യേശുവിനോടൊപ്പം സ്തംഭത്തിലേറ്റിയ ദുഷ്പ്രവൃത്തിക്കാരുടെ കുറ്റം എന്തായിരുന്നു?
നിങ്ങൾക്ക് അറിയാമോ?
യേശുവിനോടൊപ്പം സ്തംഭത്തിലേറ്റിയ ദുഷ്പ്രവൃത്തിക്കാരുടെ കുറ്റം എന്തായിരുന്നു?
▪ ഈ ദുഷ്പ്രവൃത്തിക്കാരെ ‘കവർച്ചക്കാർ’ എന്നാണ് ബൈബിൾ വിശേഷിപ്പിക്കുന്നത്. (മത്താ. 27:38; മർക്കോ. 15:27) ചെയ്ത കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ തരംതിരിക്കാനായി ബൈബിളിൽ വ്യത്യസ്ത പദങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് ചില ബൈബിൾ നിഘണ്ടുക്കൾ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, ക്ലെപ്റ്റിസ് എന്ന ഗ്രീക്കുപദം, പിടിക്കപ്പെടാതിരിക്കാൻ രഹസ്യത്തിൽ മോഷണം നടത്തുന്നവരെ കുറിക്കുന്നു. ശിഷ്യന്മാരുടെ പണപ്പെട്ടിയിൽനിന്ന് രഹസ്യമായി പണം മോഷ്ടിച്ചിരുന്ന യൂദാ ഈസ്കര്യോത്തായെ വിശേഷിപ്പിക്കാൻ ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. (യോഹ. 12:6) എന്നാൽ, ലിസ്റ്റിസ് എന്ന പദം കലാപകാരികളെയോ ഗറില്ലകളെയോ ആളുകളെ ആക്രമിച്ചു പണം തട്ടിയെടുക്കുന്ന കൊള്ളക്കാരെയോ കുറിക്കുന്നു. യേശുവിനോടൊപ്പം സ്തംഭത്തിലേറ്റപ്പെട്ടവർ ഈ ഗണത്തിൽപ്പെടുന്നവരാണ്. അതിൽ ഒരാൾ, “നമ്മുടെ പ്രവൃത്തികൾക്ക് അനുസരിച്ചുള്ളതത്രേ നമുക്കു കിട്ടിയത്” എന്നു പറഞ്ഞതായി തിരുവെഴുത്തുകൾ രേഖപ്പെടുത്തുന്നു. (ലൂക്കോ. 23:41) മോഷണം മാത്രമായിരുന്നില്ല അവരുടെ കുറ്റം എന്ന് ഇതു സൂചിപ്പിക്കുന്നു.
ബറബ്ബാസിനെയും ലിസ്റ്റിസ് എന്നാണ് ബൈബിൾ വിശേഷിപ്പിക്കുന്നത്. (യോഹ. 18:40) ബറബ്ബാസ് വെറുമൊരു കള്ളൻ മാത്രമല്ലെന്ന് ലൂക്കോസ് 23:19 വ്യക്തമാക്കുന്നു. “ബറബ്ബാസോ നഗരത്തിലുണ്ടായ ഒരു കലാപവും കൊലപാതകവുംനിമിത്തം തടവിലാക്കപ്പെട്ടവനായിരുന്നു” എന്ന് അവിടെ നാം വായിക്കുന്നു.
അതുകൊണ്ട്, യേശുവിനോടൊപ്പം സ്തംഭത്തിൽ തറയ്ക്കപ്പെട്ട ദുഷ്പ്രവൃത്തിക്കാരുടെ കുറ്റത്തിൽ മോഷണത്തിനുപുറമേ, കലാപമോ കൊലപാതകമോ കൂടെ ഉൾപ്പെട്ടിട്ടുണ്ടാകണം. അവരുടെ കുറ്റം എന്തുമാകട്ടെ, സ്തംഭത്തിലേറ്റാൻ തക്ക കുറ്റം അവർ ചെയ്തിട്ടുണ്ടെന്ന് റോമൻ ഗവർണറായ പൊന്തിയൊസ് പീലാത്തൊസ് വിധിച്ചു. (w12-E 02/01)