വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്തുകൊണ്ട്‌ ഇത്രയധികം ദുരിതങ്ങൾ?

എന്തുകൊണ്ട്‌ ഇത്രയധികം ദുരിതങ്ങൾ?

എന്തുകൊണ്ട്‌ ഇത്രയധികം ദുരിതങ്ങൾ?

ഈചോദ്യത്തിന്‌ ഉത്തരം അറിയാമെന്ന്‌ വീമ്പിളക്കുന്ന പല മതനേതാക്കന്മാരും ദുരിതങ്ങൾ ദൈവത്തിൽനിന്നുള്ള ശിക്ഷയാണെന്നാണ്‌ പഠിപ്പിക്കുന്നത്‌. ഹെയ്‌റ്റിയിൽ ഭൂകമ്പമുണ്ടായി ഏതാനും ദിവസങ്ങൾക്കുശേഷം തലസ്ഥാനനഗരിയിലെ ഒരു പുരോഹിതൻ, ഈ ദുരന്തം ദൈവത്തിൽനിന്നുള്ള ഒരു മുന്നറിയിപ്പാണെന്ന്‌ സഭാംഗങ്ങളോടു പറഞ്ഞു. എന്നാൽ മറ്റുള്ളവർ അത്‌ അങ്ങനെ തറപ്പിച്ചുപറയുന്നില്ല. ഇക്കാര്യത്തിലുള്ള പലരുടെയും വീക്ഷണത്തെക്കുറിച്ച്‌ അമേരിക്കയിലെ ഒരു അസോസിയേറ്റ്‌ മതപ്രൊഫസർ പറയുന്നു: “ദൈവം ഇത്തരം ദുരന്തങ്ങൾ വരുത്തുന്നത്‌ എന്തുകൊണ്ടെന്നത്‌ ഒരു നിഗൂഢതയാണ്‌. അത്‌ ചോദ്യംചെയ്യാൻ നമുക്ക്‌ അവകാശമില്ല. നാം ദൈവത്തിൽ വിശ്വസിച്ചാൽമാത്രം മതി.”

അങ്ങനെയെങ്കിൽ, മനുഷ്യർക്കു ദുരിതങ്ങൾ “വരുത്തുന്നത്‌” ദൈവമാണോ? അല്ല എന്ന്‌ ബൈബിൾ വ്യക്തമായി പറയുന്നു. മനുഷ്യർ കഷ്ടപ്പെടണം എന്നത്‌ യഹോവയാംദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നില്ല. ദൈവത്തോടു മത്സരിച്ച ആദ്യമനുഷ്യദമ്പതികൾ ദിവ്യകൽപ്പന ലംഘിച്ചുകൊണ്ട്‌ ശരിയും തെറ്റും സംബന്ധിച്ച്‌ സ്വന്തമായ നിലവാരങ്ങൾ ഉണ്ടാക്കി. അങ്ങനെ ദൈവത്തിനെതിരെ തിരിഞ്ഞ അവർക്ക്‌ അതിന്റെ ദാരുണഫലങ്ങൾ നേരിടേണ്ടിവന്നു. അവരുടെ തെറ്റായ തീരുമാനത്തിന്റെ ഭവിഷ്യത്തുകളാണ്‌ നാം ഇന്ന്‌ അനുഭവിക്കുന്നത്‌. അല്ലാതെ, ദുരിതങ്ങൾക്ക്‌ കാരണക്കാരൻ ഒരുതരത്തിലും ദൈവമല്ല. ബൈബിൾ പറയുന്നു: ‘പരീക്ഷ നേരിടുമ്പോൾ, “ദൈവം എന്നെ പരീക്ഷിക്കുകയാകുന്നു” എന്ന്‌ ആരും പറയാതിരിക്കട്ടെ. ദോഷങ്ങളാൽ ദൈവത്തെ ആർക്കും പരീക്ഷിക്കുക സാധ്യമല്ല; ദൈവവും ആരെയും പരീക്ഷിക്കുന്നില്ല.’ (യാക്കോബ്‌ 1:13) ദുരിതങ്ങൾ ആർക്കുവേണമെങ്കിലും വന്നുഭവിക്കാം; എന്തിന്‌, ദൈവത്തിന്റെ പ്രീതിയുള്ളവർക്കുപോലും. ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക:

● ഏലീശാപ്രവാചകന്‌ മാരകമായ ഒരു രോഗം പിടിപെട്ടു.—2 രാജാക്കന്മാർ 13:14.

● പൗലോസ്‌ അപ്പൊസ്‌തലന്‌ “വിശന്നും ദാഹിച്ചും ഉടുക്കാനില്ലാതെയും ഉപദ്രവമേറ്റും പാർപ്പിടമില്ലാതെയും” കഴിയേണ്ടിവന്നു.—1 കൊരിന്ത്യർ 4:11.

● ക്രിസ്‌ത്യാനിയായ എപ്പഫ്രൊദിത്തോസ്‌ രോഗം ബാധിച്ചും “വിഷമിച്ചും” ഇരുന്നു.—ഫിലിപ്പിയർ 2:25, 26.

ഈ ദുരിതങ്ങളെല്ലാം ഇവർ ചെയ്‌ത തെറ്റുകൾക്കുള്ള ശിക്ഷയായിരുന്നു എന്ന്‌ ബൈബിളിൽ ഒരിടത്തും നാം വായിക്കുന്നില്ല. എന്നാൽ, കഷ്ടപ്പാടുകൾക്ക്‌ ഉത്തരവാദി ദൈവമല്ല എന്നു പറയുന്നതിനു പുറമെ അതിന്‌ ഇടയാക്കിയേക്കാവുന്ന മൂന്ന്‌ അടിസ്ഥാന ഘടകങ്ങളും ബൈബിൾ വ്യക്തമാക്കുന്നു.

തെറ്റായ തീരുമാനങ്ങൾ

“ഒരുവൻ വിതയ്‌ക്കുന്നതുതന്നെ കൊയ്യും.” (ഗലാത്യർ 6:7) ഒരു വ്യക്തിയുടെ തെറ്റായ തീരുമാനംമൂലം ഉണ്ടായേക്കാവുന്ന ഏതൊരു ദുരിതങ്ങളുടെയും ഉത്തരവാദിത്വം അയാൾക്കായിരിക്കും. ഉദാഹരണത്തിന്‌, പുകവലിക്കുകയോ അശ്രദ്ധമായി വാഹനം ഓടിക്കുകയോ പണം ധൂർത്തടിക്കുകയോ ചെയ്‌താൽ അതിന്റെ ചില പരിണതഫലങ്ങൾ അയാൾതന്നെ അനുഭവിക്കേണ്ടിവരും.

മറ്റുള്ളവരുടെ സ്വാർഥ തീരുമാനങ്ങളും നമുക്കു ദുരിതം വരുത്തിയേക്കാം. നാസിഭരണകാലത്തെ കൊടുംക്രൂരതകൾ മുതൽ ബാലപീഡനം വരെ മനുഷ്യൻ ചെയ്‌തുകൂട്ടിയിട്ടുള്ള ഹീനകൃത്യങ്ങൾ അതിനു തെളിവാണ്‌. അതെ, ഇച്ഛാസ്വാതന്ത്ര്യം ദുരുപയോഗം ചെയ്‌തുകൊണ്ട്‌ ചിലർ എടുത്തിരിക്കുന്ന തീരുമാനങ്ങൾ മറ്റുള്ളവരെ ദുരിതക്കയത്തിലേക്ക്‌ തള്ളിയിട്ടിരിക്കുന്നു.

ആകസ്‌മിക സംഭവങ്ങൾ

എ.ഡി. ഒന്നാം നൂറ്റാണ്ടിൽ യെരുശലേമിൽ ഒരു വലിയ ഗോപുരം തകർന്ന്‌ 18 പേർ കൊല്ലപ്പെട്ടു. ആ സംഭവത്തെക്കുറിച്ച്‌ യേശു പരാമർശിച്ചു: “യെരുശലേമിൽ പാർത്തിരുന്ന മറ്റെല്ലാവരെക്കാളും (അവർ) പാപികളാണെന്നു നിങ്ങൾ കരുതുന്നുവോ? അല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കോസ്‌ 13:4, 5) ആ ദുരന്തത്തിന്‌ ഇരയായവർ ദൈവത്താൽ ശിക്ഷിക്കപ്പെടുകയായിരുന്നില്ല എന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. കാരണം അത്തരം സംഭവങ്ങളെല്ലാം “യാദൃച്ഛികമായി സംഭവിക്കുന്നതാണ്‌” എന്ന്‌ ദൈവവചനത്തിൽനിന്ന്‌ അവൻ മനസ്സിലാക്കിയിരുന്നു. (സഭാപ്രസംഗി 9:11, പി.ഒ.സി. ബൈബിൾ) ഒരു പ്രത്യേക സമയത്ത്‌ ഒരു പ്രത്യേക സ്ഥലത്ത്‌ ആയിപ്പോകുന്നതുകൊണ്ടോ മനുഷ്യരുടെ പിഴവുകൾകൊണ്ടോ ആണ്‌ പലപ്പോഴും ദുരന്തങ്ങൾ ഉണ്ടാകുന്നത്‌. ഉദാഹരണത്തിന്‌, ഭൂകമ്പമോ മറ്റു പ്രകൃതിവിപത്തുകളോ ചെറുക്കാൻ പര്യാപ്‌തമായ വിധത്തിലുള്ള കെട്ടിടങ്ങൾ നിർമിക്കാത്തതും മുന്നറിയിപ്പുകൾ അവഗണിക്കുന്നതും ദുരന്തങ്ങളുടെ കാഠിന്യം വർധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ആകസ്‌മിക സംഭവങ്ങൾ കൂടുതൽ ആളുകളെ ബാധിക്കുന്നു; അങ്ങനെ ദുരിതങ്ങളും ഏറുന്നു.

“ഈ ലോകത്തിന്റെ അധിപതി”

“സർവലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (യോഹന്നാൻ 12:31; 1 യോഹന്നാൻ 5:19) ഇവിടെ പറഞ്ഞിരിക്കുന്ന ‘ദുഷ്ടൻ’ പിശാചായ സാത്താനാണ്‌. “അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും വായുവിന്റെ അധികാരത്തിനും അധിപതി” എന്നാണ്‌ ശക്തനായ ഈ ആത്മരൂപിയെ ബൈബിൾ വിശേഷിപ്പിച്ചിരിക്കുന്നത്‌. ഇതിനർഥം, ആളുകളുടെ ചിന്താഗതിയെ നിയന്ത്രിക്കാനുള്ള അധികാരം അവനുണ്ടെന്നാണ്‌. ആ അധികാരം ഉപയോഗിച്ച്‌ ദൈവത്തോട്‌ അനുസരണക്കേടു കാണിക്കാൻ ലോകത്തിലുള്ള ബഹുഭൂരിപക്ഷം ആളുകളെയും അവൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. (എഫെസ്യർ 2:2) വംശഹത്യ, ബാലപീഡനം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച്‌ ഒന്ന്‌ ചിന്തിക്കുക. കേവലം മനുഷ്യകരങ്ങളായിരിക്കുമോ ഈ ക്രൂരകൃത്യങ്ങൾക്കെല്ലാം പിന്നിൽ? ഇതെല്ലാം സാത്താന്റെ സ്വാധീനഫലമാണ്‌ എന്നതിനു യാതൊരു സംശയവുമില്ല!

അങ്ങനെയെങ്കിൽ, ദൈവം നമ്മുടെ കഷ്ടപ്പാടുകൾക്കുനേരെ കണ്ണടയ്‌ക്കുകയാണോ? ദുരിതങ്ങൾ ഇല്ലാതാക്കാൻ അവന്‌ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? അവൻ അത്‌ ചെയ്യുമോ?