ചരിത്ര സ്‌മൃതികൾ
“അവിസ്‌മരണീയം!”
“അവിസ്‌മരണീയം!” “സൃഷ്ടിപ്പിൻ നാടക”ത്തെ പലരും വിശേഷിപ്പിച്ചത് അങ്ങനെയാണ്. കൃത്യസമയത്താണ് അതു ലഭിച്ചത്. ഈ നാടകം, അതു കണ്ടവരുടെ മനസ്സിൽ ഒരു മായാത്ത മുദ്ര പതിപ്പിച്ചു. യൂറോപ്പിലെ ദൈവജനത്തിനെതിരെ ഹിറ്റ്‌ലർ ഘോരപീഡനം അഴിച്ചുവിട്ടതിനു തൊട്ടുമുമ്പാണ് അതു ലഭിച്ചത്. യഹോവയുടെ നാമമഹത്ത്വത്തിനായി വലിയൊരു സാക്ഷ്യം കൊടുക്കുന്നതിന് അത് ഉപകരിച്ചു. എന്നാൽ എന്താണ് ഈ “സൃഷ്ടിപ്പിൻ നാടകം?”
1914-ൽ ഐക്യനാടുകളിലെ ന്യൂയോർക്കിലുള്ള ബ്രുക്ലിനിലെ യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്താണ് “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” പുറത്തിറക്കിയത്. എട്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന, കളറിലുള്ള നിശ്ചലചിത്രങ്ങളും ചലച്ചിത്രങ്ങളും അടങ്ങിയതായിരുന്നു അത്, ശബ്ദസംയോജനവും ഉണ്ടായിരുന്നു. ലോകമെമ്പാടും ദശലക്ഷങ്ങൾ അതു കണ്ടു. ഇതിന്റെ ഒരു ചെറിയ പതിപ്പായ “യുറീക്കാ നാടക”വും 1914-ൽത്തന്നെ പുറത്തിറക്കി. എന്നാൽ 1920-കൾ ആയപ്പോഴേക്കും സ്ലൈഡുകൾ, ഫിലിമുകൾ, പ്രദർശനോപാധികൾ എന്നിവ ഉപയോഗശൂന്യമായിത്തീർന്നിരുന്നു. പക്ഷേ, അപ്പോഴും ഈ നാടകം കാണാൻ ധാരാളം ആളുകൾ ആഗ്രഹിച്ചിരുന്നു. ഉദാഹരണത്തിന്, ജർമനിയിലെ ലുഡ്‌വിഗ്‌സ്‌ബർഗിലുള്ള ആളുകൾ ഇങ്ങനെ ചോദിച്ചു: “ഇനി എന്നാണ് ‘ഫോട്ടോ നാടകം’ കാണിക്കുക?” എന്തു ചെയ്യാൻ പറ്റുമായിരുന്നു?
ഈ നാടകം വീണ്ടും പ്രദർശിപ്പിക്കാൻ 1920-കളിൽത്തന്നെ ശ്രമം തുടങ്ങി. ജർമനിയിലെ മാഗ്‌ഡെബർഗിലുള്ള ബെഥേലിന്റെ മേൽനോട്ടത്തിൽ സഹോദരന്മാർ ഫ്രാൻസിലുള്ള പാരീസിലെ ഒരു വാർത്താ ഏജൻസിയിൽനിന്നു ഫിലിമുകളും ലൈപ്‌സിഗിലും ഡ്രെസ്‌ഡനിലുമുള്ള ഗ്രാഫിക്‌സ് കമ്പനികളിൽനിന്ന് സ്ലൈഡുകളും കൊണ്ടുവന്നു. “സൃഷ്ടിപ്പിൻ ഫോട്ടോ നാടക”ത്തിന്റെ ഉപയോഗയോഗ്യമായ പഴയ സ്ലൈഡുകളോടൊപ്പം ഇവയും ചേർത്തു.
ഫിലിമുകളോടും സ്ലൈഡുകളോടും ഒപ്പമുള്ള പിന്നണി സംഗീതം ചിട്ടപ്പെടുത്തിയത് എറിക് ഫ്രോസ്റ്റ് എന്ന സഹോദരനാണ്. അദ്ദേഹം ഒരു അനുഗൃഹീത സംഗീതജ്ഞനായിരുന്നു. വിവരണത്തിന്റെ ചില ഭാഗങ്ങൾ സൃഷ്ടി (ഇംഗ്ലീഷ്) പുസ്‌തകത്തിൽനിന്നാണ് എടുത്തത്. അതുകൊണ്ട് “സൃഷ്ടിപ്പിൻ ഫോട്ടോ നാടക”ത്തിന്റെ ഈ പുതിയ പതിപ്പിനെ “സൃഷ്ടിപ്പിൻ നാടകം” എന്നു വിളിക്കാൻ തുടങ്ങി.
പുതിയ നാടകം “ഫോട്ടോ നാടകം” പോലെതന്നെ എട്ടു മണിക്കൂർ ദൈർഘ്യമുള്ളതായിരുന്നു. പല ഭാഗങ്ങളായി, അടുത്തടുത്ത വൈകുന്നേരങ്ങളിൽ അവ പ്രദർശിപ്പിച്ചു. സൃഷ്ടിദിവസങ്ങളെ സംബന്ധിച്ചുള്ള അമ്പരപ്പിക്കുന്ന വിശദാംശങ്ങളും ലൗകികവും ബൈബിളധിഷ്‌ഠിതവും ആയ ചരിത്രത്തിന്റെ അവലോകനവും ഉണ്ടായിരുന്നു. ഒപ്പം, വ്യാജമതം മനുഷ്യവർഗത്തെ നിരാശപ്പെടുത്തിയിരിക്കുന്നത് എങ്ങനെയെന്നും അതിൽ എടുത്തുകാണിച്ചിരുന്നു. “സൃഷ്ടിപ്പിൻ നാടകം” ഓസ്‌ട്രിയ, ജർമനി, ലക്‌സംബർഗ്, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലും ജർമൻ ഭാഷ സംസാരിക്കുന്ന മറ്റിടങ്ങളിലും പ്രദർശിപ്പിച്ചു.
എറിക് ഫ്രോസ്റ്റ് വിശദീകരിക്കുന്നു: “നാടകപ്രദർശനത്തിന്റെ ഇടവേളകളിൽ ഓരോ നിരയിലും ചെന്ന് സദസ്യർക്ക് നമ്മുടെ പുസ്‌തകങ്ങളും
ചെറുപുസ്‌തകങ്ങളും നൽകാൻ എന്റെ സഹപ്രവർത്തകരെ, വിശേഷിച്ച് ഓർക്കസ്‌ട്രയിലുള്ളവരെ, ഞാൻ പ്രോത്സാഹിപ്പിച്ചു. വീടുതോറുമുള്ള വേലയിൽ സമർപ്പിക്കാനാകുമായിരുന്നതിലും ഏറെ പ്രസിദ്ധീകരണങ്ങൾ ഞങ്ങൾ ഇങ്ങനെ സമർപ്പിച്ചു.” സദസ്സിലുള്ള പലരും തങ്ങളുടെ വിലാസങ്ങൾ തന്നിട്ടുപോയതായി പോളണ്ടിലും ഇപ്പോഴത്തെ ചെക്ക് റിപ്പബ്ലിക്കിലും പ്രദർശനങ്ങൾ സംഘടിപ്പിച്ച യോഹാനസ് റൗത്ത് ഓർമിക്കുന്നു. ആ വിലാസങ്ങൾ ഫലപ്രദമായ മടക്കസന്ദർശനങ്ങളിലേക്കു നയിച്ചു.1930-കളിലേക്കു കടന്നതോടെ “സൃഷ്ടിപ്പിൻ നാടകം” നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കാൻ തുടങ്ങി. യഹോവയുടെ സാക്ഷികൾ പട്ടണത്തിലെ സംസാരവിഷയമായി. 1933-ഓടെ ഏകദേശം ഒരു ദശലക്ഷം ആളുകൾ ജർമനിയിലെ നമ്മുടെ ബ്രാഞ്ച് ഓഫീസ് സംഘടിപ്പിച്ച ഈ പ്രദർശനങ്ങൾ കണ്ടുകഴിഞ്ഞിരുന്നു. അക്കാലത്തെക്കുറിച്ച് കാത്തി ക്രൗസ് സഹോദരി ഓർമിക്കുന്നു: “നാടകം കാണാൻവേണ്ടി മാത്രം അഞ്ചു ദിവസവും അങ്ങോട്ടുമിങ്ങോട്ടും 20 കിലോമീറ്റർ ഞങ്ങൾ നടന്നു. അതും കാടും മലകളും താഴ്‌വരകളും നിറഞ്ഞ വഴിയിലൂടെ!” “‘സൃഷ്ടിപ്പിൻ നാടക’മാണ് സത്യത്തോടുള്ള എന്റെ സ്‌നേഹത്തിന്റെ അടിത്തറ” എന്ന് എൽസ് ബിൽഹാഴ്‌സ് പറയുന്നു.
ആൽഫ്രഡ് ആൽമെൻഡിൻഗർ ഓർക്കുന്നു: “അമ്മ ഈ നാടകം കണ്ടതിനു ശേഷം ആവേശഭരിതയായി ഒരു ബൈബിൾ വാങ്ങിക്കൊണ്ടുവന്ന് ‘ശുദ്ധീകരണസ്ഥലം’ എന്ന വാക്ക് തപ്പിനോക്കി.” പക്ഷേ എവിടെ കാണാൻ! അതോടെ അമ്മ പള്ളിയിൽപ്പോക്ക് ഉപേക്ഷിക്കുകയും സ്‌നാനമേൽക്കുകയും ചെയ്‌തുവെന്ന് അദ്ദേഹം പറയുന്നു. “അസംഖ്യം ആളുകൾ ഈ നാടകം മുഖാന്തരം സത്യം സ്വീകരിച്ചു,” എറിക് ഫ്രോസ്റ്റ് പറയുന്നു.—3 യോഹ. 1-3.
“സൃഷ്ടിപ്പിൻ നാടക” പ്രദർശനം അതിന്റെ പാരമ്യത്തിലെത്തുന്ന സമയത്ത്, യൂറോപ്പ് നാസി കൊടുങ്കാറ്റിന്റെ പിടിയിലായിക്കഴിഞ്ഞിരുന്നു. 1933-ന്റെ തുടക്കത്തിൽ ജർമനിയിലെ യഹോവയുടെ സാക്ഷികളുടെ വേല നിരോധനത്തിലായി. അന്നുതൊട്ട് 1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതുവരെ യൂറോപ്പിലെ ദൈവദാസർ കടുത്ത പീഡനം അനുഭവിച്ചു. എറിക് ഫ്രോസ്റ്റ് ഏകദേശം എട്ടു വർഷം തടവിലായിരുന്നു. എന്നാൽ അദ്ദേഹം അതിജീവിക്കുകയും പിന്നീട് ജർമനിയിലെ വീസ്‌ബാഡനിലുള്ള ബെഥേലിൽ സേവിക്കുകയും ചെയ്‌തു. അവിസ്‌മരണീയമായ ആ “സൃഷ്ടിപ്പിൻ നാടകം” തക്കസമയത്തു വന്നത് എത്ര നന്നായി! അത് രണ്ടാംലോകമഹായുദ്ധകാലത്ത് സഹിക്കേണ്ടിവന്ന വിശ്വാസത്തിന്റെ കടുത്ത പരിശോധനകൾ നേരിടാൻ യഹോവയുടെ ജനത്തിന് ധൈര്യം പകർന്നു!—ജർമനിയിലെ ശേഖരത്തിൽനിന്ന്.