വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിന്റെ വീക്ഷണം

പറുദീസ

പറുദീസ

എന്താണ്‌ പറുദീസ?

ആളുകൾ പറയുന്നത്‌

പറുദീസയെക്കുറിച്ചുള്ള വിവരണങ്ങൾ വെറുമൊരു കെട്ടുകഥയാണെന്നാണ്‌ ചിലർ കരുതുന്നത്‌. മറ്റു ചിലരാകട്ടെ, ഒരു സാങ്കൽപ്പികതോട്ടമാണ്‌ പറുദീസ എന്നു വിശ്വസിക്കുന്നു. അതായത്‌, സംതൃപ്‌തിയും ആനന്ദവും പകരുന്ന വേലകൾ ചെയ്‌തുകൊണ്ട്‌ നല്ല ആളുകൾ നിത്യം വസിക്കുന്ന ഒരിടം.

ബൈബിൾ പറയുന്നത്‌

മനുഷ്യവർഗത്തിന്റെ ആദ്യഭവനമായ ഏദെൻതോട്ടത്തെ കുറിക്കാനാണ്‌ “പറുദീസ” എന്ന വാക്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌. (ഉല്‌പത്തി 2:7-15) രോഗമോ മരണമോ ഇല്ലാതെ ആദ്യമനുഷ്യദമ്പതികൾ വസിച്ചിരുന്ന ഒരു യഥാർഥതോട്ടമായി ബൈബിൾ അതിനെ ചിത്രീകരിക്കുന്നു. (ഉല്‌പത്തി 1:27, 28) ദൈവത്തോട്‌ അനുസരണക്കേട്‌ കാണിച്ചതിനാൽ അവർക്ക്‌ പറുദീസാഭവനം നഷ്ടമായി. എന്നാൽ ഭാവിയിൽ പറുദീസ പുനഃസ്ഥാപിക്കുകയും മനുഷ്യവർഗം അതിൽ സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുമെന്ന്‌ പല ബൈബിൾപ്രവചനങ്ങളും വിശദീകരിക്കുന്നു.

നിങ്ങൾ ഇതേക്കുറിച്ച്‌ ചിന്തിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ദൈവം സ്‌നേഹവാനാണെങ്കിൽ വിശ്വസ്‌തരായ തന്റെ ആരാധകർക്ക്‌ ഇത്തരമൊരു പറുദീസയിൽ നല്ലൊരു ജീവിതം പ്രതിഫലമായി നൽകുമെന്ന്‌ വിശ്വസിക്കുന്നത്‌ തികച്ചും ന്യായയുക്തമാണ്‌. തന്റെ അംഗീകാരം നേടാൻ എന്താണ്‌ ചെയ്യേണ്ടതെന്നും അവൻ ആളുകളെ അറിയിക്കണം. ദൈവത്തെക്കുറിച്ച്‌ പഠിക്കുകയും അവന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾക്ക്‌ അവന്റെ അംഗീകാരം നേടാനാകുമെന്ന്‌ ബൈബിൾ പറയുന്നു.—യോഹന്നാൻ 17:3; 1 യോഹന്നാൻ 5:3.

“യഹോവയായ ദൈവം . . . ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.”—ഉല്‌പത്തി 2:8.

പറുദീസ എവിടെയാണ്‌?

ആളുകൾ പറയുന്നത്‌

പറുദീസ സ്വർഗത്തിലാണെന്ന്‌ ചിലർ വിശ്വസിക്കുന്നു. എന്നാൽ മറ്റു ചിലർ, വരുംകാലത്ത്‌ ഭൂമിയിൽ സ്ഥാപിതമാകാൻപോകുന്ന ഒന്നായി അതിനെ കാണുന്നു.

ബൈബിൾ പറയുന്നത്‌

ആദ്യമനുഷ്യർക്കു ദൈവം നൽകിയ പറുദീസ ഭൂമിയിലായിരുന്നു. മനുഷ്യരുടെ നിത്യഭവനമായി ദൈവം ഭൂമിയെ നൽകിയിരിക്കുന്നു. ബൈബിൾ വ്യക്തമാക്കുന്നതനുസരിച്ച്‌ നിത്യമായി നിലനിൽക്കത്തക്ക വിധത്തിലാണ്‌ ദൈവം അതിനെ ഒരുക്കിയിരിക്കുന്നത്‌. (സങ്കീർത്തനം 104:5) “സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു” എന്നും ബൈബിൾ പറയുന്നു.—സങ്കീർത്തനം 115:16.

അതുകൊണ്ടുതന്നെ ഭൂമിയിലെ പറുദീസയെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്‌ദാനത്തിൽ ഒട്ടും അതിശയിക്കാനില്ല. പറുദീസയിൽ നിത്യമായ ജീവിതം നൽകി ദൈവം മനുഷ്യവർഗത്തെ അനുഗ്രഹിക്കും. ഐക്യവും സമാധാനവും എങ്ങും കളിയാടും. വേദനയും ദുരിതങ്ങളും പൊയ്‌പ്പോകും. പ്രകൃതിയുടെ മാസ്‌മരികസൗന്ദര്യം പൂർണമായി ആസ്വദിക്കാൻ അന്ന്‌ സകലർക്കും കഴിയും.—യെശയ്യാവു 65:21-23.

“ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. . . . മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല.”—വെളിപാട്‌ 21:3, 4.

ആരായിരിക്കും പറുദീസയിൽ ജീവിക്കുന്നത്‌?

ആളുകൾ പറയുന്നത്‌

നല്ല ആളുകൾ മാത്രമേ പറുദീസയിൽ ഉണ്ടാകൂ എന്ന്‌ മിക്ക മതങ്ങളും പഠിപ്പിക്കുന്നു. പക്ഷേ, നല്ലവരായിരിക്കാൻ എന്താണ്‌ ചെയ്യേണ്ടതെന്ന കാര്യത്തിൽ പലർക്കും സംശയമാണ്‌. നല്ലവരായിരിക്കാൻ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതും പ്രാർഥനകൾ ഉരുവിടുന്നതും ഒക്കെ മതി എന്ന ചിന്തയാണ്‌ ചിലർക്ക്‌.

ബൈബിൾ പറയുന്നത്‌

“നീതിമാന്മാർ” പറുദീസയിൽ ജീവിക്കുമെന്ന്‌ ബൈബിൾ പറയുന്നു. പക്ഷേ ദൈവം നീതിമാന്മാരായി കണക്കാക്കുന്നത്‌ ആരെയാണ്‌? ദൈവേഷ്ടം അവഗണിച്ചുകൊണ്ട്‌ തങ്ങളുടെ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നവരെയല്ല. ബൈബിൾ പറയുന്നു: “യഹോവയുടെ കല്‌പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും . . . നല്ലത്‌.” (1 ശമൂവേൽ 15:22) ചുരുക്കിപ്പറഞ്ഞാൽ, ബൈബിളിലുള്ള ദിവ്യകൽപ്പനകൾ അനുസരിക്കുന്നവരാണ്‌ പറുദീസയിൽ നിത്യം ജീവിക്കാനിരിക്കുന്ന “നീതിമാന്മാർ.”

നിങ്ങൾക്കു ചെയ്യാനാകുന്നത്‌

കേവലം മതാനുഷ്‌ഠാനങ്ങളിൽ പങ്കെടുക്കുന്നതു മാത്രമല്ല ദിവ്യകൽപ്പനകൾ അനുസരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്‌. നിങ്ങൾ അനുദിനം ചെയ്യുന്ന കാര്യങ്ങൾ ഒന്നുകിൽ ദൈവത്തെ പ്രീതിപ്പെടുത്തും, അല്ലെങ്കിൽ അപ്രീതിപ്പെടുത്തും. ബൈബിൾ പരിശോധിക്കുന്നതിലൂടെ ദൈവത്തിന്‌ പ്രസാദകരമായത്‌ എന്താണെന്നു മനസ്സിലാക്കാൻ നിങ്ങൾക്കാകും. ദൈവത്തെ പ്രസാദിപ്പിക്കുന്നത്‌ ബുദ്ധിമുട്ടുള്ള കാര്യമല്ല. “അവന്റെ കൽപ്പനകൾ ഭാരമുള്ളവയല്ല” എന്നാണ്‌ ബൈബിൾ പറയുന്നത്‌. (1 യോഹന്നാൻ 5:3) പറുദീസയിലെ ജീവിതം നൽകി നമ്മുടെ അനുസരണത്തിന്‌ പ്രതിഫലം തരാൻ ദൈവം വാഞ്‌ഛിക്കുന്നു.

“നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:29.