതായത് മറ്റുള്ളവരോട് ഇടപെടേണ്ടവിധം പഠിക്കുന്നതിൽ കളികൾ വഹിക്കുന്ന പങ്ക് ചെറുതല്ല. പ്രത്യേകിച്ച് പന്തുകളിപോലെ ടീംചേർന്നുള്ള കളികളിൽ ഏർപ്പെടുന്നത് അതിനു സഹായകമാണ്. ഡോ. ബ്രൂസ് ഡങ്കൻ പെറി പറയുന്നു: “ചുറ്റുമുള്ള ആളുകളെക്കുറിച്ചു മനസ്സിലാക്കാൻ കുട്ടിക്ക് അപ്പോൾ അവസരം ലഭിക്കുന്നു. കൂടുതൽ സമാനുഭാവം കാണിക്കാനും നിസ്സ്വാർഥനായി ഇടപെടാനും അവൻ പഠിച്ചേക്കാം. കൂട്ടുകാരോടൊപ്പം കളിക്കുമ്പോൾ ഒരു കൂട്ടം സാമൂഹിക നിയമങ്ങൾ അവൻ പഠിക്കുന്നു. ഉദാഹരണത്തിന്, മറ്റുള്ളവരോടൊപ്പം ആയിരിക്കുമ്പോൾ ആത്മനിയന്ത്രണം പാലിക്കാനും മോഹഭംഗങ്ങൾ സഹിക്കാനും അവൻ പഠിച്ചെടുക്കുന്നു.”
ഇനി, മുതിർന്നവർ ചെയ്യുന്നതു പകർത്താനും കുട്ടികൾ കളിക്കോപ്പുകൾ ഉപയോഗിക്കുന്നു. “അനുകരണ പ്രാപ്തി ശൈശവം മുതൽ മനുഷ്യനിൽ അന്തർലീനമാണ്” എന്ന് ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടിൽ പറഞ്ഞു. ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും കുട്ടികൾ അനുകരിക്കുന്നു, അങ്ങനെ അവർ അവ കളികളിലൂടെ പഠിച്ചെടുക്കുന്നു. കൊച്ചുപെൺകുട്ടികൾ പാവക്കുട്ടികളെ ആട്ടിയുറക്കുന്നതു നാം കണ്ടിട്ടുണ്ട്. വർഷങ്ങൾ കഴിഞ്ഞ് അവൾ അമ്മയാകുമ്പോൾ സ്വന്തം കുഞ്ഞിനെ അവൾ അങ്ങനെ ആട്ടിയുറക്കിയേക്കാം. കൊച്ചുപെൺകുട്ടികൾ കൂട്ടുകാരോടൊപ്പം ‘കഞ്ഞിയുംകറിയും’ കളിക്കുന്നതും സാധാരണമാണ്. വണ്ടിയോടിക്കുന്നതാണ് പൊതുവേ ആൺകുട്ടികൾക്ക് ഇഷ്ടം. എഞ്ചിന്റെ ശബ്ദംപോലും വായ്കൊണ്ടു കേൾപ്പിച്ച് ഈ കുട്ടികൾ വണ്ടിയോടിച്ചുനടക്കും, ഇത് ഭാവിയിലേക്കൊരു പരിശീലനമാകുന്നു. എന്നിരുന്നാലും, നിങ്ങളുടെ കുട്ടികൾക്കുവേണ്ടി കളിക്കോപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ ചില ഘടകങ്ങൾ പരിചിന്തിക്കേണ്ടതുണ്ട്. എന്തുകൊണ്ട്?
കളിക്കോപ്പുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കൽ
“ഇന്നത്തെ കളിപ്പാട്ടങ്ങൾ അക്രമവും നിയമരാഹിത്യവും മുഖമുദ്രയായ ഒരു സമൂഹത്തിന്റെ ചിന്താഗതിയെ ഉന്നമിപ്പിക്കുന്നവയാണ്” എന്ന് ലണ്ടന്റെ ദ ഡെയ്ലി ടെലഗ്രാഫ് പറയുന്നു. ഇവിടെ എല്ലാ കളിക്കോപ്പുകളെയും അടച്ചുപറയുകയല്ലെങ്കിലും പരമ്പരാഗത കളിപ്പാട്ടങ്ങൾ കുറഞ്ഞുവരുകയാണ് എന്നതാണു വസ്തുത. “വിരൂപവും അമിത പേശീബലമുള്ളതെന്നു തോന്നിക്കുന്നതും . . . കാഴ്ചയിൽ അക്രമാസക്തവുമായ” കളിപ്പാട്ടങ്ങളുടെ എണ്ണം കൂടിവരുകയും ചെയ്യുന്നു എന്ന് ലാ ഹൊർനാഡാ എന്ന മെക്സിക്കൻ വർത്തമാനപ്പത്രത്തിൽ വന്ന ഒരു ലേഖനം പറയുന്നു. സോചിമിൽകോ ഓട്ടോണമസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകയും അധ്യാപികയുമായ പാട്രിസ്യാ എർലിക്കിന്റെ അഭിപ്രായം പ്രസ്തുത ലേഖനത്തിൽ ഉദ്ധരിക്കുകയുണ്ടായി. കൈയൂക്ക്, അടക്കിഭരിക്കൽ എന്നിവയെ ഉയർത്തിക്കാട്ടുന്നവയാണ് വിപണിയിൽ കിട്ടുന്ന മിക്ക കളിക്കോപ്പുകളും. ഇവ അക്രമം, ബലപ്രയോഗം, കീഴ്പെടുത്തൽ, ഭയം എന്നിവയെ അഭികാമ്യ ഗുണങ്ങളായി ഉന്നമിപ്പിക്കുന്നുവെന്ന് പാട്രിസ്യാ അഭിപ്രായപ്പെട്ടു.
അക്രമത്തെ ഉന്നമിപ്പിക്കുന്ന കളിക്കോപ്പുകളുമായി ഇടപഴകുന്നത്, “കുട്ടി കാര്യങ്ങൾ പഠിച്ചെടുക്കുന്നതിനെയും അവന്റെ വളർച്ചയെയും പ്രതികൂലമായി ബാധിച്ചേക്കാം. ദ്രോഹകരമായ പരിണതഫലങ്ങളും അതു വരുത്തിവെച്ചേക്കാം” എന്ന് ഐക്യനാടുകളിലെ നാഷണൽ അസ്സോസിയേഷൻ ഓഫ് സ്കൂൾ സൈക്കോളജിസ്റ്റ്സ് തറപ്പിച്ചുപറയുന്നു. അക്രമാസക്ത പെരുമാറ്റങ്ങളിലേക്കും കുറ്റവാസനയിലേക്കും നയിക്കാൻ അക്രമം നിഴലിക്കുന്ന വീഡിയോകൾക്കും കമ്പ്യൂട്ടർ ഗെയിമുകൾക്കും കഴിയുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ട്, ഒരു കുട്ടിയുടെ പരിപാലനച്ചുമതലയുള്ള ഓരോ മുതിർന്നയാളും കുട്ടിക്കുവേണ്ടി അനുയോജ്യമായ കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുന്നതിൽ നല്ലവണ്ണം ശ്രദ്ധിക്കണം.—26-ാം പേജിലെ ചതുരം കാണുക.
ആധുനിക സാങ്കേതികവിദ്യയുടെ വികാസം വൈവിധ്യമാർന്ന രൂപത്തിലുള്ള, അതിസങ്കീർണമായ സവിശേഷതകളോടുകൂടിയ കളിപ്പാട്ടങ്ങളെ വിപണിയിൽ ലഭ്യമാക്കിയിരിക്കുന്നു. എന്നാൽ ഈ കളിപ്പാട്ടങ്ങൾ കുടുംബത്തിന്റെ കൊക്കിലൊതുങ്ങാത്തവയോ കുട്ടികൾ പെട്ടെന്ന് മടുത്തുപോകുന്ന തരത്തിലുള്ളവയോ ആയിരുന്നേക്കാം. അല്ലെങ്കിൽ അവ കുട്ടികൾക്കു നല്ലതല്ലായിരിക്കാം. ഒറ്റയ്ക്ക് അഞ്ചുമക്കളെ പോറ്റുന്ന ഓസ്ട്രേലിയയിൽനിന്നുള്ള ലിയാൻ പറയുന്നു: “പരസ്യം കണ്ടു മോഹിച്ച് എന്റെ മൂത്ത പുത്രന്മാർ വിലകൂടിയ കമ്പ്യൂട്ടർ ഗെയിം വാങ്ങിത്തരാൻ പലപ്പോഴും ആവശ്യപ്പെടാറുണ്ട്. എന്നിരുന്നാലും, വലിയ വിലയില്ലാത്ത ഒരു ബാറ്റും ഒരു റബ്ബർ പന്തുംകൊണ്ട് തൊടിയിൽ കളിക്കുമ്പോഴാണ് അവർക്ക് കൂടുതൽ നേരം ഉല്ലാസവും വ്യായാമവും കിട്ടുന്നതെന്നു തോന്നുന്നു. ലളിതമായ കളിക്കോപ്പുകളാണ് ഏറ്റവുമധികം ഈടുനിൽക്കുന്നവ എന്നു ഞാൻ മനസ്സിലാക്കുന്നു, എന്റെ കുട്ടികൾക്ക് അവരുടെ ഭാവന ഏറ്റവുമധികം ഉപയോഗിക്കാൻ പറ്റിയവയും അവയാണ്.”
സ്വന്തമായി കളിപ്പാട്ടങ്ങൾ ഉണ്ടാക്കരുതോ?
കുട്ടികളോട് ഒരു വാക്ക്: നിങ്ങൾക്ക് ഏറ്റവും പുതിയതരം കളിപ്പാട്ടങ്ങൾ സ്വന്തമാക്കാനുള്ള പണമില്ലെങ്കിൽ വിഷമിക്കേണ്ടതില്ല. നിങ്ങളുടെ ഭാവനയും സർഗാത്മക പ്രാപ്തികളും ഉപയോഗിച്ച് സ്വന്തമായി കളിപ്പാട്ടങ്ങൾ ഉണ്ടാക്കാമല്ലോ. ലോകത്തിന്റെ പല ഭാഗങ്ങളിലും നിങ്ങളെപ്പോലെയുള്ള കുട്ടികൾ സ്വന്തമായി കളിപ്പാട്ടങ്ങൾ ഉണ്ടാക്കിയെടുക്കുന്നു.
ഈ പേജുകളിലെ ചിത്രങ്ങൾ നോക്കുക. ഈ കുട്ടികൾ കളി ശരിക്കും ആസ്വദിക്കുന്നതായി തോന്നുന്നില്ലേ? ചില “വണ്ടികൾ” ഉണ്ടാക്കിയെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. പഴയ കമ്പിക്കഷണങ്ങൾ ശേഖരിച്ച് ശരിയായ ആകൃതിയിൽ വളച്ച് ഒക്കെ വേണം അതു ചെയ്യാൻ. ചക്രങ്ങളുണ്ടാക്കാൻ, റബ്ബറോ പ്ലാസ്റ്റിക്കോ വൃത്താകൃതിയിൽ മുറിച്ചെടുത്താൽ മതി. പാൽക്കുപ്പികളും ശീതളപാനീയങ്ങൾ കിട്ടുന്ന കുപ്പികളും കൊണ്ടുണ്ടാക്കിയ ട്രെയിൻ കണ്ടിട്ട് എന്തു തോന്നുന്നു? തടിക്കഷണങ്ങൾകൊണ്ട് ഉണ്ടാക്കിയ ട്രക്ക് ഇഷ്ടപ്പെട്ടോ? ചിലപ്പോൾ ഇങ്ങനെയുണ്ടാക്കുന്ന കളിവണ്ടികളിൽ സഞ്ചരിക്കാൻപോലും കഴിയും, അത്തരമൊന്നാണ് ഒരു ആഫ്രിക്കൻ ഭവനത്തിൽ നിർമിച്ച ഈ സ്കൂട്ടർ. കളി രസകരമാക്കുന്നതിന് വിലകൂടിയ കളിക്കോപ്പുകൾ ഉണ്ടായിരിക്കണമെന്നില്ലെന്ന് ഈ കുട്ടികൾക്കറിയാം. അവ ഉണ്ടാക്കുന്നതുതന്നെ വലിയ രസമാണ്. എന്താ ഒന്നു പരീക്ഷിച്ചുനോക്കിയാലോ?
[അടിക്കുറിപ്പ്]
^ പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
[26-ാം പേജിലെ ചതുരം/ചിത്രം]
നല്ല ഒരു കളിപ്പാട്ടം. . .
● കുട്ടിയുടെ പ്രായം, കഴിവുകൾ, ശാരീരികപ്രാപ്തികൾ എന്നിവയ്ക്ക് ചേർന്നതും സുരക്ഷിതവും ആയിരിക്കും
● നന്നായി നിർമിച്ചതും ഈടുനിൽക്കുന്നതുമായിരിക്കും (എല്ലാം വലിച്ചുപറിച്ച് വേർപെടുത്താനുള്ള പ്രവണത കുട്ടികൾക്കുണ്ട്)
● കുട്ടിക്ക് ആകർഷകമായിരിക്കും, അവന്റെ ശ്രദ്ധ പിടിച്ചുപറ്റി അവനെ രസിപ്പിക്കുന്നതായിരിക്കും
● അവന്റെ സർഗാത്മകതയെയും ഭാവനയെയും ഉത്തേജിപ്പിക്കുന്നതായിരിക്കും
● കുടുംബത്തിനു താങ്ങാവുന്നതായിരിക്കും
● വിഷമയമായിരിക്കില്ല
[27-ാം പേജിലെ ചതുരം/ചിത്രം]
കളിപ്പാട്ടത്തോടു ബന്ധപ്പെട്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ . . .
● മുതിർന്ന കുട്ടികളുടെ കളിക്കോപ്പുകൾ ചെറിയ കുട്ടികളുടെ കൈയെത്താത്തിടത്തു വെക്കുക
● എല്ലാ സുരക്ഷാ കുറിപ്പുകളും നിർദേശങ്ങളും ശ്രദ്ധാപൂർവം, സാധ്യമെങ്കിൽ കുട്ടിയോടൊത്തു വായിക്കുക
● കളിപ്പാട്ടം ശരിയായ വിധത്തിൽ ഉപയോഗിക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്യേണ്ടത് എങ്ങനെയെന്ന് കുട്ടിയെയും കൂട്ടുകാരെയും പഠിപ്പിക്കുക
● ഹാനികരമായ അളവിൽ ശബ്ദം ഉണ്ടാക്കുന്ന കളിപ്പാട്ടങ്ങൾ ഒഴിവാക്കുക
● കളിപ്പാട്ടങ്ങൾ ഇടയ്ക്കിടയ്ക്കു പരിശോധിക്കുക. കേടുപറ്റിയ പല കളിപ്പാട്ടങ്ങളും ഉടനടി നന്നാക്കുകയോ കളയുകയോ ചെയ്യേണ്ടതാണ്
● ഉന്നംപിടിക്കാൻ ഉപയോഗിക്കുന്ന കളിക്കോപ്പുകൾ, മൂർച്ചയേറിയ വക്കുകളുള്ളവ, വൈദ്യുത കളിപ്പാട്ടങ്ങൾ എന്നിവ അപകടസാധ്യതയുള്ളവയാണ്. ഇവയൊക്കെ മുതിർന്നവരുടെ മേൽനോട്ടത്തിൽ മുതിർന്ന കുട്ടികൾ മാത്രം ഉപയോഗിക്കുക
● കളിപ്പാട്ടത്തിന്റെ ഏതെങ്കിലും ഭാഗം കൊച്ചുകുട്ടികൾ വിഴുങ്ങാൻ സാധ്യതയുള്ളതാണെങ്കിൽ അത് അവരുടെ എത്തുപാടിൽനിന്നു മാറ്റിവെക്കണം
[24-ാം പേജിലെ ചിത്രം]
ഉരുളുന്ന പ്രതലത്തിൽ ഉറപ്പിച്ച സിംഹത്തിന്റെയും മുള്ളൻപന്നിയുടെയും രൂപങ്ങൾ, പൊതുയുഗത്തിനുമുമ്പ് രണ്ടാം സഹസ്രാബ്ദം, ഇറാൻ
[കടപ്പാട്]
സിംഹവും മുള്ളൻപന്നിയും: Erich Lessing/Art Resource, NY
[25-ാം പേജിലെ ചിത്രം]
കളിമൺപാവ, ഏകദേശം പൊ.യു.മു. 600, ഇറ്റലി
[25-ാം പേജിലെ ചിത്രം]
പമ്പരം, ഏകദേശം പൊ.യു.മു. 480, പൗരാണിക ഗ്രീക്ക് സംസ്കൃതിയുടെ കാലഘട്ടം
[25-ാം പേജിലെ ചിത്രം]
ചോളത്തിന്റെ ഉമികൊണ്ടുള്ള പാവ, കൊളോണിയൽ അമേരിക്ക
[25-ാം പേജിലെ ചിത്രം]
ക്രേയോണുകൾ, 1900-കളുടെ തുടക്കം, ഐക്യനാടുകൾ
[26-ാം പേജിലെ ചിത്രങ്ങൾ]
വീട്ടിൽ നിർമിച്ച കളിക്കോപ്പുകളുമായി കുട്ടികൾ
[25-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കളിമൺപാവ: Erich Lessing/Art Resource, NY; പമ്പരം: Réunion des Musées Nationaux/ Art Resource, NY; ചോളത്തിന്റെ ഉമികൊണ്ടുള്ള പാവ: Art Resource, NY