എളിയ ജീവിതം നയിക്കാൻ
എളിയ ജീവിതം നയിക്കാൻ
ലളിതമായ ഒരു ജീവിതം നയിക്കുന്നതിന് വലിയ പ്രയോജനങ്ങളുണ്ട്. എന്നാൽ അങ്ങനെയൊരു ജീവിതം നയിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ ജീവിത കാര്യാദികൾ ചിട്ടപ്പെടുത്തുക എന്നതാണ് ആദ്യപടി. എങ്ങനെ അത് ചെയ്യാം?
സ്വയം ചോദിക്കുക: ‘ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങൾ എനിക്കു ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്? ഇനി എന്തെല്ലാം ചെയ്യാനുണ്ട്?’ നിങ്ങളുടെ പ്രധാനപ്പെട്ട ലാക്കുകൾ താഴെ എഴുതുക:
1. .....
2. .....
3. .....
ജീവിതത്തെപ്പറ്റി ദീർഘമായ ഒരു വീക്ഷണമില്ലാത്ത, ഭൗതികത്വ ചിന്താഗതിക്കാരാണ് ഇന്നു പലരും. “തിന്നാം, കുടിക്കാം; നാളെ നാം മരിക്കുമല്ലോ” എന്നതാണ് അവരുടെ ആപ്തവാക്യം. (1 കൊരിന്ത്യർ 15:32) സാധനങ്ങൾ വാങ്ങിക്കൂട്ടാൻവേണ്ടി 24 മണിക്കൂറും ജോലിചെയ്യുക! അതാണ് ജീവിതം എന്നാണ് അവരുടെ വിശ്വാസം. ഈ കാഴ്ചപ്പാട് അപകടമാണെന്ന് ബൈബിൾ കാണിച്ചുതരുന്നു.
സ്വരുക്കൂട്ടിയ സമ്പത്ത് അനുഭവിക്കാൻ ഭാഗ്യമില്ലാതെപോയ ഒരു ധനികനെക്കുറിച്ചുള്ള ഒരു ഉപമ യേശു പറയുകയുണ്ടായി. “തനിക്കുവേണ്ടിത്തന്നെ നിക്ഷേപം സ്വരൂപിക്കുകയും എന്നാൽ ദൈവവിഷയമായി സമ്പന്നനാകാതിരിക്കുകയും ചെയ്യുന്ന മനുഷ്യന്റെ കാര്യവും ഇങ്ങനെതന്നെ” എന്നു പറഞ്ഞുകൊണ്ടാണ് യേശു ആ ഉപമ ഉപസംഹരിച്ചത്. (ലൂക്കോസ് 12:16-21) ഈ മനുഷ്യൻ സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ കഠിനാധ്വാനം ചെയ്തത് തെറ്റായിപ്പോയെന്നാണോ അതിന്റെ അർഥം? ഒരിക്കലുമല്ല. ഭൗതികവസ്തുക്കൾ സ്വരുക്കൂട്ടുന്നതിൽമാത്രം ശ്രദ്ധിച്ചു എന്നതായിരുന്നു അയാളുടെ കുഴപ്പം. അയാളുടെ ജീവിതത്തിൽ ദൈവത്തിന് യാതൊരു സ്ഥാനവുമില്ലായിരുന്നു. അതുകൊണ്ടുതന്നെ അയാളുടെ അധ്വാനമെല്ലാം വെറുതെയായി; സമ്പാദിച്ചുകൂട്ടിയ ധനം അയാൾക്ക് ഉപകാരപ്പെട്ടില്ല. എത്ര വലിയ ദുരന്തം!—സഭാപ്രസംഗി 2:17-21; മത്തായി 16:26.
നശ്വരമായ പ്രതിഫലത്തിനുവേണ്ടിയല്ല, അനശ്വരമായ പ്രതിഫലത്തിനായി അധ്വാനിക്കാൻ യേശു നമ്മെ ഉദ്ബോധിപ്പിക്കുന്നു. “നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല, നിത്യജീവന് ഉതകുന്ന ആഹാരത്തിനുവേണ്ടിത്തന്നെ പ്രയത്നിക്കുവിൻ” എന്ന് അവൻ പറഞ്ഞു. (യോഹന്നാൻ 6:27) “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്നേഹിച്ചു” എന്നും മുമ്പൊരിക്കൽ യേശു പറഞ്ഞിട്ടുണ്ട്. (യോഹന്നാൻ 3:16) നിത്യജീവനെക്കാൾ വലിയ പ്രതിഫലം വേറെയുണ്ടോ?
ജീവിതോത്കണ്ഠകളെ എങ്ങനെ തരണംചെയ്യാം?
ഭൗതികാവശ്യങ്ങൾ നിറവേറ്റുന്നതുമായി ബന്ധപ്പെട്ട ഉത്കണ്ഠകൾ മനുഷ്യസഹജമാണെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് അവൻ ശിഷ്യന്മാരോട് പറഞ്ഞു: “എന്തു തിന്നും, എന്തു കുടിക്കും എന്ന് അന്വേഷിക്കുന്നതു മതിയാക്കുവിൻ; ചഞ്ചലപ്പെടാതെയുമിരിക്കുവിൻ. ഈവകയൊക്കെയും വ്യഗ്രതയോടെ അന്വേഷിക്കുന്നതു ജാതികളത്രെ. ഇവയെല്ലാം നിങ്ങൾക്ക് ലൂക്കോസ് 12:29-31.
ആവശ്യമെന്നു നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ. അവന്റെ രാജ്യം അന്വേഷിച്ചുകൊണ്ടിരിക്കുവിൻ; അപ്പോൾ ഇവയെല്ലാം നിങ്ങൾക്കു നൽകപ്പെടും.”—യേശു നൽകിയ ഈ ഉറപ്പ്, ജീവിതം ലളിതമാക്കാൻ അനവധി ക്രിസ്ത്യാനികളെ പ്രേരിപ്പിച്ചിട്ടുണ്ട്. മലേഷ്യയിലുള്ള ജൂലിയറ്റ് പറയുന്നു: “എന്റെ ജോലി എന്നെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു. എത്ര ജോലി ചെയ്തിട്ടും നിരാശമാത്രം ബാക്കി. അതുകൊണ്ട് ജീവിതം ലളിതമാക്കാൻ സഹായിക്കണമേ എന്ന് ഞാനും ഭർത്താവും യഹോവയോടു പ്രാർഥിച്ചു. പെട്ടെന്നുതന്നെ ആ പ്രാർഥനയ്ക്ക് ഉത്തരം ലഭിച്ചു. ഒരു മാസത്തിനകം എനിക്ക് മറ്റൊരു ജോലികിട്ടി, വൈകല്യങ്ങളുള്ള കുട്ടികളെ പഠിപ്പിക്കുന്ന ഒരു പാർട്ട്-ടൈം ജോലി.” ഓസ്ട്രേലിയയിൽ ഒരു കോൺട്രാക്ടറായി ജോലി നോക്കുന്ന സ്റ്റീവ്, കുടുംബത്തോടൊപ്പം ആത്മീയപ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കുന്നതിന് ജോലിയിൽ ചില മാറ്റങ്ങൾ വരുത്തി. അദ്ദേഹത്തിന്റെ ഭാര്യ മോറിൻ പറയുന്നു: “അദ്ദേഹം ഇപ്പോൾ കൂടുതൽ സന്തോഷവാനാണ്, ഞങ്ങളും. കുട്ടികളും ഞാനും ഇങ്ങനെയുള്ള ഒരു ജീവിതമാണ്
ഇഷ്ടപ്പെടുന്നത്. ലളിതമായ ഒരു ജീവിതം നയിക്കുന്നെങ്കിൽ വീട്ടിലുള്ള എല്ലാവർക്കും വലിയ അനുഗ്രഹങ്ങൾ ലഭിക്കും.”ഇനി, ജോലി നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിനിൽക്കുന്ന അവസ്ഥയിലാണോ നിങ്ങൾ? ആണെങ്കിൽ യേശുവിന്റെ ഉപദേശം പിൻപറ്റാൻ നിങ്ങൾക്ക് വലിയ വിശ്വാസം ആവശ്യമാണ്. എന്നിരുന്നാലും ആത്മീയ കാര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുകയും ദൈവത്തിൽ ആശ്രയംവെക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾക്കും ലളിതമായൊരു ജീവിതം നയിക്കാനാകും. ‘യഥാർഥ ജീവൻ’—നീതി വസിക്കുന്ന, ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യജീവൻ—നേടാൻ അതു നിങ്ങളെ സഹായിക്കും. ആ പുതിയ ലോകത്തിൽ, ഏതു ജോലിയും ആസ്വാദ്യമായിരിക്കും; നമ്മുടെ ഒരു അധ്വാനവും വൃഥാവാകില്ല.—1 തിമൊഥെയൊസ് 6:17-19; യെശയ്യാവു 65:21-23.
ബൈബിൾ വാഗ്ദാനംചെയ്യുന്ന ഈ ‘യഥാർഥ ജീവനെ’ക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ഉണ്ടെങ്കിൽ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ വിലാസത്തിൽ എഴുതുകയോ ചെയ്യുക.
[31-ാം പേജിലെ ആകർഷക വാക്യം]
ദൈവത്തിന്റെ പുതിയ ലോകത്തിൽ, ഏതു ജോലിയും ആസ്വാദ്യമായിരിക്കും; നമ്മുടെ ഒരു അധ്വാനവും വൃഥാവാകില്ല
[30-ാം പേജിലെ ചതുരം]
സ്വയം തൊഴിൽ കണ്ടെത്താം
തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യങ്ങളിൽ പിൻവരുന്ന നിർദേശങ്ങൾ നിങ്ങൾക്ക് ഉപകരിച്ചേക്കും:
● ഹൗസ്-സിറ്റിങ്: ഉടമസ്ഥർ സ്ഥലത്തില്ലാത്തപ്പോൾ വീടും പറമ്പും നോക്കൽ
● ക്ലീനിങ്: സ്റ്റോറുകൾ, ഓഫീസുകൾ, അപ്പാർട്ടുമെന്റുകൾ എന്നിവ വൃത്തിയാക്കൽ
● റിപ്പയറിങ്: വീട്ടുപകരണങ്ങൾ, സൈക്കിൾ, മോട്ടോർ വാഹനങ്ങൾ എന്നിവ നന്നാക്കിക്കൊടുക്കാം
● മരപ്പണി: കട്ടിൽ, കസേര, ജനാല, വാതിൽ തുടങ്ങിയവ ഉണ്ടാക്കിക്കൊടുക്കാം; പെയിന്റിങ്
● കൃഷിപ്പണി
● പൂന്തോട്ട നിർമാണം: ഓഫീസുകൾക്കോ ഷോപ്പിങ് കോംപ്ലക്സുകൾക്കോ ഒക്കെ തോട്ടം ഉണ്ടാക്കിക്കൊടുക്കുക
● കാര്യസ്ഥപ്പണി/കാവൽ, മേൽനോട്ടം
● മൊസെയ്ക്, ടൈൽ വർക്കുകൾ
● പത്ര വിതരണം
● ലോഡിങ്, അൺലോഡിങ്
● പൂന്തോട്ട പരിപാലനം
● സ്കൂൾ-ബസ് ഡ്രൈവർ
● ഫോട്ടോഗ്രഫി
● ഗൃഹാലങ്കാരം
● പ്ലംബിങ് ജോലികൾ
കൂടുതൽ വിവരങ്ങൾക്ക് 1996 മാർച്ച് 8 ലക്കം ഉണരുക!-യുടെ 3-11 പേജുകൾ കാണുക.
[31-ാം പേജിലെ ചതുരം/ചിത്രം]
വീട്ടിലിരുന്നും തൊഴിൽ ചെയ്യാം
ചുറ്റുപാടും ജീവിക്കുന്നവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുക. ഒരുപക്ഷേ നിങ്ങൾക്ക് അതേക്കുറിച്ച് അയൽക്കാരോടുതന്നെ ചോദിച്ചറിയാനാകും.
● ശിശുപരിപാലനം
● പച്ചക്കറികളും പൂക്കളും കൃഷി ചെയ്ത് വിൽക്കൽ; ജ്യൂസ് സെന്റർ
● തയ്യൽ
● ഹോളോബ്രിക്സ് നിർമാണം
● പലഹാരങ്ങൾ ഉണ്ടാക്കിക്കൊടുക്കൽ
● ടേബിൾ ക്ലോത്ത്, കരകൗശല വസ്തുക്കൾ, ബാഗുകൾ എന്നിവയുടെ നിർമാണം; മൺപാത്രനിർമാണം
● അപ്ഹോൾസ്റ്ററി
● അക്കൗണ്ട്സ് തയ്യാറാക്കിക്കൊടുക്കൽ, ടൈപ്പിങ്, കമ്പ്യൂട്ടറുകളും മറ്റും നന്നാക്കിക്കൊടുക്കൽ
● തേനീച്ച വളർത്തൽ
● ഹെയർ ഡ്രസ്സിങ്
● മുറി വാടകയ്ക്കു കൊടുക്കൽ
● ട്യൂഷൻ
● കാറുകൾ കഴുകി പോളിഷ് ചെയ്തുകൊടുക്കൽ
● അലങ്കാര മത്സ്യങ്ങൾ, പക്ഷികൾ, വളർത്തുനായ്ക്കൾ എന്നിവയെ വിൽക്കൽ
● വാച്ച്-റിപ്പയറിങ്
കുറിപ്പ്: വീട്ടുമുറ്റത്ത് ബോർഡുകളോ മറ്റോവെച്ച് മേൽപ്പറഞ്ഞ പല ജോലികളും പരസ്യപ്പെടുത്താവുന്നതാണ്.