സുവിശേഷകന്റെ ധർമം നന്നായി നിറവേറ്റുക
“സുവിശേഷകന്റെ വേല ചെയ്യുക; നിന്റെ ശുശ്രൂഷ പൂർണമായി നിറവേറ്റുക.”—2 തിമൊ. 4:5.
1. യഹോവയെ ആദ്യത്തെ സുവിശേഷകനെന്നും ഏറ്റവും മികച്ച സുവിശേഷകനെന്നും വിളിക്കാവുന്നത് എന്തുകൊണ്ട്?
സുവിശേഷം അഥവാ നല്ല വാർത്ത അറിയിക്കുന്ന ആളാണ് സുവിശേഷകൻ. യഹോവയാം ദൈവമാണ് ആദ്യത്തെ സുവിശേഷകൻ; സുവിശേഷകരിൽ അഗ്രഗണ്യനും അവനാണ്. നമ്മുടെ ആദ്യമാതാപിതാക്കളുടെ മത്സരത്തെത്തുടർന്ന് ഉടൻതന്നെ യഹോവ ഒരു സുവാർത്ത അറിയിച്ചു. പിശാചായ സാത്താൻ എന്ന സർപ്പം നശിപ്പിക്കപ്പെടും എന്നായിരുന്നു അത്. (ഉല്‌പ. 3:15) കൂടാതെ, ദൈവം തന്റെ നാമത്തിന്മേൽ ഉണ്ടായ നിന്ദ എങ്ങനെ നീക്കും, സാത്താൻ വരുത്തിയ കേടുപാടുകൾ എങ്ങനെ മായ്‌ക്കും, ആദാമും ഹവ്വായും നഷ്ടപ്പെടുത്തിയ സൗഭാഗ്യങ്ങൾ മനുഷ്യവർഗത്തിന് എങ്ങനെ തിരികെ ലഭിക്കും തുടങ്ങിയ സദ്വാർത്തകളും രേഖപ്പെടുത്താൻ നൂറ്റാണ്ടുകളിലുടനീളം യഹോവ വിശ്വസ്‌തമനുഷ്യരെ നിശ്വസ്‌തരാക്കി.
2. (എ) സുവിശേഷവേലയിൽ ദൂതന്മാർ എന്തു പങ്കു വഹിക്കുന്നു? (ബി) സുവിശേഷകർക്കായി യേശു എന്തു നിലവാരം വെച്ചു?
2 ദൂതന്മാരും സുവിശേഷകരാണ്. അവർതന്നെ സദ്വാർത്ത അറിയിക്കുകയും അതു വ്യാപിപ്പിക്കാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നു. (ലൂക്കോ. 1:19; 2:10; പ്രവൃ. 8:26, 27, 35; വെളി. 14:6) പ്രധാനദൂതനായ മീഖായേലിനെ സംബന്ധിച്ചോ? യേശു എന്ന പേരിൽ ഭൂമിയിലായിരിക്കെ, അവൻ മാനുഷസുവിശേഷകർക്ക് അനുവർത്തിക്കാനായി ഒരു നിലവാരം വെച്ചു. സുവിശേഷം വ്യാപിപ്പിക്കുന്നതിൽ കേന്ദ്രീകരിച്ചായിരുന്നു യേശു ഭൂമിയിലെ തന്റെ ജീവിതം കരുപ്പിടിപ്പിച്ചത്.—ലൂക്കോ. 4:16-21.
3. (എ) നാം പ്രചരിപ്പിക്കുന്ന സദ്വാർത്ത എന്താണ്? (ബി) സുവിശേഷകരെന്നനിലയിൽ ഏതെല്ലാം ചോദ്യങ്ങളിൽ നാം തത്‌പരരാണ്?
3 യേശു തന്റെ ശിഷ്യന്മാരോട് സുവിശേഷകരായിരിക്കാൻ കൽപ്പിച്ചു. (മത്താ. 28:19, 20; പ്രവൃ. 1:8) അപ്പൊസ്‌തലനായ പൗലോസ് സഹപ്രവർത്തകനായ തിമൊഥെയൊസിനു നൽകിയ അനുശാസനം ഇതായിരുന്നു: “സുവിശേഷകന്റെ വേല ചെയ്യുക; നിന്റെ ശുശ്രൂഷ പൂർണമായി നിറവേറ്റുക.” (2 തിമൊ. 4:5) യേശുവിന്റെ അനുഗാമികളെന്ന നിലയിൽ നാം ഘോഷിക്കുന്ന സുവാർത്ത എന്താണ്? നമ്മുടെ സ്വർഗീയപിതാവായ യഹോവ നമ്മെ സ്‌നേഹിക്കുന്നുവെന്ന ഹൃദയോഷ്‌മളമായ സത്യം അതിൽ ഉൾപ്പെടുന്നു. (യോഹ. 3:16; 1 പത്രോ. 5:7) യഹോവ സ്‌നേഹം പ്രകടമാക്കുന്നത് പ്രധാനമായും തന്റെ രാജ്യം മുഖേനയാണ്. അതുകൊണ്ട്, ഈ രാജ്യഭരണത്തിന് കീഴ്‌പെട്ടിരുന്ന് ദൈവത്തെ അനുസരിക്കുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാവർക്കും അവനുമായി സുഹൃദ്‌ബന്ധത്തിലേക്കു വരാൻ കഴിയുമെന്ന് നാം സന്തോഷപൂർവം ഘോഷിക്കുന്നു. (സങ്കീ. 15:1, 2) അനീതിയും കഷ്ടപ്പാടും നീക്കുകയെന്നത് യഹോവയുടെ ഉദ്ദേശ്യമാണ്. വേദനിപ്പിക്കുന്ന എല്ലാ ഗതകാലസ്‌മരണകളും അവൻ മായ്‌ച്ചുകളയും. മനം കുളിർപ്പിക്കുന്ന എത്ര നല്ല വാർത്ത! (യെശ. 65:17) നാം സുവിശേഷകരായതുകൊണ്ട് നമുക്കിപ്പോൾ രണ്ടു സുപ്രധാനചോദ്യങ്ങൾക്കുള്ള ഉത്തരം പരിചിന്തിക്കാം. ഇപ്പോൾ ആളുകൾ സുവാർത്ത കേൾക്കേണ്ടത് ജീവത്‌പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? സുവിശേഷകരെന്ന നിലയിൽ നമുക്കെങ്ങനെ നമ്മുടെ ധർമം വിജയകരമായി നിറവേറ്റാം?
ആളുകൾ സുവാർത്ത കേൾക്കേണ്ടത് എന്തുകൊണ്ട്?
4. ദൈവത്തെപ്പറ്റി എന്തൊക്കെ ദുഷ്‌പ്രചാരണങ്ങളാണ് ഉള്ളത്?
4 കുടുംബത്തെ ഉപേക്ഷിച്ചു പോയതാണ് നിങ്ങളുടെ പിതാവ് എന്നാണ് നിങ്ങൾ കേട്ടിട്ടുള്ളതെന്നു കരുതുക. അദ്ദേഹത്തെ അടുത്തറിയാമെന്ന് അവകാശപ്പെടുന്നവർ പറയുന്നത് അദ്ദേഹം നിർവികാരനും നിഷ്‌ഠുരനും നിഗൂഢത നിറഞ്ഞവനും ആയിരുന്നെന്നാണ്. അദ്ദേഹം മരിച്ചുപോയതിനാൽ അദ്ദേഹവുമായി ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിൽ അർഥമില്ലെന്ന് ചിലർ നിങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കുകപോലും ചെയ്‌തിരിക്കുന്നു. സമാനമായ കഥകളാണ് ദൈവത്തെക്കുറിച്ച് ഇന്ന് ആളുകൾ കേട്ടിട്ടുള്ളത്. ദൈവം ഒരു ദുർജ്ഞേയൻ അഥവാ മർമം ആണെന്നും നിർദയനാണെന്നുമൊക്കെയാണ് അവരെ പഠിപ്പിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ചില മതനേതാക്കൾ അവകാശപ്പെടുന്നത് ദൈവം ദുഷ്ടന്മാരെ ഒരു നരകത്തിലിട്ട് നിത്യമായി ദണ്ഡിപ്പിക്കുമെന്നാണ്. പ്രകൃതിവിപത്തുകൾ മൂലമുള്ള ദുരിതങ്ങൾക്ക് കാരണക്കാരൻ അവനാണെന്നു പറയുന്നവരുമുണ്ട്. അത്തരം സംഭവങ്ങളിൽ ദുഷ്ടന്മാരും നല്ലവരും കൊല്ലപ്പെടുന്നുണ്ടെങ്കിലും അതെല്ലാം ദൈവശിക്ഷയാണെന്നാണ് അവരുടെ ധാരണ.
5, 6. പരിണാമവാദവും വ്യാജോപദേശങ്ങളും ആളുകളെ എങ്ങനെ ബാധിച്ചിരിക്കുന്നു?
5 ദൈവം സ്ഥിതിചെയ്യുന്നേയില്ല എന്നാണ് മറ്റു ചിലരുടെ വാദം. പരിണാമസിദ്ധാന്തം ആ വഴിക്കുള്ളതാണ്. യാതൊരു ബൗദ്ധികമാർഗദർശനവും കൂടാതെ ജീവൻ ഉളവായി എന്നാണ് അതിന്റെ പ്രയോക്താക്കൾ പ്രഖ്യാപിക്കുന്നത്. ഒരു സ്രഷ്ടാവ് ഇല്ലെന്നാണ് അവരുടെ നിലപാട്. മനുഷ്യൻ കേവലം മറ്റൊരു മൃഗം മാത്രമാണെന്നും അതുകൊണ്ടുതന്നെ അവൻ മൃഗീയമായി പെരുമാറുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്നുംവരെ ചിലർ പറയുന്നു. ശക്തൻ അശക്തനെ അടിച്ചമർത്തുന്നത് വെറും പ്രകൃതിനിയമം മാത്രമാണെന്നാണ് അവരുടെ പക്ഷം. അതുകൊണ്ട് അനീതി എക്കാലവും തുടരും എന്ന് അനേകരും വിശ്വസിക്കുന്നതിൽ അതിശയിക്കാനില്ല. വാസ്‌തവത്തിൽ, പരിണാമത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുന്ന ആളുകളിൽനിന്ന് യഥാർഥപ്രത്യാശ അവരറിയാതെ അപഹരിക്കപ്പെട്ടിരിക്കുകയാണ്.
6 വ്യവസ്ഥിതിയുടെ ഈ സമാപനനാളുകളിൽ പരിണാമവാദവും മറ്റു വ്യാജോപദേശങ്ങളും മനുഷ്യവർഗം അനുഭവിക്കുന്ന ദുരിതം വർധിപ്പിച്ചിരിക്കുന്നു എന്നതിനു സംശയമില്ല. (റോമ. 1:28-31; 2 തിമൊ. 3:1-5) ഈ മാനുഷിക ഉപദേശങ്ങളൊന്നും കഴമ്പുള്ള, ശാശ്വതമായ യാതൊരു നല്ല വാർത്തയും മനുഷ്യവർഗത്തിനു നൽകിയിട്ടില്ല. പകരം അപ്പൊസ്‌തലനായ പൗലോസ് പറയുന്നതുപോലെ, അവയാൽ ആളുകളുടെ “മനസ്സ് ഇരുളടഞ്ഞതായിത്തീർന്നിട്ട് അവർ ദൈവികജീവനിൽനിന്ന് അകന്നുപോയിരിക്കുന്നു.” (എഫെ. 4:17-19) മാത്രവുമല്ല, പരിണാമവാദവും വ്യാജോപദേശങ്ങളും ദൈവത്തിൽനിന്ന് ഉത്ഭവിക്കുന്ന സുവിശേഷം സ്വീകരിക്കുന്നതിൽനിന്ന് ആളുകളെ തടയുകയും ചെയ്‌തിരിക്കുന്നു.—എഫെസ്യർ 2:11-13 വായിക്കുക.
7, 8. സുവിശേഷത്തെക്കുറിച്ചുള്ള പൂർണമായ ഗ്രാഹ്യം ലഭിക്കാൻ ആളുകൾ എന്തു ചെയ്‌തേ മതിയാകൂ?
7 ദൈവവുമായി ആളുകൾ അനുരഞ്‌ജനത്തിലാകണമെങ്കിൽ, അവൻ സ്ഥിതി ചെയ്യുന്നുണ്ടെന്നും അവനോട് അടുത്തു ചെല്ലാൻ നല്ല കാരണങ്ങളുണ്ടെന്നും അവർക്ക് ആദ്യംതന്നെ ബോധ്യം വരേണ്ടതുണ്ട്. സൃഷ്ടിയെ നിരീക്ഷിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആ അറിവ് നേടാൻ നമുക്ക് അവരെ സഹായിക്കാനാകും. ഒരു തുറന്ന മനസ്സോടെ സൃഷ്ടിയെ നിരീക്ഷിക്കുന്നവർക്ക് ദൈവത്തിന്റെ ജ്ഞാനത്തെയും ശക്തിയെയും കുറിച്ച് മനസ്സിലാക്കാനാകും. (റോമ. 1:19, 20) നമ്മുടെ മഹാസ്രഷ്ടാവ് ചെയ്‌തിരിക്കുന്ന കാര്യങ്ങളോട് ആളുകളുടെ മനസ്സിൽ ഭയാദരവുണർത്താൻ, ജീവൻ സൃഷ്ടിക്കപ്പെട്ടതോ? (ഇംഗ്ലീഷ്), ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്നീ ലഘുപത്രികകൾ നമുക്ക് ഉപയോഗിക്കാൻ കഴിയും. എന്നിരുന്നാലും, ദൈവം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്, ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്, ഒരു വ്യക്തിയെന്നനിലയിൽ എന്റെ കാര്യത്തിൽ ദൈവത്തിന് താത്‌പര്യമുണ്ടോ തുടങ്ങിയ കുഴപ്പിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം സൃഷ്ടിക്രിയകളെ നിരീക്ഷിക്കുന്നതുകൊണ്ടുമാത്രം ലഭിക്കില്ല.
8 ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സുവാർത്ത മുഴുവനായി മനസ്സിലാക്കണമെങ്കിൽ ആളുകൾ ബൈബിൾ പഠിച്ചേ തീരൂ. ആളുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അവരെ സഹായിക്കുന്നത് എത്ര വലിയ പദവിയാണ്! എന്നാൽ ആളുകളുടെ ഹൃദയത്തെ തൊടണമെങ്കിൽ നാം കേവലം കുറെ വസ്‌തുതകൾ നിരത്തിയാൽ മാത്രം പോരാ, അവർക്ക് വിശ്വാസം വരത്തക്കവിധം കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുക്കണം. (2 തിമൊ. 3:14) യേശുവിന്റെ മാതൃക അനുകരിക്കുന്നെങ്കിൽ, ബോധ്യം വരുത്തുന്ന രീതിയിൽ പഠിപ്പിക്കാനുള്ള പ്രാപ്‌തി നമുക്ക് മെച്ചപ്പെടുത്താനാകും. എന്തുകൊണ്ടാണ് അവന് വളരെ നന്നായി പഠിപ്പിക്കാൻ കഴിഞ്ഞത്? അവൻ ഫലകരമായി ചോദ്യങ്ങൾ ഉപയോഗിച്ചു എന്നതാണ് ഒരു കാരണം. നമുക്കെങ്ങനെ അവനെ അനുകരിക്കാനാകും?
ഫലപ്രദരായ സുവിശേഷകർ ചോദ്യങ്ങൾ വിദഗ്‌ധമായി ഉപയോഗിക്കും
9. ആളുകളെ ആത്മീയമായി സഹായിക്കണമെങ്കിൽ നാം എന്തു ചെയ്യണം?
9 യേശുവിനെപ്പോലെ സുവിശേഷവേലയിൽ നാമും ചോദ്യങ്ങൾ ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്? ഇങ്ങനെ ഒരു രംഗം മനസ്സിൽ കാണുക: നിങ്ങൾ ഒരു ഡോക്‌ടറെ കാണാൻ ചെന്നിരിക്കുകയാണ്. ഒരു ശുഭവാർത്തയാണ് പറയാനുള്ളതെന്ന് അദ്ദേഹം പറയുന്നു. നിങ്ങളുടെ രോഗം ഭേദമാക്കിത്തരാം, ഒരു ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായാൽ മതി എന്നാണ് അദ്ദേഹം പറയുന്നത്. നിങ്ങൾ അത് വിശ്വസിച്ചേക്കാം. എന്നാൽ നിങ്ങളുടെ ആരോഗ്യസ്ഥിതിയെപ്പറ്റി യാതൊന്നും ചോദിക്കാതെയാണ് അദ്ദേഹം അങ്ങനെ പറയുന്നതെങ്കിലോ? നിങ്ങൾ വിശ്വസിക്കുമോ? തീരെ സാധ്യതയില്ല. എത്ര സമർഥനായ ഡോക്‌ടറാണെങ്കിലും ശരി, നമ്മുടെ രോഗലക്ഷണങ്ങൾ ചോദിച്ചറിയുകയും നമുക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്‌താൽ മാത്രമേ വേണ്ട ചികിത്സ അദ്ദേഹത്തിന് നിശ്ചയിക്കാനാകൂ. സമാനമായി ആളുകൾ രാജ്യസുവാർത്ത സ്വീകരിക്കണമെങ്കിൽ ഫലകരമായി ചോദ്യങ്ങൾ ചോദിക്കുന്നതിൽ നാം വൈദഗ്‌ധ്യം നേടണം. ആളുകളുടെ ആത്മീയസ്ഥിതി സംബന്ധിച്ച് വ്യക്തമായ ഒരു ചിത്രം ലഭിച്ചെങ്കിൽ മാത്രമേ നമുക്ക് അവരെ സഹായിക്കാൻ കഴിയൂ.
ശ്രോതാക്കളുടെ ഹൃദയത്തിലെത്താൻ കഴിയണമെങ്കിൽ, ബോധ്യംവരുത്തുംവിധം സംസാരിക്കണം
10, 11. യേശുവിന്റെ പഠിപ്പിക്കൽ അനുകരിക്കുന്നതിലൂടെ എന്തു സാധ്യമാകും?
10 ചിന്തിച്ച് തിരഞ്ഞെടുക്കുന്ന ചോദ്യങ്ങൾ വിദ്യാർഥിയെക്കുറിച്ച് മനസ്സിലാക്കാനും അദ്ദേഹത്തെ സംഭാഷണത്തിൽ ഉൾപ്പെടുത്താനും സഹായിക്കും എന്ന് യേശുവിന് അറിയാമായിരുന്നു. ഉദാഹരണത്തിന്, താഴ്‌മയുടെ പാഠം ശിഷ്യന്മാരെ പഠിപ്പിക്കാനായി അവൻ ആദ്യംതന്നെ അവരോട് ചിന്തയെ ഉണർത്താൻപോന്ന ഒരു ചോദ്യം ചോദിച്ചു. (മർക്കോ. 9:33) തത്ത്വങ്ങളെ അടിസ്ഥാനമാക്കി ന്യായവാദം ചെയ്യാൻ പത്രോസിനെ പഠിപ്പിക്കവെ വേറൊരു തരം ചോദ്യമാണ് അവൻ ഉപയോഗിച്ചത്, പല ഉത്തരങ്ങൾ നൽകിയിട്ട് ശരിയായത് തിരഞ്ഞെടുക്കാൻ പത്രോസിനെ സഹായിക്കുന്നതരത്തിലുള്ള ചോദ്യം. (മത്താ. 17:24-26) മറ്റൊരവസരത്തിൽ തന്റെ ശിഷ്യന്മാരുടെ ഹൃദയത്തിലുള്ളത് എന്താണെന്ന് അറിയാനായി അവൻ ഒന്നിനുപുറകെ ഒന്നായി വീക്ഷണചോദ്യങ്ങൾ ചോദിച്ചു. (മത്തായി 16:13-17 വായിക്കുക.) ആളുകളുടെ മുമ്പിൽ കുറെ വസ്‌തുതകൾ നിരത്തുന്നതിനു പകരം ചോദ്യങ്ങൾ ചോദിക്കുകയും പ്രസ്‌താവനകൾ നടത്തുകയും വഴി അവൻ ശ്രോതാക്കളുടെ ഹൃദയത്തിൽ എത്തിച്ചേർന്നു. അത് സുവാർത്തയ്‌ക്ക് ചേർച്ചയിൽ പ്രവർത്തിക്കാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്‌തു.
11 ഫലകരമായി ചോദ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് യേശുവിനെ അനുകരിക്കുന്നതിലൂടെ കുറഞ്ഞത് മൂന്നു കാര്യങ്ങളെങ്കിലും സാധിക്കും: ഓരോ വ്യക്തിക്കും ആവശ്യമായിരിക്കുന്നത് എന്താണെന്നു കണ്ടെത്താനാകും; തടസ്സവാദങ്ങളെ കൈകാര്യം ചെയ്യാനാകും; ചർച്ചചെയ്യുന്ന കാര്യങ്ങളിൽനിന്ന് പരമാവധി പ്രയോജനം നേടാൻ നമുക്ക് താഴ്‌മയുള്ളവരെ പഠിപ്പിക്കാനാകും. ചോദ്യങ്ങൾ ഫലകരമായി ഉപയോഗിക്കുന്ന മൂന്നു സാഹചര്യങ്ങൾ ഇപ്പോൾ നമുക്ക് നോക്കാം.
12-14. ഏറെ ആത്മവിശ്വാസത്തോടെ സുവാർത്ത പങ്കുവെക്കാൻ നിങ്ങൾക്ക് കുട്ടിയെ എങ്ങനെ സഹായിക്കാം? ഉദാഹരിക്കുക.
12 സാഹചര്യം 1: പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണെന്ന തന്റെ വിശ്വാസത്തെക്കുറിച്ച് സഹപാഠിയോടു വേണ്ടത്ര നന്നായി സംസാരിക്കാൻ കഴിഞ്ഞില്ല എന്ന വിഷമം പറഞ്ഞുകൊണ്ട് കൗമാരക്കാരനായ മകൻ നിങ്ങളെ സമീപിക്കുന്നു എന്നു കരുതുക. ഒരു പിതാവെന്ന നിലയിൽ നിങ്ങൾ എന്തു ചെയ്യും? സുവാർത്ത ഘോഷിക്കുന്നതിൽ ആത്മവിശ്വാസമുള്ളവനായിരിക്കാൻ അവനെ സഹായിക്കാൻ നിങ്ങൾക്ക് ആഗ്രഹവുമുണ്ട്. അത് എങ്ങനെ ചെയ്യാം? അവനെ വിമർശിക്കുകയോ കേട്ടപാടേ കുറച്ച് ഉപദേശം നൽകുകയോ ചെയ്യുന്നതിനു പകരം യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട് ചില വീക്ഷണചോദ്യങ്ങൾ ചോദിക്കരുതോ? നിങ്ങൾക്ക് എങ്ങനെ അതു ചെയ്യാൻ കഴിയും?
13 ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്ന ലഘുപത്രികയിൽനിന്ന് ഏതാനും ഭാഗങ്ങൾ കുട്ടിയോടൊത്ത് വായിക്കുക. തുടർന്ന്, ചിന്തോദ്ദീപകങ്ങളായ ഏതെല്ലാം ന്യായവാദങ്ങളാണ് അവൻ അതിൽ കണ്ടെത്തിയതെന്നു ചോദിക്കാം. ഒരു സ്രഷ്ടാവുണ്ടെന്ന് വിശ്വസിക്കാൻ അവനെ പ്രേരിപ്പിച്ചത് എന്താണെന്നും ദൈവത്തിന്റെ ഇഷ്ടംചെയ്യാൻ അവൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്നും സ്വന്തം വാക്കുകളിൽ പറയാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. (റോമ. 12:2) അവൻ കണ്ടെത്തിയത് നിങ്ങളുടെ മനസ്സിലുള്ള അതേ കാരണങ്ങൾതന്നെ ആകണമെന്നില്ല എന്ന് കുട്ടി അറിയട്ടെ.
14 സഹപാഠിയോട് സംസാരിക്കുമ്പോൾ ഇപ്പോൾ നിങ്ങൾ കാണിച്ചുകൊടുത്ത ഇതേ രീതി അവലംബിക്കാമെന്ന് അവനോടു പറയുക. അതായത്, കൂട്ടുകാരനുമൊത്ത് ചില വസ്‌തുതകൾ അവലോകനം ചെയ്‌തതിനുശേഷം ശരിയായ നിഗമനത്തിലേക്കു നയിക്കുന്ന ചോദ്യങ്ങളോ വീക്ഷണചോദ്യങ്ങളോ അവനോടു ചോദിക്കാം. ഉദാഹരണത്തിന്, ജീവന്റെ ഉത്ഭവം എന്ന ലഘുപത്രികയുടെ 21-ാം പേജിലെ ചതുരം വായിക്കാൻ അവന് കൂട്ടുകാരനോട് ആവശ്യപ്പെടാൻ കഴിയും. എന്നിട്ട്, അവന് ഇങ്ങനെ ചോദിക്കാം: “ഈ കമ്പ്യൂട്ടർ യുഗത്തിൽപ്പോലും വിവരസംഭരണശേഷിയുടെ കാര്യത്തിൽ ഡിഎൻഎ-യോട് കിടപിടിക്കാനാകുന്ന യാതൊന്നുമില്ല. ശരിയല്ലേ?” സഹപാഠി, “അതെ” എന്നു പറയാനാണ് സാധ്യത. അപ്പോൾ കുട്ടിക്ക് വീണ്ടും ചോദിക്കാം: “ഇന്നത്തെ കമ്പ്യൂട്ടർ വിദഗ്‌ധർക്കുപോലും അത്തരമൊരു നേട്ടം കൈവരിക്കാനാവാത്ത സ്ഥിതിക്ക് ബൗദ്ധികശേഷിയൊന്നുമില്ലാത്ത അചേതനവസ്‌തുക്കൾക്ക് സ്വന്തമായി അതെങ്ങനെ ചെയ്യാനാകും?” വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോട് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ കഴിയേണ്ടതിന് പതിവായി കുട്ടിയുമൊത്ത് പരിശീലനസെഷനുകൾ നടത്തുക. ചോദ്യങ്ങൾ ഫലകരമായി ഉപയോഗിക്കാൻ നിങ്ങൾ കുട്ടിയെ പരിശീലിപ്പിക്കുന്നെങ്കിൽ, സുവിശേഷകനെന്ന നിലയിൽ തന്റെ ഉത്തരവാദിത്വം നിർവഹിക്കാൻ അവനെ സഹായിക്കുകയായിരിക്കും നിങ്ങൾ.
15. ഒരു നിരീശ്വരവാദിയെ സഹായിക്കാനായി നമുക്കു ചോദിക്കാനാകുന്ന ചോദ്യങ്ങളേവ?
15 സാഹചര്യം 2: ദൈവമുണ്ടോ എന്നു സംശയിക്കുന്ന ആളുകളെ സാക്ഷീകരണത്തിനിടെ നാം കണ്ടുമുട്ടാറുണ്ട്. ഉദാഹരണത്തിന്, താൻ ഒരു നിരീശ്വരവാദിയാണെന്ന് ഒരു വ്യക്തി പറഞ്ഞേക്കാം. അതുകേട്ട് സംഭാഷണം അവിടംകൊണ്ട് അവസാനിപ്പിക്കുന്നതിനു പകരം, അദ്ദേഹം എത്രനാളായി ഒരു നിരീശ്വരവാദിയാണെന്നും അങ്ങനെയൊരു കാഴ്‌ചപ്പാടിലേക്കു വരാൻ ഇടയായത് എങ്ങനെയാണെന്നും ആദരവോടെ അദ്ദേഹത്തോടു ചോദിക്കുക. അദ്ദേഹം പറയുന്നത് ശ്രദ്ധയോടെ കേൾക്കുക. തന്റെ വീക്ഷണഗതി വിശദീകരിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കുക. എന്നിട്ട്, ജീവൻ സൃഷ്ടിക്കപ്പെട്ടതാണ് എന്നതിനു തെളിവുനൽകുന്ന പ്രസിദ്ധീകരണങ്ങൾ വായിക്കുന്നതിൽ എന്തെങ്കിലും വിരോധമുണ്ടോ എന്ന് അദ്ദേഹത്തോടു ചോദിക്കുക. ‘അങ്ങനെ തെളിവുകളുണ്ടെങ്കിൽ അതു നിരാകരിക്കുന്നത് ശരിയായിരിക്കില്ല’ എന്ന അഭിപ്രായക്കാരനായിരിക്കും തുറന്ന മനസ്സുള്ള ഒരു വ്യക്തി. അങ്ങനെയെങ്കിൽ, ജീവൻ സൃഷ്ടിക്കപ്പെട്ടതോ? (ഇംഗ്ലീഷ്), ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്നീ ലഘുപത്രികകളിലൊന്ന് അദ്ദേഹത്തിനു കൊടുക്കാവുന്നതാണ്. സുവാർത്തയെ സ്വാഗതം ചെയ്യുംവിധം ഒരു വ്യക്തിയുടെ ഹൃദയവാതിൽ തുറക്കാൻപോന്ന താക്കോലാണ് ദയാപുരസ്സരം ചോദിക്കുന്ന നയപരമായ ചോദ്യങ്ങൾ.
16. ബൈബിൾവിദ്യാർഥി പഠനസഹായിയിൽനിന്ന് അതേപടി വായിച്ച് ഉത്തരങ്ങൾ പറയുന്ന രീതി പ്രോത്സാഹിപ്പിക്കരുതാത്തത് എന്തുകൊണ്ട്?
16 സാഹചര്യം 3: ബൈബിളധ്യയനം നടത്തുമ്പോൾ ചില വിദ്യാർഥികൾ പഠനസഹായിയിൽനിന്ന് അതേപടി വായിച്ച് ഉത്തരങ്ങൾ പറയാറുണ്ട്. ഈ പ്രവണത നിരുത്സാഹപ്പെടുത്തിയില്ലെങ്കിൽ വിദ്യാർഥിയുടെ ആത്മീയവളർച്ച നാം മുരടിപ്പിക്കുകയായിരിക്കും. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ഒട്ടും ചിന്തിക്കാതെ പാഠഭാഗത്തുനിന്നും ഉത്തരങ്ങൾ ആവർത്തിക്കുന്ന വിദ്യാർഥിയുടെ ആത്മീയവേരുകൾ ആഴത്തിൽ വളരുകയില്ല. എതിർപ്പുകളുണ്ടാകുമ്പോൾ അദ്ദേഹം വളരെപ്പെട്ടെന്ന് വെയിലേറ്റു കരിയുന്ന ഒരു ചെടിപോലെ ആയിപ്പോകാനിടയുണ്ട്. (മത്താ. 13:20, 21) അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ, പഠിക്കുന്ന വിഷയത്തെപ്പറ്റി എന്തു തോന്നുന്നെന്ന് നാം വിദ്യാർഥിയോടു ചോദിക്കണം. പഠിച്ച ആശയങ്ങളോട് അദ്ദേഹം യോജിക്കുന്നുണ്ടോ എന്നു കണ്ടെത്താൻ ശ്രമിക്കുക. യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം പറയട്ടെ. തുടർന്ന്, ശരിയായ നിഗമനങ്ങളിലേക്ക് പടിപടിയായി സ്വയം എത്തിച്ചേരാൻ കഴിയുംവിധം തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യാൻ അദ്ദേഹത്തെ സഹായിക്കുക. (എബ്രാ. 5:14) ഇങ്ങനെ നാം ചോദ്യങ്ങൾ ഫലകരമായി ഉപയോഗിക്കുന്നെങ്കിൽ നമ്മുടെ ബൈബിൾവിദ്യാർഥികൾ വിശ്വാസത്തിൽ ആഴത്തിൽ വേരൂന്നിയവരായിത്തീരും. കൂടാതെ, എതിർപ്പുകളെയും വഴിതെറ്റിക്കാനുള്ള ശ്രമങ്ങളെയും ചെറുത്തുനിൽക്കാനും അവർ സജ്ജരായിരിക്കും. (കൊലോ. 2:6-8) സുവിശേഷകരെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്വം നിറവേറ്റാൻ മറ്റെന്തുകൂടെ ചെയ്യാൻ കഴിയും?
ഫലപ്രദരായ സുവിശേഷകർ പരസ്‌പരം സഹായിക്കും
17, 18. മറ്റൊരാളോടൊത്ത് ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ നമുക്ക് എങ്ങനെ ഒരു ടീം ആയി പ്രവർത്തിക്കാം?
17 യേശു തന്റെ ശിഷ്യന്മാരെ ഈരണ്ടു പേരായാണ് പ്രസംഗവേലയ്‌ക്ക് അയച്ചത്. (മർക്കോ. 6:7; ലൂക്കോ. 10:1) സുവിശേഷത്തിനുവേണ്ടി തന്നോടൊപ്പം “ചേർന്നു പോരാടിയ” കൂട്ടുവേലക്കാരെക്കുറിച്ച് അപ്പൊസ്‌തലനായ പൗലോസും പറയുന്നുണ്ട്. (ഫിലി. 4:3) ആ തിരുവെഴുത്തു കീഴ്‌വഴക്കത്തിനു ചേർച്ചയിൽ, അനുഭവപരിചയമുള്ള രാജ്യപ്രസാധകർ ശുശ്രൂഷയിൽ പുതിയവരെ പരിശീലിപ്പിക്കുന്ന ഒരു പരിപാടി 1953 മുതൽ ആരംഭിച്ചു. a
18 മറ്റൊരു പ്രസാധകനോടൊപ്പം ശുശ്രൂഷയിൽ ആയിരിക്കെ നിങ്ങൾക്ക് എങ്ങനെ ഒരു ടീം ആയി പ്രവർത്തിക്കാം? (1 കൊരിന്ത്യർ 3:6-9 വായിക്കുക.) നിങ്ങളുടെ കൂടെയുള്ള സഹോദരനോ സഹോദരിയോ ഒരു തിരുവെഴുത്തു വായിക്കുമ്പോൾ നിങ്ങളും ബൈബിൾ തുറന്നു നോക്കുക. നിങ്ങളുടെ കൂടെയുള്ളയാളും വീട്ടുകാരനും തമ്മിൽ സംസാരിക്കുമ്പോൾ ഓരോരുത്തരും പറയുന്നത് ശ്രദ്ധിക്കുക. ഒരു തടസ്സവാദം മറികടക്കാൻ കൂടെയുള്ളയാളെ സഹായിക്കേണ്ടതുണ്ടോ എന്ന് അറിയാൻ സംഭാഷണം നന്നായി ശ്രദ്ധിച്ചിരിക്കുക. (സഭാ. 4:12) എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം: മറ്റേയാൾ നല്ല രീതിയിൽ ന്യായവാദം ചെയ്‌തുകൊണ്ടിരിക്കെ ഇടയ്‌ക്കുകയറി പറയരുത്. നിങ്ങളുടെ അമിതാവേശം കൂട്ടാളിയെ നിരുത്സാഹപ്പെടുത്തുകയും വീട്ടുകാരനെ കുഴപ്പിക്കുകയും ചെയ്‌തേക്കാം. ചില സാഹചര്യങ്ങളിൽ ചർച്ചയിൽ പങ്കുചേരുന്നത് ഉചിതമായിരുന്നേക്കാം. എന്നാൽ എന്തെങ്കിലും പറയുന്നെങ്കിൽത്തന്നെ അത് ഒന്നോ രണ്ടോ വാചകങ്ങളിൽ ചുരുക്കണം. അതിനുശേഷം സംഭാഷണം തുടരാൻ നിങ്ങളുടെ കൂട്ടാളിയെ അനുവദിക്കുക.
19. നമ്മൾ എല്ലായ്‌പോഴും എന്ത് ഓർക്കുന്നതു നല്ലതാണ്, എന്തുകൊണ്ട്?
19 ഒരു വീട്ടിൽനിന്നു മറ്റൊരു വീട്ടിലേക്കു പോകുമ്പോൾ നിങ്ങൾക്കും പങ്കാളിക്കും എങ്ങനെ പരസ്‌പരം സഹായിക്കാൻ കഴിയും? നിങ്ങളുടെ അവതരണം മെച്ചപ്പെടുത്തുന്നതിനുള്ള വിധങ്ങൾ ആ സമയത്ത് ചർച്ചചെയ്യരുതോ? പ്രദേശത്തെ താമസക്കാരെപ്പറ്റി നിരുത്സാഹപ്പെടുത്തുന്ന അഭിപ്രായങ്ങൾ പറയാതിരിക്കാൻ ശ്രദ്ധിക്കണം. വഴിനീളെ സഹസുവിശേഷകരുടെ കുറ്റവും കുറവും പറഞ്ഞുകൊണ്ട് നടക്കാതിരിക്കാൻ ശ്രദ്ധിക്കുക. (ഗലാ. 5:15) നാം വെറും മൺപാത്രങ്ങൾ മാത്രമാണെന്ന് ഓർമിക്കുന്നത് നല്ലതാണ്. എന്നിട്ടും സുവാർത്തയുടെ ശുശ്രൂഷ എന്ന അമൂല്യനിധി യഹോവ തന്റെ അസാധാരണമായ ദയയാൽ നമ്മെ ഭരമേൽപ്പിച്ചിരിക്കുകയാണ്. (2 കൊരിന്ത്യർ 4:1, 7 വായിക്കുക.) സുവിശേഷകരെന്ന നിലയിൽ നമ്മുടെ പങ്ക് ഏറ്റവും നന്നായി ചെയ്‌തുകൊണ്ട് ആ അമൂല്യനിധിയോടുള്ള വിലമതിപ്പ് നമുക്കു പ്രകടമാക്കാം.
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്) 99, 569-570 പേജുകൾ കാണുക.