മുഖ്യലേഖനം | കുടുംബത്തിൽ സമാധാനം കളിയാടാൻ. . .
കുടുംബകലഹം എങ്ങനെ ഒഴിവാക്കാം?
നിങ്ങളുടെ ഭവനത്തിൽ കലഹം ഒരു തുടർക്കഥയാണെങ്കിൽ എന്ത് ചെയ്യാൻ കഴിയും? അത്, ഇടയ്ക്കിടെ സംഭവിക്കുകയും കൂടുതൽ തീവ്രമാകുകയും ചെയ്യാറുണ്ടോ? ഒരുപക്ഷെ, അഭിപ്രായവ്യത്യാസങ്ങൾ തുടങ്ങിയത് എങ്ങനെയാണെന്നുപോലും നിങ്ങൾ ഓർക്കുന്നുണ്ടാവില്ല. എന്നിരുന്നാലും നിങ്ങൾ പരസ്പരം സ്നേഹിക്കുന്നു, പരസ്പരം വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നുമില്ല.
നിങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് എല്ലായ്പോഴും നിങ്ങളുടെ കുടുംബജീവിതം തകരാൻ തുടങ്ങുന്നു എന്ന് അർഥമാക്കുന്നില്ല. ഉണ്ടായിട്ടുള്ള അഭിപ്രായവ്യത്യാസങ്ങളല്ല, പകരം അവയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് നിങ്ങളുടെ കുടുംബാന്തരീക്ഷത്തെ സമാധാനമുള്ളതോ ഇല്ലാത്തതോ ആക്കിത്തീർക്കുന്നത്. ഇപ്പോൾ, കുടുംബകലഹം ഒഴിവാക്കാനുള്ള ചില പടികൾ നമുക്ക് ചിന്തിക്കാം.
1. പകരംവീട്ടുന്നത് ഒഴിവാക്കുക.
കുറഞ്ഞത് രണ്ടുപേരെങ്കിലും ഉണ്ടെങ്കിലേ വാക്കുതർക്കം ഉണ്ടാകൂ. ഉരുളയ്ക്കുപ്പേരിപോലെ തിരിച്ചുപറയുന്നതിനു പകരം, മറ്റെയാൾ പറയുന്നത് ശ്രദ്ധിക്കാൻ മനസ്സുകാണിച്ചാൽ ചൂടേറിയ തർക്കം തണുക്കാൻ തുടങ്ങും. അതുകൊണ്ട്, തിരിച്ചടിക്കാനുള്ള പ്രലോഭനത്തെ ചെറുക്കുക. നിങ്ങളെത്തന്നെ നിയന്ത്രിച്ചുകൊണ്ട് ആത്മാഭിമാനവും അന്തസ്സും നിലനിറുത്തുക. ഓർക്കുക, വാക്കുതർക്കങ്ങളിൽ ജയിക്കുന്നതിനെക്കാൾ കുടുംബസമാധാനമാണ് പ്രധാനം.
“വിറകു ഇല്ലാഞ്ഞാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും.”—സദൃശവാക്യങ്ങൾ 26:20.
2. കുടുംബാംഗങ്ങളുടെ വികാരങ്ങൾ കണക്കിലെടുക്കുക.
ആരെങ്കിലും സംസാരിക്കുമ്പോൾ തടസ്സപ്പെടുത്താതെ അല്ലെങ്കിൽ മുൻവിധി കാണിക്കാതെ സമാനുഭാവത്തോടെ നന്നായി ശ്രദ്ധിക്കുന്നത് ദേഷ്യം ശമിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും സഹായിക്കും. അദ്ദേഹത്തിന്റെ ആന്തരത്തെ ചോദ്യം ചെയ്യുന്നതിനു പകരം വികാരങ്ങൾ കണക്കിലെടുക്കുക. അപൂർണതയുടെ ഫലമായി ചെയ്ത ഒരു പ്രവൃത്തിയെ ദ്രോഹചിന്തയാണെന്ന് വ്യാഖ്യാനിക്കാതിരിക്കുക. മറ്റൊരാളെ വേദനിപ്പിക്കുന്ന സംസാരം മിക്കപ്പോഴും ചിന്തയില്ലായ്മയിൽനിന്നോ മുറിവേറ്റ ഒരു ഹൃദയത്തിൽനിന്നോ ആണ് വരുന്നത്. അത് വിദ്വേഷത്തിന്റെയോ പ്രതികാരത്തിന്റെയോ തെളിവായിരിക്കണമെന്നില്ല.
“നിങ്ങൾ മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊള്ളുവിൻ.”—കൊലോസ്യർ 3:12.
3. ദേഷ്യം തണുക്കാൻ സമയം അനുവദിക്കുക.
പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ് നിങ്ങൾക്കുള്ളതെങ്കിൽ സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ നയപൂർവം എന്തെങ്കിലും പറഞ്ഞ് അവിടെനിന്ന് മാറിപ്പോകുന്നതാണ് നല്ലത്. ആത്മസംയമനം വീണ്ടെടുക്കാനായി മറ്റൊരു മുറിയിലേക്ക് പോകുകയോ അല്പം നടക്കുകയോ ചെയ്യാം. അത് നിസ്സഹകരണമോ രക്ഷപ്പെടലോ മൗനവ്രതമോ അല്ല. പകരം, പിൻവരുന്ന സദൃശവാക്യം പ്രാവർത്തികമാക്കുകയാണ് ചെയ്യുന്നത്. കൂടാതെ, ക്ഷമയും ഉൾക്കാഴ്ചയും ഗ്രാഹ്യവും തരേണമേ എന്ന് ദൈവത്തോട് പ്രാർഥിക്കാനുള്ള അവസരം തേടുകയുമാണ്.
“ആകയാൽ കലഹമാകുംമുമ്പെ തർക്കം നിർത്തിക്കളക.”—സദൃശവാക്യങ്ങൾ 17:14.
4. എന്ത് പറയണം, എങ്ങനെ പറയണം എന്ന് നന്നായി ചിന്തിക്കുക.
ഇണയെ മുറിപ്പെടുത്തുന്ന രീതിയിലോ മുനവെച്ചോ സംസാരിക്കാൻ മുന്നമേ തയാറാകുന്നത് ഒരിക്കലും പ്രശ്നത്തിന് പരിഹാരമാകില്ല. പകരം, വികാരങ്ങൾ വ്രണപ്പെട്ടിരിക്കുന്ന ഇണയെ സാന്ത്വനിപ്പിക്കുന്ന വിധത്തിൽ സംസാരിക്കാൻ ശ്രമിക്കാവുന്നതാണ്. ഇണ എങ്ങനെ ചിന്തിക്കണമെന്ന് പറഞ്ഞുകൊടുക്കുന്നതിനു പകരം മനസ്സിലുള്ളത് കൂടുതൽ വ്യക്തമാക്കാൻ താഴ്മയോടെ ആവശ്യപ്പെടുക. അതിന്റെ ഫലമായി നിങ്ങൾക്കു ലഭിക്കുന്ന സഹായത്തിനും ഉൾക്കാഴ്ചയ്ക്കും നന്ദി പറയുക.
“വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.”—സദൃശവാക്യങ്ങൾ 12:18.
5. ശബ്ദമുയർത്താതെ ആദരപൂർവം സംസാരിക്കുക.
കുടുംബത്തിലെ ഒരാളുടെ അക്ഷമ മറ്റുള്ളവരെ എളുപ്പത്തിൽ ദേഷ്യംപിടിപ്പിക്കും. നിങ്ങളുടെ മനസ്സിന് എത്രതന്നെ വേദന അനുഭവപ്പെട്ടാലും, മറ്റുള്ളവരെ പരിഹസിക്കാനോ അപമാനിക്കാനോ ശബ്ദമുയർത്തി സംസാരിക്കാനോ ഉള്ള പ്രവണത ഒഴിവാക്കുക. “നിങ്ങൾക്ക് എന്നെപ്പറ്റി ചിന്തയില്ല,” “നിങ്ങൾ എന്നെ ശ്രദ്ധിക്കുന്നില്ല” തുടങ്ങിയ മുറിപ്പെടുത്തുന്ന വാക്കുകളും ഉപയോഗിക്കാതിരിക്കുക. പകരം, ഇണയുടെ പെരുമാറ്റം നിങ്ങളെ എങ്ങനെയാണ് ബാധിച്ചത് (“നിങ്ങൾ അങ്ങനെ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു. . .”) എന്ന് സമാധാനത്തോടെ പറയുക. ഇണയെ, ഉന്തുന്നതോ ചവിട്ടുന്നതോ മർദിക്കുന്നതോ മറ്റേതെങ്കിലും രീതിയിൽ ആക്രമിക്കുന്നതോ ഒരുപ്രകാരത്തിലും ന്യായീകരിക്കാനാവില്ല. അതുപോലെതന്നെയാണ് ഇരട്ടപ്പേര് വിളിക്കുന്നതും ചീത്തവിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും എല്ലാം.
“സകല വിദ്വേഷവും കോപവും ക്രോധവും ആക്രോശവും ദൂഷണവും എല്ലാവിധ ദുർഗുണങ്ങളോടുംകൂടെ നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ.”—എഫെസ്യർ 4:31.
6. എത്രയും പെട്ടെന്ന് ക്ഷമ ചോദിക്കുക, പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യം വിശദീകരിക്കുക.
സമാധാനം സ്ഥാപിക്കുക എന്ന പ്രധാന ലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കാൻ നമ്മുടെ നിഷേധാത്മകചിന്തകളെ ഒരിക്കലും അനുവദിക്കരുത്. ഏറ്റുമുട്ടാൻ ശ്രമിക്കുന്നത് രണ്ടുപേരും പരാജയപ്പെടാൻ കാരണമാകുകയേ ഉള്ളൂ. എന്നാൽ, സമാധാനം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ രണ്ടുപേരും വിജയിക്കുകതന്നെ ചെയ്യും. അതുകൊണ്ട്, ഒരു പ്രശ്നമുണ്ടായാൽ നിങ്ങളുടെ തെറ്റിന്റെ പൂർണ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക. ഇനി, നിങ്ങളുടെ ഭാഗത്തുനിന്ന് ഒരു തെറ്റും ഉണ്ടായിട്ടില്ല എന്നാണ് തോന്നുന്നതെങ്കിൽപ്പോലും പ്രകോപിതനായതിനോ ഒരു പ്രത്യേകരീതിയിൽ പ്രതികരിച്ചതിനോ അല്ലെങ്കിൽ പ്രശ്നമുണ്ടാകാൻ മനഃപൂർവമായിട്ടല്ലെങ്കിലും ഒരു കാരണം ആയതിനോവേണ്ടി നിങ്ങൾക്ക് ക്ഷമ ചോദിക്കാം. ആത്മാഭിമാനത്തെക്കാളും വാക്കുതർക്കങ്ങളിലുള്ള വിജയത്തെക്കാളും പ്രധാനം മറ്റുള്ളവരുമായുള്ള നമ്മുടെ സമാധാനബന്ധമാണെന്ന കാര്യം ഒരിക്കലും മറക്കാതിരിക്കുക. ഇനി, ഒരു പ്രശ്നമുണ്ടായതിന് ആരെങ്കിലും നിങ്ങളോട് ക്ഷമ ചോദിക്കുകയാണെന്നിരിക്കട്ടെ, എത്രയും പെട്ടെന്ന് ആ വ്യക്തിയോട് ക്ഷമിക്കുക.
“നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക.”—സദൃശവാക്യങ്ങൾ 6:3.
വാക്കുതർക്കങ്ങൾ കെട്ടടങ്ങിയതിനു ശേഷം കുടുംബത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? അതാണ് നമ്മൾ അടുത്ത ലേഖനത്തിൽ കാണാൻപോകുന്നത്. (g15-E 12)