വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ദുരിതങ്ങളിൽനിന്ന്‌ ഒരു മോചനം വേണം!

ഈ ദുരിതങ്ങളിൽനിന്ന്‌ ഒരു മോചനം വേണം!

ഈ ദുരിതങ്ങളിൽനിന്ന്‌ ഒരു മോചനം വേണം!

പിതാവ്‌ മരിച്ചപ്പോൾ തുടങ്ങി കീയൊയുടെ കഷ്ടകാലം. അടുത്തുള്ള വയലിൽ പശുക്കളെ മേയ്‌ച്ചതിന്റെ പേരിലാണ്‌ അദ്ദേഹത്തിന്റെ പിതാവ്‌ കൊല്ലപ്പെട്ടത്‌. പിന്നീട്‌ കംബോഡിയയിലെ കമെർ റൂഷ്‌ എന്ന വിപ്ലവപ്രസ്ഥാനം കീയൊയുടെ അമ്മയെയും രണ്ടുസഹോദരിമാരെയും വധിച്ചു. തുടർന്ന്‌ ഒരു കുഴിബോംബ്‌ സ്‌ഫോടനത്തിൽ അദ്ദേഹത്തിന്‌ ഗുരുതരമായി പരിക്കുപറ്റി. സഹായം പ്രതീക്ഷിച്ച്‌ 16 ദിവസമാണ്‌ അദ്ദേഹം കാട്ടിൽ കിടന്നത്‌! അദ്ദേഹത്തിന്റെ കാൽ മുറിച്ചുകളയേണ്ടിവന്നു. “എനിക്കു ജീവിക്കണമെന്നേ ഇല്ലായിരുന്നു,” കീയൊ പറയുന്നു.

പ്രകൃതിവിപത്തുകൾ, രോഗങ്ങൾ, അംഗവൈകല്യങ്ങൾ, ക്രൂരകൃത്യങ്ങൾ എന്നിങ്ങനെ വ്യത്യസ്‌ത രൂപങ്ങളിലാണ്‌ ദുരിതങ്ങൾ ആഞ്ഞടിക്കുന്നത്‌. ആളും തരവും നോക്കിയല്ല, ആർക്കും എവിടെവെച്ചും എപ്പോൾവേണമെങ്കിലും ഇവ സംഭവിക്കാം. ഈ ദുരിതങ്ങൾ തടയാൻ, ഇവയുടെ കാഠിന്യം ഒന്നു കുറയ്‌ക്കാൻ മാനവക്ഷേമ സംഘടനകൾ അശ്രാന്തം പരിശ്രമിച്ചിട്ടുണ്ട്‌. പക്ഷേ അവരുടെ ശ്രമങ്ങൾ വിജയിച്ചിട്ടുണ്ടോ?

പട്ടിണിക്കെതിരെയുള്ള പോരാട്ടത്തെക്കുറിച്ച്‌ ഒന്നു ചിന്തിക്കുക. ടൊറന്റോ സ്റ്റാർ എന്ന പത്രം പറയുന്നതനുസരിച്ച്‌ ആയിരങ്ങളാണ്‌ പ്രകൃതി ദുരന്തങ്ങൾക്കിരയായി വീടുംകുടിയും നഷ്ടപ്പെട്ട്‌ ഭക്ഷണമില്ലാതെ കഴിയുന്നത്‌. “വിശപ്പ്‌ ശമിപ്പിക്കാൻവേണ്ടി പല സംഘടനകളും നടത്തുന്ന ശ്രമങ്ങൾക്ക്‌ അക്രമങ്ങൾ വലിയൊരു പ്രതിബന്ധമാകുന്നു” എന്നും പത്രം റിപ്പോർട്ടു ചെയ്യുന്നു.

മനുഷ്യരുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ രാഷ്‌ട്രീയ സാമൂഹിക വൈദ്യശാസ്‌ത്രരംഗത്തെ പ്രമുഖർ തങ്ങളാലാവുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും നിരാശയാണ്‌ ഫലം. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തി ദാരിദ്ര്യത്തിന്‌ അറുതി വരുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. രോഗങ്ങൾക്കെല്ലാം പ്രതിവിധിയേകാൻ കുത്തിവയ്‌പ്പുകൾക്കോ മരുന്നുകൾക്കോ അത്യാധുനിക ശസ്‌ത്രക്രിയാ രീതികൾക്കോ സാധിക്കുന്നില്ല. അക്രമപ്രവർത്തനങ്ങൾ വർധിച്ചുവരുന്നത്‌ നിസ്സഹായരായി നോക്കിനിൽക്കാനേ പോലീസ്‌ ഉദ്യോഗസ്ഥർക്കും സമാധാന സേനകൾക്കും കഴിയുന്നുള്ളൂ.

ഇത്രയധികം കഷ്ടപ്പാടുകൾ ഉള്ളത്‌ എന്തുകൊണ്ടാണ്‌? മനുഷ്യർ ഇങ്ങനെ നരകിക്കുന്നത്‌ ദൈവം കാണുന്നില്ലേ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ബൈബിളിലുണ്ട്‌. ദശലക്ഷങ്ങൾക്ക്‌ സാന്ത്വനമേകിയ ആ വിവരങ്ങളാണ്‌ തുടർന്നുള്ള ലേഖനങ്ങളിൽ.