മിക്കപ്പോഴും ഇരുട്ടിലാണ് പൂച്ചകൾ ഇരതേടാറുള്ളത്. അടുത്തുള്ള വസ്തുക്കളെ തിരിച്ചറിയാനും ഇരകളെ പിടിക്കാനും—പ്രത്യേകിച്ച് രാത്രികാലങ്ങളിൽ—പൂച്ചയുടെ മീശ സഹായിക്കുന്നു.
സവിശേഷത: പൂച്ചയുടെ മീശയെ ചില പ്രത്യേകതരം കോശങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇവയിൽ വന്നുചേരുന്ന നാഡികൾക്ക് കാറ്റിന്റെ ചെറിയ ചലനംപോലും തിരിച്ചറിയാൻ കഴിയും. തത്ഫലമായി, അടുത്തുള്ള വസ്തുക്കളെ കാണാതെതന്നെ അത് എന്താണെന്ന് തിരിച്ചറിയാൻ പൂച്ചകൾക്ക് സാധിക്കുന്നു. ഇരുട്ടിൽ ഇത് വിശേഷാൽ പ്രയോജനപ്രദമാണ്.
മർദത്തിലെ ചെറിയ വ്യതിയാനംപോലും വിവേചിച്ചറിയാൻ മീശകൾക്ക് കഴിവുള്ളതുകൊണ്ട് ഒരു ഇരയുടെ സ്ഥാനം നിർണയിക്കാനും അതിന്റെ ചലനം തിരിച്ചറിയാനും പൂച്ചകൾക്ക് കഴിയുന്നു. മാത്രമല്ല, ഒരു ദ്വാരത്തിന്റെ വ്യാസം അളക്കാനും അതിൽക്കൂടി കടന്നുപോകാനാകുമോയെന്ന് തീരുമാനിക്കാനും മീശകൾ സഹായിക്കുന്നു. “പൂച്ചമീശയുടെ ധർമ്മങ്ങളെക്കുറിച്ച് വളരെ പരിമിതമായ ഗ്രാഹ്യമേ നമുക്കുള്ളൂ. എന്നിരുന്നാലും, പൂച്ചയുടെ മീശ മുറിച്ചുകളയുന്ന പക്ഷം അതിന്റെ കഴിവുകൾ പലതും താത്കാലികമായി നഷ്ടപ്പെടുന്നു” എന്ന് ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു.
തടസ്സങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന റോബോട്ടുകളുടെ കാര്യക്ഷമത വർധിപ്പിക്കാൻ പൂച്ചയുടെ മീശയെ അനുകരിച്ചുകൊണ്ട് ശാസ്ത്രജ്ഞന്മാർ സെൻസറുകൾ ഘടിപ്പിച്ച റോബോട്ടുകൾ രൂപകല്പന ചെയ്തിരിക്കുന്നു. “‘ഈ-വിസ്കേഴ്സ്’ എന്ന പേരിൽ അറിയപ്പെടുന്ന സെൻസറുകൾ പലതരം റോബോട്ടുകളിലും മനുഷ്യരിൽനിന്ന് യന്ത്രങ്ങളിലേക്ക് നിർദേശങ്ങൾ കൈമാറുന്ന വിധങ്ങളിലും (human-machine user interfaces) ജീവശാസ്ത്രപരമായ മേഖലകളിലും പ്രയോജനപ്പെടുത്താനാകുമെന്ന്” ബെർക്ക്ലിയിലുള്ള കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രാധ്യാപകനായ ആലീ ജെയ്വി അഭിപ്രായപ്പെട്ടു.
നിങ്ങൾക്ക് എന്ത് തോന്നുന്നു? പൂച്ചയുടെ മീശയുടെ പ്രവർത്തനം പരിണാമത്താൽ വന്നതാണോ അതോ ആരെങ്കിലും രൂപകൽപ്പന ചെയ്തതാണോ? ▪ (g15-E 04)
വീട്ടിൽ വളർത്തുന്ന പൂച്ചകൾ ഉണർന്നിരിക്കുന്ന സമയത്തിന്റെ 24 ശതമാനം അതിന്റെ ശരീരം വൃത്തിയാക്കാൻ ഉപയോഗിച്ചേക്കാം. ഇത്രയും നന്നായി സ്വയം വെടിപ്പാക്കാൻ അവയ്ക്കു സാധിക്കുന്നതിനു പിന്നിലെ രഹസ്യം എന്താണ്?