സന്ദേശം എത്തിക്കുന്നു
സന്ദേശം എത്തിക്കുന്നു
ടെലിഗ്രാഫ് കണ്ടുപിടിക്കുന്നതിനുമുമ്പ്, ദൂരെയുള്ളവരുമായി ആശയവിനിമയം നടത്തുന്നതു ബുദ്ധിമുട്ടായിരുന്നു. ഭൂപ്രകൃതിയും അപരിഷ്കൃതമായ ഗതാഗത മാർഗങ്ങളും അതിനു വളരെയധികം കാലതാമസം വരുത്തിയിരുന്നു. ഉദാഹരണത്തിന് തെക്കേ അമേരിക്കയിൽ വിശാലമായ ഒരു സാമ്രാജ്യം ഉണ്ടായിരുന്ന ഇങ്കകൾ അഭിമുഖീകരിച്ചിരുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്നു നോക്കുക.
പൊതുയുഗം 15-ാം നൂറ്റാണ്ടിന്റെ ഒടുവിലും 16-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും പ്രതാപത്തിന്റെ ഉച്ചകോടിയിലെത്തിനിന്ന ഇങ്കാ സാമ്രാജ്യം ഇന്നത്തെ അർജന്റീന, ഇക്വഡോർ, കൊളംബിയ, ചിലി, പെറു, ബൊളീവിയ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. സാമ്രാജ്യത്തിന്റെ തലസ്ഥാനം, ഇപ്പോൾ പെറുവിൽ സ്ഥിതിചെയ്യുന്ന കസ്കോ ആയിരുന്നു. കൊടുങ്കാടുകളും മാനംമുട്ടെ ഉയർന്നുനിൽക്കുന്ന പർവതനിരകളും യാത്ര ദുഷ്കരമാക്കിത്തീർത്തു. തന്നെയുമല്ല, വിശാലമായ സാമ്രാജ്യത്തിൽ അങ്ങോളമിങ്ങോളം യാത്രചെയ്യാൻ ലാമകകളല്ലാതെ മറ്റു ചുമട്ടുമൃഗങ്ങളോ ചക്രങ്ങളുള്ള വാഹനങ്ങളോ ഇല്ലായിരുന്നു. ഇങ്കകൾ എഴുത്തുഭാഷയും വികസിപ്പിച്ചിരുന്നില്ല. അപ്പോൾപ്പിന്നെ വൈവിധ്യം നിറഞ്ഞതും വിസ്തൃതവുമായ ഒരു സാമ്രാജ്യത്തിൽ അവർ എങ്ങനെയാണ് ദൂരെയുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നത്?
ഇങ്കകൾ ക്വെച്ചുവ എന്ന ഭാഷയെ സാമ്രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാക്കി. കൂടാതെ അവർ നിരവധി റോഡുകളും നിർമിച്ചു. 5,000 കിലോമീറ്ററിലധികം നീളമുണ്ടായിരുന്ന അവരുടെ രാജപാത അല്ലെങ്കിൽ പ്രധാനവീഥി ആൻഡിയൻ പർവതനിരകളിലൂടെ കടന്നുപോയി. അതേസമയം പസിഫിക് തീരത്തുകൂടെ കടന്നുപോയ 4,000-ത്തോളം കിലോമീറ്റർ നീളമുണ്ടായിരുന്ന ഒരു സമാന്തരപാതയും ഉണ്ടായിരുന്നു. ഈ പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകളും നിർമിച്ചിരുന്നു. മലയിടുക്കുകളിൽ കൽപ്പടവുകളോടുകൂടിയ പാതകൾ, ചതുപ്പുനിലങ്ങൾ കുറുകെ കടക്കുന്നതിന് തോണികൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ പോൺടൂൺ പാലങ്ങൾ, കുത്തൊഴുക്കുള്ള ആൻഡിയൻ നദികൾ കടക്കാൻ തൂക്കുപാലങ്ങൾ എന്നിവയും ഇങ്കകൾ നിർമിച്ചു. 45 മീറ്റർ നീളമുള്ള ഒരു തൂക്കുപാലം നിർമിക്കാൻ മനുഷ്യശരീരത്തോളം വണ്ണമുള്ള വടങ്ങളാണ് അവർ ഉപയോഗിച്ചത്; 1880 വരെ, 500 വർഷം ആ പാലം ഉപയോഗത്തിലുണ്ടായിരുന്നു!
ഇങ്കാസാമ്രാജ്യത്തിൽ സന്ദേശവാഹകരായി വർത്തിച്ചത് ചാസ്കിസ് എന്നറിയപ്പെടുന്ന ഔദ്യോഗിക സംഘത്തിലെ ഓട്ടക്കാരാണ്. പ്രധാന പാതകളിൽ നിശ്ചിത ദൂരങ്ങളിൽ അവർ നിലയുറപ്പിച്ചിരുന്നു. ഒരു ഓട്ടക്കാരൻ മൂന്നോ നാലോ കിലോമീറ്റർ ഓടി, സന്ദേശം അടുത്തയാൾക്കു കൈമാറുന്നു. അയാളും അതുതന്നെ ചെയ്യുന്നു. അങ്ങനെ പകൽസമയത്ത് ഈ സംഘം 160-ലധികം കിലോമീറ്റർ പിന്നിട്ടിരുന്നതായി പറയപ്പെടുന്നു. പല സന്ദേശങ്ങളും അവർ വാമൊഴിയായി കൈമാറിയിരുന്നെങ്കിലും ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ അറിയിച്ചിരുന്നത് കൗതുകകരമായ ഒരു രീതിയിലായിരുന്നു. പിരിച്ചെടുത്ത നാരും പല നിറങ്ങളിലുള്ള ചരടുകളും കൊണ്ടുണ്ടാക്കിയ ക്വിപ്പു ആണ് അവർ അതിനായി ഉപയോഗിച്ചത്. വിവരങ്ങൾ ഓർത്തിരിക്കാനുള്ള സങ്കീർണമായ ഒരു ഉപാധിയായിരുന്നു അത്. ചരടുകളിലുള്ള കെട്ടുകൾ ഒറ്റ, പത്ത്, നൂറ് എന്നിവയെ സൂചിപ്പിച്ചു. സ്പാനീഷുകാർ ഇങ്കകളെ കീഴടക്കിയതോടെ, അതിന്റെ ഉപയോഗം കാലഹരണപ്പെടുകയും കോഡുകൾ വിസ്മൃതിയിലാകുകയും ചെയ്തു.
“സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം”
ഇന്ന് ക്വെച്ചുവ സംസാരിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ പക്കൽ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം അതായത് ദൈവരാജ്യമാകുന്ന ലോകഗവൺമെന്റിനെക്കുറിച്ചുള്ള സുവാർത്ത എത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭരണത്തിനു കീഴ്പെടുന്ന എല്ലാവർക്കും സമൃദ്ധമായ സമാധാനം ആസ്വദിക്കാൻ കഴിയും. (ദാനീയേൽ 2:44; മത്തായി 24:14) ഒരിക്കൽ ഇങ്കകൾ ഭരിച്ചിരുന്ന ഈ പ്രദേശത്തുകൂടിയുള്ള യാത്ര ഇപ്പോഴും ദുഷ്കരമാണ്, ക്വെച്ചുവയാകട്ടെ ലിഖിതഭാഷയായി ഇന്നും പൂർണമായി വികസിച്ചിട്ടില്ല. എന്നാൽ യഹോവയുടെ സാക്ഷികൾ—അവരിൽ പലരും ക്വെച്ചുവ സംസാരിക്കാൻ പഠിച്ചിരിക്കുന്നു—ക്വെച്ചുവയുടെ അനവധി ആധുനിക ഭാഷാഭേദങ്ങളിലുള്ള പ്രസിദ്ധീകരണങ്ങളും ഓഡിയോ പ്രസിദ്ധീകരണങ്ങളും സന്തോഷത്തോടെ വിതരണം ചെയ്യുന്നു.
ഈ സുവാർത്താപ്രസംഗകരുടെ പ്രവർത്തനം പിൻവരുന്ന നിശ്വസ്ത വാക്കുകൾ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു: “സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും . . . ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!”—യെശയ്യാവു 52:7.