ദൈവവചനത്തിൽനിന്നു പഠിക്കുക
യേശുക്രിസ്തു ആരാണ്?
നിങ്ങൾ ചോദിച്ചിരിക്കാൻ സാധ്യതയുള്ള ചില ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അവയ്ക്കുള്ള ഉത്തരങ്ങൾ നിങ്ങളുടെ ബൈബിളിൽ എവിടെ കണ്ടെത്താമെന്നും ഈ ലേഖനത്തിൽ പറയുന്നുണ്ട്. ഈ വിവരങ്ങൾ നിങ്ങളുമായി ചർച്ചചെയ്യാൻ യഹോവയുടെ സാക്ഷികളായ ഞങ്ങൾ താത്പര്യപ്പെടുന്നു.
1. യേശുക്രിസ്തു ആരാണ്?
യേശു മറ്റു മനുഷ്യരെപ്പോലെ ആയിരുന്നില്ല. ഭൂമിയിൽ ജനിക്കുന്നതിനുമുമ്പ് ഒരു ആത്മരൂപിയായി അവൻ സ്വർഗത്തിൽ വസിച്ചിരുന്നു. (യോഹന്നാൻ 8:23) ദൈവത്തിന്റെ ആദ്യത്തെ സൃഷ്ടിയാണ് അവൻ. അതിനുശേഷമുള്ള സൃഷ്ടികർമങ്ങളിൽ അവൻ ദൈവത്തോടൊപ്പമുണ്ടായിരുന്നു. യഹോവയാം ദൈവം നേരിട്ടു സൃഷ്ടിച്ചത് അവനെ മാത്രമാണ്. അതുകൊണ്ടുതന്നെ അവൻ ദൈവത്തിന്റെ ‘ഏകജാതപുത്രൻ’ എന്ന് വിളിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ വക്താവായി യേശു സേവിച്ചിട്ടുള്ളതിനാൽ അവനെ “വചനം” എന്നു വിശേഷിപ്പിച്ചിരിക്കുന്നു.—യോഹന്നാൻ 1:1-3, 14; സദൃശവാക്യങ്ങൾ 8:22, 23, 30-ഉം കൊലോസ്യർ 1:15, 16-ഉം വായിക്കുക.
2. യേശു ഭൂമിയിൽ വന്നത് എന്തിനാണ്?
യഹോവ, യേശുവിന്റെ ജീവൻ സ്വർഗത്തിൽനിന്ന് മറിയ എന്ന ഒരു യഹൂദ കന്യകയുടെ ഗർഭപാത്രത്തിലേക്ക് മാറ്റുകയായിരുന്നു. അതുകൊണ്ട് യേശുവിന് ഒരു മനുഷ്യ പിതാവ് ഇല്ലായിരുന്നു. (ലൂക്കോസ് 1:30-35) യേശു ഭൂമിയിൽ വന്നതിന് മൂന്നുകാരണങ്ങളുണ്ട്: (1) ദൈവത്തെക്കുറിച്ചുള്ള സത്യം പഠിപ്പിക്കുക. (2) ദൈവേഷ്ടം ചെയ്യുന്നതിൽ മാതൃകവെക്കുക. (3) തന്റെ പൂർണതയുള്ള ജീവൻ “മറുവില”യായി നൽകുക.—മത്തായി 20:28-ഉം യോഹന്നാൻ 18:37-ഉം വായിക്കുക.
3. നമുക്ക് മറുവില ആവശ്യമായി വന്നത് എങ്ങനെ?
ബന്ധനത്തിൽ ആയിരിക്കുന്ന ഒരാളെ വീണ്ടെടുക്കാൻ കൊടുക്കുന്ന വിലയാണ് മറുവില. ആദിയിൽ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവൻ വാർധക്യം പ്രാപിക്കണമെന്നും മരിക്കണമെന്നും ദൈവം ഉദ്ദേശിച്ചിരുന്നില്ല. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? തന്റെ കൽപ്പന ലംഘിച്ച് പാപം ചെയ്യുന്നപക്ഷം മരിക്കും എന്ന് ആദ്യമനുഷ്യനായ ആദാമിനോട് ദൈവം പറഞ്ഞിരുന്നു. പാപം ചെയ്തില്ലായിരുന്നെങ്കിൽ ആദാം മരിക്കില്ലായിരുന്നു. നൂറ്റാണ്ടുകൾക്കുശേഷമാണ് ആദാം മരിച്ചതെങ്കിലും പാപം ചെയ്ത ആ ദിവസംതന്നെ ആദാം മരിക്കാൻ തുടങ്ങിയെന്നു പറയാം. (ഉല്പത്തി 2:16, 17; 5:5) പാപവും അതിന്റെ ശിക്ഷയായ മരണവും ആദാം തന്റെ എല്ലാ പിൻഗാമികൾക്കും കൈമാറിക്കൊടുത്തു. അങ്ങനെ ആദാമിലൂടെ മരണം മനുഷ്യകുടുംബത്തിലേക്കു കടന്നുവന്നു. നമുക്ക് മറുവില ആവശ്യമായി വന്നത് അങ്ങനെയാണ്.—റോമർ 5:12; 6:23 വായിക്കുക.
4. യേശു മരിച്ചത് എന്തുകൊണ്ട്?
നമ്മെ മരണത്തിൽനിന്നു വിടുവിക്കാൻ ആവശ്യമായ മറുവില നൽകാൻ ആർക്കു കഴിയും? മരിക്കുമ്പോൾ സ്വന്തം പാപത്തിനുള്ള ശിക്ഷ മാത്രമേ നാം ഏറ്റുവാങ്ങുന്നുള്ളൂ. മറ്റുള്ളവരുടെ പാപങ്ങൾക്കു പരിഹാരം ചെയ്യാൻ അപൂർണനായ ഒരു മനുഷ്യനും കഴിയില്ല.—സങ്കീർത്തനം 49:7-9 വായിക്കുക.
യേശുവിന് ഒരു മനുഷ്യ പിതാവ് ഇല്ലാതിരുന്നതുകൊണ്ടുതന്നെ അവൻ അപൂർണത കൈവശപ്പെടുത്തിയില്ല. അവൻ മരിച്ചത് സ്വന്തം പാപം നിമിത്തമല്ല, മറ്റുള്ളവരുടെ പാപങ്ങൾക്കു പരിഹാരമായിട്ടാണ്. മനുഷ്യവർഗത്തോടുള്ള അതിരറ്റ സ്നേഹമാണ് അവർക്കുവേണ്ടി മരിക്കാൻ തന്റെ പുത്രനെ ഭൂമിയിലേക്ക് അയയ്ക്കുന്നതിന് ദൈവത്തെ പ്രേരിപ്പിച്ചത്. തന്റെ പിതാവിനെ അനുസരിച്ചുകൊണ്ട് നമ്മുടെ പാപങ്ങൾക്കായി സ്വജീവൻ അർപ്പിക്കുകവഴി യേശുവും നമ്മോടുള്ള സ്നേഹം തെളിയിച്ചു.—യോഹന്നാൻ 3:16-ഉം റോമർ 5:18, 19-ഉം വായിക്കുക.
5. യേശു ഇപ്പോൾ എന്തു ചെയ്യുകയാണ്?
ഭൂമിയിലായിരിക്കെ യേശു രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിർപ്പിക്കുകയും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുകയും ചെയ്തു. അതുവഴി, അനുസരണമുള്ള മനുഷ്യർക്കായി ഭാവിയിൽ താൻ എന്തു ചെയ്യുമെന്ന് യേശു കാണിച്ചുതരുകയായിരുന്നു. (ലൂക്കോസ് 18:35-42; യോഹന്നാൻ 5:28, 29) യേശു മരിച്ചെങ്കിലും ദൈവം അവനെ ഉയിർപ്പിച്ചു, ഒരു ആത്മരൂപിയായി. (1 പത്രോസ് 3:18) സ്വർഗാരോഹണത്തിനുശേഷം യേശു ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. ഭൂമിയെ ഭരിക്കാനുള്ള അധികാരം ദൈവത്തിൽനിന്നു ലഭിക്കുന്നതുവരെ അവൻ തന്റെ കാത്തിരിപ്പ് തുടർന്നു. (എബ്രായർ 10:12, 13) ഇന്ന് യേശു സ്വർഗത്തിൽ രാജാവായി വാഴ്ച തുടങ്ങിയിരിക്കുന്നു. ആ സദ്വാർത്ത അവന്റെ അനുഗാമികൾ ഭൂമിയിലെമ്പാടും ഘോഷിച്ചുകൊണ്ടിരിക്കുകയാണ്.—ദാനീയേൽ 7:13, 14-ഉം മത്തായി 24:14-ഉം വായിക്കുക.
പെട്ടെന്നുതന്നെ യേശു തന്റെ രാജാധികാരം ഉപയോഗിച്ച് ഭൂമിയിലെ സകല കഷ്ടപ്പാടുകൾക്കും അവസാനം വരുത്തും. ദുരിതങ്ങൾക്കു കാരണക്കാരായവരെയും അവൻ ഇല്ലാതാക്കും. യേശുവിൽ വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്ന ദശലക്ഷങ്ങൾ പറുദീസാഭൂമിയിൽ നിത്യം ജീവിക്കും!—സങ്കീർത്തനം 37:9-11 വായിക്കുക.