ഞങ്ങളുടെ വായനക്കാർ ചോദിക്കുന്നു . . .
ആരാണ് ദൈവത്തെ സൃഷ്ടിച്ചത്?
തന്റെ ഏഴു വയസ്സുള്ള മകനോട് സംസാരിക്കുന്ന ഒരു പിതാവിനെ മനസ്സിൽകാണുക. പിതാവ് ഇങ്ങനെ പറയുന്നു: “പണ്ടുപണ്ട് ദൈവം ഭൂമിയും അതിലുള്ളതൊക്കെയും ഉണ്ടാക്കി. കൂടാതെ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും അവൻ സൃഷ്ടിച്ചു.” ഇതേക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചശേഷം കുട്ടി ഇങ്ങനെ ചോദിക്കുന്നു, “ഡാഡി, ആരാണ് ദൈവത്തെ ഉണ്ടാക്കിയത്?”
“ദൈവത്തെ ആരും ഉണ്ടാക്കിയതല്ല. അവൻ എല്ലായ്പോഴും ഉണ്ടായിരുന്നു.” ലളിതമായ ഈ ഉത്തരം കുട്ടിയെ തത്കാലം തൃപ്തിപ്പെടുത്തുന്നു. എന്നാൽ, അവൻ വളർന്നുവരവേ ഈ ചോദ്യം അവനെ അമ്പരപ്പിക്കുന്നു. ആരംഭമില്ലാതെ ഒരു വ്യക്തി അസ്തിത്വത്തിലുണ്ടായിരിക്കുക എന്ന ആശയം അവന് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഈ പ്രപഞ്ചത്തിനുപോലും ഒരു ആരംഭമുണ്ടായിരുന്നല്ലോ. ‘അങ്ങനെയെങ്കിൽ ദൈവം എവിടെനിന്നു വന്നു?’ അവൻ അതിശയിക്കുന്നു.
ബൈബിൾ എങ്ങനെയാണ് അതിന് ഉത്തരം നൽകുന്നത്? ദൃഷ്ടാന്തത്തിലുള്ള പിതാവ് ഉത്തരം കൊടുത്തതുപോലെതന്നെ. മോശ ഇങ്ങനെ എഴുതി: “കർത്താവേ, . . . പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പേ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.” (സങ്കീർത്തനം 90:1, 2) അതുപോലെ പ്രവാചകനായ യെശയ്യാവും ഇങ്ങനെ ഉദ്ഘോഷിച്ചു: “നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ.” (യെശയ്യാവു 40:28) അതുപോലെ, ദൈവം ‘സർവ്വകാലത്തിന്നുമുമ്പ്’ ഉണ്ടായിരുന്നിട്ടുള്ളതായി യൂദായുടെ ലേഖനവും പറയുന്നു.—യൂദാ 25.
മേൽപ്പറഞ്ഞ ബൈബിൾവാക്യങ്ങൾ, യേശുവിന്റെ ശിഷ്യനായ പൗലോസ് പറഞ്ഞതുപോലെ ദൈവം “നിത്യരാജാവാ”ണെന്ന് നമുക്കു കാണിച്ചുതരുന്നു. (1 തിമൊഥെയൊസ് 1:17) നാം എത്രതന്നെ പുറകിലേക്കു ചിന്തിച്ചാലും ദൈവം എല്ലായ്പോഴും ഉണ്ടായിരുന്നിട്ടുണ്ടെന്നാണ് അത് അർഥമാക്കുന്നത്. ഭാവിയിൽ എക്കാലവും അവൻ ഉണ്ടായിരിക്കുകയും ചെയ്യും. (വെളിപാട് 1:8) സർവശക്തന്റെ ഒരു അടിസ്ഥാനസവിശേഷതയാണ് അവന്റെ നിത്യമായ അസ്തിത്വം.
എന്തുകൊണ്ടാണ് ഈ ആശയം ഗ്രഹിക്കാൻ നമുക്കു ബുദ്ധിമുട്ട് തോന്നുന്നത്? കാരണം, ഹ്രസ്വമായ ഒരു ജീവകാലമേ നമുക്കുള്ളൂ. അതുകൊണ്ടുതന്നെ സമയത്തെക്കുറിച്ചുള്ള യഹോവയുടെ കാഴ്ചപ്പാടിൽനിന്നും തികച്ചും വ്യത്യസ്തമാണ് നമ്മുടേത്. ദൈവം നിത്യം ജീവിക്കുന്നവനാണ്, അവന് ആയിരം വർഷം ഒരു ദിവസംപോലെയും. (2 പത്രോസ് 3:8) ഉദാഹരണത്തിന്, 50 ദിവസം മാത്രം ജീവിക്കുന്ന പൂർണവളർച്ചയെത്തിയ ഒരു പുൽച്ചാടിക്ക് 70-ഓ 80-ഓ വർഷത്തെ നമ്മുടെ ജീവദൈർഘ്യം മനസ്സിലാക്കാനാകുമോ? ഒരിക്കലുമില്ല! മഹാസ്രഷ്ടാവിനോടുള്ള താരതമ്യത്തിൽ ബൈബിൾ നമ്മെ ഒരു പുൽച്ചാടിയോട് ഉപമിക്കുന്നു. കാര്യങ്ങൾ വിവേചിക്കാനുള്ള നമ്മുടെ പ്രാപ്തി അവന്റേതിനോടുള്ള താരതമ്യത്തിൽ വളരെ കുറവാണ്. (യെശയ്യാവു 40:22; 55:8, 9) അതുകൊണ്ട്, യഹോവയോടുള്ള ബന്ധത്തിൽ, ചില കാര്യങ്ങൾ മനുഷ്യനു ഗ്രഹിക്കാവുന്നതിനും അപ്പുറമായിരിക്കും എന്നതിൽ അതിശയിക്കാനില്ല.
ദൈവം എക്കാലവും ഉണ്ടായിരുന്നിട്ടുണ്ട് എന്ന ആശയം ഗ്രഹിക്കാൻ നമുക്കു ബുദ്ധിമുട്ട് തോന്നിയേക്കാമെങ്കിലും അത് യുക്തിക്കു നിരക്കുന്നതാണ്. മറ്റ് ആരെങ്കിലുമാണ് ദൈവത്തെ സൃഷ്ടിച്ചതെങ്കിൽ ആ വ്യക്തിയായിരിക്കണം സ്രഷ്ടാവ്. എന്നാൽ, ‘സകലവും സൃഷ്ടിച്ചത്’ യഹോവയാണ് എന്ന് ബൈബിൾ പറയുന്നു. (വെളിപാട് 4:11) ഒരുകാലത്ത് പ്രപഞ്ചമുണ്ടായിരുന്നില്ല എന്ന കാര്യവും നമുക്ക് അറിയാം. (ഉല്പത്തി 1:1, 2) അങ്ങനെയെങ്കിൽ, അത് എങ്ങനെ ഉളവായി? ഒരു സ്രഷ്ടാവ് ആദ്യം ഉണ്ടായിരുന്നെങ്കിൽ മാത്രമേ പ്രപഞ്ചത്തിന്റെ സൃഷ്ടി സാധിക്കുമായിരുന്നുള്ളൂ. അതുകൊണ്ട്, തന്റെ ഏകജാതനായ പുത്രനും ദൂതന്മാരും അടക്കമുള്ള ഏതൊരു ബുദ്ധിശക്തിയുള്ള വ്യക്തിക്കും മുമ്പേ ദൈവമുണ്ടായിരുന്നു. (ഇയ്യോബ് 38:4, 7; കൊലോസ്യർ 1:15) വ്യക്തമായും, തുടക്കത്തിൽ ദൈവം മാത്രമേ ഉണ്ടായിരുന്നുളളൂ. അവനെ സൃഷ്ടിക്കാനായി മറ്റാരും ഇല്ലാതിരുന്നതിനാൽ, അവനെ ആരും സൃഷ്ടിച്ചതല്ല.
നമ്മുടെതന്നെയും ഈ മുഴുപ്രപഞ്ചത്തിന്റെയും അസ്തിത്വം, എക്കാലവും ഉണ്ടായിരുന്നിട്ടുള്ള ഒരു ദൈവത്തിന്റെ അസ്തിത്വത്തിനു തെളിവു നൽകുന്നു. ഈ ബൃഹത്പ്രപഞ്ചത്തെ ചലിപ്പിക്കുന്ന ഒരുവൻ, അതിനെ നിയന്ത്രിക്കാൻ നിയമങ്ങൾ ആവിഷ്കരിച്ച ഒരുവൻ എല്ലാക്കാലത്തും ഉണ്ടായിരുന്നേ മതിയാകൂ. മറ്റുള്ള സകലത്തിനും ജീവശ്വാസം പകരാൻ അവനേ കഴിയൂ.—ഇയ്യോബ് 33:4. ▪ (w14-E 08/01)