വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവനാമം ലോകം അറിയുന്നവിധം

ദൈവനാമം ലോകം അറിയുന്നവിധം

ദൈവനാമം ലോകം അറിയുന്നവിധം

ബൈബിളിലെ സങ്കീർത്തനപുസ്‌തകം എഴുതിയ ദാവീദ്‌ പാടി: “ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്‌തുതിക്കും.” ദൈവനാമം അറിയാമായിരുന്ന അദ്ദേഹം ഒരു ഗീതത്തിൽ ഇങ്ങനെ പറഞ്ഞു: “യഹോവയായ ദൈവം വാഴ്‌ത്തപ്പെടുമാറാകട്ടെ. അവന്റെ മഹത്വമുള്ള നാമം . . . വാഴ്‌ത്തപ്പെടുമാറാകട്ടെ.” (സങ്കീർത്തനം 69:30; 72:18, 19) യഹോവ എന്ന്‌ പൊതുവേ മലയാളത്തിൽ കാണപ്പെടുന്ന ദൈവനാമം יהוה എന്ന എബ്രായ നാമത്തിന്റെ പരിഭാഷയാണ്‌. ബൈബിളിൽ 7,000-ത്തിലധികം പ്രാവശ്യം അതു കാണാനാകും.

ഇക്കഴിഞ്ഞ നൂറ്റാണ്ടുകളിൽ, ബൈബിളിൽ അല്ലാതെ മറ്റു പലയിടത്തും ദൈവനാമം കാണാൻ കഴിഞ്ഞിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ബെനഡിക്‌റ്റസ്‌ സിറ്റ്‌ യഹോവാ ഡിയുസ്‌ എന്നീ ലത്തീൻ പദങ്ങൾ (യഹോവയാം ദൈവം വാഴ്‌ത്തപ്പെടട്ടെ എന്നർഥം) വർഷങ്ങളോളം, സ്വിറ്റ്‌സർലൻഡിൽ പുറത്തിറക്കിയ സ്വർണ നാണയങ്ങളിൽ ഉണ്ടായിരുന്നു [1]. കഴിഞ്ഞ ഏതാനും നൂറ്റാണ്ടിനുള്ളിൽ എബ്രായയിലും ലത്തീനിലുമായി ദൈവനാമം വഹിക്കുന്ന ആയിരത്തിലധികം തരം നാണയങ്ങളും ടോക്കണുകളും മെഡലുകളും മറ്റും പുറത്തിറങ്ങിയിട്ടുണ്ട്‌.

ദിവ്യനാമം വ്യാപകമായി ഉപയോഗിച്ചിരിക്കുന്നതിന്റെ ഉദാഹരണങ്ങൾ ഈ പേജിലും അടുത്തതിലും കാണാവുന്നതാണ്‌. അതിലേക്കു നയിച്ചത്‌ എന്താണെന്നു നമുക്കു നോക്കാം.

ദൈവനാമം ഉപയോഗിച്ചതിന്റെ കാരണം

പതിനാറാം നൂറ്റാണ്ടുമുതൽ റോമൻ കത്തോലിക്കരും പ്രൊട്ടസ്റ്റന്റ്‌ പരിഷ്‌കർത്താക്കളും തമ്മിലുള്ള പോരാട്ടത്തിന്റെ പ്രകമ്പനങ്ങൾ പശ്ചിമ യൂറോപ്പിലുടനീളം അലയടിക്കുകയായിരുന്നു. സ്‌പെയിനിന്റെ പല പ്രവിശ്യകളും മുഖ്യസ്വാധീനശക്തിയായിരുന്ന റോമൻ കത്തോലിക്കാസഭയിൽനിന്ന്‌ റിഫോംഡ്‌ ചർച്ചിലേക്കു ചേക്കേറി. ഇത്‌ മതപരമായ ഒരു ആഭ്യന്തര കലാപത്തിനു തിരികൊളുത്തി. ദൈവം തങ്ങളോടുകൂടെ ആണെന്ന ആശയം പ്രചരിപ്പിക്കാനായി ഇരുപക്ഷക്കാരും നാണയങ്ങളും അതിലുള്ള മുദ്രയും ഉപയോഗിച്ചിരുന്നു.

ദിവ്യനാമം ഉപയോഗിച്ചിരുന്ന വിധം

നാണയങ്ങളിൽ ദൈവനാമത്തെ പ്രതിനിധാനം ചെയ്യാൻ ഉപയോഗിച്ചത്‌ ചതുരക്ഷരി എന്നറിയപ്പെടുന്ന നാല്‌ എബ്രായ അക്ഷരങ്ങളാണ്‌. ഇംഗ്ലീഷിൽ അതിന്‌ തത്തുല്യമായ അക്ഷരങ്ങൾ JHVH അല്ലെങ്കിൽ YHWH ആണ്‌. നാണയം അടിക്കുന്നവർക്കോ സാധാരണക്കാർക്കോ എബ്രായ വായിക്കാൻ അറിയില്ലായിരുന്നു. അതുകൊണ്ട്‌ പല ആളുകൾ പലതവണ ഈ അക്ഷരങ്ങൾ പകർത്തിയെഴുതിയപ്പോൾ ദൈവനാമം പലവിധത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.

1568-ഓടെ സ്വീഡനും [2] 1591-ഓടെ സ്‌കോട്ട്‌ലൻഡും ദൈവനാമത്തോടുകൂടിയ ഒരു നാണയം പുറത്തിറക്കി. ഏകദേശം 1600-ൽ സ്വീഡനിലെ രാജാവായ ചാൾസ്‌ ഒമ്പതാമൻ Ihehova, Iehova, Iehovah എന്നിങ്ങനെ ദൈവനാമത്തിന്റെ വിവിധ അക്ഷരവിന്യാസത്തോടുകൂടിയ നാണയങ്ങൾ അടിച്ചിറക്കി [3]. സ്വർണംകൊണ്ടും ഒരു നാണയമിറക്കി. ഒരു തൊഴിലാളിയുടെ നാലു മാസത്തെ വേതനത്തിലധികം വരുമായിരുന്നു അതിന്റെ മൂല്യം!

1588 മുതൽ 1648 വരെ ഡെന്മാർക്കും നോർവേയും ഭരിച്ച ക്രിസ്റ്റ്യൻ നാലാമൻ രാജാവിന്റെ കാലംമുതൽ, ‘യഹോവാ നാണയങ്ങൾ’ എന്ന പേരിൽ 60 തരം നാണയങ്ങൾ നിലവിൽ വന്നിട്ടുണ്ട്‌. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പോളണ്ടിലും സ്വിറ്റ്‌സർലൻഡിലും തുടർന്ന്‌ ജർമനിയിലും ‘യഹോവാ നാണയങ്ങൾ’ രംഗപ്രവേശം ചെയ്‌തു.

യൂറോപ്പിൽ 1618 മുതൽ 1648 വരെ നീണ്ട യുദ്ധകാലത്ത്‌ (മതയുദ്ധമായിട്ടായിരുന്നു തുടക്കം) അത്തരം നാണയങ്ങളുടെ ഒരു പ്രളയംതന്നെ ഉണ്ടായി. 1631-ൽ ബ്രൈറ്റൻഫെൽറ്റിലെ യുദ്ധവിജയശേഷം സ്വീഡനിലെ ഗുസ്റ്റാവ്‌ രണ്ടാമൻ അഡോൾഫ്‌ രാജാവ്‌ ചതുരക്ഷരിയുള്ള നാണയങ്ങൾ പുറത്തിറക്കി [4]. എർഫർട്ട്‌, ഫൂർത്ത്‌, മൈൻസ്‌, വൂഴ്‌സ്‌ബർഗ്‌ എന്നീ പട്ടണങ്ങളിലായിരുന്നു നിർമാണം. അതേ സമയത്തുതന്നെ, സ്വീഡന്റെ സഖ്യകക്ഷികളും ദൈവനാമത്തോടുകൂടിയ നാണയങ്ങൾ ഇറക്കി.

30 വർഷത്തെ ഘോരമായ യുദ്ധത്തെത്തുടർന്നുള്ള 150 വർഷത്തോളം നാണയങ്ങളിലും മെഡലുകളിലും ടോക്കണുകളിലും ദൈവനാമം ഉണ്ടായിരുന്നു. ഓസ്‌ട്രിയ, ഫ്രാൻസ്‌, മെക്‌സിക്കോ, റഷ്യ എന്നിവിടങ്ങളിലും മറ്റു രാജ്യങ്ങളിലുമാണ്‌ അത്തരം നാണയങ്ങളുടെ നിർമാണം നടന്നിരുന്നത്‌. എങ്കിലും 18-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തോടെ ദൈവനാമത്തിന്റെ ഉപയോഗം കുറഞ്ഞുകുറഞ്ഞുവന്നു. ഒടുവിൽ നാണയങ്ങളിൽനിന്ന്‌ അവ ഏതാണ്ടു പൂർണമായിത്തന്നെ അപ്രത്യക്ഷമായി.

ദൈവനാമം പ്രസിദ്ധമാക്കൽ

നാണയങ്ങളിലും കറൻസികളിലും ഇന്ന്‌ ദൈവനാമം കാണാനിടയില്ലെങ്കിലും മുൻകാലങ്ങളെക്കാൾ അധികമായി അതു മുഴങ്ങിക്കേൾക്കുന്നുണ്ട്‌. വളരെക്കാലംമുമ്പ്‌ തന്റെ ദാസന്മാരായി ദൈവം ഒരു ജനതയെ തിരഞ്ഞെടുത്തിട്ട്‌ അവരോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്റെ സാക്ഷികൾ . . . ഞാൻ ദൈവം തന്നേ.” (യെശയ്യാവു 43:12) ഒരു നാണയത്തിനും സുപ്രധാനമായ ആ ധർമം നിർവഹിക്കാനാവില്ല. നാണയങ്ങളിൽ ദൈവനാമം ഉപയോഗിച്ചവർ ദൈവത്തെക്കുറിച്ചു വ്യാജമായ സാക്ഷ്യമാണു നൽകിയത്‌. കാരണം, മൃഗീയമായ തങ്ങളുടെ യുദ്ധങ്ങൾക്ക്‌ ദൈവത്തിന്റെ പിന്തുണയുണ്ടെന്ന്‌ അവർ അവകാശപ്പെടുകയായിരുന്നു. എന്നാൽ ഇന്ന്‌ ദൈവം അംഗീകരിക്കുന്ന വിധത്തിൽ ദൈവനാമം പ്രസിദ്ധമാക്കുന്ന ഒരുകൂട്ടം ആളുകളുണ്ട്‌.

സത്യദൈവമായ യഹോവയെയും ആ പേരിന്റെ അർഥത്തെയും കുറിച്ച്‌ കൂടുതൽ മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ ക്ഷണിക്കുകയാണ്‌. യഹോവയെക്കുറിച്ച്‌ സങ്കീർത്തനക്കാരൻ എഴുതി: “അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” (സങ്കീർത്തനം 83:18) യഹോവയെക്കുറിച്ചുള്ള പരിജ്ഞാനം ഒഴിച്ചുകൂടാനാവാത്ത ഒരു സംഗതിയാണ്‌. എന്തെന്നാൽ ദൈവത്തിന്റെ പ്രിയപുത്രൻ പ്രാർഥനയിൽ ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”—യോഹന്നാൻ 17:3.

[20, 21 പേജുകളിലെ ചിത്രം]

നാണയത്തിൽ മുദ്രപതിപ്പിക്കാനുള്ള ഉപകരണങ്ങൾ

[20-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

നാണയം 1; ഉപകരണങ്ങൾ: Hans-Peter-Marquardt.net; നാണയം 2: Mit freundlicher Genehmigung Sammlung Julius Hagander

[21-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

നാണയം 3, 4: Mit freundlicher Genehmigung Sammlung Julius Hagander