ദേഷ്യം നിയന്ത്രിക്കാൻ എന്തു ചെയ്യാനാകും?
യുവജനങ്ങൾ ചോദിക്കുന്നു
ദേഷ്യം നിയന്ത്രിക്കാൻ എന്തു ചെയ്യാനാകും?
നിങ്ങൾ എത്ര കൂടെക്കൂടെ ദേഷ്യപ്പെടാറുണ്ട്?
❑ ഒരിക്കലുമില്ല
❑ എല്ലാ മാസവും
❑ എല്ലാ ആഴ്‌ചയും
❑ എല്ലാ ദിവസവും
നിങ്ങളെ ഏറ്റവുമധികം ദേഷ്യംപിടിപ്പിക്കാറുള്ളത് ആരാണ്?
❑ ആരുമില്ല
❑ സഹപാഠികൾ
❑ അച്ഛനും അമ്മയും
❑ അനുജൻ/അനുജത്തി
❑ മറ്റാരെങ്കിലും
സാധാരണഗതിയിൽ നിങ്ങൾക്ക് ദേഷ്യംവരാറുള്ള ഒരു സാഹചര്യത്തെക്കുറിച്ച് എഴുതുക.
❑ .....
ആദ്യത്തെ ചോദ്യത്തിന്, “ഒരിക്കലുമില്ല” എന്നും രണ്ടാമത്തെ ചോദ്യത്തിന് “ആരുമില്ല” എന്നുമാണോ നിങ്ങളുടെ ഉത്തരം? ഇനി, അവസാനത്തെ ഭാഗം നിങ്ങൾക്ക് പൂരിപ്പിക്കേണ്ടിവന്നേയില്ല എന്നാണോ? എങ്കിൽ തീർച്ചയായും നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു. കാരണം, ദേഷ്യം നിയന്ത്രിക്കാൻ നിങ്ങൾക്ക് നന്നായി കഴിയുന്നുണ്ടെന്നാണ് അതിനർഥം!
പലരും പല രീതിയിലാണ് പ്രകോപനപരമായ സാഹചര്യങ്ങളോട് പ്രതികരിക്കുന്നത്. മാത്രമല്ല, ഇക്കാര്യത്തിൽ ഓരോരുത്തർക്കും അവരവരുടേതായ പരിമിതികളുമുണ്ട്. “നാമെല്ലാം പലതിലും തെറ്റിപ്പോകുന്നു” എന്ന് യാക്കോബിന്റെ ലേഖനത്തിൽ പറഞ്ഞിരിക്കുന്നു. (യാക്കോബ് 3:2) ദേഷ്യത്തിന്റെ കാര്യത്തിൽ, 17 വയസ്സുകാരിയായ സറീനയെപ്പോലെ * ആയിരിക്കാം ഒരുപക്ഷേ നിങ്ങളും. “ചിലപ്പോൾ എന്റെ മനസ്സിൽ ദേഷ്യം കുമിഞ്ഞുകൂടും. പിന്നെ ആരെങ്കിലും ചെറുതായൊന്നു പ്രകോപിപ്പിച്ചാൽമതി ഞാൻ പൊട്ടിത്തെറിക്കും. അത് അച്ഛനായാലും അമ്മയായാലും ചേച്ചിയായാലും വീട്ടിലെ പട്ടിയായാലും ശരി.”
സത്യവും മിഥ്യയും
ദേഷ്യം അടക്കാൻ ചിലപ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ടു തോന്നാറുണ്ടോ? ഉണ്ടെങ്കിൽ സഹായം ലഭ്യമാണ്. അതേക്കുറിച്ചു പറയുന്നതിനുമുമ്പ് നമ്മൾ ഒഴിവാക്കേണ്ട ചില തെറ്റായ ധാരണകളെക്കുറിച്ചു പറയാം.
▪ തെറ്റിദ്ധാരണ: “എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ പറ്റുമെന്നു തോന്നുന്നില്ല—എന്റെ വീട്ടിൽ എല്ലാവരുംതന്നെ മുൻകോപികളാണ്!”
യാഥാർഥ്യം: കുടുംബം, വളർന്നുവന്ന സാഹചര്യം എന്നിങ്ങനെ നമ്മുടെ പ്രകൃതത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ പലതുണ്ട്. എന്നാൽ ഒരു സാഹചര്യത്തിൽ എങ്ങനെ പെരുമാറണമെന്നു തീരുമാനിക്കേണ്ടത് ഈ ഘടകങ്ങളല്ല, നിങ്ങളാണ്. (സദൃശവാക്യങ്ങൾ 29:22) അപ്പോൾ, ചോദ്യം ഇതാണ്: നിങ്ങൾ എന്താണ് ഇഷ്ടപ്പെടുന്നത്? വികാരങ്ങൾ നിങ്ങളെ നിയന്ത്രിക്കുന്നതോ അതോ വികാരങ്ങളെ നിങ്ങൾ നിയന്ത്രിക്കുന്നതോ? ദേഷ്യം നിയന്ത്രിക്കാൻ പലരും പഠിച്ചിട്ടുണ്ട്. നിങ്ങൾക്കും അതിനു കഴിയും.—കൊലോസ്യർ 3:8-10.
ഓർക്കേണ്ട തിരുവെഴുത്ത്: “സകല വിദ്വേഷവും കോപവും ക്രോധവും ആക്രോശവും ദൂഷണവും എല്ലാവിധ ദുർഗുണങ്ങളോടുംകൂടെ നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ.”—എഫെസ്യർ 4:31.
▪ തെറ്റിദ്ധാരണ: “കോപം വന്നാൽ അത് പ്രകടിപ്പിക്കണം; അടക്കിവെക്കരുത്.”
യാഥാർഥ്യം: ദേഷ്യം വരുമ്പോൾ പൊട്ടിത്തെറിക്കുന്നതും ദേഷ്യം ഉള്ളിൽ അടക്കിവെക്കുന്നതും, രണ്ടും നന്നല്ല. വികാരങ്ങൾ ‘തുറന്നു പ്രകടിപ്പിക്കാൻ’ ഒരു സമയമുണ്ട്. (ഇയ്യോബ് 10:1) എന്നുവെച്ച്, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു ‘ഡൈനമൈറ്റ്’ ആയിരിക്കരുത് നിങ്ങൾ. പൊട്ടിത്തെറിക്കാതെതന്നെ ഉള്ളിലുള്ള വികാരങ്ങൾ പ്രകടിപ്പിക്കാനാകും.
ഓർക്കേണ്ട തിരുവെഴുത്ത്: “കർത്താവിന്റെ ദാസൻ കലഹിക്കുന്നവൻ 2 തിമൊഥെയൊസ് 2:24, 25.
ആയിരിക്കരുത്; പിന്നെയോ എല്ലാവരോടും ശാന്തതയോടെ ഇടപെടുന്നവനും . . . ക്ഷമയോടെ ദോഷം സഹിക്കുന്നവനും . . . ആയിരിക്കണം.”—▪ തെറ്റിദ്ധാരണ: “‘എല്ലാവരോടും ശാന്തമായി ഇടപെട്ടാൽ’ ആളുകൾ ‘തലയിൽ കയറും.’”
യാഥാർഥ്യം: ആത്മനിയന്ത്രണം പാലിക്കാൻ നല്ല കഴിവു വേണമെന്ന് ആളുകൾ മനസ്സിലാക്കും. അപ്പോൾ അവർക്ക് നിങ്ങളോട് ആദരവ് തോന്നും.
ഓർക്കേണ്ട തിരുവെഴുത്ത്: “സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കാൻ പരമാവധി ശ്രമിക്കുവിൻ.”—റോമർ 12:18.
ദേഷ്യം നിയന്ത്രിക്കാൻ പഠിക്കുക
ഇതുവരെ, ദേഷ്യം വരുമ്പോൾ മറ്റുള്ളവരെയായിരിക്കാം നിങ്ങൾ പഴിചാരിയിരുന്നത്. “അവളാണ് എന്നെ ദേഷ്യം പിടിപ്പിച്ചത്” അല്ലെങ്കിൽ “അവൻ അങ്ങനെ ചെയ്‌തതുകൊണ്ടാണ് എനിക്കു ദേഷ്യം വന്നത്” എന്നു നിങ്ങൾ പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങളുടെ വികാരങ്ങളുടെ നിയന്ത്രണം മറ്റുള്ളവരുടെ കൈയിലാണെന്നല്ലേ അതിനർഥം? ശരി, ആ നിയന്ത്രണം എങ്ങനെ തിരിച്ചുപിടിക്കാം? പിൻവരുന്ന നിർദേശങ്ങൾ പരീക്ഷിച്ചുനോക്കുക.
ഉത്തരവാദിത്വം ഏറ്റെടുക്കുക. നിങ്ങൾക്കു മാത്രമേ നിങ്ങളെ ദേഷ്യം പിടിപ്പിക്കാനാകൂ എന്ന് ആദ്യംതന്നെ മനസ്സിലാക്കണം. അതുകൊണ്ട് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതു നിറുത്തുക. അവനാണ് അല്ലെങ്കിൽ അവളാണ് എന്നെ ദേഷ്യം പിടിപ്പിച്ചത് എന്നൊക്കെ പറയുന്നതിനുപകരം “എനിക്ക് നിയന്ത്രണം വിട്ടുപോയി” എന്ന് സമ്മതിക്കുക. നിങ്ങളുടെ പ്രവൃത്തികൾക്ക് നിങ്ങളാണ് ഉത്തരവാദി എന്ന വസ്‌തുത അംഗീകരിച്ചാൽ അവയ്‌ക്ക് മാറ്റം വരുത്താൻ എളുപ്പമായിരിക്കും.—ഗലാത്യർ 6:5.
പ്രശ്‌നം മുന്നിൽക്കാണുക. “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്‌പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.” (സദൃശവാക്യങ്ങൾ 22:3) അതുകൊണ്ട് പ്രശ്‌നങ്ങൾ എപ്പോഴും മുന്നിൽക്കാണുക. എപ്പോഴാണ് നിങ്ങൾക്ക് ഏറ്റവും അധികം ദേഷ്യം വരാറുള്ളത് എന്ന് ചിന്തിച്ചുനോക്കുക. മേഘന എന്ന പെൺകുട്ടി പറയുന്നു: “ഞാൻ രാത്രി ഷിഫ്‌റ്റിലാണ്. ജോലി തീരുമ്പോൾ വല്ലാത്ത ക്ഷീണമായിരിക്കും. ആ സമയത്ത് ഒരു ചെറിയ കാര്യംമതി സകല നിയന്ത്രണവും നഷ്ടപ്പെടാൻ.”
ചോദ്യം: നിങ്ങൾക്ക് ദേഷ്യംവരാൻ ഏറ്റവും സാധ്യതയുള്ളത് എപ്പോഴൊക്കെയാണ്?
.....
കുറെക്കൂടെ നല്ല രീതിയിൽ പ്രതികരിക്കേണ്ടത് എങ്ങനെയെന്ന് ചിന്തിച്ചുവെക്കുക. ദേഷ്യംവരുമ്പോൾ മനസ്സിന് അയവുവരുത്താൻ ശ്വാസം വലിച്ചുവിടുക. ശബ്ദം താഴ്‌ത്തി പതുക്കെ സംസാരിക്കുക. “കള്ളൻ! എന്റെ ഷർട്ടെടുത്തിട്ട് മിണ്ടാതിരിക്കുന്നോ?” എന്ന് കുറ്റപ്പെടുത്തുന്നതിനുപകരം, നിങ്ങളെ അത് എങ്ങനെ ബാധിച്ചെന്ന് പറയുക. “ഷർട്ട് ഇടാൻ നോക്കിയപ്പോഴാ മനസ്സിലായത്, അത് നീയെടുത്തിരിക്കുകയാണെന്ന്; എനിക്ക് ശരിക്കും വിഷമംതോന്നി” എന്നോ മറ്റോ പറയാൻ കഴിഞ്ഞേക്കും.
ചെയ്യാൻ: അടുത്തിടെ നിങ്ങൾ പൊട്ടിത്തെറിച്ച ഒരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുക.
1. നിങ്ങളെ ദേഷ്യംപിടിപ്പിച്ചത് എന്താണ്?
.....
2. എങ്ങനെയാണ് നിങ്ങൾ പ്രതികരിച്ചത്? (എന്തു പറഞ്ഞു/ചെയ്‌തു?)
.....
3. എങ്ങനെ പ്രതികരിക്കുന്നതായിരുന്നു കുറെക്കൂടെ നല്ലത്?
.....
വരുംവരായ്‌കകളെക്കുറിച്ച് ചിന്തിക്കുക. അതിന് നിങ്ങളെ സഹായിക്കുന്ന തത്ത്വങ്ങൾ ബൈബിളിലുണ്ട്. അവയിൽ ചിലത് ഇതാ:
▪ സദൃശവാക്യങ്ങൾ 12:18: “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്.” വാക്കുകൾക്ക് മറ്റുള്ളവരെ മുറിപ്പെടുത്താനാകും. ദേഷ്യം വരുമ്പോൾ, അരുതാത്തത് എന്തെങ്കിലും പറയാനുള്ള സാധ്യത ഏറെയാണ്.
▪ സദൃശവാക്യങ്ങൾ 29:11: “മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.” ദേഷ്യപ്പെട്ട് സംസാരിക്കുമ്പോൾ നമ്മൾ മറ്റുള്ളവരുടെ മുമ്പിൽ ഒരു വിഡ്‌ഢിയാകുകയാണ്.
▪ സദൃശവാക്യങ്ങൾ 14:30: “ശാന്തമനസ്സു ദേഹത്തിന്നു ജീവൻ; അസൂയയോ അസ്ഥികൾക്കു ദ്രവത്വം.” മുൻകോപം ആരോഗ്യത്തിന് ദോഷംചെയ്യും! അനിത എന്ന പെൺകുട്ടി പറയുന്നു: “എന്റെ വീട്ടിൽ പലർക്കും ബ്ലഡ് പ്രഷർ ഉണ്ട്. ദേഷ്യപ്പെടുന്നത് എനിക്ക് ദോഷംചെയ്യുമെന്ന് അറിയാവുന്നതുകൊണ്ട് വികാരങ്ങളെ നിയന്ത്രിക്കാൻ ഞാൻ വളരെ ശ്രദ്ധിക്കുന്നു.”
ഇതിൽനിന്ന് എന്തു പഠിക്കാൻ കഴിയും? നിങ്ങളുടെ വാക്കും പ്രവൃത്തിയും വരുത്തിവെച്ചേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചു ചിന്തിക്കുക. 18 വയസ്സുള്ള ബിന്ദു പറയുന്നതു ശ്രദ്ധിക്കുക: “ഞാൻ സ്വയം ചോദിക്കും: ‘ഈ വ്യക്തിയോടു ഞാൻ ദേഷ്യപ്പെട്ടാൽ എന്തായിരിക്കും സംഭവിക്കുക? അവൾ/അവൻ എന്നെക്കുറിച്ച് എന്തു വിചാരിക്കും? ഞങ്ങളുടെ ബന്ധത്തെ അത് എങ്ങനെ ബാധിക്കും? എന്നോട് ആരെങ്കിലും ദേഷ്യപ്പെട്ടാൽ എനിക്ക് എന്തായിരിക്കും തോന്നുക?” ഫോണിലൂടെ സംസാരിക്കുന്നതിനുമുമ്പോ ടെക്‌സ്റ്റ് മെസേജോ ഇ-മെയിലോ അയയ്‌ക്കുന്നതിനുമുമ്പോ ഒക്കെ ഇങ്ങനെയുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കുന്നതു നന്നായിരിക്കും.
ചോദ്യം: ആരെങ്കിലും നിങ്ങളെ ദേഷ്യംപിടിപ്പിക്കുകയും ആ ദേഷ്യത്തിൽ നിങ്ങൾ തിരിച്ച് ഒരു മെസേജ് അയയ്‌ക്കുകയും ചെയ്‌താൽ എന്തായിരിക്കും സംഭവിക്കുക?
.....
സഹായം തേടുക. “മനുഷ്യർ ഇരുമ്പു കത്തികൾ ഇരുമ്പുകൊണ്ടു മൂർച്ച കൂട്ടുന്നു. അതേപോലെ മനുഷ്യൻ പരസ്‌പരം മൂർച്ചവരുത്തിക്കൊണ്ട് മറ്റുള്ളവരിൽനിന്നു പഠിക്കുന്നു.” (സദൃശവാക്യങ്ങൾ 27:17, പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ് വേർഷൻ) നിയന്ത്രണംവിട്ടു പോകുമെന്നു തോന്നുന്ന സാഹചര്യങ്ങളിൽ സംയമനം പാലിക്കാൻ കഴിയുന്നത് എങ്ങനെയാണെന്ന് മാതാപിതാക്കളോടോ പക്വതയുള്ള ഒരു സുഹൃത്തിനോടോ ചോദിക്കുക.
പുരോഗതി വിലയിരുത്തുക. നിങ്ങളുടെ പുരോഗതി എഴുതിവെക്കുക. ഓരോ തവണ പൊട്ടിത്തെറിക്കുമ്പോഴും (1) എന്താണ് സംഭവിച്ചത് (2) നിങ്ങൾ എങ്ങനെ പ്രതികരിച്ചു (3) കുറെക്കൂടെ നല്ല രീതിയിൽ എങ്ങനെ പ്രതികരിക്കാമായിരുന്നു എന്നീ കാര്യങ്ങൾ രേഖപ്പെടുത്തുക. കുറെക്കഴിയുമ്പോൾ നല്ല രീതിയിൽ പ്രതികരിക്കാൻ നിങ്ങൾ പഠിക്കും!
“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്.
[അടിക്കുറിപ്പ്]
^ ഖ. 17 ചില പേരുകൾ മാറ്റിയിട്ടുണ്ട്.
ചിന്തിക്കാൻ:
നാം വിചാരിക്കാത്ത ആളുകൾപോലും ചില സാഹചര്യങ്ങളിൽ നിയന്ത്രണംവിട്ട് പെരുമാറിയിട്ടുണ്ട്. അവരുടെ ദൃഷ്ടാന്തങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
▪ മോശ.—സംഖ്യാപുസ്‌തകം 20:1-12; സങ്കീർത്തനം 106:32, 33.
▪ പൗലോസും ബർന്നബാസും.—പ്രവൃത്തികൾ 15:36-40.
[27-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
സമപ്രായക്കാരുടെ അഭിപ്രായം
“ദേഷ്യം തോന്നുമ്പോൾ ഞാൻ ഡയറി എഴുതും. അല്ലെങ്കിൽ മമ്മിയോടു പറയും. അപ്പോൾ മനസ്സ് ശാന്തമാകും.”—അലക്‌സിസ്, ഐക്യനാടുകൾ.
“വല്ലാത്ത ദേഷ്യംവരുമ്പോൾ ഞാൻ നടക്കാൻ പോകും. വേഗത്തിൽ നടക്കുമ്പോൾ മനസ്സിന് അയവുവരും. കുറെ ശുദ്ധവായു ശ്വസിച്ചുകഴിയുമ്പോൾ തലയും ഒന്ന് തണുക്കും.”—എലിസബത്ത്, അയർലൻഡ്.
“ഒന്നു മാറിച്ചിന്തിക്കാൻ ഞാൻ ശ്രമിക്കും. ‘ഞാൻ പൊട്ടിത്തെറിച്ചാൽ എന്തായിരിക്കും സംഭവിക്കുക?’ ദേഷ്യപ്പെടുന്നതുകൊണ്ട് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ലെന്ന് അപ്പോൾ എനിക്ക് മനസ്സിലാകും.”—ഗ്രേം, ഓസ്‌ട്രേലിയ.
[27-ാം പേജിലെ ചതുരം]
നിങ്ങൾക്ക് അറിയാമോ?
ചിലപ്പോൾ ദൈവത്തിനുപോലും കോപം തോന്നാറുണ്ട്. എന്നാൽ അവന്റെ വികാരങ്ങൾ എപ്പോഴും നീതീകരിക്കത്തക്കതാണ്. മാത്രമല്ല, വികാരങ്ങളുടെമേൽ അവനു പൂർണ നിയന്ത്രണമുണ്ട്. അനുചിതമായി അവൻ ഒരിക്കലും പ്രവർത്തിക്കാറില്ല.—പുറപ്പാടു 34:6; ആവർത്തനപുസ്‌തകം 32:4; യെശയ്യാവു 48:9 എന്നിവ കാണുക.
[28-ാം പേജിലെ ചിത്രം]
നിങ്ങളുടെ വികാരങ്ങളുടെ നിയന്ത്രണം നിങ്ങളുടെ കൈയിൽത്തന്നെ ആയിരിക്കണം