മുഖ്യലേഖനം | പ്രാർഥന—എന്താണ് പ്രയോജനം?
ആളുകൾ പ്രാർഥിക്കുന്നത് എന്തുകൊണ്ട്?
“ഞാനൊരു വലിയ ചൂതാട്ടക്കാരനായിരുന്നു. എനിക്ക് ഭാഗ്യം ലഭിക്കണേ എന്നായിരുന്നു എന്റെ പ്രാർഥന. പക്ഷെ, ഇതുവരെ എനിക്ക് അത് ലഭിച്ചിട്ടില്ല.”—സാമുവൽ, a കെനിയ.
“സ്കൂളിലായിരുന്നപ്പോൾ പല പ്രാർഥനകളും ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അങ്ങനെ മനഃപാഠമാക്കിയ പ്രാർഥനകൾ ഉരുവിടുക മാത്രമായിരുന്നു ഞങ്ങൾ ആകെക്കൂടെ ചെയ്തിരുന്നത്.”—തെരേസ, ഫിലിപ്പീൻസ്.
“പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ ഞാൻ പ്രാർഥിക്കും. എന്റെ പാപങ്ങൾ ക്ഷമിച്ചുകിട്ടാനും നല്ല ഒരു ക്രിസ്ത്യാനിയാകാനും ഞാൻ പ്രാർഥിക്കാറുണ്ട്.”—മഗ്ഡെലിൻ, ഘാന.
പല കാരണങ്ങളെച്ചൊല്ലി ആളുകൾ പ്രാർഥിക്കാറുണ്ടെന്ന് സാമുവൽ, തെരേസ, മഗ്ഡെലിൻ എന്നിവരുടെ അഭിപ്രായങ്ങൾ തെളിയിക്കുന്നു. ചില പ്രാർഥനകൾ മറ്റുള്ളവയെ അപേക്ഷിച്ച് നല്ല ഉദ്ദേശ്യങ്ങൾക്കു വേണ്ടിയായിരിക്കാം. ചിലർ ഹൃദയം ഉരുകിയാണ് പ്രാർഥിക്കുന്നത്. മറ്റു ചിലരാകട്ടെ, ഉള്ളിൽത്തട്ടാതെ വെറുതെ വാചകങ്ങൾ ഉരുവിടുന്നു. എന്തായാലും, കോടിക്കണക്കിന് വരുന്ന ആളുകൾക്ക് പ്രാർഥിക്കേണ്ടതിന്റെ ആവശ്യം അനുഭവപ്പെടുന്നുണ്ട്. സ്കൂൾപരീക്ഷയിൽ ജയിക്കുന്നതിനോ ഇഷ്ടപ്പെട്ട സ്പോർട്സ് ടീം വിജയിക്കുന്നതിനോ കുടുംബജീവിതത്തിൽ ദൈവത്തിന്റെ മാർഗനിർദേശങ്ങൾക്കോ അല്ലെങ്കിൽ ഇതുപോലുള്ള പല കാര്യങ്ങൾക്കോ വേണ്ടിയായിരിക്കാം അവർ പ്രാർഥിക്കുന്നത്. ഇനി, മതങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകൾപോലും പതിവായി പ്രാർഥിക്കാറുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ആകട്ടെ, നിങ്ങൾ പ്രാർഥിക്കാറുണ്ടോ? ഉണ്ടെങ്കിൽ, എന്തിനൊക്കെ വേണ്ടിയാണ്? പ്രാർഥിക്കുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘പ്രാർഥിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം? ആരെങ്കിലും എന്റെ പ്രാർഥന കേൾക്കുന്നുണ്ടോ?’ ഒരു എഴുത്തുകാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “പ്രാർഥന ഒരു ചികിത്സപോലെയാണ്. . . അത്, ഒരു പ്രശ്നത്തെ താത്കാലികമായി നിങ്ങളുടെ മനസ്സിൽനിന്ന് മാറ്റിക്കളയുന്നു”. ചില വൈദ്യശാസ്ത്രവിദഗ്ധർക്കും ഇതേ അഭിപ്രായമാണുള്ളത്. അവർ ഇതിനെ ഒരു “പകരചികിത്സയായി” കണക്കാക്കുന്നു. അങ്ങനെയെങ്കിൽ, പ്രാർഥിക്കുന്ന ആളുകൾ അർഥമില്ലാത്ത കാര്യങ്ങൾ ഒരു ചടങ്ങെന്നവണ്ണം ആവർത്തിക്കുകയാണോ അതോ തുടർച്ചയായി പ്രാർഥിക്കുന്നതുകൊണ്ട് കുറഞ്ഞപക്ഷം അല്പം രോഗശമനമെങ്കിലും ലഭിക്കുന്നുണ്ടോ?
കേവലം ഒരു രോഗചികിത്സപോലെയല്ല, അതിലുമധികം കാര്യങ്ങൾ പ്രാർഥനയിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന് ബൈബിൾ പറയുന്നു. ശരിയായ വിധത്തിലും ശരിയായ കാര്യങ്ങൾക്കുവേണ്ടിയും ഉള്ള പ്രാർഥനകൾ ഒരുവൻ ശ്രദ്ധിക്കുന്നുണ്ടെന്നും ബൈബിൾ വ്യക്തമാക്കുന്നു. ഇത് ശരിയാണോ? ഇതിനുള്ള തെളിവുകൾ നമുക്ക് പരിശോധിക്കാം. (w15-E 10/01)
a ചില പേരുകൾക്ക് മാറ്റം വരുത്തിയിട്ടുണ്ട്.