ദൈവത്തിൽ ആശ്രയിക്കാൻ ഞാൻ പഠിച്ചു
ദൈവത്തിൽ ആശ്രയിക്കാൻ ഞാൻ പഠിച്ചു
എല്ലാ ടോം പറഞ്ഞപ്രകാരം
ദക്ഷിണ എസ്തോണിയയിലെ ഒരു ചെറിയ പട്ടണമായ ഓട്ടെപ്പയ്ക്ക് അടുത്താണ് എന്റെ കുടുംബം താമസിച്ചിരുന്നത്. റഷ്യൻ അതിർത്തിയിൽനിന്ന് ഏകദേശം 60 കിലോമീറ്റർ മാറിയാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. എന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയായി ഏതാനും മാസത്തിനുശേഷം, അതായത് 1944 ഒക്ടോബറിൽ, രണ്ടാം ലോകമഹായുദ്ധം അവസാനത്തോട് അടുക്കുകയായിരുന്നു. റഷ്യൻ സൈന്യം എസ്തോണിയയിലൂടെ ജർമൻകാരെ തുരത്തിയപ്പോൾ, ഞങ്ങളും അയൽക്കാരും—ഏകദേശം 20 പേർ അടങ്ങുന്ന സംഘം—വളർത്തുമൃഗങ്ങളെയുംകൊണ്ട് കാട്ടിൽ ഒളിച്ചു.
ചുറ്റും ബോംബുകൾ വീണുകൊണ്ടിരുന്നു. ആ രണ്ടു മാസം യുദ്ധഭൂമിയുടെ നടുവിൽ അകപ്പെട്ടുപോയ പ്രതീതിയാണുണ്ടായത്. ഞങ്ങൾ എല്ലാവരും ഒരുമിച്ചിരിക്കുന്ന സമയത്ത് ഞാൻ ബൈബിളിൽനിന്നുള്ള ഭാഗങ്ങൾ വായിക്കുമായിരുന്നു, പ്രത്യേകിച്ച് വിലാപങ്ങൾ എന്ന പുസ്തകത്തിൽനിന്ന്. ജീവിതത്തിൽ ആദ്യമായി ഞാൻ ബൈബിൾ വായിച്ചത് അപ്പോഴായിരുന്നു. ഒരു ദിവസം ഞാൻ ഉയരമുള്ള ഒരു കുന്നിൻ മുകളിൽ കയറി, മുട്ടിന്മേൽനിന്നു പ്രാർഥിച്ചു. “യുദ്ധം അവസാനിച്ചശേഷം, എല്ലാ ഞായറാഴ്ചയും ഞാൻ പള്ളിയിൽ പോയിക്കൊള്ളാം,” ദൈവത്തിനു ഞാൻ വാക്കുകൊടുത്തു.
അധികം താമസിയാതെ സേന പടിഞ്ഞാറോട്ടു നീങ്ങി. അവസാനം 1945 മേയിൽ ജർമനി കീഴടങ്ങിയതോടെ യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. അതോടെ ദൈവത്തോടു ചെയ്ത വാഗ്ദാനത്തിനു ചേർച്ചയിൽ ഞാൻ എല്ലാ ആഴ്ചയും പള്ളിയിൽ പോകാൻ തുടങ്ങി. പക്ഷേ പ്രായമായ കുറെ സ്ത്രീകൾ മാത്രമേ പള്ളിയിൽ വന്നിരുന്നുള്ളൂ. അവിടെ പോകാൻ എനിക്കു നാണക്കേടു തോന്നി. യാദൃച്ഛികമായി ആരെങ്കിലും ഞങ്ങളുടെ വീട്ടിൽ വന്നാൽ ഞാൻ ബൈബിൾ മേശയ്ക്കടിയിൽ ഒളിച്ചുവെക്കുമായിരുന്നു.
അധികം താമസിയാതെ ഒരു സ്കൂളിൽ അധ്യാപികയായി എനിക്കു ജോലി കിട്ടി. ആ സമയമായപ്പോഴേക്കും കമ്മ്യൂണിസ്റ്റുകാർ ഭരണം ഏറ്റെടുക്കുകയും അനേകർ നിരീശ്വരവാദികളാകുകയും ചെയ്തിരുന്നു. എന്നിരുന്നാലും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ ഞാൻ വിസമ്മതിച്ചു. കുട്ടികൾക്കുവേണ്ടി നാടോടി നൃത്തങ്ങൾ സംഘടിപ്പിക്കുന്നതുപോലുള്ള സാമൂഹിക പ്രവർത്തനങ്ങളിൽ ഞാൻ തിരക്കോടെ ഏർപ്പെട്ടു.
സാക്ഷികളെ പരിചയപ്പെടുന്നു
ഡാൻസിനുവേണ്ടി കുട്ടികൾക്കു വിശേഷവസ്ത്രങ്ങൾ ആവശ്യമായിരുന്നു. അതുകൊണ്ട് 1945 ഏപ്രിലിൽ ഞാൻ നല്ലൊരു തയ്യൽക്കാരിയായ എമിലി സന്നാമീസിനെ കാണാൻ പോയി. അവർ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അവർ ചോദിച്ചു, “ലോകത്തിന്റെ ഇന്നത്തെ അവസ്ഥയെപ്പറ്റി എന്താണ് അഭിപ്രായം?” ഐക്യനാടുകളിലെ സാൻഫ്രാൻസിസ്കോയിൽ അപ്പോൾ ഒരു സമാധാന സമ്മേളനം നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് ഞാൻ പറഞ്ഞു, “അധികം താമസിയാതെ ഈ സർക്കാർ നീക്കംചെയ്യപ്പെടും, അതിനു വേണ്ടിത്തന്നെയാണ് ഈ സമാധാന സമ്മേളനം നടത്തുന്നത്.”
ഈ സമാധാന സമ്മേളനം നിലനിൽക്കുന്ന യാതൊരു പ്രയോജനവും കൈവരുത്തുകയില്ലെന്ന് എമിലി പറഞ്ഞു. എന്നിട്ട് അതിന്റെ കാരണവും അവർ ബൈബിളിൽനിന്ന് എനിക്കു കാണിച്ചുതന്നു. സൗമ്യപ്രകൃതക്കാരിയും മധ്യ വയസ്കയുമായ എമിലി പറയുന്നതു ശ്രദ്ധിക്കാൻ അപ്പോൾ ഞാൻ ഒരുക്കമല്ലായിരുന്നു. അതുകൊണ്ട് ഞാൻ അവിടെനിന്നു പോകുന്നതിനുമുമ്പ് അവർ എന്നോട് ഒരു ചോദ്യം ചോദിച്ചു, “ആദാമും ഹവ്വായും എവിടെ ജീവിക്കണമെന്നാണ്
ദൈവം ഉദ്ദേശിച്ചത് എന്ന് അറിയാമോ?” എനിക്ക് ഉത്തരം പറയാൻ കഴിയാതിരുന്നതിനാൽ അവർ പറഞ്ഞു, “ഡാഡിയോടു ചോദിക്കൂ.”വീട്ടിൽ തിരിച്ചെത്തിയ ഞാൻ ഡാഡിയോട് അതേപ്പറ്റി ചോദിച്ചു. അദ്ദേഹത്തിന് ഉത്തരമില്ലായിരുന്നു. ബൈബിൾ അങ്ങനെ ചുഴിഞ്ഞ് പഠിക്കേണ്ടതില്ലെന്നും നമുക്കു വിശ്വാസമുണ്ടായിരുന്നാൽ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. വസ്ത്രങ്ങൾ തിരിച്ചുമേടിക്കാൻ പോയപ്പോൾ, എമിലിയുടെ ചോദ്യത്തിനുള്ള ഉത്തരം ഡാഡിക്ക് അറിയില്ലെന്ന് ഞാൻ പറഞ്ഞു. എമിലിയും അവരുടെ ചേച്ചിയും ബൈബിളിൽനിന്ന്, ആദാമിനും ഹവ്വായ്ക്കും ദൈവം നൽകിയ നിർദേശം എന്നെ വായിച്ചു കേൾപ്പിച്ചു. ഉദ്യാന ഭവനത്തെ പരിപാലിക്കുകയും സന്തോഷത്തോടെ അവിടെ എന്നേക്കും ജീവിക്കുകയും ചെയ്യുക എന്നതായിരുന്നു അത്. ആദാമിനും ഹവ്വായ്ക്കും മക്കളുണ്ടാകണമെന്നും അവർ പറുദീസാ ഭവനം മുഴു ഭൂമിയിലും വ്യാപിപ്പിക്കണമെന്നും ഉള്ളത് ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നെന്ന് അവർ ബൈബിളിൽനിന്ന് എനിക്കു കാണിച്ചുതന്നു. തിരുവെഴുത്തുപരമായ തെളിവുകൾ എന്നിൽ മതിപ്പുളവാക്കി!—ഉല്പത്തി 1:28; 2:8, 9, 15; സങ്കീർത്തനം 37:29; യെശയ്യാവു 45:18; വെളിപ്പാടു 21:3-5.
എന്റെ ആദ്യത്തെ ക്രിസ്തീയ സഭായോഗം
ആ വേനൽക്കാലത്ത്, അധ്യാപകർക്കുള്ള മൂന്നു മാസത്തെ ഒരു കോഴ്സിൽ സംബന്ധിക്കാൻ ടാർട്ടു നഗരത്തിൽ പോകേണ്ടിയിരുന്നതിനാൽ, അവിടെയുള്ള ഒരു സാക്ഷിയുടെ മേൽവിലാസം എമിലി എനിക്കു തന്നു. ഒപ്പം സൃഷ്ടി പുസ്തകവും. അടിസ്ഥാന ബൈബിൾ സത്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്ന ആ പുസ്തകം എന്നിൽ മതിപ്പുളവാക്കി. അങ്ങനെ 1945 ആഗസ്റ്റ് 4-ന്, എമിലി തന്ന മേൽവിലാസമനുസരിച്ച് ഞാൻ ആ വീട്ടിൽ പോയി.
ആരും വാതിൽ തുറക്കാതിരുന്നപ്പോൾ, ഞാൻ ശക്തിയായി വാതിലിൽ മുട്ടി. അതുകേട്ട അയൽവാസി എനിക്ക് മറ്റൊരു മേൽവിലാസം തന്നു—56 സാൽമെ തെരുവ്. അവിടെയെത്തിയ ഞാൻ ഒരു പണിപ്പുരയിൽ ഉരുളക്കിഴങ്ങിന്റെ തൊലികളഞ്ഞുകൊണ്ടിരുന്ന ഒരു സ്ത്രീയോട്, “ഇവിടെ സഭായോഗം നടക്കുന്നുണ്ടോ?” എന്നു ചോദിച്ചു. ഞാൻ അവിടെനിന്നു പോകണമെന്നും എനിക്കവിടെ സ്വാഗതമില്ലെന്നും ദേഷ്യത്തോടെ അവർ എന്നോടു പറഞ്ഞു. പോകാൻ വിസമ്മതിച്ചപ്പോൾ, ഒരു ബൈബിൾ പഠന കൂട്ടത്തോടൊപ്പം ചേരാൻ അവർ എന്നെ മുകൾനിലയിലേക്കു ക്ഷണിച്ചു. താമസിയാതെ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയായി. ഞാൻ പോകാൻ ഒരുങ്ങിയപ്പോൾ അവിടെയുണ്ടായിരുന്നവർ എന്നോട് പോകരുതെന്ന് അഭ്യർഥിച്ചു.
ഇടവേളയുടെ സമയത്തു ഞാൻ ചുറ്റും നോക്കിയപ്പോൾ, ജനലിനടുത്തായി മെലിഞ്ഞു ക്ഷീണിച്ച രണ്ട് യുവാക്കൾ ഇരിക്കുന്നതു കണ്ടു. പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ യുദ്ധ സമയത്ത് ഒരു വർഷത്തിലധികം അവർ വ്യത്യസ്ത ഒളിയിടങ്ങളിലായിരുന്നുവെന്നു ഞാൻ പിന്നീടു മനസ്സിലാക്കി. a ഉച്ചകഴിഞ്ഞുള്ള പരിപാടിയിൽ, ഫ്രിഡ്രിഹ് ഓൾട്ട്പെരെ ഒരു പ്രസംഗത്തിൽ “അർമഗെദോൻ” എന്ന വാക്ക് ഉപയോഗിച്ചു. ആ പദം എനിക്കു പരിചിതമല്ലായിരുന്നതിനാൽ, പിന്നീട് ഞാൻ അതേപ്പറ്റി ചോദിക്കുകയും അദ്ദേഹം എനിക്കു ബൈബിളിൽനിന്ന് അതു കാണിച്ചുതരികയും ചെയ്തു. (വെളിപ്പാടു 16:16) എന്റെ ആശ്ചര്യം കണ്ടപ്പോൾ, ഈ പദം എനിക്കു പരിചിതമല്ലാത്തതിൽ അദ്ദേഹത്തിനും അതിശയം തോന്നി.
പരസ്പരം അറിയാവുന്ന, വിശ്വസ്തരായ സാക്ഷികൾക്കുവേണ്ടി മാത്രം ക്രമീകരിച്ചിട്ടുള്ളതാണ് ആ യോഗമെന്ന് ഞാൻ തിരിച്ചറിഞ്ഞു. യുദ്ധത്തിനു ശേഷമുള്ള ആദ്യത്തെ സഭായോഗമായിരുന്നു അതെന്ന് പിന്നീടു ഞാൻ മനസ്സിലാക്കി! അപ്പോൾമുതൽ ദൈവത്തിൽ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം എനിക്കു കൂടുതൽ ബോധ്യപ്പെട്ടു. (സദൃശവാക്യങ്ങൾ 3:5, 6) ഒരു വർഷത്തിനു ശേഷം, 1946 ആഗസ്റ്റിൽ, 20-ാമത്തെ വയസ്സിൽ, സത്യദൈവമായ യഹോവയ്ക്കുള്ള എന്റെ സമർപ്പണത്തിന്റെ പ്രതീകമായി ഞാൻ സ്നാപനമേറ്റു.
കുടുംബാംഗങ്ങളുടെ എതിർപ്പ്
സ്കൂളിൽ നിരീശ്വരവാദം പഠിപ്പിക്കണമെന്ന് സർക്കാർ നിഷ്കർഷിച്ചു. അത് എന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷിക്കു വെല്ലുവിളി ഉയർത്തി. അത്തരമൊരു ഉദ്യോഗത്തിൽ തുടരാൻ എനിക്കു താത്പര്യമില്ലായിരുന്നു. ഞാൻ അത് അമ്മയോടു പറഞ്ഞപ്പോൾ അമ്മ എന്റെ മുടിക്കുത്തിനു പിടിക്കുകയും ദേഷ്യംകൊണ്ട് പൊട്ടിത്തെറിക്കുകയും ചെയ്തു. വീടു വിടാൻ ഞാൻ തീരുമാനിച്ചു. പക്ഷേ സഹിച്ചു നിൽക്കാൻ പിതാവ് എന്നെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹം എന്നെ സഹായിക്കാമെന്നേറ്റു.
എന്നെ എതിർക്കുന്നതിൽ സഹോദരൻ ആൻറ്സും അമ്മയോടു ചേർന്നു. ഒരു ദിവസം അവൻ ചില ബൈബിളധിഷ്ഠിത സാഹിത്യങ്ങൾ ആവശ്യപ്പെടുകയും അതു വായിക്കുകയും ചെയ്തു. അവന് അത് ഇഷ്ടമായി. ഇതും കൂടെയായപ്പോൾ അമ്മയ്ക്കു ഭ്രാന്തുപിടിച്ചതുപോലെയായി. സ്കൂളിൽപ്പോലും ആൻറ്സ് ദൈവത്തെപ്പറ്റി സംസാരിക്കാൻ തുടങ്ങി, പക്ഷേ പീഡനങ്ങളുണ്ടായപ്പോൾ അവൻ സാക്ഷികളോടു സഹവസിക്കുന്നതു നിറുത്തി. അധികം താമസിയാതെ ഒരു ഡൈവിങ് അപകടത്തിൽ തലയ്ക്കു പരുക്കേറ്റ അവന്റെ ശരീരം തളർന്നുപോയി, പക്ഷേ ബുദ്ധിക്ക് തകരാറൊന്നുമില്ലായിരുന്നു. “യഹോവ എന്നോടു ക്ഷമിക്കുമോ?” അവൻ ചോദിച്ചു. “ക്ഷമിക്കും” ഞാൻ പറഞ്ഞു. ഏതാനും ദിവസത്തിനകം ആൻറ്സ് മരിച്ചു. അവന് അപ്പോൾ 17 വയസ്സേ ഉണ്ടായിരുന്നുള്ളൂ.
1947 സെപ്റ്റംബറിൽ സ്കൂളിലെ ജോലി ഞാൻ ഉപേക്ഷിച്ചു. അമ്മയ്ക്ക് എന്നോടുള്ള ശത്രുതാ മനോഭാവത്തിന് ഒട്ടും കുറവുണ്ടായില്ല. എന്റെ വസ്ത്രങ്ങളെല്ലാം അമ്മ പുറത്തേക്ക് എറിഞ്ഞപ്പോൾ ഞാൻ വീടു വിട്ടു. എമിലിയും അവരുടെ ചേച്ചിയും എനിക്ക് അഭയംതന്നു. യഹോവ ഒരിക്കലും തന്റെ ദാസന്മാരെ ഉപേക്ഷിക്കുകയില്ല എന്ന അവരുടെ ഓർമിപ്പിക്കലുകൾ എനിക്കു പ്രോത്സാഹനമേകി.
യുദ്ധാനന്തര എസ്തോണിയയിലെ പരിശോധനകൾ
കൃഷിയിടത്തിൽത്തന്നെ താമസിച്ചു പണിയെടുക്കുന്ന കുടുംബങ്ങൾക്കു വേണ്ടി വസ്ത്രങ്ങൾ തുന്നുന്നതിൽ തങ്ങളോടൊപ്പം ചേരാൻ എമിലിയും ചേച്ചിയും എന്നെ അനുവദിച്ചു. കൃഷിക്കാരുമായി ബൈബിൾ സത്യം
പങ്കുവെക്കാൻ മിക്കപ്പോഴും ഞങ്ങൾക്കു സാധിച്ചിരുന്നു. അതു സന്തോഷകരമായ ഒരു സമയമായിരുന്നു. കാരണം ഞാൻ തയ്ക്കാൻ പഠിച്ചുവെന്നു മാത്രമല്ല ക്രിസ്തീയ ശുശ്രൂഷയിൽ കൂടുതൽ അനുഭവപരിചയം നേടാനും എനിക്കായി. തയ്യലിനു പുറമേ, ഒരു കണക്ക് അധ്യാപികയായും എനിക്കു ജോലി കിട്ടി. അങ്ങനെയിരിക്കെ 1948-ൽ അധികാരികൾ സാക്ഷികളെ അറസ്റ്റു ചെയ്യാൻ തുടങ്ങി.തുടർന്നുവന്ന വർഷം ഒക്ടോബറിൽ, ഒരു ഫാമിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ, എന്നെ അറസ്റ്റു ചെയ്യാൻ അധികാരികൾ എമിലിയുടെ വീട്ടിൽ പോയിരുന്നുവെന്ന് ഞാൻ അറിഞ്ഞു. ഹ്യൂഗോ സൂസി സഹോദരന്റെ ഫാമിൽ ഞാൻ അഭയം തേടിച്ചെന്നപ്പോൾ, അദ്ദേഹം അപ്പോൾ അറസ്റ്റു ചെയ്യപ്പെട്ടതേയുള്ളുവെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ വസ്ത്രങ്ങൾ തയ്ച്ചുകൊടുത്തിരുന്ന ഒരു സ്ത്രീ അവരോടൊപ്പം താമസിക്കാൻ എന്നെ ക്ഷണിച്ചു. പിന്നീട് ഓരോരോ ഫാമുകളിലായി ഞാൻ മാറിത്താമസിച്ചു, അപ്പോഴെല്ലാം തയ്യൽ ജോലിയോടൊപ്പം ഞാൻ പ്രസംഗപ്രവർത്തനവും മുമ്പോട്ടുകൊണ്ടുപോയി.
ശൈത്യം ആരംഭിച്ചപ്പോഴേക്കും, ലിൻഡ മെറ്റിഗിന്റെ ടാർട്ടുവിലുള്ള വീട്ടിൽവെച്ച് സോവിയറ്റ് രാഷ്ട്ര സുരക്ഷാ സമിതി (കെജിബി) എന്നെ പിടികൂടി. എന്നെക്കാളും ഏതാനും വയസ്സ് കൂടുതലുള്ള, തീക്ഷ്ണയായ ഒരു യുവ സാക്ഷിയായിരുന്നു ലിൻഡ. എന്നെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയി. വസ്ത്രമെല്ലാം അഴിച്ചുമാറ്റാൻ നിർബന്ധിതയായ എന്നെ യുവ പോലീസ് ഉദ്യോഗസ്ഥന്മാർ തുറിച്ചു നോക്കി. അങ്ങേയറ്റം അപമാനിതയായതുപോലെ എനിക്കു തോന്നി. എന്നിരുന്നാലും യഹോവയോടു പ്രാർഥിച്ചപ്പോൾ എനിക്ക് സമാധാനവും ശാന്തതയും അനുഭവപ്പെട്ടു.
അടുത്തതായി എന്നെ ചെറിയൊരു ജയിലറയിലിട്ടു. ഒന്നു കിടക്കാൻ പോലുമുള്ള സ്ഥലം അവിടെയുണ്ടായിരുന്നില്ല. ചോദ്യം ചെയ്യുന്നതിനുവേണ്ടി മാത്രമാണ് എന്നെ പുറത്തുകൊണ്ടുപോയിരുന്നത്. ഉദ്യോഗസ്ഥന്മാർ ഇപ്രകാരം പറയുമായിരുന്നു: “ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കാനൊന്നും ഞങ്ങൾ നിന്നോട് ആവശ്യപ്പെടുന്നില്ല. അസംബന്ധം നിറഞ്ഞ ആ പ്രസംഗപ്രവർത്തനം ഒന്നു നിറുത്താൻ മാത്രമേ പറയുന്നുള്ളൂ. അങ്ങനെയാണെങ്കിൽ നിനക്കു നല്ലൊരു ഭാവി ഉണ്ടായിരിക്കും.” അവർ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു: “നിനക്കു ജീവിക്കണോ? അതോ സൈബീരിയയിലെ ഏതെങ്കിലുമൊരു വയലിൽ നിന്റെ ദൈവത്തോടൊത്തു മരിക്കണോ?”
മൂന്നു ദിവസം, തുടർച്ചയായ ചോദ്യം ചെയ്യലിനിടയ്ക്കുള്ള സമയത്ത് എന്നെ ഉറങ്ങാൻ അനുവദിച്ചില്ല. ബൈബിൾ തത്ത്വങ്ങളെക്കുറിച്ചു ധ്യാനിച്ചതു സഹിച്ചുനിൽക്കാൻ എന്നെ സഹായിച്ചു. അവസാനം, ഞാൻ പ്രസംഗവേല തുടരുകയില്ലെന്നു പ്രസ്താവിക്കുന്ന ഒരു രേഖയിൽ ഒപ്പുവെക്കാൻ ഒരു ഉദ്യോഗസ്ഥൻ എന്നെ ക്ഷണിച്ചു. ഞാൻ പറഞ്ഞു, “ഞാൻ ഇതേപ്പറ്റി വളരെയധികം ആലോചിച്ചു, സ്വതന്ത്രയാവുകയും ദൈവത്തിന്റെ അംഗീകാരം നഷ്ടപ്പെടുകയും ചെയ്യുന്നതിനെക്കാൾ ദൈവവുമായുള്ള എന്റെ ബന്ധത്തിന് ഉലച്ചിൽ തട്ടാതെ തടവിലായിരിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്.” അതു കേട്ടപ്പോൾ ഉദ്യോഗസ്ഥൻ ആക്രോശിച്ചു: “വിഡ്ഢി! എല്ലാറ്റിനെയും അറസ്റ്റു ചെയ്ത് സൈബീരിയയിലേക്ക് അയയ്ക്കും!”
അപ്രതീക്ഷിതമായി സ്വതന്ത്രയാക്കപ്പെടുന്നു
ആശ്ചര്യകരമെന്നുപറയട്ടെ, പാതിരാത്രി ആകാറായപ്പോൾ, എന്റെ സാധനങ്ങളുമെടുത്ത് അവിടെനിന്നും പോകാൻ ഉദ്യോഗസ്ഥന്മാർ അപ്രതീക്ഷിതമായി എന്നോട് ആവശ്യപ്പെട്ടു. അവർ എന്നെ പിന്തുടരുമെന്ന് അറിയാമായിരുന്നതിനാൽ, സഹക്രിസ്ത്യാനികളുടെ വീടുകളിലേക്കു ഞാൻ പോയില്ല. പോയിരുന്നെങ്കിൽ അവർ പിടിയിലാകുമായിരുന്നു. തെരുവിലൂടെ ഞാൻ നടക്കവേ മൂന്നുപേർ എന്നെ പിന്തുടരുകതന്നെ ചെയ്തു. മാർഗനിർദേശത്തിനായി യഹോവയോടു പ്രാർഥിച്ചുകൊണ്ട് ഞാൻ ഇരുൾ മൂടിയ ഒരു തെരുവിലേക്കു തിരിഞ്ഞ് വേഗം ഒരു ഉദ്യാനത്തിലേക്ക് ഓടിമറഞ്ഞു. നിലത്തു കിടന്ന ഞാൻ ഇലകൾകൊണ്ടു ശരീരം മൂടി. കരിയിലകൾ ഞെരിഞ്ഞമരുന്ന സ്വരം എനിക്കു കേൾക്കാമായിരുന്നു, അവരുടെ ടോർച്ചുകളിൽനിന്നുള്ള വെളിച്ചവും ഞാൻ കണ്ടു.
ഏതാനും മണിക്കൂർ കടന്നുപോയി. അപ്പോഴേക്കും ഞാൻ തണുത്തുമരവിച്ചിരുന്നു. അവസാനം, കല്ലു പാകിയ നിരത്തിലൂടെ ഞാൻ നടന്നു. ശബ്ദമുണ്ടാക്കാതിരിക്കാൻ ഷൂസ് ഊരി കയ്യിൽ പിടിച്ചാണ് നടന്നത്. നഗരം വിട്ട്, ഹൈവേയുടെ അരികിലുള്ള തുരങ്കത്തിലൂടെ ഞാൻ നടന്നു. കാറുകൾ വരുന്നതു കാണുമ്പോൾ ഞാൻ നിലത്തു കിടക്കും. രാവിലെ അഞ്ചു മണിക്ക്, ടാർട്ടുവിൽനിന്ന് അകലെയല്ലാത്ത ഒരു സ്ഥലത്തു താമസിച്ചിരുന്ന ഒരു ദമ്പതികളുടെ വീട്ടിൽ ഞാൻ എത്തിച്ചേർന്നു. യൂറി ടോമെൽ എന്നും മീറ്റാ എന്നും ആയിരുന്നു അവരുടെ പേര്.
എന്റെ തണുപ്പകറ്റാനായി മീറ്റാ ഉടൻതന്നെ മുറി ചൂടാക്കാനുള്ള ക്രമീകരണം ചെയ്തു. പിറ്റേന്ന് ടാർട്ടുവിൽ പോയ മീറ്റാ, ലിൻഡ മെറ്റിഗുമായി ബന്ധപ്പെട്ടു. ലിൻഡ എന്നെ പ്രോത്സാഹിപ്പിച്ചു, “നമുക്ക് ഇപ്പോൾത്തന്നെ പ്രസംഗവേല തുടങ്ങുകയും എസ്തോണിയയിൽ ആകമാനം സുവാർത്ത എത്തിക്കുകയും ചെയ്യാം.” പുതിയ ഹെയർസ്റ്റൈൽ, അൽപ്പം മേക്കപ്പ്, കണ്ണട എന്നിവയാൽ എന്റെ രൂപത്തിനു മാറ്റം വരുത്തിയതിനുശേഷം, ഞങ്ങൾ പ്രസംഗ പ്രവർത്തനം ആരംഭിച്ചു. തുടർന്നുവന്ന മാസങ്ങളിൽ വളരെ ദൂരം സൈക്കിളിൽ സഞ്ചരിച്ച് ഞങ്ങൾ സുവാർത്ത പ്രചരിപ്പിച്ചു. വഴിയിലുള്ള ഫാമുകളിൽ താമസിക്കുന്ന സഹവിശ്വാസികളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
1950 ജൂലൈ 24-ന് ഓട്ടെപ്പയ്ക്കടുത്ത് ഒരു ബൈബിൾ വിദ്യാർഥിയുടെ വലിയ വൈക്കോൽപ്പുരയിൽവെച്ച് ഒരു കൺവെൻഷൻ നടത്താൻ സാക്ഷികൾ ക്രമീകരണം ചെയ്തു. സമ്മേളനപദ്ധതി കെജിബി മണത്തറിഞ്ഞുവെന്ന് ഞങ്ങൾ മനസ്സിലാക്കിയപ്പോൾ, സമ്മേളനസ്ഥലം b
ലക്ഷ്യമാക്കി യാത്ര ചെയ്തുകൊണ്ടിരുന്ന മിക്ക സാക്ഷികൾക്കും മുന്നറിയിപ്പു നൽകാൻ ഞങ്ങൾക്കു സാധിച്ചു. പിറ്റേ ദിവസം സമ്മേളനം നടത്താൻ മറ്റൊരു സ്ഥലം ക്രമീകരിച്ചു. സമ്മേളനത്തിൽ 115 പേർ ഹാജരായി. പരിശോധനകൾ നേരിടുമ്പോൾ വിശ്വസ്തരായി തുടരാൻ എന്നത്തെക്കാൾ ദൃഢചിത്തരായി, നിറഞ്ഞ സന്തോഷത്തോടെയാണ് എല്ലാവരും വീട്ടിലേക്കു മടങ്ങിയത്.അതിനുശേഷം, സഹക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നതിലും പ്രസംഗ പ്രവർത്തനത്തിലും ഞാനും ലിൻഡയും തുടർന്നു. ആ വർഷത്തിന്റെ ഒടുവിൽ ഉരുളക്കിഴങ്ങ് വിളവെടുപ്പിൽ പങ്കെടുത്ത ഞങ്ങൾ കൂട്ടുവേലക്കാരുമായി രാജ്യസന്ദേശം പങ്കുവെച്ചു. ഒരു കൃഷിയിടത്തിന്റെ ഉടമ തന്റെ ജോലിയൊക്കെ നിറുത്തി ഏകദേശം ഒരു മണിക്കൂർ ഞങ്ങൾ പറയുന്നതു ശ്രദ്ധിച്ചു. അദ്ദേഹം ഇപ്രകാരം പറഞ്ഞു, “ഇതുപോലുള്ള സന്ദേശം എന്നും കേൾക്കാൻ കഴിഞ്ഞെന്നു വരില്ല!”
ലിൻഡയും ഞാനും ടാർട്ടുവിലേക്കു മടങ്ങി. ലിൻഡയുടെ അമ്മ ഉൾപ്പെടെ കൂടുതൽ സാക്ഷികൾ അറസ്റ്റു ചെയ്യപ്പെട്ടതായി അവിടെവെച്ച് ഞങ്ങൾ മനസ്സിലാക്കി. അപ്പോഴേക്കും സന്നാമീസ് സഹോദരിമാർ ഉൾപ്പെടെ ഞങ്ങളുടെ മിക്ക സുഹൃത്തുക്കളും അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. കെജിബി ഞങ്ങളെ തിരയുന്നുണ്ടെന്ന് അറിയാമായിരുന്നതിനാൽ രണ്ടു സൈക്കിളുകൾ സംഘടിപ്പിച്ച് ടാർട്ടുവിനു വെളിയിൽ ഞങ്ങൾ പ്രസംഗ പ്രവർത്തനം തുടർന്നു. ഒരു ദിവസം രാത്രി, പുതുതായി സ്നാപനമേറ്റ അൽമാ വാർഡ്ജാ എന്ന സാക്ഷിയുടെ വീട്ടിൽവെച്ച് കെജിബി എന്നെ കണ്ടെത്തി. എന്റെ പാസ്പോർട്ട് പരിശോധിക്കവേ അവരിൽ ഒരാൾ വിളിച്ചു പറഞ്ഞു: “എല്ലാ! ഞങ്ങൾ നിന്നെ അന്വേഷിക്കാത്ത സ്ഥലമില്ല!” അന്ന് 1950 ഡിസംബർ 27 ആയിരുന്നു.
തടവിലാക്കപ്പെടുന്നു, പിന്നീട് സൈബീരിയയിലേക്ക്
ശാന്തരായി ഏതാനും സാധനങ്ങൾ പൊതിഞ്ഞുകെട്ടിയിട്ട് ഞാനും അൽമായും ആഹാരം കഴിക്കാനിരുന്നു. അതിശയം തോന്നിയ കെജിബി ഏജന്റുമാർ ഞങ്ങളോടു പറഞ്ഞു, “ഒന്നു കരയുകപോലും ചെയ്യാതെ ഇങ്ങനെയിരുന്നു ഭക്ഷണം കഴിക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു!” ഞങ്ങൾ മറുപടി പറഞ്ഞു, “ഞങ്ങൾ പുതിയ നിയമനം ഏറ്റെടുക്കാൻ പോകുകയാണ്. ഇനി എപ്പോഴാണ് ഭക്ഷണം കഴിക്കാൻ സാധിക്കുക എന്ന് ആർക്കറിയാം.” ഒരു പുതപ്പ് ഞാൻ കൂടെക്കരുതി, അത് ഉപയോഗിച്ചു ഞാൻ പിന്നീടു കയ്യുറകളും കാലുറകളും തുന്നിയെടുത്തു. തടവിലാക്കപ്പെട്ട് മാസങ്ങൾക്കു ശേഷം, 1951 ആഗസ്റ്റിൽ എസ്തോണിയയിലുള്ള മറ്റു സാക്ഷികളോടൊപ്പം ഞാൻ നാടുകടത്തപ്പെട്ടു. c
എസ്തോണിയയിൽനിന്നു ഞങ്ങളെ ട്രെയിൻ മാർഗം റഷ്യയിലുള്ള ലെനിൻഗ്രാഡിലേക്ക് (ഇപ്പോൾ സെന്റ് പീറ്റേഴ്സ്ബർഗ്) കൊണ്ടുപോയി. അവിടെനിന്ന് എന്നെ ഉത്തരധ്രുവത്തിൽനിന്നു മാറി സ്ഥിതിചെയ്യുന്ന, കോമി റിപ്പബ്ലിക്കിലുള്ള വോർക്കുടാ പട്ടണത്തിലെ കുപ്രസിദ്ധമായ അടിമ-തൊഴിൽപ്പാളയങ്ങളിലേക്ക് അയച്ചു. ഞങ്ങളുടെ കൂട്ടത്തിൽ മൂന്നു സാക്ഷികളുണ്ടായിരുന്നു. ഞാൻ സ്കൂളിൽ റഷ്യൻ ഭാഷ പഠിച്ചിട്ടുണ്ടായിരുന്നു, അറസ്റ്റു ചെയ്യപ്പെട്ടതുമുതൽ അതു പരിശീലിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ഞങ്ങൾ ക്യാമ്പിൽ എത്തിച്ചേർന്നപ്പോഴേക്ക് എനിക്കു റഷ്യൻ ഭാഷ ഒഴുക്കോടെ സംസാരിക്കാൻ കഴിഞ്ഞിരുന്നു.
വോർക്കുടയിൽവെച്ച് ഞങ്ങൾ യൂക്രെയിൻകാരിയായ ഒരു യുവതിയെ കണ്ടുമുട്ടി. പോളണ്ടിലെ ഒരു നാസി തടങ്കൽപ്പാളയത്തിൽവെച്ചാണ് അവൾ ഒരു സാക്ഷിയായത്. 1945-ൽ അവളെയും മറ്റു 14 സാക്ഷികളെയും ഒരു കപ്പലിൽ കയറ്റി ബാൾട്ടിക്ക് കടലിലേക്കു വിട്ടു. അവിടെവെച്ച് അതു മുക്കുക എന്നതായിരുന്നു ജർമൻകാരുടെ ഉദ്ദേശ്യം. എന്നിരുന്നാലും കപ്പൽ സുരക്ഷിതമായി ഡെന്മാർക്കിൽ എത്തിച്ചേർന്നു. പിന്നീടു റഷ്യയിൽ മടങ്ങിയെത്തിയതിനുശേഷം, പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെട്ടതിന് അവളെ അറസ്റ്റു ചെയ്യുകയും വോർക്കുടയിലേക്ക് അയയ്ക്കുകയും ചെയ്തു. അവിടെ അവൾ ഞങ്ങൾക്കു പ്രോത്സാഹനത്തിന്റെ ഉറവായിത്തീർന്നു.
ഞങ്ങൾ വേറെ രണ്ടു സ്ത്രീകളെയും കണ്ടുമുട്ടി. അവർ യൂക്രെനിയൻ ഭാഷയിൽ ചോദിച്ചു, “ഇക്കൂട്ടത്തിൽ യഹോവയുടെ സാക്ഷികൾ ആരെങ്കിലുമുണ്ടോ?” അവർ ഞങ്ങളുടെ ക്രിസ്തീയ സഹോദരിമാരാണെന്നു തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല. അവർ ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഞങ്ങൾക്കു വേണ്ടി കരുതുകയും ചെയ്തു. ഞങ്ങളെ സ്വീകരിക്കാൻ ഒരു കുടുംബം കാത്തിരിക്കുന്നതു പോലെയായിരുന്നു അതെന്ന് മറ്റു തടവുകാർ അഭിപ്രായപ്പെട്ടു.
മൊർഡോവിയൻ ക്യാമ്പുകളിലേക്കു മാറ്റപ്പെടുന്നു
1951 ഡിസംബറിൽ എനിക്ക് തൈറോയിഡ് തകരാറുള്ളതായി ഒരു വൈദ്യപരിശോധനയിൽ കണ്ടെത്തി. അതേത്തുടർന്ന്, ഏകദേശം 1,500 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മൊർഡോവിയയിലെ കൂറ്റൻ തടങ്കൽ സമുച്ചയത്തിലേക്ക് എന്നെ മാറ്റി. ഇതു മോസ്കോയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ തെക്കുകിഴക്കാണ്. സ്ത്രീകൾക്കു വേണ്ടി മാത്രമുള്ള ക്യാമ്പുകളിലാണ് എന്നെ പാർപ്പിച്ചിരുന്നത്. തുടർന്നു വന്ന വർഷങ്ങളിൽ
ഈ ക്യാമ്പുകളിൽവെച്ച് ജർമനി, ഹംഗറി, പോളണ്ട്, യൂക്രെയിൻ എന്നിവിടങ്ങളിൽനിന്നുള്ള സാക്ഷികളെ ഞാൻ പരിചയപ്പെട്ടു. ഞാൻ മൈമുവിനെയും പരിചയപ്പെട്ടു. അവർ എസ്തോണിയയിൽനിന്നുള്ള ഒരു രാഷ്ട്രീയ തടവുകാരിയായിരുന്നു.എസ്തോണിയയിൽ തടവിലായിരുന്നപ്പോൾ, മൈമു ഒരു കുഞ്ഞിനു ജന്മം നൽകിയിരുന്നു. ദയ തോന്നിയ ഗാർഡ് ആ കുഞ്ഞിനെ മൈമുവിന്റെ അമ്മയെ ഏൽപ്പിച്ചു. മൊർഡോവിയയിലെ തടവിൽവെച്ച് ഞങ്ങൾ മൈമുവുമൊത്ത് ബൈബിൾ പഠിച്ചു. പഠിച്ചതെല്ലാം മൈമു സ്വീകരിക്കുകയും തന്റെ അമ്മയ്ക്ക് അതേപ്പറ്റി എഴുതുകയും ചെയ്തു. ബൈബിൾ സത്യങ്ങൾ സ്വീകരിച്ച അമ്മ അതെല്ലാം മൈമുവിന്റെ മകൾ കാരിനെയും പഠിപ്പിച്ചു. ആറു വർഷത്തിനുശേഷം തടവിൽനിന്നു മോചിതയായ മൈമു തന്റെ കുഞ്ഞിനോടൊപ്പം ചേർന്നു. കാരിൻ വളർന്നപ്പോൾ, അവൾ ഒരു സഹക്രിസ്ത്യാനിയെ വിവാഹം ചെയ്തു. കഴിഞ്ഞ 11 വർഷമായി അവരിരുവരും എസ്തോണിയയിലെ റ്റാലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിൽ സേവിച്ചുവരുന്നു.
ഭീമാകാരമായ മൊർഡോവിയൻ സമുച്ചയത്തിലെ ഒരു തടങ്കൽപ്പാളയത്തെ കൂട് എന്നാണ് വിളിച്ചിരുന്നത്. ചുറ്റുമതിലുള്ള ആ ക്യാമ്പിനകത്തെ ബാരക്കുകൾ ചെറുതും കർശനനിരീക്ഷണത്തിൻ കീഴിലുമായിരുന്നു. ക്രിസ്തീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് എന്നെയും വേറെ ആറു സാക്ഷികളെയും അവിടെയാണു പാർപ്പിച്ചത്. പക്ഷേ അവിടെ ആയിരുന്നപ്പോൾപ്പോലും, വീക്ഷാഗോപുര ലേഖനങ്ങളുടെ ചെറിയ കയ്യെഴുത്തുപ്രതികൾ ഉണ്ടാക്കി ഞങ്ങൾ സമീപ ക്യാമ്പുകളിലുള്ളവർക്കു രഹസ്യമായി കൈമാറുമായിരുന്നു. അതിനുവേണ്ടി ഞങ്ങൾ അവലംബിച്ചിരുന്ന രീതികളിൽ ഒന്ന്, സോപ്പുകട്ട തുളച്ച് ലേഖനം അതിനുള്ളിൽ വെച്ചിട്ട് അതു വീണ്ടും സീലു ചെയ്യുക എന്നതായിരുന്നു.
മൊർഡോവിയൻ ക്യാമ്പുകളിൽ ആയിരുന്ന വർഷങ്ങളിൽ, യഹോവയെ സേവിക്കാനുള്ള നിലപാടെടുക്കാൻ പത്തിലധികം പേരെ സഹായിക്കാൻ എനിക്കു കഴിഞ്ഞു. അവസാനം 1956 മേയ് 4-ന് അധികാരികൾ എന്നോടു പറഞ്ഞു, “ഇവിടെനിന്നു പോകാനും നിന്റെ ദൈവമായ യഹോവയിൽ വിശ്വസിക്കാനും നിനക്കിപ്പോൾ സ്വാതന്ത്ര്യമുണ്ട്.” ആ മാസംതന്നെ എസ്തോണിയയിലേക്കു ഞാൻ യാത്ര തിരിച്ചു.
ഏതാണ്ട് 50 വർഷത്തിനുശേഷം വീണ്ടും സ്വദേശത്ത്
എനിക്കു ജോലിയോ പണമോ വീടോ ഇല്ലായിരുന്നു. പക്ഷേ തിരിച്ചെത്തി ഏതാനും ദിവസങ്ങൾക്കകം ബൈബിൾ പഠിപ്പിക്കലുകളിൽ താത്പര്യം കാണിച്ച ഒരു സ്ത്രീയെ ഞാൻ കണ്ടുമുട്ടി. കുറച്ചു ദിവസത്തേക്ക് അവരോടും ഭർത്താവിനോടുമൊപ്പം അവരുടെ ഒറ്റ മുറി വീട്ടിൽ താമസിക്കാൻ ആ സ്ത്രീ എന്നെ അനുവദിച്ചു. കടം വാങ്ങിയ പണംകൊണ്ട് ഞാൻ കുറച്ചു കമ്പിളിനൂൽ ശേഖരിച്ച് കമ്പിളിയുടുപ്പുകൾ ഉണ്ടാക്കി. എന്നിട്ട് അതു വിപണിയിൽ കൊണ്ടുപോയി വിറ്റു. പിന്നീട് ടാർട്ടു കാൻസർ ആശുപത്രിയിൽ എനിക്കു ജോലി കിട്ടി. തുടർന്നുവന്ന ഏഴു വർഷം ഞാൻ അവിടെ വ്യത്യസ്ത ജോലികൾ ചെയ്തു. ഈ സമയത്ത്, സൈബീരിയയിലേക്കു നാടുകടത്തപ്പെട്ടിരുന്ന ലെമ്പിറ്റ് ടോമും മടങ്ങിവന്നു. 1957 നവംബറിൽ ഞങ്ങൾ വിവാഹിതരായി.
പ്രസംഗവേല അപ്പോഴും നിരോധനത്തിൻ കീഴിലായിരുന്നതിനാൽ ഞങ്ങൾ കെജിബിയുടെ നിരീക്ഷണത്തിലായിരുന്നു. അവർ ഞങ്ങളെ തുടർച്ചയായി ശല്യപ്പെടുത്തി. എന്നിരുന്നാലും ഞങ്ങളുടെ വിശ്വാസം പങ്കുവെക്കാൻ ആവുന്നതെല്ലാം ഞങ്ങൾ ചെയ്തു. ഞങ്ങളുടെ ജീവിതത്തിന്റെ ഈ ഭാഗം ഉണരുക!യുടെ 1999 ഫെബ്രുവരി 22 ലക്കത്തിൽ ലെമ്പിറ്റ് വിവരിച്ചിരുന്നു. 1950-കളുടെ അവസാനത്തിലും 1960-കളിലും 1970-കളിലും നാടുകടത്തപ്പെട്ട സാക്ഷികൾ സ്വദേശത്തേക്കു മടങ്ങിവന്നുകൊണ്ടിരുന്നു. 1980-കളുടെ അവസാനമായപ്പോഴേക്കും, എസ്തോണിയയിൽ 700-ലധികം സാക്ഷികളുണ്ടായിരുന്നു. 1991-ൽ ഞങ്ങളുടെ ക്രിസ്തീയ പ്രവർത്തനങ്ങൾക്കു നിയമാംഗീകാരം ലഭിച്ചു. അതിനുശേഷം എസ്തോണിയയിൽ സാക്ഷികളുടെ എണ്ണം 4,100-ലധികമായി വർധിച്ചിരിക്കുന്നു!
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം എസ്തോണിയയിലെ സാക്ഷികൾ നടത്തിയ ആദ്യത്തെ രഹസ്യ യോഗത്തിൽ ഞാൻ സംബന്ധിച്ചിട്ട് ഇപ്പോൾ 60-ലേറെ വർഷമായിരിക്കുന്നു. അന്നുമുതൽ, “യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക” എന്ന ബൈബിൾ ബുദ്ധിയുപദേശം അനുസരിക്കുക എന്നത് എന്റെ ദൃഢനിശ്ചയമായിരുന്നു. അങ്ങനെ ചെയ്യുന്നത് “ഹൃദയത്തിലെ ആഗ്രഹങ്ങ”ൾ സഫലമാകുന്നതിന് ഇടയാക്കും എന്നു ഞാൻ പഠിച്ചിരിക്കുന്നു.—സങ്കീർത്തനം 37:3, 4.
[അടിക്കുറിപ്പുകൾ]
a അവരിൽ ഒരാൾ ലെമ്പിറ്റ് ടോം ആയിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥ ഉണരുക!യുടെ 1999 ഫെബ്രുവരി 22 ലക്കത്തിൽ വന്നിട്ടുണ്ട്.
b ഈ കൺവെൻഷനെക്കുറിച്ചുള്ള കൂടുതൽ വിശദമായ വിവരണത്തിന് 1999 ഫെബ്രുവരി 22 ലക്കം ഉണരുക!യുടെ 12, 13 പേജുകൾ കാണുക.
c 1951 ഏപ്രിലിന്റെ ആരംഭത്തിൽത്തന്നെ എസ്തോണിയയിലുള്ള മിക്ക സാക്ഷികളെയും നാടുകടത്തിയിരുന്നു. 2001 ഏപ്രിൽ 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്) 6-8 വരെയുള്ള പേജുകളും പരിശോധനകളിന്മധ്യേ വിശ്വസ്തർ—സോവിയറ്റ് യൂണിയനിലെ യഹോവയുടെ സാക്ഷികൾ (ഇംഗ്ലീഷ്) എന്ന വീഡിയോയും കാണുക.
[23-ാം പേജിലെ ആകർഷക വാക്യം]
“നമുക്ക് ഇപ്പോൾത്തന്നെ പ്രസംഗവേല തുടങ്ങുകയും എസ്തോണിയയിൽ ആകമാനം സുവാർത്ത എത്തിക്കുകയും ചെയ്യാം.” —ലിൻഡ മെറ്റിഗ്
[24-ാം പേജിലെ ചിത്രം]
വേറെ ഒമ്പതു സാക്ഷികളോടൊപ്പം മൊർഡോവിയൻ തടങ്കൽപ്പാളയത്തിൽ
[24-ാം പേജിലെ ചിത്രം]
ഭർത്താവ് ലെമ്പിറ്റിനോടൊപ്പം ഇന്ന്