വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എങ്ങനെ സമാധാനം കാത്തുസൂക്ഷിക്കാം?

എങ്ങനെ സമാധാനം കാത്തുസൂക്ഷിക്കാം?

ബൈബിളിന്റെ വീക്ഷണം

എങ്ങനെ സമാധാനം കാത്തുസൂക്ഷിക്കാം?

“എല്ലാവരും പാപം ചെയ്‌തു ദൈവികമഹത്ത്വം ഇല്ലാത്തവരായിത്തീർന്നിരിക്കുന്നു,” എന്ന്‌ മനുഷ്യരെക്കുറിച്ച്‌ ബൈബിൾ പറയുന്നു. (റോമർ 3:23) 700 കോടിയിലധികം വരുന്ന ഭൂവാസികളെല്ലാം അപൂർണരായതിനാൽ വ്യക്തിത്വ ഭിന്നതകൾ ഉണ്ടാകുന്നത്‌ സ്വാഭാവികം മാത്രം. അത്തരം സാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾ നമുക്ക്‌ എങ്ങനെ സമാധാനം കാത്തുസൂക്ഷിക്കാനാകും?

നമ്മെ സഹായിക്കുന്ന നിർദേശങ്ങൾ ബൈബിളിലുണ്ട്‌. ബൈബിൾ നമ്മുടെ സ്രഷ്ടാവിനെ “സമാധാനത്തിന്റെ ദൈവം” എന്നു വിശേഷിപ്പിക്കുന്നു; അവന്റെ പേര്‌ യഹോവ എന്നാണ്‌. (എബ്രായർ 13:20; സങ്കീർത്തനം 83:18) ഭൂമിയിലെ തന്റെ മക്കൾ പരസ്‌പരം സമാധാനബന്ധം ആസ്വദിക്കണമെന്നാണ്‌ ദൈവത്തിന്റെ ആഗ്രഹം. അക്കാര്യത്തിൽ അവൻതന്നെ നല്ല മാതൃകയാണ്‌. ആദ്യ മാനുഷ ദമ്പതികൾ പാപം ചെയ്‌തുകൊണ്ട്‌ ദൈവവുമായുള്ള സമാധാനബന്ധം തകർത്തെങ്കിലും മനുഷ്യരുമായുള്ള ആ ബന്ധം പുനഃസ്ഥാപിക്കാൻ ദൈവം ഉടനടി ക്രമീകരണം ചെയ്‌തു. (2 കൊരിന്ത്യർ 5:19) മറ്റുള്ളവരുമായി സമാധാനത്തിലായിരിക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും? മൂന്നുകാര്യങ്ങൾ നമുക്കിപ്പോൾ നോക്കാം.

ഉദാരമായി ക്ഷമിക്കുക

ബൈബിൾ പറയുന്നത്‌ “ഒരുവനു മറ്റൊരുവനെതിരെ പരാതിക്കു കാരണമുണ്ടായാൽത്തന്നെ അന്യോന്യം പൊറുക്കുകയും ഉദാരമായി ക്ഷമിക്കുകയും ചെയ്യുവിൻ. യഹോവ നിങ്ങളോട്‌ ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുവിൻ.”—കൊലോസ്യർ 3:13.

പ്രതിബന്ധം ഒരുപക്ഷേ നിങ്ങൾക്ക്‌ ‘പരാതിക്കു കാരണമുള്ളപ്പോൾ’ നിങ്ങളെ വേദനിപ്പിച്ച വ്യക്തിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിൽ തെറ്റില്ലെന്നു തോന്നിയേക്കാം. ‘ആദ്യം ആ വ്യക്തി വന്ന്‌ മാപ്പു പറയട്ടെ’ എന്നും നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ ചെയ്‌തത്‌ തെറ്റാണെന്ന്‌ തെറ്റു ചെയ്‌ത വ്യക്തിക്ക്‌ അറിയില്ലെങ്കിലോ? തെറ്റ്‌ നിങ്ങളുടെ ഭാഗത്താണെന്ന്‌ ആ വ്യക്തി കരുതുന്നെങ്കിലോ? എങ്കിൽ ആ പിണക്കം ഒരിക്കലും തീരാൻ സാധ്യതയില്ല.

നിങ്ങൾക്ക്‌ ചെയ്യാനാകുന്നത്‌ ബൈബിൾ നൽകുന്ന ബുദ്ധിയുപദേശം ബാധകമാക്കിക്കൊണ്ട്‌ മറ്റേ വ്യക്തിയോട്‌ ഉദാരമായി ക്ഷമിക്കുക. വിശേഷിച്ചും, പ്രശ്‌നം നിസ്സാരമാണെങ്കിൽ. ഓർക്കുക: ദൈവം നമ്മുടെ തെറ്റുകളുടെ കണക്കുസൂക്ഷിക്കുകയാണെങ്കിൽ നമുക്കാർക്കും അവന്റെ മുമ്പാകെ നിൽക്കാൻ സാധിക്കുകയില്ല. (സങ്കീർത്തനം 130:3) “യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു,” ബൈബിൾ പറയുന്നു.—സങ്കീർത്തനം 103:8, 14.

ഈ ബൈബിൾ പഴമൊഴി ശ്രദ്ധിക്കുക: “വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.” (സദൃശവാക്യങ്ങൾ 19:11) കാര്യങ്ങളുടെ ഉള്ളറിയാൻ, അതായത്‌ എന്തുകൊണ്ടാണ്‌ ഒരു വ്യക്തി മോശമായി സംസാരിച്ചത്‌ അല്ലെങ്കിൽ പ്രവർത്തിച്ചത്‌ എന്നു മനസ്സിലാക്കാൻ വിവേകം നമ്മെ സഹായിക്കും. അതുകൊണ്ട്‌ സ്വയം ചോദിക്കുക: ‘ക്ഷീണമോ സമ്മർദമോ രോഗമോ നിമിത്തമാണോ ആ വ്യക്തി അങ്ങനെ മോശമായി പെരുമാറിയത്‌?’ ഈ വിധത്തിൽ മറ്റുള്ളവരുടെ ആന്തരങ്ങളും വികാരങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കുമ്പോൾ നിങ്ങളുടെ ദേഷ്യം കുറച്ചൊന്നു ശമിച്ചേക്കാം; അവരുടെ പിഴവുകൾ പൊറുക്കാനും നിങ്ങൾക്ക്‌ സാധിച്ചെന്നുവരും.

പ്രശ്‌നം പറഞ്ഞുതീർക്കുക

ബൈബിൾ പറയുന്നത്‌ “നിന്റെ സഹോദരൻ ഒരു പാപം ചെയ്‌താൽ നീ ചെന്ന്‌ നീയും അവനും മാത്രമായി സംസാരിച്ച്‌ അവന്റെ തെറ്റ്‌ അവനു മനസ്സിലാക്കിക്കൊടുക്കുക. അവൻ നിന്റെ വാക്കു ചെവിക്കൊള്ളുന്നെങ്കിൽ നീ നിന്റെ സഹോദരനെ നേടിയിരിക്കുന്നു.”—മത്തായി 18:15.

പ്രതിബന്ധം പ്രശ്‌നം പരിഹരിക്കാൻ മുൻകൈ എടുക്കുന്നതിന്‌ ഭയം, ദേഷ്യം, നാണക്കേട്‌ എന്നിങ്ങനെയുള്ള വികാരങ്ങൾ ഒരു തടസ്സമായേക്കാം. പ്രശ്‌നത്തെക്കുറിച്ച്‌ മറ്റുള്ളവരോട്‌ പറഞ്ഞുകൊണ്ട്‌ അവരുടെ സഹായം തേടാനും നിങ്ങൾക്കു പ്രലോഭനം തോന്നിയേക്കാം. അതുപക്ഷേ, എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലെ ആയിരിക്കും.

നിങ്ങൾക്കു ചെയ്യാനാകുന്നത്‌ പ്രശ്‌നം ഗുരുതരമാണെന്നും അതിനുനേരെ കണ്ണടയ്‌ക്കാനാവില്ലെന്നും നിങ്ങൾക്കു തോന്നിയാൽ ആ വ്യക്തിയോട്‌ തുറന്നു സംസാരിക്കുക. താഴെപ്പറയുന്ന വിധത്തിൽ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുക:

(1) വേഗത്തിൽ: എത്രയും പെട്ടെന്ന്‌ പ്രശ്‌നം പരിഹരിക്കുക. അല്ലാത്തപക്ഷം അത്‌ വഷളാകുകയേ ഉള്ളൂ. യേശുവിന്റെ നിർദേശം ബാധകമാക്കാൻ ശ്രമിക്കുക. അവൻ പറഞ്ഞു: “നീ യാഗപീഠത്തിങ്കൽ വഴിപാടു കൊണ്ടുവരുമ്പോൾ നിന്റെ സഹോദരന്‌ നിനക്കെതിരെ എന്തെങ്കിലും ഉണ്ടെന്ന്‌ അവിടെവെച്ച്‌ ഓർമ വന്നാൽ നിന്റെ വഴിപാട്‌ യാഗപീഠത്തിനു മുമ്പിൽ വെച്ചിട്ട്‌ ആദ്യം പോയി നിന്റെ സഹോദരനുമായി രമ്യതയിലാകുക. പിന്നെ വന്ന്‌ നിന്റെ വഴിപാട്‌ അർപ്പിക്കുക.”—മത്തായി 5:23, 24.

(2) സ്വകാര്യമായി: പ്രശ്‌നം മറ്റുള്ളവരോട്‌ പറഞ്ഞുനടക്കാതിരിക്കുക. ‘നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞുതീർക്ക; മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുത്‌’ എന്നാണ്‌ ബൈബിൾ ബുദ്ധിയുപദേശം.—സദൃശവാക്യങ്ങൾ 25:9.

(3) സമാധാനത്തിൽ: തെറ്റ്‌ ആരുടെ പക്ഷത്താണെന്ന്‌ കണ്ടുപിടിക്കാനുള്ള പ്രവണതയെ ചെറുക്കുക. സമാധാനം സ്ഥാപിക്കുക എന്നതാണ്‌ നിങ്ങളുടെ ലക്ഷ്യം, അല്ലാതെ വാദിച്ചു ജയിക്കുക എന്നതല്ല. “നിങ്ങൾ” എന്നതിനുപകരം “ഞാൻ” എന്ന പദം ഉപയോഗിക്കുന്നതായിരിക്കും ഉചിതം. ഉദാഹരണത്തിന്‌, “നിങ്ങൾ എന്നെ വിഷമിപ്പിച്ചു” എന്നു പറയുന്നതിനു പകരം “എനിക്കു വിഷമം തോന്നി” എന്നു പറയുക. ബൈബിൾ ആഹ്വാനം ചെയ്യുന്നത്‌ അതാണ്‌: “സമാധാനത്തിനും അന്യോന്യം പരിപുഷ്ടിപ്പെടുത്തുന്നതിനും ഉതകുന്ന കാര്യങ്ങൾ നമുക്കു പിൻപറ്റാം.”—റോമർ 14:19.

ദീർഘമായി ക്ഷമിക്കുക

ബൈബിൾ പറയുന്നത്‌ ‘ആർക്കും തിന്മയ്‌ക്കു പകരം തിന്മ ചെയ്യരുത്‌. . . . “നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അവനു ഭക്ഷിക്കാൻ കൊടുക്കുക; ദാഹിക്കുന്നെങ്കിൽ അവനു കുടിക്കാൻ കൊടുക്കുക.”’—റോമർ 12:17, 20.

പ്രതിബന്ധം സമാധാനം സ്ഥാപിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾ തുടക്കത്തിൽ വേണ്ടത്ര ഫലം കാണാതെ വന്നാൽ മടുത്തു പിന്മാറാൻ നിങ്ങൾക്ക്‌ തോന്നിയേക്കാം.

നിങ്ങൾക്ക്‌ ചെയ്യാനാകുന്നത്‌ ക്ഷമ കാണിക്കുക. ആളുകൾ പല സ്വഭാവക്കാരാണെന്നും പക്വതയുടെ കാര്യത്തിൽ എല്ലാവരും ഒരുപോലെ അല്ലെന്നും മനസ്സിൽപ്പിടിക്കുക. ചിലർക്ക്‌ സമാധാനത്തിലേക്കുവരാൻ കുറച്ചേറെ സമയം വേണ്ടിവന്നേക്കാം. മറ്റു ചിലർ ദൈവികഗുണങ്ങൾ കാണിക്കാൻ പഠിക്കുന്നതേ ഉണ്ടായിരിക്കുകയുള്ളൂ. അതുകൊണ്ട്‌ അങ്ങനെയുള്ളവരോട്‌ തുടർന്നും ദയയോടെയും സ്‌നേഹത്തോടെയും ഇടപെടുക. “തിന്മയ്‌ക്കു കീഴടങ്ങാതെ നന്മയാൽ തിന്മയെ കീഴടക്കുക” എന്നാണ്‌ ബൈബിൾ പറയുന്നത്‌.—റോമർ 12:21.

മറ്റുള്ളവരുമായി സമാധാനം സ്ഥാപിക്കണമെങ്കിൽ സ്‌നേഹം, താഴ്‌മ, വിവേകം, ക്ഷമ എന്നീ ഗുണങ്ങൾ വളർത്തിയെടുക്കാൻ നാം നല്ല ശ്രമം ചെയ്യേണ്ടതുണ്ട്‌. പക്ഷേ അങ്ങനെ സ്ഥാപിക്കുന്ന സമാധാനബന്ധങ്ങൾ ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്‌! (g12-E 03)

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

● മറ്റുള്ളവരോട്‌ ഉദാരമായി ക്ഷമിക്കാൻ എന്തു സഹായിക്കും?—കൊലോസ്യർ 3:13.

● മറ്റുള്ളവരുമായി പ്രശ്‌നം പറഞ്ഞുതീർക്കാൻ എന്തു സഹായിക്കും?—മത്തായി 5:23, 24.

● സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഫലം കാണാതെ വരുന്നെങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?—റോമർ 12:17-21.

[11-ാം പേജിലെ ആകർഷക വാക്യം]

“വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.”—സദൃശവാക്യങ്ങൾ 19:11.