ചീത്ത കൂട്ടുകെട്ടുനിമിത്തം യോവാശ് യഹോവയെ ഉപേക്ഷിച്ചു
മക്കളെ പഠിപ്പിക്കാൻ
ചീത്ത കൂട്ടുകെട്ടുനിമിത്തം യോവാശ് യഹോവയെ ഉപേക്ഷിച്ചു
ദൈവത്തിന്റെ ആലയം സ്ഥിതിചെയ്‌തിരുന്ന യെരുശലേമിൽ അപ്പോൾ വല്ലാത്ത ഒരവസ്ഥയായിരുന്നു. അഹസ്യാരാജാവ് കൊല്ലപ്പെട്ടിരുന്നു. അഹസ്യാവിന്റെ അമ്മയായ അഥല്യാ അപ്പോൾ എന്താണു ചെയ്‌തതെന്ന് അറിയാമോ? നമുക്ക് ചിന്തിക്കാൻകൂടെ കഴിയാത്ത ഒരു കാര്യമാണ് അത്. അഹസ്യാവിന്റെ മക്കളെ, അതായത് സ്വന്തം പേരക്കുട്ടികളെ, അവൾ കൊല്ലിച്ചു. എന്തിനാണെന്നോ?— * അവൾക്ക് ആ ദേശത്തിന്റെ രാജ്ഞിയായി വാഴാൻ.
എന്നാൽ അഥല്യ അറിയാതെ അവളുടെ പേരക്കുട്ടിയായ കൊച്ചു യോവാശ് രക്ഷപ്പെട്ടു. എങ്ങനെ?— യോവാശിന് യെഹോശേബ എന്നു പേരുള്ള ഒരു അമ്മായി ഉണ്ടായിരുന്നു. അവൾ കുഞ്ഞുയോവാശിനെ യഹോവയുടെ ആലയത്തിൽ കൊണ്ടുവന്ന് ഒളിപ്പിച്ചുവെച്ചു. അവളുടെ ഭർത്താവായ യെഹോയാദാ മഹാപുരോഹിതനായിരുന്നതുകൊണ്ടാണ് അവൾക്ക് അതു സാധിച്ചത്. അങ്ങനെ അവർ ഇരുവരും ചേർന്ന് യോവാശിനെ രക്ഷപ്പെടുത്തി.
ആറുവർഷം യോവാശിനെ അവർ ആലയത്തിൽ ഒളിപ്പിച്ചുവെച്ചു. അവിടെയായിരിക്കെ അവൻ യഹോവയാംദൈവത്തെയും അവന്റെ നിയമങ്ങളെയും കുറിച്ച് പഠിച്ചു. യോവാശിന് ഏഴു വയസ്സായപ്പോൾ അവനെ രാജാവാക്കാൻവേണ്ട നടപടികൾ യെഹോയാദാ സ്വീകരിച്ചു. ആ കാര്യങ്ങളെക്കുറിച്ചും യോവാശിന്റെ വല്യമ്മയായ അഥല്യാരാജ്ഞിക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ചും അറിയണ്ടേ?—
യെരുശലേമിലെ രാജാക്കന്മാർക്ക് അകമ്പടി സേവിച്ചിരുന്നവരെ യെഹോയാദാ രഹസ്യമായി ആളയച്ചു വിളിപ്പിച്ചു. അഹസ്യാരാജാവിന്റെ മകനെ താനും ഭാര്യയും രക്ഷപ്പെടുത്തിയതിനെക്കുറിച്ച് അവൻ അവരോടു പറഞ്ഞു. പിന്നെ യെഹോയാദാ അവർക്ക് യോവാശിനെ കാണിച്ചുകൊടുത്തു. അവനാണ് രാജ്യം ഭരിക്കേണ്ടതെന്ന് അവർക്കു ബോധ്യമായി. അവർ ഒരു പദ്ധതി തയ്യാറാക്കി.
യെഹോയാദാ യോവാശിനെ കൊണ്ടുവന്ന് കിരീടമണിയിച്ചു. ജനമെല്ലാം “കൈകൊട്ടി: രാജാവേ, ജയജയ” എന്ന് ആർത്തുവിളിച്ചു. യോവാശിനെ സംരക്ഷിക്കാനായി അകമ്പടിസേവകരെല്ലാം അവന്റെ ചുറ്റും നിന്നു. ഈ ബഹളമൊക്കെ കേട്ടപ്പോൾ അഥല്യ അതു തടുക്കാനായി ഓടിച്ചെന്നു. എന്നാൽ യെഹോയാദായുടെ കൽപ്പനപ്രകാരം അകമ്പടിസേവകർ അഥല്യയെ കൊന്നുകളഞ്ഞു.—2 രാജാക്കന്മാർ 11:1-16.
യോവാശ് യെഹോയാദായെ അനുസരിക്കുകയും ശരിയായതു പ്രവർത്തിക്കുകയും ചെയ്‌തോ?— യെഹോയാദാ ജീവിച്ചിരുന്നിടത്തോളം കാലം അവൻ അങ്ങനെ ചെയ്‌തു. അതുപോലെ, തന്റെ അപ്പനായ അഹസ്യാവും വല്യപ്പനായ യെഹോരാമും യഹോവയുടെ 2 രാജാക്കന്മാർ 12:1-16.
ആലയത്തെ അവഗണിച്ചിട്ടിരിക്കുകയായിരുന്നെങ്കിലും യോവാശ് ആലയത്തിന്റെ അറ്റകുറ്റപ്പണികൾക്കുവേണ്ട പണം ജനത്തിൽനിന്നു പിരിച്ചെടുത്തു. എന്നാൽ മഹാപുരോഹിതനായ യെഹോയാദായുടെ മരണശേഷം എന്തു സംഭവിച്ചു എന്നു നോക്കാം.—യോവാശിന് ഏതാണ്ട് 40 വയസ്സുള്ളപ്പോൾ അവൻ യഹോവയെ ആരാധിച്ചിരുന്നവരുമായി കൂട്ടുകൂടുന്നതിനുപകരം വ്യാജദൈവങ്ങളെ ആരാധിച്ചിരുന്നവരെ കൂട്ടുകാരാക്കി. അന്ന് യെഹോയാദായുടെ മകനായ സെഖര്യാവായിരുന്നു യഹോവയുടെ പുരോഹിതനായി സേവിച്ചിരുന്നത്. യോവാശ് ചെയ്‌തുകൊണ്ടിരുന്ന ദുഷ്ടതകൾ സെഖര്യാവ് മനസ്സിലാക്കിയപ്പോൾ അവൻ എന്തു ചെയ്‌തുവെന്ന് അറിയാമോ?—
സെഖര്യാവ് അവനോടു പറഞ്ഞു: “നിങ്ങൾ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു അവൻ നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.” ഇതുകേട്ട് യോവാശിന് വല്ലാത്ത ദേഷ്യം വന്നു. സെഖര്യാവിനെ കല്ലെറിഞ്ഞു കൊല്ലാൻ അവൻ കൽപ്പനയിട്ടു. ഒന്നോർത്തുനോക്കൂ: ഒരിക്കൽ സെഖര്യാവിന്റെ അപ്പനാണ് യോവാശിനെ കൊലയാളികളുടെ കൈയിൽനിന്നു രക്ഷിച്ചത്; ഇപ്പോഴിതാ അതേ യോവാശ് സെഖര്യാവിനെ കൊല്ലിക്കുന്നു.—2 ദിനവൃത്താന്തം 24:1-3, 15-22.
ഇതിൽനിന്ന് നിങ്ങൾ എന്തൊക്കെ പഠിച്ചു? ദുഷ്ടയായ അഥല്യയെപ്പോലെ നാം മറ്റുള്ളവരെ വെറുക്കരുത്; പകരം നാം നമ്മുടെ സഹാരാധകരെ സ്‌നേഹിക്കണം. എന്തിന്, യേശു പഠിപ്പിച്ചതുപോലെ ശത്രുക്കളെപ്പോലും നാം സ്‌നേഹിക്കണം. (മത്തായി 5:44; യോഹന്നാൻ 13:34, 35) മാത്രമല്ല, യോവാശിനെപ്പോലെ തുടക്കത്തിൽമാത്രം നാം നല്ല കാര്യങ്ങൾ ചെയ്‌താൽ പോരാ. തുടർന്നും നാം അങ്ങനെ ചെയ്യണം. അതിനായി യഹോവയെ സ്‌നേഹിക്കുകയും അവനെ സേവിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരെ നാം കൂട്ടുകാരാക്കണം.
[അടിക്കുറിപ്പ്]
^ ഖ. 3 നിങ്ങൾ കുട്ടിക്കു വായിച്ചുകൊടുക്കുകയാണെങ്കിൽ ചോദ്യചിഹ്നത്തിനു ശേഷം നെടുവര വരുന്നിടത്തു നിറുത്താൻ ഓർമിക്കുക. എന്നിട്ട്, അഭിപ്രായം പറയാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
ചോദ്യങ്ങൾ:
❍ യോവാശ് രക്ഷപ്പെട്ടത് എങ്ങനെ? അവനെ കൊല്ലാൻ ശ്രമിച്ചത് ആരാണ്?
❍ യോവാശ് രാജാവായത് എങ്ങനെ? അവൻ എന്തു നല്ല കാര്യം ചെയ്‌തു?
❍ യോവാശ് ദുഷ്ടനായത് എങ്ങനെ? അവൻ ആരെയാണ് കൊന്നത്?
❍ ബൈബിളിലെ ഈ കഥയിൽനിന്ന് നമുക്ക് എന്തു കാര്യങ്ങൾ പഠിക്കാനാകും?
[23-ാം പേജിലെ ചിത്രം]
യോവാശിനെ രക്ഷപ്പെടുത്തി രാജാവാക്കുന്നു