ദൈവം എന്തു ചെയ്‌തുകൊണ്ടിരിക്കുകയാണ്?
ദൈവം എന്തു ചെയ്‌തുകൊണ്ടിരിക്കുകയാണ്?
“യഹോവേ, നീ ദൂരത്തു നില്‌ക്കുന്നതെന്ത്? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്ത്?” *—സങ്കീർത്തനം 10:1.
വാർത്താശീർഷകങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാൽ മനസ്സിലാകും നാം ജീവിക്കുന്നത് “കഷ്ടകാലത്ത്” ആണെന്ന്. ഇനി, നമ്മുടെതന്നെ ജീവിതത്തിൽ കഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ഒരുപക്ഷേ, നാം ഏതെങ്കിലും കുറ്റകൃത്യത്തിനോ അപകടത്തിനോ ഇരയായിട്ടുണ്ടായിരിക്കാം. അതല്ലെങ്കിൽ പ്രിയപ്പെട്ട ആരെങ്കിലും മരണത്തിൽ നമ്മെ വേർപിരിഞ്ഞിട്ടുണ്ടാവാം. അത്തരം സന്ദർഭങ്ങളിൽ നാം ഇങ്ങനെ ചോദിച്ചിരിക്കാം: ദൈവം ഇതൊന്നും കാണുന്നില്ലേ? അവനു നമ്മെപ്പറ്റി യാതൊരു ചിന്തയുമില്ലേ? ഇനി, ദൈവം എന്നൊരാൾതന്നെ ഉണ്ടോ?
എന്നാൽ ഇത്തരം ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ പൊന്തിവരുന്നത് എന്തുകൊണ്ടായിരിക്കും? ഒരുപക്ഷേ, ദൈവത്തെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകൾ തെറ്റായ ചില ധാരണകളിൽ അധിഷ്‌ഠിതമായതുകൊണ്ട് ആയിരിക്കുമോ? അതു വ്യക്തമാകാൻ ഒരു കൊച്ചു കുട്ടിയുടെ കാര്യംതന്നെയെടുക്കുക. അവന്റെ ഡാഡി ജോലിക്കു പോയിരിക്കുകയാണ്. പിതാവിനെ കാണാത്തതിൽ അവന് അതിയായ വിഷമമുണ്ട്. തനിക്ക് ആരോരുമില്ലാത്തതുപോലെ അവന് അനുഭവപ്പെടുന്നു. ‘ഡാഡി വേഗം വന്നിരുന്നെങ്കിൽ’ എന്നാണ് അവന്റെ ആഗ്രഹം. അതുകൊണ്ട് “ഡാഡി എന്തിയേ?” എന്ന് അവൻ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നു.
ഈ കുട്ടിയുടെ പ്രതീക്ഷ അസ്ഥാനത്താണെന്ന് നമുക്കറിയാം; കാരണം കുടുംബം പോറ്റാനായി അവന്റെ പിതാവിന് അപ്പോൾ പണിയെടുക്കേണ്ടതുണ്ട്. “ദൈവം എവിടെയാണ്” എന്നു ചോദിക്കുമ്പോൾ സമാനമായ ഒരു അപാകതയായിരിക്കുമോ ഒരുപക്ഷേ, നമ്മുടെ ചിന്തയിലും നിഴലിക്കുന്നത്?
ഉദാഹരണത്തിന്, ചിലർ ആഗ്രഹിക്കുന്നത് തെറ്റു ചെയ്യുന്നവർക്ക് ഉടനടി ശിക്ഷ കൊടുക്കുന്ന ഒരു വ്യക്തിയായിരിക്കണം ദൈവം എന്നാണ്. ഇനി, മറ്റുചിലർക്ക് ചോദിക്കുന്നതെല്ലാം നൽകുന്ന ഒരു സ്വർഗീയ സാന്താക്ലോസ് ആയി ദൈവത്തെ കാണാനാണ് ഇഷ്ടം—ഒരു ജോലിയോ ബമ്പർ സമ്മാനമോ വിവാഹ ഇണയെയോ ഒക്കെ നൽകുന്ന ഒരാൾ.
എന്നാൽ ദൈവം ഉടനടി നീതി നടപ്പാക്കുകയോ ചോദിക്കുന്നതെല്ലാം അപ്പപ്പോൾ നൽകുകയോ ചെയ്യാതെ വരുമ്പോൾ, അവൻ നമ്മുടെ കഷ്ടപ്പാടുകളിൽ മനസ്സലിയാത്ത ഹൃദയശൂന്യനും അതുപോലെ നമ്മുടെ ആവശ്യങ്ങളെക്കുറിച്ച് യാതൊരു ചിന്തയും ഇല്ലാത്തവനും ആണെന്ന നിഗമനത്തിൽ അവർ എത്തുന്നു. എന്നാൽ ഇതിൽനിന്നെല്ലാം എത്രയോ അകലെയാണ് യാഥാർഥ്യം! വാസ്‌തവത്തിൽ, മാനവകുടുംബത്തിന്റെ ക്ഷേമം മുൻനിറുത്തി യഹോവയാം ദൈവം ഈ നിമിഷംപോലും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്; എന്നാൽ അതു പലരും പ്രതീക്ഷിക്കുന്ന വിധത്തിൽ അല്ലെന്നുമാത്രം.
അങ്ങനെയെങ്കിൽ ദൈവം ഇപ്പോൾ എന്തായിരിക്കും ചെയ്യുന്നത്? അതറിയുന്നതിന് മനുഷ്യചരിത്രത്തിന്റെ തുടക്കത്തിലേക്ക്, ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന് സാരമായ ഉലച്ചിൽ തട്ടിയ ആ സമയത്തേക്ക് നാം പോകേണ്ടിയിരിക്കുന്നു.
പാപത്തിന്റെ വിനാശകഫലങ്ങൾ
ഇതൊന്നു വിഭാവന ചെയ്യൂ: വർഷങ്ങളായി താറുമാറായി കിടക്കുന്ന ഒരു വീട്. മേൽക്കൂര ആകെ ദ്രവിച്ചിരിക്കുന്നു. കതകുകൾ വിജാഗിരിയിൽനിന്ന് ഇളകി തൂങ്ങിനിൽക്കുകയാണ്. ഭിത്തികളെല്ലാം പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. ഒരുകാലത്ത് വളരെ മനോഹരമായ
ഒരു വീടായിരുന്നു അത്. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. സംഭവിച്ചിരിക്കുന്ന കേടുപാടുകൾ വിലയിരുത്തുമ്പോൾ അതിന്റെ കേടുപോക്കൽ ഒരു നിസ്സാര സംഗതിയല്ല; ഒറ്റ ദിവസംകൊണ്ടൊന്നും തീരുന്ന പണിയല്ലത്.സമാനമായ ഒരു തകർച്ചയാണ് മനുഷ്യവർഗത്തിനും സംഭവിച്ചിരിക്കുന്നത്. ഏതാണ്ട് 6,000 വർഷംമുമ്പ് സാത്താൻ എന്ന അദൃശ്യ ആത്മവ്യക്തി ദൈവത്തിനെതിരെ മത്സരിക്കാൻ ആദാമിനെയും ഹവ്വായെയും പ്രേരിപ്പിച്ചപ്പോഴായിരുന്നു ആ തകർച്ചയുടെ തുടക്കം. പാപംചെയ്‌ത ആ ആദ്യ മനുഷ്യജോഡിക്ക് പൂർണ ആരോഗ്യത്തോടെ, ഭാവി തലമുറകളോടൊപ്പം ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ നഷ്ടപ്പെട്ടു. (ഉല്‌പത്തി 1:28) ഒപ്പം, മനുഷ്യകുടുംബത്തിന്റെ ഭാവി തലമുറകളെ ഒന്നാകെ അവർ തകർച്ചയിലേക്കു തള്ളിവിടുകയും ചെയ്‌തു.
ആ മത്സരത്തിന്റെ വിനാശകഫലങ്ങൾ നിസ്സാരമായിരുന്നില്ല. ബൈബിൾ പറയുന്നു: “ഏകമനുഷ്യനിലൂടെ [ആദാം] പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു.” (റോമർ 5:12) അതെ, പാപം മരണത്തിന് കാരണമായി. മാത്രമല്ല, അത് സ്രഷ്ടാവുമായുള്ള നമ്മുടെ ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തുകയും ശാരീരികവും മാനസികവും വൈകാരികവുമായി നമുക്ക് ഹാനിവരുത്തുകയും ചെയ്‌തു. അങ്ങനെ, താറുമാറായിക്കിടക്കുന്ന ആ വീടിന്റെ സ്ഥിതിയിലായി നാമും. മനുഷ്യൻ “അല്‌പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും” ആണെന്ന് പറഞ്ഞപ്പോൾ നമ്മുടെ ദയനീയമായ അവസ്ഥ എടുത്തുകാട്ടുകയായിരുന്നു നീതിമാനായ ഇയ്യോബ്.—ഇയ്യോബ് 14:1.
ആദാമും ഹവ്വായും പാപംചെയ്‌തതോടെ ദൈവം മനുഷ്യവർഗത്തെ ഉപേക്ഷിച്ചുകളഞ്ഞോ? ഒരിക്കലുമില്ല! വാസ്‌തവത്തിൽ, അന്നുമുതൽ ഇന്നോളം മാനവകുടുംബത്തിന്റെ ഉന്നമനത്തിനായി നമ്മുടെ സ്വർഗീയ പിതാവ് പ്രവർത്തിച്ചുകൊണ്ടാണിരിക്കുന്നത്. മനുഷ്യവർഗത്തിന്റെ ഉദ്ധാരണത്തിനായി ദൈവം ചെയ്‌തിട്ടുള്ള കാര്യങ്ങളെ ഒരു വീട് പുനരുദ്ധരിക്കുന്നതിനോട് നമുക്ക് താരതമ്യപ്പെടുത്താം. മുഖ്യമായും മൂന്നു പടികളാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്:
1 കേടുപാടുകൾ വിലയിരുത്തിയശേഷം അതു കേടുപോക്കിയെടുക്കണമോ അതോ ഇടിച്ചുകളയണമോ എന്ന് ഉടമസ്ഥൻ തീരുമാനിക്കുന്നു.
ഏദെനിലെ മത്സരത്തെത്തുടർന്ന് മനുഷ്യവർഗത്തെ പൂർവസ്ഥിതിയിലാക്കാനുള്ള തന്റെ ഉദ്ദേശ്യം യഹോവയാം ദൈവം പ്രഖ്യാപിച്ചു. മത്സരത്തിനു ചുക്കാൻപിടിച്ച അദൃശ്യ ആത്മജീവിയോട് അവൻ പറഞ്ഞു: “ഞാൻ നിനക്കും സ്‌ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.”—ഉല്‌പത്തി 3:15.
അതെ, ഏദെനിലെ മത്സരത്തിനു കാരണക്കാരനായവനെ നശിപ്പിക്കുമെന്ന് യഹോവ വാഗ്‌ദാനംചെയ്‌തു. (റോമർ 16:20; വെളിപാട് 12:9) കൂടാതെ, മാനവരാശിയെ പാപത്തിൽനിന്ന് വീണ്ടെടുക്കുന്ന, വരാനിരിക്കുന്ന ഒരു “സന്തതി”യെക്കുറിച്ചും അവൻ മുൻകൂട്ടിപ്പറഞ്ഞു. * (1 യോഹന്നാൻ 3:8) അതുവഴി താൻ സ്വീകരിക്കാൻപോകുന്ന നടപടി എന്താണെന്ന് അവൻ വ്യക്തമായി സൂചിപ്പിച്ചു: തന്റെ സൃഷ്ടിയെ നശിപ്പിച്ചുകളയുന്നതിനുപകരം ഉദ്ധരിക്കുക. എന്നാൽ അതിന് സമയം ആവശ്യമായിരുന്നു.
2 പുനരുദ്ധാരണത്തിനായി വിശദമായ ഒരു രൂപരേഖ ശില്‌പി തയ്യാറാക്കുന്നു.
യഹോവയാം ദൈവം ഇസ്രായേല്യർക്ക് ഒരു നിയമസംഹിത നൽകി; കൂടാതെ അവർക്കു തന്നെ ആരാധിക്കാനുള്ള ഒരു ആലയവും അവൻ രൂപകൽപ്പന ചെയ്‌തു. “അവ വരാനിരിക്കുന്നവയുടെ വെറും നിഴലത്രേ” എന്നാണ് ബൈബിൾ പറയുന്നത്. (കൊലോസ്സ്യർ 2:17) രൂപരേഖകളുടെ കാര്യത്തിലെന്നപോലെ അവ മഹത്തായ മറ്റുചിലതിനെ പ്രതിനിധാനം ചെയ്‌തു.
ലേവ്യപുസ്‌തകം 17:11) നൂറ്റാണ്ടുകൾക്കുശേഷം അർപ്പിക്കപ്പെടാനിരുന്ന, മനുഷ്യവർഗത്തിന് യഥാർഥ വിടുതൽ സാധ്യമാക്കുമായിരുന്ന വലിയൊരു യാഗത്തിന്റെ മുൻനിഴലായിരുന്നു അവ. * ഇസ്രായേല്യർ ആരാധനയർപ്പിച്ചിരുന്ന സമാഗമനകൂടാരത്തിന്റെയും ആലയത്തിന്റെയും രൂപമാതൃക, ഭാവിയിൽ മിശിഹാ തന്റെ ബലിമരണംമുതൽ സ്വർഗാരോഹണംവരെ ചെയ്യുമായിരുന്ന ചില കാര്യങ്ങളെ മുൻനിഴലാക്കി.—7-ാം പേജിലെ ചാർട്ട് കാണുക.
ഉദാഹരണത്തിന് ഇസ്രായേല്യർ പാപങ്ങളുടെ ക്ഷമയ്‌ക്കായി മൃഗയാഗങ്ങൾ അർപ്പിച്ചിരുന്നു. (3 രൂപരേഖയ്‌ക്കനുസൃതമായിത്തന്നെ കേടുപോക്കൽ നിർവഹിക്കുന്ന ഒരു നിർമാതാവിനെ കണ്ടുപിടിക്കുന്നു.
ഇസ്രായേല്യർ അർപ്പിച്ചിരുന്ന യാഗങ്ങളുടെ മാതൃകയിൽ സ്വന്തം ജീവൻ നൽകുകയും അങ്ങനെ മനുഷ്യവർഗത്തെ വീണ്ടെടുക്കുകയും ചെയ്യുമായിരുന്ന വാഗ്‌ദത്ത മിശിഹാ യേശുവായിരുന്നു. അതുകൊണ്ടുതന്നെ യോഹന്നാൻ സ്‌നാപകൻ യേശുവിനെ “ലോകത്തിന്റെ പാപം നീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്നു വിളിച്ചു. (യോഹന്നാൻ 1:29) യേശു ആ നിയമനം മനസ്സോടെ ഏറ്റെടുത്തു. “ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം ചെയ്യാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യാനത്രേ” എന്ന് അവൻ പറഞ്ഞു.—യോഹന്നാൻ 6:38.
യേശു ‘അനേകർക്കുവേണ്ടി ജീവൻ മറുവിലയായി കൊടുക്കുന്നതു’ മാത്രമല്ല തന്റെ അനുഗാമികളുമായി ഒരു രാജ്യത്തിനായുള്ള ഉടമ്പടിചെയ്യുന്നതും അവനെക്കുറിച്ചുള്ള ദൈവോദ്ദേശ്യത്തിൽ ഉൾപ്പെട്ടിരുന്നു. (മത്തായി 20:28; ലൂക്കോസ് 22:29, 30) ആ രാജ്യം മുഖാന്തരമായിരിക്കും മനുഷ്യവർഗത്തെ സംബന്ധിച്ചുള്ള തന്റെ ഉദ്ദേശ്യം ദൈവം സാക്ഷാത്‌കരിക്കുന്നത്. ഭൂമിയിലെ കാര്യാദികളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന ആ ഗവണ്മെന്റ് ദൈവം സ്വർഗത്തിൽ ഇപ്പോൾതന്നെ സ്ഥാപിച്ചിരിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനാൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശത്തെ ഒരു “സുവിശേഷം” എന്നു വിളിച്ചിരിക്കുന്നു.—മത്തായി 24:14; ദാനീയേൽ 2:44. *
പുനരുദ്ധാരണം തുടരുന്നു
സ്വർഗാരോഹണം ചെയ്യുന്നതിനുമുമ്പ് യേശു ശിഷ്യന്മാരോടു കൽപ്പിച്ചു: “സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്‌നാനം കഴിപ്പിക്കുക. . . . ഞാനോ യുഗസമാപ്‌തിയോളം എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്.”—മത്തായി 28:19, 20.
യേശുവിന്റെ ഈ വാക്കുകൾ സൂചിപ്പിക്കുന്നത് മനുഷ്യവർഗത്തിന്റെ ഉദ്ധാരണം അവന്റെ മരണത്തോടെ അവസാനിക്കുമായിരുന്നില്ലെന്നാണ്. അത് “യുഗസമാപ്‌തിയോളം” അതായത്, ദൈവരാജ്യം ഭൂമിയിലെ കാര്യാദികളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ തുടരുമായിരുന്നു. അതിനുള്ള സമയം ആസന്നമാണ്; കാരണം “യുഗസമാപ്‌തിയുടെ” അടയാളമായി യേശു മുൻകൂട്ടപ്പറഞ്ഞ കാര്യങ്ങൾ ഇന്ന് നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു. *—മത്തായി 24:3-14; ലൂക്കോസ് 21:7-11; 2 തിമൊഥെയൊസ് 3:1-5.
ഇന്ന്, യേശുവിന്റെ കൽപ്പന അനുസരിച്ചുകൊണ്ട് യഹോവയുടെ സാക്ഷികൾ 236 ദേശങ്ങളിൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുന്നു. ഈ മാസിക തയ്യാറാക്കിയിരിക്കുന്നതുതന്നെ, ദൈവരാജ്യത്തെയും അതു ചെയ്യാൻ പോകുന്ന കാര്യങ്ങളെയും കുറിച്ച് കൂടുതലായി മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിനുവേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ ഓരോ ലക്കത്തിലും 2-ാം പേജിൽ നിങ്ങൾക്ക് ഇങ്ങനെയൊരു പ്രസ്‌താവന കാണാം: ‘യഥാർഥ സ്വർഗീയ ഗവണ്മെന്റായ ദൈവരാജ്യം ഉടൻതന്നെ സകല ദുഷ്ടതയും തുടച്ചുനീക്കി ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുമെന്ന സുവാർത്തയാൽ ഈ മാസിക ആളുകളെ ആശ്വസിപ്പിക്കുന്നു. നമുക്കു നിത്യജീവൻ ലഭിക്കേണ്ടതിനായി മരണംവരിച്ചവനും ദൈവരാജ്യത്തിന്റെ രാജാവായി ഇപ്പോൾ വാഴ്‌ചനടത്തുന്നവനുമായ യേശുക്രിസ്‌തുവിലുള്ള വിശ്വാസം ഇത് ഊട്ടിയുറപ്പിക്കുന്നു.’
ഭീകരാക്രമണങ്ങളെയും പ്രകൃതിവിപത്തുകളെയും കുറിച്ചുള്ള വാർത്തകൾ നിങ്ങൾ ഇനിയും കേട്ടെന്നു വരാം. അല്ലെങ്കിൽ നിങ്ങൾതന്നെ ദുരന്തങ്ങൾക്ക് ഇരയായെന്നു വരാം. എന്നാൽ ബൈബിൾ പഠിക്കുന്നെങ്കിൽ നിങ്ങൾക്ക് ഒരു കാര്യം ബോധ്യമാകും: ദൈവം മനുഷ്യവർഗത്തെ കൈയൊഴിഞ്ഞിട്ടില്ലെന്ന്. അതെ, അവൻ “നമ്മിൽ ആരിൽനിന്നും അകന്നിരിക്കു”ന്നവനല്ല. (പ്രവൃത്തികൾ 17:27) നമ്മുടെ ആദ്യമാതാപിതാക്കൾ തകർത്തെറിഞ്ഞതെല്ലാം പുനരുദ്ധരിക്കുമെന്നുള്ള അവന്റെ വാഗ്‌ദാനം നിവൃത്തിയേറുകതന്നെ ചെയ്യും.—യെശയ്യാവു 55:11.
[അടിക്കുറിപ്പുകൾ]
^ ഖ. 2 ബൈബിൾ പറയുന്നപ്രകാരം ദൈവത്തിന്റെ പേര് യഹോവ എന്നാണ്.
^ ഖ. 16 ഉല്‌പത്തി 3:15-നെക്കുറിച്ചുള്ള കൂടുതലായ വിശദീകരണത്തിന് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്‌തകത്തിന്റെ 19-ാം അധ്യായം കാണുക.
^ ഖ. 19 കൂടുതൽ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 5-ാം അധ്യായം കാണുക.
^ ഖ. 22 ദൈവരാജ്യത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 8-ാം അധ്യായം കാണുക.
^ ഖ. 25 കൂടുതൽ വിവരങ്ങൾക്കായി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 9-ാം അധ്യായം കാണുക.
[7-ാം പേജിലെ ചാർട്ട്/ ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
‘സാക്ഷാലുള്ളതിന്റെ പ്രതിരൂപം’ സമാഗമന കൂടാരം മുൻനിഴലാക്കിയത് എന്ത്?
യാഗപീഠം
യേശുവിന്റെ ബലി സ്വീകരിക്കാനുള്ള ദൈവത്തിന്റെ മനസ്സൊരുക്കം. —എബ്രായർ 13:10-12.
മഹാപുരോഹിതൻ
യേശു.—എബ്രായർ 9:11, 12.
1 പാപപരിഹാര ദിവസത്തിൽ മഹാപുരോഹിതൻ ജനത്തിന്റെ പാപങ്ങൾക്കായി യാഗം അർപ്പിച്ചിരുന്നു.—ലേവ്യപുസ്‌തകം 16:15, 29-31.
1 എ.ഡി. 33 നീസാൻ 14-ന് യേശു നമുക്കായി തന്റെ ജീവൻ ബലിയർപ്പിച്ചു.—എബ്രായർ 10:5-10; 1 യോഹന്നാൻ 2:1, 2.
വിശുദ്ധം
ദൈവത്തിന്റെ ആത്മജാതപുത്രനെന്ന നിലയിലുള്ള യേശുവിന്റെ അവസ്ഥ.—മത്തായി 3:16, 17; റോമർ 8:14-17; എബ്രായർ 5:4-6.
തിരശ്ശീല
സ്വർഗത്തിൽ പ്രവേശിക്കുന്നതിന് യേശുവിന് പ്രതിബന്ധമായിരുന്ന ഭൗതികശരീരം.—1 കൊരിന്ത്യർ 15:44, 50; എബ്രായർ 6:19, 20; 10:19, 20.
2 മഹാപുരോഹിതൻ വിശുദ്ധത്തിൽനിന്ന് തിരശ്ശീലയുടെ അപ്പുറത്തുള്ള അതിവിശുദ്ധത്തിലേക്ക് കടന്നിരുന്നു.
2 പുനരുത്ഥാനശേഷം യേശു “ദൈവമുമ്പാകെ സന്നിഹിതനാകാൻ” സ്വർഗാരോഹണം ചെയ്‌തു. അങ്ങനെ അവൻ തിരശ്ശീലയുടെ അപ്പുറത്തേക്കു കടന്നു.—എബ്രായർ 9:24-28.
അതിവിശുദ്ധം
സ്വർഗം.—എബ്രായർ 9:24.
3 അതിവിശുദ്ധത്തിൽ കടക്കുന്ന മഹാപുരോഹിതൻ യാഗരക്തത്തിൽ കുറച്ച് കൃപാസനത്തിന്റെ അഥവാ നിയമപെട്ടകത്തിന്റെ മുമ്പിൽ തളിച്ചിരുന്നു.—ലേവ്യപുസ്‌തകം 16:12-14.
3 ചൊരിയപ്പെട്ട തന്റെ രക്തത്തിന്റെ മൂല്യം അർപ്പിച്ചുകൊണ്ട് അവൻ ശരിക്കുള്ള പാപപരിഹാരം വരുത്തി.—എബ്രായർ 9:12, 24; 1 പത്രോസ് 3:21, 22.