ശേം—രണ്ടു യുഗങ്ങളിലെ ദുഷ്ടത കണ്ടവൻ
മക്കളെ പഠിപ്പിക്കാൻ
ശേം—രണ്ടു യുഗങ്ങളിലെ ദുഷ്ടത കണ്ടവൻ
നോഹയുടെ മകനായിരുന്നു ശേം. അവൻ ജീവിച്ച ലോകത്തെ ദൈവം നശിപ്പിച്ചപ്പോൾ അവൻ അതിജീവിച്ചു. ഒരു പുതിയ തുടക്കമായിരുന്നു പിന്നെ, രണ്ടാമതൊരു യുഗത്തിന്റെ. അവൻ ജീവിച്ചിരുന്ന ആദ്യത്തെ ലോകം നശിപ്പിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് അറിയാമോ?— * നമുക്കു നോക്കാം.
ശേം അന്ന് ചെറുപ്പമായിരുന്നു. അക്കാലത്ത് “മനുഷ്യന്റെ ദുഷ്ടത വലിയ”തായിരുന്നുവെന്ന് ബൈബിൾ പറയുന്നു. “ദോഷമുള്ള” കാര്യങ്ങളായിരുന്നു അവർ “എല്ലായ്‌പോഴും” ചിന്തിച്ചിരുന്നത്. അതുകൊണ്ട് ദൈവം എന്തു ചെയ്‌തെന്നോ?— ആ ദുഷ്ടലോകത്തെ നീക്കിക്കളയാൻ അവൻ ഒരു ജലപ്രളയം വരുത്തി. അതേക്കുറിച്ച് പത്രോസ് അപ്പൊസ്‌തലൻ എഴുതിയത് ഇങ്ങനെയാണ്: “പ്രളയമുണ്ടായപ്പോൾ അന്നത്തെ ലോകം ആ വെള്ളത്താൽ നശിച്ചു.”—ഉല്‌പത്തി 6:5; 2 പത്രോസ് 3:6.
ആ ലോകത്തെ നശിപ്പിച്ചത് എന്തിനാണെന്ന് മനസ്സിലായോ?— അന്നത്തെ ആളുകൾ വളരെ മോശമായ കാര്യങ്ങൾ ചെയ്‌തിരുന്നു. അവർ എല്ലായ്‌പോഴും ചിന്തിച്ചിരുന്നതും അത്തരം കാര്യങ്ങളായിരുന്നു. “ജലപ്രളയത്തിനു മുമ്പുള്ള നാളുകളിൽ” അവർ ‘തിന്നുകയും കുടിക്കുകയും വിവാഹം കഴിക്കുകയുമൊക്കെ’ ചെയ്‌തുകൊണ്ട് എപ്പോഴും സുഖിച്ചുകഴിയുകയായിരുന്നു എന്ന് യേശു പറയുകയുണ്ടായി. അവരെക്കുറിച്ച് ഒരുകാര്യംകൂടി അവൻ പറഞ്ഞു: “ജലപ്രളയം വന്ന് അവരെ എല്ലാവരെയും നീക്കിക്കളയുവോളം അവർ ഗൗനിച്ചതേയില്ല.”—മത്തായി 24:37-39.
എന്താണ് അവർ ഗൗനിക്കാതെ പോയത്?— ശേമിന്റെ പിതാവായ നോഹ ‘നീതിപ്രസംഗിയായിരുന്നു.’ എന്നാൽ നോഹ പറഞ്ഞതൊന്നും അന്നുണ്ടായിരുന്ന ആളുകൾ കേൾക്കാൻ കൂട്ടാക്കിയില്ല. ദൈവം പറഞ്ഞതനുസരിച്ച് നോഹ ഒരു പെട്ടകം പണിതു. പ്രളയം ഉണ്ടാകുമ്പോൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ആ പെട്ടകത്തിൽ കയറി നോഹയ്‌ക്കും കുടുംബത്തിനും രക്ഷപ്പെടാൻ കഴിയുമായിരുന്നു. നോഹയും ഭാര്യയും അവരുടെ മൂന്ന് ആൺമക്കളും അവരുടെ ഭാര്യമാരും മാത്രമാണ് ദൈവം പറഞ്ഞതുപോലെ പ്രവർത്തിച്ചത്. മറ്റുള്ളവർ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയായിരുന്നു. അതുകൊണ്ടാണ് അവർ പ്രളയത്തിൽ നശിച്ചുപോയത്.—2 പത്രോസ് 2:5; 1 പത്രോസ് 3:20.
പ്രളയം തുടങ്ങി ഏതാണ്ട് ഒരുവർഷം കഴിഞ്ഞപ്പോൾ ശേമും കുടുംബവും പെട്ടകത്തിനു വെളിയിലിറങ്ങി, അപ്പോഴേക്കും നിലമെല്ലാം ഉണങ്ങിയിരുന്നു. ദുഷ്ടന്മാരെല്ലാം നശിച്ചുപോയിരുന്നു. എന്നാൽ പെട്ടെന്നുതന്നെ കാര്യങ്ങൾക്കു മാറ്റം സംഭവിച്ചു. ശേമിന്റെ സഹോദരൻ ഹാമിന്റെ മകനായ കനാൻ വളരെ മോശമായ ഒരു കാര്യം ചെയ്‌തു. അതുകൊണ്ട് നോഹ അവനെ ശപിച്ചു. അങ്ങനെ ‘കനാൻ ശപിക്കപ്പെട്ടവനായി.’ ഹാമിന്റെ കൊച്ചുമകനായ നിമ്രോദും ദുഷ്ടനായിരുന്നു. അവൻ സത്യദൈവമായ യഹോവയോട് മത്സരിച്ച് സ്വന്തമായി പേരും ഉല്‌പത്തി 9:25; 10:6-10; 11:4, 5.
പ്രശസ്‌തിയുമുണ്ടാക്കാൻ ഒരു വലിയ ഗോപുരം പണിയാൻതുടങ്ങി. അതിന് കുറെ ആളുകളെയും അവൻ സംഘടിപ്പിച്ചു. ശേമിനും നോഹയ്‌ക്കും അതു കണ്ടപ്പോൾ എന്തു തോന്നിക്കാണും?—അവർക്ക് ദുഃഖം തോന്നി, യഹോവയ്‌ക്കും. യഹോവ എന്താണ് ചെയ്‌തതെന്ന് അറിയാമോ?— അവൻ അവരുടെ ഭാഷ കലക്കി. പിന്നെയവർക്ക് പരസ്‌പരം പറയുന്നതെന്താണെന്ന് മനസ്സിലായില്ല. അങ്ങനെ അവർക്ക് പണി നിറുത്തേണ്ടിവന്നു. ഓരോ ഭാഷക്കാരും തമ്മിൽ വേർപിരിഞ്ഞു. ഒരേ ഭാഷ സംസാരിക്കുന്നവർ ഒരേ സ്ഥലത്ത് താമസമാക്കി. (ഉല്‌പത്തി 11:6-9) എന്നാൽ ശേമിന്റെയും കുടുംബത്തിന്റെയും ഭാഷ ദൈവം മാറ്റിയില്ല. അതുകൊണ്ട് അവർക്ക് ഒരുമിച്ചു താമസിക്കാനും ഒറ്റക്കെട്ടായി സത്യദൈവത്തെ ആരാധിക്കാനും കഴിഞ്ഞു. ശേം എത്രകാലം യഹോവയെ സേവിച്ചു എന്നറിയാമോ?—
600 വയസ്സുവരെ ശേം ജീവിച്ചു—98 വർഷം ജലപ്രളയത്തിനുമുമ്പും 502 വർഷം പ്രളയത്തിനുശേഷവും. പെട്ടകം പണിയാനും പ്രളയത്തെക്കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പു കൊടുക്കാനും അവൻ നോഹയെ സഹായിച്ചിട്ടുണ്ട്. എന്നാൽ പ്രളയത്തിനുശേഷം ജീവിച്ചിരുന്ന ആ 500 വർഷം ശേം എന്താണ് ചെയ്‌തത്?— നോഹ യഹോവയെ ‘ശേമിന്റെ ദൈവം’ എന്നു വിളിക്കുന്നതായി നാം ബൈബിളിൽ കാണുന്നു. അതിൽനിന്ന് നമുക്കൊരു കാര്യം മനസ്സിലാക്കാം. ശേം യഹോവയെ സേവിച്ചിരുന്നവനായിരുന്നു. അങ്ങനെ ചെയ്യാൻ തന്റെ കുടുംബത്തെയും അവൻ പ്രേരിപ്പിച്ചിരുന്നു. പിന്നീട് ശേമിന്റെ കുടുംബത്തിലാണ് അബ്രാഹാം, സാറാ, യിസ്‌ഹാക്ക് എന്നിവർ ജനിക്കുന്നത്.—ഉല്‌പത്തി 9:26; 11:10-31; 21:1-3.
ഇന്നത്തെ കാലം ശേം ജീവിച്ചിരുന്ന കാലത്തെക്കാൾ വളരെവളരെ മോശമാണ്. അങ്ങനെയെങ്കിൽ ഈ ലോകത്തിന് എന്തു സംഭവിക്കും?— “ലോകവും അതിന്റെ മോഹവും നീങ്ങിപ്പോകുന്നു” എന്ന് ബൈബിൾ പറയുന്നു. എന്നാൽ “ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കുന്നു” എന്ന ഉറപ്പും ബൈബിൾ നൽകുന്നുണ്ട്. നാം ദൈവേഷ്ടം ചെയ്‌താൽ ദൈവത്തിന്റെ പുതിയ ഭൂമിയിലേക്ക് കടക്കാൻ നമുക്കു കഴിയും. ദൈവത്തിന്റെ സഹായത്താൽ ഈ ഭൂമിയിൽ എന്നേക്കും സന്തോഷത്തോടെ ജീവിക്കാനും നമുക്കാകും.—1 യോഹന്നാൻ 2:17; സങ്കീർത്തനം 37:29; യെശയ്യാവു 65:17.
[അടിക്കുറിപ്പ്]
^ ഖ. 3 നിങ്ങൾ കുട്ടിക്കു വായിച്ചുകൊടുക്കുകയാണെങ്കിൽ ചോദ്യചിഹ്നത്തിനു ശേഷം നെടുവര വരുന്നിടത്തു നിറുത്താൻ ഓർമിക്കുക. എന്നിട്ട്, അഭിപ്രായം പറയാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
ചോദ്യങ്ങൾ:
❍ എങ്ങനെയുള്ള ഒരു ലോകത്തിലാണ് ശേം ആദ്യം ജീവിച്ചത്? ദൈവം ആ ലോകത്തെ നശിപ്പിക്കാനുണ്ടായ രണ്ടുകാരണങ്ങൾ ഏതെല്ലാം?
❍ ശേം എത്ര കാലം ജീവിച്ചു? അവൻ എങ്ങനെയുള്ള മനുഷ്യനായിരുന്നു?
❍ ഈ ലോകത്തിന് വേഗംതന്നെ എന്തു സംഭവിക്കും?
❍ ഈ ലോകം അവസാനിക്കുമ്പോൾ രക്ഷപ്പെടാൻ നാം എന്തു ചെയ്യണം?