അവൻ നമ്മിലെ നന്മ കാണാൻ ശ്രമിക്കുന്നു
ദൈവത്തോട് അടുത്തുചെല്ലുക
അവൻ നമ്മിലെ നന്മ കാണാൻ ശ്രമിക്കുന്നു
“യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു.” (1 ദിനവൃത്താന്തം 28:9) യഹോവയ്ക്കു നമ്മുടെ കാര്യത്തിൽ എത്രത്തോളം താത്പര്യമുണ്ടെന്നു വ്യക്തമാക്കുന്നതാണ് ആ വാക്കുകൾ. നാം അപൂർണരും പാപികളും ആണെങ്കിലും നമ്മുടെ ഹൃദയത്തിലെ നന്മ കാണാനാണ് യഹോവ ശ്രമിക്കുന്നത്. 1 രാജാക്കന്മാർ 14:13-ൽ അബീയാവിനെക്കുറിച്ച് ദൈവം പറഞ്ഞ കാര്യത്തിൽനിന്ന് നമുക്കതു മനസ്സിലാക്കാം.
മോശമായ ഒരു ചുറ്റുപാടിലാണ് അബീയാവ് വളർന്നുവന്നത്. അവന്റെ പിതാവായ യൊരോബെയാമും ആ ഗൃഹത്തിലെ മറ്റുള്ളവരും വിശ്വാസത്യാഗികളായിരുന്നു. a “കാഷ്ഠം കോരിക്കളയുന്നതുപോലെ” യൊരോബെയാമിന്റെ ഭവനത്തെ നീക്കംചെയ്യാൻ യഹോവ നിശ്ചയിച്ചു. (1 രാജാക്കന്മാർ 14:10) എന്നാൽ യൊരോബെയാമിന്റെ ഭവനത്തിൽ അബീയാവിനു മാത്രം—അവൻ അപ്പോൾ ദീനം പിടിച്ചു കിടപ്പിലായിരുന്നു—മാന്യമായൊരു ശവസംസ്കാരം ലഭിക്കുമെന്ന് യഹോവ പറഞ്ഞു. b എന്തുകൊണ്ടായിരുന്നു അത്? യഹോവതന്നെ അത് വ്യക്തമാക്കുന്നു: “യൊരോബെയാമിന്റെ ഗൃഹത്തിൽവെച്ചു അവനിൽ മാത്രം യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പ്രസാദമുള്ള കാര്യം അല്പംകാണുകയാൽ . . . അവനെ മാത്രം കല്ലറയിൽ അടക്കംചെയ്യും.” (1 രാജാക്കന്മാർ 14:1, 12, 13) ഈ വാക്കുകൾ അബീയാവിനെക്കുറിച്ച് എന്താണു വെളിപ്പെടുത്തുന്നത്?
അബീയാവ് യഹോവയോടു വിശ്വസ്തനായിരുന്നെന്ന് ബൈബിൾ പറയുന്നില്ല. എങ്കിലും, അവനിൽ അൽപ്പം നന്മ ഉണ്ടായിരുന്നു. “യഹോവെക്കു പ്രസാദമുള്ള കാര്യം” എന്നു പറഞ്ഞിരിക്കുന്നത് ഒരുപക്ഷേ സത്യാരാധനയുമായി ബന്ധപ്പെട്ട എന്തെങ്കിലും ആയിരിക്കാം. യെരുശലേമിലെ ആലയത്തിലേക്ക് അബീയാവ് ഒരു തീർഥയാത്ര നടത്തുകയോ ഇസ്രായേല്യർ യെരുശലേമിലേക്കു പോകുന്നതു തടയാനായി തന്റെ പിതാവ് ഏർപ്പാടാക്കിയിരുന്ന കാവൽക്കാരെ നീക്കുകയോ ചെയ്തിരിക്കാം എന്ന് റബ്ബിമാരുടെ ലിഖിതങ്ങൾ സൂചിപ്പിക്കുന്നു.
എന്തുതന്നെയായാലും അബീയാവിന്റെ നന്മ ശ്രദ്ധേയമായിരുന്നു. ഒന്നാമതായി, ആ നന്മ കാപട്യമില്ലാത്തതായിരുന്നു. എന്തുകൊണ്ടെന്നാൽ, “അവനിൽ” അഥവാ അവന്റെ ഹൃദയത്തിൽ നന്മയുണ്ടായിരുന്നു എന്നാണ് തിരുവെഴുത്തുകൾ പറയുന്നത്. രണ്ടാമതായി, വിശ്വാസത്യാഗം ഭവിച്ച ഒരു കുടുംബത്തിലെ അംഗമായിരിക്കെയാണ് അവൻ നന്മ പ്രകടമാക്കിയത്. “മോശമായ ചുറ്റുപാടിലോ കുടുംബത്തിലോ ജീവിക്കുമ്പോൾപ്പോലും നല്ലവരായിരിക്കാൻ കഴിയുക എന്നത് അഭിനന്ദനാർഹമാണ്” എന്ന് ഒരു പണ്ഡിതൻ പറയുന്നു. “ഇരുണ്ട ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ, ഇലകൊഴിഞ്ഞ വൃക്ഷങ്ങൾക്കിടയിലെ മനോഹരമായ ദേവദാരുപോലെ ശ്രദ്ധേയമായിരുന്നു” അബീയാവിന്റെ നന്മയെന്ന് മറ്റൊരാൾ പറയുന്നു.
ഏറ്റവും പ്രധാനമായി, 1 രാജാക്കന്മാർ 14:13 യഹോവയുടെ വ്യക്തിത്വത്തിന്റെ ആകർഷകമായ ഒരു വശം എടുത്തുകാട്ടുന്നു. അബീയാവിൽ നന്മയായത് എന്തോ ദൈവം കണ്ടു എന്നു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. അബീയാവിന്റെ ഹൃദയത്തിൽ നന്മയുടെ ഒരു കണികയെങ്കിലും ഉണ്ടോയെന്ന് യഹോവ അന്വേഷിച്ചിരിക്കാമെന്നാണ് അതു കാണിക്കുന്നത്. കുടുംബത്തിലെ മറ്റുള്ളവരോടുള്ള താരതമ്യത്തിൽ അബീയാവ്, “ചരൽക്കൂമ്പാരത്തിനിടയിൽ കിടന്ന” ഒരു മുത്തായിരുന്നു എന്ന് ഒരു പണ്ഡിതൻ പറയുന്നു. യഹോവ ആ നന്മയെ വിലമതിക്കുകയും തക്ക പ്രതിഫലം നൽകുകയും ചെയ്തു. ആ ദുഷിച്ച കുടുംബത്തിലെ ഒരു അംഗമായിരുന്ന അബീയാവിനോട് അവൻ കരുണ കാണിച്ചു.
നമുക്ക് അനേകം കുറവുകളുണ്ടെങ്കിലും നന്മയുടെ ഒരു ചെറുകണികയെങ്കിലും കണ്ടെത്താനായി യഹോവ നമ്മുടെ ഹൃദയം അരിച്ചുപെറുക്കുന്നു; ആ നന്മയെ അവൻ വിലമതിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 130:3) ഈ അറിവ് യഹോവയാം ദൈവത്തോട് നമ്മെ അടുപ്പിക്കേണ്ടതല്ലേ?
[അടിക്കുറിപ്പുകൾ]
a ആളുകൾ യെരുശലേമിലെ ആലയത്തിൽ പോയി യഹോവയെ ആരാധിക്കാതിരിക്കാൻ വടക്കുള്ള പത്തുഗോത്ര രാജ്യത്ത് യൊരോബെയാം കാളക്കുട്ടിയാരാധന തുടങ്ങി.
b ബൈബിൾക്കാലങ്ങളിൽ, മാന്യമായ ശവസംസ്കാരം ലഭിക്കാതിരിക്കുന്നത് ദൈവത്തിന്റെ അപ്രീതിയുടെ തെളിവായി കണ്ടിരുന്നു.—യിരെമ്യാവു 25:32, 33.