ജ്ഞാനം വിളിച്ചുപറയുന്നു--നിങ്ങൾക്ക് കേൾക്കാനാകുന്നുണ്ടോ?
‘ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ? അവൾ വഴിയരികെ മേടുകളുടെ മുകളിൽ പാതകൾ കൂടുന്നേടത്തു നില്ക്കുന്നു. അവൾ ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നു.’ —സദൃശവാക്യങ്ങൾ 8:1-3.
ജ്ഞാനം അമൂല്യമാണ്. അതിന്റെ അഭാവത്തിൽ ഒന്നിനുപുറകെ ഒന്നായി നാം ഭോഷത്തം പ്രവർത്തിച്ചുകൊണ്ടേയിരിക്കും. അങ്ങനെയെങ്കിൽ, യഥാർഥജ്ഞാനം എവിടെ കണ്ടെത്താൻ കഴിയും. നമ്മുടെ സൃഷ്ടാവിന്റെ അനുപമമായ ജ്ഞാനമായിരുന്നു സദൃശ്യവാക്യങ്ങളുടെ എഴുത്തുകാരന്റെ മനസ്സിൽ. കൂടാതെ, ഈ ജ്ഞാനം സകലമനുഷ്യവർഗത്തിനുംതന്നെ ലഭ്യമാണ്, സവിശേഷതയാർന്ന ഒരു പുസ്തകമായ ബൈബിളിലൂടെ. പിൻവരുന്നവ പരിചിന്തിക്കുക:
“ചരിത്രത്തിലുടനീളം ഏറ്റവും വ്യാപകമായി വിതരണം ചെയ്തിരിക്കുന്ന ഒരു പുസ്തകമാണ്” ബൈബിൾ എന്ന് ഒരു സർവവിജ്ഞാനകോശം പറയുന്നു. “അത് മറ്റേതൊരു പുസ്തകത്തെക്കാളും അധികം തവണയും അനേകം ഭാഷകളിലേക്കും പരിഭാഷ ചെയ്തിരിക്കുന്നു.” മുഴുവനായോ ഭാഗികമായോ ബൈബിൾ ഇപ്പോൾ 2,600-ഓളം ഭാഷകളിലുള്ളതിനാൽ മനുഷ്യകുടുംബത്തിൽ 90 ശതമാനത്തിലധികം ആളുകൾക്കും അതു ലഭ്യമാണ്.
അക്ഷരീയമായും ജ്ഞാനം ‘ഘോഷിക്കുന്നു.’ മത്തായി 24:14-ൽ നാം ഇങ്ങനെ വായിക്കുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ (ഈ ലോകത്തിന്റെ) അന്ത്യം വരും.”
ഈ “സുവിശേഷം” യഥാർഥജ്ഞാനമാണ്, കാരണം മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള ദൈവത്തിന്റെ ജ്ഞാനപൂർവമായ പരിഹാരത്തിലേക്കു അതു വിരൽചൂണ്ടുന്നു—അവന്റെ രാജ്യത്തിലേക്ക്. അത് ദൈവത്താലുള്ള ഗവണ്മെന്റായിരിക്കും, അത് മുഴുഭൂമിമേലും ഭരിക്കും—ഏകലോകവും, ഏകഗവണ്മെന്റും എന്ന നിലയിൽ. (ദാനീയേൽ 2:44; 7:13, 14) ഉചിതമായും, യേശുക്രിസ്തു ഇങ്ങനെ പ്രാർഥിച്ചു: “നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.”—മത്തായി 6:9, 10.
യഹോവയുടെ സാക്ഷികൾ 239 രാജ്യങ്ങളിലായി ദൈവരാജ്യത്തെക്കുറിച്ചു ഘോഷിക്കുന്നത് ഒരു പദവിയായി കാണുന്നു! അതെ, ജ്ഞാനം—ദൈവികജ്ഞാനം—യഥാർഥത്തിൽ “ഘോഷിക്കുന്നു,” ‘പടിവാതിലുകളിൽ’പോലും. നിങ്ങൾക്ക് കേൾക്കാനാകുന്നുണ്ടോ?▪ (g14-E 05)