ആത്മാർപ്പണത്തിന്റെ മാതൃകകൾ പശ്ചിമാഫ്രിക്കയിൽ
കോറ്റ്-ഡീ ഐവോറാണ് പാസ്കലിന്റെ സ്വദേശം. ഇല്ലായ്മകൾക്കു മധ്യേ ജനിച്ചുവളർന്ന പാസ്കൽ ഒരു മെച്ചപ്പെട്ട ജീവിതത്തിനുവേണ്ടി എന്നും അതിയായി ആഗ്രഹിച്ചിരുന്നു. ബോക്സിങ് ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഇങ്ങനെ ചിന്തിച്ചു: ‘എവിടെ പോയാലാണ് എനിക്ക് ഒരു താരമാകാനും പണമുണ്ടാക്കാനും പറ്റുക?’ യൂറോപ്പാണ് അതിനു പറ്റിയ സ്ഥലമെന്ന് അദ്ദേഹം നിശ്ചയിച്ചു. അന്ന് അദ്ദേഹത്തിന് ഏകദേശം 25 വയസ്സ്. എന്നാൽ യാത്രാരേഖകൾ ഒന്നുമില്ലാതിരുന്നതിനാൽ ഏതെങ്കിലും വളഞ്ഞ വഴിക്കേ യൂറോപ്പിൽ പ്രവേശിക്കാനാകുമായിരുന്നുള്ളൂ.
അങ്ങനെ 1998-ൽ, 27 വയസ്സുള്ളപ്പോൾ പാസ്കൽ തന്റെ യാത്ര ആരംഭിച്ചു. ആദ്യം അതിർത്തി കടന്ന് ഘാനയിൽ എത്തി; അവിടെനിന്ന് ടോഗോ വഴിയായി സഞ്ചരിച്ചു; ബെനിൻ കുറുകെക്കടന്ന് ഒടുവിൽ നൈജറിലുള്ള ബിർനിൻ കോനി പട്ടണത്തിൽ എത്തിച്ചേർന്നു. എന്നാൽ യാത്രയുടെ ദുരിതഘട്ടം തുടങ്ങാനിരുന്നതേ ഉള്ളൂ. വടക്കോട്ട് സഞ്ചരിക്കണമെങ്കിൽ ഏതെങ്കിലും ട്രക്കിനു മുകളിൽ കയറിക്കൂടി സഹാറ മരുഭൂമി താണ്ടണമായിരുന്നു. അതിനപ്പുറം മധ്യധരണ്യാഴി. പിന്നെ ബോട്ടിൽക്കയറി യൂറോപ്പിലേക്കു കടക്കുക. അതായിരുന്നു പദ്ധതി. പക്ഷേ യാത്ര തുടരുന്നതിൽനിന്ന് അദ്ദേഹത്തെ തടഞ്ഞ രണ്ടു കാര്യങ്ങൾ നൈജറിൽ നടന്നു.
ഒന്ന്, അദ്ദേഹത്തിന്റെ കൈയിലെ പണം തീർന്നുപോയി. രണ്ട്, അദ്ദേഹം നോയ് എന്ന് പേരുള്ള ഒരു പയനിയറെ കണ്ടുമുട്ടുകയും അദ്ദേഹത്തോടൊപ്പം ബൈബിൾ പഠിക്കാൻ ആരംഭിക്കുകയും ചെയ്തു. പഠിച്ച കാര്യങ്ങൾ അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചു; ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുതന്നെ അത് മാറ്റിമറിച്ചു. പാസ്കലിന്റെ ഭൗതികലക്ഷ്യങ്ങൾ ആത്മീയലക്ഷ്യങ്ങൾക്കു വഴിമാറി. 1999 ഡിസംബറിൽ അദ്ദേഹം സ്നാനപ്പെട്ടു. 2001-ൽ യഹോവയോടുള്ള നന്ദിസൂചകമായി, താൻ സത്യം പഠിച്ച പട്ടണമായ നൈജറിൽത്തന്നെ അദ്ദേഹം പയനിയർസേവനം ആരംഭിച്ചു. തന്റെ ഈ സേവനം സംബന്ധിച്ച് അദ്ദേഹത്തിന് ഇപ്പോൾ എന്തു തോന്നുന്നു? “ഞാൻ ഇപ്പോൾ ജീവിതം പൂർണമായും ആസ്വദിക്കുകയാണ്!” പാസ്കലിന്റെ വാക്കുകളിൽ അതിരറ്റ ചാരിതാർഥ്യം.
ജീവിതം പൂർണമായി ആസ്വദിക്കുന്നു—ആഫ്രിക്കയിൽ
ആത്മീയലാക്കുകൾ വെച്ച് പ്രവർത്തിക്കുന്നതാണ് ജീവിതത്തിൽ സംതൃപ്തി നിറയ്ക്കുന്നതെന്ന് പാസ്കലിനെപ്പോലെ അനേകർ കണ്ടെത്തിയിരിക്കുന്നു. അത്തരം ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നതിനു വേണ്ടി ചിലർ യൂറോപ്പ് വിട്ട് രാജ്യപ്രഘോഷകരുടെ വർധിച്ച ആവശ്യമുള്ള ആഫ്രിക്കയിലേക്ക് താമസം മാറിയിരിക്കുന്നു. ‘ആവശ്യം അധികമുള്ളിടത്ത് സേവിക്കുന്നവർ’ എന്നാണ് പൊതുവെ ഇവർ അറിയപ്പെടുന്നത്. 17-നും 70-നും ഇടയ്ക്ക് പ്രായമുള്ള അത്തരം 65-ഓളം സാക്ഷികൾ യൂറോപ്പിൽനിന്നും പശ്ചിമാഫ്രിക്കൻ രാജ്യങ്ങളായ ബെനിൻ, ബുർക്കിനാ ഫാസോ, നൈജർ, ടോഗോ എന്നിവിടങ്ങളിലേക്ക് മാറിത്താമസിച്ചിട്ടുണ്ട്. * ഇത്ര വലിയൊരു മാറ്റത്തിന് അവരെ പ്രേരിപ്പിച്ച ഘടകം എന്താണ്? അതിനെത്തുടർന്നുള്ള അവരുടെ ജീവിതം ഇപ്പോൾ എങ്ങനെയുണ്ട്?
ഡെന്മാർക്കുകാരിയായ ആൻ-റാകെൽ വിവരിക്കുന്നു: “എന്റെ മാതാപിതാക്കൾ സെനഗലിൽ മിഷനറിമാരായി സേവിച്ചിട്ടുണ്ട്. മിഷനറിമാരായിരുന്ന കാലത്തെപ്പറ്റി പറയുമ്പോഴെല്ലാം അവരുടെ വാക്കുകളിൽ ആവേശം നിറയുന്നത് ഞാൻ കണ്ടിരുന്നു. അങ്ങനെ എനിക്കും അതുപോലൊരു ജീവിതം വേണമെന്ന് ഞാൻ ആഗ്രഹിച്ചു.” ഏകദേശം 15 വർഷം മുമ്പ് 20-കളുടെ ആരംഭത്തിൽ ആൻ-റാകെൽ ടോഗോയിലേക്ക് പോയി. ഇപ്പോൾ അവൾ അവിടെയുള്ള ഒരു ആംഗ്യഭാഷാസഭയോടൊപ്പം സേവിക്കുന്നു. ടോഗോയിലേക്ക് മാറിപ്പാർക്കാനുള്ള അവളുടെ തീരുമാനം മറ്റുള്ളവരെ എങ്ങനെ സ്വാധീനിച്ചു? അവൾ പറയുന്നു: “പിന്നീട് എന്റെ അനിയത്തിയും ആങ്ങളയും ടോഗോയിലേക്ക് പോന്നു.”
ഫ്രാൻസിൽനിന്നുള്ള 70-കാരനായ ഓറെൽ ഇങ്ങനെ പറയുന്നു: “അഞ്ചു വർഷം മുമ്പ് ഞാൻ പെൻഷൻപറ്റിയപ്പോൾ എനിക്കൊരു തീരുമാനം എടുക്കേണ്ടിവന്നു. ഒന്നുകിൽ, പറുദീസ വരുന്നതുംകാത്ത് ഫ്രാൻസിൽത്തന്നെ സ്വസ്ഥമായി കഴിഞ്ഞുകൂടുക, അല്ലെങ്കിൽ ശുശ്രൂഷ വികസിപ്പിക്കാൻ എന്തെങ്കിലും നടപടികൾ സ്വീകരിക്കുക.” ശുശ്രൂഷ വികസിപ്പിക്കാനാണ് ഓറെൽ തീരുമാനിച്ചത്. മൂന്നു വർഷം മുമ്പ് അദ്ദേഹവും ഭാര്യ ആൽബെർഫെയ്റ്റും ബെനിനിലേക്ക് താമസം മാറി. “ഈ നാട്ടിൽ വന്ന് യഹോവയെ സേവിക്കാൻ തയ്യാറായതാണ് ജീവിതത്തിൽ ഇന്നേവരെ ഞങ്ങൾ ചെയ്തിട്ടുള്ള ഏറ്റവും നല്ല സംഗതി,” ഓറെൽ പറയുന്നു. “ഇനി അതു മാത്രമോ, ഞങ്ങൾ പ്രവർത്തിച്ചുവരുന്ന മനോഹരമായ തീരപ്രദേശം പലപ്പോഴും പറുദീസയെ അനുസ്മരിപ്പിക്കുന്നു,” ഒരു പുഞ്ചിരിയോടെ അദ്ദേഹം തുടർന്നു.
16 വർഷം മുമ്പ് ക്ലോഡോമിറും ഭാര്യ ലിസിയാനും ഫ്രാൻസിൽനിന്ന് ബെനിനിലേക്ക് മാറിപ്പാർത്തു. ആദ്യമൊക്കെ ഗൃഹാതുരത്വം അവരെ അലട്ടി. ഫ്രാൻസിലുള്ള കുടുംബത്തെയും സുഹൃത്തുക്കളെയും വിട്ടുപോന്നതിലായിരുന്നു അവരുടെ ദുഃഖം. പുതിയ ജീവിതവുമായി ഒരിക്കലും പൊരുത്തപ്പെടാൻ സാധിക്കില്ലെന്നുപോലും ഈ ദമ്പതികൾ ചിന്തിച്ചുപോയി. എന്നിരുന്നാലും അവരുടെ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലായിരുന്നു. കാരണം അതിരറ്റ സന്തോഷമാണ് അവരെ കാത്തിരുന്നത്. 16 വർഷത്തെ അവരുടെ പ്രവർത്തനത്തെക്കുറിച്ച് ക്ലോഡോമിർ പറയുന്നു: “സത്യം സ്വീകരിക്കാൻ വർഷന്തോറും ഒരാളെയെങ്കിലും ഞങ്ങൾക്ക് ഇന്നോളം സഹായിക്കാനായിട്ടുണ്ട്.”
സെബാസ്റ്റ്യൻ-ഷോവാനാ ദമ്പതികൾ 2010-ൽ ഫ്രാൻസിൽനിന്ന് ബെനിനിലേക്ക് താമസം മാറി. “സഭയിൽ വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്,” സെബാസ്റ്റ്യൻ പറയുന്നു. “ത്വരിതഗതിയിൽ കാര്യങ്ങൾ അഭ്യസിപ്പിക്കുന്ന ഏതെങ്കിലും ദിവ്യാധിപത്യപരിശീലനകോഴ്സിൽ സംബന്ധിക്കുന്നതുപോലെയാണ് ഇവിടെ സേവിക്കുമ്പോൾ എനിക്ക് അനുഭവപ്പെടുന്നത്!” വയലിലെ പ്രതികരണം എങ്ങനെയുണ്ട്? “ആളുകൾ സത്യത്തിനുവേണ്ടി ദാഹിക്കുന്നവരാണ്,” ഷോവാനാ പറയുന്നു. “പ്രസംഗവേലയ്ക്കുവേണ്ടിയല്ലാതെ പുറത്തുപോകുമ്പോൾപ്പോലും ബൈബിൾച്ചോദ്യങ്ങൾ ചോദിച്ചും പ്രസിദ്ധീകരണങ്ങൾ ആവശ്യപ്പെട്ടും കൊണ്ട് ആളുകൾ ഞങ്ങളെ സമീപിക്കാറുണ്ട്.” ബെനിനിലേക്ക് പോയത് അവരുടെ ദാമ്പത്യബന്ധത്തെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു? “അത് ഞങ്ങളുടെ വിവാഹബന്ധം ഏറെ ബലിഷ്ഠമാക്കിയിരിക്കുന്നു. മുഴുദിവസവും ഭാര്യയുമൊത്ത് ശുശ്രൂഷയിൽ ചെലവഴിക്കാനാകുന്നത് ആഹ്ലാദകരമായ ഒരു അനുഭവമാണ്,” സെബാസ്റ്റ്യൻ പറയുന്നു.
ജനസാന്ദ്രത കുറഞ്ഞ വടക്കൻ ബെനിനിലാണ് എറിക്കും ഭാര്യ കാറ്റിയും പയനിയർമാരായി സേവിക്കുന്നത്. ഫ്രാൻസിൽ താമസിച്ചിരുന്ന അവർ ഏകദേശം പത്തുവർഷം മുമ്പ്, ആവശ്യം അധികമുള്ളിടത്ത് സേവിക്കുന്നതിനെക്കുറിച്ചുള്ള ലേഖനങ്ങൾ വായിക്കാനും മുഴുസമയസേവകരോട് കാര്യങ്ങൾ ചോദിച്ചറിയാനും തുടങ്ങി. ഇത് വിദേശത്തു പോയി സേവിക്കാനുള്ള ശക്തമായ ആഗ്രഹം അവരിൽ ജനിപ്പിച്ചു. 2005-ൽ അവരുടെ ആഗ്രഹം സഫലമായി. വളരെ ശ്രദ്ധേയമായ വളർച്ചയ്ക്കാണ് അവർ ഇന്നോളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. എറിക് പറയുന്നു: “രണ്ടു വർഷം മുമ്പ് ടൻഗ്യെത പട്ടണത്തിലെ ഞങ്ങളുടെ ചെറിയ കൂട്ടത്തിൽ ഒൻപത് പ്രസാധകരാണുണ്ടായിരുന്നത്. ഇന്ന് ഇവിടെ 30 പേരുണ്ട്. ഞായറാഴ്ചകളിൽ 50 മുതൽ 80 വരെയാണ് യോഗഹാജർ. ഇത്ര വലിയൊരു വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കാനാകുന്നത് എന്തൊരു സന്തോഷമാണ്!”
വെല്ലുവിളികൾ തിരിച്ചറിഞ്ഞ് തരണംചെയ്യുക
ആവശ്യം അധികമുള്ളിടത്ത് സേവിക്കുന്ന ചിലർ എന്തൊക്കെ വെല്ലുവിളികളാണ് അഭിമുഖീകരിച്ചിരിക്കുന്നത്? 33-കാരനായ ബെന്യാമിൻ ആൻ-റാകെലിന്റെ സഹോദരനാണ്. 2000-ത്തിൽ ഡെന്മാർക്കിൽ വെച്ച് അദ്ദേഹം ടോഗോയിൽ സേവിച്ചിരുന്ന ഒരു മിഷനറിയെ കണ്ടുമുട്ടി. ബെന്യാമിൻ ഓർക്കുന്നു: “എനിക്ക് പയനിയറിങ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ഞാൻ ആ മിഷനറിയോട് പറഞ്ഞപ്പോൾ, ‘ടോഗോയിൽ പയനിയറിങ് ചെയ്യാമല്ലോ’ എന്ന് അദ്ദേഹം പറഞ്ഞു.” ബെന്യാമിൻ അതെക്കുറിച്ച് ആലോചിച്ചു. അദ്ദേഹം പറയുന്നു: “അന്ന് എനിക്ക് 20 വയസ്സുപോലുമുണ്ടായിരുന്നില്ല, എന്നാൽ എന്റെ രണ്ടു സഹോദരിമാർ ടോഗോയിൽ സേവിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് അങ്ങോട്ടുപോകാൻ എനിക്ക് ബുദ്ധിമുട്ടില്ലായിരുന്നു.” അങ്ങനെ അദ്ദേഹം ടോഗോയിലേക്ക് പോയി. എന്നുവരികിലും ഒരു വലിയ വെല്ലുവിളി അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നു. ബെന്യാമിൻ വിവരിക്കുന്നു: “ഫ്രഞ്ച് ഭാഷയിൽ ഒരു വാക്കുപോലും എനിക്കറിയില്ലായിരുന്നു! അതുകൊണ്ട് ആദ്യത്തെ ആറുമാസം ആശയവിനിമയം ചെയ്യാൻ ഞാൻ ശരിക്കും ബുദ്ധിമുട്ടി.” എങ്കിലും, കാലക്രമേണ അദ്ദേഹം പുരോഗതി പ്രാപിച്ചു. ഇപ്പോൾ ബെനിൻ ബെഥേലിൽ സേവിക്കുകയാണ് ബെന്യാമിൻ. സാഹിത്യം എത്തിച്ചുകൊടുക്കുന്നതിനുപുറമേ കമ്പ്യൂട്ടർ ഡിപ്പാർട്ടുമെന്റിലും അദ്ദേഹം സഹായിക്കുന്നു.
മുമ്പു പറഞ്ഞ എറിക്കും കാറ്റിയും ബെനിനിലേക്ക് മാറിത്താമസിക്കുന്നതിനു മുമ്പ് ഫ്രാൻസിലെ ഒരു അന്യഭാഷാവയലിലാണ് സേവിച്ചിരുന്നത്. എന്നാൽ അതിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു പശ്ചിമാഫ്രിക്ക. കാറ്റി പറയുന്നു: “അനുയോജ്യമായ ഒരു താമസസ്ഥലം കണ്ടുപിടിക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. വൈദ്യുതിയോ പൈപ്പുവെള്ളമോ ഇല്ലാതെ ഒരു വീട്ടിൽ ഞങ്ങൾക്ക് മാസങ്ങളോളം താമസിക്കേണ്ടിവന്നു.” അതുപോലെ, എറിക്ക് പറയുന്നു: “കാതടപ്പിക്കുന്ന സംഗീതം പാതിരാത്രിവരെ അയൽപക്കത്തുനിന്ന് കേൾക്കാമായിരുന്നു. നല്ല ക്ഷമയും ഇതുപോലുള്ള കാര്യങ്ങളോട് പൊരുത്തപ്പെടാനുള്ള മനസ്സൊരുക്കവും കൂടിയേ തീരൂ.” “ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നോളം പ്രവർത്തനം നടന്നിട്ടില്ലാത്ത ഒരു പ്രദേശത്ത് പ്രവർത്തിക്കുന്നതിന്റെ സന്തോഷം ഞങ്ങൾക്ക് സഹിക്കേണ്ടിവന്ന എല്ലാ ബുദ്ധിമുട്ടുകളെയും കടത്തിവെട്ടുന്നതാണ്,” രണ്ടുപേരും ഏകസ്വരത്തിൽ പറയുന്നു.
മിഷെലിനും ഭാര്യ മാരി-അന്യെസിനും 60-നോടടുത്ത് പ്രായമുണ്ട്. അഞ്ചു വർഷം മുമ്പ് അവർ ഫ്രാൻസിൽനിന്ന് ബെനിനിലേക്ക് മാറിപ്പാർത്തു. ആദ്യമൊക്കെ അവർക്ക് ചെറിയൊരു ആശങ്കയുണ്ടായിരുന്നു. മിഷെൽ ഇങ്ങനെ പറയുന്നു: “ചിലർ ഞങ്ങളുടെ ഈ യാത്രയെ വലിച്ചുകെട്ടിയ ഞാണിന്മേൽ ഒരു അഭ്യാസി കൈവണ്ടി ഉന്തിക്കൊണ്ടുപോകുന്നതിനോട് ഉപമിച്ചു. ആ കൈവണ്ടിയിൽ ഞങ്ങൾ ഇരിക്കുന്നതായും! കൈവണ്ടി തള്ളുന്നത് യഹോവയാണെന്ന ബോധ്യമില്ലെങ്കിൽ അങ്ങനെയൊരു അഭ്യാസം ഭീതിജനകമായിരിക്കും. എന്നാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് യഹോവയെ സേവിക്കാൻവേണ്ടി അവനോട് ഒപ്പം പോകുന്നതുപോലെയായിരുന്നു.”
നിങ്ങൾക്ക് എങ്ങനെ ഒരുങ്ങാം
നിങ്ങൾ ആവശ്യം അധികമുള്ളിടത്ത് സേവിക്കാൻ ആഗ്രഹിക്കുന്നുവോ? പിൻവരുന്ന പടികൾ സ്വീകരിച്ചുകൊണ്ട് മുന്നൊരുക്കം നടത്തേണ്ടതിന്റെ പ്രാധാന്യം ഈ മേഖലയിൽ അനുഭവപരിചയമുള്ളവർ ഊന്നിപ്പറയുന്നു: നന്നായി ആസൂത്രണം ചെയ്യുക. പൊരുത്തപ്പെടാൻ സന്നദ്ധരായിരിക്കുക. വരവ്-ചെലവ് കണക്കുകൂട്ടി കൃത്യമായി അതിനോടു പറ്റിനിൽക്കുക. യഹോവയിൽ ആശ്രയം അർപ്പിക്കുക.—ലൂക്കോ. 14:28-30.
നേരത്തെ പറഞ്ഞ സെബാസ്റ്റ്യൻ വിവരിക്കുന്നു: “മാറിത്താമസിക്കുന്നതിനു മുമ്പ് രണ്ടു വർഷത്തേക്ക് ഷോവാനയും ഞാനും അനാവശ്യമായി സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കിക്കൊണ്ടും വിനോദത്തിനും മറ്റുമുള്ള ചെലവ് വെട്ടിച്ചുരുക്കിക്കൊണ്ടും കുറെ പണം മിച്ചംപിടിച്ചു.” എന്നിരുന്നാലും, അവർക്ക് എങ്ങനെയാണ് വിദേശത്ത് സേവനം തുടരാനാകുന്നത്? എല്ലാവർഷവും ഏതാനും മാസം അവർ യൂറോപ്പിൽ പോയി തൊഴിൽ ചെയ്യും. അങ്ങനെ വർഷത്തിന്റെ ശിഷ്ടഭാഗം ബെനിനിൽവന്ന് അവർക്ക് പയനിയറിങ് ചെയ്യാനാകുന്നു.
ആവശ്യം അധികമുള്ളിടത്ത് സേവിക്കാനായി വിദേശത്തുനിന്ന് പശ്ചിമാഫ്രിക്കയിൽ എത്തിയിരിക്കുന്ന ഒറ്റക്കാരായ 20 സഹോദരിമാരിൽ ഒരാളാണ് മാരി-റ്റെരെയ്സ്. ഫ്രാൻസിൽ ഒരു ബസ് ഡ്രൈവറായി ജോലിനോക്കിയിരുന്ന അവൾ 2006-ൽ നൈജറിൽ പയനിയറിങ് ചെയ്യാനായി ഒരു വർഷത്തെ അവധി എടുത്തു. താൻ യഥാർഥത്തിൽ ആഗ്രഹിച്ചിരുന്നത് ഇങ്ങനെയൊരു ജീവിതമാണെന്ന് അധികം താമസിയാതെ മാരി-റ്റെരെയ്സ് തിരിച്ചറിഞ്ഞു. അവൾ പറയുന്നു: “അതുകൊണ്ട്, ഫ്രാൻസിൽ തിരികെ ചെന്നപ്പോൾ എന്റെ ജോലിയുടെ സമയം പുനഃക്രമീകരിച്ച് കിട്ടിയാൽ കൊള്ളാമെന്ന് ഞാൻ തൊഴിലുടമയോട് വിശദീകരിച്ചു; അദ്ദേഹം അത് അനുവദിച്ചുതരികയും ചെയ്തു. ഇപ്പോൾ മെയ് മുതൽ ആഗസ്റ്റ് വരെ ഞാൻ ഫ്രാൻസിൽ ഒരു ബസ് ഡ്രൈവറായി ജോലി ചെയ്യുന്നു; സെപ്റ്റംബർ മുതൽ ഏപ്രിൽ വരെ നൈജറിൽ ഒരു പയനിയറായി സേവിക്കുകയും ചെയ്യുന്നു.”
‘ഒന്നാമത് രാജ്യം അന്വേഷിക്കുന്നവർക്ക്’ അവശ്യ ‘കാര്യങ്ങളൊക്കെയും’ യഹോവ പ്രദാനം ചെയ്യുമെന്ന് ഉറച്ചു വിശ്വസിക്കാൻ കഴിയും. (മത്താ. 6:33) ഉദാഹരണത്തിന്, സഫിറയുടെ കാര്യത്തിൽ സംഭവിച്ചത് എന്താണെന്നു നോക്കുക. 30-നടുത്ത് പ്രായമുള്ള ഒറ്റക്കാരിയായ ഈ സഹോദരി ഫ്രാൻസിൽനിന്ന് ബെനിനിൽ വന്ന് പയനിയറിങ് ചെയ്യുകയാണ്. മറ്റൊരു വർഷംകൂടി (ആറാമത്തെ വർഷം) ആഫ്രിക്കയിൽ സേവിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്താനായി 2011-ൽ അവൾ ഫ്രാൻസിലേക്ക് മടങ്ങിപ്പോയി. തന്റെ അനുഭവം സഫിറ വിവരിക്കുന്നു: “അന്നൊരു വെള്ളിയാഴ്ചയായിരുന്നു, എനിക്ക് അവിടെ ലഭിച്ച ജോലിയുടെ അവസാനദിവസം. പക്ഷേ, ഒരു വർഷത്തേക്ക് ആവശ്യമായ പണം തികയണമെങ്കിൽ മറ്റൊരു പത്തു ദിവസത്തെ വേതനംകൂടി വേണമായിരുന്നു. രണ്ട് ആഴ്ച കൂടി മാത്രമേ എനിക്ക് ഫ്രാൻസിൽ തങ്ങാനാകുമായിരുന്നുള്ളൂ. എന്റെ സാഹചര്യം വിശദീകരിച്ചുകൊണ്ട് ഞാൻ യഹോവയോട് പ്രാർഥിച്ചു. അൽപ്പസമയത്തിനുള്ളിൽത്തന്നെ, തൊഴിൽ നൽകുന്ന ഒരു ഏജൻസി എന്നെ ഫോണിൽ വിളിച്ചു; രണ്ടാഴ്ചത്തേക്ക് മറ്റൊരാൾക്കു പകരമായി ജോലി ചെയ്യാനാകുമോ എന്ന് എന്നോട് ചോദിച്ചു.” അങ്ങനെ തിങ്കളാഴ്ചതന്നെ, അവധിക്ക് പോകുന്ന ജോലിക്കാരിയിൽനിന്ന് പരിശീലനം നേടാനായി സഫിറ ആ ജോലിസ്ഥലത്തേക്ക് ചെന്നു. അവൾ പറയുന്നു: “പയനിയർ സേവന സ്കൂളിൽ സംബന്ധിക്കാനായി പത്ത് ദിവസത്തെ അവധി ആവശ്യമായിരുന്ന ഒരു ക്രിസ്തീയ സഹോദരിയായിരുന്നു ആ ജോലിക്കാരിയെന്ന് മനസ്സിലാക്കിയപ്പോൾ എനിക്കുണ്ടായ അതിശയം ഒന്ന് ഊഹിച്ചുനോക്കൂ! പകരം ഒരാളെ കിട്ടിയില്ലെങ്കിൽ അവധി നൽകാൻ കഴിയില്ലെന്ന് തൊഴിലുടമ അവളോട് പറഞ്ഞിരുന്നു. തന്റെ കാര്യത്തിൽ ഇടപെടേണമേ എന്ന് എന്നെപ്പോലെ ആ സഹോദരിയും യഹോവയോട് മുട്ടിപ്പായി പ്രാർഥിച്ചതേ ഉണ്ടായിരുന്നുള്ളൂ!”
യഥാർഥ സംതൃപ്തിയുടെ ഉറവ്
പശ്ചിമാഫ്രിക്കയിൽ വർഷങ്ങളോളം സേവിച്ചിരിക്കുന്ന ചില സഹോദരീസഹോദരന്മാർ അവിടം തങ്ങളുടെ സ്വദേശമാക്കി മാറ്റിയിരിക്കുന്നു. മറ്റു ചിലർക്കാകട്ടെ ഏതാനും വർഷം മാത്രമേ അവിടെ തങ്ങാനായുളളൂ. പിന്നീട് അവർ സ്വദേശത്തേക്ക് മടങ്ങിപ്പോയിരിക്കുന്നു. എന്നിരുന്നാലും, ആവശ്യം അധികമുള്ളിടത്ത് സേവിച്ച അവർ, വിദേശസേവനത്തിൽ തങ്ങൾ ചെലവഴിച്ച വർഷങ്ങളിൽനിന്ന് ഇപ്പോൾപോലും പ്രയോജനം ആസ്വദിക്കുന്നു. യഹോവയെ സേവിക്കുന്നതിലൂടെയാണ് ജീവിതത്തിൽ യഥാർഥസംതൃപ്തി കൈവരുന്നത് എന്ന് അവർ പഠിച്ചിരിക്കുന്നു.
^ ഖ. 6 ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ഈ നാല് ദേശങ്ങളിലെ വേലയ്ക്ക് മേൽനോട്ടം വഹിക്കുന്നത് ബെനിൻ ബ്രാഞ്ചാണ്.