വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മാർപ്പണത്തിന്റെ മാതൃകകൾ ഫിലിപ്പീൻസിൽ

ആത്മാർപ്പണത്തിന്റെ മാതൃകകൾ ഫിലിപ്പീൻസിൽ

ഗ്രെഗോറിയോയും മാർലോയും ഏകദേശം പത്തു വർഷം മുമ്പു മനിലയിൽ പയനിയർമാരായി സേവിച്ചിരുന്നു. അന്ന്‌ അവർ അവരുടെ 30-കളിലായിരുന്നു, അവർക്കു മുഴുസമയജോലിയുമുണ്ടായിരുന്നു. പയനിയറിങ്ങും മുഴുസമയജോലിയും ഒരുമിച്ചുകൊണ്ടുപോകുക എന്നതു വെല്ലുവിളിയായിരുന്നെങ്കിലും അവർ അതിൽ വിജയിച്ചു. അങ്ങനെയിരിക്കെ, ജോലിചെയ്‌തിരുന്ന ബാങ്കിൽ മാർലോയ്‌ക്ക്‌ മാനേജരായി സ്ഥാനക്കയറ്റം ലഭിച്ചു. അവൾ പറയുന്നു: “സുഖകരമായ ജീവിതം നയിക്കാൻ വക നൽകുന്നതായിരുന്നു ഞങ്ങളുടെ ജോലി.” അതുകൊണ്ട്‌, മനിലയ്‌ക്ക്‌ 19 കിലോമീറ്റർ കിഴക്കു മാറി ഒരു കണ്ണായ സ്ഥലത്തു തങ്ങളുടെ സ്വപ്‌നഭവനം പണിയാൻ അവർ തീരുമാനിച്ചു. പത്തു വർഷംകൊണ്ടു മാസംതോറും തവണകളായി പണമടച്ച്‌ ഈ വീടിന്റെ പണി പൂർത്തീകരിക്കാൻ ഒരു കമ്പനിയുമായി ഉടമ്പടിയും ചെയ്‌തു.

“ഞാൻ യഹോവയെ ചൂഷണം ചെയ്യുന്നതായി എനിക്കു തോന്നി”

മാർലോ വിശദീകരിക്കുന്നു: “എന്റെ പുതിയ ജോലിക്കു കൂടുതൽ സമയവും ഊർജവും ആവശ്യമായിവന്നു. അത്‌ എന്റെ ആത്മീയപ്രവർത്തനങ്ങളിലുള്ള തീക്ഷ്‌ണതയ്‌ക്കു മങ്ങലേൽപ്പിച്ചു. ഞാൻ യഹോവയെ ചൂഷണം ചെയ്യുന്നതായി എനിക്കു തോന്നി.” അവൾ ഇങ്ങനെയും കൂട്ടിച്ചേർത്തു: “യഹോവയ്‌ക്കു സമർപ്പിച്ചിരുന്നത്ര സമയം അവന്റെ സേവനത്തിൽ ചെലവഴിക്കാൻ എനിക്കു കഴിയുന്നില്ലായിരുന്നു.” ഇതിൽ ഗ്രെഗോറിയോയും മാർലോയും അസംതൃപ്‌തരായിരുന്നു. അതുകൊണ്ട്‌, ഒരു ദിവസം അവർ ഒരുമിച്ച്‌ ഇരുന്ന്‌ തങ്ങളുടെ ജീവിതലക്ഷ്യം എന്താണെന്നു പുനഃപരിശോധിച്ചു. ഗ്രെഗോറിയോ പറയുന്നു: “മാറ്റം വരുത്താൻ ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ എന്തു മാറ്റമാണു വരുത്തേണ്ടതെന്നു ഞങ്ങൾക്ക്‌ അറിയില്ലായിരുന്നു. യഹോവയുടെ സേവനത്തിൽ ജീവിതം കൂടുതൽ മെച്ചമായി എങ്ങനെ ഉപയോഗിക്കാമെന്നു ഞങ്ങൾ ചർച്ച ചെയ്‌തു, പ്രത്യേകിച്ചു ഞങ്ങൾക്കു മക്കൾ ഇല്ലാത്തതിനാൽ. മാർഗനിർദേശത്തിനായി ഞങ്ങൾ യഹോവയോടു പ്രാർഥിച്ചു.”

ആ സമയത്ത്‌, രാജ്യഘോഷകരുടെ ആവശ്യം കൂടുതലുള്ളിടത്തു സേവിക്കുന്നതിനെക്കുറിച്ചുള്ള അനേകം പ്രസംഗങ്ങൾ കേൾക്കാനിടയായി. ഗ്രെഗോറിയോ പറയുന്നു: “ഈ പ്രസംഗങ്ങൾ ഞങ്ങളുടെ പ്രാർഥനകൾക്കുള്ള യഹോവയുടെ ഉത്തരമാണെന്നു തോന്നി.” ശരിയായ തീരുമാനമെടുക്കാൻ വേണ്ട ധൈര്യം ആർജിക്കുന്നതിനു ശക്തമായ വിശ്വാസം ആവശ്യമായതിനാൽ അവർ അതിനുവേണ്ടി പ്രാർഥിച്ചു. അവർക്കുണ്ടായിരുന്ന വലിയൊരു തടസ്സം വീടുപണിയായിരുന്നു. മൂന്നു വർഷത്തേക്കുള്ള തുക അവർ അപ്പോൾത്തന്നെ അടച്ചുകഴിഞ്ഞിരുന്നു. അവർക്ക്‌ ഇനി എന്തു ചെയ്യാൻ കഴിയും? മാർലോ പറയുന്നു: “ആ ഉടമ്പടി അവസാനിപ്പിച്ചാൽ ഞങ്ങൾ അടച്ച ഭീമമായ തുക നഷ്ടമാകുമായിരുന്നു. ഞങ്ങൾ ചിന്തിച്ചു: ‘യഹോവയുടെ ഇഷ്ടമാണോ അതോ ഞങ്ങളുടെ ആഗ്രഹങ്ങളാണോ ഒന്നാമതു വെക്കേണ്ടത്‌?’” അവർ എന്തു തീരുമാനിച്ചു? ‘ഞാൻ ആ നഷ്ടം സഹിച്ചു’ എന്ന പൗലോസിന്റെ വാക്കുകൾ മനസ്സിലുണ്ടായിരുന്നതിനാൽ അവർ വീടുപണി ഉപേക്ഷിക്കുകയും ജോലി രാജിവെക്കുകയും അവരുടെ ഒട്ടുമിക്ക വസ്‌തുവകകളും വിൽക്കുകയും ചെയ്‌തു. തുടർന്ന്‌, മനിലയ്‌ക്ക്‌ 480 കിലോമീറ്റർ തെക്കുള്ള ഉൾഗ്രാമമായ പോലോവോൻ എന്ന ദ്വീപിലേക്ക്‌ അവർ താമസം മാറ്റി.—ഫിലി. 3:8.

അവർ ആ ‘രഹസ്യം’ മനസ്സിലാക്കി

താമസം മാറുന്നതിനു മുമ്പുതന്നെ ലളിതമായ ഒരു ജീവിതം നയിക്കാൻ ഗ്രെഗോറിയോയും മാർലോയും തങ്ങളെത്തന്നെ പരിശീലിപ്പിച്ചു. എന്നാൽ, ലക്ഷ്യസ്ഥാനത്ത്‌ എത്തുന്നതുവരെ തങ്ങളുടെ പുതിയ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്ന്‌ അവർക്ക്‌ അറിയില്ലായിരുന്നു. മാർലോ പറയുന്നു: “ഞങ്ങൾക്ക്‌ അതൊരു ഞെട്ടലായിരുന്നു. വൈദ്യുതിയും മറ്റ്‌ ആധുനികസൗകര്യങ്ങളും അവിടെയുണ്ടായിരുന്നില്ല. വിറകു കീറി തീ കത്തിച്ചു ഭക്ഷണം പാകം ചെയ്യണമായിരുന്നു. അതുപോലെ, പുറത്തു പോയി ഭക്ഷണം കഴിക്കുന്നതും ഷോപ്പിങ്‌ സെന്ററുകളിൽ പോയി സാധനങ്ങൾ വാങ്ങുന്നതും പോലുള്ള നഗരജീവിതത്തിന്റെ സൗകര്യങ്ങളെല്ലാം നഷ്ടപ്പെട്ടതായി ഞങ്ങൾക്കു തോന്നി.” എന്നാൽ ഈ സ്ഥലത്തേക്കു മാറിയത്‌ എന്തിനാണെന്നു തങ്ങളെത്തന്നെ ഇടയ്‌ക്കിടെ ഓർമപ്പെടുത്തിയതു സാഹചര്യങ്ങളുമായി അധികം വൈകാതെ പൊരുത്തപ്പെടാൻ അവരെ സഹായിച്ചു. മാർലോ പറയുന്നു: “രാത്രിയിലെ താരനിബിഡമായ ആകാശവും പ്രകൃതിസൗന്ദര്യവും കാണുന്നതു ഞാൻ ഇപ്പോൾ ആസ്വദിക്കുന്നു. എല്ലാറ്റിലുമുപരി, ആളുകളോടു സുവാർത്ത അറിയിക്കുമ്പോൾ അവരുടെ മുഖത്തു കാണുന്ന സന്തോഷം ഞങ്ങൾക്കു സന്തോഷം പകരുന്നു. എങ്ങനെ തൃപ്‌തരായിരിക്കാം എന്നതിന്റെ ‘രഹസ്യം’ ഇവിടെ സേവിക്കുന്നതിലൂടെ ഞങ്ങൾ മനസ്സിലാക്കി.”—ഫിലി. 4:12.

“ആത്മീയവളർച്ച കാണുമ്പോളുണ്ടാകുന്ന സന്തോഷത്തെ മറ്റൊന്നിനോടും താരതമ്യം ചെയ്യാനാവില്ല. ജീവിതം മുമ്പെന്നത്തെക്കാളും അർഥസമ്പുഷ്ടമായി ഞങ്ങൾക്കു തോന്നുന്നു.”—ഗ്രെഗോറിയോയും മാർലോയും

ഗ്രെഗോറിയോ വിശദീകരിക്കുന്നു: “ഞങ്ങൾ ഇവിടെ വരുമ്പോൾ നാലു സാക്ഷികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ വാരന്തോറും പരസ്യപ്രസംഗം നടത്തുകയും രാജ്യഗീതങ്ങൾ ആലപിക്കുമ്പോൾ ഗിത്താർ വായിക്കുകയും ചെയ്‌തത്‌ അവർ ആസ്വദിച്ചു.” ഒരു വർഷത്തിനുള്ളിൽ ഈ ചെറിയ കൂട്ടം 24 പ്രസാധകരുള്ള സഭയായി വളരുന്നതു കാണാൻ ഈ ദമ്പതികൾക്കായി. ഗ്രെഗോറിയോ പറയുന്നു: “ഈ സഭയിൽനിന്നു ലഭിക്കുന്ന സ്‌നേഹം ഞങ്ങളെ ആഴത്തിൽ സ്‌പർശിക്കുന്നു.” ആ ഒറ്റപ്പെട്ട പ്രദേശത്തെ ആറു വർഷത്തെ സേവനത്തിലേക്കു പിന്തിരിഞ്ഞ്‌ നോക്കിക്കൊണ്ട്‌ അവർ പറയുന്നു: “ആത്മീയവളർച്ച കാണുമ്പോളുണ്ടാകുന്ന സന്തോഷത്തെ മറ്റൊന്നിനോടും താരതമ്യം ചെയ്യാനാവില്ല. ജീവിതം മുമ്പെന്നത്തെക്കാളും അർഥസമ്പുഷ്ടമായി ഞങ്ങൾക്കു തോന്നുന്നു.”

“ഞാൻ ‘യഹോവ നല്ലവൻ എന്നു രുചിച്ചറിഞ്ഞു!’”

ഫിലിപ്പീൻസിൽ രാജ്യഘോഷകരുടെ ആവശ്യം അധികമുള്ളിടത്തേക്ക്‌ ഏതാണ്ടു 3,000 സഹോദരീസഹോദരന്മാർ മാറിത്താമസിച്ചു. അതിൽ 500-ഓളം പേരും ഏകാകികളായ സഹോദരിമാരായിരുന്നു. നമുക്ക്‌ ഇപ്പോൾ കാരെന്റെ അനുഭവം നോക്കാം.

കാരെൻ

തന്റെ 20-കളിലായിരിക്കുന്ന കാരെൻ വളർന്നതു കാഗയനിലെ ബഗ്ഗാവൊയിലാണ്‌. അവൾ കൗമാരത്തിൽത്തന്നെ ശുശ്രൂഷ വിപുലീകരിക്കുന്നതിനെക്കുറിച്ചു പലപ്പോഴും ചിന്തിച്ചിരുന്നു. കാരെൻ പറയുന്നു: “സമയം ചുരുങ്ങിയിരിക്കുന്നെന്നും എല്ലാ ജനതകളിൽനിന്നുള്ള ആളുകളും രാജ്യദൂതു കേൾക്കേണ്ടതുണ്ടെന്നും അറിയാവുന്നതിനാൽ രാജ്യഘോഷകരുടെ ആവശ്യം അധികമുള്ളിടത്തു സേവിക്കാൻ ഞാൻ ആഗ്രഹിച്ചു.” എന്നാൽ, ഏതെങ്കിലും ഒറ്റപ്പെട്ട പ്രദേശത്തു പോയി സുവാർത്ത പ്രസംഗിക്കുന്നതിനു പകരം ഉന്നതവിദ്യാഭ്യാസം നേടാൻ ചില കുടുംബാംഗങ്ങൾ അവളെ പ്രോത്സാഹിപ്പിച്ചു. കാരെൻ മാർഗനിർദേശത്തിനായി യഹോവയോടു പ്രാർഥിക്കുകയും ഒറ്റപ്പെട്ട പ്രദേശത്തു സേവിക്കുന്നവരുമായി സംസാരിക്കുകയും ചെയ്‌തു. അങ്ങനെ 18-ാം വയസ്സിൽ സ്വന്തപട്ടണത്തിൽനിന്നും 64 കിലോമീറ്റർ അകലെയുള്ള ഒരു ഒറ്റപ്പെട്ട പ്രദേശത്തേക്ക്‌ അവൾ മാറി.

പസിഫിക്‌ തീരത്തിന്‌ അടുത്തുള്ള പർവതപ്രദേശത്തു പ്രവർത്തിക്കുന്ന ഒരു ചെറിയ സഭയെ പിന്തുണയ്‌ക്കാനാണു കാരെന്‌ പദവി ലഭിച്ചത്‌. അവൾ ഓർക്കുന്നു: “മലകൾ കയറിയിറങ്ങുകയും 30 പ്രാവശ്യം നദികൾ കുറുകെ കടക്കുകയും ചെയ്‌തുകൊണ്ടു മൂന്നു ദിവസം നടന്നുവേണമായിരുന്നു ബഗ്ഗാവൊയിൽനിന്നു പുതിയ സഭയിലെത്താൻ.” അവൾ ഇങ്ങനെയും കൂട്ടിച്ചേർക്കുന്നു: “ചില ബൈബിൾവിദ്യാർഥികളുടെ അടുത്ത്‌ എത്താൻ ആറു മണിക്കൂർ നടക്കണം. പിന്നെ, അവരുടെ വീട്ടിൽ രാത്രിതങ്ങിയിട്ട്‌ ആറു മണിക്കൂർ നടന്നാണു തിരികെ എത്തുന്നത്‌. ചിലപ്പോളൊക്കെ എന്റെ കാലുകൾ വളരെയധികം വേദനിച്ചിരുന്നു.” ഈ ശ്രമങ്ങളെല്ലാം മൂല്യവത്തായിരുന്നോ? ഒരു പുഞ്ചിരിയോടെ അവൾ കൂട്ടിച്ചേർക്കുന്നു: “ചില സാഹചര്യങ്ങളിൽ ഞാൻ 18 അധ്യയനങ്ങൾ വരെ നടത്തിയിട്ടുണ്ട്‌. അങ്ങനെ, ഞാൻ ‘യഹോവ നല്ലവൻ എന്നു രുചിച്ചറിഞ്ഞു!’”—സങ്കീ. 34:8.

“യഹോവയിൽ ആശ്രയിക്കാൻ ഞാൻ പഠിച്ചു”

സുക്കി

40-കളുടെ തുടക്കത്തിലായിരുന്ന സുക്കി എന്ന ഏകാകിയായ സഹോദരിയെ ഐക്യനാടുകളിൽനിന്നു ഫിലിപ്പീൻസിലേക്കു പോകാൻ പ്രേരിപ്പിച്ചത്‌ എന്തായിരുന്നു? 2011-ൽ അവൾ സംബന്ധിച്ച സർക്കിട്ട്‌ സമ്മേളനത്തിൽ ഒരു ദമ്പതികളുടെ അഭിമുഖമുണ്ടായിരുന്നു. തങ്ങളുടെ വസ്‌തുവകകളിൽ മിക്കതും വിറ്റ്‌, പ്രസംഗവേലയിൽ സഹായിക്കുന്നതിനായി മെക്‌സിക്കോയിലേക്കു മാറിത്താമസിച്ചത്‌ എങ്ങനെയെന്ന്‌ അവർ വിശദീകരിച്ചു. സുക്കി പറയുന്നു: “ആ അഭിമുഖം ഞാൻ ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത ലക്ഷ്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു.” ഫിലിപ്പീൻസിൽ താമസിക്കുന്ന പഞ്ചാബികളായ ആളുകളെ സഹായിക്കേണ്ടതുണ്ടെന്ന്‌ ഇന്ത്യൻ വംശജയായ സുക്കി മനസ്സിലാക്കിയപ്പോൾ അവിടെ പോകാനും അവരെ സഹായിക്കാനും അവൾ തീരുമാനിച്ചു. അവൾക്കു പ്രശ്‌നങ്ങൾ നേരിട്ടോ?

സുക്കി പറയുന്നു: “ഏതു വസ്‌തുക്കൾ വിൽക്കണമെന്നും ഏതു വിൽക്കേണ്ടെന്നും തീരുമാനിക്കുന്നതു പ്രതീക്ഷിച്ചതിലും ബുദ്ധിമുട്ടായിരുന്നു. 13 വർഷം സ്വന്തം അപ്പാർട്ടുമെന്റിൽ സുഗമമായൊരു ജീവിതം നയിച്ചശേഷം മാതാപിതാക്കളോടും കൂടെപ്പിറപ്പുകളോടും ഒപ്പമുള്ള താമസം അത്ര എളുപ്പമല്ലായിരുന്നു. എങ്കിലും ലളിതമായ ജീവിതം നയിക്കാനുള്ള നല്ലൊരു പരിശീലനമായിരുന്നു അത്‌.” ഫിലിപ്പീൻസിലേക്കു മാറിയതിനു ശേഷം അവൾ ഏതെല്ലാം വെല്ലുവിളികൾ അഭിമുഖീകരിച്ചു? “ഗൃഹാതുരത്വവും ചെറിയ പ്രാണികളോടും പുഴുക്കളോടും ഉള്ള ഭയവും ആയിരുന്നു എന്റെ ഏറ്റവും വലിയ വെല്ലുവിളികൾ. മുമ്പെന്നത്തെക്കാൾ അധികം യഹോവയിൽ ആശ്രയിക്കാൻ ഞാൻ പഠിച്ചു.” അതു തക്ക മൂല്യമുള്ളതായിരുന്നോ? സുക്കി പുഞ്ചിരിയോടെ പറയുന്നു: “‘ഞാൻ സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നെ പരീക്ഷിപ്പിൻ’ എന്നല്ലേ യഹോവ നമ്മോടു പറയുന്നത്‌. ‘നിങ്ങൾ എപ്പോൾ തിരിച്ചുവരും, എനിക്ക്‌ ഇനിയും പല ചോദ്യങ്ങളുണ്ട്‌’ എന്നിങ്ങനെയുള്ള വീട്ടുകാരന്റെ പ്രതികരണം കേൾക്കുമ്പോൾ യഹോവയുടെ ആ വാക്കുകൾ എത്ര സത്യമാണെന്ന്‌ എനിക്കു മനസ്സിലായി! ആത്മീയമായി വിശന്നിരിക്കുന്നവരെ സഹായിക്കാൻ കഴിയുന്നത്‌ എനിക്കു സന്തോഷവും സംതൃപ്‌തിയും നൽകുന്നു.” (മലാ. 3:10) സുക്കി കൂട്ടിച്ചേർക്കുന്നു: “മാറിത്താമസിക്കുക എന്ന തീരുമാനം വളരെ ബുദ്ധിമുട്ടായിരുന്നെങ്കിലും അങ്ങനെ ചെയ്‌തുകഴിഞ്ഞപ്പോൾ എത്ര അത്ഭുതകരമായിട്ടാണ്‌ യഹോവ കാര്യങ്ങൾ ക്രമീകരിച്ചതെന്ന്‌ എനിക്കു കാണാൻ കഴിഞ്ഞു!”

“ഭയത്തെ മറികടന്നു”

തന്റെ 30-കളുടെ അവസാനത്തിലായിരിക്കുന്ന വിവാഹിതനായ സിമി എന്ന സഹോദരൻ ആദായകരമായ ജോലിക്കുവേണ്ടി ഫിലിപ്പീൻസിൽനിന്ന്‌ ഒരു മധ്യപൂർവരാജ്യത്തേക്കു പോയി. അവിടെയായിരുന്നപ്പോൾ ഒരു സഞ്ചാരമേൽവിചാരകൻ നൽകിയ പ്രോത്സാഹനത്തിൽനിന്നും ഭരണസംഘാംഗങ്ങളിൽ ഒരാൾ നടത്തിയ പ്രസംഗത്തിൽനിന്നും യഹോവയെ ജീവിതത്തിൽ ഒന്നാമതു വെക്കാനുള്ള പ്രചോദനം ലഭിച്ചു. “ജോലി ഉപേക്ഷിക്കുന്ന കാര്യത്തെക്കുറിച്ചു ചിന്തിക്കുന്നതുതന്നെ എനിക്കൊരു പേടിസ്വപ്‌നമായിരുന്നു” എന്നു സിമി പറയുന്നു. എന്നിരുന്നാലും, അദ്ദേഹം ആ ജോലി ഉപേക്ഷിച്ച്‌ ഫിലിപ്പീൻസിലേക്കു മടങ്ങി. ഇന്ന്‌, സിമിയും ഭാര്യ ഹെയ്‌ഡിയും രാജ്യഘോഷകരെ അധികം ആവശ്യമുള്ള തെക്കുഭാഗത്തെ ഡാവോ ഡെൽ സർ എന്ന പ്രദേശത്തു സേവിക്കുന്നു. സിമി പറയുന്നു: “പിന്തിരിഞ്ഞു നോക്കുമ്പോൾ ജോലി നഷ്ടമാകുമല്ലോ എന്ന ഭയത്തെ മറികടന്ന്‌ യഹോവയ്‌ക്ക്‌ ഒന്നാം സ്ഥാനം നൽകിയതിൽ ഞാൻ കൃതജ്ഞതയുള്ളവനാണ്‌. യഹോവയ്‌ക്കു ജീവിതത്തിലെ ഏറ്റവും നല്ലതു നൽകുന്നതിലും സംതൃപ്‌തിദായകമായി മറ്റൊന്നില്ല.”

സിമിയും ഹെയ്‌ഡിയും

“അതു ഞങ്ങൾക്കു യഥാർഥസംതൃപ്‌തി നൽകി!”

30-കളുടെ തുടക്കത്തിലായിരുന്ന പയനിയർ ദമ്പതികളായ റമീലോയും ജൂലിയറ്റും വീട്ടിൽനിന്നു വെറും 30 കിലോമീറ്റർ അകലെയുള്ള സഭയിൽ സഹായം ആവശ്യമുണ്ടെന്നു മനസ്സിലാക്കി അവിടെ സ്വമേധയാ സേവിക്കാൻ തീരുമാനിച്ചു. റമീലോയും ജൂലിയറ്റും യോഗങ്ങൾക്കു ഹാജരാകാനും പ്രസംഗവേലയിൽ പങ്കെടുക്കാനും ആയി മഴയും വെയിലും ഒന്നും ഗണ്യമാക്കാതെ ആഴ്‌ചതോറും അവരുടെ മോട്ടോർ സൈക്കിളിൽ പലതവണ യാത്ര ചെയ്യുന്നു. തൂക്കുപാലത്തിലൂടെയും കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയും സഞ്ചരിക്കുന്നതിൽ വെല്ലുവിളികളുണ്ടായിരുന്നെങ്കിലും തങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കാനായതിൽ അവർ സന്തുഷ്ടരാണ്‌. റമീലോ പറയുന്നു: “ഞാനും ഭാര്യയും കൂടി 11 ബൈബിളധ്യയനങ്ങൾ നടത്തുന്നു. ആവശ്യം അധികമുള്ളിടത്തു സേവിക്കുന്നതിൽ അനേകം ത്യാഗങ്ങളുണ്ടെങ്കിലും അതു ഞങ്ങൾക്കു യഥാർഥസംതൃപ്‌തി നൽകുന്നു!”—1 കൊരി. 15:58.

ജൂലിയറ്റും റമീലോയും

നിങ്ങളുടെ രാജ്യത്തോ മറ്റ്‌ ഏതെങ്കിലും രാജ്യത്തോ രാജ്യഘോഷകരുടെ ആവശ്യമുണ്ടോ എന്ന്‌ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ നിങ്ങളുടെ സഞ്ചാരമേൽവിചാരകനോടു സംസാരിക്കുകയും കൂടുതൽ വിവരങ്ങൾക്ക്‌, 2011 ആഗസ്റ്റ്‌ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ, “നിങ്ങൾക്ക്‌ ‘മാസിഡോണിയയിലേക്കു കടന്നുചെല്ലാമോ?’” എന്ന ലേഖനം കാണുകയും ചെയ്യുക.