വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിന്റെ യഥാർഥ അനുഗാമികൾ ദ്വേഷിക്കപ്പെടുന്നത്‌ എന്തുകൊണ്ട്‌?

യേശുവിന്റെ യഥാർഥ അനുഗാമികൾ ദ്വേഷിക്കപ്പെടുന്നത്‌ എന്തുകൊണ്ട്‌?

ബൈബിളിന്റെ വീക്ഷണം

യേശുവിന്റെ യഥാർഥ അനുഗാമികൾ ദ്വേഷിക്കപ്പെടുന്നത്‌ എന്തുകൊണ്ട്‌?

“ആളുകൾ നിങ്ങളെ ഉപദ്രവത്തിന്‌ ഏൽപ്പിക്കുകയും കൊല്ലുകയും ചെയ്യും. എന്റെ നാമംനിമിത്തം സകല ജനതകളും നിങ്ങളെ ദ്വേഷിക്കും.”—മത്തായി 24:9.

ക്രൂരമായി വധിക്കപ്പെടുന്നതിന്‌ ഏതാനും ദിവസങ്ങൾക്കുമുമ്പ്‌ യേശു പറഞ്ഞ വാക്കുകളാണിവ. മരണത്തിന്റെ തലേരാത്രിയിൽ അവൻ തന്റെ വിശ്വസ്‌ത അപ്പൊസ്‌തലന്മാരോട്‌ ഇങ്ങനെയും പറയുകയുണ്ടായി: “അവർ എന്നെ പീഡിപ്പിച്ചെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും.” (യോഹന്നാൻ 15:20, 21) മറ്റുള്ളവർക്കുവേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ്‌ യേശു. അവൻ അടിച്ചമർത്തപ്പെട്ടവർക്ക്‌ പ്രത്യാശ പകരുകയും ദരിദ്രരെ ആശ്വസിപ്പിക്കുകയും ചെയ്‌തു. അങ്ങനെയൊരാളെ അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുന്നവരെ ആളുകൾ ദ്വേഷിക്കുന്നത്‌ എന്തുകൊണ്ടായിരിക്കും?

ഇതിനുള്ള കൃത്യമായ കാരണങ്ങൾ ബൈബിൾ വെളിപ്പെടുത്തുന്നുണ്ട്‌. അവ പരിശോധിക്കുമ്പോൾ, ക്രിസ്‌തുവിനുണ്ടായ അതേ എതിർപ്പുകൾ അവന്റെ അനുഗാമികളും നേരിടുന്നത്‌ എന്തുകൊണ്ടാണെന്ന്‌ വ്യക്തമാകും.

അജ്ഞതമൂലം

“നിങ്ങളെ കൊല്ലുന്ന ഏവനും താൻ ഒരു പുണ്യപ്രവൃത്തി ചെയ്യുന്നുവെന്നു കരുതുന്ന സമയം വരുന്നു. പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതിനാൽ അവർ ഇങ്ങനെ ചെയ്യും” എന്ന്‌ യേശു തന്റെ അനുഗാമികളോട്‌ പറഞ്ഞു. (യോഹന്നാൻ 16:2, 3) യേശുവിനെ എതിർത്ത പലരും, യേശു ആരാധിച്ച അതേ ദൈവത്തെയാണ്‌ ആരാധിക്കുന്നതെന്ന്‌ അവകാശപ്പെട്ടിരുന്നു. പക്ഷേ, അക്കൂട്ടർ തെറ്റായ മതവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പിടിയിലായിരുന്നു. അവർക്ക്‌ ‘ദൈവത്തെ സംബന്ധിച്ചു തീക്ഷ്‌ണത’യുണ്ടായിരുന്നെങ്കിലും ‘അത്‌ പരിജ്ഞാനപ്രകാരമുള്ളതായിരുന്നില്ല’ എന്ന്‌ ബൈബിൾ പറയുന്നു. (റോമർ 10:2) തർസൊസിലെ ശൗൽ അങ്ങനെ ഒരുവനായിരുന്നു. അദ്ദേഹം പിന്നീട്‌ ഒരു ക്രിസ്‌ത്യാനിയായി, പൗലോസ്‌ അപ്പൊസ്‌തലൻ എന്ന്‌ അറിയപ്പെട്ടു.

ശൗൽ ഒരു പരീശനായിരുന്നു. ക്രിസ്‌ത്യാനിത്വത്തെ എതിർത്തിരുന്ന യഹൂദമതവിഭാഗക്കാരായിരുന്നു പരീശന്മാർ. അവർക്ക്‌ സാമൂഹിക-രാഷ്‌ട്രീയ രംഗങ്ങളിൽ നല്ല സ്വാധീനമുണ്ടായിരുന്നു. “ഞാൻ ദൈവദൂഷകനും പീഡകനും ധിക്കാരിയും ആയിരുന്നു” എന്ന്‌ ശൗൽതന്നെ പിന്നീട്‌ സമ്മതിക്കുകയുണ്ടായി. എന്നാൽ അതിന്റെ കാരണത്തെക്കുറിച്ച്‌, ‘ഞാൻ അവിശ്വാസത്തിൽ അറിവില്ലാതെ പ്രവർത്തിച്ചതാണ്‌’ എന്ന്‌ അവൻ പറഞ്ഞു. (1 തിമൊഥെയൊസ്‌ 1:12, 13) പക്ഷേ, ദൈവത്തെയും അവന്റെ പുത്രനെയും കുറിച്ചുള്ള സത്യം മനസ്സിലാക്കിയപ്പോൾ പെട്ടെന്നുതന്നെ അവൻ തന്റെ വഴികൾക്കു മാറ്റംവരുത്തി.

ശൗലിനെപ്പോലെ ക്രിസ്‌ത്യാനികളെ എതിർത്തിരുന്ന പലരും പിന്നീട്‌ തങ്ങളുടെ വഴികൾക്കു മാറ്റംവരുത്തിയിരിക്കുന്നു. ഇവരിൽ ചിലർ പിൽക്കാലത്ത്‌ മറ്റുള്ളവരിൽനിന്നുള്ള എതിർപ്പുകൾ നേരിടുകപോലും ചെയ്‌തിട്ടുണ്ട്‌. എങ്കിലും ആർക്കും തിൻമയ്‌ക്കു പകരം തിൻമ ചെയ്യാതെ, ഇവർ യേശുവിന്റെ ഉദ്‌ബോധനത്തിന്‌ ചെവികൊടുക്കുന്നു: “നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ.” (മത്തായി 5:44) ഈ നിർദേശം അതേപടി പാലിക്കാൻ കഠിനശ്രമം ചെയ്യുന്നവരാണ്‌ യഹോവയുടെ സാക്ഷികൾ. എതിർക്കുന്നവരിൽ ചിലരെങ്കിലും ശൗലിനെപ്പോലെ തങ്ങളുടെ മനോഭാവത്തിനു മാറ്റംവരുത്താൻ തയ്യാറാകുമെന്ന്‌ അവർ പ്രത്യാശിക്കുന്നു.

അസൂയമൂലം

അസൂയമൂലമായിരുന്നു പലരും യേശുവിനെ എതിർത്തത്‌. “അസൂയനിമിത്തമാണ്‌ മുഖ്യപുരോഹിതന്മാർ (യേശുവിനെ) തനിക്ക്‌ (സ്‌തംഭത്തിലേറ്റാൻ) ഏൽപ്പിച്ചുതന്നിരിക്കുന്നതെന്ന്‌” റോമൻ ഗവർണറായിരുന്ന പൊന്തിയൊസ്‌ പീലാത്തൊസിന്‌ അറിയാമായിരുന്നു. (മർക്കോസ്‌ 15:9, 10) യഹൂദമതനേതാക്കന്മാർക്ക്‌ യേശുവിനോട്‌ അസൂയ തോന്നിയത്‌ എന്തുകൊണ്ടായിരിക്കാം? തങ്ങൾ പുച്ഛത്തോടെ വീക്ഷിച്ചിരുന്ന സാധാരണജനങ്ങൾക്കിടയിൽ യേശുവിനുണ്ടായിരുന്ന ജനസമ്മതിയായിരുന്നു ഒരു കാരണം. “ലോകം മുഴുവൻ അവന്റെ പിന്നാലെയാണ്‌” എന്നായിരുന്നു അവരുടെ പരാതി. (യോഹന്നാൻ 12:19) പിന്നീട്‌, യേശുവിന്റെ ശിഷ്യന്മാരുടെ പ്രവർത്തനങ്ങളോട്‌ ജനങ്ങൾ അനുകൂലമായി പ്രതികരിച്ചതും മതവൈരികളെ “അസൂയ നിറഞ്ഞവരാ”ക്കി. സുവാർത്ത പ്രസംഗിച്ചുകൊണ്ടിരുന്ന ക്രിസ്‌ത്യാനികൾക്കെതിരെ പീഡനം അഴിച്ചുവിട്ടുകൊണ്ടാണ്‌ അവർ അതിനോട്‌ പ്രതികരിച്ചത്‌.—പ്രവൃത്തികൾ 13:45, 50.

ഇനി, ദൈവസേവകരുടെ നല്ല പെരുമാറ്റമാണ്‌ ചിലർക്ക്‌ ഇഷ്‌ടപ്പെടാതിരുന്നത്‌. സഹക്രിസ്‌ത്യാനികളോട്‌ പത്രോസ്‌ അപ്പൊസ്‌തലൻ പറഞ്ഞു: “ദുർവൃത്തിയുടെ ചെളിക്കുണ്ടിൽ നിങ്ങൾ അവരോടൊപ്പം (ദുഷ്ടരോടൊപ്പം) പുളയ്‌ക്കാത്തതിൽ അവർ അതിശയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു.” (1 പത്രോസ്‌ 4:4) ഇതേ ചിന്താഗതി ഇന്നും ദൃശ്യമാണ്‌. സത്യക്രിസ്‌ത്യാനികൾ മോശമായ ഏതൊരു പെരുമാറ്റവും ഒഴിവാക്കുമെങ്കിലും തങ്ങൾ നീതിമാന്മാരാണെന്നോ മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠരാണെന്നോ കരുതുന്നില്ല. അത്തരം മനോഭാവം ഒരു ക്രിസ്‌ത്യാനിക്ക്‌ ചേർന്നതായിരിക്കില്ല; കാരണം എല്ലാ മനുഷ്യരും പാപികളും ദൈവത്തിന്റെ കരുണ ആവശ്യമുള്ളവരുമാണെന്ന്‌ അവർക്ക്‌ വ്യക്തമായി അറിയാം.—റോമർ 3:23.

‘ലോകത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട്‌’

“ലോകത്തെയോ ലോകത്തിലുള്ളതിനെയോ സ്‌നേഹിക്കരുത്‌” എന്ന്‌ ബൈബിൾ പറയുന്നു. (1 യോഹന്നാൻ 2:15) ദൈവത്തിൽനിന്ന്‌ അകന്ന, സാത്താന്റെ അധീനതയിലുള്ള ലോകത്തെക്കുറിച്ചാണ്‌ അപ്പൊസ്‌തലനായ യോഹന്നാൻ ഇവിടെ പറഞ്ഞിരിക്കുന്നത്‌. ബൈബിൾ സാത്താനെ വിശേഷിപ്പിക്കുന്നത്‌ “ഈ ലോകത്തിന്റെ ദൈവം” എന്നാണ്‌.—2 കൊരിന്ത്യർ 4:4; 1 യോഹന്നാൻ 5:19.

ദുഃഖകരമെന്നു പറയട്ടെ, ഈ ലോകത്തെയും അതിന്റെ ദുഷിച്ച വഴികളെയും പ്രിയപ്പെടുന്ന ചിലർ, ബൈബിൾ പറയുന്നതനുസരിച്ച്‌ ജീവിക്കാൻ ശ്രമിക്കുന്നവർക്ക്‌ വിരോധമായി പ്രവർത്തിക്കുന്നു. അതുകൊണ്ടാണ്‌ യേശു തന്റെ അപ്പൊസ്‌തലന്മാരോട്‌ പറഞ്ഞത്‌: “നിങ്ങൾ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ ലോകം അതിനു സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു; എന്നാൽ ഇപ്പോഴോ നിങ്ങൾ ലോകത്തിന്റെ ഭാഗമല്ലാത്തതുകൊണ്ടും ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തിരിക്കുന്നതുകൊണ്ടും ലോകം നിങ്ങളെ ദ്വേഷിക്കുന്നു.”—യോഹന്നാൻ 15:19.

അഴിമതി, അനീതി, അക്രമം എന്നിവയാൽ നിറഞ്ഞിരിക്കുന്ന, സാത്താനാൽ ഭരിക്കപ്പെടുന്ന ഒരു ലോകത്തെ പ്രിയപ്പെടുന്നില്ല എന്ന കാരണത്താൽ യഹോവയെ സേവിക്കുന്നവർ പകയ്‌ക്കപ്പെടുന്നത്‌ എത്ര സങ്കടകരമാണ്‌! ഈ ലോകത്തെ നന്നാക്കിയെടുക്കാൻ ആത്മാർഥഹൃദയരായ അനേകർക്കും ആഗ്രഹമുണ്ടെങ്കിലും ഈ ലോകത്തിന്റെ അദൃശ്യഭരണാധികാരിയുടെ സ്വാധീനം നിമിത്തം അവർക്കതിനു കഴിയുന്നില്ല. സാത്താനെ നീക്കംചെയ്യാൻ യഹോവയാംദൈവത്തിനു മാത്രമേ സാധിക്കൂ. അവൻ അതു തീർച്ചയായും ചെയ്യും. അഗ്നിയാലെന്നപോലെ ഒരു സമ്പൂർണ്ണ നാശമാണ്‌ സാത്താനെ കാത്തിരിക്കുന്നത്‌!—വെളിപാട്‌ 20:10, 14.

യഹോവയുടെ സാക്ഷികൾ ഭൂമിയിലെങ്ങും പ്രസിദ്ധമാക്കുന്ന ‘രാജ്യത്തിന്റെ സുവിശേഷത്തിലെ’ ഒരു സുപ്രധാന വശമാണ്‌ ഇത്‌. (മത്തായി 24:14) ക്രിസ്‌തു രാജാവായി ഭരിക്കുന്ന ദൈവരാജ്യത്തിനുമാത്രമേ നിലനിൽക്കുന്ന സമാധാനവും സന്തോഷവും നൽകാനാവൂ എന്ന്‌ അവർ ഉറച്ചു വിശ്വസിക്കുന്നു. (മത്തായി 6:9, 10) അതിനാൽത്തന്നെ ദൈവരാജ്യത്തെക്കുറിച്ച്‌ അവർ തുടർന്നും പ്രസംഗിക്കും. മനുഷ്യരെക്കാൾ ദൈവത്തിന്റെ അംഗീകാരമാണ്‌ അവർക്കു പ്രധാനം. (g11-E 05)

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

● തർസൊസിലെ ശൗൽ ക്രിസ്‌ത്യാനികളെ എതിർക്കാൻ കാരണം എന്തായിരുന്നു?—1 തിമൊഥെയൊസ്‌ 1:12, 13.

● യേശുവിനെ എതിർക്കാൻ ചിലരെ പ്രേരിപ്പിച്ചത്‌ എന്തായിരുന്നു?—മർക്കോസ്‌ 15:9, 10.

● യഥാർഥ ക്രിസ്‌ത്യാനികൾ എങ്ങനെയാണ്‌ ലോകത്തെ വീക്ഷിക്കുന്നത്‌?—1 യോഹന്നാൻ 2:15.

[13-ാം പേജിലെ ചിത്രം]

ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിച്ചതിന്‌ യഹോവയുടെ സാക്ഷികൾ 1945-ൽ, കാനഡയിലെ ക്യൂബെക്കിൽ വെച്ച്‌ ജനക്കൂട്ടത്തിൽ നിന്നുള്ള ആക്രമണം നേരിട്ടു

[കടപ്പാട്‌]

കടപ്പാട്‌ കാനഡ വൈഡ്‌