മുൻവിധിയുടെയും വിവേചനത്തിന്റെയും മൂലകാരണങ്ങൾ
മുൻവിധിയുടെയും വിവേചനത്തിന്റെയും മൂലകാരണങ്ങൾ
“എല്ലാ മനുഷ്യരും സ്വതന്ത്രരായാണ് ജനിക്കുന്നത്. അന്തസ്സും അവകാശങ്ങളും എല്ലാവർക്കും ഒരുപോലെയാണ്. മനുഷ്യർക്കെല്ലാം ന്യായബോധവും മനസ്സാക്ഷിയും ഉണ്ട്, അന്യോന്യം സ്‌നേഹത്തോടെ വർത്തിക്കാൻ അവർ കടപ്പെട്ടിരിക്കുന്നു.”—സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനം, ആർട്ടിക്കിൾ 1.
ഉദാത്തമായ ഇത്തരം ആദർശങ്ങൾ നിലനിൽക്കുമ്പോഴും മുൻവിധിയും വിവേചനവും ഒരു തീരാവ്യാധിപോലെ മനുഷ്യസമൂഹത്തെ കാർന്നുതിന്നുകയാണ്. നാം ജീവിക്കുന്ന കാലത്തിന്റെ പ്രത്യേകതയെയും മനുഷ്യന്റെ പാപാവസ്ഥയെയുമാണ് അത് എടുത്തുകാണിക്കുന്നത്. (സങ്കീർത്തനം 51:5) എന്നാൽ സാഹചര്യം ആശയറ്റതല്ല. വിവേചനത്തെ മനുഷ്യസമൂഹത്തിൽനിന്നു പിഴുതെറിയാൻ നമുക്കു സാധിക്കില്ലെങ്കിലും സ്വന്തം മനസ്സിൽനിന്ന് മുൻവിധി പിഴുതെറിയാൻ നമുക്കു കഴിയും.
മുൻവിധിയുടേതായ ചിന്തകൾ നാം ഉൾപ്പെടെ ഏതു മനുഷ്യനെയും എപ്പോൾവേണമെങ്കിലും പിടികൂടാം എന്ന വസ്‌തുത അംഗീകരിക്കുകയാണ് ആദ്യപടി. മുൻവിധിയും വിവേചനവും തിരിച്ചറിയൽ (ഇംഗ്ലീഷ്) എന്ന പുസ്‌തകത്തിൽ ഇങ്ങനെ പറയുന്നു: “മുൻവിധിയെക്കുറിച്ച് ഗവേഷണം നടത്തിയാൽ സാധ്യതയനുസരിച്ച് പിൻവരുന്ന നിഗമനങ്ങളിലായിരിക്കും നാം മിക്കവാറും എത്തിച്ചേരുക: (1) ചിന്തിക്കാനും സംസാരിക്കാനും പ്രാപ്‌തിയുള്ള ആരെയും മുൻവിധി പിടികൂടാം, (2) മുൻവിധി അകറ്റാൻ നാം ബോധപൂർവം ശ്രമിക്കണം, (3) ശരിയായ ചോദനയുണ്ടെങ്കിൽ അതു സാധ്യമാണ്.”
മുൻവിധിയെ ചെറുക്കാനുള്ള പോരാട്ടത്തിൽ “ഏറ്റവും ശക്തമായ ആയുധം” ബോധവത്‌കരണമാണെന്നു പറയപ്പെടുന്നു. ശരിയായ ബോധവത്‌കരണം മുൻവിധിയുടെ മൂലകാരണങ്ങളെ വെളിച്ചത്തു കൊണ്ടുവരും, സ്വന്തം മനോഭാവങ്ങൾ വസ്‌തുനിഷ്‌ഠമായി വിലയിരുത്താൻ അവസരമൊരുക്കും, മുൻവിധിക്ക് ഇരയാകുമ്പോൾ ജ്ഞാനപൂർവം പ്രവർത്തിക്കാൻ ഒരുവനെ പ്രാപ്‌തനാക്കും.
അടിവേരുകൾ
വസ്‌തുതകൾ, നേരത്തേ സ്വരൂപിച്ചുവെച്ചിരിക്കുന്ന അഭിപ്രായങ്ങൾക്കു വിരുദ്ധമായി വരുമ്പോൾ അവയെ വളച്ചൊടിക്കാനും തെറ്റായി വ്യാഖ്യാനിക്കാനും എന്തിന്, അവഗണിച്ചുകളയാൻപോലും മുൻവിധി ഇടയാക്കിയേക്കാം. വളർന്ന ചുറ്റുപാടുകളിൽനിന്ന് സ്വായത്തമാക്കിയ കാഴ്‌ചപ്പാടുകൾപോലെ, നിർദോഷമെന്നു തോന്നുന്ന കാര്യങ്ങളോടു ബന്ധപ്പെട്ടായിരിക്കാം ചിലപ്പോൾ മുൻവിധിയുടേതായ ചിന്തകൾ തലപൊക്കുന്നത്. മറ്റു വർഗക്കാരെയോ സംസ്‌കാരത്തെയോ കുറിച്ച് വികലമായ വീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തികൾ നമ്മെ സ്വാധീനിച്ചതാകാനുംമതി. ഇനി, ദേശീയത, വ്യാജ മതോപദേശങ്ങൾ, അഹന്ത എന്നിവയും മുൻവിധിക്ക് വഴിമരുന്നിട്ടേക്കാം. പിൻവരുന്ന ആശയങ്ങളും ബന്ധപ്പെട്ട ബൈബിൾ തത്ത്വങ്ങളും പരിശോധിക്കവെ, നിങ്ങൾ ഇക്കാര്യത്തിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്നു ചിന്തിക്കുക.
സുഹൃത്തുക്കൾ. മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. സദൃശവാക്യങ്ങൾ 18:1) എന്നാൽ സുഹൃത്തുക്കൾക്ക് നമ്മുടെ വ്യക്തിത്വത്തിൽ കാര്യമായ സ്വാധീനം ചെലുത്താനാകും എന്നതിനാൽ നാം അവരെ ജ്ഞാനപൂർവം തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇത് അറിയാവുന്ന ജ്ഞാനികളായ മാതാപിതാക്കൾ മക്കളുടെ കൂട്ടുകാർ എങ്ങനെയുള്ളവരാണെന്നതു സംബന്ധിച്ച് ശ്രദ്ധയുള്ളവരായിരിക്കും. മൂന്നുവയസ്സുള്ള കുഞ്ഞുങ്ങൾപോലും വംശീയ മുൻവിധികൾ കാണിക്കാറുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മറ്റുള്ളവരുടെ വാക്കുകളും ചിന്താഗതികളുമൊക്കെയാണ് ഈ കുഞ്ഞുമനസ്സുകളെ സ്വാധീനിക്കുന്നത്. എന്നാൽ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ മാതാപിതാക്കൾക്ക് ഒരു വലിയ പങ്കുള്ളതിനാൽ കുട്ടികളിൽ നല്ല മൂല്യങ്ങൾ ഉൾനടാൻ മാതാപിതാക്കൾ പരമാവധി ശ്രമിക്കണം.
അതുകൊണ്ടുതന്നെ സുഹൃദ്‌ബന്ധങ്ങൾ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. അത് തെറ്റല്ലതാനും. “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു” എന്നും അങ്ങനെയുള്ള ഒരു വ്യക്തി ജ്ഞാനത്തിനു പുറംതിരിഞ്ഞു നിൽക്കുമെന്നും ബൈബിൾ പറയുന്നു. (▪ ബൈബിൾ എന്തു പറയുന്നു? “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” (സദൃശവാക്യങ്ങൾ 22:6) “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (സദൃശവാക്യങ്ങൾ 13:20) നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ സ്വയം ചോദിക്കുക: ‘ദൈവമുമ്പാകെ ശരിയായ പാതയിലൂടെയാണോ ഞാൻ എന്റെ മക്കളെ നടത്തുന്നത്? എന്റെ വ്യക്തിത്വം മെച്ചപ്പെടുത്താനാകുന്നവരെയാണോ ഞാൻ സുഹൃത്തുക്കളാക്കിയിരിക്കുന്നത്? ഇനി, ഞാൻതന്നെ എങ്ങനെയുള്ള ഒരു സുഹൃത്താണ്?’—സദൃശവാക്യങ്ങൾ 2:1-9.
ദേശീയത. “ഒരു രാഷ്‌ട്രം മറ്റു രാഷ്‌ട്രങ്ങളെക്കാൾ ശ്രേഷ്‌ഠമാണെന്നു ചിന്തിച്ചുകൊണ്ട് അതിന്റെ സംസ്‌കാരത്തിനും താത്‌പര്യങ്ങൾക്കും പ്രാമുഖ്യത കൽപ്പിക്കുക,” ഒരു നിഘണ്ടു ദേശീയതയെ നിർവചിക്കുന്നത് അങ്ങനെയാണ്. രാഷ്‌ട്രങ്ങൾ തമ്മിലുള്ള സംഘർഷവും സഹവർത്തിത്വവും (ഇംഗ്ലീഷ്) എന്ന തന്റെ പുസ്‌തകത്തിൽ രാഷ്‌ട്രതന്ത്ര പ്രൊഫസറായ ഈവോ ഡൂക്കാച്ചെക്ക് പറയുന്നു: “ദേശീയത മനുഷ്യരെ ഭിന്നിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യരായിട്ടല്ല, അമേരിക്കക്കാർ, റഷ്യക്കാർ, ചൈനക്കാർ, ഈജിപ്‌റ്റുകാർ . . . എന്നീ തരംതിരിവോടെയാണ് ആളുകൾ പരസ്‌പരം നോക്കിക്കാണുന്നത്.” ഒരു മുൻ യുഎൻ സെക്രട്ടറി ജനറൽ എഴുതി: “ഇന്ന് നാം നേരിടുന്ന പ്രശ്‌നങ്ങളിൽ പലതിനും കാരണം തെറ്റായ ചിന്താഗതികളാണ്. അവയിൽ ചിലത് മനുഷ്യൻ സ്വായത്തമാക്കിയത് ഒട്ടും ബോധപൂർവമല്ലതാനും. ‘എന്റെ രാജ്യം എന്തു ചെയ്‌താലും അതാണ് ശരി’ എന്ന സങ്കുചിതമായ ദേശീയ വികാരം അത്തരത്തിലൊന്നാണ്.”
▪ ബൈബിൾ എന്തു പറയുന്നു? “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്‌നേഹിച്ചു.” (യോഹന്നാൻ 3:16) ‘ദൈവം പക്ഷപാതമുള്ളവനല്ല; ഏതൊരു ജനതയിലും അവനെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവനു സ്വീകാര്യനാണ്.’ (പ്രവൃത്തികൾ 10:34, 35) സ്വയം ചോദിക്കുക: ‘ദൈവത്തിനു മുഖപക്ഷമില്ലെങ്കിൽ, ഞാനുൾപ്പെടെ എല്ലാ ജനതകളിലുംപെട്ടവരെ അവൻ സ്‌നേഹിക്കുന്നെങ്കിൽ, ദൈവത്തെ ആരാധിക്കുന്നവനാണെന്ന് അവകാശപ്പെടുന്ന ഞാനും അങ്ങനെ ചെയ്യേണ്ടതല്ലേ?’
വംശീയത. “വംശത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ സ്വഭാവവും പ്രാപ്‌തിയും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ചില വംശങ്ങൾ മറ്റുള്ളവയെക്കാൾ ശ്രേഷ്‌ഠമാണെന്നും ഉള്ള വിശ്വാസം.” ഒരു നിഘണ്ടു വംശീയവാദത്തെ നിർവചിക്കുന്നത് അങ്ങനെയാണ്. എന്നാൽ, “ഏതെങ്കിലുമൊരു വംശം മറ്റുള്ളവയെക്കാൾ ശ്രേഷ്‌ഠമാണെന്നതിന് യാതൊരു തരത്തിലുള്ള ശാസ്‌ത്രീയ തെളിവുകളും കണ്ടെത്താൻ ഗവേഷകർക്കായിട്ടില്ല” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു. അബദ്ധധാരണകളിൽ വേരൂന്നിയ ഈ വംശീയവാദം തലയ്‌ക്കുപിടിച്ചവർ
സഹമനുഷ്യരുടെ അവകാശങ്ങൾ നിഷേധിക്കുന്ന ഘട്ടത്തോളം പോകുന്നു.▪ ബൈബിൾ എന്തു പറയുന്നു? ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും.’ (യോഹന്നാൻ 8:32) “(ദൈവം) ഒരു മനുഷ്യനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി.” (പ്രവൃത്തികൾ 17:26) “മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.” (1 ശമൂവേൽ 16:7) സ്വയം ചോദിക്കുക: ‘ദൈവം കാണുന്നതുപോലെയാണോ ഞാൻ എല്ലാ ആളുകളെയും കാണുന്നത്? മറ്റൊരു വർഗത്തിലോ സംസ്‌കാരത്തിലോ ഉള്ള ആളുകളെ വ്യക്തിപരമായി അടുത്തറിയാൻ ഞാൻ ശ്രമിക്കാറുണ്ടോ? ആളുകളെ അടുത്തറിയുമ്പോൾ അവരെക്കുറിച്ചുള്ള നമ്മുടെ പല ധാരണകളും തെറ്റായിരുന്നുവെന്ന് നമുക്കു മനസ്സിലാകും.
മതം. “സ്വാർഥ മോഹങ്ങളെയും വർഗീയ താത്‌പര്യങ്ങളെയും ന്യായീകരിക്കാനായി മനുഷ്യർ മതങ്ങളെ കൂട്ടുപിടിക്കുന്നതാണ് വർഗീയ വിദ്വേഷങ്ങൾ ആളിക്കത്തിക്കുന്നത്. അങ്ങനെ, മതത്തിന്റെപേരിലുള്ള മുൻവിധികൾ ഉടലെടുക്കുന്നു,” ദ നേച്ചർ ഓഫ് പ്രിജുഡൈസ് എന്ന പുസ്‌തകം പറയുന്നു. “ഭക്തി മുൻവിധിക്കു വഴിമാറാൻ” അധികം സമയം വേണ്ടെന്നും ഈ പുസ്‌തകം ചൂണ്ടിക്കാട്ടുന്നു. പ്രത്യേക വംശത്തിൽപ്പെട്ടവർക്കു മാത്രമുള്ള പള്ളികൾ, മതവിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷം, മതം ഇളക്കിവിടുന്ന ഭീകരപ്രവർത്തനങ്ങൾ എന്നിവയെല്ലാം മേൽപ്പറഞ്ഞ വാക്കുകളുടെ സത്യതയ്‌ക്ക് അടിവരയിടുന്നു.
▪ ബൈബിൾ എന്തു പറയുന്നു? ‘ഉയരത്തിൽനിന്നുള്ള (ദൈവത്തിൽനിന്നുള്ള) ജ്ഞാനമോ ഒന്നാമതു നിർമലമാകുന്നു; കൂടാതെ അതു പക്ഷപാതം കാണിക്കാത്തതുമാണ്.’ (യാക്കോബ് 3:17) “സത്യാരാധകർ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സമയം വരുന്നു.” (യോഹന്നാൻ 4:23) “നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ.” (മത്തായി 5:44) സ്വയം ചോദിക്കുക: ‘എല്ലാ മനുഷ്യരെയും, എന്നെ ഉപദ്രവിക്കുന്നവരെപ്പോലും, നിഷ്‌കപടമായി സ്‌നേഹിക്കാൻ എന്റെ മതം എന്നെ പഠിപ്പിക്കുന്നുണ്ടോ? ലിംഗഭേദമെന്യെ, ജാതി-മത-സാമ്പത്തിക വ്യത്യാസങ്ങളില്ലാതെ, എല്ലാവരെയും ഒരുപോലെ എന്റെ സഭ സ്വാഗതം ചെയ്യുന്നുണ്ടോ?’
അഹങ്കാരം. അഹങ്കാരിയായ ഒരാളെ മുൻവിധിയുടേതായ ചിന്തകൾ പിടികൂടാൻ വളരെ എളുപ്പമാണ്. ഉദാഹരണത്തിന് തന്നെത്തന്നെ ഉയർന്ന തലത്തിൽ പ്രതിഷ്‌ഠിച്ചിരിക്കുന്ന ഒരു വ്യക്തി, പഠിപ്പുകുറഞ്ഞവരെയും സാമ്പത്തികശേഷി കുറഞ്ഞവരെയുമൊക്കെ നിന്ദയോടെ വീക്ഷിക്കാൻ സാധ്യത ഏറെയാണ്. സ്വന്തം വർഗത്തെയോ ദേശത്തെയോ ഉയർത്തിക്കാട്ടുന്ന പ്രചാരണങ്ങൾ വിശ്വസിക്കാനും അയാൾ ചായ്‌വുകാട്ടിയേക്കാം. ജനപിന്തുണ നേടാനും തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ തുടച്ചുനീക്കാനും അഡോൾഫ് ഹിറ്റ്‌ലറെപ്പോലെയുള്ള ചിലർ, ആളുകളുടെ ദേശീയ-വംശീയ വികാരങ്ങളെ ചൂഷണംചെയ്‌തിട്ടുണ്ട്.
▪ ബൈബിൾ എന്തു പറയുന്നു? “ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പ്.” (സദൃശവാക്യങ്ങൾ 16:5) “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്‌മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്‌ഠരായി കരുതുവിൻ.” (ഫിലിപ്പിയർ 2:3) സ്വയം ചോദിക്കുക: ‘ആരെങ്കിലും എന്റെ വംശത്തെയോ വർഗത്തെയോ പുകഴ്‌ത്തിപ്പറയുകയോ മറ്റൊരു വർഗത്തിൽപ്പെട്ടവരെ താഴ്‌ത്തിക്കെട്ടുകയോ ചെയ്യുമ്പോൾ ഉള്ളിന്റെയുള്ളിൽ എനിക്കു സന്തോഷം തോന്നാറുണ്ടോ? എനിക്കില്ലാത്ത കഴിവുകൾ മറ്റാർക്കെങ്കിലും ഉണ്ടെങ്കിൽ അതിൽ സന്തോഷിക്കുന്നതിനുപകരം ഞാൻ അസൂയപ്പെടുകയാണോ ചെയ്യാറുള്ളത്?’
“സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നത്” എന്ന് ബൈബിൾ പറയുന്നത് എത്ര ശരിയാണ്! (സദൃശവാക്യങ്ങൾ 4:23) അതുകൊണ്ട് ഹൃദയത്തെ വിലയേറിയ ഒന്നായി കാണുക. ഒരിക്കലും അത് ദുഷിക്കാൻ ഇടവരരുത്. ദൈവികജ്ഞാനംകൊണ്ട് അതിനെ നിറയ്‌ക്കുക. എങ്കിൽമാത്രമേ ബൈബിൾ പറയുന്നതുപോലെ, ‘വകതിരിവും വിവേകവും നമ്മെ കാക്കുകയും ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും നമ്മെ വിടുവിക്കുകയും ചെയ്യൂ.’—സദൃശവാക്യങ്ങൾ 2:10-12.
ഇനി, മുൻവിധിക്കും വിവേചനത്തിനും ഇരയായിട്ടുള്ള ഒരാളാണു നിങ്ങളെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും? അത് അറിയാൻ അടുത്ത ലേഖനം നിങ്ങളെ സഹായിക്കും.
[6-ാം പേജിലെ ആകർഷക വാക്യം]
ആളുകളെ അടുത്തറിയുമ്പോൾ അവരെക്കുറിച്ചുള്ള നമ്മുടെ പല ധാരണകളും തെറ്റായിരുന്നുവെന്ന് നമുക്കു മനസ്സിലാകും