ബൈബിൾ സത്യത്തിന്റെ ശക്തി ഞാൻ തിരിച്ചറിഞ്ഞു
ബൈബിൾ സത്യത്തിന്റെ ശക്തി ഞാൻ തിരിച്ചറിഞ്ഞു
വിറ്റോ ഫ്രേയ്‌സ് പറഞ്ഞപ്രകാരം
ട്രന്‌റ്റിനാരാ എന്ന പേര് നിങ്ങൾ ഒരിക്കലും കേട്ടിരിക്കാനിടയില്ല; ഇറ്റലിയിലെ നേപ്പിൾസിനു തെക്കുഭാഗത്തുള്ള ഒരു ചെറുപട്ടണമാണത്. എന്റെ മാതാപിതാക്കളും ചേട്ടനായ ആൻജലോയും ജനിച്ചത് അവിടെയാണ്. ആൻജലോയുടെ ജനനശേഷം ഐക്യനാടുകളിലേക്ക് കുടിയേറിയ അവർ ന്യൂയോർക്കിലുള്ള റോച്ചെസ്റ്ററിൽ താമസമാക്കി. അവിടെവെച്ച്, 1926-ൽ ഞാൻ ജനിച്ചു. 1922-ൽത്തന്നെ ബൈബിൾ വിദ്യാർഥികളെ (യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) പിതാവ് കണ്ടുമുട്ടിയിരുന്നു. താമസിയാതെ എന്റെ മാതാപിതാക്കൾ ബൈബിൾ വിദ്യാർഥികൾ ആയിത്തീർന്നു.
പിതാവ് ഏറെ ചിന്തിക്കുന്ന, ശാന്തശീലനായ വ്യക്തിയായിരുന്നെങ്കിലും അനീതി കണ്ടാൽ അദ്ദേഹത്തിനു ദേഷ്യംവരുമായിരുന്നു. പുരോഹിതന്മാർ ആളുകളിൽനിന്നു സത്യം മറച്ചുവെക്കുന്നത് അദ്ദേഹത്തെ ചൊടിപ്പിച്ചു; അതുകൊണ്ട് ആളുകളെ ബൈബിൾ സത്യം അറിയിക്കാനുള്ള ഒരു അവസരംപോലും അദ്ദേഹം പാഴാക്കിയിരുന്നില്ല. ജോലിയിൽനിന്നു വിരമിച്ചശേഷം മുഴുസമയ ശുശ്രൂഷ ഏറ്റെടുത്ത അദ്ദേഹം ഏറെക്കാലം അതിൽ തുടർന്നു. ആരോഗ്യപ്രശ്‌നങ്ങളും അതിശൈത്യവും നിമിത്തം 74-ാം വയസ്സിൽ അതു നിറുത്തേണ്ടിവന്നെങ്കിലും പിന്നീടും 40 മുതൽ 60 മണിക്കൂർവരെ ഓരോ മാസവും ശുശ്രൂഷയിൽ അദ്ദേഹം ചെലവഴിച്ചിരുന്നു. 90-ലധികം വയസ്സുള്ളപ്പോൾപ്പോലും അതിനു മാറ്റമുണ്ടായില്ല. പിതാവിന്റെ ആ നല്ല മാതൃക എന്നെ വളരെയധികം സ്വാധീനിച്ചു. തമാശയൊക്കെ പറയുമായിരുന്നെങ്കിലും പൊതുവെ ഗൗരവക്കാരനായിരുന്നു അദ്ദേഹം. “സത്യത്തെ ഗൗരവത്തോടെ കാണണം” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
അഞ്ചുമക്കളെയും ദൈവവചനം പഠിപ്പിക്കാൻ മാതാപിതാക്കൾ ശ്രമിച്ചിരുന്നു. 1943 ആഗസ്റ്റ് 23-നു സ്‌നാനമേറ്റ ഞാൻ 1944 ജൂണിൽ ഒരു പയനിയറായി. ന്യൂയോർക്കിലെ ജനീവയിൽ ഒരു പയനിയറായി സേവിക്കുകയായിരുന്നു എന്റെ ചേച്ചി കാർമെല്ല. നല്ല ചൊടിയും ചുണയുമുള്ള ഫാൺ എന്ന സഹോദരിയായിരുന്നു ചേച്ചിയുടെ പയനിയർ പങ്കാളി; തുടർന്നുള്ള ജീവിതം അവളോടൊപ്പം ആകണമെന്ന് ഞാൻ ആശിച്ചു. അങ്ങനെ 1946 ആഗസ്റ്റിൽ അവൾ എന്റെ ജീവിതപങ്കാളിയായി.
മിഷനറി സേവനം
വിവാഹത്തിനുശേഷം കുറച്ചുകാലം ഞങ്ങൾ പ്രത്യേക പയനിയർമാരായി സേവിച്ചു; ആദ്യം ന്യൂയോർക്കിലെ ജനീവയിലും പിന്നീട് നോർവിച്ചിലും. അങ്ങനെയിരിക്കെ, 1948 ആഗസ്റ്റിൽ പന്ത്രണ്ടാമത്തെ ഗിലെയാദ് ക്ലാസ്സിൽ പങ്കെടുക്കാനുള്ള പദവി ഞങ്ങൾക്കു ലഭിച്ചു. മിഷനറി ദമ്പതികളായ കാൾ റിജ്‌വാന്റെയും ജോയാൻ റിജ്‌വാന്റെയും ഒപ്പം ഇറ്റലിയിലെ നേപ്പിൾസിലാണ് ഞങ്ങളെ നിയമിച്ചത്. നേപ്പിൾസ് യുദ്ധക്കെടുതിയിൽനിന്നു കരകയറാൻ തത്രപ്പെടുന്ന കാലമായിരുന്നു അത്. അവിടെ ഒരു വീടു കണ്ടെത്താൻ അന്ന് വളരെ ബുദ്ധിമുട്ടായിരുന്നതിനാൽ ഏതാനും മാസം രണ്ടുമുറികൾ മാത്രമുള്ള ഒരു ചെറിയ അപ്പാർട്ടുമെന്റിലാണ് ഞങ്ങൾ താമസിച്ചത്.
നേപ്പിൾസിലുള്ളവർ സംസാരിക്കുന്നതരം ഇറ്റാലിയൻ ഭാഷയാണ് എന്റെ മാതാപിതാക്കൾ ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് അമേരിക്കൻ ചുവയുണ്ടായിരുന്നെങ്കിലും നേപ്പിൾസിലുള്ളവർക്ക് എന്റെ ഇറ്റാലിയൻ മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു. പക്ഷേ, ഫാണിന് ഭാഷ ഒരു പ്രശ്‌നമായി. എന്നാൽ, പെട്ടെന്നുതന്നെ ഭാഷ പഠിച്ചെടുത്ത അവൾ എന്നെയും കടത്തിവെട്ടി.
നേപ്പിൾസിലുള്ള ഒരു നാലംഗകുടുംബം മാത്രമാണ് ആദ്യം സത്യത്തോടു താത്‌പര്യം കാണിച്ചിരുന്നത്. നിയമപരമായി വിൽക്കാൻ പാടില്ലാത്ത സിഗരറ്റുകൾ
വിൽക്കുന്നതായിരുന്നു അവരുടെ തൊഴിൽ. ആ കുടുംബത്തിലെ അംഗമായ റ്റെരേസയുടെ ആകാരത്തിൽ വിചിത്രമായ ഒരു മാറ്റം സംഭവിക്കുമായിരുന്നു. രാവിലെ പാവാടയുടെ പോക്കറ്റുകളിൽ സിഗരറ്റുകൾ കുത്തിനിറച്ചിരുന്നതിനാൽ അവൾക്ക് നല്ല വണ്ണം തോന്നിക്കും. പക്ഷേ, വൈകിട്ടു കണ്ടാലോ? മെലിഞ്ഞ് കൊലുന്നനെയുള്ള ഒരു രൂപം. സത്യം ഈ കുടുംബത്തെ പാടേ മാറ്റിമറിച്ചു. കാലക്രമത്തിൽ ഇവരുടെ ബന്ധുക്കൾ ഉൾപ്പെടെ ആ കുടുംബത്തിലെ 16 പേർ സാക്ഷികളായി. ഇപ്പോൾ നേപ്പിൾസിൽ ഏതാണ്ട് 3,700 സാക്ഷികളുണ്ട്.എതിർപ്പുകൾ
നേപ്പിൾസിൽ വന്ന് ഒൻപതുമാസം കഴിഞ്ഞപ്പോൾ ഞങ്ങൾ നാലുപേരോടും നഗരം വിട്ടുപോകാൻ അധികാരികൾ ആവശ്യപ്പെട്ടു. ഏതാണ്ട് ഒരുമാസം സ്വിറ്റ്‌സർലൻഡിൽ താമസിച്ചശേഷം ടൂറിസ്റ്റ്‌വിസയെടുത്ത് ഇറ്റലിയിലേക്ക് തിരികെവന്ന എന്നെയും ഫാണിനെയും നിയമിച്ചത് ടൂറിനിൽ ആയിരുന്നു. ഒരു സ്‌ത്രീ വാടകയ്‌ക്കു നൽകിയ മുറിയിൽ ഞങ്ങൾ ആദ്യം കുറച്ചുനാൾ താമസിച്ചു; അവരുടെ അടുക്കളയും കുളിമുറിയുമാണ് ഞങ്ങളും ഉപയോഗിച്ചത്. പിന്നീട് കാളും ജോയാനും വന്നപ്പോൾ ഞങ്ങൾ ഒരുമിച്ച് ഒരു അപ്പാർട്ടുമെന്റ് വാടകയ്‌ക്കെടുത്തു. മിഷനറിമാരായ ഞങ്ങൾ അഞ്ചുദമ്പതികളാണ് പിന്നീട് ആ വീട്ടിൽ ഒരുമിച്ചു താമസിച്ചത്.
1955-ൽ ടൂറിൻ വിട്ടുപോകാൻ അധികാരികൾ ഞങ്ങളോട് ആവശ്യപ്പെട്ടപ്പോഴേക്കും നാലുസഭകൾക്കുള്ള അടിത്തറപാകിയിരുന്നു. സഭയുടെ കാര്യങ്ങൾ നോക്കിനടത്താനുള്ള പ്രാപ്‌തി അതിനകം പ്രദേശത്തെ സഹോദരങ്ങൾക്കു നേടാനായി. “നിങ്ങൾ അമേരിക്കക്കാർ പോയിക്കഴിഞ്ഞാൽ നിങ്ങൾ കെട്ടിയുണ്ടാക്കിയതെല്ലാം ഛിന്നഭിന്നമാകും, ഉറപ്പ്” എന്നാണ് അധികാരികൾ ഞങ്ങളോടു പറഞ്ഞത്. എന്നാൽ, വേലയുടെ വിജയത്തിനു പിന്നിൽ ദൈവമാണെന്നു കാണിക്കുന്നതായിരുന്നു പിന്നീടുണ്ടായ വളർച്ച. 4,600-ത്തിലധികം സാക്ഷികളും 56 സഭകളും ഇന്നു ടൂറിനിൽ ഉണ്ട്.
ഫ്‌ളോറൻസ്—ഒരു മനോഹര നഗരം
ഞങ്ങളുടെ അടുത്ത നിയമനപ്രദേശം ഫ്‌ളോറൻസായിരുന്നു. മിഷനറിമാരായ എന്റെ ചേച്ചി കാർമെല്ലയും ഭർത്താവ് മെർലെൻ ഹാട്ട്‌സിലും അവിടെയായിരുന്നതിനാൽ ഞങ്ങൾ ആ സ്ഥലത്തെക്കുറിച്ച് ഏറെ കേട്ടിരുന്നു. പീയാറ്റ്‌സ ഡെൽ സീന്യോരിയാ, പോന്‌റ്റെ വെക്‌യോ, പീയാറ്റ്‌സലെ മീക്കെലാൻജിലൊ, പലാറ്റ്‌സൊ പീറ്റീ—ഈ സ്ഥലങ്ങളെല്ലാം അടങ്ങുന്ന ആ നഗരം വളരെ മനോഹരമാണ്! അവിടത്തെ ചില ആളുകൾ സുവാർത്തയോടു പ്രതികരിച്ച വിധവും പുളകപ്രദമായിരുന്നു.
ഞങ്ങൾ അധ്യയനമെടുത്ത ഒരു കുടുംബത്തിലെ പിതാവ് പുകവലിക്കാരനായിരുന്നു. പക്ഷേ അദ്ദേഹവും ഭാര്യയും സ്‌നാനമേറ്റു. അങ്ങനെയിരിക്കെ പുകവലി ഒരു ദുശ്ശീലമാണെന്ന് 1973-ലെ വീക്ഷാഗോപുരം ചൂണ്ടിക്കാട്ടി, ആ ശീലം ഉപേക്ഷിക്കാൻ അത് വായനക്കാരെ ഉദ്‌ബോധിപ്പിക്കുകയും ചെയ്‌തു. പുകവലി നിറുത്താൻ കുടുംബത്തിലെ മൂത്തകുട്ടികൾ പിതാവിനോട് അപേക്ഷിച്ചു. അദ്ദേഹം സമ്മതിച്ചെങ്കിലും നിറുത്തിയില്ല. മക്കളെ ഉറക്കാൻ കിടത്തുന്നതിനുമുമ്പ് അമ്മ അവരോടൊപ്പം പ്രാർഥിക്കുക പതിവായിരുന്നു.
എന്നാൽ ഒരു ദിവസം അങ്ങനെ ചെയ്യാതെ തന്റെ ഒൻപതുവയസ്സുള്ള ഇരട്ടക്കുട്ടികളെ ആ അമ്മ ഉറക്കാൻ കിടത്തി. പിന്നീട് അതിൽ വിഷമം തോന്നിയ അവർ കുട്ടികളുടെ മുറിയിലേക്കു ചെന്നു. അപ്പോഴേക്കും കുട്ടികൾ സ്വന്തമായി പ്രാർഥിച്ചു കഴിഞ്ഞിരുന്നു. “എന്തിനെക്കുറിച്ചാണ് പ്രാർഥിച്ചത്?” അമ്മ ചോദിച്ചു. “യഹോവേ, പുകവലി നിറുത്താൻ ഡാഡിയെ സഹായിക്കണേ” എന്നായിരുന്നു കുട്ടികൾ പ്രാർഥിച്ചത്. അതു കേട്ടതും ഭാര്യ ഭർത്താവിനെ വിളിച്ച് പറഞ്ഞു: “ദേ, കുട്ടികൾ എന്താണ് പ്രാർഥിച്ചതെന്ന് വന്ന് കേൾക്കൂ.” കുട്ടികൾ എന്തിനെക്കുറിച്ചാണ് പ്രാർഥിച്ചതെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. “ഞാനിനി ഒരിക്കലും പുകവലിക്കില്ല,” ആ പിതാവ് പറഞ്ഞു. അദ്ദേഹം വാക്കുപാലിച്ചു. ഇപ്പോൾ ആ കുടുംബത്തിൽപ്പെട്ട 15-ലധികം പേർ സാക്ഷികളാണ്.ആഫ്രിക്കയിലേക്ക്
മറ്റു രണ്ടുമിഷനറിമാരോടൊപ്പം 1959-ൽ സൊമാലിയയിലെ മൊഗാദിഷുവിലേക്ക് ഞങ്ങളെ നിയമിച്ചു. അവരിലൊരാൾ എന്റെ ചേട്ടൻ ആൻജലോയും മറ്റേയാൾ ആർട്ടൂറോ ലെവറിസും. രാജ്യത്തെ രാഷ്‌ട്രീയ സ്ഥിതിഗതികൾ അന്ന് വളരെ മോശമായിരുന്നു. സൊമാലിയയ്‌ക്ക് സ്വാതന്ത്ര്യം നൽകാനുള്ള ചുമതല ഐക്യരാഷ്‌ട്രസംഘടന ഇറ്റാലിയൻ ഗവണ്മെന്റിനെ ഭരമേൽപ്പിച്ച സമയമായിരുന്നു അത്. പക്ഷേ, സാഹചര്യങ്ങൾ ഒന്നിനൊന്ന് വഷളാവുകയായിരുന്നു. ഞങ്ങൾ അധ്യയനം എടുത്തുകൊണ്ടിരുന്ന പല ഇറ്റലിക്കാരും ആ രാജ്യം വിട്ടുപോയി. ആ സാഹചര്യത്തിൽ അവിടെ ഒരു സഭ സ്ഥാപിക്കാൻ സാധ്യമായിരുന്നില്ല.
അക്കാലത്ത് തന്റെ സഹായിയായി സേവിക്കാൻ മേഖലാമേൽവിചാരകൻ എന്നെ ക്ഷണിച്ചു. അങ്ങനെ അടുത്തുള്ള രാജ്യങ്ങൾ ഞങ്ങൾ സന്ദർശിക്കാൻതുടങ്ങി. ഞങ്ങൾ പഠിപ്പിച്ച പലരും പുരോഗതി വരുത്തിയെങ്കിലും എതിർപ്പുകൾനിമിത്തം അവർക്കു സ്വദേശം വിട്ടു പോകേണ്ടിവന്നു. എന്നാൽ ഏറെ കഷ്ടപ്പാടുകൾ സഹിച്ച് അവിടെത്തന്നെ താമസിച്ചവരും ഉണ്ടായിരുന്നു. * യഹോവയോട് അവർക്ക് ഉണ്ടായിരുന്ന സ്‌നേഹവും വിശ്വസ്‌തത കാക്കാൻ അവർ സഹിച്ച കാര്യങ്ങളും ഓർക്കുമ്പോൾ ഇപ്പോഴും ഞങ്ങളുടെ കണ്ണ് നനയാറുണ്ട്.
കടുത്ത ചൂടും ഈർപ്പംനിറഞ്ഞ അന്തരീക്ഷവും ആയിരുന്നു സൊമാലിയയിലും എറിട്രിയയിലും. അവിടത്തെ ചില ഭക്ഷണം കഴിച്ചാൽ ചൂട് ഒന്നുകൂടെ കൂടും. ഒരു ബൈബിൾ വിദ്യാർഥിയുടെ ഭവനത്തിൽവെച്ചാണ് ഞങ്ങൾ ആദ്യമായി അങ്ങനെയൊരു ഭക്ഷണം കഴിച്ചത്. എരിവുകാരണം തന്റെ ചെവി ട്രാഫിക് ലൈറ്റുപോലെ ചുവന്നു തുടുത്തു എന്ന് ഫാൺ തമാശയായി പറഞ്ഞു.
ആൻജലോയും ആർട്ടൂറോയും മറ്റൊരു സ്ഥലത്തേക്കു മാറിപ്പോയപ്പോൾ ഞങ്ങൾ തനിച്ചായി. ഞങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്നാൽ യഹോവയോടു കൂടുതൽ അടുക്കാനും അവനിലുള്ള ആശ്രയം ബലിഷ്‌ഠമാക്കാനും ഈ സാഹചര്യം ഇടയാക്കി. നമ്മുടെ വേല നിരോധിച്ചിരുന്ന രാജ്യങ്ങൾ സന്ദർശിക്കുന്നതും വാസ്‌തവത്തിൽ പ്രോത്സാഹനം പകരുന്ന ഒരു അനുഭവമായിരുന്നു.
സൊമാലിയയിൽ ഞങ്ങൾക്ക് പല കഷ്ടപ്പാടുകൾ ഉണ്ടായിരുന്നു. ഫ്രിഡ്‌ജ് ഇല്ലാതിരുന്നതിനാൽ അതാതു ദിവസത്തേക്കു വേണ്ട ഭക്ഷണം മാത്രമേ ഞങ്ങൾ വാങ്ങിയിരുന്നുള്ളൂ. മാങ്ങ, പപ്പയ്‌ക്ക, മൂസമ്പി, തേങ്ങ, വാഴപ്പഴം പോലുള്ള ഫലങ്ങളോ ചുറ്റികത്തലയൻ
സ്രാവിന്റെ കഷണങ്ങളോ ഒക്കെ ആയിരുന്നു വാങ്ങിയിരുന്നത്. ഈച്ചകൾ വല്ലാത്തൊരു ശല്യമായിരുന്നു; ചിലപ്പോൾ ബൈബിളധ്യയനം നടത്തിക്കൊണ്ടിരിക്കുമ്പോൾ അവ കഴുത്തിൽ വന്നിരിക്കും. ഞങ്ങൾക്ക് യാത്രചെയ്യാൻ ഒരു സ്‌കൂട്ടർ ഉണ്ടായിരുന്നു; അല്ലെങ്കിൽ മണിക്കൂറുകളോളം പൊരിവെയിലത്ത് നടക്കേണ്ടിവന്നേനെ.തിരികെ ഇറ്റലിയിലേക്ക്
ചില സുഹൃത്തുക്കളുടെ സഹായത്താൽ, 1961-ൽ ടൂറിനിൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷനിൽ സംബന്ധിക്കുന്നതിന് ഞങ്ങൾക്കു കഴിഞ്ഞു. ഒരു ചരക്കു കപ്പലിലാണ് ഞങ്ങൾ ഇറ്റലിയിലേക്കു യാത്രചെയ്‌തത്. ഞങ്ങളുടെ നിയമനത്തിന് മാറ്റമുണ്ടാകുമെന്ന് അവിടെവെച്ച് അറിയാനിടയായി. 1962 സെപ്‌റ്റംബർമുതൽ ഇറ്റലിയിൽ സഞ്ചാരമേൽവിചാരകനായി എന്നെ നിയമിച്ചു; അങ്ങനെ ഞങ്ങൾ ഇറ്റലിയിലേക്കു മടങ്ങി. അവിടെവെച്ച് ഞങ്ങൾ ഒരു ചെറിയ കാർ വാങ്ങി. അഞ്ചുവർഷം രണ്ടുസർക്കിട്ടുകളിൽ ഉടനീളം യാത്രചെയ്യാൻ ആ കാർ ഏറെ ഉപകാരപ്പെട്ടു.
ആഫ്രിക്കയിൽ ചൂടായിരുന്നെങ്കിൽ ഇറ്റലിയിൽ തണുപ്പായിരുന്നു വില്ലൻ. അവിടെ ചെന്നതിനുശേഷമുള്ള ആദ്യത്തെ ശൈത്യകാലം ഞങ്ങൾക്കു മറക്കാനാകില്ല. ആൽപ്‌സ് പർവതനിരകളുടെ താഴ്‌വാരത്തിലുള്ള ഒരു സഭ സന്ദർശിക്കുകയായിരുന്നു ഞങ്ങൾ. ഒരു വൈക്കോൽപ്പുരയുടെ മുകളിലുള്ള മുറിയിലാണ് ഞങ്ങൾക്കു കിടക്കാൻ സ്ഥലം കിട്ടിയത്. മുറി ചൂടുപിടിപ്പിക്കുന്നതിനുള്ള സംവിധാനമൊന്നും അവിടെ ഇല്ലായിരുന്നു. തണുപ്പ് അതികഠിനമായതിനാൽ കോട്ടിട്ടുകൊണ്ടാണ് ഞങ്ങൾ ഉറങ്ങിയത്. ആ പരിസരത്തുണ്ടായിരുന്ന നാലുകോഴികളും രണ്ടുപട്ടികളും അന്നു രാത്രി തണുപ്പുകാരണം ചത്തുപോയിരുന്നു!
പിന്നീട് ഞാനൊരു ഡിസ്‌ട്രിക്‌റ്റ് മേൽവിചാരകനായും സേവിച്ചു. അക്കാലത്ത് ഞങ്ങൾക്ക് ഇറ്റലിയിൽ ഉടനീളം യാത്രചെയ്യേണ്ടതുണ്ടായിരുന്നു. കലാബ്രിയയും സിസിലിയും പോലുള്ള പ്രദേശങ്ങൾ ഞങ്ങൾ പലതവണ സന്ദർശിക്കുകയുണ്ടായി. ആത്മീയമായി പുരോഗതി പ്രാപിക്കാനും സഭാമേൽവിചാരകന്മാരായോ സഞ്ചാരമേൽവിചാരകന്മാരായോ ബെഥേൽ അംഗങ്ങളായോ സേവിക്കാനായി ലക്ഷ്യംവെക്കാനും ഞങ്ങൾ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിച്ചു.
യഹോവയെ മുഴുഹൃദയത്തോടെ സേവിച്ച വിശ്വസ്‌തരായ സുഹൃത്തുക്കളിൽനിന്ന് ഞങ്ങൾ വളരെയധികം കാര്യങ്ങൾ പഠിച്ചു. യഹോവയോടുള്ള വിശ്വസ്‌തത, സഹോദരങ്ങളോടുള്ള സ്‌നേഹം, സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള മനസ്സൊരുക്കം, ആത്മത്യാഗ മനോഭാവം, ഔദാര്യം എന്നിങ്ങനെയുള്ള അവരുടെ ഗുണങ്ങൾ ഞങ്ങൾ ഏറെ വിലമതിക്കാനിടയായി. മതശുശ്രൂഷകരായി നിയമാംഗീകാരം ലഭിച്ച ചില സഹോദരങ്ങൾ രാജ്യഹാളിൽവെച്ചു നടത്തിയ വിവാഹങ്ങളിൽ സംബന്ധിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ഈ രാജ്യത്ത് ഇങ്ങനെയൊരു കാര്യം നടക്കുമെന്ന് വർഷങ്ങൾക്കുമുമ്പ് ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല. ടൂറിനിൽ പണ്ടു ചെയ്‌തിരുന്നതുപോലെ സഹോദരങ്ങളുടെ വീടുകളിലെ അടുക്കളയിൽവെച്ചോ പലകപ്പുറത്തിരുന്നോ ഇന്ന് സഭായോഗങ്ങൾ നടത്താറില്ല; ഇന്ന് മിക്ക സഭകൾക്കും യഹോവയ്‌ക്കു മഹത്ത്വം കരേറ്റുന്ന മനോഹരമായ രാജ്യഹാളുകളുണ്ട്. സൗകര്യങ്ങൾ അധികമില്ലാത്ത തിയറ്ററുകളിൽ അല്ല, പിന്നെയോ വിശാലമായ ഹാളുകളിലാണ് ഇപ്പോൾ സമ്മേളനങ്ങൾ നടത്താറുള്ളത്. പ്രസാധകരുടെ എണ്ണം ഇപ്പോൾ 2,43,000 കവിഞ്ഞിരിക്കുന്നു! ഞങ്ങൾ ഇറ്റലിയിലെത്തിയപ്പോൾ അത് വെറും 490 ആയിരുന്നു.
ഞങ്ങളുടെ തീരുമാനം ശരിയായിരുന്നു
ഞങ്ങൾക്ക് കഷ്ടപ്പാടുകളും ഉണ്ടായിട്ടുണ്ട്. നാടുംവീടും വിട്ട് പോന്നതിന്റെ വിഷമവും രോഗവുമെല്ലാം ക്ലേശകാരണങ്ങളായിരുന്നു. കടൽ കാണുമ്പോഴെല്ലാം ഫാണിന് വീടിനെക്കുറിച്ച് ഓർമവരും. അവൾക്ക് മൂന്നു വലിയ ഓപ്പറേഷനുകൾ വേണ്ടിവന്നിട്ടുണ്ട്. ഒരിക്കൽ ഒരു ബൈബിളധ്യയനം നടത്താൻ പോകുന്ന വഴിക്ക് സാക്ഷികളോടു വിരോധമുള്ള ഒരാൾ അവളെ മുപ്പല്ലികൊണ്ട് ആക്രമിച്ചു, ആ പ്രാവശ്യവും അവളെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവന്നു.
ഇടയ്‌ക്കൊക്കെ നിരുത്സാഹം തോന്നിയിട്ടുണ്ടെങ്കിലും വിലാപങ്ങൾ 3:24 പറയുന്നതുപോലെ ഞങ്ങൾ ‘യഹോവയിൽ പ്രത്യാശവെച്ചു.’ അവൻ ആശ്വാസത്തിന്റെ ദൈവമാണ്. ഒരിക്കൽ വളരെ നിരാശ തോന്നിയ സമയത്താണ് ഏറെ ആശ്വാസമേകുന്ന ഒരു കത്ത് നേഥൻ നോർ സഹോദരനിൽനിന്ന് ഫാണിനു കിട്ടുന്നത്. ഫാണിനെപ്പോലെയുള്ള പെൻസിൽവേനിയക്കാരായ ഡച്ച് സ്‌ത്രീകൾ നല്ല ധൈര്യശാലികളും എളുപ്പം തളരാത്തവരും ആണെന്ന് തനിക്കറിയാം എന്ന് അദ്ദേഹം എഴുതിയിരുന്നു. (അദ്ദേഹം ജനിച്ചത് ഫാൺ പയനിയറിങ് ആരംഭിച്ച പെൻസിൽവേനിയയിലെ ബേത്ത്‌ലെഹെമിലാണ്.) അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. ഇങ്ങനെ, വർഷങ്ങളിലുടനീളം പലരീതിയിൽ പലവ്യക്തികളിൽനിന്ന് ഞങ്ങൾക്ക് പ്രോത്സാഹനം ലഭിച്ചിട്ടുണ്ട്.
പ്രശ്‌നങ്ങൾ പലതും ഉണ്ടായിരുന്നെങ്കിലും ശുശ്രൂഷയിലെ തീക്ഷ്‌ണത ജ്വലിപ്പിച്ചുനിറുത്താൻ ഞങ്ങൾ ശ്രമിച്ചിരിക്കുന്നു. സർക്കിട്ട്, ഡിസ്‌ട്രിക്‌റ്റ് വേലയിൽ നാൽപ്പതുവർഷത്തിലധികം ചെലവഴിച്ചശേഷം വിദേശ ഭാഷാക്കൂട്ടങ്ങളും സഭകളും സന്ദർശിക്കാനും സംഘടിപ്പിക്കാനുമുള്ള പദവി ഞങ്ങൾക്കു ലഭിച്ചു. ഇന്ത്യ, എത്യോപ്യ, എറിട്രിയ, ഘാന, ചൈന, നൈജീരിയ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നും മറ്റും ഉള്ള ആളുകളോട് സാക്ഷീകരിക്കുന്ന ഗ്രൂപ്പുകളാണ് അവ. യഹോവയുടെ കരുണ രുചിച്ചറിഞ്ഞ അനേകരുടെ ജീവിതം ദൈവവചനം മാറ്റിമറിച്ചിരിക്കുന്നത് എങ്ങനെയെന്ന് എഴുതാൻ പോയാൽ അവയെല്ലാം ഒരു പുസ്‌തകത്തിൽ ഒതുങ്ങില്ല.—മീഖാ 7:18, 19.
ശുശ്രൂഷ നിർവഹിക്കാനാവശ്യമായ ശാരീരികവും വൈകാരികവുമായ ശക്തി തുടർന്നും നൽകണമേയെന്ന് ഞങ്ങൾ എന്നും പ്രാർഥിക്കാറുണ്ട്. കർത്താവിങ്കലെ സന്തോഷമാണ് ഞങ്ങളുടെ ബലം. അത് ഞങ്ങളുടെ കണ്ണുകൾക്ക് തിളക്കമേകുന്നു. ഈ ജീവിതഗതി തിരഞ്ഞെടുത്തത് ശരിയായിരുന്നു എന്നതിൽ ഞങ്ങൾക്കു യാതൊരു സംശയവുമില്ല.—എഫെ. 3:7; കൊലോ. 1:29.
[അടിക്കുറിപ്പ്]
^ ഖ. 18 യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 1992 (ഇംഗ്ലീഷ്), 95-184 പേജുകൾ കാണുക.
[27-29 പേജുകളിലെ ചാർട്ട്/ ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
മാതാപിതാക്കൾ ന്യൂയോർക്കിലെ റോച്ചെസ്റ്ററിൽ
1948
12-ാമത്തെ ഗിലെയാദ് ക്ലാസ്സിനായി സൗത്ത് ലാൻസിങ്ങിൽ
1949
ഇറ്റലിയിലേക്കു പോകുന്നതിന് തൊട്ടുമുമ്പ് ഫാണിനോടൊപ്പം
കാപ്രി, ഇറ്റലി
1952
മറ്റു മിഷനറിമാരോടൊപ്പം ടൂറിനിലും നേപ്പിൾസിലും
1963
ഫാൺ ചില ബൈബിൾ വിദ്യാർഥികളോടൊപ്പം
ഞാനും ഭാര്യയും