വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുവജനങ്ങൾ ചോദിക്കുന്നു

പ്രാർഥന അർഥവത്താക്കാൻ ഞാൻ എന്തു ചെയ്യണം?

പ്രാർഥന അർഥവത്താക്കാൻ ഞാൻ എന്തു ചെയ്യണം?

“സ്‌കൂളിലോ ജോലിസ്ഥലത്തോ ബന്ധുമിത്രാദികളുടെ കൂട്ടത്തിലോ ആയിക്കൊള്ളട്ടെ, സമ്മർദങ്ങളുണ്ടാകുമ്പോൾ നാം എളുപ്പം മറന്നുപോകുന്ന വലിയൊരാളുണ്ട്‌​—⁠ദൈവം.”​— ഫേവ്യോല, 15, ഐക്യനാടുകൾ.

“ഇടവിടാതെ പ്രാർത്ഥിപ്പിൻ.” (1 തെസ്സലൊനീക്യർ 5:17) “പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.” (റോമർ 12:13) ‘നിങ്ങളുടെ ആവശ്യങ്ങൾ ദൈവത്തോടു അറിയിക്കുക.’ (ഫിലിപ്പിയർ 4:⁠6) ഒരു ക്രിസ്‌ത്യാനിയാണെങ്കിൽ നിങ്ങൾക്ക്‌ ഈ വാക്യങ്ങൾ പരിചിതമായിരിക്കാം. ഏറ്റവും ശ്രേഷ്‌ഠമായ ഒരു ആശയവിനിമയമാണ്‌ പ്രാർഥനയെന്നും നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകാം. ഒന്നാലോചിച്ചുനോക്കൂ, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എപ്പോൾവേണമെങ്കിലും നിങ്ങൾക്ക്‌ സർവശക്തനായ ദൈവത്തോടു സംസാരിക്കാം! “അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു. *​—⁠1 യോഹന്നാൻ 5:⁠14.

എങ്കിലും മുമ്പുപരാമർശിച്ച ഫേവ്യോലയെപ്പോലെ, പ്രാർഥന ബുദ്ധിമുട്ടുള്ള ഒരു സംഗതിയായി നിങ്ങൾക്കും തോന്നിയേക്കാം. ആ സാഹചര്യത്തെ പൂട്ടിക്കിടക്കുന്ന ഒരു വാതിലിനോട്‌ ഉപമിക്കാവുന്നതാണ്‌. നിങ്ങൾ അത്തരമൊരു സാഹചര്യത്തിലാണെങ്കിൽ എന്തു ചെയ്യാനാകും? പിൻവരുന്ന കാര്യങ്ങൾ ചെയ്യാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും. (1) പ്രശ്‌നം തിരിച്ചറിയുക. (2) പ്രാർഥനയോടുള്ള ബന്ധത്തിൽ ഒരു ലക്ഷ്യംവെക്കുക. (3) ആ ലക്ഷ്യത്തിലേക്കുള്ള “വാതിൽ” തുറക്കുക.

പ്രശ്‌നം തിരിച്ചറിയുകയാണ്‌ ആദ്യപടി. പ്രാർഥനയോടുള്ള ബന്ധത്തിൽ എന്താണ്‌ നിങ്ങൾക്ക്‌ ഏറെ ബുദ്ധിമുട്ടായി തോന്നുന്നത്‌?

ഒരു ലക്ഷ്യംവെക്കുകയാണ്‌ നിങ്ങൾ അടുത്തതായി ചെയ്യേണ്ടത്‌. നിങ്ങൾ ആഗ്രഹിക്കുന്ന ഒരു ലക്ഷ്യം അടയാളപ്പെടുത്തുകയോ “മറ്റുള്ളവ” എന്നതിനു കീഴിൽ ഒരെണ്ണം എഴുതിച്ചേർക്കുകയോ ചെയ്യുക.

  • ❑കൂടുതൽ പ്രാവശ്യം പ്രാർഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

  • ❑പ്രാർഥന ഏറെ വൈവിധ്യമുള്ളതാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

  • ❑ഉള്ളുതുറന്നു പ്രാർഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

  • ❑മറ്റുള്ളവ .....

പൂട്ടിക്കിടക്കുന്ന “വാതിൽ” തുറക്കുക

എപ്പോൾവേണമെങ്കിലും തുറക്കാവുന്ന ഒരു വാതിൽപോലെയാണ്‌ പ്രാർഥന. എന്നാൽ മടികൂടാതെ, കൂടെക്കൂടെ തുറക്കേണ്ട ആ വാതിൽ തങ്ങൾ അപൂർവമായേ തുറക്കാറുള്ളൂ എന്നാണ്‌ പല യുവജനങ്ങളുടെയും അഭിപ്രായം. നിങ്ങളുടെ സാഹചര്യം അതാണെങ്കിൽ മടുത്തുപിന്മാറരുത്‌! പ്രശ്‌നം തിരിച്ചറിഞ്ഞ്‌ നിങ്ങൾ ഒരു ലക്ഷ്യം വെച്ചുകഴിഞ്ഞല്ലോ. പൂട്ടിക്കിടക്കുന്ന വാതിൽ തുറക്കാനുള്ള താക്കോൽ മാത്രമേ ഇനി നിങ്ങൾക്കാവശ്യമുള്ളൂ. നേരിട്ടേക്കാവുന്ന പ്രതിബന്ധങ്ങളും അതു തരണം ചെയ്യാനുള്ള ചില നിർദേശങ്ങളും നോക്കുക.

പ്രതിബന്ധം: അവഗണന.

“തിരക്കുകാരണം പലപ്പോഴും മാറ്റിവെക്കേണ്ടിവരുന്നത്‌ പ്രാർഥനയാണ്‌.”​—⁠പ്രീതി, 20, ബ്രിട്ടൻ.

പരിഹാരം: “സൂക്ഷ്‌മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്‌കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.”​—⁠എഫെസ്യർ 5:​15, 16.

നിർദേശം: ഓരോ ദിവസവും പ്രാർഥിക്കാൻ പറ്റിയ ഒരു സമയം മുന്നമേ നിശ്ചയിക്കുക. ഓർമിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങൾ എഴുതിവെക്കാറുണ്ടല്ലോ. അതുപോലെ ഇക്കാര്യവും എഴുതിവെക്കുക. “പ്രാർഥനയ്‌ക്കായി ഒരു സമയം നിശ്ചയിച്ചില്ലെങ്കിൽ ഞാൻ മറ്റുകാര്യങ്ങളിൽ മുഴുകിപ്പോകും” എന്ന്‌ ജപ്പാനിലുള്ള 18-കാരി യോഷീകോ പറയുന്നു.

പ്രതിബന്ധം: ഏകാഗ്രതയില്ലായ്‌മ.

“എനിക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല, ഞാൻ പറയുന്ന കാര്യങ്ങളിലല്ല എന്റെ മനസ്സ്‌.”​—⁠പമീല, 17, മെക്‌സിക്കോ.

പരിഹാരം: “ഹൃദയം നിറഞ്ഞു കവിയുന്നതിൽനിന്നല്ലോ വായ്‌ സംസാരിക്കുന്നത്‌.”​—⁠മത്തായി 12:⁠34.

നിർദേശം: ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, മനസ്സിനെ ഏകാഗ്രമാക്കാൻ പഠിക്കുന്നതുവരെയെങ്കിലും ഹ്രസ്വമായ പ്രാർഥനകൾ നടത്തുക. മറ്റൊരു മാർഗം ഇതാണ്‌: നിങ്ങൾ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ പ്രാർഥിക്കുക. റഷ്യയിലുള്ള 14-കാരി മാരിന പറയുന്നു: “കൗമാരത്തിലേക്ക്‌ കടന്നപ്പോൾത്തന്നെ, ദൈവവുമായി ആശയവിനിമയം നടത്താനുള്ള ഒരു മാർഗമാണ്‌ പ്രാർഥനയെന്ന വസ്‌തുത ഞാൻ കൂടെക്കൂടെ ഓർക്കുമായിരുന്നു. മനസ്സുതുറന്നു പ്രാർഥിക്കാൻ എന്നെ പ്രചോദിപ്പിച്ചത്‌ അതാണ്‌.”

പ്രതിബന്ധം: ആവർത്തനം.

“പ്രാർഥിക്കുമ്പോൾ ഒരേ വാക്കുകൾതന്നെ ആവർത്തിക്കുന്നതാണ്‌ എന്റെ പ്രശ്‌നം.”​—⁠ഡൂപ്പ്‌, 17, ബെനിൻ.

പരിഹാരം: “ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.”​—⁠സങ്കീർത്തനം 77:⁠12.

നിർദേശം: നിങ്ങളുടെ പ്രാർഥന യാന്ത്രികമാണെന്നു തോന്നുന്നെങ്കിൽ, യഹോവയിൽനിന്നു ലഭിച്ച ഒരു അനുഗ്രഹം ഓരോ ദിവസവും എഴുതിവെക്കുക. എന്നിട്ട്‌ അതിനെപ്രതി യഹോവയ്‌ക്ക്‌ നന്ദിപറയുക. ഒരാഴ്‌ച കഴിയുമ്പോഴേക്കും ഏഴു പുതിയ കാര്യങ്ങളെക്കുറിച്ച്‌ നിങ്ങൾ പ്രാർഥിച്ചിട്ടുണ്ടാകും. അനുദിനം സംഭവിക്കുന്ന കാര്യങ്ങളോടുള്ള ബന്ധത്തിലും ഇതേ സമീപനം സ്വീകരിക്കുക. “പ്രാർഥിക്കുമ്പോൾ അന്നേദിവസം സംഭവിച്ച കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ശ്രമിക്കുന്നു” എന്ന്‌ ബ്രസീലിൽനിന്നുള്ള 21-കാരനായ ബ്രൂണോ പറയുന്നു. ഐക്യനാടുകളിൽനിന്നുള്ള 18 വയസ്സുള്ള സെമന്തയും അതുതന്നെയാണ്‌ ചെയ്യുന്നത്‌. “മറ്റു ദിവസങ്ങളിൽനിന്നു വ്യത്യസ്‌തമായി ഇന്നു സംഭവിച്ച എല്ലാ കാര്യങ്ങളും ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കും, എന്നിട്ട്‌ അതേക്കുറിച്ച്‌ പ്രാർഥിക്കും. പറഞ്ഞതുതന്നെ വീണ്ടും പറയാതിരിക്കാൻ അങ്ങനെ എനിക്കു സാധിക്കുന്നു,” സെമന്ത പറയുന്നു. *

പ്രതിബന്ധം: സംശയം.

“സ്‌കൂളിലെ ഒരു പ്രശ്‌നത്തെക്കുറിച്ച്‌ പ്രാർഥിച്ചപ്പോൾ അത്‌ മാറിയില്ലെന്നു മാത്രമല്ല കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്‌തു. ‘യഹോവ കേൾക്കാൻപോകുന്നില്ല, പിന്നെ എന്തിനാണ്‌ പ്രാർഥിക്കുന്നത്‌?’ ഞാൻ ചിന്തിച്ചു.”​—⁠മീനോറി, 15, ജപ്പാൻ.

പരിഹാരം: “നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ [യഹോവയാം ദൈവം] പോക്കുവഴിയും ഉണ്ടാക്കും.”​—⁠1 കൊരിന്ത്യർ 10:⁠13.

നിർദേശം: ഒരു കാര്യം ഉറപ്പാണ്‌: യഹോവ ‘പ്രാർത്ഥന കേൾക്കുന്നവനാണ്‌.’ (സങ്കീർത്തനം 65:⁠2) അതുകൊണ്ട്‌ എന്തിനെയെങ്കിലും കുറിച്ച്‌ പ്രാർഥിച്ചശേഷം, സാഹചര്യത്തെ വിശാലമായി നോക്കിക്കാണാൻ ശ്രമിക്കുക. പ്രതീക്ഷിക്കുന്ന ഉത്തരത്തിനായി കാത്തിരിക്കാതെ, മറ്റേതെങ്കിലും വിധത്തിൽ ഉത്തരം ലഭിച്ചിട്ടുണ്ടോയെന്നു ശ്രദ്ധിക്കുക. ഒരു ക്രിസ്‌ത്യാനിയെന്ന നിലയിൽ നിങ്ങൾ ഇപ്പോഴും സഹിച്ചുനിൽക്കുന്നതുതന്നെ യഹോവ നിങ്ങളുടെ പ്രാർഥനയ്‌ക്ക്‌ ഉത്തരം നൽകി എന്നതിന്റെ തെളിവായിരിക്കാം​—⁠പ്രശ്‌നം നീക്കിക്കളഞ്ഞുകൊണ്ടല്ല, അതു സഹിക്കാനുള്ള ബലം നൽകിക്കൊണ്ടാണെന്നു മാത്രം.​—⁠ഫിലിപ്പിയർ 4:⁠13.

പ്രതിബന്ധം: പരിഭ്രമം.

“ഭക്ഷണം കഴിക്കുന്നതിനുമുമ്പ്‌ ഞാൻ പ്രാർഥിക്കുന്നത്‌ കണ്ടാലുള്ള സഹപാഠികളുടെ പ്രതികരണം ഓർക്കുമ്പോൾ എനിക്കു പരിഭ്രമം തോന്നാറുണ്ട്‌.”​—⁠ഹീകാരൂ, 17, ജപ്പാൻ.

പരിഹാരം: “എല്ലാറ്റിന്നും ഒരു സമയമുണ്ട്‌.”​—⁠സഭാപ്രസംഗി 3:⁠1.

നിർദേശം: മൗനമായി പ്രാർഥിക്കുന്നത്‌ മറ്റുള്ളവരിൽ മതിപ്പുളവാക്കിയേക്കാമെങ്കിലും, എല്ലാവരും കാൺകെ നിങ്ങൾ പ്രാർഥിക്കണമെന്നില്ല. അർത്ഥഹ്‌ശഷ്ടാരാജാവിന്റെ മുമ്പിൽവെച്ച്‌ നെഹെമ്യാവ്‌ നടത്തിയ ഹ്രസ്വമായ പ്രാർഥന തെളിവനുസരിച്ച്‌ മൗനപ്രാർഥനയായിരുന്നു. രാജാവ്‌ അക്കാര്യം അറിഞ്ഞെന്ന്‌ സൂചിപ്പിക്കുന്ന യാതൊരു രേഖയുമില്ല. (നെഹെമ്യാവു 2:​1-5) മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാതെ നിങ്ങൾക്കും മൗനമായി പ്രാർഥിക്കാനാകും.​—⁠ഫിലിപ്പിയർ 4:⁠5.

പ്രതിബന്ധം: വിലകെട്ടവരാണെന്ന തോന്നൽ.

“യഹോവയ്‌ക്ക്‌ എന്റെ പ്രശ്‌നങ്ങൾ അറിയാം. പ്രശ്‌നങ്ങൾകൊണ്ട്‌ എനിക്ക്‌ മടുപ്പുതോന്നുന്നെങ്കിൽ, യഹോവയും മടുത്തിട്ടുണ്ടാകുമെന്നാണ്‌ എനിക്കു തോന്നുന്നത്‌! പ്രാർഥിക്കാനുള്ള യോഗ്യതയില്ലെന്നുപോലും ചിലപ്പോൾ എനിക്കു തോന്നാറുണ്ട്‌.”​—⁠എലിസബെത്ത്‌, 20, അയർലൻഡ്‌.

പരിഹാരം: “അവൻ [ദൈവം] നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.”​—⁠1 പത്രൊസ്‌ 5:⁠7.

നിർദേശം: വ്യക്തിപരമായ പഠനത്തിന്റെ ഭാഗമെന്ന നിലയിൽ പിൻവരുന്ന തിരുവെഴുത്തുകളെക്കുറിച്ച്‌ ഗവേഷണം ചെയ്‌ത്‌ ധ്യാനിക്കുക: ലൂക്കൊസ്‌ 12:​6, 7; യോഹന്നാൻ 6:44; എബ്രായർ 4:16; 6:10; 2 പത്രൊസ്‌ 3:⁠9. യഹോവ നിങ്ങളിൽനിന്നു കേൾക്കാൻ ആഗ്രഹിക്കുന്നുവെന്നും അവൻ നിങ്ങളുടെ പ്രാർഥന കേൾക്കണമെങ്കിൽ നിങ്ങൾ അസാമാന്യമായ ആത്മീയതയുള്ള ഒരു വ്യക്തി ആയിരിക്കേണ്ടതില്ലെന്നും തിരിച്ചറിയാൻ ഈ വാക്യങ്ങൾ നിങ്ങളെ സഹായിക്കും. ധാരാളം പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെ അഭിമുഖീകരിച്ച സങ്കീർത്തനക്കാരനായ ദാവീദിന്‌ ഈ ബോധ്യമുണ്ടായിരുന്നു: “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.” *​—⁠സങ്കീർത്തനം 34:⁠18.

യഹോവതന്നെയാണ്‌ പ്രാർഥന കേൾക്കുന്നത്‌ എന്ന വസ്‌തുത അവനു നിങ്ങളിലുള്ള താത്‌പര്യത്തിന്റെ തെളിവാണ്‌. ഇറ്റലിയിൽനിന്നുള്ള നീക്കോൾ എന്ന 17-കാരി പറയുന്നു: “പ്രാർഥന കേൾക്കാനുള്ള ഉത്തരവാദിത്വം യഹോവ ദൂതന്മാരെ ഏൽപ്പിച്ചിട്ടില്ല. യഹോവ നേരിട്ട്‌ നമ്മുടെ പ്രാർഥനകൾ കേൾക്കുന്നതിനാൽ അവൻ അതിനെ വളരെ പ്രാധാന്യത്തോടെയായിരിക്കണം കാണുന്നത്‌.”

 

^ ഖ. 4 സ്രഷ്ടാവിന്‌ കേൾക്കണമെങ്കിൽ ശബ്ദതരംഗങ്ങളുടെ ആവശ്യമില്ല. ഹൃദയത്തിൽ നിശ്ശബ്ദം ഉച്ചരിക്കുന്ന വാക്കുകൾപോലും അവന്‌ “കേൾക്കാനാകും.”​—⁠സങ്കീർത്തനം 19:⁠14.

^ ഖ. 23 “ബൈബിളിന്റെ വീക്ഷണം: പ്രാർഥനാ സഹായികൾ​—⁠അവ ആവശ്യമോ?” എന്ന 10-ാം പേജിലെ ലേഖനം കാണുക.

^ ഖ. 32 ചെയ്‌തുപോയ ഗുരുതരമായ ഏതെങ്കിലും പാപംനിമിത്തം, നിങ്ങളുടെ പ്രാർഥന ദൈവം കേൾക്കുന്നില്ലെന്നു തോന്നുന്നപക്ഷം മാതാപിതാക്കളോടു സംസാരിക്കുക. കൂടാതെ ‘സഭയിലെ മൂപ്പന്മാരുടെ’ സഹായം തേടുക. (യാക്കോബ്‌ 5:14) ദൈവവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ അവർ നിങ്ങളെ സഹായിക്കും.

ചിന്തിക്കാൻ:

  • യഹോവ പ്രാധാന്യത്തോടെ കാണുന്നതും നിങ്ങളുടെ പ്രാർഥനയിൽ ഉൾപ്പെടുത്താവുന്നതുമായ ചില കാര്യങ്ങളേവ?

  • മറ്റുള്ളവരോടു ബന്ധപ്പെട്ട ഏതു കാര്യങ്ങളെക്കുറിച്ച്‌ നിങ്ങൾക്ക്‌ യഹോവയോടു പ്രാർഥിക്കാം?