ആരുടെ കരവിരുത്?
മുറിവുകൾ ഉണക്കാനുള്ള മനുഷ്യശരീരത്തിന്റെ പ്രാപ്തി
മനുഷ്യജീവിതം സാധ്യമാക്കുന്ന എണ്ണമറ്റ പ്രക്രിയകളിൽ ഒന്നുമാത്രമാണ് മുറിവുകൾ ഉണക്കാനുള്ള ശരീരത്തിന്റെ പ്രാപ്തിയും നാശം സംഭവിച്ച ശരീരകോശങ്ങളെ പുനരുത്പാദിപ്പിക്കാനുള്ള ശേഷിയും. ഒരു മുറിവ് ഉണ്ടായ ഉടൻതന്നെ ഈ പ്രക്രിയ ആരംഭിക്കും.
സവിശേഷത: കോശങ്ങളിൽ സംഭവിക്കുന്ന സങ്കീർണമായ പ്രക്രിയകളുടെ ഒരു പരമ്പരയിലൂടെയാണ് മുറിവുകൾ ഉണങ്ങുന്നത്:
-
രക്തത്തിലെ പ്ലേറ്റ്ലെറ്റ് എന്ന ഘടകം മുറിവിനു ചുറ്റുമുള്ള രക്തം കട്ടപിടിക്കാനും ക്ഷതം സംഭവിച്ച രക്തക്കുഴലുകൾ അടയ്ക്കാനും സഹായിക്കുന്നു.
-
നീരുവെക്കുന്ന പ്രക്രിയ അണുബാധ തടയുന്നതിനും മുറിവുമൂലം ഉണ്ടായിട്ടുള്ള ‘അവശിഷ്ടങ്ങൾ’ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.
-
ദിവസങ്ങൾക്കുള്ളിൽത്തന്നെ ശരീരം, ക്ഷതമേറ്റ കോശങ്ങൾക്കു പകരം പുതിയവ സ്ഥാപിക്കാനും മുറിവ് ചുരുക്കാനും രക്തക്കുഴലുകളുടെ കേടുപോക്കാനും തുടങ്ങുന്നു.
-
ഒടുവിൽ, മുറിവിനു ചുറ്റുമുള്ള കോശങ്ങൾ ക്ഷതമേറ്റ ഭാഗത്തെ ശക്തിപ്പെടുത്തുകയും അതിന് രൂപഭേദം വരുത്തുകയും ചെയ്യും.
രക്തം കട്ടപിടിക്കുന്ന ആ പ്രക്രിയയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗവേഷകർ, സ്വയം കേടുപോക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വികസിപ്പിച്ചുവരികയാണ്. സ്വയം പുതുക്കുന്ന അത്തരം ഉത്പന്നങ്ങളുടെ സമാന്തരമായി പോകുന്ന ചെറുകുഴലുകളിൽ രണ്ടുതരം രാസപദാർഥങ്ങൾ വെച്ചിട്ടുണ്ടാകും. ഏതെങ്കിലും വിധത്തിലുള്ള ക്ഷതമേൽക്കുന്നെങ്കിൽ ഈ രാസപദാർഥങ്ങൾ പുറത്തേക്കു വരും. അവ തമ്മിൽ കൂടിക്കലർന്ന് പശയുള്ള ദ്രാവകമായി മാറുകയും ക്ഷതമേറ്റ ഭാഗത്തു ചെന്ന് അവിടെയുള്ള വിള്ളലുകളും ദ്വാരങ്ങളും അടയ്ക്കുകയും ചെയ്യും. ദ്രാവകരൂപത്തിലുള്ള പശ അല്പസമയത്തിനുള്ളിൽ ഉറയ്ക്കുകയും ആ ഉത്പന്നത്തിന് നേരത്തെയുണ്ടായിരുന്ന ബലം വീണ്ടുകിട്ടുകയും ചെയ്യുന്നു. ഇതെക്കുറിച്ച് ഒരു ഗവേഷകൻ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “മനുഷ്യനിർമിത ഉത്പന്നങ്ങൾ സ്വയം കേടുപോക്കുന്ന ഈ പ്രക്രിയ ജീവനുള്ള ശരീരം സ്വയം കേടുപോക്കി പുതുമ വീണ്ടെടുക്കുന്ന പ്രകൃതിയിലെ പ്രതിഭാസത്തെ അനുസ്മരിപ്പിക്കുന്നു.”
നിങ്ങൾക്ക് എന്തു തോന്നുന്നു? മുറിവുകൾ ഉണക്കാനുള്ള ശരീരത്തിന്റെ ഈ പ്രാപ്തി രൂപപ്പെട്ടത് പരിണാമപ്രക്രിയയിലൂടെയാണോ? അതോ ആരെങ്കിലും അത് രൂപകൽപ്പന ചെയ്തതാണോ? ◼ (g15-E 12)