വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിന്റെ വീക്ഷണം

പാവപ്പെട്ടവർ

പാവപ്പെട്ടവർ

പാവപ്പെട്ടവർക്കായി ദൈവം കരുതുന്നുണ്ടോ?

‘നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ.  . . . “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല; ഒരുപ്രകാരത്തിലും ഉപേക്ഷിക്കുകയുമില്ല” എന്ന്‌ (ദൈവം) അരുളിച്ചെയ്‌തിരിക്കുന്നുവല്ലോ.’ —എബ്രായർ 13:5.

ദൈവം കരുതുന്ന വിധം യഹോവയാം ദൈവത്തിന്റെ ഒരു ദാസൻ ബുദ്ധിമുട്ടിലും പ്രയാസത്തിലും ആകുമ്പോൾ ദൈവത്തിന്റെ കരുതൽ ഒട്ടനവധി വിധങ്ങളിൽ ആ വ്യക്തിക്ക്‌ അനുഭവവേദ്യമായേക്കാം.

സഹക്രിസ്‌ത്യാനികളേകുന്ന സ്‌നേഹപുരസ്സരമായ കൈത്താങ്ങാണ്‌ അതിലൊന്ന്‌. a യാക്കോബ്‌ 1:27 പറയുന്നു: ‘നമ്മുടെ ദൈവവും പിതാവുമായവന്റെ ദൃഷ്ടിയിൽ ശുദ്ധവും നിർമലവുമായ ആരാധനയോ, അനാഥരെയും വിധവമാരെയും അവരുടെ കഷ്ടങ്ങളിൽ സംരക്ഷിക്കുന്നത്‌ ആകുന്നു.’

ആദിമക്രിസ്‌ത്യാനികൾ അന്യോന്യം സഹായിക്കാൻ മുന്നോട്ടു വരുകയുണ്ടായി. ദൃഷ്ടാന്തത്തിന്‌, യെഹൂദ്യ ഒരു കടുത്ത ക്ഷാമത്തിന്റെ പിടിയിലമരുമെന്നു പ്രവചനം ഉണ്ടായപ്പോൾ സിറിയൻ നഗരമായ അന്ത്യൊക്യയിലെ ക്രിസ്‌ത്യാനികൾ “യെഹൂദ്യയിൽ വസിക്കുന്ന സഹോദരങ്ങൾക്കു സഹായം എത്തിച്ചുകൊടുക്കാൻ തീരുമാനിച്ചു.” (പ്രവൃത്തികൾ 11:28-30) തത്‌ഫലമായി, ദാരിദ്ര്യം അനുഭവിച്ചിരുന്ന സഹക്രിസ്‌ത്യാനികൾക്ക്‌ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിക്കിട്ടി. ഈ സ്വമേധാദാനം ക്രിസ്‌തീയസ്‌നേഹം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നതിന്റെ ഒരു ദൃഷ്ടാന്തമായിരുന്നു.—1 യോഹന്നാൻ 3:18.

ദരിദ്രർക്ക്‌ അവരുടെ സാഹചര്യം എങ്ങനെ മെച്ചപ്പെടുത്താം?

‘ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.’ —യെശയ്യാവു 48:17, 18.

ശുഭകരമായി പ്രവർത്തിക്കാൻ ദൈവം സഹായിക്കുന്നു ബൈബിളിൽ കാണുന്ന ജ്ഞാനം പ്രായോഗികമാണെന്നും അതിനു സമംവെക്കാൻ മറ്റൊന്നില്ലെന്നും ദശലക്ഷങ്ങൾ ഇതിനോടകം തിരിച്ചറിഞ്ഞിരിക്കുന്നു.

ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവയാണല്ലോ ജ്ഞാനം നൽകുന്നത്‌; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു. അവൻ നീതിയുള്ളവർക്കായി ദൈവികജ്ഞാനം ഗ്രഹിച്ചുവയ്‌ക്കുന്നു.” (സദൃശവാക്യങ്ങൾ 2:6, 7, വിശുദ്ധ സത്യവേദ പുസ്‌തകം, മോഡേൺ മലയാളം വേർഷൻ) ആ ജ്ഞാനത്തിൽ ആശ്രയിക്കുന്നവർക്ക്‌ ശുഭകരമായി പ്രവർത്തിക്കാനും തങ്ങളുടെ സാഹചര്യം മെച്ചപ്പെടുത്താനും കഴിയും.

ദൃഷ്ടാന്തത്തിന്‌, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗം പോലുള്ള ഹാനികരവും സാമ്പത്തികനഷ്ടം വരുത്തിവെക്കുന്നതും ആയ ദുശ്ശീലങ്ങൾ അവർ ഒഴിവാക്കുന്നു. (2 കൊരിന്ത്യർ 7:1) അവർ സത്യസന്ധരും മനസ്സാക്ഷിപൂർവം പ്രവർത്തിക്കുന്നവരും ഏറെ ഉത്തരവാദിത്വബോധം ഉള്ളവരും ആയിത്തീരുന്നു. ഈ ഗുണങ്ങൾ അവരുടെ ജോലിസാധ്യത വർധിപ്പിക്കുന്നു, തൊഴിലുടമകൾക്ക്‌ അവരെ പ്രിയങ്കരരാക്കുന്നു. എഫെസ്യർ 4:28 പറയുന്നു: “മോഷ്ടാവ്‌ ഇനി മോഷ്ടിക്കാതെ ഞെരുക്കത്തിലായിരിക്കുന്നവർക്കു ദാനം ചെയ്യാൻ വക ഉണ്ടാകേണ്ടതിന്‌ സ്വന്തകൈകൊണ്ട്‌ . . . അധ്വാനിക്കട്ടെ.”

ബൈബിൾ നൽകുന്ന ജ്ഞാനം പാവപ്പെട്ടവരെ സഹായിക്കും എന്നതിന്‌ തെളിവുകളുണ്ടോ?

“ദൈവത്തിന്റെ ജ്ഞാനം അതിന്റെ ഫലങ്ങളാൽ ശരിയെന്നു തെളിയുന്നു.”—മത്തായി 11:19, ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ.

സത്‌ഫലങ്ങൾ സാക്ഷ്യം പറയുന്നു ഘാനയിൽ താമസിക്കുന്ന വിൽസൺ ഒരു താത്‌കാലിക ജോലിയിൽനിന്ന്‌, അതിന്റെ കാലാവധി പൂർത്തിയായതിനാൽ വിരമിക്കാനിരിക്കുകയായിരുന്നു.

അവസാനദിവസം വിൽസൺ കമ്പനിയുടെ മാനേജിങ്‌ ഡയറക്‌ടറുടെ കാർ കഴുകുമ്പോൾ ഡിക്കിയിൽ കുറെ പണം കിടക്കുന്നതു കണ്ടു. അതു തിരിച്ചുകൊടുക്കേണ്ട ആവശ്യമൊന്നുമില്ലെന്ന്‌ അദ്ദേഹത്തിന്റെ സൂപ്പർവൈസർ പറഞ്ഞു. പക്ഷേ യഹോവയുടെ സാക്ഷിയായ വിൽസണ്‌ അറിയാമായിരുന്നു അതു മോഷണമാകുമെന്ന്‌. അതുകൊണ്ട്‌ അദ്ദേഹം അത്‌ ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു. ജോലിയിൽനിന്നു പിരിഞ്ഞുപോകേണ്ടിയിരുന്ന വിൽസണ്‌ സ്ഥിരം ജോലി ലഭിച്ചു എന്നു മാത്രമല്ല പിന്നീട്‌ അദ്ദേഹത്തെ ഒരു ഉന്നതോദ്യോഗസ്ഥനായി കമ്പനി നിയമിക്കുകയും ചെയ്‌തു.

ഫ്രാൻസിലാണ്‌ ഷെറാൾഡിൻ താമസിക്കുന്നത്‌. തൊഴിലുടമയായ സ്‌ത്രീക്ക്‌ യഹോവയുടെ സാക്ഷികളെ ഇഷ്ടമല്ലാഞ്ഞതിനാൽ അവർ ഷെറാൾഡിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. പക്ഷേ അതൊരു പരമാബദ്ധമായിപ്പോയെന്ന്‌ തൊഴിലുടമയുടെ അമ്മ മകളോടു പറഞ്ഞു. “വിശ്വസ്‌തരും കാര്യഗൗരവത്തോടെ ജോലി ചെയ്യുന്നവരും ആയ തൊഴിലാളികളെയല്ലേ നിനക്കു വേണ്ടത്‌? അതിന്‌ യഹോവയുടെ സാക്ഷികളോളം പറ്റിയവരില്ല,” അവർ പറഞ്ഞു. അമ്മയുടെ വാക്കുകേട്ട്‌ ആ സ്‌ത്രീ യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ അന്വേഷിച്ച്‌ മനസ്സിലാക്കി. ഷെറാൾഡിന്‌ ജോലി തിരികെക്കിട്ടി.

സൗത്ത്‌ ആഫ്രിക്കയിലുള്ള സാറാ ഒറ്റക്കാരിയായ ഒരമ്മയാണ്‌. ദുഷ്‌കരമായ സാഹചര്യങ്ങളിൽക്കൂടി കടന്നുപോയപ്പോൾ ക്രിസ്‌തീയസ്‌നേഹം അവൾ അനുഭവിച്ചറിഞ്ഞു. അവളുടെ സഭയിലെ അംഗങ്ങൾ കുടുംബത്തിനുവേണ്ട ഭക്ഷണവും വാഹനസൗകര്യവുമെല്ലാം ഏർപ്പാടാക്കി. “ഞങ്ങൾക്കു നിരവധി അച്ഛനമ്മമാർ സഭയിലുണ്ട്‌” എന്നാണ്‌ പിന്നീട്‌ അവളുടെ മക്കൾ പറഞ്ഞത്‌.

ഇങ്ങനെയുള്ള ഒട്ടേറെ ജീവിതസാക്ഷ്യങ്ങളുണ്ട്‌. സദൃശവാക്യങ്ങൾ 1:33-ലെ, “എന്റെ (യഹോവയുടെ) വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും” എന്ന വാക്കുകളുടെ സത്യത വിളിച്ചോതുന്നതാണ്‌ ഈ അനുഭവങ്ങൾ. ◼ (g13-E 02)

a ചില രാജ്യങ്ങളിൽ ദരിദ്രർക്കായി സർക്കാരിന്‌ ക്ഷേമപദ്ധതികളുണ്ട്‌. ഇതു ലഭ്യമല്ലാത്തിടത്ത്‌ കുടുംബാംഗങ്ങൾക്കും ബന്ധുജനങ്ങൾക്കുമാണ്‌ അവരെ സഹായിക്കാനുള്ള മുഖ്യ ഉത്തരവാദിത്വം.—1 തിമൊഥെയൊസ്‌ 5:3, 4, 16.