വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘വേഗത്തിൽ സംഭവിപ്പാനുള്ളത്‌’ യഹോവ വെളിപ്പെടുത്തുന്നു

‘വേഗത്തിൽ സംഭവിപ്പാനുള്ളത്‌’ യഹോവ വെളിപ്പെടുത്തുന്നു

‘വേഗത്തിൽ സംഭവിപ്പാനുള്ളത്‌’ യഹോവ വെളിപ്പെടുത്തുന്നു

“യേശുക്രിസ്‌തുവിന്റെ വെളിപാട്‌: വേഗത്തിൽ സംഭവിക്കാനുള്ളത്‌ തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്‌ ദൈവം അത്‌ അവനു കൊടുത്തു.”—വെളി. 1:1.

ഉത്തരം കണ്ടെത്താമോ?

പടുകൂറ്റൻ ബിംബത്തിന്റെ ഏതു ഭാഗമാണ്‌ ആംഗ്ലോ-അമേരിക്കൻ ലോകശക്തിയെ പ്രതീകപ്പെടുത്തുന്നത്‌?

ആംഗ്ലോ-അമേരിക്കൻ ലോകശക്തിയും ഐക്യരാഷ്‌ട്ര സംഘടനയും തമ്മിലുള്ള ബന്ധത്തെ യോഹന്നാൻ വിശദീകരിക്കുന്നത്‌ എങ്ങനെ?

മാനുഷഭരണത്തിന്റെ അന്ത്യത്തെ ദാനിയേലും യോഹന്നാനും വർണിക്കുന്നത്‌ എങ്ങനെ?

1, 2. (എ) ദാനിയേലിന്റെയും യോഹന്നാന്റെയും പ്രവചനങ്ങൾ നമ്മെ എന്തിനു സഹായിക്കുന്നു? (ബി) കാട്ടുമൃഗത്തിന്റെ ആദ്യത്തെ ആറുതലകൾ എന്തിനെ പ്രതീകപ്പെടുത്തുന്നു?

 ദാനിയേലിന്റെയും യോഹന്നാന്റെയും പ്രവചനങ്ങളിലെ സമാനതകൾ ഇക്കാലത്തെയും ഭാവിയിലെയും ലോകസംഭവങ്ങളുടെ അർഥം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. കാട്ടുമൃഗത്തെക്കുറിച്ച്‌ യോഹന്നാന്‌ ലഭിച്ച ദർശനവും പത്തുകൊമ്പുള്ള ഘോരമൃഗത്തെക്കുറിച്ചുള്ള ദാനിയേലിന്റെ വിവരണവും പടുകൂറ്റൻ ബിംബത്തെക്കുറിച്ചുള്ള അവന്റെ വ്യാഖ്യാനവും താരതമ്യപ്പെടുത്തുന്നതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും? ഈ പ്രവചനങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഗ്രാഹ്യം എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കണം?

2 കാട്ടുമൃഗത്തെക്കുറിച്ചുള്ള യോഹന്നാന്റെ ദർശനം നമുക്ക്‌ ആദ്യം പരിശോധിക്കാം. (വെളി. അധ്യാ. 13) കാട്ടുമൃഗത്തിന്റെ ആദ്യത്തെ ആറുതലകൾ ഈജിപ്‌ത്‌, അസീറിയ, ബാബിലോൺ, മേദോ-പേർഷ്യ, ഗ്രീസ്‌, റോം എന്നിവയെ കുറിക്കുന്നതായി മുൻലേഖനത്തിൽ നാം കണ്ടു. ഇവയെല്ലാം സ്‌ത്രീയുടെ സന്തതിയോട്‌ വിദ്വേഷം കാണിക്കുകയും ചെയ്‌തു. (ഉല്‌പ. 3:15) യോഹന്നാൻ തന്റെ ദർശനം രേഖപ്പെടുത്തി നൂറ്റാണ്ടുകൾ കഴിഞ്ഞും ആറാമത്തെ തലയായ റോം ഒരു പ്രമുഖരാഷ്‌ട്രീയശക്തിയായി തുടർന്നു. കാലാന്തരത്തിൽ, കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തല റോമിന്റെ സ്ഥാനം ഏറ്റെടുക്കുമായിരുന്നു. ഏതായിരുന്നു ആ ലോകശക്തി, അത്‌ സ്‌ത്രീയുടെ സന്തതിയോട്‌ എങ്ങനെ ഇടപെടുമായിരുന്നു?

ബ്രിട്ടനും ഐക്യനാടുകളും അധികാരത്തിലേക്ക്‌

3. പത്തുകൊമ്പുള്ള ഘോരമൃഗം എന്തിനെ ചിത്രീകരിക്കുന്നു, പത്തുകൊമ്പുകൾ എന്തിനെ കുറിക്കുന്നു?

3 വെളിപാട്‌ 13-ാം അധ്യായത്തിലെ കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തല ഏതാണ്‌? യോഹന്നാൻ കണ്ട ഈ ദർശനത്തെ ദാനിയേൽ കണ്ട പത്തുകൊമ്പുള്ള ഘോരമൃഗത്തിന്റെ ദർശനവുമായി താരതമ്യപ്പെടുത്തിയാൽ അതു മനസ്സിലാക്കാനാകും. a (ദാനീയേൽ 7:7, 8, 23, 24 വായിക്കുക.) ദാനിയേൽ കണ്ട ആ മൃഗം റോമൻ ലോകശക്തിയെയാണ്‌ പ്രതീകപ്പെടുത്തിയത്‌. (12, 13 പേജുകൾ കാണുക.) എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യം ഛിന്നഭിന്നമാകാൻ തുടങ്ങി. ഘോരമൃഗത്തിന്റെ തലയിലെ പത്തുകൊമ്പുകൾ റോമാസാമ്രാജ്യത്തിൽനിന്ന്‌ ഉരുത്തിരിഞ്ഞ ഭരണകൂടങ്ങളെ ചിത്രീകരിക്കുന്നു.

4, 5. (എ) ചെറിയ കൊമ്പ്‌ എന്തു ചെയ്‌തു? (ബി) കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തല ഏതാണ്‌?

4 ഘോരമൃഗത്തിന്റെ തലയിൽനിന്ന്‌ മുളച്ചുവന്ന കൊമ്പുകളിൽ നാലെണ്ണം, അതായത്‌ നാലുഭരണകൂടങ്ങൾ, പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. അവയിൽ മൂന്നെണ്ണത്തെ, നാലാമത്തെ “ചെറിയ കൊമ്പ്‌” പറിച്ചുകളയുന്നതായാണ്‌ ദർശനം. റോമാസാമ്രാജ്യത്തിലെ ഒരു ചെറിയ പ്രവിശ്യയായിരുന്ന ബ്രിട്ടൻ പിന്നീട്‌ ഒരു പ്രമുഖഭരണകൂടമായി മാറിയപ്പോൾ ഈ പ്രവചനം നിവൃത്തിയേറി. 17-ാം നൂറ്റാണ്ടുവരെ താരതമ്യേന അപ്രധാനമായ ഒരു ശക്തിയായിരുന്നു ബ്രിട്ടൻ. എന്നാൽ അക്കാലത്ത്‌, റോമാസാമ്രാജ്യത്തിലെ പ്രവിശ്യകളായിരുന്ന സ്‌പെയ്‌നും നെതർലൻഡ്‌സും ഫ്രാൻസും പ്രബലശക്തികളായിരുന്നു. ഈ മൂന്നുകൊമ്പുകളെ അവയുടെ സമുന്നതപദവിയിൽനിന്ന്‌ ബ്രിട്ടൻ ഒന്നൊന്നായി പറിച്ചുമാറ്റി. അങ്ങനെ, 18-ാം നൂറ്റാണ്ടിന്റെ പകുതിയോടെ ബ്രിട്ടൻ ലോകരംഗത്തെ പ്രമുഖശക്തിയായിത്തീരാനുള്ള ചുവടുവെപ്പുകൾ തുടങ്ങി. എന്നാൽ അപ്പോഴും ബ്രിട്ടൻ കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തലയായിത്തീർന്നിരുന്നില്ല.

5 ബ്രിട്ടൻ കരുത്താർജിച്ചെങ്കിലും അതിന്റെ കീഴിലുണ്ടായിരുന്ന വടക്കെ അമേരിക്കൻ കോളനികൾ സ്വാതന്ത്ര്യം നേടി. അതിനുശേഷം ആ അമേരിക്കൻ ഐക്യനാടുകൾ ശക്തിയാർജിക്കാൻ ബ്രിട്ടൻ അനുവദിച്ചു; അതിനുവേണ്ടി ബ്രിട്ടീഷ്‌ നാവികപ്പടയുടെ സംരക്ഷണവും നൽകി. 1914-ൽ കർത്തൃദിവസം ആരംഭിച്ചപ്പോഴേക്കും ചരിത്രം കണ്ട ഏറ്റവും വലിയ സാമ്രാജ്യം പടുത്തുയർത്താൻ ബ്രിട്ടന്‌ കഴിഞ്ഞിരുന്നു; ഭൂമുഖത്തെ ഏറ്റവും വലിയ വ്യാവസായിക ശക്തിയായി മാറാൻ ഐക്യനാടുകൾക്കും കഴിഞ്ഞു. b ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത്‌ ഐക്യനാടുകളും ബ്രിട്ടനും ഒരു സവിശേഷസഖ്യത്തിലേക്കു വന്നു. അങ്ങനെ രൂപംകൊണ്ട ആംഗ്ലോ-അമേരിക്കൻ ലോകശക്തി കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തലയായി രംഗത്തെത്തി. കാട്ടുമൃഗത്തിന്റെ ഈ തല സ്‌ത്രീയുടെ സന്തതിയോട്‌ ഇടപെട്ടത്‌ എങ്ങനെയാണ്‌?

6. കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തല ദൈവജനത്തോട്‌ എങ്ങനെ പെരുമാറിയിരിക്കുന്നു?

6 കർത്തൃദിവസം തുടങ്ങിയതും ഏഴാമത്തെ തല ദൈവജനത്തിന്‌ എതിരെ, അതായത്‌ ക്രിസ്‌തുവിന്റെ സഹോദരന്മാരിൽ ഭൂമിയിൽ ശേഷിക്കുന്നവർക്ക്‌ എതിരെ ആക്രമണം അഴിച്ചുവിട്ടു. (മത്താ. 25:40) തന്റെ സാന്നിധ്യകാലത്ത്‌ സന്തതിയുടെ ഒരു ശേഷിപ്പ്‌ ഭൂമിയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടാകുമെന്ന്‌ യേശു സൂചിപ്പിച്ചിരുന്നു. (മത്താ. 24:45-47; ഗലാ. 3:26-29) ആ വിശുദ്ധന്മാർക്ക്‌ എതിരെയാണ്‌ ആംഗ്ലോ-അമേരിക്കൻ ലോകശക്തി പടപൊരുതിയത്‌. (വെളി. 13:3, 7) ഒന്നാം ലോകമഹായുദ്ധകാലത്ത്‌ ആ ലോകശക്തി ദൈവജനത്തെ അടിച്ചമർത്തുകയും അവരുടെ പ്രസിദ്ധീകരണങ്ങളിൽ ചിലത്‌ നിരോധിക്കുകയും വിശ്വസ്‌ത അടിമവർഗത്തിന്റെ പ്രതിനിധികളെ തടവിലാക്കുകയും ചെയ്‌തു. ഒരു സമയത്തേക്ക്‌ പ്രസംഗവേല ഏതാണ്ട്‌ നിറുത്തലാക്കിക്കൊണ്ട്‌ അതിനെ കൊന്നുകളയുന്ന അളവോളം പോകാൻ ഏഴാമത്തെ തലയ്‌ക്ക്‌ സാധിച്ചു. ഈ നാടകീയ സംഭവം മുൻകൂട്ടിക്കണ്ട യഹോവ അത്‌ യോഹന്നാന്‌ വെളിപ്പെടുത്തിക്കൊടുക്കുകയായിരുന്നു. സന്തതിയുടെ ഉപഭാഗം പുനർജീവിച്ച്‌ ആത്മീയ പ്രവർത്തനങ്ങളിൽ പൂർവാധികം ശുഷ്‌കാന്തിയോടെ ഏർപ്പെടുമെന്നും ദൈവം യോഹന്നാനോടു പറഞ്ഞു. (വെളി. 11:3, 7-11) ഈ സംഭവങ്ങൾ നിവൃത്തിയേറി എന്നതിന്‌ തെളിവാണ്‌ യഹോവയുടെ ആധുനികകാല ദാസരുടെ ചരിത്രം.

ഇരുമ്പും കളിമണ്ണും ഇടകലർന്ന പാദങ്ങളും ആംഗ്ലോ-അമേരിക്കൻ ലോകശക്തിയും

7. കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തലയും പടുകൂറ്റൻ ബിംബവും തമ്മിലുള്ള ബന്ധം എന്താണ്‌?

7 കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തലയും പടുകൂറ്റൻ ബിംബവും തമ്മിലുള്ള ബന്ധം എന്താണ്‌? റോമാസാമ്രാജ്യത്തിൽനിന്ന്‌ ഉരുത്തിരിഞ്ഞതാണ്‌ ബ്രിട്ടൻ; ഐക്യനാടുകൾ ബ്രിട്ടനിൽനിന്ന്‌ ഉത്ഭവിച്ചതുകൊണ്ട്‌ അതും റോമാസാമ്രാജ്യത്തിൽനിന്ന്‌ വന്നതാണെന്ന്‌ പറയാം. ആകട്ടെ, ബിംബത്തിന്റെ പാദങ്ങൾ എന്തിനെയാണ്‌ അർഥമാക്കുന്നത്‌? അത്‌ ഇരുമ്പിന്റെയും കളിമണ്ണിന്റെയും ഒരു മിശ്രിതമാണ്‌. ദാനിയേൽ വിവരിക്കുന്നു: “നീ കണ്ട പാദങ്ങളും വിരലുകളും ഭാഗികമായി കുശവന്റെ കളിമണ്ണും ഭാഗികമായി ഇരുമ്പുംകൊണ്ടായിരുന്നതുപോലെ, അതൊരു വിഭക്തരാജ്യമായിരിക്കും; എന്നാൽ, ഉടഞ്ഞുപോകുന്ന കളിമണ്ണിനോട്‌ ഇരുമ്പ്‌ ചേർക്കപ്പെട്ടിരുന്നതായി നീ ദർശിച്ചതുപോലെ, ഇരുമ്പിന്റെ ഉറപ്പ്‌ അതിനും ഭാഗികമായി ഉണ്ടായിരിക്കും.” (ദാനീയേൽ 2:41, പി.ഒ.സി. ബൈബിൾ; ദാനീയേൽ 2:42, 43 വായിക്കുക.) ഏഴാമത്തെ തലയായ ആംഗ്ലോ-അമേരിക്കൻ ലോകശക്തി പ്രാമുഖ്യതയിലേക്ക്‌ എത്തുന്ന അതേ സമയത്തെക്കുറിച്ചാണ്‌ ഈ വിവരണം പറയുന്നത്‌. ഇരുമ്പും കളിമണ്ണും ചേർന്ന മിശ്രിതത്തിന്‌ ഇരുമ്പിന്റെ ശക്തിയില്ലാത്തതുപോലെ ആംഗ്ലോ-അമേരിക്കൻ ലോകശക്തിക്ക്‌ അത്‌ ഉത്ഭവിച്ചുവന്ന ലോകശക്തിയെക്കാളും ശക്തി കുറവായിരിക്കുമെന്നാണ്‌ ഈ പ്രവചനം പറയുന്നത്‌. ഈ പ്രവചനം എങ്ങനെ നിവൃത്തിയേറുമായിരുന്നു?

8, 9. (എ) ഏഴാമത്തെ ലോകശക്തി ഇരുമ്പുപോലെ പ്രവർത്തിച്ചത്‌ എങ്ങനെ? (ബി) ബിംബത്തിന്റെ പാദങ്ങളിലെ കളിമണ്ണ്‌ എന്തിനെ പ്രതീകപ്പെടുത്തുന്നു?

8 കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തല ചിലപ്പോഴൊക്കെ ഇരുമ്പിന്റെ ശക്തി കാണിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ഒന്നാം ലോകമഹായുദ്ധത്തിൽ വിജയം നേടിക്കൊണ്ട്‌ അത്‌ ശക്തി തെളിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്തും ഏഴാമത്തെ തല ഇരുമ്പിന്റേതുപോലുള്ള ശക്തി കാണിക്കുകയുണ്ടായി. c അതിനുശേഷം പലപ്പോഴും ഏഴാമത്തെ തല ഇരുമ്പിന്റെ സ്വഭാവം കാണിച്ചിട്ടുണ്ട്‌. എങ്കിലും തുടക്കം മുതൽ ഇരുമ്പിനോടൊപ്പം കളിമണ്ണും ഇടകലർന്നിരിക്കുന്നു.

9 ദീർഘകാലമായി യഹോവയുടെ ദാസർ ബിംബത്തിന്റെ പാദങ്ങളുടെ അർഥം മനസ്സിലാക്കാൻ താത്‌പര്യം കാണിച്ചിട്ടുണ്ട്‌. ദാനീയേൽ 2:41 ഇരുമ്പിന്റെയും കളിമണ്ണിന്റെയും മിശ്രിതത്തെ പല രാജ്യങ്ങൾ എന്നല്ല മറിച്ച്‌ ‘ഒരു വിഭക്തരാജ്യം’ എന്നാണ്‌ പറയുന്നത്‌. ആംഗ്ലോ-അമേരിക്കൻ ലോകശക്തിയുടെ ഉള്ളിലുള്ളതും എന്നാൽ ഇരുമ്പുപോലുള്ള റോമാസാമ്രാജ്യത്തെ അപേക്ഷിച്ച്‌ അതിനെ ബലഹീനമാക്കുന്നതും ആയ ഘടകങ്ങളെയാണ്‌ കളിമണ്ണ്‌ കുറിക്കുന്നത്‌. ഈ കളിമണ്ണ്‌ ‘മനുഷ്യബീജം’ അഥവാ മനുഷ്യവർഗസന്തതികൾ ആകുന്ന സാധാരണജനമാണ്‌. (ദാനീ. 2:43) ആംഗ്ലോ-അമേരിക്കൻ ലോകശക്തിയുടെ കീഴിലുള്ള ജനങ്ങൾ പൗരാവകാശ പ്രക്ഷോഭങ്ങളും തൊഴിലാളിയൂണിയനുകളും സ്വാതന്ത്ര്യപ്രസ്ഥാനങ്ങളും ഉപയോഗിച്ച്‌ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിച്ചിരിക്കുന്നു. ഇരുമ്പുപോലെ പ്രവർത്തിക്കാനുള്ള ആംഗ്ലോ-അമേരിക്കൻ ലോകശക്തിയുടെ കഴിവിന്‌ സാധാരണജനം തുരങ്കം വെച്ചിരിക്കുകയാണ്‌. ആശയപരമായ വിയോജിപ്പും തെരഞ്ഞെടുപ്പിലെ വ്യക്തമായ ഭൂരിപക്ഷമില്ലായ്‌മയും നിമിത്തം ജനസമ്മതരായ നേതാക്കൾക്കുപോലും തങ്ങളുടെ നയങ്ങൾ നടപ്പാക്കുന്നതിന്‌ വേണ്ട അധികാരമില്ലാതെവരുന്നു. “രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും” എന്ന്‌ ദാനിയേൽ മുൻകൂട്ടിപ്പറഞ്ഞിരുന്നു.—ദാനീ. 2:42; 2 തിമൊ. 3:1-3.

10, 11. (എ) ‘പാദങ്ങൾക്ക്‌’ എന്തു സംഭവിക്കും? (ബി) ബിംബത്തിന്റെ കാൽവിരലുകളുടെ എണ്ണം സംബന്ധിച്ച്‌ നമുക്ക്‌ എന്തു നിഗമനത്തിലെത്താം?

10 ബ്രിട്ടന്റെയും ഐക്യനാടുകളുടെയും സവിശേഷസഖ്യം 21-ാം നൂറ്റാണ്ടിലും തുടരുന്നു; അവർ ലോകകാര്യാദികളിൽ മിക്കപ്പോഴും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. ആംഗ്ലോ-അമേരിക്കൻ ലോകശക്തിയുടെ സ്ഥാനത്ത്‌ ഇനി മറ്റൊരു ലോകശക്തി വരാനില്ലെന്നാണ്‌ പടുകൂറ്റൻ ബിംബത്തെയും കാട്ടുമൃഗത്തെയും കുറിച്ചുള്ള പ്രവചനങ്ങൾ തെളിയിക്കുന്നത്‌. ഈ അവസാന ലോകശക്തി, ഇരുമ്പുകാലുകൾ ചിത്രീകരിച്ച ലോകശക്തിയെക്കാൾ ദുർബലമായിരിക്കും; എന്നുവരികിലും അതു താനേ ഇല്ലാതാവില്ല.

11 ബിംബത്തിന്റെ കാൽവിരലുകളുടെ എണ്ണത്തിന്‌ എന്തെങ്കിലും പ്രാധാന്യമുണ്ടോ? മറ്റു ദർശനങ്ങളിൽ ദാനിയേൽ സംഖ്യകൾ എടുത്തുപറഞ്ഞു എന്ന കാര്യം ഓർക്കണം. മൃഗങ്ങളുടെ തലയിലെ കൊമ്പുകളുടെ എണ്ണംതന്നെ ഒരു ഉദാഹരണം. ആ സംഖ്യകൾക്കു പ്രാധാന്യമുണ്ട്‌. പക്ഷേ, ബിംബത്തെ വർണിച്ചപ്പോൾ ദാനിയേൽ കാൽവിരലുകളുടെ എണ്ണം എടുത്തുപറഞ്ഞില്ല. ബിംബത്തിന്റെ കൈകളുടെയും കൈവിരലുകളുടെയും കാലുകളുടെയും പാദങ്ങളുടെയും എണ്ണത്തിനു പ്രസക്തിയില്ലാത്തതുപോലെ കാൽവിരലുകളുടെ എണ്ണത്തിനും പ്രത്യേക പ്രാധാന്യമൊന്നും ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ, കാൽവിരലുകൾ ഇരുമ്പും കളിമണ്ണും കൊണ്ടുള്ളതാണെന്ന്‌ ദാനിയേൽ എടുത്തുപറയുന്നുണ്ട്‌. ഇതിൽനിന്ന്‌ നമുക്കു ഈ നിഗമനത്തിലെത്താം: ദൈവരാജ്യത്തെ ചിത്രീകരിക്കുന്ന “കല്ല്‌” പ്രതിമയുടെ പാദങ്ങളിൽ ഇടിക്കുമ്പോൾ ആംഗ്ലോ-അമേരിക്കതന്നെയായിരിക്കും ലോകശക്തി.—ദാനീ. 2:45.

രണ്ടുകൊമ്പുള്ള കാട്ടുമൃഗവും ആംഗ്ലോ-അമേരിക്കയും

12, 13. രണ്ടുകൊമ്പുള്ള കാട്ടുമൃഗം ഏതാണ്‌, അത്‌ എന്തു ചെയ്‌തു?

12 ആംഗ്ലോ-അമേരിക്കൻ ലോകശക്തി ഇരുമ്പിന്റെയും കളിമണ്ണിന്റെയും മിശ്രിതമാണെങ്കിലും അന്ത്യകാലത്തുടനീളം ഈ ലോകശക്തി ഒരു സുപ്രധാന പങ്കു വഹിക്കുമെന്ന്‌ യേശു യോഹന്നാനു നൽകിയ ദർശനങ്ങൾ കാണിക്കുന്നു. ഒരു മഹാസർപ്പത്തെപ്പോലെ സംസാരിക്കുന്ന രണ്ടുകൊമ്പുള്ള കാട്ടുമൃഗത്തെ യോഹന്നാൻ ദർശനത്തിൽ കാണുകയുണ്ടായി. ഈ വിചിത്രമൃഗം എന്തിനെയാണ്‌ പ്രതീകപ്പെടുത്തുന്നത്‌? അതിനു രണ്ടുകൊമ്പുള്ളതുകൊണ്ട്‌ അത്‌ രണ്ടു ഭരണകൂടങ്ങളുടെ ഒരു കൂട്ടുകെട്ടാണ്‌. അതെ, ആംഗ്ലോ-അമേരിക്കൻ ലോകശക്തിയെത്തന്നെ വീണ്ടും യോഹന്നാൻ കാണുന്നു; എന്നാൽ, ഇപ്രാവശ്യം ഒരു പ്രത്യേക ദൗത്യത്തിന്‌ ഒരുങ്ങിയാണ്‌ അതു നിൽക്കുന്നത്‌.—വെളിപാട്‌ 13:11-15 വായിക്കുക.

13 രണ്ടുകൊമ്പുള്ള ഈ കാട്ടുമൃഗം ഏഴുതലയുള്ള കാട്ടുമൃഗത്തിന്റെ പ്രതിമയുണ്ടാക്കാൻ ആളുകളോടു പറയുന്നു. മൃഗത്തിന്റെ പ്രതിമ പ്രത്യക്ഷപ്പെടുമെന്നും പിന്നീട്‌ അപ്രത്യക്ഷമാകുമെന്നും വീണ്ടും പ്രത്യക്ഷപ്പെടുമെന്നും യോഹന്നാൻ രേഖപ്പെടുത്തിയിരുന്നു. ലോകത്തിലെ ഭരണകൂടങ്ങളെ ഒറ്റക്കെട്ടായി നിറുത്താനും അവയെ പ്രതിനിധീകരിക്കാനും വേണ്ടി ബ്രിട്ടനും ഐക്യനാടുകളും മുൻകൈയെടുത്ത്‌ രൂപീകരിച്ച സംഘടനയ്‌ക്ക്‌ അതാണ്‌ സംഭവിച്ചത്‌. d ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം സർവരാജ്യ സഖ്യം എന്ന പേരിൽ ഈ സംഘടന പ്രത്യക്ഷപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇത്‌ അപ്രത്യക്ഷമായി. എന്നാൽ കാട്ടുമൃഗത്തിന്റെ ഈ പ്രതിമ വീണ്ടും പ്രത്യക്ഷപ്പെടുമെന്നു രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ ദൈവജനം പ്രഖ്യാപിച്ചു; വെളിപാടുപുസ്‌തകത്തിലെ പ്രവചനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ പ്രഖ്യാപനം. അങ്ങനെതന്നെ സംഭവിച്ചു. ഐക്യരാഷ്‌ട്ര സംഘടന എന്ന പേരിൽ അത്‌ വീണ്ടും രംഗത്തെത്തി.—വെളി. 17:8.

14. കാട്ടുമൃഗത്തിന്റെ പ്രതിമ ‘എട്ടാമത്തെ രാജാവായിരിക്കുന്നത്‌’ ഏത്‌ അർഥത്തിൽ?

14 കാട്ടുമൃഗത്തിന്റെ പ്രതിമയെ യോഹന്നാൻ ‘എട്ടാമത്തെ രാജാവ്‌’ എന്ന്‌ വിളിക്കുന്നു. ഏത്‌ അർഥത്തിൽ? അതിനെ, മുമ്പത്തെ കാട്ടുമൃഗത്തിന്റെ എട്ടാമത്തെ തലയായി ചിത്രീകരിച്ചിട്ടില്ല. അത്‌ ആ കാട്ടുമൃഗത്തിന്റെ ഒരു പ്രതിമ മാത്രമാണ്‌. അംഗരാഷ്‌ട്രങ്ങൾ നൽകുന്ന, വിശേഷിച്ച്‌ അതിനെ മുഖ്യമായി പിന്താങ്ങുന്ന ആംഗ്ലോ-അമേരിക്കൻ ലോകശക്തി നൽകുന്ന അധികാരമേ അതിനുള്ളൂ. (വെളി. 17:10, 11) എന്നാൽ ഒരു പ്രത്യേക ദൗത്യം നിർവഹിക്കാൻ ഒരു രാജാവിന്റെ അധികാരം അതിനു ലഭിക്കുന്നു. ഈ ദൗത്യം ചരിത്രത്തെത്തന്നെ മാറ്റിമറിക്കാനിരിക്കുന്ന സംഭവപരമ്പരയ്‌ക്ക്‌ തിരികൊളുത്തും.

കാട്ടുമൃഗത്തിന്റെ പ്രതിമ വേശ്യയെ ഇല്ലാതാക്കുന്നു

15, 16. വേശ്യ എന്തിനെ ചിത്രീകരിക്കുന്നു, അവൾക്കുണ്ടായിരുന്ന പിന്തുണയ്‌ക്ക്‌ എന്തു സംഭവിച്ചിരിക്കുന്നു?

15 കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗത്തിന്മേൽ—കാട്ടുമൃഗത്തിന്റെ പ്രതിമയുടെമേൽ—അധികാരത്തോടെ ഒരു വേശ്യ സഞ്ചരിക്കുന്നതായി യോഹന്നാൻ കാണുന്നു. “മഹതിയാം ബാബിലോൺ” എന്നാണ്‌ അവളുടെ പേര്‌. (വെളി. 17:1-6) ഈ വേശ്യ എല്ലാ വ്യാജമതങ്ങളെയും കുറിക്കുന്നു; ക്രൈസ്‌തവ സഭകളാണ്‌ ഇവയുടെ മുൻപന്തിയിൽ. മതസംഘടനകൾ മൃഗത്തിന്റെ പ്രതിമയെ പരസ്യമായി പിന്തുണയ്‌ക്കുകയും അതിനെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്‌തിരിക്കുന്നു.

16 എന്നാൽ വെള്ളം വറ്റിപ്പോകുന്നതായി, അതായത്‌ തനിക്കുള്ള ജനപിന്തുണ കുറഞ്ഞുവരുന്നതായി കർത്തൃദിവസത്തിൽ മഹതിയാം ബാബിലോൺ കാണുന്നു. (വെളി. 16:12; 17:15) ഉദാഹരണത്തിന്‌, കാട്ടുമൃഗത്തിന്റെ പ്രതിമ ആദ്യം പ്രത്യക്ഷപ്പെട്ടപ്പോൾ മഹതിയാം ബാബിലോണിന്റെ പ്രമുഖഭാഗമായ ക്രൈസ്‌തവ സഭകൾക്ക്‌ പാശ്ചാത്യലോകത്ത്‌ വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാൽ, സഭകൾക്കും സഭാശുശ്രൂഷകന്മാർക്കും ജനങ്ങൾ നൽകിപ്പോന്ന ആദരവും പിന്തുണയും ഇന്ന്‌ ഇല്ലാതായിരിക്കുന്നു. ലോകത്തുള്ള പല പ്രശ്‌നങ്ങൾക്കും കാരണം മതമാണെന്ന്‌ കരുതുന്നവരും ഇന്ന്‌ അനേകമുണ്ട്‌. ലോകത്തുള്ള മതങ്ങളെയെല്ലാം ഇല്ലാതാക്കണമെന്നുള്ള വാദവും ശക്തിയാർജിക്കുകയാണ്‌.

17. ഉടൻതന്നെ വ്യാജമതങ്ങൾക്ക്‌ എന്തു സംഭവിക്കും, എന്തുകൊണ്ട്‌?

17 പതിയെപ്പതിയെ സ്വാധീനം നഷ്ടപ്പെട്ട്‌ ഇല്ലാതെയാകുന്ന ഒന്നല്ല വ്യാജമതം. ഈ വേശ്യ രാജാക്കന്മാരെ തന്റെ ചൊൽപ്പടിയിൽ നിറുത്തുന്ന ഒരു പ്രമുഖശക്തിയായിത്തന്നെ തുടരും, അധികാരത്തിൽ ഇരിക്കുന്നവരുടെ ഹൃദയങ്ങളിൽ യഹോവ ഒരു പദ്ധതി ഉദിപ്പിക്കുന്നതുവരെ. (വെളിപാട്‌ 17:16, 17 വായിക്കുക.) ഐക്യരാഷ്‌ട്ര സംഘടന പ്രതിനിധാനം ചെയ്യുന്ന സാത്താന്റെ രാഷ്‌ട്രീയ വ്യവസ്ഥിതി, വൈകാതെ വ്യാജമതത്തെ ആക്രമിക്കാൻ യഹോവ ഇടയാക്കും. അവർ അവളുടെ സ്വാധീനശക്തി ഇല്ലാതാക്കുകയും അവളുടെ സമ്പത്ത്‌ നശിപ്പിക്കുകയും ചെയ്യും. ഏതാനും ദശകങ്ങൾക്കു മുമ്പ്‌ ഇങ്ങനെ ഒരു സംഗതി അസംഭവ്യമായി തോന്നിയിരിക്കാം. ഇന്ന്‌, കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗത്തിന്റെ പുറത്ത്‌ ഇരുന്നുള്ള അവളുടെ യാത്ര അത്ര സുഖകരമല്ലാതായിരിക്കുന്നു. എങ്കിലും അവൾക്ക്‌ തന്റെ അധികാരം നഷ്ടമാകുന്നത്‌ പതിയെ ആയിരിക്കില്ല. അവളുടെ നാശം പൊടുന്നനെയുള്ളതും ഭയങ്കരവും ആയിരിക്കും.—വെളി. 18:7, 8, 15-19.

കാട്ടുമൃഗങ്ങൾ നശിപ്പിക്കപ്പെടുന്നു

18. (എ) കാട്ടുമൃഗം എന്തു ചെയ്യും, എന്തായിരിക്കും ഫലം? (ബി) ദാനീയേൽ 2:44 അനുസരിച്ച്‌ ദൈവരാജ്യം ഏതൊക്കെ ഭരണകൂടങ്ങളെ നശിപ്പിക്കും? (17-ാം പേജിലെ ചതുരം കാണുക.)

18 വ്യാജമതങ്ങളുടെ നാശത്തിനു ശേഷം കാട്ടുമൃഗം, അതായത്‌ ഭൂമിയിൽ സാത്താന്റെ നിയന്ത്രണത്തിലുള്ള രാഷ്‌ട്രീയ വ്യവസ്ഥിതി, ദൈവരാജ്യത്തിനു നേരെ ആക്രമണം നടത്താൻ പ്രേരിപ്പിക്കപ്പെടും. സ്വർഗത്തിൽ ആക്രമണം നടത്താൻ സാധിക്കാത്തതിനാൽ ഭൂരാജാക്കന്മാർ, ദൈവരാജ്യത്തെ പിന്തുണയ്‌ക്കുന്നവരായി ഭൂമിയിലുള്ളവർക്കു നേരെ തിരിയും. അത്‌ അന്തിമയുദ്ധത്തിലേക്കു നയിക്കും. (വെളി. 16:13-16; 17:12-14) ആ യുദ്ധത്തിൽ സംഭവിക്കുന്ന ഒരു കാര്യം ദാനിയേൽ വിശദീകരിക്കുന്നു. (ദാനീയേൽ 2:44 വായിക്കുക.) വെളിപാട്‌ 13:1-ൽ പറഞ്ഞിരിക്കുന്ന കാട്ടുമൃഗവും അതിന്റെ പ്രതിമയും രണ്ടുകൊമ്പുള്ള കാട്ടുമൃഗവും നശിപ്പിക്കപ്പെടും.

19. നമുക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാനാകും, ഇപ്പോൾ എന്തു ചെയ്യാനുള്ള സമയമാണ്‌?

19 ഏഴാമത്തെ തലയുടെ കാലത്താണ്‌ നാം ജീവിക്കുന്നത്‌. മൃഗത്തിന്റെ നാശത്തിനു മുമ്പ്‌ പുതിയ ഒരു തല പ്രത്യക്ഷപ്പെടാനില്ല. വ്യാജമതത്തെ ഇല്ലാതാക്കുന്ന സമയത്ത്‌ ആംഗ്ലോ-അമേരിക്കതന്നെയായിരിക്കും പ്രമുഖലോകശക്തി. ദാനിയേലിന്റെയും യോഹന്നാന്റെയും പ്രവചനങ്ങളിലെ അതിസൂക്ഷ്‌മ വിശദാംശങ്ങൾപോലും നിറവേറിയിരിക്കുന്നു. വ്യാജമതങ്ങളുടെ നാശവും അർമ്മഗെദ്ദോൻ യുദ്ധവും ഉടൻ സംഭവിക്കും എന്ന കാര്യത്തിൽ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം. ദൈവം മുന്നമേതന്നെ ഈ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ഈ പ്രാവചനിക മുന്നറിയിപ്പുകൾക്ക്‌ നാം ചെവികൊടുക്കുമോ? (2 പത്രോ. 1:19) അതെ, യഹോവയുടെ പക്ഷം ചേരാനും അവന്റെ രാജ്യത്തെ പിന്തുണയ്‌ക്കാനും ഉള്ള സമയം ഇപ്പോഴാണ്‌.—വെളി. 14:6, 7.

[അടിക്കുറിപ്പുകൾ]

a ബൈബിളിൽ പത്ത്‌ എന്ന സംഖ്യ പലപ്പോഴും സമ്പൂർണതയെ കുറിക്കുന്നതിനാൽ റോമാസാമ്രാജ്യത്തിൽനിന്നും ഉരുത്തിരിഞ്ഞ സകല ഭരണകൂടങ്ങളെയുമാണ്‌ ഈ പത്തുകൊമ്പ്‌ ചിത്രീകരിക്കുന്നത്‌.

b ബ്രിട്ടീഷ്‌ സാമ്രാജ്യവും ഐക്യനാടുകളും 18-ാം നൂറ്റാണ്ടുമുതൽ അസ്‌തിത്വത്തിലുണ്ടായിരുന്നെങ്കിലും യോഹന്നാൻ തന്റെ ദർശനത്തിൽ കാണുന്നത്‌ കർത്തൃദിവസത്തിന്റെ തുടക്കത്തിലുള്ള അവയുടെ അവസ്ഥയാണ്‌. വെളിപാടുപുസ്‌തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ദർശനങ്ങൾ “കർത്തൃദിവസ”ത്തിലാണല്ലോ നിവൃത്തിയേറുന്നത്‌! (വെളി. 1:10) ഒറ്റ ലോകശക്തിയായി കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തല പ്രവർത്തിച്ചു തുടങ്ങിയത്‌ ഒന്നാം ലോകമഹായുദ്ധം മുതലാണ്‌.

c ഈ യുദ്ധത്തിന്റെ സമയത്ത്‌ ആ രാജാവ്‌ വരുത്താനിരുന്ന വിനാശം ദാനിയേൽ മുൻകൂട്ടിക്കണ്ടു. ‘അവൻ അതിശയമാംവണ്ണം നാശം പ്രവർത്തിക്കും’ എന്ന്‌ അവൻ എഴുതി. (ദാനീ. 8:24) ഉദാഹരണത്തിന്‌, ദ്വിലോകശക്തിയുടെ ഒരു ശത്രുവിന്‌ എതിരെ ഐക്യനാടുകൾ പ്രയോഗിച്ച രണ്ട്‌ അണുബോംബുകൾ ലോകം മുമ്പു കണ്ടിട്ടില്ലാത്ത തോതിലുള്ള വൻനാശം വരുത്തിവെച്ചു.

d വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! പുസ്‌തകത്തിന്റെ 240, 241, 253 പേജുകൾ കാണുക.

[അധ്യയന ചോദ്യങ്ങൾ]

[17-ാം പേജിലെ ചതുരം]

ദാനീയേൽ 2:44-ലെ ‘ഈ രാജത്വങ്ങൾ’ ആരാണ്‌?

ദൈവരാജ്യം ‘ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കും’ എന്ന്‌ ദാനീയേൽ 2:44 പറയുന്നു. ബിംബത്തിന്റെ ഭാഗങ്ങൾ ചിത്രീകരിക്കുന്ന ഭരണകൂടങ്ങളെക്കുറിച്ചു മാത്രമാണ്‌ ഈ പ്രവചനം പറയുന്നത്‌.

എന്നാൽ മറ്റ്‌ മാനുഷഗവണ്മെന്റുകളുടെ കാര്യമോ? ഈ വിഷയത്തെക്കുറിച്ച്‌ വെളിപാടുപുസ്‌തകത്തിൽ കാണുന്ന പ്രവചനം വിപുലമായ ഒരു ചിത്രം നൽകുന്നു. ആ പ്രവചനത്തിൽ, “സർവഭൂതലത്തിലുമുള്ള രാജാക്കന്മാരെ” യഹോവയ്‌ക്ക്‌ എതിരായി “സർവശക്തനായ ദൈവത്തിന്റെ മഹാദിവസ”ത്തിൽ കൂട്ടിവരുത്തുന്നതായി പറഞ്ഞിട്ടുണ്ട്‌. (വെളി. 16:14; 19:19-21) അതെ, ബിംബത്തിലെ ഭരണകൂടങ്ങൾ മാത്രമല്ല എല്ലാ മാനുഷഗവണ്മെന്റുകളും അർമ്മഗെദ്ദോൻ യുദ്ധത്തിൽ നശിപ്പിക്കപ്പെടും.