വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഗോള പ്രശ്‌നത്തിന്‌ ആഗോള പരിഹാരം

ആഗോള പ്രശ്‌നത്തിന്‌ ആഗോള പരിഹാരം

ആഗോള പ്രശ്‌നത്തിന്‌ ആഗോള പരിഹാരം

ദുരിതങ്ങളാണ്‌ ഇന്ന്‌ എവിടെയും. സഹജീവികൾ കഷ്ടപ്പെടുന്നതു കണ്ട്‌ മനസ്സലിഞ്ഞ്‌ പലരും സഹായഹസ്‌തവുമായി ഓടിയെത്താറുണ്ട്‌. ആതുരസേവകർ, അഗ്നിശമനസേന, പോലീസ്‌, ഭരണകർത്താക്കൾ, ദുരിതാശ്വാസ പ്രവർത്തകർ ഇവരുടെയെല്ലാം ലക്ഷ്യം ഒന്നുതന്നെ: സഹമനുഷ്യരെ ദുരിതങ്ങളിൽ സഹായിക്കുക, അല്ലെങ്കിൽ ദുരിതങ്ങൾ തടയുക. കുറെ പേർക്കൊക്കെ സഹായമെത്തിച്ചുകൊടുക്കാൻ ഇവർക്കു കഴിഞ്ഞേക്കുമെങ്കിലും ഭൂമുഖത്തുനിന്ന്‌ കഷ്ടപ്പാട്‌ ഇല്ലായ്‌മചെയ്യുന്നത്‌ ഏതെങ്കിലും മനുഷ്യനെക്കൊണ്ടോ സംഘടനകളെക്കൊണ്ടോ സാധിക്കുന്ന കാര്യമല്ല. എന്നാൽ ഇതിന്‌ ഒരു ആഗോള പരിഹാരം കൊണ്ടുവരാൻ ദൈവത്തിനു കഴിയും, തീർച്ചയായും അവനത്‌ ചെയ്യും.

ആ ഉറപ്പ്‌ ബൈബിളിന്റെ അവസാന പുസ്‌തകമായ വെളിപാടിൽ നമുക്കു കാണാം: “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപാട്‌ 21:4) എത്രയെത്ര ആളുകളായിരിക്കും ഈ വാഗ്‌ദാനത്തിന്റെ നിവൃത്തി പ്രാപിക്കുന്നത്‌! അതെ, സകല കഷ്ടതകളും അവസാനിപ്പിക്കാനുള്ള ദൈവത്തിന്റെ ഉറച്ച തീരുമാനമാണ്‌ ആ തിരുവെഴുത്തിൽ പ്രതിഫലിച്ചുകാണുന്നത്‌. ദുഷ്ടമനുഷ്യരോടൊപ്പം യുദ്ധം, പട്ടിണി, രോഗം, അനീതി എന്നിവയെയും ഈ ഭൂമുഖത്തുനിന്ന്‌ തുടച്ചുനീക്കിക്കൊണ്ടായിരിക്കും ദൈവം അതു ചെയ്യുക. ഏതെങ്കിലും മനുഷ്യനെക്കൊണ്ട്‌ അതു സാധിക്കുമോ?

ദൈവരാജ്യം എന്തു ചെയ്യും?

ദൈവം തന്റെ വാഗ്‌ദാനങ്ങൾ നിറവേറ്റുന്നത്‌ മരണത്തിൽനിന്ന്‌ ഉയിർപ്പിക്കപ്പെട്ടവനായ യേശുക്രിസ്‌തുവിലൂടെ ആയിരിക്കും. ദൈവംകഴിഞ്ഞാൽ പ്രപഞ്ചത്തിൽ അടുത്ത സ്ഥാനം വഹിക്കുന്ന യേശു, പെട്ടെന്നുതന്നെ മുഴുഭൂമിയുടെയും ഭരണം ഏറ്റെടുക്കും. അവന്റെ ഭരണത്തെ എതിർക്കുന്നവരായി ആരും അന്ന്‌ ഉണ്ടായിരിക്കുകയില്ല. മാനുഷ രാജാക്കന്മാരോ ഭരണകർത്താക്കളോ രാഷ്‌ട്രീയക്കാരോ മേലാൽ മനുഷ്യവർഗത്തെ ഭരിക്കുകയില്ല. ഒരു രാജാവും ഒരു ഭരണകൂടവും മാത്രമേ പിന്നീട്‌ ഉണ്ടായിരിക്കൂ.

ആ ഭരണകൂടം, അതായത്‌ ദൈവരാജ്യം എല്ലാ മാനുഷ ഗവണ്മെന്റുകളെയും നീക്കംചെയ്യും. ഇതേക്കുറിച്ച്‌ നാളുകൾക്കുമുമ്പേ ബൈബിൾ ഇങ്ങനെ പറഞ്ഞു: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏൽപ്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.” (ദാനീയേൽ 2:44) നീതിയോടെ ഭരിക്കുന്ന ദൈവരാജ്യത്തിൻകീഴിൽ ഭൂമിയിലെ എല്ലാ ആളുകളും ഐക്യത്തിൽ കഴിയും.

യേശു ഭൂമിയിലായിരുന്നപ്പോൾ ആ രാജ്യത്തെക്കുറിച്ച്‌ പലപ്പോഴും സംസാരിച്ചിട്ടുണ്ട്‌. ശിഷ്യന്മാരെ പ്രാർഥിക്കാൻ പഠിപ്പിക്കവെ യേശു പറഞ്ഞു: “നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുവിൻ: ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ . . . നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.’” (മത്തായി 6:9, 10) യേശു ദൈവരാജ്യത്തെ, ദൈവേഷ്ടം ഭൂമിയിൽ ചെയ്യപ്പെടുന്നതുമായി ബന്ധപ്പെടുത്തി സംസാരിച്ചത്‌ ശ്രദ്ധിക്കുക. ഭൂമിയിൽനിന്ന്‌ കഷ്ടപ്പാടുകൾ തുടച്ചുനീക്കുന്നത്‌ ദൈവേഷ്ടത്തിൽ ഉൾപ്പെടുന്നു.

ഒരു മാനുഷ ഭരണകൂടത്തിനും നൽകാനാകാത്ത അനുഗ്രഹങ്ങളായിരിക്കും ദൈവത്തിന്റെ നീതിയുള്ള ഗവണ്മെന്റ്‌ മനുഷ്യരുടെമേൽ ചൊരിയുക. മനുഷ്യർക്ക്‌ നിത്യജീവൻ ലഭിക്കാനായി യഹോവ തന്റെ പുത്രനെ ഒരു മറുവിലയായി നൽകിയെന്ന വസ്‌തുത നാം കണ്ടതാണ്‌. ദൈവരാജ്യഭരണത്തിൻകീഴിൽ ഒടുവിൽ മനുഷ്യർ പൂർണരായിത്തീരും. ‘(യഹോവ) മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവ്‌ സകല മുഖങ്ങളിലുംനിന്ന്‌ കണ്ണുനീർ തുടയ്‌ക്കും.’—യെശയ്യാവു 25:8.

എന്നാൽ ‘ഇതുവരെ ദൈവം ഒന്നുംചെയ്യാഞ്ഞത്‌ എന്തുകൊണ്ടാണ്‌? എന്തിനുവേണ്ടിയാണ്‌ അവൻ കാത്തിരിക്കുന്നത്‌?’ എന്നൊക്കെ ചിലർ ചോദിച്ചേക്കാം. കാലങ്ങൾക്കുമുമ്പുതന്നെ യഹോവയ്‌ക്കു വേണമെങ്കിൽ ദുരിതങ്ങൾ ഇല്ലായ്‌മചെയ്യാൻ കഴിയുമായിരുന്നു, അല്ലെങ്കിൽ അവയ്‌ക്കു തടയിടാനാകുമായിരുന്നു. എന്നാൽ ദുരിതങ്ങൾ നിലനിൽക്കാൻ അവൻ അനുവദിച്ചിരിക്കുന്നു. എന്തെങ്കിലും സ്വാർഥലക്ഷ്യങ്ങളോടെയല്ല, മറിച്ച്‌ ഭൂമിയിലെ തന്റെ മക്കളുടെ നിത്യപ്രയോജനം മുന്നിൽക്കണ്ടാണ്‌ അവൻ അങ്ങനെ ചെയ്‌തിരിക്കുന്നത്‌. മക്കളുടെ ആയുരാരോഗ്യത്തിന്‌ ഗുണംചെയ്യുമെങ്കിൽ വേദനാകരമായ ചില സാഹചര്യങ്ങളിലൂടെ കടന്നുപോകാൻ മാതാപിതാക്കൾ അവരെ അനുവദിക്കാറില്ലേ? അതുപോലെ, കുറച്ചുകാലത്തേക്ക്‌ ദുരിതങ്ങൾ നിലനിൽക്കാൻ ദൈവം അനുവദിച്ചിരിക്കുന്നത്‌ നല്ല കാരണത്തോടെയാണ്‌. ആ കാരണങ്ങൾ ബൈബിളിൽ വിവരിച്ചിട്ടുണ്ട്‌. മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യം, പാപം, യഹോവയുടെ ഭരണാധിപത്യത്തിന്റെ യുക്തത സംബന്ധിച്ച വിവാദം എന്നിവയെല്ലാം അതിൽ ഉൾപ്പെട്ടിരിക്കുന്നു. മാത്രമല്ല, കുറച്ചുകാലത്തേക്ക്‌ ഈ ലോകത്തെ ഭരിക്കാൻ ദൈവം ദുഷ്ടനായ ഒരു ആത്മരൂപിയെ അനുവദിച്ചിരിക്കുന്നു എന്നും ബൈബിൾ പറയുന്നു. *

ആ കാരണങ്ങളെല്ലാം വിവരിക്കാൻ സ്ഥലം പോരാ. എന്നാൽ അതിൽ രണ്ടെണ്ണം നമുക്ക്‌ വിശേഷിച്ചും പ്രത്യാശയും പ്രോത്സാഹനവും പകരുന്നതാണ്‌. ഒന്നാമത്തെ കാരണം ഇതാണ്‌: യഹോവ നൽകാനിരിക്കുന്ന അനുഗ്രഹങ്ങളോടുള്ള താരതമ്യത്തിൽ ഇന്നു നാം അനുഭവിക്കുന്ന ഏതൊരു കഷ്ടതയും നിസ്സാരമാണ്‌. ദൈവം നമുക്ക്‌ ഇങ്ങനെയൊരു ഉറപ്പുനൽകുന്നു: “മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.” (യെശയ്യാവു 65:17) ദൈവം കഷ്ടത അനുവദിച്ചിരിക്കുന്നതിന്റെ ഫലമായി ഇന്നു നമുക്കുണ്ടായേക്കാവുന്ന ഏതൊരു നഷ്ടവും പൂർണമായും ശാശ്വതമായും നികത്താൻ ദൈവത്തിനാകും.

ദുരിതങ്ങൾക്ക്‌ തിരശ്ശീലയിടാൻ ദൈവം ഒരു സമയം നിശ്ചയിച്ചിരിക്കുന്നു. ഇതാണ്‌ രണ്ടാമത്തെ കാരണം. അക്രമവും കലഹവും എത്രനാൾ അനുവദിക്കുമെന്ന്‌ പ്രവാചകനായ ഹബക്കൂക്‌ യഹോവയോടു ചോദിച്ചത്‌ ഓർക്കുന്നുണ്ടോ? അതിന്‌ യഹോവ നൽകിയ മറുപടി ഇതായിരുന്നു: “ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു . . . അതു വരും നിശ്ചയം; താമസിക്കയുമില്ല.” (ഹബക്കൂക്‌ 2:3) അടുത്ത ലേഖനത്തിൽ നാം കാണാൻപോകുന്നതുപോലെ ആ സമയം അടുത്തെത്തിയിരിക്കുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 9 ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണ്‌ എന്നതിനെക്കുറിച്ചുള്ള വിശദീകരണം യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 11-ാം അധ്യായത്തിൽ കാണാവുന്നതാണ്‌.

[7-ാം പേജിലെ ചതുരം]

ശോഭനമായ ഭാവിയിലേക്കു വിരൽചൂണ്ടുന്ന തിരുവെഴുത്തുകൾ

യുദ്ധങ്ങളില്ല:

“വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു! അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു.”—സങ്കീർത്തനം 46:8, 9.

പ്രിയപ്പെട്ടവർ ജീവനിലേക്കു തിരിച്ചുവരും:

“നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകുമെന്നാണ്‌ ദൈവത്തിലുള്ള എന്റെ പ്രത്യാശ; ഇവരും ഇതുതന്നെ പ്രത്യാശിക്കുന്നു.”—പ്രവൃത്തികൾ 24:15.

എല്ലാവർക്കും ആഹാരം:

“ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.”—സങ്കീർത്തനം 72:16.

രോഗങ്ങളുണ്ടായിരിക്കില്ല:

“എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.”—യെശയ്യാവു 33:24.

ദുഷ്ടന്മാർ നശിപ്പിക്കപ്പെടും:

“ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.”—സദൃശവാക്യങ്ങൾ 2:22.

എങ്ങും നീതി കളിയാടും:

“ഒരു രാജാവു (ക്രിസ്‌തുയേശു) നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.”—യെശയ്യാവു 32:1.

[7-ാം പേജിലെ ചിത്രങ്ങൾ]

നാം സഹിച്ച ഏതൊരു കഷ്ടതയ്‌ക്കും ദൈവരാജ്യം ഒരു പ്രതിവിധിയുണ്ടാക്കും