വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മക്കളെ യൗവനത്തിലേക്ക്‌ കൈപിടിച്ചു നടത്താൻ

മക്കളെ യൗവനത്തിലേക്ക്‌ കൈപിടിച്ചു നടത്താൻ

കുടുംബ സന്തുഷ്ടിയുടെ രഹസ്യം

മക്കളെ യൗവനത്തിലേക്ക്‌ കൈപിടിച്ചു നടത്താൻ

“മുമ്പൊക്കെ മക്കളോടു സംസാരിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. ഞാൻ പറയുന്നതെല്ലാം അവർ ശ്രദ്ധയോടെ കേൾക്കുകയും അനുസരിക്കുകയും ചെയ്‌തിരുന്നു. പക്ഷേ ഇപ്പോൾ അതല്ല സ്ഥിതി. ടീനേജിലെത്തിയതോടെ ഞാൻ പറയുന്നതൊന്നും അവർ കേൾക്കാതായി. ആരാധനയോടു ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും അവർക്കിപ്പോൾ താത്‌പര്യമില്ല. ‘ബൈബിളിനെപ്പറ്റി എന്തിന്‌ സംസാരിക്കണം?’ എന്നൊക്കെയാണ്‌ അവരുടെ ചോദ്യം. മറ്റ്‌ കുടുംബങ്ങളിൽ ഇത്‌ സംഭവിച്ചു കണ്ടപ്പോഴെല്ലാം എന്റെ കുടുംബത്തിൽ അങ്ങനെ സംഭവിക്കില്ലെന്നായിരുന്നു ഞാൻ കരുതിയത്‌.”—റെജി. *

കൗമാരത്തിലുള്ള ഒരു മകനോ മകളോ നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങളുടെ കുട്ടി ജീവിതത്തിന്റെ രസകരമായ ഒരു ദശയിലൂടെ കടന്നുപോകുകയാണ്‌. മാതാപിതാക്കളായ നിങ്ങൾക്ക്‌ ഏറെ ടെൻഷനുണ്ടാക്കുന്ന കാലംകൂടിയായിരിക്കും ഇത്‌. പിൻവരുന്ന അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ?

നിങ്ങളുടെ മകൻ കുട്ടിയായിരുന്നപ്പോൾ എപ്പോഴും നിങ്ങളുടെ കൈയുംപിടിച്ച്‌ കൂടെത്തന്നെയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവൻ നിങ്ങളിൽനിന്ന്‌ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. അവന്‌ നിങ്ങളുടെ കൂട്ട്‌ വേണ്ടാത്തതുപോലെ. . .

നിങ്ങളുടെ മകൾ കുട്ടിയായിരുന്നപ്പോൾ അവൾ നിങ്ങളോട്‌ എല്ലാം തുറന്നുപറഞ്ഞിരുന്നു. എന്നാൽ കൗമാരത്തിലെത്തിയതോടെ, അവൾ ഒരു സുഹൃദ്‌വലയം ഉണ്ടാക്കിയിരിക്കുന്നു. നിങ്ങൾ പുറന്തള്ളപ്പെട്ടതുപോലെ. . .

നിങ്ങളുടെ കുട്ടി ഇതുപോലെ പെരുമാറുന്നുണ്ടെങ്കിൽ അവൻ ഒരു മത്സരിയായി മാറിക്കൊണ്ടിരിക്കുകയാണെന്നോ അവനെ ഇനി നേരെയാക്കാനാവില്ലെന്നോ ചിന്തിക്കരുത്‌. വാസ്‌തവത്തിൽ എന്താണ്‌ സംഭവിക്കുന്നത്‌? കൗമാരദശ കുട്ടിയുടെ വളർച്ചയിൽ എത്ര നിർണായകമായ പങ്കാണ്‌ വഹിക്കുന്നതെന്ന്‌ മനസ്സിലാക്കുമ്പോൾ അതിന്‌ ഉത്തരം ലഭിക്കും.

കൗമാരം—ഒരു വഴിത്തിരിവ്‌

നിങ്ങളുടെ കുട്ടിയുടെ ആദ്യത്തെ ചുവടുവെയ്‌പ്പ്‌, അവൻ ഉരുവിട്ട ആദ്യവാക്കുകൾ, അവൻ സ്‌കൂളിൽ ചേർന്ന ദിവസം—ഒരു മാതാവോ പിതാവോ എന്നനിലയിൽ നിങ്ങളെ ഏറെ സന്തോഷിപ്പിച്ചിട്ടുള്ള കാര്യങ്ങളായിരിക്കാം ഇതെല്ലാം. അവ കുട്ടിയുടെ വളർച്ചയുടെ തെളിവുകളായിരുന്നു.

കൗമാരവും ഇതുപോലെതന്നെ കുട്ടിയുടെ ജീവിതത്തിലെ പുതിയൊരു അധ്യായമാണ്‌. ചില മാതാപിതാക്കൾ പക്ഷേ അതിനെ ഒരൽപ്പം ആശങ്കയോടെയായിരിക്കും വരവേൽക്കുന്നത്‌. അത്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. നല്ല അനുസരണശീലമുണ്ടായിരുന്ന കുട്ടി, ഒന്നും പറഞ്ഞാൽ കേൾക്കാതെ തന്നിലേക്ക്‌ ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരനായി മാറുന്നത്‌ ഏത്‌ മാതാവിന്‌ അല്ലെങ്കിൽ പിതാവിനാണ്‌ സഹിക്കാനാവുക? ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടിയുടെ വളർച്ചയിലെ അനിവാര്യമായ ഒരു ഘട്ടമാണ്‌ കൗമാരം. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?

കാലാന്തരത്തിൽ, ‘പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിയും’ എന്ന്‌ ബൈബിൾ പറയുന്നു. (ഉല്‌പത്തി 2:24) മാതാപിതാക്കളെ വിട്ടുപിരിഞ്ഞ്‌ സ്വന്തമായി ജീവിതം ആരംഭിക്കുന്ന ആ ദിവസത്തിനായി ഒരു കുട്ടി സജ്ജനാക്കപ്പെടുന്ന കാലമാണ്‌ കൗമാരം. അന്ന്‌ നിങ്ങളുടെ കുട്ടിക്ക്‌ പൗലോസ്‌ അപ്പൊസ്‌തലനെപ്പോലെ ഇങ്ങനെ പറയാൻ കഴിയണം: “ശിശുവായിരുന്നപ്പോൾ ഞാൻ ശിശുവിനെപ്പോലെ സംസാരിച്ചു; ശിശുവിനെപ്പോലെ ചിന്തിച്ചു; ശിശുവിനെപ്പോലെ യുക്തിവിചാരം നടത്തി. പുരുഷനായശേഷമോ ശിശുസഹജമായതു ഞാൻ വിട്ടുകളഞ്ഞു.”—1 കൊരിന്ത്യർ 13:11.

ചുരുക്കിപ്പറഞ്ഞാൽ കൗമാരപ്രായത്തിൽ നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിൽ അതാണ്‌ സംഭവിക്കുന്നത്‌. ഈ കാലഘട്ടത്തിൽ ശിശുസഹജമായ സ്വഭാവങ്ങൾ വിട്ടുകളഞ്ഞ്‌ സ്വന്തം കാര്യം നോക്കാൻ പ്രാപ്‌തിയുള്ള, പക്വതയും ഉത്തരവാദിത്വബോധവുമുള്ള ഒരു യുവാവായിത്തീരാൻ പരിശീലനം നേടുകയാണ്‌ അവൻ. മാതാപിതാക്കളോടു വിടപറയാൻ തയ്യാറെടുക്കുന്ന ഒരു കാലഘട്ടമാണ്‌ കൗമാരമെന്ന്‌ ഒരു ഗ്രന്ഥം പറയുന്നു.

നിങ്ങളുടെ ‘കുഞ്ഞ്‌’ നിങ്ങളെ വിട്ടുപിരിയുമെന്ന ചിന്ത ഇപ്പോൾ നിങ്ങളിൽ ആശങ്കയുണർത്തിയേക്കാം. നിങ്ങൾ ചിന്തിച്ചേക്കാം:

“സ്വന്തം മുറിപോലും വൃത്തിയായി സൂക്ഷിക്കാൻ അറിയാത്ത എന്റെ മകൾ എങ്ങനെ ഒരു കുടുംബം നോക്കിനടത്തും?”

“പറഞ്ഞ സമയത്ത്‌ വീട്ടിൽ തിരിച്ചെത്താൻ കഴിയാത്ത എന്റെ മകൻ മുതിരുമ്പോൾ എങ്ങനെ ജോലിയുടെ കാര്യത്തിൽ സമയനിഷ്‌ഠ പാലിക്കും?”

ഇത്തരം ചിന്തകൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഒരു കാര്യം മനസ്സിൽപ്പിടിക്കുക: സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്‌തി പെട്ടെന്നൊരു ദിവസം ഉണ്ടാകുന്നതല്ല, വർഷങ്ങൾകൊണ്ട്‌ നേടിയെടുക്കേണ്ട ഒന്നാണത്‌. എന്നാൽ ഇപ്പോൾ നിങ്ങൾ കാണുന്നത്‌, “ബാലന്റെ (അല്ലെങ്കിൽ ബാലികയുടെ) ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു” എന്ന വാക്കുകളുടെ സത്യതയാണ്‌.—സദൃശവാക്യങ്ങൾ 22:15.

എങ്കിൽത്തന്നെയും ശരിയായ മാർഗദർശനം ലഭിക്കുന്നെങ്കിൽ, “ശരിയും തെറ്റും തിരിച്ചറിയാൻ തക്കവിധം ഉപയോഗത്താൽ . . . വിവേചനാപ്രാപ്‌തിയെ പരിശീലിപ്പിച്ചിരിക്കുന്ന” ഉത്തരവാദിത്തമുള്ള ഒരു വ്യക്തിയായി നിങ്ങളുടെ കുട്ടി മുതിർന്നുവരും.—എബ്രായർ 5:14.

വിജയരഹസ്യം

“വിവേചനാപ്രാപ്‌തി” വികസിപ്പിച്ചെടുക്കാൻ കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയെ സഹായിക്കേണ്ടതുണ്ട്‌. അങ്ങനെയാകുമ്പോൾ പിൽക്കാലത്ത്‌ സ്വന്തമായി നല്ല തീരുമാനങ്ങൾ എടുക്കാൻ അവൻ പ്രാപ്‌തനാകും. * (റോമർ 12:1, 2) പിൻവരുന്ന ബൈബിൾതത്ത്വങ്ങൾ സഹായകമായിരിക്കും.

ഫിലിപ്പിയർ 4:5: “നിങ്ങളുടെ ന്യായബോധം സകല മനുഷ്യരും അറിയട്ടെ.” കൗമാരപ്രായത്തിലുള്ള നിങ്ങളുടെ മകൻ നിങ്ങളോട്‌ ഒരു കാര്യം അഭ്യർഥിക്കുകയാണെന്നിരിക്കട്ടെ. ഒരുപക്ഷേ അൽപ്പംകൂടെ വൈകി വീട്ടിലെത്താനുള്ള അനുവാദമായിരിക്കാം അവൻ ചോദിക്കുന്നത്‌. ഉടനെ നിങ്ങളത്‌ നിരാകരിക്കുന്നു. “ഞാനെന്താ കൊച്ചുകുട്ടിയാണോ?” പരാതിയുടെ സ്വരത്തിൽ മകൻ ചോദിക്കുന്നു. “പിന്നല്ലാതെ, ഒരു കൊച്ചുകുട്ടിയെപ്പോലെത്തന്നെയാണ്‌ നിന്റെ പെരുമാറ്റം” എന്നായിരിക്കാം നിങ്ങളുടെ നാവിൽവരുന്നത്‌. എന്നാൽ അതു പറയുന്നതിനുമുമ്പ്‌ ഒരു കാര്യം ഓർക്കുക: ആവശ്യമായതിലധികം സ്വാതന്ത്ര്യമായിരിക്കാം കൗമാരക്കാർ ആഗ്രഹിക്കുന്നത്‌; മാതാപിതാക്കളാകട്ടെ വേണ്ടത്ര സ്വാതന്ത്ര്യം നൽകാൻ മടികാണിക്കുകയും ചെയ്യും. ഇടയ്‌ക്കൊക്കെ നിബന്ധനകളുടെ കാര്യത്തിൽ അൽപ്പം അയവു വരുത്താൻ നിങ്ങൾക്കാകുമോ? മകന്റെ അഭ്യർഥന കേട്ടമാത്രയിൽ നിരസിക്കുന്നതിനു പകരം ചുരുങ്ങിയപക്ഷം അത്‌ പരിഗണനയ്‌ക്കെടുക്കുകയെങ്കിലും ചെയ്‌തുകൂടേ?

പരീക്ഷിച്ചുനോക്കുക: മകന്‌ കുറച്ചുകൂടെ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാവുന്ന ഒന്നോ രണ്ടോ മേഖലകൾ എന്താണെന്ന്‌ എഴുതുക. പരീക്ഷണാടിസ്ഥാനത്തിലാണ്‌ ഇത്‌ അനുവദിക്കുന്നതെന്ന്‌ അവനോട്‌ വ്യക്തമാക്കുക. ഈ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താത്തപക്ഷം കാലക്രമത്തിൽ കുറെക്കൂടെ സ്വാതന്ത്ര്യം അനുവദിക്കാവുന്നതാണ്‌. മറിച്ചാണെങ്കിൽ അനുവദിച്ചിരിക്കുന്ന സ്വാതന്ത്ര്യം വെട്ടിക്കുറയ്‌ക്കുക.—മത്തായി 25:21.

കൊലോസ്യർ 3:21: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ അസഹ്യപ്പെടുത്തരുത്‌; അങ്ങനെചെയ്‌താൽ, അവരുടെ മനസ്സിടിഞ്ഞുപോകും.” ചില മാതാപിതാക്കൾ കുട്ടികളുടെമേൽ അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. അവന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ചുകൊണ്ട്‌ അവർ എപ്പോഴും അവന്റെ പുറകെത്തന്നെയുണ്ടാകും. അവൻ ആരെ കൂട്ടുകാരാക്കണമെന്ന്‌ മാതാപിതാക്കളായിരിക്കും തീരുമാനിക്കുന്നത്‌. അവന്‌ വരുന്ന ഫോൺകോളുകളൊക്കെ ഒളിഞ്ഞുനിന്നു കേൾക്കാൻ അവർ ശ്രമിക്കും. ഇതൊക്കെ വിപരീതഫലം ചെയ്യുകയേയുള്ളൂ. കുട്ടിയെ വീട്ടിൽ പൂട്ടിയിട്ടതുപോലെ വളർത്തുന്നത്‌ രക്ഷപ്പെടാനുള്ള പഴുത്‌ അന്വേഷിക്കാൻ അവനെ പ്രേരിപ്പിച്ചേക്കാം. സദാ സമയവും കൂട്ടുകാരെ കുറ്റപ്പെടുത്തി സംസാരിക്കുന്നത്‌ അവരോട്‌ അവന്‌ കൂടുതൽ അടുപ്പം തോന്നാൻ ഇടയാക്കും. ഒളിഞ്ഞുനിന്ന്‌ സംഭാഷണങ്ങൾ കേൾക്കുന്നത്‌ നിങ്ങളറിയാതെ മറ്റു മാർഗങ്ങളിലൂടെ കൂട്ടുകാരുമായി ബന്ധപ്പെടാൻ അവനെ പ്രേരിപ്പിക്കും. നിങ്ങൾ അവന്റെമേൽ പിടിമുറുക്കാൻ ശ്രമിക്കുന്തോറും നിങ്ങളുടെ പിടിയിൽനിന്ന്‌ കുതറിമാറാൻ അവൻ ഒന്നിനൊന്ന്‌ ശ്രമിച്ചുകൊണ്ടിരിക്കും. ഒടുവിൽ അവൻ പിടിവിട്ടുപോകുകയും ചെയ്യും. നിങ്ങളോടൊപ്പമായിരിക്കുമ്പോൾ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ അവൻ പഠിച്ചില്ലെങ്കിൽ, വീടുവിട്ടു പോയിക്കഴിയുമ്പോൾ അവന്‌ അതിനു കഴിയുമെന്ന്‌ തോന്നുന്നുണ്ടോ?

പരീക്ഷിച്ചുനോക്കുക: മകൻ ഉൾപ്പെട്ടിരിക്കുന്ന ഒരു പ്രശ്‌നത്തെക്കുറിച്ച്‌ അവനോടു സംസാരിക്കേണ്ടതുണ്ടെന്നു കരുതുക. അവന്റെ പ്രവൃത്തികൾ അവനെക്കുറിച്ച്‌ മറ്റുള്ളവർക്ക്‌ എന്തു ധാരണ നൽകുമെന്നു ചിന്തിക്കാൻ അവനെ സഹായിക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌, മകന്റെ കൂട്ടുകെട്ട്‌ ശരിയല്ലെന്ന്‌ തോന്നുന്നെങ്കിൽ കൂട്ടുകാരെ കുറ്റപ്പെടുത്തി സംസാരിക്കുന്നതിനു പകരം അവനോട്‌ ഇങ്ങനെ ചോദിക്കാവുന്നതാണ്‌: “എന്തെങ്കിലും കുഴപ്പംകാണിച്ച്‌ ആ കുട്ടി പോലീസിന്റെ പിടിയിലായാലോ? അവന്റെ കൂട്ടുകാരനായ നിന്നെക്കുറിച്ച്‌ മറ്റുള്ളവർ എന്തായിരിക്കും ധരിക്കുക?” മകന്റെ ഓരോ പ്രവൃത്തിയും അവന്റെ സത്‌പേരിനെ ഏതുവിധത്തിൽ ബാധിക്കുമെന്ന്‌ ചിന്തിക്കാൻ അവനെ പഠിപ്പിക്കുക.—സദൃശവാക്യങ്ങൾ 11:17, 22; 20:11.

എഫെസ്യർ 6:4: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ യഹോവയുടെ ശിക്ഷണത്തിലും അവന്റെ ചിന്തകൾക്ക്‌ അനുസൃതമായും അവരെ വളർത്തിക്കൊണ്ടുവരുക.” ദൈവത്തിന്റെ ‘ചിന്തകൾക്ക്‌ അനുസൃതമായി വളർത്തിക്കൊണ്ടുവരുക’ എന്നു പറയുമ്പോൾ അതിൽ കുറെ വസ്‌തുതകൾ കുട്ടിക്ക്‌ പറഞ്ഞുകൊടുക്കുന്നതു മാത്രമല്ല ഉൾപ്പെടുന്നത്‌. കുട്ടിയുടെ പ്രവൃത്തികളെ സ്വാധീനിക്കുമാറ്‌ അവന്റെ ധാർമികബോധത്തെ ഉണർത്തുന്നതും അതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ കുട്ടി കൗമാരത്തിലെത്തുമ്പോൾ ഇത്‌ വിശേഷാൽ പ്രധാനമാണ്‌. ആൻഡ്രേ എന്നൊരു പിതാവ്‌ പറയുന്നു, “കുട്ടികൾ വളരുന്തോറും സമീപനത്തിൽ കൂടുതൽ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ട്‌. അവരെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ കൂടുതൽ ശ്രമവും ആവശ്യമായിവന്നേക്കാം.”—2 തിമൊഥെയൊസ്‌ 3:14.

പരീക്ഷിച്ചുനോക്കുക: പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ മകനോട്‌, നിങ്ങളുടെ സ്ഥാനത്ത്‌ അവനായിരുന്നെങ്കിൽ എന്ത്‌ ഉപദേശമായിരിക്കും നൽകുകയെന്ന്‌ ആരായുക. അവന്റെ അഭിപ്രായത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്ന വാദഗതികൾ ഗവേഷണംചെയ്‌തു കണ്ടെത്താൻ ആവശ്യപ്പെടുക. ഒരാഴ്‌ചയ്‌ക്കുള്ളിൽ വീണ്ടും വിഷയം ചർച്ചയ്‌ക്കെടുക്കുക.

ഗലാത്യർ 6:7: “ഒരുവൻ വിതയ്‌ക്കുന്നതുതന്നെ കൊയ്യും.” കുട്ടികളായിരിക്കുമ്പോൾ, ഒറ്റക്കിരുത്തുന്നതോ കളിക്കാൻ വിടാതിരിക്കുന്നതോപോലുള്ള ശിക്ഷകൾ കൊടുക്കുന്നതിലൂടെ കാര്യങ്ങൾ പഠിപ്പിക്കാനായേക്കും. എന്നാൽ തന്റെ ചെയ്‌തിയുടെ ഭവിഷ്യത്ത്‌ കുറെയൊക്കെ സ്വയം അനുഭവിക്കാൻ വിടുന്നതായിരിക്കും ഒരു കൗമാരക്കാരന്റെ കാര്യത്തിൽ ഫലപ്രദമായിരിക്കുന്നത്‌.—സദൃശവാക്യങ്ങൾ 6:27.

പരീക്ഷിച്ചുനോക്കുക: അവൻ വരുത്തിവെച്ച കടങ്ങൾ വീട്ടാനോ പരീക്ഷയിൽ തോറ്റുപോയാൽ ടീച്ചറിന്റെ അടുത്തുചെന്ന്‌ ഒഴികഴിവുകൾ പറയാനോ ശ്രമിക്കരുത്‌. അതിന്റെ ഭവിഷ്യത്തുകൾ അവൻ സ്വയം അനുഭവിക്കട്ടെ. ആ പാഠം അവന്റെ മനസ്സിൽനിന്ന്‌ ഒരിക്കലും മായില്ല.

കൗമാരത്തിൽനിന്ന്‌ യൗവനത്തിലേക്കുള്ള കുട്ടിയുടെ ചുവടുവെപ്പ്‌ ആയാസരഹിതമായിരിക്കാൻ മാതാപിതാക്കളെന്നനിലയിൽ നിങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങൾ ആശിക്കുന്നതുപോലെ അത്‌ അത്ര സുഗമമായിരിക്കണമെന്നില്ല. എങ്കിലും, “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പി”ക്കുകയെന്ന ബൈബിളിന്റെ ആഹ്വാനത്തിനുചേർച്ചയിൽ നിങ്ങളുടെ മകന്‌ അല്ലെങ്കിൽ മകൾക്ക്‌ ആവശ്യമായ പരിശീലനം നൽകാനുള്ള അവസരമാണ്‌ കൗമാരദശ പ്രദാനംചെയ്യുന്നത്‌. (സദൃശവാക്യങ്ങൾ 22:6) ബൈബിൾതത്ത്വങ്ങൾ പിൻപറ്റുന്നെങ്കിൽ സന്തുഷ്ടമായ ഒരു ജീവിതം നയിക്കാൻ നിങ്ങളുടെ കുടുംബത്തിനു കഴിയും.

[അടിക്കുറിപ്പുകൾ]

^ ഖ. 3 പേര്‌ മാറ്റിയിട്ടുണ്ട്‌.

^ ഖ. 19 ലേഖനത്തിൽ മുഖ്യമായും ആൺകുട്ടികളെയാണ്‌ പരാമർശിച്ചിരിക്കുന്നതെങ്കിലും തത്ത്വങ്ങൾ പെൺകുട്ടികൾക്കും ബാധകമാണ്‌.

നിങ്ങളോടുതന്നെ ചോദിക്കുക. . .

മകനോ മകളോ വീട്ടിൽനിന്ന്‌ മാറിത്താമസിക്കാറാകുമ്പോഴേക്കും അവൻ അല്ലെങ്കിൽ അവൾ പിൻവരുന്ന കാര്യങ്ങൾ സ്വയംചെയ്യാൻ പ്രാപ്‌തി നേടിയിരിക്കുമോ?

നല്ലൊരു ആത്മീയചര്യ പിൻപറ്റാൻ

നല്ല തീരുമാനങ്ങളെടുക്കാൻ

മറ്റുള്ളവരുമായി നന്നായി ആശയവിനിമയം നടത്താൻ

ആരോഗ്യം കാത്തുസൂക്ഷിക്കാൻ

പണം കൈകാര്യം ചെയ്യാൻ

വീട്‌ വൃത്തിയായി സൂക്ഷിക്കാൻ

പരപ്രേരണകൂടാതെ കാര്യങ്ങൾ ചെയ്യാൻ

[12-ാം പേജിലെ ചിത്രം]

നിങ്ങളുടെ കുട്ടി ഉത്തരവാദിത്വത്തോടെ പെരുമാറുന്നെങ്കിൽ, അവന്‌ കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കരുതോ?