വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു തന്നെക്കുറിച്ച്‌ എന്തു പഠിപ്പിച്ചു?

യേശു തന്നെക്കുറിച്ച്‌ എന്തു പഠിപ്പിച്ചു?

യേശു തന്നെക്കുറിച്ച്‌ എന്തു പഠിപ്പിച്ചു?

“യേശുവിന്‌ താൻ ആരാണെന്നും താൻ എവിടെനിന്ന്‌ വന്നുവെന്നും എന്തിന്‌ വന്നുവെന്നും ഭാവിയിൽ തനിക്ക്‌ എന്തു സംഭവിക്കുമെന്നുമെല്ലാം നന്നായി അറിയാമായിരുന്നു.” —എഴുത്തുകാരനായ ഹെർബെർട്ട്‌ ലോക്യെർ

യേശു പഠിപ്പിച്ച കാര്യങ്ങൾ സ്വീകരിക്കുകയും അതിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നതിനുമുമ്പ്‌ അവനെക്കുറിച്ചുള്ള ചില കാര്യങ്ങൾ നാം അറിയണം: യേശു ആരാണ്‌? അവൻ എവിടെനിന്നു വന്നു? എന്തിനാണ്‌ അവൻ വന്നത്‌? മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹന്നാൻ എന്നിവർ എഴുതിയ സുവിശേഷങ്ങളിൽ അതിനുള്ള ഉത്തരമുണ്ട്‌. അവ വായിക്കുമ്പോൾ വാസ്‌തവത്തിൽ യേശുതന്നെ നമ്മോടു സംസാരിക്കുന്നതുപോലെ നമുക്ക്‌ അനുഭവപ്പെടും.

ഭൂജാതനാകുന്നതിനുമുമ്പേ അവൻ ജീവിച്ചിരുന്നു “അബ്രാഹാം ഉളവായതിനു മുമ്പേ ഞാൻ ഉണ്ട്‌” എന്ന്‌ യേശു ഒരിക്കൽ പറഞ്ഞു. (യോഹന്നാൻ 8:58) യേശു ജനിക്കുന്നതിന്‌ ഏതാണ്ട്‌ 2,000 വർഷംമുമ്പാണ്‌ അബ്രാഹാം ജീവിച്ചിരുന്നത്‌. എന്നാൽ അതിനുമുമ്പേ യേശു ഉണ്ടായിരുന്നു. എവിടെ? “ഞാൻ സ്വർഗത്തിൽനിന്ന്‌ ഇറങ്ങിവന്നിരിക്കുന്നു” എന്ന്‌ അവൻ പറഞ്ഞു.—യോഹന്നാൻ 6:38.

ദൈവപുത്രൻ യഹോവയാം ദൈവത്തിന്‌ ആത്മരൂപികളായ അനേകം പുത്രന്മാരുണ്ട്‌. ദൈവദൂതന്മാർ എന്നാണ്‌ അവരെ വിളിക്കുന്നത്‌. ‘ദൈവത്തിന്റെ ഏകജാതനായ പുത്രൻ’ എന്ന്‌ യേശു സ്വയം വിശേഷിപ്പിക്കുകയുണ്ടായി. (യോഹന്നാൻ 3:18) കാരണം ദൈവം നേരിട്ടു സൃഷ്ടിച്ചിട്ടുള്ളത്‌ യേശുവിനെ മാത്രമാണ്‌. പിന്നീട്‌ ഈ പുത്രൻ മുഖാന്തരമാണ്‌ ദൈവം മറ്റെല്ലാം സൃഷ്ടിച്ചത്‌.—കൊലോസ്യർ 1:16.

“മനുഷ്യപുത്രൻ” സ്വയം വിശേഷിപ്പിക്കാൻ യേശു ഏറ്റവുമധികം ഉപയോഗിച്ച ഒരു പദമാണിത്‌. (മത്തായി 8:20) താൻ മനുഷ്യരൂപമെടുത്ത ഒരു മാലാഖയോ അവതാരപുരുഷനോ അല്ലെന്ന്‌ അതിലൂടെ യേശു വ്യക്തമാക്കി. അതെ, പൂർണമായും അവൻ ഒരു മനുഷ്യനായിരുന്നു. ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ സ്വർഗത്തിലുള്ള തന്റെ പുത്രന്റെ ജീവനെ മറിയ എന്ന കന്യകയുടെ ഗർഭാശയത്തിലേക്കു മാറ്റുകയായിരുന്നു. അങ്ങനെ, യേശു പാപരഹിതനായ ഒരു പൂർണമനുഷ്യനായി ജനിച്ചു.—മത്തായി 1:18; ലൂക്കോസ്‌ 1:35; യോഹന്നാൻ 8:46.

വാഗ്‌ദത്ത മിശിഹാ “മിശിഹാ വരുന്നുവെന്ന്‌ എനിക്കറിയാം” എന്ന്‌ ശമര്യക്കാരിയായ ഒരു സ്‌ത്രീ യേശുവിനോടു പറഞ്ഞപ്പോൾ, “നിന്നോടു സംസാരിക്കുന്ന ഞാൻതന്നെയാണ്‌ അവൻ” എന്ന്‌ യേശു പ്രതിവചിച്ചു. (യോഹന്നാൻ 4:25, 26) “മിശിഹാ” അല്ലെങ്കിൽ “ക്രിസ്‌തു” എന്നതിന്റെ അർഥം “അഭിഷിക്തൻ” എന്നാണ്‌. ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ നിവർത്തിക്കുന്നതിൽ യേശുവിന്‌ സവിശേഷമായ ഒരു പങ്കുണ്ട്‌. ആ ധർമം നിറവേറ്റാനാണ്‌ ദൈവം യേശുവിനെ അഭിഷേകം ചെയ്‌തിരിക്കുന്നത്‌.

യേശുവിന്റെ പ്രധാന ദൗത്യം “ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം ഘോഷിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്‌” എന്ന്‌ യേശു ഒരിക്കൽ പറഞ്ഞു. (ലൂക്കോസ്‌ 4:43) ക്ലേശിതർക്കും നിരാലംബർക്കും വേണ്ടി യേശു അനേകം നല്ല കാര്യങ്ങൾ ചെയ്‌തെങ്കിലും ദൈവരാജ്യത്തെക്കുറിച്ച്‌ പ്രസംഗിക്കുന്നതിനാണ്‌ അവൻ ഊന്നൽ നൽകിയത്‌. ആ രാജ്യത്തെക്കുറിച്ച്‌ അവൻ പഠിപ്പിച്ച കാര്യങ്ങൾ മറ്റൊരു ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട്‌.

യേശു നമ്മെപ്പോലുള്ള ഒരു മനുഷ്യനല്ലായിരുന്നു. * ഭൂജാതനാകുന്നതിനുമുമ്പ്‌ അവൻ സ്വർഗത്തിൽ ജീവിച്ചിരുന്നു എന്ന വസ്‌തുത കണക്കിലെടുക്കുമ്പോഴാണ്‌, അവൻ പഠിപ്പിച്ച കാര്യങ്ങളുടെ പ്രാധാന്യം നമുക്ക്‌ വ്യക്തമാകുന്നത്‌. അതിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ, അവൻ നൽകിയ സന്ദേശം ജനലക്ഷങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചതിൽ അത്ഭുതപ്പെടാനുണ്ടോ?

[അടിക്കുറിപ്പ്‌]

^ ഖ. 9 യേശുവിനെയും ദൈവോദ്ദേശ്യത്തിൽ അവൻ വഹിക്കുന്ന പങ്കിനെയും കുറിച്ച്‌ കൂടുതൽ മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിലെ 4-ാം അധ്യായം കാണുക.