ക്ഷമിക്കാൻ മനസ്സുള്ള ദൈവം
ദൈവത്തോട് അടുത്തുചെല്ലുക
ക്ഷമിക്കാൻ മനസ്സുള്ള ദൈവം
“കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും . . . ആകുന്നു.” (സങ്കീർത്തനം 86:5) ക്ഷമിക്കുന്ന കാര്യത്തിൽ യഹോവയാം ദൈവം മഹാമനസ്കനാണെന്ന് ബൈബിൾ ഉറപ്പു തരുന്നു. മേൽപ്പറഞ്ഞ ഹൃദയസ്പർശിയായ വാക്കുകൾ അതാണു നമ്മോടു പറയുന്നത്. “ധാരാളം ക്ഷമിക്കു”ന്നവനാണ് യഹോവ. പത്രൊസ് അപ്പൊസ്തലന്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവം അതു വ്യക്തമാക്കുന്നുണ്ട്.—യെശയ്യാവു 55:7.
യേശുവിന്റെ ഉറ്റസുഹൃത്തുക്കളിൽ ഒരാളായിരുന്നു പത്രൊസ്. എന്നിട്ടും ഭയത്തിന് വശംവദനായി അവൻ ഗുരുതരമായ ഒരു പാപം ചെയ്തു, യേശുവിന്റെ ഭൗമികജീവിതത്തിന്റെ അവസാന രാത്രിയിൽ. യേശു നിയമവിരുദ്ധമായ വിചാരണ നേരിട്ട സ്ഥലത്തോടു ചേർന്നുള്ള നടുമുറ്റത്തുവെച്ച് പത്രൊസ് പരസ്യമായി യേശുവിനെ തള്ളിപ്പറഞ്ഞു—ഒന്നല്ല, മൂന്നു പ്രാവശ്യം. മൂന്നാമത് തള്ളിപ്പറഞ്ഞ ഉടനെ യേശു “തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി.” (ലൂക്കൊസ് 22:55-61) യേശുവിന്റെ ദൃഷ്ടികൾ തന്റെമേൽ പതിഞ്ഞപ്പോൾ പത്രൊസിന് എന്തു തോന്നിയിരിക്കുമെന്ന് നിങ്ങൾക്കു സങ്കൽപ്പിക്കാനാകുന്നുണ്ടോ? പാപത്തിന്റെ ഗൗരവം മനസ്സിലാക്കിയ പത്രൊസ് “പൊട്ടിക്കരഞ്ഞു.” (മർക്കൊസ് 14:72, ഓശാന ബൈബിൾ) മനസ്തപിച്ച അപ്പൊസ്തലൻ, തന്റെ തെറ്റ് ദൈവത്തിനു ക്ഷമിക്കാനാകാത്തത്ര ഗുരുതരമായിരിക്കും എന്നു സംശയിച്ചിരിക്കാം.
ആ സംശയത്തെ ദൂരീകരിക്കുന്നതായിരുന്നു പുനരുത്ഥാനശേഷം യേശു പത്രൊസുമായി നടത്തിയ സംഭാഷണം. യേശു അവനെ കുറ്റപ്പെടുത്തുകയോ ശകാരിക്കുകയോ ചെയ്തില്ല. പകരം “നീ . . . എന്നെ സ്നേഹിക്കുന്നുവോ” എന്നു ചോദിക്കുകയാണു ചെയ്തത്. അതിന്നു പത്രൊസ്: “ഉവ്വു, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ” എന്നു പറഞ്ഞു. അപ്പോൾ യേശു “എന്റെ കുഞ്ഞാടുകളെ മേയ്ക്ക” എന്ന് അവനോടു പറഞ്ഞു. യേശു തന്റെ ചോദ്യം ആവർത്തിച്ചു. പത്രൊസിന്റെ മറുപടിക്കു മാറ്റമില്ലായിരുന്നു. ഒരുപക്ഷേ മുമ്പത്തെക്കാൾ ഉറപ്പുണ്ടായിരുന്നു ഇത്തവണ അവന്റെ വാക്കുകളിൽ. “എന്റെ ആടുകളെ പാലിക്ക” എന്ന നിർദേശം ആവർത്തിക്കുകയാണ് യേശു ചെയ്തത്. യേശു മൂന്നാമതും അവനോടു: “നിനക്കു എന്നോടു പ്രിയമുണ്ടോ” എന്നു ചോദിച്ചു. അപ്പോൾ “പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു” എന്നു പറഞ്ഞു. യേശു ഇങ്ങനെ പ്രതികരിച്ചു: “എന്റെ ആടുകളെ മേയ്ക്ക.”—യോഹന്നാൻ 21:15-17.
ഹൃദയങ്ങളെ വായിക്കാൻ കഴിഞ്ഞിരുന്നതിനാൽ പത്രൊസ് തന്നെ സ്നേഹിക്കുന്നുണ്ടെന്ന് യേശുവിന് അറിയാമായിരുന്നു. ആ സ്ഥിതിക്ക്, എന്തിനാണ് യേശു ആ ചോദ്യങ്ങൾ ചോദിച്ചത്? (മർക്കൊസ് 2:8) താൻ യേശുവിനെ സ്നേഹിക്കുന്നുണ്ടെന്ന് മൂന്നു പ്രാവശ്യം ഉറപ്പിച്ചു പറയാൻ അത് പത്രൊസിന് അവസരം നൽകി. “എന്റെ കുഞ്ഞാടുകളെ മേയ്ക്ക . . . എന്റെ ആടുകളെ പാലിക്ക . . . എന്റെ ആടുകളെ മേയ്ക്ക” എന്നീ വാക്കുകൾ യേശുവിന് തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് അപ്പൊസ്തലനെ ബോധ്യപ്പെടുത്തി. തനിക്ക് ഏറ്റവും വിലപ്പെട്ട ഒന്നിനെ, അതായത് ചെമ്മരിയാടുതുല്യരായ തന്റെ പ്രിയ അനുഗാമികളെ, പരിപാലിക്കുന്നതിൽ സഹായിക്കാനുള്ള ചുമതലയാണല്ലോ യേശു പത്രൊസിനെ ഭരമേൽപ്പിച്ചത്. (യോഹന്നാൻ 10:14, 15) യേശുവിന് അപ്പോഴും തന്നിൽ വിശ്വാസമുണ്ടെന്നു മനസ്സിലായപ്പോൾ പത്രൊസിന് എത്ര ആശ്വാസം തോന്നിയിരിക്കണം!
അനുതപിച്ച അപ്പൊസ്തലനോട് യേശു ക്ഷമിച്ചുവെന്നു വ്യക്തം. തന്റെ പിതാവിന്റെ ഗുണങ്ങളും രീതികളുമാണ് യേശു പ്രതിഫലിപ്പിക്കുന്നത് എന്ന വസ്തുത പരിഗണിക്കുമ്പോൾ യഹോവയും പത്രൊസിനോട് ക്ഷമിച്ചുവെന്ന നിഗമനത്തിലാണ് നാം എത്തുക. (യോഹന്നാൻ 5:19) ക്ഷമിക്കാൻ കൂട്ടാക്കാത്ത ദൈവമല്ല, പിന്നെയോ അനുതാപമുള്ള പാപികളോട് ‘ക്ഷമിക്കാൻ’ മനസ്സുകാണിക്കുന്ന കാരുണ്യവാനായ ദൈവമാണ് യഹോവ. എത്ര ആശ്വാസപ്രദം, അല്ലേ?