ആത്മാർപ്പണത്തിന്റെ മാതൃകകൾ ബ്രസീലിൽ
ആത്മാർപ്പണത്തിന്റെ മാതൃകകൾ ബ്രസീലിൽ
ഏതാനും വർഷം മുമ്പ് റൂബ്യ (1) തെക്കൻ ബ്രസീലിലെ ഒരു ചെറിയ സഭയോടൊത്തു പയനിയറിങ് ചെയ്യുന്ന സാന്ദ്രയെ (2) സന്ദർശിക്കാൻ ഒരു യാത്രപോയി. ആ സന്ദർശനത്തിനിടെ റൂബ്യയുടെ ജീവിതത്തിൽ വഴിത്തിരിവായ ഒരു സംഭവമുണ്ടായി. എന്തായിരുന്നു അത്? ഇപ്പോൾ 30 വയസ്സുള്ള റൂബ്യയിൽനിന്നുതന്നെ നമുക്ക് അത് കേൾക്കാം.
“എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാനായില്ല”
“ഒരു ബൈബിളധ്യയനത്തിനു പോയപ്പോൾ സാന്ദ്ര എന്നെയും കൂട്ടി. അധ്യയനത്തിനിടയ്‌ക്ക് വീട്ടുകാരി ഇങ്ങനെ പറഞ്ഞു: ‘സാന്ദ്രേ, എന്റെ ജോലിസ്ഥലത്തുള്ള മൂന്നു പെൺകുട്ടികൾക്ക് ബൈബിൾ പഠിക്കാൻ ആഗ്രഹമുണ്ട്. പക്ഷേ, കുറച്ചു കാത്തിരിക്കേണ്ടിവരുമെന്ന് ഞാൻ അവരോടു പറഞ്ഞു; ഇതിനോടകംതന്നെ ഈ വർഷം മുഴുവൻ പഠിപ്പിക്കാനുള്ള ആളുകൾ നിന്റെ ലിസ്റ്റിലുണ്ടെന്ന് എനിക്കറിയാം.’ എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാനായില്ല. യഹോവയെക്കുറിച്ച് അറിയാൻ ആളുകൾക്ക് ഊഴം കാത്ത് നിൽക്കേണ്ടിവരുന്നു! എന്റെ സഭയിലാണെങ്കിൽ
ഒരു അധ്യയനം കിട്ടാൻ എന്തു ബുദ്ധിമുട്ടായിരുന്നെന്നോ! ആ ചെറിയ പട്ടണത്തിലെ ആളുകളെ സഹായിക്കാനുള്ള ശക്തമായ ആഗ്രഹം ആ നിമിഷംതന്നെ, ആ ബൈബിൾവിദ്യാർഥിയുടെ വീട്ടിൽവെച്ച് എനിക്കു തോന്നി. ഞാൻ താമസിച്ചിരുന്ന വലിയ പട്ടണംവിട്ട് സാന്ദ്ര പയനിയറിങ് ചെയ്‌തിരുന്ന പട്ടണത്തിലേക്ക് അധികം വൈകാതെ ഞാൻ താമസം മാറി.”ഫലമോ? അവൾ പറയുന്നു: “അവിടേക്കു താമസം മാറി രണ്ടുമാസത്തിനകം ഞാൻ 15 ബൈബിളധ്യയനങ്ങൾ ആരംഭിച്ചു. വിശ്വസിച്ചാലും ഇല്ലെങ്കിലും, ബൈബിൾ പഠിക്കാൻ ഊഴം കാത്തുനിൽക്കുന്നവരുടെ ഒരു ലിസ്റ്റ് വൈകാതെ എനിക്കും ഉണ്ടാക്കേണ്ടിവന്നു!”
പുനർവിചിന്തനത്തിനു പ്രേരിപ്പിച്ച സംഭവം
ഇപ്പോൾ 20 കടന്ന ഡിയേഗോ (3), തെക്കൻ ബ്രസീലിലെ ഒരു ചെറിയ പട്ടണമായ പ്രൂഡന്റൊപ്യൂലിസിൽ പയനിയർമാരായി സേവിക്കുന്ന ചില സഹോദരങ്ങളെ സന്ദർശിക്കുകയുണ്ടായി. ആ സന്ദർശനം അവനിൽ വലിയ പ്രഭാവം ചെലുത്തി. താൻ ശുശ്രൂഷ നിർവഹിച്ചുകൊണ്ടിരുന്ന വിധം പുനർവിചിന്തനം ചെയ്യാൻ അത് അവനെ പ്രേരിപ്പിച്ചു. അവൻ വിശദീകരിക്കുന്നു: “ശുശ്രൂഷയിൽ എല്ലാ മാസവും ഏതാനും മണിക്കൂറുകൾ മാത്രം പ്രവർത്തിച്ചുകൊണ്ട് ഞാൻ ഒരു ഒഴുക്കൻമട്ടിൽ പൊയ്‌ക്കൊണ്ടിരുന്ന സമയമായിരുന്നു അത്. എന്നാൽ ആ പയനിയർമാരെ സന്ദർശിച്ച് അവരുടെ അനുഭവങ്ങൾ കേട്ടപ്പോൾ, ശുശ്രൂഷയിൽ അവർ ആസ്വദിക്കുന്ന സന്തോഷവും എന്റെ തണുപ്പൻമട്ടിലുള്ള പ്രവർത്തനവും തമ്മിൽ താരതമ്യം ചെയ്യാതിരിക്കാൻ എനിക്കായില്ല. അവരുടെ സന്തോഷവും ഉത്സാഹവും കണ്ടപ്പോൾ എനിക്കും അവരെപ്പോലെ അർഥപൂർണമായ ഒരു ജീവിതം ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോയി.” അതേത്തുടർന്ന് ഡിയേഗോ പയനിയറിങ് തുടങ്ങി.
നിങ്ങൾ ഡിയേഗോയെപ്പോലെ ഒരു യുവസാക്ഷിയാണോ? നിങ്ങൾ പ്രസംഗവേലയിൽ ഏർപ്പെടുകയും ക്രിസ്‌തീയയോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്യുന്നുണ്ടായിരിക്കാം; എന്നാൽ, ശുശ്രൂഷയിൽ യാന്ത്രികമായി ഏർപ്പെടുന്നതായോ അതിൽ തീരെ പുതുമയില്ലാത്തതായോ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ, രാജ്യപ്രസാധകരുടെ ആവശ്യം ഏറെയുള്ള സ്ഥലത്ത് സേവിക്കുന്നതിന്റെ സന്തോഷം ആസ്വദിക്കുന്നതിന് ജീവിതത്തിൽ മാറ്റം വരുത്താൻ നിങ്ങൾക്കാകുമോ? ഇപ്പോഴത്തെ സുഖസൗകര്യങ്ങൾ വിട്ട് മറ്റൊരിടത്തേക്കു പോകാൻ സ്വാഭാവികമായും നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. എങ്കിലും പല യുവപ്രായക്കാരും അത്തരമൊരു തീരുമാനമെടുത്തിരിക്കുന്നു. യഹോവയെ കഴിവിന്റെ പരമാവധി സേവിക്കാനായി തങ്ങളുടെ ലക്ഷ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും മാറ്റം വരുത്താൻ അവർ ധൈര്യം കാണിച്ചിരിക്കുന്നു. ഇക്കൂട്ടത്തിൽപ്പെട്ട മറ്റൊരാളാണ് ബ്രൂണോ.
സംഗീതജ്ഞനോ സുവാർത്താഘോഷകനോ?
ഇപ്പോൾ 28 വയസ്സുള്ള ബ്രൂണോ (4) ഏതാനും വർഷം മുമ്പ് പേരുകേട്ട ഒരു സംഗീതവിദ്യാലയത്തിൽ സംഗീതം അഭ്യസിച്ചിരുന്നു. വാദ്യമേളങ്ങൾ നയിക്കുന്ന ഒരാൾ ആയിത്തീരുകയായിരുന്നു
ലക്ഷ്യം. സംഗീതത്തിൽ പ്രാഗത്ഭ്യം നേടിയ ബ്രൂണോയ്‌ക്ക് വാദ്യമേളങ്ങൾ നയിക്കാൻ പലയിടങ്ങളിൽനിന്ന് ക്ഷണം ലഭിച്ചു. സംഗീതലോകത്ത് ശോഭനമായ ഒരു ഭാവിയായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. “എങ്കിലും, ജീവിതത്തിൽ എന്തോ കുറവുള്ളതായി എനിക്കു തോന്നി. ഞാൻ ജീവിതം യഹോവയ്‌ക്ക് സമർപ്പിച്ചിരുന്നെങ്കിലും എനിക്കുള്ളതെല്ലാം ഞാൻ യഹോവയ്‌ക്ക് നൽകുന്നില്ലെന്ന ചിന്ത എന്നെ അലട്ടി. എന്റെ മനസ്സിലുള്ളത് ഞാൻ പ്രാർഥനയിൽ യഹോവയോടു തുറന്നുപറഞ്ഞു; സഭയിലെ അനുഭവപരിചയമുള്ള സഹോദരന്മാരോടും സംസാരിച്ചു. കാര്യങ്ങൾ വളരെ ഗൗരവത്തോടെ ചിന്തിച്ചതിനു ശേഷം ശുശ്രൂഷയ്‌ക്ക് സംഗീതത്തെക്കാൾ പ്രാധാന്യം നൽകാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ, സംഗീതവിദ്യാലയത്തോടു വിട പറഞ്ഞ് രാജ്യപ്രസാധകരുടെ ആവശ്യം ഏറെയുള്ള സ്ഥലത്തു സേവിക്കുകയെന്ന വെല്ലുവിളി ഞാൻ ഏറ്റെടുത്തു.” ആ തീരുമാനം ഫലം കണ്ടോ?സാവോ പൗലോയിൽനിന്ന് 260 കിലോമീറ്റർ അകലെ ഏതാണ്ട് 7,000 പേർ താമസിക്കുന്ന ഗ്വാപീയാറ എന്ന പട്ടണത്തിലേക്ക് ബ്രൂണോ താമസം മാറി. ബ്രൂണോയെ സംബന്ധിച്ച് അതൊരു വലിയ മാറ്റം ആയിരുന്നു. അദ്ദേഹം പറയുന്നു: “ഫ്രിജോ ടിവി-യോ ഇന്റർനെറ്റ് സൗകര്യമോ ഇല്ലാത്ത ഒരു ചെറിയ വീട്ടിലായിരുന്നു എന്റെ താമസം. എങ്കിലും, മുമ്പ് ഒരിക്കലും എനിക്ക് ഉണ്ടായിരുന്നിട്ടില്ലാത്ത ചിലത് അവിടെ ഉണ്ടായിരുന്നു—ഒരു പച്ചക്കറിത്തോട്ടവും ഫലവൃക്ഷത്തോപ്പും!” അവിടത്തെ ചെറിയ സഭയോടൊത്തു സേവിക്കവെ ആഴ്‌ചയിൽ ഒരിക്കൽ ബാഗിൽ ഭക്ഷണവും വെള്ളവും പ്രസിദ്ധീകരണങ്ങളും കരുതി ബ്രൂണോ തന്റെ മോട്ടോർ സൈക്കിളിൽ ഒരു യാത്ര പോകുമായിരുന്നു, ഗ്രാമപ്രദേശങ്ങളിൽ സാക്ഷീകരിക്കാൻ. അവിടങ്ങളിൽ പലരും ആദ്യമായിട്ടായിരുന്നു സുവാർത്ത കേൾക്കുന്നത്. അദ്ദേഹം പറയുന്നു: “ഞാൻ 18 ബൈബിളധ്യയനങ്ങൾവരെ നടത്തി. എന്റെ വിദ്യാർഥികൾ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നത് കാണുന്നത് വളരെ സന്തോഷകരമായ അനുഭവമായിരുന്നു!” അദ്ദേഹം ഇങ്ങനെയും കൂട്ടിച്ചേർക്കുന്നു: “അത്രയും നാൾ എനിക്ക് അനുഭവപ്പെട്ടിരുന്ന കുറവ് എന്തായിരുന്നെന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്—രാജ്യതാത്‌പര്യങ്ങൾ ഒന്നാമതു വെക്കുന്നതിൽനിന്നു ലഭിക്കുന്ന ആഴമായ സംതൃപ്‌തി. ഭൗതികലക്ഷ്യങ്ങൾക്കു പുറകെ പോയിരുന്നെങ്കിൽ ഈ സന്തോഷം എനിക്ക് ഒരിക്കലും ലഭിക്കുമായിരുന്നില്ല.” ഗ്വാപീയാറയിൽ ബ്രൂണോ തന്റെ ചെലവുകൾക്കു വേണ്ട പണം എങ്ങനെയാണ് കണ്ടെത്തിയത്? ഒരു പുഞ്ചിരിയോടെ അദ്ദേഹം പറയുന്നു: “ആളുകളെ ഗിത്താർ പഠിപ്പിച്ചുകൊണ്ട്.” അതെ, ഇപ്പോഴും അദ്ദേഹം ഒരു സംഗീതജ്ഞൻതന്നെ!
“അവിടെ താമസിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു”
ബ്രൂണോയുടേതിനു സമാനമായിരുന്നു 20-കളുടെ ഒടുവിലുള്ള മാരിയാനയുടെ (5) സാഹചര്യം. അവൾ ഒരു അഭിഭാഷകയായിരുന്നു. ജോലി ഏറെ ആകർഷകമായിരുന്നെങ്കിലും യഥാർഥസംതൃപ്‌തി അവൾക്ക് അതിൽനിന്നു ലഭിച്ചിരുന്നില്ല. അവൾ പറയുന്നു: ‘എന്റേത് “വൃഥാപ്രയത്‌ന”മാണെന്ന് എനിക്കു തോന്നി.’ (സഭാ. 1:17) പയനിയറിങ്ങിനെക്കുറിച്ചു ചിന്തിക്കാൻ പല സഹോദരീസഹോദരന്മാരും അവളെ പ്രോത്സാഹിപ്പിച്ചു. ഇതേക്കുറിച്ചു ചിന്തിച്ച മാരിയാനയും സുഹൃത്തുക്കളായ ബിയാങ്കാ (6) ക്യാരൊലിൻ (7) ജൂലിയാന (8) എന്നിവരും ബാരാ ഡൂ ബൂഗ്രസ് എന്ന സ്ഥലത്തുള്ള സഭയെ സഹായിക്കാൻ തീരുമാനിച്ചു. ഈ പട്ടണം അവരുടെ വീടുകളിൽനിന്ന് ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെ ബൊളീവിയയോടു ചേർന്നു കിടക്കുന്ന ഒരു ഉൾപ്രദേശത്തായിരുന്നു. തുടർന്ന് എന്തു സംഭവിച്ചെന്ന് നമുക്കു നോക്കാം.
മാരിയാന പറയുന്നു: “മൂന്നു മാസം അവിടെ താമസിക്കാനായിരുന്നു എന്റെ പദ്ധതി. പക്ഷേ, ആ സമയം ആയപ്പോഴേക്കും ഞാൻ 15 ബൈബിളധ്യയനം നടത്തുന്നുണ്ടായിരുന്നു! സത്യം പഠിച്ചു പുരോഗമിക്കാൻ ആ വിദ്യാർഥികൾക്ക് കൂടുതൽ സഹായം വേണ്ടിയിരുന്നു. അതുകൊണ്ട്, തിരികെ പോകുകയാണെന്ന് അവരോടു പറയാൻ എനിക്ക് ധൈര്യം വന്നില്ല. അവിടെ താമസിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.” നാലു പേരും അവിടെത്തന്നെ തുടരാൻ തീരുമാനിച്ചു. മാരിയാനയുടെ ജീവിതത്തിന് ഇപ്പോൾ അർഥം കൈവന്നോ? അവൾ പറയുന്നു: “ജീവിതം മെച്ചപ്പെടുത്താൻ ആളുകളെ സഹായിക്കുന്നതിന് യഹോവ എന്നെ ഉപയോഗിക്കുന്നു എന്ന ചിന്ത സംതൃപ്‌തി നൽകുന്നു. യഥാർഥമൂല്യമുള്ള കാര്യത്തിനുവേണ്ടിയാണ് ഞാൻ എന്റെ സമയവും ഊർജവും ഉപയോഗിക്കുന്നതെന്ന തിരിച്ചറിവുതന്നെ ഒരു അനുഗ്രഹമാണ്.” ക്യാരൊലിന്റെ പിൻവരുന്ന വാക്കുകളോട് മറ്റ് മൂന്നു പേരും യോജിക്കുന്നു: “രാജ്യതാത്‌പര്യങ്ങൾക്കുവേണ്ടി ദിവസം മുഴുവൻ ചെലവഴിച്ചതിന്റെ സംതൃപ്‌തിയോടെയാണ് ഞാൻ ഉറങ്ങാൻ കിടക്കുന്നത്. ഇപ്പോൾ എന്റെ ചിന്ത മുഴുവൻ എന്റെ ബൈബിൾവിദ്യാർഥികളെ എങ്ങനെ സഹായിക്കാം എന്നാണ്. അവർ പുരോഗതി വരുത്തുന്നത് കാണുന്നതിന്റെ സന്തോഷം ഒന്നു വേറെതന്നെ! ‘യഹോവ നല്ലവൻ എന്ന് രുചിച്ചറിയുകയാണ്’ ഞാൻ ഇപ്പോൾ.”—സങ്കീ. 34:8.
ഉൾപ്രദേശങ്ങളിൽ രാജ്യസുവാർത്ത പ്രസംഗിക്കാൻ ലോകമെമ്പാടും “സ്വമേധാദാനമായി” മുന്നോട്ടുവരുന്ന യുവസഹോദരീസഹോദരന്മാരുടെ എണ്ണം ഒന്നിനൊന്ന് വർധിക്കുകയാണ്. അതു കാണുമ്പോൾ യഹോവ എത്ര സന്തോഷിക്കുന്നുണ്ടാകും! (സങ്കീ. 110:3; സദൃ. 27:11) ദൈവസേവനത്തിനായി സ്വയം അർപ്പിച്ചിരിക്കുന്ന അവർ യഹോവയുടെ സമൃദ്ധമായ അനുഗ്രഹങ്ങൾ അനുഭവിച്ചറിയുന്നു.—സദൃ. 10:22.
[5-ാം പേജിലെ ചതുരം/ചിത്രം]
“ഞങ്ങൾക്ക് ഒന്നിനും കുറവുണ്ടായിട്ടില്ല”
ആവശ്യം അധികമുള്ളിടത്തു സേവിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് ഷ്വാവൂ പൗലൂവും ഭാര്യ നൊയേമിയും മറ്റുള്ളവരോടു പറഞ്ഞപ്പോൾ ചിലർ അവരെ നിരുത്സാഹപ്പെടുത്തി. “ചെറിയ പട്ടണത്തിലേക്കു മാറിയാൽ നിങ്ങളുടെ സാമ്പത്തികസ്ഥിതി പരുങ്ങലിലാകും” എന്നും “നമ്മുടെ സഭയിൽത്തന്നെ പ്രവർത്തിക്കാൻ ഏറെയുള്ള സ്ഥിതിക്ക് എന്തിനു മാറിത്താമസിക്കണം?” എന്നും ഒക്കെ പറഞ്ഞവരുണ്ട്. ഷ്വാവൂ പൗലൂ പറയുന്നു: “ഞങ്ങളുടെ നന്മയെ കരുതി പറഞ്ഞതാണെങ്കിലും നിരുത്സാഹപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങൾ കേൾക്കുമ്പോൾ അത് ഞങ്ങളുടെ തീക്ഷ്‌ണതയ്‌ക്കു മങ്ങലേൽപ്പിക്കാതെ നോക്കുന്നത് അത്ര എളുപ്പമായിരുന്നില്ല.” പ്രസാധകരുടെ ആവശ്യം ഏറെയുള്ള ഒരു പ്രദേശത്ത് അനേകം വർഷങ്ങൾ സേവിച്ചതിനു ശേഷം തിരിഞ്ഞുനോക്കുമ്പോൾ, ശുശ്രൂഷ വിപുലപ്പെടുത്തുന്നതിനുള്ള തീരുമാനത്തോടു പറ്റിനിന്നതിനെപ്രതി ഷ്വാവൂ പൗലൂവും നൊയേമിയും സന്തുഷ്ടരാണ്. ഷ്വാവൂ പൗലൂ പറയുന്നു: “ഇത്രയും കാലമായിട്ടും ഇവിടെ ഞങ്ങൾക്ക് ഒന്നിനും കുറവുണ്ടായിട്ടില്ല. ഇനി, ശരിക്കും മൂല്യമുള്ള കാര്യങ്ങളെക്കുറിച്ചു പറഞ്ഞാൽ അവ ഇന്നു മുമ്പെന്നത്തേതിലും സമൃദ്ധമാണ്.” നൊയേമി പറയുന്നു: “ഞങ്ങളുടെ ശ്രമങ്ങളൊന്നും വെറുതെയായില്ല.”
ചെറിയ പട്ടണങ്ങളിൽ, ജീവിക്കാൻ വക കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയാണ്. ഉൾപ്രദേശങ്ങളിലേക്കു മാറിത്താമസിച്ചവർ ചെലവുകൾക്കു വേണ്ട പണം കണ്ടെത്തുന്നത് എങ്ങനെയാണ്? തങ്ങളുടെ കഴിവുകൾ ഉപയോഗപ്പെടുത്താനുള്ള മാർഗങ്ങൾ അവർ കണ്ടെത്തി. ചിലർ ഇംഗ്ലീഷോ മറ്റ് ഏതെങ്കിലും ഭാഷയോ പഠിപ്പിക്കുന്നു. ചിലർ സ്‌കൂൾവിദ്യാർഥികൾക്ക് ട്യൂഷൻ എടുക്കുന്നു. തയ്യൽജോലികൾ ചെയ്യുകയോ വീടുകൾക്കു പെയിന്റ് അടിക്കുകയോ മറ്റ് ഏതെങ്കിലും വിധത്തിലുള്ള അംശകാലജോലികൾ കണ്ടെത്തുകയോ ചെയ്യുന്നവരുമുണ്ട്. ആവശ്യം അധികമുള്ള സ്ഥലത്ത് പ്രവർത്തിക്കുന്നവരെല്ലാം ഒരേ സ്വരത്തിൽ ഇങ്ങനെ പറയുന്നു: ‘നേരിടുന്ന വെല്ലുവിളികളെ കവച്ചുവെക്കുന്നതാണ് ലഭിക്കുന്ന അനുഗ്രഹങ്ങൾ!’
[6-ാം പേജിലെ ചതുരം/ചിത്രം]
നാടും വീടും വിട്ടുപോന്നതിന്റെ വേദന
റ്റിയാഗൂ: “പുതിയ സഭയിലെത്തി അധികം വൈകാതെ എനിക്ക് നിരുത്സാഹം തോന്നിത്തുടങ്ങി. ആ പട്ടണത്തിൽ വളരെ കുറച്ചു പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. ഒഴിവുസമയം ചെലവഴിക്കാൻ ഒരു മാർഗവും ഇല്ലായിരുന്നു. നാടും വീടും വിട്ടുപോന്നതിന്റെ വിഷമം എന്നെ പിടികൂടി. ഈ വിഷമത്തിൽനിന്നു കരകയറാൻ എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന് എനിക്കു മനസ്സിലായി. അതുകൊണ്ട് സഭയിലുള്ള സഹോദരീസഹോദരന്മാരെ അടുത്തു പരിചയപ്പെടാൻ ഞാൻ ഒരു ശ്രമം നടത്തി. അതിന്റെ ഫലമായി പുതിയ സുഹൃത്തുക്കളെ നേടാനായെന്നു മാത്രമല്ല സന്തോഷവും എനിക്കു തിരികെ ലഭിച്ചു; ശരിക്കും വീട്ടിലായിരിക്കുന്നതുപോലെ തോന്നി.”
[3-ാം പേജിലെ ചിത്രം]
നൊയേമിയും ഷ്വാവൂ പൗലൂവും സാന്റ കാറ്ററിനയിലെ അസ്‌ക്യുറായിൽ