ദൈവനാമം അറിയുന്നത് ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്?
യഹോവയുടെ പേര് അറിയുന്നതിൽനിന്നും അവനുമായി അടുക്കുന്നതിൽനിന്നും നിങ്ങളെ തടയുന്ന ഒരാളുണ്ട്. ദുഷ്ടനായ ഈ എതിരാളി ആരാണ്? ബൈബിൾ ഇങ്ങനെ വിശദീകരിക്കുന്നു: “ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സ് അന്ധമാക്കിയിരിക്കുന്നു.” ഭക്തികെട്ട ഈ ലോകത്തിന്റെ ദൈവം പിശാചായ സാത്താനാണ്. നിങ്ങളുടെ ഹൃദയം “ദൈവപരിജ്ഞാന”ത്താൽ ശോഭിക്കാതെ അന്ധകാരത്തിലായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു. യഹോവയുടെ പേരും അതിന്റെ മഹത്ത്വവും നിങ്ങൾ അറിയരുതെന്നാണ് അവന്റെ ഉദ്ദേശ്യം. എങ്ങനെയാണ് സാത്താൻ ആളുകളുടെ ഹൃദയങ്ങളെ അന്ധമാക്കിയിരിക്കുന്നത്?—2 കൊരിന്ത്യർ 4:4-6.
ദൈവത്തിന്റെ പേര് അറിയുന്നതിൽനിന്ന് ആളുകളെ തടയാൻ സാത്താൻ വ്യാജമതത്തെ കൂട്ടുപിടിച്ചിരിക്കുന്നു. ഉദാഹരണത്തിന്, പുരാതന നാളുകളിൽ ചില യഹൂദന്മാർ തിരുവെഴുത്തുകളെ മറികടന്ന് ദൈവനാമം ഉപയോഗിക്കുന്നതിൽനിന്ന് ആളുകളെ വിലക്കി. ഇത് ക്രമേണ ഒരു സമ്പ്രദായമായി മാറി. ക്രിസ്തീയ യുഗത്തിന്റെ ആദ്യ നൂറ്റാണ്ടോടെ, സിനഗോഗുകളിൽ വിശുദ്ധ ലിഖിതങ്ങൾ പരസ്യമായി വായിക്കാൻ നിയോഗിക്കപ്പെട്ടവർക്ക് തിരുവെഴുത്തുകളിൽ ദൈവനാമം പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം അദോനായ് (കർത്താവ് എന്നർഥം) എന്ന വാക്ക് ഉപയോഗിക്കാൻ നിർദേശം ലഭിച്ചിട്ടുണ്ടാകണം. കാലാന്തരത്തിൽ ഈ സമ്പ്രദായം ദൈവവുമായുള്ള ആളുകളുടെ ബന്ധത്തെ സാരമായി ബാധിച്ചു. എന്നാൽ യേശു ഇക്കാര്യത്തിൽ എന്തു നിലപാടാണ് സ്വീകരിച്ചത്? യഹോവയുടെ നാമം ഉപയോഗിക്കുന്നതു സംബന്ധിച്ച് യേശുവിന്റെ മനോഭാവം എന്തായിരുന്നു?
യേശുവും ശിഷ്യന്മാരും ആളുകളെ ദൈവനാമം അറിയിച്ചു
തന്റെ പിതാവിനോടു പ്രാർഥിക്കവെ യേശു പറഞ്ഞു: “ഞാൻ നിന്റെ നാമം അവരെ അറിയിച്ചിരിക്കുന്നു; ഇനിയും അറിയിക്കും.” (യോഹന്നാൻ 17:26) എബ്രായ തിരുവെഴുത്തുകളിൽ ദൈവത്തിന്റെ മഹനീയ നാമം പ്രത്യക്ഷപ്പെടുന്ന ഭാഗങ്ങൾ വായിക്കുകയോ വ്യാഖ്യാനിക്കുകയോ ഉദ്ധരിക്കുകയോ ചെയ്യുമ്പോഴെല്ലാം യേശു തീർച്ചയായും ആ നാമം ഉച്ചരിച്ചിട്ടുണ്ടാകണം. അതെ, തനിക്കുമുമ്പുണ്ടായിരുന്ന പ്രവാചകന്മാരെപ്പോലെ യേശുവും ദൈവത്തിന്റെ പേര് യാതൊരു വിമുഖതയുമില്ലാതെ ഉപയോഗിച്ചിരിക്കണം. യേശുവിന്റെ ശുശ്രൂഷയുടെ നാളുകളിൽ, ദൈവനാമം ഉപയോഗിക്കാത്തവരായി ഏതെങ്കിലും യഹൂദന്മാർ ഉണ്ടായിരുന്നെങ്കിൽത്തന്നെ യേശു ആ സമ്പ്രദായം പിൻപറ്റിയില്ലെന്ന് നിസ്തർക്കമായി പറയാനാകും. കാരണം, മതനേതാക്കന്മാരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അവൻ പറഞ്ഞു: “നിങ്ങളുടെ പാരമ്പര്യത്താൽ നിങ്ങൾ ദൈവത്തിന്റെ വചനത്തെ അസാധുവാക്കിയിരിക്കുന്നു.”—മത്തായി 15:6.
ദൈവനാമം വെളിപ്പെടുത്തുന്നതിൽ യേശു മാതൃകവെച്ചു
യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം അവന്റെ വിശ്വസ്ത അനുഗാമികളും ദൈവനാമം ആളുകൾക്കു വെളിപ്പെടുത്തിക്കൊടുത്തിരുന്നു. ( “ആദ്യകാല ക്രിസ്ത്യാനികൾ ദൈവനാമം ഉപയോഗിച്ചിരുന്നോ?” എന്ന ചതുരം കാണുക.) എ.ഡി. 33-ലെ പെന്തെക്കൊസ്ത് നാളിൽ (ക്രിസ്തീയസഭ സ്ഥാപിതമായ ദിവസം) യഹൂദരും യഹൂദ മതാനുസാരികളും അടങ്ങുന്ന ഒരു മഹാസദസ്സിനോട് യോവേൽ പ്രവാചകന്റെ പുസ്തകത്തിൽനിന്ന് ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട് പത്രോസ് അപ്പൊസ്തലൻ പറഞ്ഞു: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും.” (പ്രവൃത്തികൾ 2:21; യോവേൽ 2:32) ആദ്യകാല ക്രിസ്ത്യാനികൾ പല ജനതകളെയും യഹോവയുടെ നാമം അറിയാൻ സഹായിച്ചു. അതുകൊണ്ടാണ് യെരുശലേമിൽ നടന്ന, അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും ഒരു യോഗത്തിൽ ക്രിസ്തുശിഷ്യനായ യാക്കോബ് ‘ദൈവം തന്റെ നാമത്തിനായി വിജാതീയരിൽനിന്ന് ഒരു ജനത്തെ എടുക്കാനായി അവരിലേക്ക് ശ്രദ്ധതിരിച്ചിരിക്കുന്നു’ എന്നു പറഞ്ഞത്.—പ്രവൃത്തികൾ 15:14.
ദൈവനാമത്തിന്റെ ശത്രുവായ സാത്താന് എന്നിട്ടും തൃപ്തിയായില്ല. അപ്പൊസ്തലന്മാരുടെ മരണശേഷം ഉടനെതന്നെ അവൻ വിശ്വാസത്യാഗത്തിന്റെ വിത്തുകൾ വിതയ്ക്കാൻ തുടങ്ങി. (മത്തായി 13:38, 39; 2 പത്രോസ് 2:1) ഉദാഹരണത്തിന്, ക്രൈസ്തവലോകത്തിലെ ഒരു എഴുത്തുകാരനായ ജസ്റ്റിൻ മാർട്ടിർ ജനിക്കുന്നത് ക്രിസ്തുവിന്റെ അപ്പൊസ്തലഗണത്തിലെ അവസാനത്തെ ആളായ യോഹന്നാൻ മരിക്കുന്ന അതേ കാലഘട്ടത്തിൽത്തന്നെയായിരുന്നു. എന്നിട്ടും, തന്റെ ലിഖിതങ്ങളിൽ ജസ്റ്റിൻ ദൈവത്തെ പരാമർശിച്ചിരുന്നത്, “പേരില്ലാത്ത ദൈവം” എന്നാണ്.
വിശ്വാസത്യാഗികളായ ക്രിസ്ത്യാനികൾ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ പകർപ്പുകൾ ഉണ്ടാക്കിയപ്പോൾ അവർ യഹോവയുടെ നാമം നീക്കം ചെയ്ത് “കർത്താവ്” എന്ന് അർഥംവരുന്ന കിരിയോസ് എന്ന ഗ്രീക്കുപദം പകരംവെച്ചു. എബ്രായ തിരുവെഴുത്തുകളുടെ സ്ഥിതിയും മറിച്ചായിരുന്നില്ല. ദൈവനാമം ഉറക്കെ വായിക്കുന്നത് നിറുത്തിക്കളഞ്ഞ വിശ്വാസത്യാഗികളായ യഹൂദ ശാസ്ത്രിമാർ ദൈവനാമം തിരുവെഴുത്തുകളിൽനിന്ന് എടുത്തുമാറ്റി പകരം
അദോനായ് എന്ന പദം ഉപയോഗിച്ചു. 130-ലേറെ സ്ഥലങ്ങളിൽ അവർ ഇങ്ങനെ ചെയ്തിട്ടുണ്ട്. ബൈബിളിന്റെ ലത്തീൻ പരിഭാഷയായ വൾഗേറ്റിൽനിന്നും (എ.ഡി. 405-ൽ ജെറോം പൂർത്തിയാക്കിയത്) ദൈവത്തിന്റെ പേര് നീക്കം ചെയ്തിട്ടുണ്ട്.ദൈവനാമം തുടച്ചുനീക്കാൻ ആധുനിക കാലത്ത് നടന്നിട്ടുള്ള ശ്രമങ്ങൾ
ദൈവത്തിന്റെ പേര് ബൈബിളിൽ ഏതാണ്ട് 7,000 പ്രാവശ്യം പ്രതിപാദിച്ചിട്ടുണ്ടെന്ന് ഇന്ന് പണ്ഡിതന്മാർക്ക് അറിയാം. അതുകൊണ്ട്, സത്യവേദപുസ്തകം, ന്യൂ ഇൻഡ്യ ബൈബിൾ വേർഷൻ, (NIBV) കത്തോലിക്കരുടെ ജെറുസലേം ബൈബിൾ (ഇംഗ്ലീഷ്) തുടങ്ങിയ പ്രചാരമാർജിച്ച ബൈബിൾ ഭാഷാന്തരങ്ങളിൽ ഉടനീളം ദൈവനാമം ഉപയോഗിച്ചിരിക്കുന്നു. ചില ഭാഷാന്തരങ്ങളിൽ ദൈവനാമം “യാഹ്വെ” എന്നാണ് കൊടുത്തിട്ടുള്ളത്.
എന്നാൽ ബൈബിൾ പരിഭാഷ സ്പോൺസർ ചെയ്തിട്ടുള്ള പല സഭകളും ഈ ഭാഷാന്തരങ്ങളിൽനിന്ന് ദൈവനാമം നീക്കം ചെയ്യാൻ പണ്ഡിതന്മാരുടെമേൽ സമ്മർദം ചെലുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, കത്തോലിക്കാ ബിഷപ്പുമാരുടെ യോഗങ്ങളുടെ പ്രസിഡന്റുമാരെ സംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തിൽ (2008 ജൂൺ 29-ാം തീയതിയിലുള്ളത്) വത്തിക്കാൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇസ്രായേലിന്റെ ദൈവത്തിന്റെ പേര് ഉച്ചരിക്കുന്ന ഒരു സമ്പ്രദായം ഈ അടുത്തകാലത്ത് ഉയർന്നുവന്നിട്ടുണ്ട്.” തുടർന്ന് കത്ത് ഇപ്രകാരം നിർദേശം നൽകി: “ദൈവനാമം ഉപയോഗിക്കുകയോ ഉച്ചരിക്കുകയോ അരുത്. . . . ആധുനിക ഭാഷകളിലേക്ക് ബൈബിൾ പാഠം തർജമ ചെയ്യുമ്പോൾ . . . ചതുരക്ഷരിയുടെ (ദൈവനാമം) സ്ഥാനത്ത് ‘കർത്താവ്’ എന്നർഥമുള്ള അദോനായ്/കിരിയോസ് എന്നുവേണം ഉപയോഗിക്കാൻ.” വത്തിക്കാന്റെ ഈ ശാസനം ദൈവനാമം തുടച്ചുനീക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നു വ്യക്തം.
യഹോവയുടെ നാമത്തോട് അനാദരവു കാണിക്കുന്നതിൽ പ്രൊട്ടസ്റ്റന്റുകാരും പിന്നിലല്ല. പ്രൊട്ടസ്റ്റന്റു സഭ സ്പോൺസർ ചെയ്ത ന്യൂ ഇന്റർനാഷണൽ വേർഷന്റെ (1978-ൽ പ്രസിദ്ധീകരിച്ചത്) എഡിറ്റർമാരുടെ വക്താവ് ഇങ്ങനെ എഴുതി: “യഹോവ എന്നുതന്നെയാണ് ദൈവത്തിന്റെ പേര്. വാസ്തവം പറഞ്ഞാൽ ഞങ്ങൾ ഈ ഭാഷാന്തരത്തിൽ അത് ഉപയോഗിക്കേണ്ടതുമായിരുന്നു. പക്ഷേ അങ്ങനെ ചെയ്തിരുന്നെങ്കിൽ, ഉദാഹരണത്തിന് 23-ാം സങ്കീർത്തനത്തിൽ, ‘യാഹ്വെ എന്റെ ഇടയനാകുന്നു’ എന്ന് എഴുതിയിരുന്നെങ്കിൽ ഈ പരിഭാഷയ്ക്കുവേണ്ടി മുടക്കിയ 22,50,000 ഡോളറും വെള്ളത്തിലായേനെ.”
ദൈവനാമം അറിയുന്നതിൽനിന്ന് ലാറ്റിൻ അമേരിക്കക്കാരെ അവരുടെ സഭ തടഞ്ഞിരിക്കുകയാണ്. യുണൈറ്റഡ് ബൈബിൾ സൊസൈറ്റീസിന്റെ (UBS) ട്രാൻസ്ലേഷൻ കൺസൽട്ടന്റായ സ്റ്റീവൻ വോത്ത് എഴുതുന്നു: “ലാറ്റിൻ അമേരിക്കൻ പ്രൊട്ടസ്റ്റന്റുകാർക്കിടയിൽ നിലനിൽക്കുന്ന വിവാദങ്ങളിലൊന്ന്, യഹോവ എന്ന പേര് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. . . . അടുത്തകാലത്തായി രൂപംകൊണ്ടതും പ്രചാരമാർജിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു പെന്തെക്കൊസ്ത് സഭ റെയ്നാ-വാലെറാ ഭാഷാന്തരം (1960 പതിപ്പ്) ആവശ്യപ്പെട്ടു. . . . എന്നാൽ അതിൽനിന്ന് യഹോവ എന്ന നാമം നീക്കംചെയ്ത്, പകരം സെനോർ [കർത്താവ്] എന്ന പദം ഉപയോഗിക്കണമെന്ന നിബന്ധന അവർ മുന്നോട്ടുവെച്ചു.” വോത്ത് പറയുന്നപ്രകാരം, ആദ്യം UBS ആ ആവശ്യം നിരാകരിച്ചെങ്കിലും പിന്നീട് അതിനു വഴങ്ങി. “യഹോവ എന്ന
പദം ഇല്ലാത്ത” ഒരു റെയ്നാ-വാലെറാ ബൈബിൾ പതിപ്പ് അവർ പുറത്തിറക്കി.ദൈവത്തിന്റെ വചനത്തിൽനിന്ന് അവന്റെ നാമം നീക്കിയിട്ട് പകരം “കർത്താവ്” എന്ന് ഉപയോഗിക്കുന്നതുമൂലം സത്യദൈവത്തെ തിരിച്ചറിയാൻ വായനക്കാർക്ക് സാധിക്കാതെ പോകുന്നു. അത് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നു. ഉദാഹരണത്തിന്, “കർത്താവ്” എന്ന പദം യഹോവയെ ആണോ അതോ അവന്റെ പുത്രനായ യേശുവിനെയാണോ കുറിക്കുന്നതെന്ന് വായനക്കാർക്ക് പലപ്പോഴും മനസ്സിലാക്കാൻ കഴിയാറില്ല. “യഹോവ എന്റെ കർത്താവിനോട് [ഉയിർപ്പിക്കപ്പെട്ട യേശുവിനോട്] അരുളിച്ചെയ്തു: ‘ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഇരിക്കുക’” എന്ന ദാവീദിന്റെ വാക്കുകൾ പല ഭാഷാന്തരങ്ങളും “കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. (പ്രവൃത്തികൾ 2:34, 35, സത്യവേദപുസ്തകം) ഡേവിഡ് ക്ലൈൻസ് എഴുതിയ, “യാഹ്വെയും ക്രിസ്തീയ ദൈവശാസ്ത്രത്തിലെ ദൈവവും” എന്ന ഉപന്യാസത്തിൽ ഇങ്ങനെ പറയുന്നു: “ക്രിസ്ത്യാനികളുടെ മനസ്സിൽനിന്ന് യാഹ്വെ എന്ന നാമം മായ്ക്കപ്പെട്ടു. ഇത് അവരുടെ ശ്രദ്ധ മുഴുവൻ ക്രിസ്തുവിൽ കേന്ദ്രീകരിക്കപ്പെടാൻ ഇടയാക്കി.” ഫലമോ? യേശു തന്റെ പ്രാർഥനകൾ അർപ്പിച്ച ആ സത്യദൈവം, യഹോവ എന്ന വ്യതിരിക്ത നാമമുള്ള വേറിട്ട ഒരു വ്യക്തിയാണെന്ന സത്യം പള്ളിക്കാരായ ക്രിസ്ത്യാനികൾ അറിയാതെപോകുന്നു.
ആളുകളുടെ മനസ്സിനെ അന്ധമാക്കാൻ സാത്താൻ എത്ര കഠിനമായാണ് യത്നിക്കുന്നത്! എങ്കിൽപ്പോലും നിങ്ങൾക്ക് യഹോവയെ അടുത്തറിയാൻ മാർഗമുണ്ട്.
യഹോവയെ അടുത്തറിയാൻ നിങ്ങൾക്കാകും!
ദൈവനാമം തുടച്ചുനീക്കാനുള്ള പോരാട്ടത്തിലാണ് സാത്താൻ. അതിന് അവൻ തന്ത്രപൂർവം വ്യാജമതത്തെ കരുവാക്കിയിരിക്കുന്നു. എന്നിരുന്നാലും, ഭൂമിയിലോ സ്വർഗത്തിലോ ഉള്ള ഒരു ശക്തിക്കും പരമാധീശ കർത്താവായ യഹോവയെ തടയാനാകില്ല. തന്നെയും തന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സത്യം അറിയാൻ ആഗ്രഹിക്കുന്നവർക്ക് സത്യദൈവം തന്റെ നാമം തീർച്ചയായും വെളിപ്പെടുത്തിക്കൊടുക്കും.
ബൈബിൾ പഠിച്ചുകൊണ്ട് നിങ്ങൾക്ക് ദൈവത്തോട് അടുക്കാൻ കഴിയും. അതിനു നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്ക് സന്തോഷമേയുള്ളൂ. അവർ ഇക്കാര്യത്തിൽ യേശുവിന്റെ മാതൃക പിൻപറ്റുന്നു. “ഞാൻ നിന്റെ നാമം അവരെ അറിയിച്ചിരിക്കുന്നു” എന്ന് ദൈവത്തോടു പ്രാർഥിക്കവെ അവൻ പറഞ്ഞു. (യോഹന്നാൻ 17:26) മനുഷ്യവർഗത്തിന് അനുഗ്രഹങ്ങൾ ചൊരിയാനായി യഹോവ വഹിച്ചിട്ടുള്ള വിവിധ റോളുകളെക്കുറിച്ച് വ്യക്തമാക്കുന്ന തിരുവെഴുത്തുകൾ അവന്റെ മഹനീയ വ്യക്തിത്വത്തിന്റെ മനോഹരമായ വശങ്ങൾ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും.
പണ്ടു ജീവിച്ചിരുന്ന ദൈവദാസനായ ഇയ്യോബിനെപ്പോലെ “ദൈവത്തിന്റെ സഖ്യത” നിങ്ങൾക്കും ആസ്വദിക്കാനാകും. (ഇയ്യോബ് 29:4) ദൈവവചനം എത്രയധികം പഠിക്കുന്നുവോ യഹോവയുടെ നാമത്തിന്റെ അർഥതലങ്ങൾ നിങ്ങൾക്ക് അത്രയധികം വ്യക്തമാകും. ഈ പരിജ്ഞാനം, തന്റെ നാമം അന്വർഥമാക്കുന്ന രീതിയിൽ യഹോവ (“ഞാൻ എന്തായിത്തീരാൻ ഇച്ഛിക്കുന്നുവോ അതായിത്തീരും”) പ്രവർത്തിക്കുമെന്ന ബോധ്യമുണ്ടായിരിക്കാൻ നിങ്ങളെ സഹായിക്കും. (പുറപ്പാടു 3:14) അതെ, മനുഷ്യവർഗത്തോടു ചെയ്തിരിക്കുന്ന സകല വാഗ്ദാനങ്ങളും യഹോവ നിശ്ചയമായും നിവർത്തിക്കും. (w10-E 07/01)