കുടുംബസന്തുഷ്ടിയുടെ രഹസ്യം
ദാമ്പത്യത്തിന്റെ ആദ്യവർഷം എങ്ങനെ വിജയപ്രദമാക്കാം?
ഭർത്താവ്: “ഞങ്ങൾ രണ്ടുപേരും രണ്ടുധ്രുവങ്ങളിലാണ്. രാവിലെ കുറച്ചു നേരത്തേ എഴുന്നേൽക്കുന്നതാണ് എനിക്കിഷ്ടം; അവൾക്കാണെങ്കിൽ താമസിച്ചു കിടന്ന് താമസിച്ച് എഴുന്നേൽക്കണം. ഓരോ നേരത്തും അവൾക്ക് ഓരോ മൂഡാണ്. ഇനി, ഞാൻ അടുക്കളയിലെങ്ങാനും കയറിയാലോ? അവിടെയും പ്രശ്നംതന്നെ. പാത്രം തുടയ്ക്കുന്ന തുണിയിൽ ഞാൻ കൈ തുടയ്ക്കുന്നു എന്നതാണ് അവളുടെ ഏറ്റവും വലിയ പരാതി.”
ഭാര്യ: “എന്റെ ഭർത്താവ് അധികം സംസാരിക്കാത്ത പ്രകൃതക്കാരനാണ്. എന്റെ വീട്ടിൽ പക്ഷേ അങ്ങനെയല്ല. ഞങ്ങൾ ഒരുപാട് സംസാരിക്കും, ആഹാരം കഴിക്കുന്ന സമയത്ത് പ്രത്യേകിച്ചും. പിന്നെ, എനിക്ക് ഒട്ടും സഹിക്കാത്ത ഒരു കാര്യമാണ് പാത്രം തുടയ്ക്കുന്ന തുണിയിൽത്തന്നെ കൈ തുടയ്ക്കുന്നത്. അദ്ദേഹമാണെങ്കിൽ അങ്ങനെയേ ചെയ്യൂ! ഈ ആണുങ്ങളെന്താ ഇങ്ങനെ? ഇങ്ങനെയായാൽ ജീവിതം എങ്ങനെ മുമ്പോട്ടു കൊണ്ടുപോകും?”
നിങ്ങൾ അടുത്തിടെ വിവാഹിതരായവരാണോ? ഇതുപോലുള്ള പ്രശ്നങ്ങൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകുന്നുണ്ടോ? വിവാഹത്തിനുമുമ്പ് പരസ്പരം കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തപ്പോൾ കാണാതിരുന്ന കുറ്റങ്ങളും കുറവുകളും ഇപ്പോൾ നിങ്ങൾ ഇണയിൽ കണ്ടുതുടങ്ങിയോ? ‘വിവാഹം കഴിക്കുന്നവർക്ക് ജീവിതത്തിൽ പ്രയാസങ്ങളുണ്ടാകും’ എന്നു ബൈബിൾ പറയുന്നു. എന്നാൽ ആ പ്രശ്നങ്ങളുടെ കാഠിന്യം കുറയ്ക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?—1 കൊരിന്ത്യർ 7:28, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ.
വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്ന ഉടനെ നിങ്ങൾ നല്ലൊരു ഭാര്യയോ ഭർത്താവോ ആയിത്തീരുമെന്നു പ്രതീക്ഷിക്കരുത്. ആളുകളോട് ഇടപെടേണ്ടത് എങ്ങനെയാണെന്നും മറ്റുമുള്ള കാര്യങ്ങൾ വളരെ മുമ്പുതന്നെ നിങ്ങൾ പഠിച്ചിട്ടുണ്ടാകും. വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തപ്പോൾ നിങ്ങളുടെ ആ കഴിവുകൾ ഒന്നുകൂടെ മെച്ചപ്പെട്ടിരിക്കും. എന്നാൽ ദാമ്പത്യത്തിലേക്കു കടക്കുന്നതോടെ ആ കഴിവുകളുടെ മാറ്റുരയ്ക്കുന്ന സാഹചര്യങ്ങൾ ഉടലെടുക്കുകയായി. ഇതിൽ വിജയിക്കണമെങ്കിൽ നിങ്ങൾ പുതിയ ചില കഴിവുകളും ആർജിച്ചെടുക്കേണ്ടതുണ്ടാകാം. എന്നാൽ ഇതിനിടെ നിങ്ങൾക്ക് പിഴവുകൾ പറ്റുമെന്നുള്ളത് ഒരു വസ്തുതയാണ്. എന്നുവരികിലും, ദാമ്പത്യവിജയത്തിനു സഹായിക്കുന്ന വൈദഗ്ധ്യങ്ങൾ ആർജിച്ചെടുക്കാൻ നിങ്ങൾക്കാകും. എങ്ങനെ?
ഏതെങ്കിലും ഒരു മേഖലയിൽ വൈദഗ്ധ്യം നേടാനുള്ള ഏറ്റവും നല്ല മാർഗം ആ വിഷയത്തിൽ അറിവുള്ള ഒരാളുടെ ഉപദേശം ആരാഞ്ഞ് അതിൻപ്രകാരം പ്രവർത്തിക്കുന്നതാണ്. വിവാഹജീവിതത്തിന്റെ കാര്യത്തിൽ ഉപദേശം തരാൻ ഏറ്റവും യോഗ്യൻ യഹോവയാംദൈവമാണ്. കാരണം, വിവാഹം കഴിക്കാനുള്ള ആഗ്രഹത്തോടെ നമ്മെ സൃഷ്ടിച്ചത് അവനാണ്. (ഉല്പത്തി 2:22-24) ദാമ്പത്യത്തിന്റെ ആദ്യവർഷത്തിലെ വെല്ലുവിളികളെ തരണം ചെയ്യാനും സന്തോഷകരമായ ഒരു ജീവിതം നയിക്കാൻ ആവശ്യമായ വൈദഗ്ധ്യങ്ങൾ വളർത്തിയെടുക്കാനും ദൈവവചനമായ ബൈബിളിന് നിങ്ങളെ സഹായിക്കാനാകും.
1. ഇണയോട് അഭിപ്രായം ചോദിക്കാൻ പഠിക്കുക
വെല്ലുവിളികൾ:
ജപ്പാൻകാരനായ കേജിയുടെ a കാര്യമെടുക്കാം. പലപ്പോഴും തീരുമാനങ്ങൾ എടുക്കുമ്പോൾ ഭാര്യയുമായി ആലോചിക്കാൻ അദ്ദേഹം വിട്ടുപോകും. “ആരെങ്കിലും എന്തെങ്കിലും പരിപാടികൾക്കു ക്ഷണിച്ചാൽ ഭാര്യയോടു ചോദിക്കാതെ ഞാൻ വാക്കുകൊടുക്കും. പക്ഷേ അവൾക്ക് എന്തെങ്കിലും അസൗകര്യമുണ്ടെന്ന് പിന്നീടായിരിക്കും ഞാൻ മനസ്സിലാക്കുക,” അദ്ദേഹം പറയുന്നു. ഓസ്ട്രേലിയക്കാരനായ അലൻ പറയുന്നത് ഇങ്ങനെ: “കാര്യങ്ങൾ ഭാര്യയോടു സംസാരിച്ചു തീരുമാനിക്കുന്നത് പുരുഷന്മാർക്കു ചേർന്നതല്ല എന്നായിരുന്നു എന്റെ ധാരണ.” വളർന്നുവന്ന സാഹചര്യമാണ് ഇങ്ങനെ ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ബ്രിട്ടനിൽ താമസിക്കുന്ന ഡയനയ്ക്കും തന്റെ കുടുംബ പശ്ചാത്തലത്തിന്റെ ചില സ്വാധീനങ്ങൾ ഉണ്ടായിരുന്നു. അവൾ പറയുന്നു: “ഞാൻ എപ്പോഴും ഉപദേശങ്ങൾ തേടിയിരുന്നത് എന്റെ വീട്ടുകാരോടായിരുന്നു. തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോൾ ഭർത്താവിനോടല്ല ഞാൻ ആദ്യം ചോദിക്കുക, വീട്ടുകാരോടാണ്.”
പരിഹാരം:
ദമ്പതികളെ യഹോവ വീക്ഷിക്കുന്നത് “ഏകശരീരമായി”ട്ടാണ് എന്ന കാര്യം എപ്പോഴും ഓർക്കുക. (മത്തായി 19:3-6) അവന്റെ ദൃഷ്ടിയിൽ മറ്റെല്ലാ മാനുഷബന്ധങ്ങളെക്കാളും പ്രാധാന്യം ഭാര്യാഭർത്തൃബന്ധത്തിനാണ്. നല്ല ആശയവിനിമയം ഉണ്ടെങ്കിലേ ഈ ബന്ധം ദൃഢമാക്കിനിറുത്താനാകൂ.
ഉല്പത്തി 18:17-33-ൽ രേഖപ്പെടുത്തിയിരിക്കുന്ന, യഹോവയാംദൈവവും അബ്രാഹാമും തമ്മിലുള്ള സംഭാഷണത്തിൽനിന്ന് ഭാര്യാഭർത്താക്കന്മാർക്ക് പല കാര്യങ്ങളും പഠിക്കാനുണ്ട്. (ദയവായി ബൈബിൾ തുറന്ന് ആ ഭാഗം വായിക്കുക.) മൂന്നുവിധങ്ങളിൽ ദൈവം അബ്രാഹാമിനെ ആദരിച്ചതായി നാം അവിടെ കാണുന്നു. (1) താൻ ചെയ്യാൻ പോകുന്നത് എന്താണെന്ന് യഹോവ അബ്രാഹാമിനോടു വിവരിച്ചു. (2) അബ്രാഹാം തന്റെ അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ യഹോവ ശ്രദ്ധിച്ചുകേട്ടു. (3) അബ്രാഹാമിന്റെ ആശങ്കകൾ കണക്കിലെടുത്ത് തന്റെ തീരുമാനത്തിൽ മാറ്റം വരുത്താൻ അവൻ തയ്യാറായി. ഇണയോടൊത്ത് കാര്യങ്ങൾ ചർച്ചചെയ്യുമ്പോൾ നിങ്ങൾക്ക് യഹോവയുടെ ഈ മാതൃക എങ്ങനെ അനുകരിക്കാം?
പരീക്ഷിച്ചു നോക്കുക: ഇണയെ ബാധിക്കുന്ന വിഷയമാണ് ചർച്ചചെയ്യുന്നതെങ്കിൽ പിൻവരുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക: (1) അത് എങ്ങനെ കൈകാര്യം ചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് പറയുക. നിങ്ങളുടെ മനസ്സിലുള്ളത് ഒരു അന്തിമ തീരുമാനമായിട്ടല്ല, മറിച്ച് ഒരു അഭിപ്രായമായി അവതരിപ്പിക്കുക. (2) ഇണയുടെ അഭിപ്രായം ആരായുക, നിങ്ങളുടേതിൽനിന്ന് വ്യത്യസ്തമായ അഭിപ്രായം പറയാനുള്ള അവകാശം ഇണയ്ക്കുണ്ടെന്നുള്ള കാര്യം അംഗീകരിക്കുക. (3) സാധ്യമാകുന്നിടത്തോളം ഇണയുടെ താത്പര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് “ന്യായബോധം” പ്രകടിപ്പിക്കുക.—ഫിലിപ്പിയർ 4:5.
2. നയപൂർവം ഇടപെടാൻ പഠിക്കുക
വെല്ലുവിളി:
അഭിപ്രായങ്ങൾ തുറന്നടിച്ച് പറയുന്ന സ്വഭാവമായിരിക്കാം നിങ്ങളുടേത്. വളർന്നുവന്ന സാഹചര്യവും സാംസ്കാരിക പശ്ചാത്തലവുമൊക്കെ ആയിരിക്കാം അതിനു കാരണം. യൂറോപ്പിൽനിന്നുള്ള ലിയാം പറയുന്നു: “എല്ലാം വെട്ടിത്തുറന്നു പറയുന്ന ഒരു രീതിയാണ് ഞങ്ങളുടെ നാട്ടിലേത്. ഞാൻ അങ്ങനെ സംസാരിക്കുമ്പോൾ ഭാര്യ വല്ലാതെ അസ്വസ്ഥയാകും. കുറച്ചുകൂടി മയത്തിൽ സംസാരിക്കാൻ ഞാൻ പഠിക്കേണ്ടിയിരുന്നു.”
പരിഹാരം:
നിങ്ങളുടെ സംസാരരീതി ഇണയ്ക്ക് ഇഷ്ടമാകും എന്നു വിചാരിക്കരുത്. (ഫിലിപ്പിയർ 2:3, 4) ക്രിസ്തീയ ശുശ്രൂഷകനായിരുന്ന തിമൊഥെയൊസിന് അപ്പൊസ്തലനായ പൗലോസ് നൽകിയ ബുദ്ധിയുപദേശം നവദമ്പതികൾക്കും പ്രയോജനം ചെയ്യും. അവൻ ഇങ്ങനെ എഴുതി: ‘കർത്താവിന്റെ ദാസൻ കലഹിക്കുന്നവൻ ആയിരിക്കരുത്; പിന്നെയോ എല്ലാവരോടും ശാന്തതയോടെ ഇടപെടുന്നവനായിരിക്കണം.’ (2 തിമൊഥെയൊസ് 2:24) ഈ വാക്യത്തിൽ, “ശാന്തത” എന്നു വിവർത്തനം ചെയ്തിരിക്കുന്ന മൂല ഗ്രീക്ക് പദത്തെ “നയമുള്ള” എന്നും പരിഭാഷ ചെയ്യാം. നയം പ്രകടമാക്കുന്ന ഒരാൾക്ക് സാഹചര്യം മനസ്സിലാക്കി, പ്രകോപനമുണ്ടാക്കാതെ തന്മയത്വത്തോടെ അതു കൈകാര്യം ചെയ്യാനാകും.
പരീക്ഷിച്ചു നോക്കുക: ഇണയോട് ദേഷ്യം തോന്നുന്ന ഒരു സാഹചര്യത്തിൽ ഇങ്ങനെ ചിന്തിക്കുക: ആ സ്ഥാനത്ത് നിങ്ങളുടെ സുഹൃത്തോ തൊഴിലുടമയോ ആണെങ്കിൽ നിങ്ങൾ ഏതു രീതിയിലായിരിക്കും സംസാരിക്കുക? ഇണയോട് സംസാരിച്ച അതേ ഭാവത്തിലായിരിക്കുമോ? അതേ വാക്കുകളായിരിക്കുമോ ഉപയോഗിക്കുക? സുഹൃത്തിനെക്കാളും തൊഴിലുടമയെക്കാളും മാന്യതയോടും ആദരവോടും കൂടെ സ്വന്തം ഇണയോടു സംസാരിക്കേണ്ടത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചു നോക്കുക.—കൊലോസ്യർ 4:6.
3. നിങ്ങളുടെ പുതിയ റോൾ നന്നായി നിർവഹിക്കാൻ പഠിക്കുക
വെല്ലുവിളി:
ശിരഃസ്ഥാനം പ്രയോഗിക്കുന്നതിൽ ഭർത്താവിന് ആദ്യമൊക്കെ പാളിച്ചകൾ പറ്റിയേക്കാം. അല്ലെങ്കിൽ ഭാര്യക്ക് അഭിപ്രായങ്ങൾ നയത്തോടെ അവതരിപ്പിക്കാൻ കഴിയാതെ പോയെന്നുവരാം. ഇറ്റലിക്കാരനായ അന്റോണിയോ പറയുന്നു: “വീട്ടുകാര്യങ്ങൾ തീരുമാനിക്കുമ്പോൾ അച്ഛൻ അമ്മയോട് അഭിപ്രായം ചോദിക്കുന്നത് എന്റെ ഓർമയിലില്ല. അത് കണ്ടുവളർന്ന ഞാൻ ആദ്യമൊക്കെ ഒരു ഏകാധിപതിയെപ്പോലെയാണ് ഭാര്യയോട് പെരുമാറിയിരുന്നത്.” കാനഡയിൽനിന്നുള്ള ഡെബി പറയുന്നു: “വൃത്തിയും വെടിപ്പും പോരെന്നുപറഞ്ഞ് ഞാൻ എപ്പോഴും ഭർത്താവിനെ കുറ്റപ്പെടുത്തുമായിരുന്നു. പക്ഷേ എന്റെ അധികാരപ്രയോഗം അദ്ദേഹത്തെ ഒന്നിനൊന്ന് ശുണ്ഠിപിടിപ്പിക്കുകയാണുണ്ടായത്.”
ഭർത്താവ് ശ്രദ്ധിക്കേണ്ടത്:
ഭാര്യമാർ ഭർത്താക്കന്മാർക്ക് കീഴ്പെട്ടിരിക്കണമെന്ന് ബൈബിൾ അനുശാസിക്കുന്നു. എന്നാൽ ചില ഭർത്താക്കന്മാർ ആ കീഴ്പെടലിനെ, മക്കൾ മാതാപിതാക്കളോടു കാണിക്കേണ്ടതരം അനുസരണമായി തെറ്റിദ്ധരിക്കുന്നു. (കൊലോസ്യർ 3:20; ) എന്നാൽ ആ വീക്ഷണം ശരിയാണോ? വിവാഹശേഷം ഭർത്താവ് “ഭാര്യയോടു പറ്റിച്ചേരും; അവർ ഇരുവരും ഏകശരീരമായിത്തീരും” എന്ന് ബൈബിൾ പറയുന്നു. ( 1 പത്രോസ് 3:1മത്തായി 19:5) എന്നാൽ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബൈബിൾ അങ്ങനെ പറയുന്നില്ല. ഒരു ഭാര്യ അവളുടെ ഭർത്താവിന്റെ തുണ അല്ലെങ്കിൽ പൂരകം ആണെന്നാണ് യഹോവ പറഞ്ഞിരിക്കുന്നത്. (ഉല്പത്തി 2:18) ഒരു കുട്ടി പക്ഷേ മാതാവിന്റെയോ പിതാവിന്റെയോ പൂരകമോ തുണയോ ആണെന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. ആ സ്ഥിതിക്ക്, ഒരു ഭർത്താവ് തന്റെ സഹധർമിണിയെ ഒരു കുട്ടിയെപ്പോലെ കണക്കാക്കുന്നെങ്കിലോ? അദ്ദേഹം വിവാഹക്രമീകരണത്തെ ആദരിക്കുന്നുവെന്ന് പറയാനാകുമോ?
ക്രിസ്തീയ സഭയോട് യേശു ഇടപെട്ടതുപോലെ നിങ്ങൾ ഭാര്യയോട് ഇടപെടാൻ ദൈവവചനം ആവശ്യപ്പെടുന്നു. പിൻവരുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് കീഴ്പെട്ടിരിക്കാൻ ഭാര്യക്ക് എളുപ്പമായിരിക്കും: (1) നിങ്ങൾ പറയുന്നതെന്തും മറുവാക്കൊന്നും കൂടാതെ ഉടനെതന്നെ ഭാര്യ അനുസരിച്ചുകൊള്ളണം എന്നു ശഠിക്കരുത്. (2) ഭാര്യയെ സ്വന്തശരീരത്തെപ്പോലെ സ്നേഹിക്കുക, പ്രശ്നങ്ങളുള്ളപ്പോൾപ്പോലും.—എഫെസ്യർ 5:25-29.
ഭാര്യ ശ്രദ്ധിക്കേണ്ടത്:
നിങ്ങളുടെ ഭർത്താവ് നിങ്ങളുടെ ശിരസ്സാണെന്നും അദ്ദേഹത്തിന് ആ സ്ഥാനം നൽകിയിരിക്കുന്നത് ദൈവമാണെന്നും ഓർക്കുക. (1 കൊരിന്ത്യർ 11:3) ഭർത്താവിനെ ആദരിക്കുമ്പോൾ നിങ്ങൾ ദൈവത്തെ ആദരിക്കുകയാണ്. എന്നാൽ ഭർത്താവിന്റെ ശിരഃസ്ഥാനത്തോടു മറുതലിക്കുന്നെങ്കിലോ? അത് അദ്ദേഹത്തോടു മാത്രമുള്ള അനാദരവായിരിക്കില്ല, ദൈവത്തോടും ദൈവനിയമത്തോടുമുള്ള അനാദരവായിരിക്കും.—കൊലോസ്യർ 3:18.
പ്രശ്നങ്ങൾ ചർച്ചചെയ്യുമ്പോൾ അവയ്ക്ക് പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്; അല്ലാതെ ഭർത്താവിനെ കുറ്റപ്പെടുത്താനല്ല. ഇക്കാര്യത്തിൽ നല്ലൊരു മാതൃകയാണ് എസ്ഥേർ രാജ്ഞി. ഭർത്താവായ അഹശ്വരേശ് രാജാവ് പുറപ്പെടുവിച്ച ഒരു അനുശാസനത്തിൽ തിരുത്തൽ വരുത്തണമെന്ന് ആവശ്യപ്പെടേണ്ടിവന്നപ്പോൾ അവൾ എന്തുചെയ്തുവെന്നു നോക്കുക. അദ്ദേഹത്തെ കുറ്റപ്പെടുത്തി സംസാരിക്കാതെ വളരെ നയത്തോടെ അവൾ കാര്യം അവതരിപ്പിച്ചു. രാജാവ് അവളുടെ നിർദേശം അംഗീകരിക്കുകയും തെറ്റു തിരുത്തുകയും ചെയ്തു. (എസ്ഥേർ 7:1-4; 8:3-8) പിൻവരുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളെ ഉള്ളുതുറന്ന് സ്നേഹിക്കാൻ ഭർത്താവിന് കഴിയും: (1) കുടുംബത്തിന്റെ ശിരസ്സ് എന്നനിലയിലുള്ള തന്റെ പുതിയ റോൾ ഭംഗിയായി നിർവഹിക്കേണ്ടത് എങ്ങനെയെന്നു പഠിക്കാൻ അദ്ദേഹത്തിന് സമയം അനുവദിച്ചുകൊടുക്കുക. (2) തെറ്റുകൾ വരുത്തുമ്പോൾപ്പോലും അദ്ദേഹത്തോട് ആദരവോടെ ഇടപെടുക.—എഫെസ്യർ 5:33.
പരീക്ഷിച്ചു നോക്കുക: നിങ്ങളുടെ ഭാര്യ/ഭർത്താവ് വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കയാണെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിനു പകരം, നിങ്ങൾ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്നു ചിന്തിച്ച് ഒരു ലിസ്റ്റ് തയ്യാറാക്കുക. ഭർത്താക്കന്മാരേ, കുടുംബത്തിലുള്ള നിങ്ങളുടെ ദൈവദത്ത അധികാരം പ്രയോഗിക്കുന്നതിൽ നിങ്ങൾക്ക് വീഴ്ചകൾ സംഭവിക്കുമ്പോൾ, നിങ്ങളിൽനിന്ന് ഭാര്യ പ്രതീക്ഷിക്കുന്നത് എന്താണെന്ന് അവളോടു ചോദിക്കുക. എന്നിട്ട് ആ അഭിപ്രായങ്ങൾ എഴുതിവെക്കുക. ഭാര്യമാരേ, നിങ്ങൾ ഭർത്താവിനെ ബഹുമാനിക്കുന്നില്ലെന്ന് അദ്ദേഹത്തിനു തോന്നുന്നെങ്കിൽ, നിങ്ങളിൽനിന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നത് എന്താണെന്ന് ചോദിക്കുക. എന്നിട്ട് ആ അഭിപ്രായങ്ങൾ എഴുതിവെക്കുക.
യാഥാർഥ്യബോധത്തോടെ പെരുമാറുക
ദാമ്പത്യജീവിതം സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോകാൻ പഠിക്കുന്നത് സൈക്കിൾ ചവിട്ടാൻ പഠിക്കുന്നതുപോലെയാണ്. ആദ്യമൊക്കെ വീണെന്നുവരാം. എന്നാൽ ക്രമേണ നിങ്ങൾ അത് പഠിച്ചെടുക്കും. അതുപോലെ, വിവാഹജീവിതത്തിന്റെ ആദ്യനാളുകളിൽ ചില വീഴ്ചകളും പിഴവുകളുമൊക്കെ ഉണ്ടാകും, അതു പ്രതീക്ഷിക്കുകയും വേണം.
നർമബോധം ഉള്ളവരായിരിക്കുക. ഇണയുടെ ആശങ്കകൾ ഗൗരവമായെടുക്കുമ്പോൾത്തന്നെ സ്വന്തം അബദ്ധങ്ങളും അമളികളും ചിരിച്ചുതള്ളാനും പഠിക്കണം. വിവാഹത്തിന്റെ ആദ്യവർഷത്തിൽ ഇണയെ സന്തോഷിപ്പിക്കാൻ അവസരങ്ങൾ തേടുക. (ആവർത്തനപുസ്തകം 24:5) ഏറ്റവും പ്രധാനമായി, വിവാഹജീവിതത്തിൽ നിങ്ങളെ വഴിനയിക്കാൻ ദൈവവചനത്തെ അനുവദിക്കുക. അങ്ങനെയാകുമ്പോൾ ഓരോ വർഷവും നിങ്ങളുടെ ദാമ്പത്യം ഒന്നിനൊന്ന് ദൃഢമായിത്തീരും. (w10-E 08/01)
a ചില പേരുകൾ മാറ്റിയിട്ടുണ്ട്.
സ്വയം ചോദിക്കുക. . .
-
എന്റെ ഇണയോടാണോ ഞാൻ മനസ്സുതുറക്കുന്നത്? അതോ മറ്റാരോടെങ്കിലുമാണോ?
-
കഴിഞ്ഞ 24 മണിക്കൂറിനിടെ, ഇണയോടുള്ള സ്നേഹവും ബഹുമാനവും തെളിയിക്കുന്ന എന്താണ് ഞാൻ ചെയ്തത്?