ദൈവരാജ്യത്തിനുവേണ്ടി നിങ്ങൾ എന്തെല്ലാം ബലികഴിക്കും?
“സന്തോഷത്തോടെ കൊടുക്കുന്നവനെയത്രേ ദൈവം സ്നേഹിക്കുന്നത്.”—2 കൊരി. 9:7.
1. പലരും എങ്ങനെയുള്ള ത്യാഗങ്ങൾ ചെയ്യുന്നു, എന്തുകൊണ്ട്?
തങ്ങൾ പ്രാധാന്യമുള്ളതായി കരുതുന്ന കാര്യങ്ങൾക്കുവേണ്ടി ത്യാഗങ്ങൾ ചെയ്യാൻ ആളുകൾ സന്നദ്ധരാണ്. മക്കൾക്കുവേണ്ടി മാതാപിതാക്കൾ തങ്ങളുടെ സമയവും പണവും ഊർജവും ചെലവിടുന്നു. അതുപോലെ, ഒളിമ്പിക്സിൽ തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കാൻ അഭിലഷിക്കുന്ന യുവകായികതാരങ്ങളെക്കുറിച്ച് ചിന്തിക്കുക. തങ്ങളുടെ ചങ്ങാതിമാർ കളിച്ചുനടക്കുമ്പോൾ ഈ കായികതാരങ്ങൾ ദിവസവും മണിക്കൂറുകളോളം കഠിനമായി അഭ്യസിക്കുകയും പരിശീലിക്കുകയും ചെയ്യുന്നു. താൻ പ്രധാനമായി കരുതിയ കാര്യങ്ങൾക്കുവേണ്ടി യേശുവും ത്യാഗങ്ങൾ ചെയ്തു. അവൻ ആഡംബരങ്ങൾ തേടിയില്ല; അവന് സ്വന്തമായി മക്കളും ഉണ്ടായിരുന്നില്ല. പകരം, രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിലായിരുന്നു അവന്റെ ശ്രദ്ധ. (മത്താ. 4:17; ലൂക്കോ. 9:58) സമാനമായി, അവന്റെ അനുഗാമികളും ദൈവരാജ്യത്തെ പിന്തുണയ്ക്കാനായി ധാരാളം കാര്യങ്ങൾ ഉപേക്ഷിച്ചു. ആ രാജ്യത്തിന്റെ അഭ്യുന്നതിയായിരുന്നു അവർക്ക് പരമപ്രധാനം. തന്നിമിത്തം, രാജ്യത്തെ പിന്തുണയ്ക്കുന്നതിൽ സാധ്യമായത്ര പൂർണപങ്കുണ്ടായിരിക്കാൻ അവർ പലതും ബലികഴിച്ചു. (മത്താ. 4:18-22; 19:27) അതുകൊണ്ട്, നമുക്ക് ഇങ്ങനെ സ്വയം ചോദിക്കാം, ‘ജീവിതത്തിൽ എനിക്ക് ഏറ്റവും പ്രധാനം എന്താണ്?’
2. (എ) അടിസ്ഥാനപരമായി എല്ലാ സത്യാരാധകരും ബലികഴിക്കേണ്ട ചില സംഗതികൾ ഏവ? (ബി) ചിലർക്ക് അധികമായ എന്തു ത്യാഗങ്ങൾ ചെയ്യാനാകുന്നുണ്ട്?
2 അടിസ്ഥാനപരമായി എല്ലാ സത്യാരാധകരും ബലികഴിക്കേണ്ട ചില സംഗതികളുണ്ട്. യഹോവയുമായി ഒരു നല്ല ബന്ധം നട്ടുവളർത്താനും കാത്തുസൂക്ഷിക്കാനും അത്തരം ത്യാഗം അത്യന്താപേക്ഷിതമാണ്. പ്രാർഥന, ബൈബിൾവായന, കുടുംബാരാധന, യോഗഹാജർ, വയൽശുശ്രൂഷ എന്നിവയ്ക്കായി സ്വന്തം സമയവും ഊർജവും ചെലവിടുന്നത് അത്തരം ത്യാഗങ്ങളിൽ ഉൾപ്പെടുന്നു. * (യോശു. 1:8; മത്താ. 28:19, 20; എബ്രാ. 10:24, 25) നമ്മുടെ പരിശ്രമങ്ങളുടെയും യഹോവയുടെ അനുഗ്രഹത്തിന്റെയും ഫലമായി പ്രസംഗവേലയുടെ ആക്കം വർധിച്ചുവരുന്നു. തത്ഫലമായി, “യഹോവയുടെ ആലയമുള്ള പർവ്വത”ത്തിലേക്ക് ആളുകൾ അനുസ്യൂതം ഒഴുകിയെത്തുകയാണ്. (യെശ. 2:2) രാജ്യപ്രവർത്തനങ്ങളെ പിന്തുണച്ചുകൊണ്ട് ബെഥേലിൽ സേവിക്കാനും രാജ്യഹാളുകളുടെയും സമ്മേളനഹാളുകളുടെയും നിർമാണത്തിൽ സഹായിക്കാനും കൺവെൻഷനുകൾ സംഘടിപ്പിക്കാനും പ്രകൃതിവിപത്തുകൾ ഉണ്ടാകുമ്പോൾ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആയി അനേകർ വലിയ ത്യാഗങ്ങൾ ചെയ്യുന്നു. ജീവൻ നേടുന്നതിന് ഈ അധികപ്രയത്നം ഒരു അനിവാര്യതയല്ല, എന്നിരുന്നാലും രാജ്യതാത്പര്യങ്ങൾ പിന്തുണയ്ക്കുന്നതിൽ അത് നിർണായകമാണ്.
3. (എ) ദൈവരാജ്യത്തിനുവേണ്ടി ത്യാഗങ്ങൾ ചെയ്യുമ്പോൾ നാം പ്രയോജനങ്ങൾ ആസ്വദിക്കുന്നത് എങ്ങനെ? (ബി) നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കണം?
3 ദൈവരാജ്യത്തെ സജീവമായി പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യം ഇന്ന് മുമ്പെന്നത്തെക്കാൾ വർധിച്ചിരിക്കുന്നു. യഹോവയ്ക്കുവേണ്ടി അനേകർ മനസ്സോടെ ത്യാഗങ്ങൾ ചെയ്യുന്നത് കാണുന്നത് എത്ര ആഹ്ലാദകരമാണ്! (സങ്കീർത്തനം 54:6 വായിക്കുക.) ദൈവരാജ്യത്തിന്റെ വരവിനായി കാത്തിരിക്കവെ, അത്തരം ഉദാരമനോഭാവം നമുക്ക് അതിയായ സന്തോഷം കൈവരുത്തുന്നു. (ആവ. 16:15; പ്രവൃ. 20:35) എന്നിരുന്നാലും, നാം ഓരോരുത്തരും സൂക്ഷ്മമായ ഒരു ആത്മപരിശോധന നടത്തണം. ദൈവരാജ്യത്തിനുവേണ്ടി നമുക്ക് കൂടുതലായ ത്യാഗങ്ങൾ ചെയ്യാൻ കഴിയുന്ന മറ്റു മാർഗങ്ങളുണ്ടോ? നമ്മുടെ സമയം, പണം, ഊർജം, പ്രാപ്തികൾ എന്നിവയൊക്കെ നാം എങ്ങനെയാണ് ചെലവഴിക്കുന്നത്? ഏതു ജാഗ്രതാനിർദേശങ്ങൾ നാം കണക്കിലെടുക്കണം? നമ്മുടെ സന്തോഷം വർധിപ്പിക്കുന്ന അത്തരം സ്വമേധായാഗങ്ങൾ അർപ്പിക്കാനായി നമുക്ക് അനുകരിക്കാൻ കഴിയുന്ന ഒരു പൂർവകാലമാതൃക നമുക്ക് പരിചിന്തിക്കാം.
പുരാതന ഇസ്രായേലിലെ യാഗങ്ങൾ
4. യാഗങ്ങൾ അർപ്പിക്കുകവഴി ഇസ്രായേല്യർ പ്രയോജനം നേടിയത് എങ്ങനെ?
4 പുരാതന ഇസ്രായേലിലെ യാഗാർപ്പണങ്ങൾ പാപമോചനത്തിനുള്ള അടിസ്ഥാനമായിരുന്നു. യഹോവയുടെ അംഗീകാരം ആസ്വദിക്കാൻ അനുപേക്ഷണീയമായിരുന്നു ആ യാഗങ്ങൾ. അവയിൽ ചിലത് നിർബന്ധമായും അർപ്പിക്കേണ്ടവയും മറ്റുചിലത് ജനം സ്വമേധയാ അർപ്പിച്ചിരുന്നവയും ആയിരുന്നു. (ലേവ്യ. 23:37, 38) യഹോവയ്ക്ക് സ്വമേധാദാനങ്ങൾ അഥവാ വഴിപാടുകൾ ആയി പൂർണഹനനയാഗങ്ങൾ അർപ്പിക്കാമായിരുന്നു. ധാരാളമായി വഴിപാടുകൾ അർപ്പിച്ചതിന്റെ വളരെ ശ്രദ്ധേയമായ ഒരു ദൃഷ്ടാന്തമാണ് ശലോമോന്റെ നാളിലെ ആലയസമർപ്പണവേള.—2 ദിന. 7:4-6.
5. ദരിദ്രരോട് യഹോവ എങ്ങനെയാണ് പരിഗണന കാണിച്ചത്?
5 എല്ലാവർക്കും ഒരേ അളവിൽ യാഗമർപ്പിക്കാനാവില്ലെന്ന് സ്നേഹനിധിയായ യഹോവയ്ക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ, ഓരോ വ്യക്തിയുടെയും പ്രാപ്തിക്കനുസരിച്ച് മാത്രമേ അവൻ അവരിൽനിന്ന് ആവശ്യപ്പെട്ടുള്ളൂ. യാഗമൃഗത്തിന്റെ രക്തം ചൊരിയണമെന്ന് യഹോവയുടെ നിയമം നിഷ്കർഷിച്ചു. തന്റെ പുത്രനായ യേശു മുഖാന്തരം ‘വരാനിരുന്ന നന്മകളുടെ നിഴലായിരുന്നു’ അത്. (എബ്രാ. 10:1-4) എന്നിരുന്നാലും ആ നിയമം നടപ്പാക്കുന്നതിൽ യഹോവ വഴക്കമുള്ളവനായിരുന്നു. ഉദാഹരണത്തിന്, മൃഗത്തെ അർപ്പിക്കാൻ ഒരു വ്യക്തിക്ക് പ്രാപ്തിയില്ലാത്തപ്പോൾ കുറുപ്രാവുകളെ അർപ്പിക്കുന്നത് ദൈവം സ്വീകരിക്കുമായിരുന്നു. തത്ഫലമായി, ദരിദ്രർക്കുപോലും സന്തോഷത്തോടെ യഹോവയ്ക്കു യാഗമർപ്പിക്കാൻ കഴിഞ്ഞു. (ലേവ്യ. 1:3, 10, 14; 5:7) യാഗമർപ്പിക്കുന്നത് എന്തായിരുന്നാലും സ്വമേധായാഗങ്ങൾ അർപ്പിക്കുന്ന ഓരോ വ്യക്തിയിൽനിന്നും രണ്ടു കാര്യങ്ങൾ യഹോവ ആവശ്യപ്പെട്ടിരുന്നു.
6. യാഗങ്ങൾ അർപ്പിക്കുന്ന ഓരോ വ്യക്തിയിൽനിന്നും എന്ത് ആവശ്യപ്പെട്ടിരുന്നു, ഈ നിബന്ധനകൾ പാലിക്കുന്നത് എത്ര പ്രധാനമായിരുന്നു?
6 ഒന്നാമതായി, ഒരു വ്യക്തി തനിക്കുള്ളതിൽ ഏറ്റവും മികച്ചത് വേണമായിരുന്നു നൽകാൻ. ഏതൊരു വഴിപാടും ഊനമില്ലാത്തതായിരുന്നാൽ മാത്രമേ തന്റെ ‘പ്രസാദം ലഭിക്കുകയുള്ളൂ’ എന്ന് യഹോവ ജനത്തോടു പറഞ്ഞു. (ലേവ്യ. 22:18-20) മൃഗത്തിന് എന്തെങ്കിലും വൈകല്യമുണ്ടെങ്കിൽ യാഗം യഹോവയ്ക്ക് സ്വീകാര്യമായിരിക്കില്ലായിരുന്നു. രണ്ടാമതായി, യാഗമർപ്പിക്കുന്ന വ്യക്തി ശുദ്ധനും നിർമലനും ആയിരിക്കേണ്ടിയിരുന്നു. ഒരു വ്യക്തി അശുദ്ധനാണെങ്കിൽ, അയാൾ സ്വമേധാദാനങ്ങൾ കൊണ്ടുവരുന്നതിനു മുമ്പ് യഹോവയുടെ മുമ്പാകെ തന്റെ നില പുനഃസ്ഥാപിക്കാൻ കഴിയേണ്ടതിന് പാപയാഗമോ അകൃത്യയാഗമോ അർപ്പിക്കണമായിരുന്നു. (ലേവ്യ. 5:5, 6, 15) തികച്ചും ഗൗരവമുള്ള ഒരു സംഗതിയായിരുന്നു ഇത്. അശുദ്ധനായിരിക്കെ ആരെങ്കിലും സമാധാനയാഗങ്ങളിൽനിന്ന്—ഇതിൽ സ്വമേധായാഗങ്ങൾ ഉൾപ്പെടുന്നു—ഭക്ഷിച്ചാൽ അവനെ ദൈവജനത്തിൽനിന്ന് ഛേദിച്ചുകളയണമെന്ന് യഹോവ കല്പിച്ചു. (ലേവ്യ. 7:20, 21) അതേസമയം, യാഗമർപ്പിക്കുന്ന വ്യക്തിക്ക് യഹോവയുടെ മുമ്പാകെ നല്ല നിലയുണ്ടായിരിക്കുകയും യാഗവസ്തു ഊനമില്ലാത്തതായിരിക്കുകയും ചെയ്യുമ്പോൾ അയാൾക്ക് സംതൃപ്തി നിറഞ്ഞ ഹൃദയത്തോടെ സന്തോഷിക്കാമായിരുന്നു.—1 ദിനവൃത്താന്തം 29:9 വായിക്കുക.
ഇന്നത്തെ യാഗങ്ങൾ
7, 8. (എ) ദൈവരാജ്യത്തിനുവേണ്ടി ചെയ്യുന്ന ത്യാഗങ്ങളിൽനിന്ന് അനേകർക്ക് എന്തു സന്തോഷം ആസ്വദിക്കാനാകുന്നു? (ബി) ചെലവിടാനാകുന്ന എന്തെല്ലാം വിഭവങ്ങളാണ് നമ്മുടെ കൈവശമുള്ളത്?
7 സമാനമായി, യഹോവയുടെ സേവനത്തിൽ തങ്ങളെത്തന്നെ പൂർണമായി അർപ്പിക്കാൻ ഇന്ന് അനേകർ മനസ്സോടെ മുന്നോട്ടു വന്നിരിക്കുന്നു. യഹോവയുടെ ഹൃദയത്തെ അത് അതിയായി സന്തോഷിപ്പിക്കുന്നു. നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനാകുന്നത് തികച്ചും പ്രതിഫലദായകമാണ്. രാജ്യഹാൾ നിർമാണത്തിലും പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ ദുരിതാശ്വാസപ്രവർത്തനത്തിലും പങ്കെടുക്കുന്ന ഒരു സഹോദരൻ പറയുന്നത് താൻ ആസ്വദിക്കുന്ന സംതൃപ്തി വർണിക്കാൻ വാക്കുകൾ പോരാ എന്നാണ്. അദ്ദേഹം ഇങ്ങനെ പറയുന്നു: “പ്രാദേശിക സഹോദരീസഹോദരന്മാർ തങ്ങളുടെ പുത്തൻ രാജ്യഹാളിൽ ആദ്യമായി കൂടിവരുമ്പോൾ അവരുടെ സന്തോഷവും ചാരിതാർഥ്യവും ഒന്നു വേറെതന്നെയാണ്. അതുപോലെതന്നെയാണ് പ്രകൃതിദുരന്തങ്ങളെത്തുടർന്ന് സഹോദരങ്ങൾക്ക് ദുരിതാശ്വാസം എത്തിച്ചുകൊടുക്കുമ്പോഴും. അവരുടെ മുഖത്ത് വിടരുന്ന സന്തോഷം ഞങ്ങളുടെ കഠിനവേലയ്ക്കും അധ്വാനത്തിനും ലഭിക്കുന്ന തക്ക പ്രതിഫലമാണ്.”
8 ആധുനികനാളിലെ യഹോവയുടെ സംഘടന അവന്റെ വേലയെ പിന്താങ്ങാനുള്ള അവസരങ്ങൾക്കായി എല്ലായ്പോഴും നോക്കിപ്പാർത്തിരുന്നിട്ടുണ്ട്. 1904-ൽ സി. റ്റി. റസ്സൽ സഹോദരൻ ഇങ്ങനെ എഴുതി: “ഓരോരുത്തരേയും കർത്താവ് അവനവന്റെ സമയം, സ്വാധീനം, പണം തുടങ്ങിയവയുടെമേൽ ഗൃഹവിചാരകനായി നിയമിച്ചിരിക്കുന്നതായി ഓരോരുത്തരും കരുതേണ്ടതുണ്ട്. ഓരോരുത്തരും യജമാനന്റെ മഹിമയ്ക്കുവേണ്ടി ഈ താലന്തുകൾ തന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കാൻ പഠിക്കേണ്ടതാണ്.” നാം നിരവധി അനുഗ്രഹങ്ങൾ ആസ്വദിക്കുമെങ്കിലും യാതൊരു ചെലവും കൂടാതെ യഹോവയ്ക്ക് സ്വീകാര്യമായ യാഗങ്ങളർപ്പിക്കാൻ നമുക്കു സാധിക്കില്ല. (2 ശമൂ. 24:21-24) നമുക്കുള്ള വിഭവങ്ങൾ കുറെക്കൂടെ പ്രയോജനപ്രദമായ വിധത്തിൽ നമുക്കു വിനിയോഗിക്കാൻ കഴിയുമോ?
9. ലൂക്കോസ് 10:2-4 വരെ കാണുന്ന യേശുവിന്റെ നിർദേശങ്ങളിൽനിന്ന് സമയത്തിന്റെ ഉപയോഗത്തോടുള്ള ബന്ധത്തിൽ ഏതു തത്ത്വം നമുക്ക് ബാധകമാക്കാനാകും?
9 നമ്മുടെ സമയം. നമ്മുടെ പ്രസിദ്ധീകരണങ്ങൾ പരിഭാഷ ചെയ്ത് അച്ചടിക്കാനും ആരാധനാസ്ഥലങ്ങൾ നിർമിക്കാനും കൺവെൻഷനുകൾ സംഘടിപ്പിക്കാനും ദുരിതാശ്വാസപ്രവർത്തനത്തിൽ സഹായിക്കാനും, അനിവാര്യമായ മറ്റു നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ധാരാളം സമയവും അധ്വാനവും ആവശ്യമാണ്. ഓരോ ദിവസവും നമുക്ക് ക്ലിപ്തമായ മണിക്കൂറുകളേ ഉള്ളൂ. അതുകൊണ്ട്, നമ്മെ സഹായിക്കുന്ന ഒരു തത്ത്വം യേശു നൽകുകയുണ്ടായി. തന്റെ ശിഷ്യന്മാരെ വയലിലേക്ക് അയയ്ക്കവെ, “വഴിയിൽവെച്ച് ആരെയെങ്കിലും വന്ദനം ചെയ്യാനായി സമയംകള”യരുതെന്ന് അവൻ അവരോട് പറഞ്ഞു. (ലൂക്കോ. 10:2-4) എന്തുകൊണ്ടായിരിക്കും യേശു അങ്ങനെയുള്ള നിർദേശങ്ങൾ നൽകിയത്? ഒരു ബൈബിൾപണ്ഡിതൻ അതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “നമ്മൾ ചെയ്യുന്നതുപോലെ തല ചെറുതായിട്ടൊന്ന് കുനിക്കുന്നതോ ഹസ്തദാനം ചെയ്യുന്നതോ ഒന്നുമായിരുന്നില്ല പൗരസ്ത്യരുടെ അഭിവാദനരീതി. തമ്മിൽ പലവട്ടം ആലിംഗനം ചെയ്യുക, കുമ്പിടുക, സാഷ്ടാംഗം പ്രണമിക്കുക തുടങ്ങിയ രീതികളായിരുന്നു അവരുടേത്. ഇതിനെല്ലാം വളരെയേറെ സമയം ആവശ്യമായിരുന്നു.” മര്യാദാരഹിതമായി പെരുമാറാൻ യേശു തന്റെ അനുഗാമികളോട് പറയുകയായിരുന്നില്ല. പകരം, അവർക്കുള്ള സമയം പരിമിതമാണെന്നും അതുകൊണ്ടുതന്നെ ഏറെ പ്രധാനപ്പെട്ട സംഗതികൾക്കായി അത് പരമാവധി പ്രയോജനപ്പെടുത്തേണ്ട ആവശ്യമുണ്ടെന്നും തിരിച്ചറിയാൻ അവൻ അവരെ സഹായിക്കുകയായിരുന്നു. (എഫെ. 5:16) ദൈവരാജ്യപ്രവർത്തനങ്ങളെ പിന്തുണയ്ക്കാനായി കൂടുതൽ സമയം കണ്ടെത്തുന്നതിന് ഇതേ തത്ത്വം നമുക്ക് പ്രാവർത്തികമാക്കാനാകില്ലേ?
10, 11. (എ) ലോകവ്യാപകവേലയ്ക്കായി നാം നൽകുന്ന സംഭാവനകൾ ചെലവിടുന്ന ചില വിധങ്ങൾ ഏവ? (ബി) 1 കൊരിന്ത്യർ 16:1, 2 വാക്യങ്ങളിൽ പ്രസ്താവിച്ചിരിക്കുന്ന ഏതു തത്ത്വം നമ്മെ സഹായിക്കും?
10 നമ്മുടെ പണം. ദൈവരാജ്യപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് വലിയ അളവിൽ പണം ആവശ്യമാണ്. സഞ്ചാരമേൽവിചാരകന്മാർ, പ്രത്യേകപയനിയർമാർ, മിഷനറിമാർ എന്നിവരുടെ ആവശ്യങ്ങൾ നിവർത്തിക്കാനായി ഓരോ വർഷവും കോടിക്കണക്കിന് രൂപ ചെലവിടുന്നുണ്ട്. പരിമിതമായ വിഭവങ്ങളുള്ള ദേശങ്ങളിൽ 1999 മുതൽ, 24,500-ലധികം രാജ്യഹാളുകൾ പണിതിരിക്കുന്നു. എന്നിട്ടും ഏകദേശം 6,400 രാജ്യഹാളുകൾകൂടെ ഇനിയും ആവശ്യമുണ്ട്. ഓരോ മാസവും വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ പത്തു കോടിയോളം പ്രതികളാണ് അച്ചടിക്കുന്നത്. ഇവയെല്ലാം നിങ്ങൾ നൽകുന്ന സ്വമേധാസംഭാവനകൾ ഉപയോഗിച്ചാണ് മുന്നോട്ടുകൊണ്ടുപോകുന്നത്.
11 സംഭാവനകൾ നൽകുന്ന കാര്യത്തിൽ നാം അനുവർത്തിക്കേണ്ട ഒരു തത്ത്വം അപ്പൊസ്തലനായ പൗലോസ് മുന്നോട്ടുവെച്ചു. (1 കൊരിന്ത്യർ 16:1, 2 വായിക്കുക.) വാരാന്തത്തിൽ മിച്ചമുള്ളത് എന്തെങ്കിലും നൽകാൻ കാത്തിരിക്കാതെ ഓരോ ആഴ്ചയുടെയും ആദ്യംതന്നെ തങ്ങളുടെ പ്രാപ്തിക്കനുസരിച്ച് ഒരു തുക നീക്കിവെക്കാൻ അവൻ കൊരിന്തിലുള്ള തന്റെ സഹോദരങ്ങളെ ആത്മനിശ്വസ്തതയിൽ പ്രോത്സാഹിപ്പിച്ചു. ഒന്നാം നൂറ്റാണ്ടിലേതുപോലെതന്നെ നമ്മുടെ കാലത്തും സഹോദരീസഹോദരന്മാർ തങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച് ഉദാരമായി നൽകാൻ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നുണ്ട്. (ലൂക്കോ. 21:1-4; പ്രവൃ. 4:32-35) അത്തരം ഉദാരമനസ്കതയെ യഹോവ ശ്ലാഘിക്കുന്നു.
12, 13. തങ്ങളുടെ ഊർജവും പ്രാപ്തികളും പിടിച്ചുവെക്കാതെ നൽകുന്നതിൽനിന്ന് ചില ആളുകളെ എന്ത് തടഞ്ഞേക്കാം, എന്നാൽ അത്തരക്കാരെ യഹോവ എങ്ങനെ സഹായിക്കും?
12 നമ്മുടെ ഊർജവും പ്രാപ്തികളും. ദൈവരാജ്യത്തിനായി ഊർജവും പ്രാപ്തികളും ചെലവിടാനുള്ള നമ്മുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുന്നു. നാം ക്ഷീണിച്ചുപോകുമ്പോൾ ശക്തി പകരാമെന്ന് അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു. (യെശ. 40:29-31) വേലയെ പിന്തുണയ്ക്കാൻ നമ്മുടെ പ്രാപ്തികൾ അപര്യാപ്തമാണെന്ന് നമുക്കു തോന്നുന്നുണ്ടോ? നമ്മെക്കാൾ പ്രാപ്തിയും യോഗ്യതയും ഉള്ള മറ്റ് എത്രയോപേരുണ്ടെന്ന് നാം ചിന്തിക്കാറുണ്ടോ? എന്നാൽ ഒന്നോർക്കുക, ബെസലേലിന്റെയും ഒഹൊലീയാബിന്റെയും കാര്യത്തിൽ ചെയ്തതുപോലെ ആരുടെയും നൈസർഗികപ്രാപ്തികളുടെ തികവു വർധിപ്പിക്കാൻ യഹോവയ്ക്കാകും.—പുറ. 31:1-6; ലേഖനാരംഭത്തിലെ ചിത്രം കാണുക.
13 ഒന്നും പിടിച്ചുവെക്കാതെ നമുക്കുള്ളതിൽ ഏറ്റവും മികച്ചത് നൽകാൻ യഹോവ പ്രോത്സാഹിപ്പിക്കുന്നു. (സദൃ. 3:27) ആലയത്തിന്റെ പുനർനിർമാണവേളയിൽ, അന്നോളം നിർമാണവേലയ്ക്കായി തങ്ങൾ എന്തു ചെയ്തെന്ന് ചിന്തിച്ചുനോക്കാൻ യെരുശലേമിലുണ്ടായിരുന്ന യഹൂദന്മാരോട് യഹോവ ആവശ്യപ്പെട്ടു. (ഹഗ്ഗാ. 1:2-5) അവരുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് മാറിപ്പോകുകയും അവർക്ക് ലക്ഷ്യബോധം നഷ്ടപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ട് ഇന്ന് നമ്മുടെ മുൻഗണനകൾ യഹോവയുടേതുമായി ഒത്തുപോകുന്നുണ്ടോ എന്ന് നാം ഉറപ്പുവരുത്തണം. ഈ അന്ത്യനാളുകളിൽ രാജ്യവേലയിൽ വർധിച്ച പങ്കുണ്ടായിരിക്കാൻ കഴിയേണ്ടതിന് നമ്മുടെ ‘വഴികളെ വിചാരിച്ചുനോക്കാൻ’ അഥവാ പരിശോധിച്ചുനോക്കാൻ നമുക്കാകുമോ?
പ്രാപ്തിക്കനുസൃതമായ യാഗങ്ങൾ
14, 15. (എ) എളിയ ചുറ്റുപാടുകളിലുള്ള നമ്മുടെ സഹോദരങ്ങൾ വെക്കുന്ന മാതൃക നമ്മെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു? (ബി) എന്തായിരിക്കണം നമ്മുടെ ആഗ്രഹം?
14 കഷ്ടപ്പാടും ദാരിദ്ര്യവും ജീവിതത്തിന്റെ ഭാഗമായുള്ള ദേശങ്ങളിലാണ് അനേകം ആളുകൾ ജീവിക്കുന്നത്. അങ്ങനെയുള്ള രാജ്യങ്ങളിൽ ജീവിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ ‘ആവശ്യം നിർവഹിക്കാൻ’ നമ്മുടെ സംഘടന ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. (2 കൊരി. 8:14) എന്നിരുന്നാലും, പരിമിതമായ ഭൗതികവിഭവങ്ങളുള്ള സഹോദരങ്ങളും ദാനം നൽകാനുള്ള പദവിയെ വിലമതിക്കുന്നു. നിർധനരായ വ്യക്തികൾ സന്തോഷത്തോടെ കൊടുക്കാനുള്ള മനഃസ്ഥിതി കാണിക്കുമ്പോൾ യഹോവയ്ക്ക് അത് പ്രസാദകരമാണ്.—2 കൊരി. 9:7.
15 ആഫ്രിക്കയിലെ ഒരു ദരിദ്രരാജ്യത്ത് കുറെ സഹോദരങ്ങൾ തങ്ങളുടെ പുരയിടത്തിൽ ചെറിയൊരു ഭാഗം വേർതിരിച്ച് അവിടെനിന്ന് ലഭിക്കുന്ന വിളവ് വിറ്റു കിട്ടുന്ന പണം രാജ്യവേലയെ പിന്താങ്ങാൻ ഉപയോഗിക്കുന്നു. അതേ രാജ്യത്ത് രാജ്യഹാൾ വളരെ ആവശ്യമായിരുന്ന ഒരു സ്ഥലത്ത് ഒരു നിർമാണപദ്ധതിക്ക് തുടക്കമിട്ടു. പ്രാദേശിക സഹോദരീസഹോദരന്മാരെല്ലാം ആ പദ്ധതിയെ പിന്തുണയ്ക്കാൻ ആഗ്രഹിച്ചു. എന്നാൽ കൃഷിയിറക്കുന്ന സമയത്തുതന്നെയായിരുന്നു രാജ്യഹാൾ നിർമാണവും വന്നുപെട്ടത്. എങ്കിലും പകൽ മുഴുവൻ രാജ്യഹാൾ നിർമാണത്തിൽ ഏർപ്പെടുകയും തുടർന്ന് സായാഹ്നത്തിൽ വയലിലിറങ്ങി കൃഷിയിറക്കുകയും ചെയ്തുകൊണ്ട് അവർ നിശ്ചയദാർഢ്യം പ്രകടമാക്കി. ആത്മത്യാഗത്തിന്റെ എത്ര ഉജ്ജ്വലമായ ദൃഷ്ടാന്തം! ഒന്നാം നൂറ്റാണ്ടിൽ മാസിഡോണിയയിലുണ്ടായിരുന്ന ക്രിസ്ത്യാനികളെ ഇത് നമ്മുടെ ഓർമയിലെത്തിക്കുന്നു. വിശുദ്ധന്മാരെ സഹായിക്കുന്നതിനുവേണ്ടിയുള്ള ഒരു പദ്ധതിയിൽ ദാനം ചെയ്യാനുള്ള പദവിക്കായി “കൊടിയ ദാരിദ്ര്യത്തിലും” അവർ യാചിച്ചുകൊണ്ടിരുന്നു. (2 കൊരി. 8:1-4) സമാനമായി, “യഹോവ . . . തന്നിട്ടുള്ള അനുഗ്രഹത്തിന്നു തക്കവണ്ണം” നമുക്കോരോരുത്തർക്കും ദാനം കൊണ്ടുവരാം.—ആവർത്തനപുസ്തകം 16:17 വായിക്കുക.
16. നമ്മുടെ യാഗങ്ങൾ യഹോവയ്ക്കു സ്വീകാര്യമാണെന്ന് നമുക്ക് എങ്ങനെ ഉറപ്പാക്കാനാകും?
16 എന്നിരുന്നാലും, ഒരു ജാഗ്രതാനിർദേശവും ഇവിടെ ആവശ്യമാണ്. പുരാതന ഇസ്രായേല്യരുടെ കാര്യത്തിലെന്നപോലെ നമ്മുടെ സ്വമേധായാഗങ്ങൾ ദൈവത്തിന് സ്വീകാര്യമാണെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്. കുടുംബത്തോടും യഹോവയുടെ ആരാധനയോടും ബന്ധപ്പെട്ട നമ്മുടെ പ്രാഥമിക ഉത്തരവാദിത്വങ്ങൾ നന്നായി നിർവഹിച്ചുകൊണ്ട് നാം നല്ല സമനില കാത്തുസൂക്ഷിക്കേണ്ട ആവശ്യമുണ്ട്. നമ്മുടെ സമയവും ഇതര വിഭവങ്ങളും മറ്റുള്ളവർക്കായി നൽകുന്നതുനിമിത്തം നമ്മുടെ കുടുംബത്തിന്റെ ആത്മീയവും ഭൗതികവും ആയ ക്ഷേമം ഒരിക്കലും അവഗണിക്കപ്പെടാൻ പാടില്ല. അല്ലാത്തപക്ഷം, സ്വന്തം കഴിവിന് അതീതമായി കൊടുക്കാനുള്ള ഒരു ശ്രമമായിരിക്കും നാം നടത്തുന്നത്. (2 കൊരിന്ത്യർ 8:12 വായിക്കുക.) കൂടാതെ, നാം സ്വന്തം ആത്മീയത കാത്തുകൊള്ളുകയും വേണം. (1 കൊരി. 9:26, 27) എന്നിരുന്നാലും, നാം ബൈബിൾനിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുമ്പോൾ നമ്മുടെ യാഗങ്ങൾ അത്യധികമായ സന്തോഷവും സംതൃപ്തിയും കൈവരുത്തും. അവ യഹോവയ്ക്കു “പ്രസാദമുള്ളതായിരിക്കു”കയും ചെയ്യും.
നമ്മുടെ യാഗങ്ങൾക്ക് വലിയ മൂല്യമുണ്ട്
17, 18. ദൈവരാജ്യത്തെപ്രതി തങ്ങൾക്കുള്ള പലതും ബലികഴിക്കുന്ന സഹോദരങ്ങളോടുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്, നാമെല്ലാം എന്തു ചിന്തിച്ചുനോക്കണം?
17 അനിവാര്യമായ രാജ്യവേലയെ പിന്തുണച്ചുകൊണ്ടുള്ള തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ അനേകം സഹോദരീസഹോദരന്മാർ തങ്ങളെത്തന്നെ “ഒരു പാനീയയാഗമായി ചൊരി”യുന്നു. (ഫിലി. 2:17) കൊടുക്കാനുള്ള അത്തരം മനോഭാവം പ്രകടിപ്പിച്ചിരിക്കുന്ന ഏവരെയും നാം ആഴമായി വിലമതിക്കുന്നു. രാജ്യവേലയിൽ നേതൃത്വമെടുക്കുന്ന സഹോദരന്മാരുടെ ഭാര്യമാരും കുട്ടികളും അവരുടെ ഉദാരമനസ്കതയെയും ആത്മത്യാഗത്തെയും പ്രതി വിശേഷാൽ അനുമോദനം അർഹിക്കുന്നു.
18 രാജ്യതാത്പര്യങ്ങളെ ഉന്നമിപ്പിക്കുന്നതിന് ഏറെ കഠിനാധ്വാനം ആവശ്യമാണ്. സാധ്യമായത്ര പൂർണമായ അളവിൽ അതിൽ എങ്ങനെ ഒരു പങ്കുണ്ടായിരിക്കാനാകുമെന്ന് നമുക്ക് ഓരോരുത്തർക്കും പ്രാർഥനാപൂർവം ചിന്തിച്ചുനോക്കാം. ഇന്ന് മഹത്തായ പ്രതിഫലങ്ങളും “വരുവാനുള്ള ലോകത്തിൽ” അതിലും മഹത്തരമായ പ്രതിഫലങ്ങളും നിങ്ങളെ കാത്തിരിക്കുന്നുവെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാനാകും.—മർക്കോ. 10:28-30.
^ 2012 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 21-25 പേജുകളിലെ “മുഴുദേഹിയോടെ യഹോവയ്ക്കു യാഗങ്ങൾ അർപ്പിക്കുക” എന്ന ലേഖനം കാണുക.